Sunday 26 August 2012

[www.keralites.net] 'സൗരയൂഥം' എറിഞ്ഞുടയ്‌ക്കാന്‍ ആപ്പിള്‍ യുദ്ധം

 

മൊബൈല്‍ ലോകത്തെ 'സൗരയൂഥം' എറിഞ്ഞുടയ്‌ക്കാന്‍ ആപ്പിള്‍ യുദ്ധം

ആന്‍ഡ്രോയ്‌ഡ് തരംഗത്തിലൂടെ മൊബൈല്‍ ഫോണ്‍ വിപണിയുടെ 'സൗരയൂഥം' കൈക്കലാക്കാന്‍ വെമ്പിയ ലോക ഇലക്‌ട്രോണിക്‌സ് ഭീമന്‍ സാംസങിനു കാലിടറുന്നു. പേറ്റന്റുള്ള ഡിസൈന്‍ മോഷ്‌ടിച്ചെന്ന കുറ്റത്തിന്‌ അമേരിക്കന്‍ കോടതി ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡ്‌ നല്‍കിയ കേസില്‍ സാംസങിനെ പിഴയടപ്പിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ലോകം തൊട്ടറിയാനിരിക്കുന്നത്‌ അനിശ്‌ചിതത്വങ്ങളുടെ വരുംനാളുകള്‍.

വളരെപ്പെട്ടെന്നായിരുന്നു ലോക മൊബൈല്‍ വിപണിയില്‍ ഗ്യാലക്‌സി മോഡലുകളും ടാബ്‌ലെറ്റുകളുമായി ഗൂഗ്‌ളിന്റെ ആന്‍ഡ്രോയ്‌ഡ് സാങ്കേതിക വിദ്യയില്‍ സ്‌മാര്‍ട്‌ഫോണ്‍ തരംഗമുയര്‍ത്തി സാംസങിന്റെ മുന്നേറ്റം. ഗ്യാലക്‌സി ഫോണുകളിലെ ബൗണ്‍സ്‌-ബാക്‌ (സ്‌ക്രീനില്‍ കാണുന്ന ഒരു ചിത്രം വിരല്‍കൊണ്ടു സ്‌പര്‍ശിച്ചു നീക്കുകയും മറ്റൊരു വിരല്‍ സ്‌പര്‍ശംകൊണ്ടു സൂം ചെയ്യുകയും ചെയ്യുന്നത്‌) സങ്കേതം തങ്ങളുടെ ഐ ഫോണില്‍നിന്നു കോപ്പിയടിച്ചതാണെന്നു പേറ്റന്റ്‌ നിയമത്തെ പിന്‍ബലമാക്കി വാദിച്ച്‌ ആപ്പിള്‍ പിന്നാലെയെത്തി. 2011 ഏപ്രിലിലാണു നിയമയുദ്ധം തുടങ്ങിയത്‌. ആപ്പിള്‍ പേറ്റന്റ്‌ നേടിയതും ഐഫോണിലും ഐപാഡിലും ഉപയോഗിച്ചിട്ടുള്ളതുമായ നിരവധി സാങ്കേതിക വിദ്യകള്‍ പകര്‍ത്തിയെടുത്തു സാംസങ്‌ ഉപയോഗിച്ചെന്ന കടുത്ത ആരോപണമാണ്‌ ആപ്പിള്‍ പിന്നീട്‌ ഉയര്‍ത്തിയത്‌. അമേരിക്കന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍നിന്നു സാംസങിനെ പൂര്‍ണമായും പുറന്തള്ളുക എന്നതാണ്‌ ആപ്പിളിന്റെ അടുത്തലക്ഷ്യം. അടുത്ത കേസില്‍ ഇതിനുള്ള വാദങ്ങള്‍ ഉന്നയിക്കുന്നതോടൊപ്പം മുന്നൂറു കോടി ഡോളര്‍ പിഴയുമായിരിക്കും ആപ്പിളിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുക.

ആപ്പിളിന്റെ ഐ ഫോണിനേക്കാള്‍ സ്വീകാര്യത നേടി സാംസങിന്റെ ഫോണുകള്‍ ലോക മൊബൈല്‍ വിപണിയില്‍ മുന്നോട്ടാണ്‌. ഇതുതന്നെയാണ്‌ ആപ്പിളിനെ ചൊടിപ്പിച്ചതും. മൊബൈല്‍ ഫോണ്‍ വിപണിയില്‍ ബദ്ധവൈരികളെങ്കിലും സാങ്കേതികവിദ്യാകൈമാറ്റത്തില്‍ പങ്കാളികളായിരുന്നു ഇരു കമ്പനികളും എന്നതാണു ശ്രദ്ധേയമായ മറ്റൊരുകാര്യം. ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്‌ എന്നിവ ആഗോളവിപണിയില്‍ കാര്യമായ ചലനം തുടരാതിരിക്കുകയും

വിന്‍ഡോസ്‌, സിംബിയന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉറച്ചുനിന്ന നോക്കിയയുടെ വിപണി പങ്കാളിത്തം നാള്‍ക്കു നാള്‍ കുറഞ്ഞുവന്നതും സാംസങിന്റെ മുന്നേറ്റത്തിനു കരുത്തു പകര്‍ന്നു. വിന്‍ഡോസ്‌ പ്ലാറ്റ്‌ഫോമില്‍ ആഷ, ലൂമിയ, പ്യുവര്‍ വ്യൂ ശ്രേണികളിലായി നോക്കിയ മൊബൈല്‍ വിപണിയില്‍ കരുത്തുകാട്ടാന്‍ കച്ചമുറുക്കുമ്പോഴാണു ആപ്പിളിനു മുന്നില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങിന്റെ കാലിടറിയതെന്നതു മൊബൈല്‍ സാങ്കേതിക വിദഗ്‌ധരും സാമ്പത്തിക ലോകവും വളരെ ഗൗരവത്തോടെയാണു നോക്കിക്കാണുന്നത്‌. ഏറെ ശ്രദ്ധ നേടിയ ഗ്യാലക്‌സി നോട്ട്‌ ഈ വര്‍ഷം ഒരു കോടി എണ്ണമാണു വിറ്റഴിക്കപ്പെട്ടത്‌ എന്നതു സാംസങിനുള്ള സ്വീകാര്യതയ്‌ക്കു തെളിവാണ്‌. നോട്ടിന്റെ ടാബ്‌ലെറ്റ്‌ എഡിഷന്‍ ഈ മാസമാണു പുറത്തിറങ്ങിയത്‌. മേയില്‍ പുറത്തിറങ്ങിയ ഗ്യാലക്‌സി എസ്‌-മൂന്നും വമ്പന്‍ നേട്ടമുണ്ടാക്കിയിരുന്നു.

സാംസങിന്റെ ഗ്യാലക്‌സി ടാബ്‌ 10.1 അടക്കുമുള്ള ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ട്‌ അടുത്തമാസം ആപ്പിള്‍ വീണ്ടും കോടതി കയറുന്നതിന്റെ ഫലവും സാംസങിന്‌ എതിരായാല്‍ ആഗോള മൊബൈല്‍ വിപണി വമ്പന്‍ വഴിത്തിരിവുകള്‍ക്കു സാക്ഷിയാകുമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. 219 ശതകോടി ഡോളറാണ്‌ ലോകമെമ്പാടുമുള്ള സ്‌മാര്‍ട്‌ ഫോണ്‍ വിപണിയില്‍ സാംസങ്‌ കൈയാളുന്നത്‌. കോടതിവിധിയുടെ പശ്‌ചാത്തലത്തില്‍ പുറത്തുവരാനിരിക്കുന്ന ചില സാംസങ്‌ മോഡലുകളില്‍ കാര്യമായ അഴിച്ചുപണിയും വേണ്ടിവരും. ആപ്പിള്‍ ഫോണുകളേക്കാള്‍ ലോകത്തു സ്വീകാര്യത വര്‍ധിപ്പിച്ചത്‌ സാംസങ്‌ ആണെന്നിരിക്കേ വിപണിയില്‍ നേരിടുന്ന കനത്ത തിരിച്ചടി കമ്പനിക്കു വന്‍ ആഘാതമായിരിക്കും നല്‍കുകയെന്നാണു വ്യവസായ ലോകം കരുതുന്നത്‌.

ആറു മാസത്തിലൊരിക്കല്‍ എന്ന രീതിയിലാണു സാംസങ്‌ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത്‌. കോടതിവിധിയുടെ പശ്‌ചാത്തലത്തില്‍ അടുത്ത ആറുമാസം പുറത്തിറക്കാനുദ്ദേശിക്കുന്ന മോഡലുകള്‍ വൈകുമെന്നുറപ്പായി. സാംസങിനെ മാത്രമായിരിക്കില്ല കോടതിവിധിയുടെ അനന്തരഫലം ബാധിക്കുക. ഗൂഗ്‌ള്‍ സൗജന്യമായി നല്‍കുന്ന ആന്‍ഡ്രോയ്‌ഡ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു സ്‌മാര്‍ട്‌ ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനികളുടെയെല്ലാം ഉറക്കംകെടും. ഈ കമ്പനികളെ പലകാരണങ്ങളാല്‍ എളുപ്പത്തില്‍ കോടതികയറ്റാനും ആപ്പിളിനു സാധിക്കും.

ആപ്പിള്‍ ഐ ഫോണ്‍ പുറത്തിറക്കിയ 2007 മുതല്‍ പുതിയൊരു ശ്രേണി ഫോണുകള്‍ എന്നതു സാംസങിന്റെ ലക്ഷ്യമായിരുന്നു. ഇതിനുള്ള പരീക്ഷണങ്ങളൊക്കെ പരാജയപ്പെട്ടപ്പോഴാണു നിയമവിരുദ്ധമായി ഐഫോണിന്റെയും ഐപാഡിന്റെയും ആകര്‍ഷണങ്ങള്‍ അതേപടി പകര്‍ത്തി ലോകത്തെ 'ഞെട്ടിക്കാന്‍' സാംസങ്‌ ഇറങ്ങിത്തിരിച്ചതെന്നാണു കോടതിയില്‍ ആപ്പിളിന്റെ അഭിഭാഷകന്‍ ഹരോള്‍ഡ്‌ മക്‌എല്‍ഹിനി വാദിച്ചത്‌. തങ്ങള്‍ ഉപയോക്‌താക്കള്‍ക്കു നല്‍കുന്നത്‌ അവര്‍ ആവശ്യപ്പെടുന്ന ഉല്‍പന്നങ്ങളും സങ്കേതങ്ങളുമാണെന്നും ആപ്പിള്‍ പേറ്റന്റിന്റെ മറവില്‍ സ്വന്തമെന്നവകാശപ്പെടുന്ന സങ്കേതങ്ങള്‍ മറ്റു കമ്പനികള്‍ നിര്‍മിച്ചതോ വികസിപ്പിച്ചതോ ആണെന്നുമായിരുന്നു സാംസങിന്റെ മറുവാദം.

സാംസങ്‌ കേസിലെ വിധിയിലൂടെ സ്‌മാര്‍ട്‌ ഫോണ്‍ വിപണിയില്‍ അപ്രമാദിത്വം സ്വന്തമാക്കാനാണ്‌ ആപ്പിള്‍ ഒരുങ്ങുന്നതെന്നും മറ്റു കമ്പനികള്‍ക്കും മുകളില്‍ തൂങ്ങിയാടുന്ന വാളാണു സ്‌മാര്‍ട്‌ഫോണ്‍ സങ്കേതങ്ങളിലെ പേറ്റന്റ്‌ എന്ന തുറുപ്പുചീട്ടെന്നും വാദിക്കുന്നവരുമുണ്ട്‌. ആപ്പിളിന്റെ ചരിത്രം പരിശോധിച്ചാല്‍ വീഴ്‌ചകളില്‍നിന്നു നേട്ടത്തിന്റെ കൊടുമുടി കയറിയ ചരിത്രമുള്ളതിനാല്‍ ഇതങ്ങനെ തള്ളിക്കളയാനുമാവില്ല.

ലോകത്തെ സ്‌മാര്‍ട്‌ഫോണ്‍ വിപണിയുടെ പാതിയും കൈയടക്കിവച്ചിരിക്കുന്നത്‌ സാംസങും ആപ്പിളുമാണ്‌. 32.6 ശതമാനം സാംസങിന്റെ പങ്കാളിത്തം. ആപ്പിള്‍ (18.8 ശതമാനം), നോക്കിയ (6.6 ശതമാനം), എച്ച്‌.ടി.സി. (5.7 ശതമാനം), സെഡ്‌.ടി.ഇ. (5.2 ശതമാനം), മറ്റുള്ളവര്‍ (32.9 ശതമാനം). കഴിഞ്ഞവര്‍ഷം കേവലം 17 ശതമാനം മാത്രമായിരുന്നു സാംസങിന്റെ വിപണിയിലെ പങ്കാളിത്തം. ആപ്പിളിനുണ്ടായിരുന്ന 18.8 ശതമാനമാണ്‌ ഈ നടപ്പുവര്‍ഷം 16.9 ശതമാനമായി കുറഞ്ഞത്‌. ആപ്പിള്‍ സ്‌മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ തരംഗമായി വരുന്നകാലമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങള്‍. സാംസങ്‌ സ്വപ്‌നതുല്യമായ വളര്‍ച്ചയാണു നേടിയതെന്ന്‌ ഈ കണക്കുകള്‍ വ്യക്‌തമാക്കുന്നു. നടപ്പുവര്‍ഷം ഏറ്റവും വലിയ തിരിച്ചടി നേരിട്ടതു നോക്കിയയ്‌ക്കായിരുന്നു. 15.4 ശതമാനമെന്ന വിപണി പങ്കാളിത്തം പകുതിയിലധികം ഇടിഞ്ഞ്‌ 6.6 ശതമാനമായി. തങ്ങള്‍ക്കുമേല്‍ സാംസങ്‌ വിപണിയില്‍ മേധാവിത്വം ഉറപ്പിച്ചതാണു നിയമയുദ്ധത്തിലേക്ക്‌ ആപ്പിളിനെ നയിച്ചതെന്നു വ്യക്‌തം.

എച്ച്‌.ടി.സിയുടെ ശ്രദ്ധേയമായ സ്‌മാര്‍ട്‌ഫോണുകളും ആന്‍ഡ്രോയ്‌ഡ് സോഫ്‌റ്റ്വേറിലാണു പ്രവര്‍ത്തിക്കുന്നത്‌. കഴിഞ്ഞവര്‍ഷം കമ്പനിക്കു വന്‍ സാമ്പത്തികനേട്ടമുണ്ടാക്കിക്കൊടുത്ത ഡിസയര്‍, സെന്‍സേഷന്‍ എന്നിവയെ എന്തുകൊണ്ട്‌ ആപ്പിള്‍ കണ്ടില്ലെന്നു നടിക്കുന്നു എന്നതും ചോദ്യമായി അവശേഷിക്കുന്നു.

ആന്‍ഡ്രോയ്‌ഡ് സങ്കേതങ്ങള്‍ നിയമക്കുരുക്കിലാകുന്നതു മൊബൈല്‍ ഫോണ്‍ കമ്പനിയെ മാത്രമല്ല ബാധിക്കുക. ആന്‍ഡ്രോയ്‌ഡിന്റെ സംരംഭകരായ ഗൂഗ്‌ള്‍ ഇന്‍കോര്‍പറേറ്റഡും കനത്തവില നല്‍കേണ്ടിവരും. വിന്‍ഡോസ്‌ ഫോണുകളുമായി വിപ്ലവത്തിനൊരുങ്ങുന്ന നോക്കിയ വിപണിയില്‍ വേരുറപ്പിക്കാന്‍ കുറച്ചുമാസങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ക്കാകും ഇതു ഗുണകരമാവുക. ഗൂഗ്‌ള്‍ സി.ഇ.ഒ: എറിക്‌ ഷ്‌മിഡ്‌ത് ആപ്പിളിന്റെ ഭരണസമിതിയില്‍ ഉള്ളകാലത്താണ്‌ ഗൂഗ്‌ള്‍ ആന്‍ഡ്രോയ്‌ഡ് സങ്കേതത്തിനു തിരികൊളുത്തുന്നത്‌. ആപ്പിളിന്റെ സ്‌ഥാപകന്‍ സ്‌റ്റീവ്‌ ജോബ്‌സിന്റെ 'സ്‌മാര്‍ട്‌' ബുദ്ധി കൂടി ആയപ്പോള്‍ ഐ ഫോണ്‍ ഒരു സംഭവംതന്നെയായാണ്‌ അവതരിച്ചത്‌. ഐ ഫോണിന്റെ പിറവിക്കായി ലോകം കാത്തിരുന്നതുതന്നെ അതിന്നുദാഹരണം.

സാംസങും ആപ്പിളും പരസ്‌പരം സമാനമായ കേസുകള്‍ ദക്ഷിണ കൊറിയ, ജര്‍മനി, ജപ്പാന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും നല്‍കിയിട്ടുണ്ട്‌. അതേസമയം, സോണിയുടെയും മറ്റു പൂര്‍വികരുടെയും സങ്കേതങ്ങളാണ്‌ ഐ ഫോണിനായി ആപ്പിള്‍ മോഷ്‌ടിച്ചിരിക്കുന്നതെന്ന വാദവും സാംസങ്‌ ഉയര്‍ത്തുന്നുണ്ട്‌. ഇതു സമര്‍ഥിക്കപ്പെട്ടാല്‍ ലോക സ്‌മാര്‍ട്‌ ഫോണ്‍ വിപണി എങ്ങനെയൊക്കെ മാറിമറിയുമെന്നതു പ്രവചനാതീതം.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment