Monday 20 August 2012

[www.keralites.net] പോലീസിന്റെ സ്വാതന്ത്ര്യവും സി.പി.എമ്മും

 



ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്‍ വധം, കണ്ണൂരിലെ ഷുക്കൂര്‍ വധം എന്നീ സംഭവങ്ങളോട് ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെല്ലാം സി.പി.എം. നേതാക്കളോ പ്രവര്‍ത്തകരോ ആണ്. മനസ്സുവെച്ചാല്‍ കേരളത്തിലെ പോലീസിന് കുറ്റാന്വേഷണം സത്യസന്ധമായും സമര്‍ഥമായും നടത്താനും ആരോപണങ്ങളുടെ അടിവേരോളമെത്താനുമൊക്കെയാവുമെന്ന സത്യത്തിലേക്കാണ് പ്രസ്തുത കേസന്വേഷണങ്ങള്‍ നീളുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ക്കും സ്വാധീനത്തിനും വഴങ്ങാതെ പോലീസിന് പ്രവര്‍ത്തിക്കാനായാല്‍ നിയമവാഴ്ചയുടെ സുഗമമായ ഗതിപ്രവാഹം ഉറപ്പാക്കാനാവുമെന്ന് വര്‍ത്തമാന സാഹചര്യങ്ങള്‍ ഇപ്പോള്‍ വിളിച്ചോതുകയാണ്.

എന്നാല്‍ പോലീസ് നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നതെന്നും ഭരണനേതൃത്വത്തിന്റെ സ്വാധീനത്തിനും രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്കും വഴങ്ങി കള്ളക്കേസ് മെനഞ്ഞുണ്ടാക്കുകയാണെന്നും സി.പി.എം. ആരോപിക്കുന്നു. നിരപരാധികളായ തങ്ങളുടെ പ്രവര്‍ത്തകരെയും നേതാക്കന്മാരെയും പോലീസ് രാഷ്ട്രീയസ്വാധീനത്തിനു വഴങ്ങി വേട്ടയാടുകയാണെന്ന് പരസ്യമായി ആക്ഷേപിച്ചുകൊണ്ട് സി.പി.എം. സമരരംഗത്തിറങ്ങി. ഇത്തരം സമരങ്ങള്‍ അക്രമാസക്തമായി നിയമവാഴ്ച തകര്‍ക്കുകയും ചെയ്യുന്നു.

പോലീസ് കുറ്റകരമായ രാഷ്ട്രീയപക്ഷപാതത്തിന്റെയും പകപോക്കലിന്റെയും പാതയിലെന്നാക്ഷേപിക്കുന്ന സി.പി.എം. കോലാഹലങ്ങളുടെ ഉള്ളറകള്‍ പരതിയാല്‍ 'സ്വതന്ത്ര പോലീസെന്ന' ആശയത്തെ കേരളത്തില്‍ അട്ടിമറിച്ചത് കഴിഞ്ഞകാല സി.പി.എം. ഭരണകൂടമായിരുന്നു എന്നു കാണാവുന്നതാണ്. പോലീസിനെ രാഷ്ട്രീയ-മാഫിയ സ്വാധീനത്തില്‍നിന്നും സ്വതന്ത്രമാക്കാനുള്ള സുപ്രീംകോടതി വിധിയെ കേരളത്തില്‍ സമര്‍ഥമായി അട്ടിമറിച്ച കുറ്റത്തിലെ മുഖ്യപ്രതിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. 2006-ലെ പോലീസ് സ്വാതന്ത്ര്യത്തിനായുള്ള സുപ്രീംകോടതി വിധിയെ, അച്യുതാനന്ദന്‍ ഭരണം എങ്ങനെ അട്ടിമറിച്ചു എന്നത് കേരളം ചര്‍ച്ച ചെയ്യപ്പെടാതെ പോയ വിഷയമാണ്.

ഇന്ത്യയില്‍ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ പോലീസ് പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്താന്‍ വിദഗ്ധരടങ്ങിയ ഒരു കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളൂ. 1977-ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയമിച്ച ദേശീയ പോലീസ് കമ്മീഷന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും പല ഘട്ടങ്ങളിലായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഭരണകൂടങ്ങള്‍ ഇതുവരെ പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ല. 

ഇന്ത്യയില്‍ നടക്കുന്ന 60 ശതമാനം അറസ്റ്റുകളും നിയമവിരുദ്ധമോ അനാവശ്യമോ ആണെന്നും കുറ്റാന്വേഷണം അഴിമതിക്കുള്ള സ്രോതസ്സാണെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും രാഷ്ട്രീയ ഇടപെടല്‍ അവരുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ദേശീയ പോലീസ് കമ്മീഷന്‍ ശക്തമായി നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ മൗനവും വീഴ്ചയുമാണ് വരുത്തിയിട്ടുള്ളത്.

ഒരു മുന്‍ ഗവര്‍ണര്‍, മുന്‍ ഹൈക്കോടതി ജഡ്ജി, രണ്ടു മുന്‍ ഡി.ജി.പി.മാര്‍, വിദഗ്ധര്‍, സി.ബി.ഐ.ഡയറക്ടര്‍ എന്നിവരടങ്ങിയ ദേശീയ പോലീസ് കമ്മീഷന്‍ സുമാര്‍ നാലു കൊല്ലത്തോളം പഠിച്ചാണ് 1981-ല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ തങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ജനാധിപത്യഭരണകൂടങ്ങള്‍ വിമുഖതകാട്ടി എന്നതാണ് സത്യം. പോലീസിനെ രാഷ്ട്രീയ നുകത്തിന്‍കീഴില്‍നിന്നും മോചിതരാക്കി അവര്‍ക്ക് തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുതകുംവിധം ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രണ്ട് ഉന്നത പോലീസുദ്യോഗസ്ഥരും 'കോമണ്‍കോസ്' എന്ന സംഘടനയും 1996-ല്‍ സുപ്രീംകോടതിയെ സമീപിക്കുകയാണുണ്ടായത്. 

പ്രകാശ്‌സിങ്ങും യൂണിയന്‍ ഓഫ് ഇന്ത്യ മുതല്‍ പേര്‍ തമ്മില്‍ എന്ന ഈ കേസില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ വാദമുഖങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2006 സപ്തംബര്‍ 22-ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് നല്‍കിയ വിധിന്യായത്തില്‍ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയും നിര്‍ദേശിക്കപ്പെട്ട പോലീസ് പരിഷ്‌കരണങ്ങള്‍ 2007 ജനവരി മുതല്‍ നടപ്പാക്കാനും തുടര്‍ന്ന് പോലീസിനുള്ള തൊഴില്‍ സ്വാതന്ത്ര്യം ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്താനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയാണുണ്ടായത്. 2006 നവംബര്‍ 30ന് മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനമൊഴിച്ചുനിര്‍ത്തിയാല്‍ ഈ സുപ്രധാന വിധിയില്‍ കേരളമൊട്ടാകെ കുറ്റകരമായ മൗനം പാലിച്ചു എന്ന വസ്തുത വിസ്മരിക്കാനാവില്ല.

സുപ്രീംകോടതിയുടെ ഉത്തരവ് അന്ത്യശാസനാ രൂപത്തിലുള്ളതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എതിര്‍പ്പില്ലാതെ നടപ്പാക്കേണ്ടവയുമായിരുന്നു. ഭരണഘടനയുടെ 32, 142, 144 അനുച്ഛേദങ്ങളനുസരിച്ച് നീതിയുടെ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതിക്കുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് പോലീസ് പരിഷ്‌കരണം നിര്‍ദേശിച്ചത്. പ്രധാനപ്പെട്ട സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ഇവയായിരുന്നു: (1) പോലീസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാക്കാനും പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ഉതകുംവിധം ഒരു സെക്യൂരിറ്റി കമ്മീഷന്‍ രൂപവത്കരിച്ച് ചുമതല അവരെ ഏല്പിക്കുക, അവരുടെ ശുപാര്‍ശകള്‍ നടപ്പാക്കുക. 

സെക്യൂരിറ്റി കമ്മീഷന്റെ ഘടനയും കരടുരൂപവും വിധിന്യായത്തില്‍ത്തന്നെ സുപ്രീംകോടതി ഉള്‍പ്പെടുത്തിയിരുന്നു. (2) ഡി.ജി.പി.നിയമനം സുതാര്യമാക്കാന്‍ നിയമനത്തില്‍ പാനല്‍ യു.പി.എസ്.സി. വഴി സ്വീകരിച്ച് നിയമനം നടത്തുക, കാലാവധി നിശ്ചയിക്കുക. (3) പോലീസുദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിശ്ചയിച്ച് നടപ്പാക്കാന്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കുക. (4) പോലീസ് കംപ്ലെയിന്റ് അതോറിറ്റി രൂപവത്കരിക്കുക. (5) കുറ്റാന്വേഷണവും നിയമപാലനവും വേര്‍തിരിക്കുക. ഈ നിര്‍ദേശങ്ങളെല്ലാം 2007 ജനവരി ഒന്നിനുള്ളില്‍ നടപ്പില്‍ വരുത്താനും നിയമനിര്‍മാണം നടത്താനുമാണ് സുപ്രീംകോടതി കല്പിച്ചിരുന്നത്. 

ഇത് നടപ്പാക്കിയെന്ന് കാട്ടിക്കൊണ്ടുള്ള അഫിഡവിറ്റുകള്‍ 2007 മാര്‍ച്ച് ഒന്നിനുള്ളില്‍ സുപ്രീംകോടതിയില്‍ നല്‍കണമെന്നും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് വിധിന്യായത്തില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കേരളത്തില്‍ ആത്മാര്‍ഥമായി നടപ്പാക്കിയില്ലെന്നതാണ് ദുഃഖസത്യം. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ നീണ്ട അഞ്ച് കൊല്ലത്തിനുശേഷവും 'കോള്‍ഡ്‌സ്റ്റോറേജി'ലാണുള്ളത്. എന്നാല്‍ ഇതെല്ലാം നടപ്പാക്കി എന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന് മനസ്സാക്ഷിക്കുത്തുണ്ടായില്ല.

പോലീസ് കുറ്റാന്വേഷണത്തിലേര്‍പ്പെടുമ്പോഴും നിയമപാലനം നടത്തുമ്പോഴും നിയമത്തോടും നീതിയോടും നിയമവാഴ്ചയോടുമായിരിക്കണം അതിന്റെ പ്രതിബദ്ധതയെന്നും മറിച്ച് രാഷ്ട്രീയ-ധന-മാഫിയ ശക്തികളുടെ ഇടപെടലോ സ്വാധീനമോ ഉണ്ടാകരുതെന്നും സുപ്രീംകോടതി പ്രകാശ്‌സിങ്ങ് കേസില്‍ അടിവരയിട്ട് പറഞ്ഞിരുന്നു. ദേശീയ പോലീസ് കമ്മീഷന്‍ ശുപാര്‍ശയ്ക്ക് പുറമേ നിയമ കമ്മീഷന്‍, റബിറേ കമ്മിറ്റി, പത്മനാഭയ്യ കമ്മിറ്റി, മളീമഠ് കമ്മിറ്റി എന്നിവയുടെ ശുപാര്‍ശകളും പരിഗണിച്ചശേഷമാണ് സുപ്രീംകോടതി പോലീസ് പരിഷ്‌കരണ ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്താനായി നിര്‍ദേശിക്കപ്പെട്ട സെക്യൂരിറ്റി കമ്മീഷന്റെ ഘടനയും സ്വഭാവവും പ്രകടമായും അട്ടിമറിച്ചുകൊണ്ടാണ് അച്യുതാനന്ദന്‍ മന്ത്രിസഭ 2011-ലെ പോലീസ് നിയമം ഇവിടെ അവതരിപ്പിച്ച് പാസാക്കിയത്.

പോലീസിനെ നിയന്ത്രിക്കേണ്ട സെക്യൂരിറ്റി കമ്മീഷന്റെ കരട്‌രേഖ തയ്യാറാക്കി സുപ്രീംകോടതി അതിന്റെ വിധിയുടെ 31-ാം ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. റബിറേ കമ്മിറ്റിയുടെയും സോറാബ്ജി കമ്മിറ്റിയുടെയും ശുപാര്‍ശപ്രകാരം പോലീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി നിര്‍ദേശിക്കുന്ന ജഡ്ജി, ചീഫ് സെക്രട്ടറി, ഡി.ജി.പി, മൂന്നു മുതല്‍ അഞ്ചുവരെ രാഷ്ട്രീയേതര പ്രമുഖര്‍ എന്നിവരെ സെക്യൂരിറ്റി കമ്മീഷനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ കേരളത്തില്‍ പാസാക്കിയ 2011-ലെ നിയമമനുസരിച്ച് സെക്യൂരിറ്റി കമ്മീഷന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കീഴ്ഘടകമായി മാറിയിരിക്കുന്നു. 

ഈ വഞ്ചന 2011-ലെ കേരള പോലീസ് നിയമം 24-ാം വകുപ്പ് തെളിയിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് രണ്ടു മന്ത്രിമാര്‍ സെക്യൂരിറ്റി കമ്മീഷന്‍ അംഗങ്ങളാണ്. ഹോം സെക്രട്ടറി അംഗമാണ്. മൂന്ന് രാഷ്ട്രീയേതര പ്രമുഖ പ്രവര്‍ത്തകര്‍ എന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ മൂന്ന് അനൗദ്യോഗിക അംഗങ്ങള്‍ എന്ന് മാറ്റംവരുത്തി രാഷ്ട്രീയക്കാരായ മൂന്നുപേരെ സര്‍ക്കാര്‍അതില്‍ തിരുകിക്കയറ്റിയിരിക്കുന്നു. ചുരുക്കത്തില്‍ 11 അംഗ കേരള സെക്യൂരിറ്റി കമ്മീഷനില്‍ പ്രതിപക്ഷ നേതാവും ഹൈക്കോടതി നോമിനിയുമൊഴികെ ബാക്കി ഒമ്പതു പേരും സര്‍ക്കാറിനോട് വിധേയത്വമുള്ളവരായിരിക്കും. 

രാഷ്ട്രീയേതര ഭരണേതര സ്വതന്ത്ര സംവിധാനം പോലീസിനെ നിയന്ത്രിക്കണമെന്ന പോലീസ് കമ്മീഷന്‍ ശുപാര്‍ശയും സുപ്രീംകോടതി വിധിയും ഇവിടെ ബോധപൂര്‍വം തകര്‍ത്തു. പകരം സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ പരമാധികാരമാണ് വേണ്ടതെങ്കില്‍ പിന്നെന്തിനാണീ ചെലവ് കൂടിയ പാഴ്‌വേലയും സെക്യൂരിറ്റി കമ്മീഷന്‍ സംവിധാനവും എന്ന ചോദ്യത്തിന് ഇവിടെ ഉത്തരമില്ല. പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് കാര്യത്തിലും പോലീസ് മേധാവി നിയമന കാര്യത്തിലുമെല്ലാം സുപ്രീം കോടതിവിധി സമര്‍ഥമായി സി.പി.എം. ഭരണകൂടം ഇവിടെ അട്ടിമറിച്ചിരിക്കുന്നു.

യു.ഡി.എഫ്. ഭരണത്തിന്‍കീഴില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ ഭരണകൂട സ്വാധീനത്തിന് വഴങ്ങി കുറ്റാന്വേഷണ സംവിധാനം അട്ടിമറിക്കുന്നു എന്ന് സി.പി.എം.പറയുന്നു. തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു എന്ന് അലമുറയിടുന്ന സി.പി.എം. തന്നെയല്ലോ പോലീസിന് സ്വാതന്ത്ര്യം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ ഇവിടെ തുരത്തിയത്. നിയമാധിഷ്ഠിത നീതിയുടെ സുഗമമായ ഗതിപ്രവാഹത്തിന് രാഷ്ട്രീയ ഇടപെടല്‍ വിലങ്ങുതടിയാകാന്‍ പാടില്ല. എല്ലാവര്‍ക്കും തുല്യമായ നീതിയും പരിഗണനയും ലഭിക്കാന്‍ നിയമദൃഷ്ട്യാ അര്‍ഹതയുണ്ട്. 

എന്നാല്‍ ഭരണകൂടത്തോട് ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ നീതി എന്ന സ്ഥിതിയുണ്ടാക്കുന്നത് ശരിയല്ല. കാലാകാലങ്ങളായി നിലവിലുള്ള ഈ ദുഃസ്ഥിതി മാറ്റാനാണ് സുപ്രീംകോടതി ശ്രമിച്ചത്. എന്നാല്‍ അധികാരത്തിന്റെ സോപാനത്തില്‍ കയറി അത് ആസ്വദിച്ചപ്പോള്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാകാത്തവര്‍ ഇപ്പോള്‍ പോലീസ് നിഷ്പക്ഷമല്ല എന്ന് വിലപിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്.

സാക്ഷര കേരളത്തെ സമര്‍ഥമായി ഇടതുപക്ഷ ഭരണകൂടം വഞ്ചിച്ചതിന്റെ തെളിവാണ് 2011-ലെ പോലീസ് നിയമം. 2011-ലെ പോലീസ് നിയമം റദ്ദാക്കണമെന്ന് സി.പി.എം. ആവശ്യപ്പെടുമോ? 2011-ലെ പോലീസ് നിയമം റദ്ദാക്കി സുപ്രീംകോടതി പ്രകാശ്‌സിങ് കേസില്‍ നല്‍കിയ അന്ത്യശാസനവും നിര്‍ദേശങ്ങളും അനുസരിച്ചുള്ള പോലീസിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതരത്തിലുള്ള നിയമനിര്‍മാണത്തിനും പ്രായോഗിക നടപടികള്‍ക്കും സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment