Friday 17 August 2012

[www.keralites.net] സകാത്ത്: സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാര്‍ഗം - ഫിത്വ്ര്‍ സകാത്ത് യഥാര്‍ഥ അവകാശികള്‍ക്കാവട്ടെ

 


സകാത്ത്: സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാര്‍ഗം
എം.വി മുഹമ്മദ് സലീം

സമൂഹത്തില്‍ പൊതുവെ കാണപ്പെടുന്ന പ്രതിഭാസമാണ് സാമ്പത്തിക ഉച്ചനീചത്വം. ഉള്ളവരും ഇല്ലാത്തവരും ഏത് സമൂഹത്തിലുമുണ്ടാവും. മാനവരാശിക്ക് ഐഹിക ജീവിതത്തില്‍ ഐശ്വര്യവും, മരണാനന്തരം ശാശ്വത സൗഭാഗ്യവും ലക്ഷ്യമിടുന്ന ജീവിത വ്യവസ്ഥ എന്ന നിലക്ക് ദാരിദ്ര്യവും ദരിദ്രരും ഇസ്‌ലാമിന്റെ പ്രത്യേക പരിഗണനയില്‍ വരുന്ന വിഷയമാണ്.

ദരിദ്രര്‍ക്ക് ശബ്ദമില്ലാത്ത കാലത്താണ് ഇസ്‌ലാം അതിന്റെ സാമൂഹിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്. അവര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ആദ്യമായി ദരിദ്രന്റെ അവകാശം അംഗീകരിക്കുകയും അത് നേടി കൊടുക്കാന്‍ നിയമമുണ്ടാക്കുകയും ചെയ്തത് ഇസ്‌ലാമിന്റെ സാമ്പത്തിക വിപ്ലവത്തെ വേറിട്ട് നിര്‍ത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ അരുള്‍ ചെയ്തു: ''അവരുടെ സമ്പാദ്യങ്ങളില്‍ ആവശ്യക്കാരനും ഇല്ലാത്തവനും നിര്‍ണിത അവകാശമുണ്ട്'' (70: 24). കാര്‍ഷികോല്‍പന്നങ്ങള്‍ വിളവെടുക്കുമ്പോള്‍ ദരിദ്രരുടെ അവകാശം നല്‍കാന്‍ അല്ലാഹു കല്‍പിക്കുന്നുണ്ട് (6:141). തൊഴിലാളിയുടെ കൂലിയെ നബി(സ) വിശേഷിപ്പിച്ചത് 'അവകാശ'മെന്നാണ്. 'തൊഴിലാളിയുടെ വിയര്‍പ്പ് വറ്റും മുമ്പ് അയാളുടെ അവകാശം നല്‍കുക.' ദരിദ്രരെ 'ദുര്‍ബലര്‍' എന്നും നബി(സ) വിശേഷിപ്പിച്ചിട്ടുണ്ട്. ദരിദ്രരോടുള്ള നിലപാടിനെ തന്നെ മാറ്റിയെടുക്കുന്ന ചില അടിസ്ഥാന കാര്യങ്ങളും അവിടുന്ന് പഠിപ്പിച്ചു. ദുര്‍ബലര്‍ സമൂഹത്തിന് ഭാരമല്ലെന്നും അനുഗ്രഹമാണെന്നും അവിടുന്ന് തിരുത്തി. മുസ്അബ്ബ്‌നു സഅ്ദിനോട് അവിടുന്ന് അരുള്‍ ചെയ്തു: ''നിങ്ങള്‍ക്ക് പ്രതിരോധിക്കാനും ഐശ്വര്യം നേടാനും സാധിക്കുന്നത് നിങ്ങളിലെ ദുര്‍ബലര്‍ വഴിയാണ്.'' പ്രതിരോധത്തിന് മനുഷ്യ ശക്തിവേണം; സാമ്പത്തികവികസനത്തിന് മനുഷ്യാധ്വാനവും. ഇത് രണ്ടിന്റെയും സ്രോതസ്സ് ദരിദ്രരും ദുര്‍ബലരുമായ ജനലക്ഷങ്ങളാണ്. അതിനാല്‍ അവരെ അവഗണിക്കുകയല്ല, ഉദ്ധരിക്കുകയാണ് സാമ്പത്തിക സുസ്ഥിതിക്കുള്ള യഥാര്‍ഥ വഴി. ഇതാണ് നിര്‍ബന്ധ ദാനം നിയമമാക്കിയതിന്റെ അതിപ്രധാന ലക്ഷ്യം.
ദരിദ്രരുടെയും ദുര്‍ബലരുടെയും ശാക്തീകരണവും പുനരധിവാസവും സകാത്തിന്റെ അവകാശികളെ എണ്ണിപ്പറയുന്ന ഖുര്‍ആന്‍ വചനത്തില്‍ പ്രത്യേകം ഊന്നുന്നുണ്ട്. ദരിദ്രര്‍, പാവങ്ങള്‍, ജോലിക്കാര്‍, അടിമകള്‍, കടബാധിതര്‍, യാത്രക്കാര്‍ എന്നിങ്ങനെ ആറു ഇനങ്ങള്‍ ദരിദ്രരും ദുര്‍ബലരുമായ അവകാശികളാണ്. ആദര്‍ശപ്രചാരണവും രാഷ്ട്രത്തിന്റെ സുരക്ഷയുമാണ് മറ്റു രണ്ടിനങ്ങള്‍.
സാമ്പത്തിക ശാസ്ത്രത്തില്‍ ഉല്‍പാദനം പോലെ പ്രധാനമാണ് വിതരണം. വിതരണത്തിലെ വൈകല്യങ്ങളും അപാകതകളും സമൂഹത്തില്‍ സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ വര്‍ധിക്കാന്‍ കാരണമാക്കുന്നു. കാര്യക്ഷമമായ വിതരണം ഉറപ്പ് വരുത്തുന്ന വ്യവസ്ഥാപിത നിയമങ്ങളാണ് ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇത് സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതിക്കെന്ന പോലെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതക്കും സഹായകമാവുന്നു.
ഭദ്രമായ ഈ നിയമാവലി പ്രാവര്‍ത്തികമാക്കുന്നത് ഇസ്‌ലാമിക സൗധത്തിന്റെ മൂന്നാം സ്തംഭമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സകാത്ത് നല്‍കാതിരിക്കുന്നത് ഏകദൈവവിശ്വാസത്തിന്റെയും പരലോക വിശ്വാസത്തിന്റെയും അഭാവത്തെ കുറിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു (41:7). സാങ്കേതികമായിപ്പറഞ്ഞാല്‍ സകാത്ത് നിഷേധിച്ചവന്‍ നിഷേധി(കാഫിര്‍)യാണ്. അംഗീകരിക്കുന്നെങ്കിലും അത് നല്‍കാതിരിക്കുന്നവന്‍ അതിക്രമി(ഫാസിഖ്)യും. സകാത്ത് വസൂലാക്കാന്‍ ബലപ്രയോഗം അനുവദിച്ചിരിക്കുന്നു. വിസമ്മതിക്കുന്നവരോട് യുദ്ധം ചെയ്ത് പിരിച്ചെടുക്കാന്‍ പോലും അനുവാദമുണ്ട്.
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ അന്യൂനവും ചലനാത്മകവുമാക്കുന്ന പ്രധാന ഘടകമാണ് സകാത്ത്. ഭരണത്തിന്റെ സാമ്പത്തിക സ്രോതസ് സകാത്ത് വഴിയാണ് ശേഖരിക്കുക. ഇത്രയും കാര്യങ്ങള്‍ ആവര്‍ത്തിച്ചത് സകാത്തിനെക്കുറിച്ചുണ്ടായ ചില വികല സങ്കല്‍പങ്ങള്‍ തിരുത്താനാണ്. ധനികര്‍ ഔദാര്യമായി പാവങ്ങള്‍ക്ക് നല്‍കുന്ന ദാനമായി സകാത്ത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിരലിലെണ്ണാവുന്ന പണക്കാര്‍ മാത്രമേ നല്‍കാന്‍ ബാധ്യസ്ഥരായുള്ളൂ എന്നാണ് പൊതുധാരണ. ഇസ്‌ലാമിന്റെ മൂന്നാമത്തെ സ്തംഭം അതിന്റെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാതെ പോവാന്‍ ഇത്തരം വികല സങ്കല്‍പങ്ങള്‍ കാരണമായിട്ടുണ്ട്.
മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക വരുമാനത്തില്‍ ഒരു പങ്ക് ഉപര്യുക്ത ആവശ്യങ്ങള്‍ക്കായി ശേഖരിക്കാനും നീതിപൂര്‍വം വിതരണം ചെയ്യാനുമുള്ള കുറ്റമറ്റ സംവിധാനമാണ് സകാത്ത്. അതിന്റെ ശരിയായ പുനഃസ്ഥാപനം സാധിക്കണമെങ്കില്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥയുണ്ടാവണം. എന്നാല്‍, മുസ്‌ലിംകള്‍ക്ക് സ്വതന്ത്രമായി വര്‍ത്തിക്കാന്‍ സൗകര്യമുള്ള സമൂഹങ്ങളില്‍ സംഘടിതമായും വ്യവസ്ഥാപിതമായും സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ടാക്കാനാവും. രാഷ്ട്രം നേരിട്ട് പിരിക്കുമ്പോള്‍ വ്യക്തികള്‍ വരവ് ചെലവുകളുടെ കൃത്യമായ കണക്ക് അധികാരികളെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരായിരിക്കും. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ സ്വമേധയാ സകാത്ത് കണക്കാക്കി നല്‍കേണ്ടിവരും. തങ്ങള്‍ ആര്‍ജിച്ച ധാര്‍മികതയാണ് അവര്‍ക്കത് ചെയ്യാനുള്ള ഏക പിന്‍ബലം. വിശ്വാസവുമായി ബന്ധപ്പെട്ടതാകയാല്‍ ഇതില്‍ വീഴ്ചവരുത്താതിരിക്കാന്‍ മതനിഷ്ഠയുള്ളവര്‍ ശ്രദ്ധിക്കും.
സകാത്തിന്റെ വിധികളെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടാകാനും അവയില്‍ ഭിന്ന ചിന്തകള്‍ നിലനില്‍ക്കാനും കാരണമായത് സമൂഹത്തെ ഒന്നിച്ച് ഭരിക്കുന്ന ഒരു വ്യവസ്ഥിതി ഇല്ലാത്തത് കൊണ്ടാണ്. രണ്ട് വീക്ഷണ കോണുകളിലൂടെയാണ് പണ്ഡിതന്മാര്‍ വിഷയം പഠിച്ചത്. സകാത്ത് നല്‍കുന്നവരുടെ ഭാഗം ശ്രദ്ധിച്ചാണ് ചിലര്‍ വിധി കണ്ടെത്തിയത്. മറ്റു ചിലര്‍ ഗുണഭോക്താക്കളുടെ ഭാഗത്തിന് മുന്‍തൂക്കം നല്‍കി. ഈ വൈവിധ്യങ്ങളോട് ഒരു സത്യവിശ്വാസിയുടെ മനസ്സാക്ഷി എങ്ങനെയാവും പ്രതികരിക്കുക? സകാത്ത് ദാതാക്കളെയും സ്വീകര്‍ത്താക്കളെയും ഒരുപോലെ പരിഗണിക്കുന്ന സമീപനമായിരിക്കും അപ്പോള്‍ അഭികാമ്യം!
വിശ്വാസി അല്ലാഹുവിന്റെ പ്രീതി മാത്രം മുന്നില്‍ കണ്ട് സ്വയം തീരുമാനിക്കണം. ഞാന്‍ സകാത്ത് ദാതാവാണോ, ഏതെല്ലാം ഇനത്തില്‍ സകാത്ത് നല്‍കണം, എത്ര നല്‍കണം? സൃഷ്ടികളെ ബോധ്യപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ സ്രഷ്ടാവിന്റെ പ്രീതി ഉറപ്പ് വരുത്തിക്കൊണ്ടാണത് തീരുമാനിക്കേണ്ടത്. സന്നദ്ധ സംഘടനകള്‍ നാം നല്‍കുന്നത് വാങ്ങി വെക്കുക മാത്രമാണ് ചെയ്യുന്നത്; അവര്‍ക്കാരെയും കൊടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ല.
പൂര്‍വികര്‍ ഏകകണ്ഠമായി അംഗീകരിച്ച വിഷയങ്ങളില്‍ പോലും ആനുകൂല്യങ്ങള്‍ കണ്ടെത്താനുള്ള പുതിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കച്ചവടത്തിന്റെ വിവിധ ഇനങ്ങള്‍, വ്യവസായശാലകള്‍, ശമ്പളം, ഓഹരി വിപണി, ബോണ്ടുകള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ മുതലായ പുതു ധനാഗമന മാര്‍ഗങ്ങള്‍ നമ്മില്‍ ചുമത്തുന്ന ബാധ്യതകള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. തന്റെ വരുമാനം എവിടെ നിന്ന്, അത് വ്യയം ചെയ്തതെന്തിനു വേണ്ടി എന്ന് കൃത്യമായറിയാതെ വിശ്വാസി സാമ്പത്തിക ഇടപാട് നടത്താന്‍ പാടില്ല.
സകാത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരാമര്‍ശിക്കാന്‍ ഇവിടെ നിവൃത്തിയില്ല. ഓരോ വ്യക്തിയും അയാളെ ബാധിക്കുന്ന കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. അപ്പോഴത് പ്രായോഗികമാക്കാന്‍ സാധിക്കുമല്ലോ. അതിനാല്‍ ചില അടിസ്ഥാന തത്ത്വങ്ങള്‍ വിശദീകരിക്കാം. അവ ശരിക്കും ഗ്രഹിച്ചാല്‍ വ്യക്തികള്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ പരസഹായം വേണ്ടിവരില്ല.
1. സകാത്ത് നിര്‍ബന്ധമാകുന്നതിന്റെ അടിസ്ഥാനം ഐശ്വര്യമാണ്. ദാരിദ്ര്യം പരിഹരിക്കാനാണല്ലോ സകാത്ത് ശേഖരിക്കുന്നത്. അതിനാല്‍ ദാതാക്കള്‍ ദരിദ്രരല്ല, ഐശ്വര്യവാന്മാരാണ്. ഐശ്വര്യത്തിന്റെ മാനദണ്ഡം വരുമാന പരിധിയാണ്. ഒരാളെ ഐശ്വര്യത്തിലാണെന്ന് കണക്കാക്കാന്‍ വേണ്ട വരുമാനം പൊതുവായി നിര്‍ണയിക്കാനേ തരമുള്ളൂ. അതില്‍ ഏറ്റപ്പറ്റുണ്ടാവാം. ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതനുസരിച്ച് വരുമാനത്തിന്റെ പരിധി 85 ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായിരിക്കും. ഇപ്പോഴത്തെ സ്വര്‍ണ വിലയനുസരിച്ച് ഏതാണ്ട് രണ്ടര ലക്ഷം രൂപയാണ് വരുമാന പരിധി. അതില്‍ താഴെ വരുമാനമുള്ളവര്‍ സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് ഒരാള്‍ക്ക് വരുമാനമുണ്ടെങ്കില്‍ അവയെല്ലാം ചേര്‍ത്താണ് വരുമാനപരിധി കാണേണ്ടത്.
കാര്‍ഷിക വിളകളില്‍ വിളവെടുപ്പ് സമയത്താണ് സകാത്ത് നല്‍കേണ്ടത്. അതിനാല്‍ ഒരു വര്‍ഷത്തില്‍ ഒന്നിലധികം തവണ സകാത്ത് നല്‍കേണ്ടിവരാം. പണത്തിന്റെ കണക്ക് നോക്കി വാര്‍ഷികാദായത്തിന് ഒരു തവണ സകാത്ത് നല്‍കിയാല്‍ മതി. നികുതിയും മറ്റും നല്‍കുന്നതിനോട് ഇതിനു സാദൃശ്യമുണ്ട്.
2. വളര്‍ച്ചക്ക് സാധ്യതയുള്ള എല്ലാ സമ്പത്തിനും സകാത്ത് നല്‍കണമെന്നതാണ് ഇസ്‌ലാമിന്റെ ചൈതന്യത്തിനു നിരക്കുന്ന അഭിപ്രായം. ചില സമ്പത്തിനെ സകാത്തില്‍ നിന്ന് ഒഴിവാക്കുന്നത് അതിന്റെ ഉടമകളോട് കാണിക്കുന്ന പക്ഷപാതമായിരിക്കും. ഒരാള്‍ കൈയിലുള്ള മൂന്നു ലക്ഷത്തിന് സകാത്ത് നല്‍കുമ്പോള്‍ 30 ലക്ഷത്തിന്റെ വരുമാനമുള്ള മറ്റൊരാള്‍ക്ക് ഒരു രൂപയും സകാത്ത് നിര്‍ബന്ധമില്ല എന്ന് പറയുന്നത് ഇസ്‌ലാമിക നീതിക്ക് എങ്ങനെ നിരക്കും? എല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും സകാത്തുണ്ട്. മേഞ്ഞു തിന്നുന്ന ആടുമാട് ഒട്ടകങ്ങള്‍ക്കും സകാത്തുണ്ട്. അതുപോലെ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതോ ശേഖരിക്കുന്നതോ ആയ തേന്‍, പാല്‍, മത്സ്യം, ഉപ്പ്, പട്ടുനൂല്‍, പെട്രോള്‍, ഖനിജങ്ങള്‍ എന്നിവയെല്ലാം പ്രധാന വരുമാന സ്രോതസ്സുകളാണ്. അവക്കെല്ലാം കണക്ക് നോക്കി സകാത്ത് നല്‍കേണ്ടതാണ്.
3. ഉദ്യോഗം ഒരധ്വാനമാണ്. അതിലൂടെ ലഭിക്കുന്ന ശമ്പളത്തിനും, വിദഗ്ധരായ എഞ്ചിനീയര്‍, ഡോക്ടര്‍, വക്കീല്‍ മുതലായവരുടെ വരുമാനത്തിനും സകാത്ത് നല്‍കേണ്ടതാണ്. ഇങ്ങനെയുള്ള വരുമാനങ്ങള്‍ക്ക് ആദായ പരിധിയെത്തിയാല്‍ ഉടനെ സകാത്ത് നല്‍കണമെന്നാണ് പണ്ഡിതന്മാരില്‍ ഒരു വിഭാഗം പറയുന്നത്. പൂര്‍വികരുടെ പിന്‍ബലമുള്ള അഭിപ്രായം വാര്‍ഷികാദായത്തിനാണ് സകാത്ത് നല്‍കേണ്ടതെന്നാണ്. രണ്ടായാലും ഒരു തവണ നല്‍കിക്കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ വീണ്ടും നല്‍കേണ്ടതില്ല എന്നതില്‍ അഭിപ്രായന്തരമില്ല.
4. കച്ചവടത്തിന്റെ സകാത്ത് വില്‍പന വസ്തുക്കളും ലാഭവും ചേര്‍ത്ത് മൊത്തം സ്വത്ത് കണക്കിലെടുത്താണ്. സ്ഥാവര സ്വത്തുക്കള്‍ സകാത്തില്‍ നിന്നൊഴിവാണ്. ഷോപ്പിനും ഡെക്കറേഷനും അത് ബാധകമല്ല. വില്‍പനച്ചരക്കുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നര്‍ഥം. കച്ചവടക്കാരന്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടത്തി കൈയിരുപ്പുള്ള സംഖ്യയും ചേര്‍ത്ത് അതിന്റെ രണ്ടര ശതമാനമാണ് സകാത്ത് നല്‍കേണ്ടത്. ഇത് പൂര്‍വകാല പണ്ഡിതന്മാര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടതാണ്. കച്ചവടത്തിന്റെ ലാഭത്തിനു മാത്രം സകാത്ത് നല്‍കിയാല്‍ മതിയെന്ന അഭിപ്രായം സ്വീകാര്യമല്ല; പൂര്‍വികരുടെയോ ആധുനിക പണ്ഡിതന്മാരുടെയോ പിന്‍ബലമില്ലാത്ത വ്യക്തിഗത ചിന്തയാണത്. കച്ചവടത്തിന്റെ കണക്കെടുക്കുമ്പോള്‍ കൊടുക്കാനുള്ള കടം കിഴിക്കണം. കിട്ടാനുള്ള കടത്തില്‍ പ്രതീക്ഷയുള്ളത് മൂലധനത്തോട് ചേര്‍ക്കണം. കച്ചവടച്ചരക്കുകള്‍ക്ക് വില കെട്ടുമ്പോള്‍ മാര്‍ക്കറ്റ് വിലയാണ് നിശ്ചയിക്കേണ്ടതെന്നതാണ് പ്രബലമായ അഭിപ്രായം. സാധനം വാങ്ങുമ്പോള്‍ ഉയര്‍ന്ന വില നല്‍കിയിരുന്നുവെങ്കിലും സകാത്ത് നല്‍കുന്ന സമയത്ത് അന്നത്തെ വിലയാണ് കണക്കാക്കേണ്ടത്. വില ഉയര്‍ന്നാലും അങ്ങനെ തന്നെ.
5. വ്യവസായശാലകള്‍ക്ക് സകാത്ത് കണക്കാക്കുന്നതില്‍ രണ്ടഭിപ്രായമുണ്ട് പണ്ഡിതന്മാര്‍ക്ക്. സ്ഥാപനത്തിലെ യന്ത്രോപകരണങ്ങള്‍ക്ക് വില നിശ്ചയിച്ച് ഉല്‍പാദനത്തോട് ചേര്‍ക്കണമെന്നാണ് ഒരഭിപ്രായം. വരുമാനത്തിന് മാത്രമാണ് സകാത്ത് നല്‍കേണ്ടത് എന്നതാണ് പ്രബലമായ മറ്റൊരഭിപ്രായം. വ്യവസായശാലകളിലെ വരുമാനത്തിന് അഞ്ചു ശതമാനം നിരക്കില്‍ സകാത്ത് കണക്കാക്കണമെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാര്‍ കാണുന്നത്. എന്നാല്‍ പണമായി ലഭിക്കുന്ന വരുമാനങ്ങള്‍ക്ക് രണ്ടര ശതമാനം നിരക്ക് പൊതു തത്ത്വമാകയാല്‍ ഇവിടെയും അത് മതിയെന്നാണ് മറുപക്ഷം. ഈ അഭിപ്രായങ്ങള്‍ കെട്ടിടങ്ങളുടെ വാടകക്ക് സകാത്ത് നല്‍കുന്നേടത്തും കാണാം. ഭൂരിപക്ഷം അവസാനം പറഞ്ഞ അഭിപ്രായത്തെ പിന്തുണക്കുന്നവരാണ്. കെട്ടിടങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും വലിയ സംഖ്യ മുടക്കേണ്ടതുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ഒരു നല്ല സംഖ്യ ചെലവു വരും. വരുമാനം സ്ഥായിയാവണമെന്നില്ല. പത്തുവര്‍ഷം കഴിയുമ്പോള്‍ മുടക്കിയ സംഖ്യയുടെ വളരെ ചെറിയ ശതമാനമേ മൂല്യമായുണ്ടാവുകയുള്ളൂ തുടങ്ങിയ വസ്തുതകള്‍ ഈ നിരക്ക് ശരിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു.
6. ഒരാള്‍ക്ക് ലഭിക്കാനുള്ള അവകാശം ഒന്നിച്ചു ലഭിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ അതിന് സകാത്ത് നല്‍കണമെന്നതാണ് പ്രാമാണികമായ അഭിപ്രായം. പ്രോവിഡന്റ് ഫണ്ട് ഉദാഹരണം. അനന്തരാവകാശമായി ലഭിക്കുന്ന സംഖ്യ വേറെ ഒരു ഉദാഹരണമാണ്. വാര്‍ഷിക അലവന്‍സായി ചില ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സംഖ്യയും ഇതിനുദാഹരണമാണ്.
ശമ്പളത്തിനും ഒന്നിച്ചു ലഭിക്കുന്ന അവകാശത്തിനുമെല്ലാം സകാത്ത് നിര്‍ബന്ധമാണെന്നതിന് തെളിവായി സ്വഹാബികളുടെ ചര്യകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഖലീഫ മുആവിയ(റ) ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കുമ്പോള്‍ സകാത്ത് വസൂലാക്കിയിരുന്നു. ഇത് നബി(സ)യുടെ ശിക്ഷണങ്ങള്‍ക്കനുസൃതമായിരുന്നു. സച്ചരിത ഖലീഫയായ ഉമറുബ്‌നു അബ്ദില്‍ അസീസും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇതുപോലെ ചെയ്തു. ശമ്പളത്തില്‍ നിന്ന് സകാത്ത് വസൂലാക്കി. രാഷ്ട്രം അന്യായമായി പിടിച്ചെടുത്ത സ്വത്ത് തിരിച്ചുനല്‍കുക എന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന ഭരണപരിഷ്‌കരണമായിരുന്നു. ഈ സന്ദര്‍ഭത്തിലും അദ്ദേഹം സകാത്ത് വസൂലാക്കുമായിരുന്നു. പട്ടാളക്കാരുടെ ശമ്പളം, പാരിതോഷികങ്ങള്‍, ദാനങ്ങള്‍ മുതലായവയില്‍ നിന്നെല്ലാം അദ്ദേഹം സകാത്ത് വസൂലാക്കിയിരുന്നു. ഇതില്‍ ഒരു വര്‍ഷം കഴിഞ്ഞ് സകാത്ത് നല്‍കുക എന്ന സങ്കല്‍പം വരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
7. പണ്ടുകാലത്ത് വളരെ വിരളമായി നടന്നിരുന്ന കച്ചവടമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. വീടും ഭൂമിയും വില്‍പന നടത്തുന്നതിന്റെ പേരാണത്. ഇന്നത് ആഗോളതലത്തില്‍ വ്യാപകമായി നടന്നുവരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ മേഖലകളില്‍ ഭവന നിര്‍മാണം, റോഡു നിര്‍മാണം മുതലായവ വര്‍ധിക്കുന്നതാണ് ഈ ബിസിനസ് പുരോഗമിക്കാന്‍ കാരണം.
കോടിക്കണക്കിന് രൂപ ഈ മേഖലയില്‍ കറങ്ങുന്നു. അതിനാല്‍ ലാഘവബുദ്ധിയോടെ ഭൂമി കച്ചവടത്തിന് സകാത്തില്ല എന്നു പറയുന്നത് ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥയോട് നീതിപുലര്‍ത്തുന്ന അഭിപ്രായമല്ല. സാധാരണ കച്ചവടത്തിലിറക്കുന്നതിന്റെ എത്രയോ ഇരട്ടി പണം ഈ കച്ചവടത്തിലിറക്കുന്നു. സമൂഹത്തിന്റെ സമ്പത്തിലെ ഈ വലിയ വിഹിതത്തിന് സകാത്ത് വസൂലാക്കാതിരിക്കുന്നത് ന്യായമല്ല.
വര്‍ഷം തികയുമ്പോള്‍ കച്ചവടത്തിനായി വാങ്ങിയ ഭൂമിക്ക് വില നിശ്ചയിക്കുകയും രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കുകയും ചെയ്യണമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇമാം മാലിക്(റ) വ്യത്യസ്തമായ ഒരഭിപ്രായമാണ് ഈ വിഷയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ ഭൂമി വില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ വാങ്ങി. മാര്‍ക്കറ്റ് വില ഉയരുമ്പോള്‍ വില്‍ക്കാമെന്ന് വെച്ചു. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. അപ്പോഴൊന്നും അയാള്‍ സകാത്ത് നല്‍കേണ്ടതില്ല. പ്രസ്തുത ഭൂമി വില്‍ക്കുമ്പോള്‍ രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കിയാല്‍ മതി. ന്യായമായ വില കിട്ടാത്തതുകൊണ്ടാണ് ഭൂമി വില്‍ക്കാതിരുന്നതെങ്കില്‍ ഈ പറയുന്ന അഭിപ്രായം പരിഗണിക്കേണ്ടതാണെന്ന് ചില ആധുനിക പണ്ഡിതന്മാര്‍ പറയുന്നു.
ഒരാള്‍ തന്റെ കൈവശമുള്ള ഭൂമിയോ കെട്ടിടമോ വില്‍ക്കുകയാണെങ്കില്‍ - അത് വില്‍ക്കാനുദ്ദേശിച്ചുള്ളതല്ലെങ്കിലും- ലഭിക്കുന്ന വരുമാനത്തിന് ഉടനെ സകാത്ത് നല്‍കണം. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാരില്‍ പ്രബലമായ അഭിപ്രായമിതാണ്. ഇവിടെ ഒരു വര്‍ഷം കാത്തിരിക്കണമെന്ന അഭിപ്രായം ദുര്‍ബലമാണ്. അതുപോലെ തന്നെ വര്‍ഷത്തില്‍ പല തവണ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്താല്‍ ഓരോ തവണയും സകാത്ത് നല്‍കണമെന്ന അഭിപ്രായമാണ് പ്രബലം.
8. ആധുനിക സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്കുവഹിക്കുന്ന ഓഹരി വിപണിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കുറിക്കാം. പ്രശ്‌നം പുതിയതാകയാല്‍ പൗരാണിക പണ്ഡിതന്മാരുടെ അഭിപ്രായം ഈ വിഷയത്തില്‍ കാണില്ല. ആധുനിക പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഓഹരി ഏതുതരം സാമ്പത്തിക ഇടപാടുകളുമായാണ് ബന്ധിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. ഉല്‍പാദനമേഖലയിലുള്ള സ്ഥാപനത്തിന്റെ ഓഹരിയാണെങ്കില്‍ ഓഹരിക്ക് സകാത്ത് നല്‍കേണ്ടതില്ല. വരുമാനം ഓഹരി ഉടമകള്‍ക്കിടയില്‍ വിഭജിക്കുമ്പോള്‍ സകാത്ത് നല്‍കിയാല്‍ മതി. അത് സാധാരണ നിരക്കില്‍ (രണ്ടര ശതമാനം) നല്‍കുകയാണ് വേണ്ടത് എന്നതാണ് ഒരഭിപ്രായം. കച്ചവട സ്ഥാപനത്തിന്റെ ഓഹരിയാണെങ്കില്‍ അതിന് രണ്ടര ശതമാനം സകാത്ത് നല്‍കണമെന്നും ഈ അഭിപ്രായക്കാര്‍ പറയുന്നു.
ഇവിടെ രണ്ടു വിഭാഗം ആളുകള്‍ രണ്ടിനം ഓഹരികളില്‍ പണം മുടക്കുമ്പോള്‍ ഒരു വിഭാഗത്തിന് സകാത്ത് ബാധ്യത ഒട്ടും ഇല്ലാതിരിക്കുകയും മറുഭാഗത്തിന് ബാധ്യതയുണ്ടാവുകയും ചെയ്യുന്ന വൈരുധ്യമുണ്ട്. വ്യവസായശാലകളുടെ ഓഹരികളെ വ്യക്തിയുടെ സ്വത്തുപോലെ കാണാം. ഇവയുടെ ഓഹരിയില്‍നിന്നല്ല, വരുമാനത്തില്‍നിന്നാണ് സകാത്ത് വസൂലാക്കേണ്ടത്. അത് കാര്‍ഷിക വരുമാനം പോലെ പത്തു ശതമാനം നിരക്കിലായിരിക്കണം. ലാഭം ആപേക്ഷികമായി ചെറിയ സംഖ്യയായിരിക്കും. അതിനാല്‍ നിരക്ക് കൂട്ടണം. കുറെ കൂടി ലളിതമായ മറ്റൊരു വീക്ഷണമിതാ: ഓഹരികളെ വ്യാപാര വസ്തുക്കളെപ്പോലെ കണക്കാക്കുക. അവക്ക് വര്‍ഷാവസാനം വില കെട്ടുക (ഓഹരിയുടെ വില സ്ഥാപനം പ്രസിദ്ധീകരിക്കും). അതിന് രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കുക. ഇവിടെ വ്യവസായ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും തമ്മില്‍ വ്യത്യാസം കാണേണ്ടതില്ല. ഈ രീതിയാണ് വ്യക്തികള്‍ക്ക് സ്വീകരിക്കാന്‍ സൗകര്യം.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട മറ്റൊരിടപാട് ബോണ്ടുകളുടേതാണ്. ഇവയുടെ മൂല്യം കണക്കാക്കി രണ്ടര ശതമാനം നിരക്കില്‍ സകാത്ത് നല്‍കണമെന്നതാണ് പ്രബലമായ അഭിപ്രായം. ബോണ്ട് സ്ഥാപനത്തിന്റെ കടപ്പത്രമാണ്, അതിനാല്‍ സകാത്ത് നല്‍കേണ്ടതില്ല എന്ന വീക്ഷണക്കാരുണ്ട്. ബോണ്ടിന് പലിശ കണക്കാക്കി കൊടുക്കുന്നതിനാല്‍ ബോണ്ടെടുക്കുന്നത് ഇസ്‌ലാമികമായി നിഷിദ്ധമാണ്. പക്ഷേ, ബോണ്ടിന്റെ മൂല്യത്തിന് സകാത്ത് ബാധകമല്ലെന്ന് വരുന്നില്ല. സര്‍ക്കാറിന്റെ ഫണ്ടുകളിലുള്ള പങ്കാളിത്തത്തിനും മ്യൂച്ചല്‍ ഫണ്ട് പോലുള്ള ഇടപാടുകള്‍ക്കും ഇതുപോലെ കണക്ക് നോക്കി വര്‍ഷത്തിലൊരിക്കല്‍ സകാത്ത് നല്‍കേണ്ടതാണ്.
ഇത്തരം ഇടപാടുകളിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന സഹോദരന്മാര്‍ അവയുടെ മതവിധിയെക്കുറിച്ച് വ്യക്തമായി ഗ്രഹിച്ച ശേഷമാണ് അവയില്‍ പണമിറക്കേണ്ടത്. വരുമാനം അനുവദനീയമായിരിക്കണം. വിനിമയവും അനുവദനീയമായിരിക്കണം. സകാത്ത് നല്‍കുന്നതോടെ നമ്മുടെ സമ്പത്ത് പരിശുദ്ധമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ബറകത്തുമുള്ള ചെറിയ സമ്പാദ്യം ബറകത്തില്ലാത്ത വലിയ സമ്പത്തിനേക്കാള്‍ എത്രയോ ഉത്തമവും പ്രയോജനകരവുമാണ്.
msaleemmv@gmail.com

സകാത്തും സാമ്പത്തിക വളര്‍ച്ചയും
ഫൈസല്‍ കൊച്ചി

മനുഷ്യജീവിതത്തിന്റെ ഐഹിക നിലനില്‍പ്പ് സമ്പത്തിനെ ആശ്രയിച്ചാണെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമികസമൂഹം ഊര്‍ജസ്വലരാകണമെന്നും വിശുദ്ധഖുര്‍ആന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഓര്‍മിപ്പിക്കുന്നു. സമ്പത്തിന്റെയും വിഭവങ്ങളുടെയും ചുമതല അവിവേകികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കരുതെന്ന് അല്ലാഹു കല്‍പ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച ദിവസം ജുമുഅക്ക് സകല വ്യവഹാരങ്ങളും നിര്‍ത്തിവെച്ച് ഹാജരാകാന്‍ ഉത്തരവ് പുറപ്പെടുവിച്ച ശരീഅത്ത്, ആരാധന അവസാനിക്കുന്ന മുറക്ക് പള്ളിക്ക് പുറത്തിറങ്ങി ഉപജീവനമാര്‍ഗങ്ങളില്‍ വ്യാപരിക്കണമെന്ന് ആവശ്യപ്പെടുന്നു. ആരാധനയുടെയും അധ്വാനത്തിന്റെയും മനോഹരമായ സമ്മേളനം ഇവിടെ ദൃശ്യമാണ്. നമസ്‌കാരത്തിനും നോമ്പിനും ഹജ്ജിനുമിടയില്‍ വളരെ പ്രാധാന്യത്തോടെ സകാത്ത് സ്ഥാനം പിടിച്ചതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്ന മഹത്വത്തിന്റെ പ്രതീകമായാണ്.

പൊതുവെ മതങ്ങളും ഭക്തിപ്രസ്ഥാനങ്ങളും വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും ആഹ്വാനം നല്‍കുന്ന വേളയിലാണ് ഇസ്‌ലാം സാമ്പത്തിക സുരക്ഷിതത്വം, സന്തുലിതത്വം എന്നീ ആശയങ്ങളെ പ്രകാശിപ്പിക്കുന്ന സകാത്ത് വ്യവസ്ഥയെ ആരാധനാവ്യവസ്ഥയുടെ മധ്യത്തില്‍ അടയാളപ്പെടുത്തുന്നത്. ഏറ്റവും കാര്യക്ഷമമായ ഐഹികജീവിതം ഇസ്‌ലാമിന്റെ സ്വപ്നമാണ്. അത്രതന്നെ മഹത്വമാണ് പാരത്രികജീവിതത്തിനും കല്‍പ്പിക്കുന്നത്. രണ്ടു ലോകങ്ങളിലും ദുരിതജീവിതത്തില്‍ നിന്നുള്ള മുക്തിയാണ് ഇസ്‌ലാം കൊതിക്കുന്നത്. പാരത്രികലോകവിജയത്തിന് പരിശ്രമിക്കണമെന്നാഹ്വാനം ചെയ്യുന്ന ഖുര്‍ആനിലെ എല്ലാ വചനങ്ങളും ഭൗതികജീവിത വിജയത്തിനുകൂടി പ്രേരിപ്പിക്കുന്ന വിധം ദ്വയാര്‍ഥമുള്‍ക്കൊള്ളുന്നതാണ്.
എന്നാല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കുന്നതിനുവേണ്ടിയുള്ള ഒറ്റക്കും കൂട്ടായുമുള്ള പരിശ്രമങ്ങള്‍ ഇസ്‌ലാമികസമൂഹത്തില്‍ പൊതുവെ കുറവായാണ് അനുഭവപ്പെടുന്നത്. കമ്പോളവും നൂതന സാമ്പത്തിക പ്രവണതകളും പലിശയോട് വളരെ അടുത്തുനില്‍ക്കുന്നതിനാല്‍ അതിസാഹസത്തിന് മുതിരേണ്ടയെന്ന ന്യായമാണ് ഈ നിഷേധാത്മകപ്രവണതക്ക് പൊതുവെ നല്‍കിവരുന്നത്. ശാസ്ത്രീയമായ പഠനങ്ങളും കാര്യക്ഷമമായ അധ്വാനവും ആവശ്യമുള്ള മേഖലയായതിനാല്‍ സ്വാഭാവികമായും അവ അവഗണിക്കപ്പെടുന്നതുമാകാം. പക്ഷേ മൂലധനശക്തികള്‍ ലോകത്തെ അടക്കിഭരിക്കുന്ന പുതിയകാലത്ത് ഈ നിശ്ചലാവസ്ഥ യാതൊരുവിധ ന്യായീകരണവും അര്‍ഹിക്കുന്നില്ല. മൗലാനാ മൗദൂദിയടക്കമുള്ള പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത ഹാകിമിയ്യത്ത് എന്ന പരികല്‍പ്പനയുടെ പര്യായമായി പരിണമിക്കുകയാണ് ശക്തികൊണ്ടും അധികാരം കൊണ്ടും മൂലധനം.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവരുടെ നയപരിപാടികളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നാലു കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക ധനശാസ്ത്രജ്ഞനായ ഡോ. നജാത്തുല്ലാ സിദ്ദീഖി അഭിപ്രായപ്പെടുന്നുണ്ട്. ഇസ്‌ലാം, മുസ്‌ലിംകള്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്ന പുസ്തകത്തിലാണ് താഴെ വിവരിക്കുന്ന നാലിന കര്‍മപരിപാടി അവതരിപ്പിക്കുന്നത്.
1. സ്ത്രീ പുരുഷ ഭേദമന്യേ മുഴുവന്‍ മുസ്‌ലിംകളെയും സാക്ഷരരാക്കുക.
2. ആരോഗ്യസംരംക്ഷണം, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും അവ നടപ്പില്‍ വരുത്തി മുസ്‌ലിംകളുടെ അധ്വാനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുക.
3. മുസ്‌ലിംകളുടെ അറിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുക. വിശേഷിച്ചും കൂടുതല്‍ വിപണനമുല്യമുള്ള വൈദഗ്ധ്യങ്ങള്‍ .
4. മുസ്‌ലിംകളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, വിശേഷിച്ചും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക്.
മൂലധനശക്തികള്‍ കമ്പോളവും അധികാരവും മത സമൂഹങ്ങളുടെ ഹൃദയവും അടക്കിഭരിക്കുന്ന ഇന്നത്തെ കാലത്ത് അല്‍പ്പം ആശ്വാസത്തിനെങ്കിലും വകനല്‍കുന്ന കാര്യങ്ങളാണ് ഡോ. നജാത്തുല്ലാ സിദ്ദീഖി നിര്‍ദേശിക്കുന്നത്.
ഇസ്‌ലാമിക സമൂഹത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി സകാത്തിനെ കണക്കാക്കാവുന്നതാണ്. സമ്പദ്ശാസ്ത്രമേഖലയില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും സാമൂഹികപുരോഗതിയുടെയും കരുത്തുറ്റ മാധ്യമമായി സകാത്ത് ഇടംപിടിച്ചുകഴിഞ്ഞു. സകാത്തിനെ സംബന്ധിച്ച് ഒരുകാലത്ത് പുറത്തിറങ്ങിക്കൊണ്ടിരുന്നത് ഫിഖ്ഹീ ഗ്രന്ഥങ്ങളായിരുന്നു. ഇസ്‌ലാമിക പണ്ഡിതന്മാരും ഫുഖഹാക്കളുമാണ് അതിന് നേതൃത്വം നല്‍കിവന്നിരുന്നത്. എന്നാല്‍, അടുത്തകാലത്തായി സകാത്തിനെ സംബന്ധിച്ചുള്ള പഠനങ്ങളിലധികവും ധനശാസ്ത്രപക്ഷത്തുനിന്നുള്ള അവതരണങ്ങളാണ്. ഒരു സമ്പദ് വ്യവസ്ഥയില്‍ പ്രത്യേകിച്ച് ഉല്‍പാദനം, ഉപഭോഗം, വിതരണം, സമ്പാദ്യം എന്നീ മേഖലകളില്‍ സകാത്ത് വഹിക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് പ്രസ്തുത കൃതികള്‍. സകാത്തിനെ സംബന്ധിച്ച ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രം ആകര്‍ഷകങ്ങളായിരുന്നു. എന്നാല്‍, രണ്ടാം വിഭാഗത്തില്‍ പെട്ട ധനശാസ്ത്ര അവതരണങ്ങള്‍ പ്രബോധന ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കുന്നതുമാണ്.
മതേതരപ്രിയരായ സമ്പദ്ശാസ്ത്രജ്ഞര്‍ക്ക് സകാത്തിനെ പരിചയപ്പെടാന്‍ ഏറെ സഹായകരമാണ് പ്രസ്തുത കൃതികള്‍. പാകിസ്താന്‍, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയില്‍ സകാത്ത് വഹിച്ച പങ്കിനെ കുറിച്ച് ധാരാളം പഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സകാത്ത് ഒരു ആരാധനയായിരിക്കെ തന്നെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള മാധ്യമം കൂടിയാണെന്നു ഈ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സകാത്തിന്റെ ആദ്യത്തെ രണ്ടു അവകാശികളില്‍ ദരിദ്രരും അഗതികളുമാണുള്ളത്. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ സകാത്തിനുള്ള പങ്കിനെ ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടത്തിനുശേഷം ഇസ്‌ലാമിക സമൂഹം വിസ്മരിച്ചുവെങ്കിലും, ഇന്ന് ആധുനിക ഇസ്‌ലാമിക ഫിനാന്‍സ് മേഖലകള്‍ ശക്തിപ്പെട്ടതിനുശേഷം സകാത്ത് മികച്ച വികസന മാധ്യമമെന്ന നിലയിലുള്ള പഠനങ്ങള്‍ പുരോഗമിച്ചുവരികയാണ്.
സകാത്ത് തീര്‍ച്ചയായും ആത്മവിശുദ്ധിദായകമായ ഒരാരാധനയാണ്. പദത്തിന്റെ അര്‍ഥം തന്നെ സംസ്‌കരണം എന്നതാണ്. ദേഹേഛയില്‍ നിന്നും ധനപൂജയില്‍ നിന്നും അത് മനുഷ്യമനസ്സിനെ മുക്തമാക്കുന്നു. സമ്പത്തും വിഭവങ്ങളും ദൈവത്തിന്റേതാണെന്നും അവന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കണമെന്നുമുള്ള ബോധം അത് കൈമാറുന്നു. ദൈവത്തിന്റെ സൃഷ്ടികള്‍ തന്റെ സഹജീവികള്‍ എന്ന നിലയില്‍ സഹോദരന്മാരാണെന്നും അവരെ സഹായിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും അത് പഠിപ്പിക്കുന്നു. ഈ ആശയങ്ങള്‍ തീര്‍ച്ചയായും ഉയര്‍ന്ന മൂല്യവിചാരങ്ങള്‍ പുലര്‍ത്തുന്നതും ആത്മീയ തീര്‍ഥയാത്രക്ക് മനസ്സിനെ പ്രേരിപ്പിക്കുന്നതുമാണ്. എന്നാല്‍, മറുവശത്ത് സാമ്പത്തിക ശാസ്ത്രത്തില്‍ അതിന് ഒരു നികുതിയുടെ സ്വഭാവമാണുള്ളത്. നികുതികള്‍ ഏതൊരു സമൂഹത്തിനും കൂടിയേ കഴിയൂ. ആധുനിക സമ്പദ്‌വ്യവസ്ഥകളുടെ ഹൃദയധമനികളാണ് നികുതികള്‍. മുതലാളിത്ത-സോഷ്യലിസ്റ്റ് സമൂഹങ്ങളില്‍ വിവിധ സ്വഭാവങ്ങളില്‍ നികുതികള്‍ നിലനില്‍ക്കുന്നുണ്ട്. ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ നികുതികളുടെ ഇനത്തിലാണ് സകാത്തിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ സകാത്തും നികുതികളും തമ്മില്‍ വിയോജിക്കുന്ന ധാരാളം മേഖലകളുണ്ട്. (ഒന്ന്) സകാത്ത് മുസ്‌ലിംകള്‍ക്ക് മാത്രമാണ് നിര്‍ബന്ധമായിട്ടുള്ളത്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് അത് ബാധകമല്ല. (രണ്ട്) നികുതികളില്‍ കാലാകാലങ്ങളില്‍ പരിഷ്‌കരിക്കപ്പെടുകയും അവയുടെ നില ഉയര്‍ത്തുകയും ചെയ്യാറുണ്ട്. എന്നാല്‍, സകാത്ത് അപ്രകാരം കൂട്ടാനോ കുറക്കാനോ സാധ്യമല്ല. (മൂന്ന്) നികുതിയിലൂടെ ലഭിക്കുന്ന ധനം സര്‍ക്കാരിന് ഏതു മേഖലയിലും വിനിയോഗിക്കാവുന്നതാണ്. എന്നാല്‍, സകാത്തിലൂടെ ലഭിക്കുന്ന വിഭവങ്ങള്‍ വിശുദ്ധഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ 8 വിഭാഗങ്ങളില്‍ മാത്രമേ ചെലവഴിക്കാന്‍ കഴിയൂ. അതിനാല്‍ സകാത്തിന്റെ വിവിധ വശങ്ങള്‍ പരിഗണിച്ചതിനു ശേഷം അതിനെ ഒരു ആത്മീയ നികുതി ആയി കാണാനാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഇഷ്ടപ്പെടുന്നത്.
സകാത്തിന്റെ രണ്ടു അടിസ്ഥാനങ്ങള്‍ വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും വ്യക്തമാക്കുന്നുണ്ട്. (ഒന്ന്) സമ്പത്ത് ധനികര്‍ക്കിടയില്‍ മാത്രം കറങ്ങുന്നതാകാതിരിക്കുക. (രണ്ട്) അവരിലെ ധനികരില്‍ നിന്നും അത് സ്വീകരിച്ചു പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. ധനതത്ത്വശാസ്ത്രത്തിലെ പ്രധാനപ്പെട്ട രണ്ടു അടിസ്ഥാനങ്ങളാണ് ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. നിയോ ലിബറല്‍ കാഴ്ചപ്പാടുകളെ ചുമലിലേറ്റി മുന്നോട്ടുപായുന്ന ലോക സാമ്പത്തികഘടനയുടെ ഏറ്റവും വലിയ ദൗര്‍ബല്യം സമ്പത്തിന്റെ അമിതമായ കേന്ദ്രീകരണമാണ്. ഐക്യരാഷ്ട്രസഭയുടെ മാനവികവികസന റിപ്പോര്‍ട്ടുപ്രകാരം ലോകജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ ഇരുപത് ശതമാനം ജനങ്ങളുടെ 74 മടങ്ങ് കൂടുതലാണ് ഏറ്റവും ധനികരായ ഇരുപത് ശതമാനം ജനങ്ങളുടെ വരുമാനം. ദരിദ്രരില്‍ നിന്നും ധനികരിലേക്കുള്ള സഞ്ചാരമാണ് വിഭവങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും പലിശയെന്ന പൈശാചിക മധ്യവര്‍ത്തിയുടെ പിന്തുണയോടുകൂടി മാത്രമേ പാവങ്ങളെ സഹായിക്കുന്നുള്ളൂ. ഇവിടെയാണ് സമ്പത്ത് ഉള്ളവരില്‍ നിന്നും ഇല്ലാത്തവരിലേക്ക് പ്രവഹിക്കുന്ന സകാത്തിലെ അത്ഭുതം സംഭവിക്കുന്നത്.
ആധുനിക സമ്പദ്‌വ്യവസ്ഥകളില്‍ എവിടെയും ദൃശ്യമാകാത്ത ഈ പ്രതിഭാസത്തിലൂടെ സാമ്പത്തിക വികസനത്തിന്റെ ഊര്‍ജപ്രവാഹമാവുകയാണ് സകാത്തെന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ദരിദ്രര്‍ക്ക് നല്‍കുന്നതു പോലും അനീതിയായി കാണുന്ന ദയാരഹിതരാണ് ലോകത്തെ നയിക്കുന്നത്. അവശതയനുഭവിക്കുന്നവര്‍ക്ക് നമ്മുടെ മുന്‍ഗാമികളായ ഹൃദയശാലികള്‍ നല്‍കിവന്നിരുന്ന സബ്‌സിഡികള്‍ പോലും പുതിയഭരണവര്‍ഗം റദ്ദു ചെയ്യുകയാണ്. ഒരേ രാജ്യത്തുതന്നെ പരസ്പരബന്ധമില്ലാത്ത ധനിക-ദരിദ്ര ഭൂഖണ്ഡങ്ങള്‍ രൂപപ്പെടുകയാണ്. ചൂഷണത്തിന്റെ അസംഖ്യം മുള്‍വേലികളാല്‍ ചുറ്റപ്പെട്ടതാണ് ഈ ഭൂഖണ്ഡങ്ങള്‍. ദരിദ്രജനവിഭാഗങ്ങള്‍ക്ക് സഹായഹസ്തവുമായി വരുന്ന സകാത്ത് സംവിധാനത്തെ ഏറെ ആശ്വാസത്തോടെയാണ് ചൂഷണത്തിനിരയാകുന്നവര്‍ വരവേല്‍ക്കുന്നത്. സകാത്ത് സാമ്പത്തിക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരുടെ ഹൃദയത്തെ പ്രഥമമായി സംസ്‌കരിക്കുന്നു. ഇതര ജനസമൂഹങ്ങള്‍ക്ക് ആശ്വാസകരമായ ജീവിത സാഹചര്യം ഉണ്ടാകണമെന്നാഗ്രഹിക്കുന്ന പൗരസമൂഹത്തിന്റെ സൃഷ്ടി ഈ സംവിധാനമുറപ്പുവരുത്തുന്നു. സകാത്തിന്റെ സക്രിയവും സുതാര്യവുമായ വിതരണത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിന്റെ സാന്നിധ്യവും ഏറെ ആശ്വാസദായകമാണ്. സാമ്പത്തിക നീതിയിലൂടെ സന്തുലിതമായ വികസനം സകാത്ത് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
അടിക്കടിയുണ്ടാകുന്ന മാന്ദ്യം ആധുനിക സമ്പദ്‌വ്യവസ്ഥകളുടെ മുഖമുദ്രയാണ്. ഈ മാന്ദ്യങ്ങളില്‍ ഏറെ പ്രസിദ്ധമാണ് 1930-കളില്‍ സംഭവിച്ചത്. ജോണ്‍ മെയ്‌നാഡ് കെയിന്‍സ് എന്ന ബ്രിട്ടീഷ്പ്രഭു കുടുംബത്തില്‍പ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. സമ്പത്തിന്റെ ചാക്രികവലയത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് അദ്ദേഹം മാന്ദ്യത്തിന് മറുമരുന്ന് നിശ്ചയിച്ചത്. മാന്ദ്യം സംഭവിക്കാതിരിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചെലവഴിക്കാനുള്ള ശേഷിയുണ്ടാകണം. അപ്പോള്‍ ഒരാളുടെ ചെലവഴിക്കല്‍ അടുത്തയാളുടെ സമ്പാദ്യമാകും. തിരിച്ചും ഇത് സംഭവിക്കും. സമ്പദ്‌വ്യവസ്ഥ വളരെ വേഗം പുഷ്ടിപ്പെടും. ചിലപ്പോള്‍ ജനങ്ങള്‍ പണം ചെലവഴിക്കാന്‍ മടികാണിക്കും. അത് മാന്ദ്യത്തിന് കാരണമാകും. ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ ഉദാര സമീപനം സ്വീകരിക്കണം. ആളുകള്‍ക്ക് പണവും ആത്മവിശ്വാസവും നല്‍കണം. ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണമെത്തണം. ധനകാര്യസ്ഥാപനങ്ങള്‍ ഇതിന് തയാറാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളിലേക്ക് പണം പമ്പ് ചെയ്യണം. ഇതാണ് കെയ്‌നിഷ്യന്‍ സമ്പദ് ശാസ്ത്രത്തിന്റെ പൊരുള്‍. ഇപ്രകാരം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പണം നല്‍കിയതിന്റെ ഫലമായാണ് 1930 കളിലെ മാന്ദ്യത്തില്‍ നിന്നും സമൂഹം രക്ഷപ്പെട്ടത്. സമ്പത്തിന്റെ ചാക്രികവലയവും പാവങ്ങളിലേക്കുള്ള പണത്തിന്റെ പമ്പ് ചെയ്യലുമാണ് സകാത്ത് വ്യവസ്ഥയില്‍ സംഭവിക്കുന്നത്. സകാത്ത് സമൂഹത്തിലെ ക്രയശേഷിയില്ലാത്ത ജനങ്ങള്‍ക്ക് പണം ലഭിക്കുന്നതിന് സഹായകമാകുന്നു. ഈ പണം ഉപയോഗപ്പെടുത്തി അവര്‍ കമ്പോളത്തിലിടപ്പെടുന്നതിന്റെ ഫലമായി ഡിമാന്റ് വര്‍ധിക്കുന്നു. വസ്തുക്കളുടെ ഡിമാന്റിലുണ്ടാകുന്ന വര്‍ധന സ്വാഭാവികമായും സപ്ലൈ വര്‍ധിക്കുന്നതിന് കാരണമാകുന്നു. അപ്രകാരം ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. നമ്മുടേത് പോലുള്ള രാജ്യത്ത് അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് സകാത്ത് വ്യവസ്ഥയെ എപ്രകാരം ഗുണപരമായി ഉപയോഗിക്കാമെന്നതു സംബന്ധിച്ച പഠനങ്ങള്‍ക്ക് ഇസ്‌ലാമിക സമൂഹം മുന്നിട്ടിറങ്ങേണ്ടതാണ്.

വിഭവ വിതരണത്തിലെ നൈതികത അട്ടിമറിയാതിരിക്കാന്‍
പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

ചരിത്രത്തിലും ചരിത്രാതീത ഗാഥകളിലും നിരവധി യുദ്ധകഥകളുണ്ട്. സാമ്രാജ്യ സമാഹരണത്തിനായി, വിത്തപ്രതാപങ്ങള്‍ക്കു വേണ്ടി, പുതു വാണിജ്യ വ്യാപാര കേദാരങ്ങള്‍ തേടി, കേവല പ്രൗഢിക്കു വേണ്ടി. അങ്ങനെ നാഗരികതയുടെ വികാസചക്രങ്ങള്‍ വട്ടമെത്തുമ്പോള്‍ പോരും പ്രതിപ്പോരും നിത്യനിദാനങ്ങളായി. ഇത്തരം പൊതു യുദ്ധ കാര്യകാരണങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നു പ്രവാചകന്‍ നയിച്ച ആദിയുദ്ധം. ബദ്ര്‍പ്പട. ഇസ്‌ലാമിന്റെ ബദ്ധശ്രദ്ധമായ അച്ചടക്കം ജീവിതത്തിന്റെ പ്രയോഗ സാകല്യത്തിലേക്ക് പടര്‍ന്നുകയറാന്‍ തുടങ്ങിയതോടെ പ്രവാചകനും അനുയായികളും ഉമ്മുല്‍ ഖുറായുടെ മലയിടുക്കുകളില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. കേവലമായ ഏകദൈവാരാധന മാത്രമല്ല, മനുഷ്യ ജീവിതത്തില്‍ നിന്ന് ഭൗതിക കാമനകളുടെ സമ്പൂര്‍ണമായ വിമോചനവും കൂടി മുഹമ്മദ് ലക്ഷ്യം വെക്കുന്നുവെന്നു ഗോത്രാധികാരത്തിന്റെ ക്രൗര്യ ബോധ്യങ്ങള്‍ക്കു എളുപ്പം അഴിഞ്ഞുകിട്ടി. അധികാരം തങ്ങളില്‍ നിന്ന് അല്ലാഹുവിലേക്കും സമ്പത്ത് ജനാധിപത്യത്തിന്റെ ആര്‍ദ്ര വിനയത്തിലേക്കും കൈവിട്ടുപോകുമെന്ന് മുഹമ്മദിന്റെ സംഘാടന ചലനങ്ങളില്‍നിന്നവര്‍ ശീഘ്രം ഗ്രഹിച്ചു. ഗോത്രപരമായ പക്ഷപാതങ്ങളെ ഉത്തമമായൊരു ജീവിത ചരിത്ര നിര്‍മാണത്തിനു ഉതകുമാറ് വിശ്വാസികള്‍ സ്വയം നവീകരിക്കുന്നതു ഭീതിയോടെയവര്‍ കണ്ടുനിന്നു. ഈ സാധ്യതയെ അട്ടിമറിക്കാനും തങ്ങളുടെ പ്രമത്താധികാരങ്ങളെ ഭദ്രപ്പെടുത്താനും അറേബ്യന്‍ ഗോത്രദുരകള്‍ കൈകോര്‍ത്തപ്പോഴാണ് മക്കയില്‍ നിന്ന് പ്രവാചകന്റെ ശരണാടനമുണ്ടാവുന്നത്.

യസ്‌രിബിലേക്ക് കുടിയേറിയ പ്രവാചകനെ അപ്പോഴും മക്ക ഭയന്നു നിന്നു. കാരണം പ്രവാചക സാന്നിധ്യം കൊണ്ട് ആത്മീയ ആകാശം മാത്രമല്ല ഉടമാധികാരത്തിന്റെ ഭൗതിക ഗോപുരങ്ങള്‍ കൂടി വിസ്മയകരമായി പരിവര്‍ത്തിതമാവുന്നത് പ്രകോപനത്തോടെയവര്‍ നോക്കിനിന്നു. ഹിറയിലെ അഗാധ ധ്യാനത്തിന്റെ നിറവില്‍ നിന്നും പ്രവാചകന്‍ ഇറങ്ങിനടന്നത് കഅ്ബയുടെ ഓരത്തേക്കു മാത്രമല്ല ഉക്കാളിലെ ചന്തത്തെരുവുകളിലേക്കു കൂടിയാണ്. ഇതവര്‍ കണ്ണാലെ കണ്ടതാണ്. മതത്തില്‍ ആരാധന മാത്രം മതിയായിരുന്നുവെങ്കില്‍ അതത്രയും ഹിറയില്‍ തന്നെ ആവാമായിരുന്നു. ആരും വിഘ്‌നം ചെയ്യുമായിരുന്നില്ല. മാത്രമല്ല അതിനു സര്‍വ സന്നാഹങ്ങളും ഖുറൈശിക്കൂട്ടം ഒരുക്കി നല്‍കുമായിരുന്നു. മുഹമ്മദ് എന്നും അവര്‍ക്കു പ്രിയപ്പെട്ടവനായിരുന്നു. പ്രവാചക നിയോഗം സാക്ഷാല്‍ക്കരിക്കേണ്ടതു അനുഷ്ഠാനങ്ങളുടെ മലകന്ദരങ്ങളിലല്ല, ദ്രവ്യ വിനിമയത്തിന്റെ ഉക്കാളുകളിലും അധികാരത്തിന്റെ കഅ്ബാലയത്തിലുമാണ്. ഗോത്ര കലഹങ്ങളും കുടിപ്പകകളും ചുടല നൃത്തം ചെയ്ത യസ്‌രിബ് പ്രവാചക സാന്നിധ്യത്തില്‍ ശാന്തിപര്‍വം തീര്‍ത്തു. നീതിബോധത്തിന്റെ സമ്പൂര്‍ണത യസ്‌രിബിലെ ബഹുസ്വരതയില്‍ ആപാദം ചൂഴ്ന്നു നിന്നു. ഖുറൈശികള്‍ക്കറിയാം മുഹമ്മദിന്റെ ദൈവരാജ്യം മദീനയില്‍ അവസാനിക്കുകയില്ലെന്ന്. അതെവിടെ ആരംഭിച്ചുവോ അവിടെത്തന്നെ തിരിച്ചെത്തുമെന്നും. ചതിക്കുഴികള്‍ കൊണ്ടും അശ്വസൈന്യത്തെക്കൊണ്ടും അവര്‍ക്കാ വരവു തടയേണ്ടതുണ്ട്. എങ്കിലേ അഹംബോധത്തിന്റെ അരിയിട്ടു വാഴ്ചകള്‍ മക്കയില്‍ സംരക്ഷിക്കപ്പെടൂ.
നിങ്ങളല്ലാഹുവിനു വേണ്ടി പ്രവര്‍ത്തിക്കുക, 'ദീന്‍'' സമ്പൂര്‍ണമായും അവനാവുന്നതുവരെ. ഈ ആഹ്വാനമാണ് പ്രവാചകനും അനുയായി വൃന്ദങ്ങളും യസ്‌രിബില്‍ പ്രയോഗിച്ചത്. 'ദീന്‍' എന്നതു ഹിറയില്‍ പ്രവാചകന്‍ നിര്‍വഹിച്ച പ്രാര്‍ഥനയല്ലെന്നും ഇരവിന്റെ ശേഷിയില്‍ സമഷ്ടിയായി നിര്‍വഹിക്കേണ്ട സമ്പൂര്‍ണമായ മനുഷ്യ വിമോചനമാണെന്നും അറബികള്‍ക്കറിയാം. ഈ വിമോചനത്തെയാണവര്‍ ഭയപ്പെട്ടത്. വരേണ്യമായ ഗോത്രനേതൃത്വത്തിന്റെ മുന്നില്‍ പ്രവാചകന്‍ ഏറെ ഭീതിദമായി തിരസ്‌കരിക്കപ്പെടാന്‍ ഇതുതന്നെയാണ് കാരണവും.
അറേബ്യന്‍ മരുഭൂമിയുടെ തുറസ്സില്‍ ഖുറൈശികള്‍ കഅ്ബാലയത്തിന്റെ ഊരാളന്മാരായി. ആ ഔദ്ധത്യത്തിന്റെ ഈടുറപ്പിലായിരുന്നു അവര്‍ ഉഷ്ണത്തിലും ശൈത്യത്തിലും വാണിജ്യ യാത്രകളെ വസന്തോല്‍സവ മാക്കിയിരുന്നത്. അങ്ങനെ ഭൂമിയിലെ ആധിപത്യവും സമ്പത്തിന്റെ കേദാരവും അവര്‍ ഒപ്പം കൈവശം വച്ചു. ആ ഉടമാധികാരത്തിന്റെ കൊത്തളത്തിലാണ് പ്രവാചകന്റെ ചവിട്ടേറ്റത്. ഇതു സ്വാഭാവികമായും യുദ്ധത്തെ ഉല്‍പ്പാദിപ്പിക്കുക തന്നെ ചെയ്യും.
ഭൂമിയില്‍ മനുഷ്യ വംശമെന്ന പുതിയ ജീവജാലത്തെ പണിയാന്‍ പോകുന്നുവെന്ന വാര്‍ത്തയെ മാലാഖമാര്‍ ഏറ്റെടുത്തത് നീരസത്തോടെയാണ്. നിന്നോട് അനുസരണത്തില്‍ വിമുഖത കാട്ടുന്നവരെയാണോ നീ ഭൂമിയിലേക്കയക്കുന്നതെന്ന സന്ദേഹമാണവര്‍ കൈമാറിയത്. ഇതിനല്ലാഹു മറുപടി പറഞ്ഞു- നിങ്ങളുടെ അറിവ് എന്റെ അറിവിനോട് സമം ചെയ്യരുത്. വാദിച്ചു ജയിക്കാനുള്ള മാലാഖമാരുടെ സര്‍വ ആസക്തികളെയും ഛേദിച്ചുകളയുന്ന ഉത്തരം. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനപ്പൊരുളിനെപ്പറ്റി മാലാഖമാര്‍ നിരപരാധികള്‍. എന്നിട്ടു മനുഷ്യസൃഷ്ടിയെ നോക്കി അല്ലാഹു പറയുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് ജരാനര ദുഃഖമുള്ള നിശ്ചിതകാലമുണ്ട്. അത് മുറിച്ചു കടന്ന് നിങ്ങള്‍ തലമുറകളായി തിരിച്ചുവരും. ഈ ഹ്രസ്വവേളയില്‍ ജീവിതം കൊണ്ടുപോകാന്‍ പാകത്തിലുള്ള വിഭവങ്ങളും (മത്താഅ്) ഭൂമിയിലുണ്ട്. അങ്ങനെ ഭൗതിക ജീവിതത്തിലെ വിശുദ്ധിയിലൂടെ അഭൗതികതയുടെ സ്വര്‍ഗത്തെ തൊട്ടുനില്‍ക്കുക. കാലാകാലങ്ങളില്‍ എന്റെ ജ്ഞാനപാഠങ്ങള്‍ വരും. അതനുസരിച്ചു നിങ്ങള്‍ സുകൃതികളാവുക. ഈ ആകാശ പാഠത്തിന്റെ അവസാന അധ്യായമാണു പ്രവാചകന്‍. ഇതൊക്കെയും അറേബ്യന്‍ ഗോത്രങ്ങള്‍ക്കു മനഃപാഠമുണ്ട്. അവര്‍ ഇബ്‌റാഹീം പ്രവാചകന്റെ അനുയായികള്‍. 'നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക.' ഈ അനുസരണം ഭൗതിക നഷ്ടങ്ങളിലേക്ക് യാനം ചെയ്തപ്പോഴാണ് ഖുറൈശികള്‍ തെറിച്ചുനിന്നത്. അതിനവര്‍ക്ക് സമ്മതി പോര. ഈ ആഹ്വാനം നല്‍കുന്ന നഷ്ട സഹസ്രങ്ങള്‍ അവര്‍ക്കസഹ്യമാണ്. തങ്ങള്‍ ഉടമകളല്ലാതാവുകയും അല്ലാഹുവിന്റെ അടിമകളാവുകയും ചെയ്യുന്ന കാലം. ഈ ആഹ്വാനമാണ് അറേബ്യന്‍ ഗോത്ര മുഷ്‌കില്‍ പ്രകോപനമുണ്ടാക്കിയത്.
അല്ലാഹുവിനെ എങ്ങനെയാണ് അനുസരിക്കുക. അല്ലാഹുവുമായി നേരിട്ടു സമ്പര്‍ക്കപ്പെടാന്‍ മനുഷ്യ പ്രകൃതിയുടെ സഹജാവസ്ഥക്ക് അസാധ്യമാണ്. കാരണം സമയം, സ്ഥലം തുടങ്ങി ഒരുപാടു പരിമിതികളില്‍ ബന്ധിതമാണു മനുഷ്യ ജീവിതം. അല്ലാഹുവിനാകട്ടെ ഇത്തരം ഭൗതികമാനങ്ങളൊന്നും ബാധകമല്ല. ഭൗതികമായ സമയ കാല ബോധങ്ങള്‍ക്കപ്പുറമാണ് അവന്റെ സത്ത. അപ്പോള്‍ അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ പ്രയോഗപാഠം റസൂലിനെ അനുസരിക്കുക എന്നതാണ്. റസൂലിനെ അനുസരിക്കണമെങ്കില്‍ സുവ്യക്തമായ അനുസരണ നിയമപാഠം വേണം. അതാണു ശരീഅത്ത്. ശരീഅത്ത് എന്ന ബൃഹത് സാകല്യത്തിന്റെ കേവലം ദശാംശം മാത്രമാണു അനുഷ്ഠാനങ്ങള്‍. ബാക്കിയത്രയും ഭൂമിയിലെ (മത്താഅ്) വിഭവ സമാഹരണവും അതിന്റെ വിതരണ വിനിമയത്തിലെ നൈതിക പാഠങ്ങളുമാണ്. അതു ഉല്ലംഘിക്കുമ്പോള്‍ പ്രയോഗിക്കേണ്ട തിരുത്തല്‍ പ്രമാണങ്ങളും ശാസനകളുമാണ്. ആത്യന്തികമായി വ്യക്തിതലത്തിലുള്ള സ്വര്‍ഗ മോക്ഷവും. മത്താഅ് ഭൂമിയില്‍ എല്ലാവര്‍ക്കുമാണ്. അതിന്റെ വിതരണം നീതിപൂര്‍വമായിരിക്കണം. ഭൂമിയിലെ ജീവിത സൗകര്യങ്ങളിലും സൗഭാഗ്യങ്ങളിലും വിതരണ മണ്ഡലങ്ങളിലും പക്ഷേ വിശ്വാസവും മതവും അനുഷ്ഠാനങ്ങളും സമര്‍പ്പണവും ധിക്കാരവുമൊന്നും അല്ലാഹു മാനദണ്ഡമാക്കിയിട്ടില്ല. വിഭവങ്ങള്‍ എല്ലാവരുടേതുമാണ്. സര്‍വ വിശ്വാസ ഭേദങ്ങള്‍ക്കും, പുല്ലിനും പുഴുവിനും, പഴുതാരക്കു പോലും. ഇത് ഇസ്‌ലാമിന്റെ നിയമവും അല്ലാഹുവിന്റെ കാരുണ്യവുമാണ്.
ദൈവകാരുണ്യം ഭൂമിയില്‍ പുലരണമെങ്കില്‍ അവന്റെ നിയമ പാഠങ്ങള്‍ പുണരണം. മത്താഅ് അനര്‍ഹമായി കൂമ്പാരമാക്കാനും അതിനുവേണ്ടി പടര്‍ക്കളങ്ങള്‍ പണിയാനും അവസരമുണ്ടാകരുത്. അതിനാല്‍ നീതിയുടെയും നിയമത്തിന്റെയും വ്യവസ്ഥ (ശരീഅത്ത്) സാമൂഹിക ജീവിതത്തെ പൊതിഞ്ഞു നില്‍ക്കണം. ഈ നിയമ ശാസനകളുടെ സ്ഥാപനമാണ് പ്രവാചക ജീവിതം. ഇതിനാണ് ഇരുപത്തി മൂന്നു വര്‍ഷത്തെ കര്‍മശേഷി വ്യയം ചെയ്തത്. അനുഷ്ഠാന കല്‍പ്പനകള്‍ മാത്രമായിരുന്നുവെങ്കില്‍ രണ്ടാഴ്ചകള്‍ കൊണ്ടു പ്രവാചക ദൗത്യം ഭൂമിയില്‍ പൂര്‍ത്തീകരിക്കാമായിരുന്നു. അതത്രയും ലളിതമാണ്. അധികാരത്തിന്റെ ഈ വിമലീകരണത്തെയാണ് ഖുറൈശികള്‍ ഭയന്നത്. അതവരുടെ സ്വാര്‍ഥ മോഹങ്ങളെ തട്ടിമറിച്ചു. അങ്ങനെ ഭയക്കുമ്പോള്‍ ബദ്‌റുകള്‍ സംഭവിക്കും. നിയമവാഴ്ച അസ്തമിച്ചാല്‍ സമൂഹഗാത്രത്തില്‍ തമസ്സിന്റെ വേതാളങ്ങള്‍ തേരോടും. അപ്പോള്‍ ഭൂമിയില്‍ 'ഫസാദ്' പടരും. 'ഫസാദ്' സാത്താന്റെ രംഗഭൂമിയാണ്. അല്ലാഹു ഉദ്ദേശിക്കുന്നത് ഭൂമിയില്‍ 'ഇസ്‌ലാഹാ'ണ്. ഇത് രണ്ടും വിരുദ്ധമാണ്. മനുഷ്യജീവിതം ഭൂമിയില്‍ താളരാശികള്‍ തെറ്റാതെ പൂത്തുലയണമെങ്കില്‍ 'ഫസാദി'ന്റെ മേല്‍ 'ഇസ്‌ലാഹ്' മേല്‍കൈ നേടണം. 'ഫിത്‌ന' സമ്പൂര്‍ണമായും വിപാടനം ചെയ്യുന്നതുവരെ ഭൂമിയില്‍ ഫസാദ് അവസാനിക്കുന്നില്ല. അതിനായാണ് എല്ലാം അല്ലാഹുവിനാവുന്നതുവരെ ഭൂമിയില്‍ പരിശ്രമത്തിന്റെ പോരാട്ടം തുടരുക എന്നാഹ്വാനമുണ്ടായത്.
എല്ലാം അല്ലാഹുവിനാവുക എന്നാല്‍ എല്ലാം എല്ലാ മനുഷ്യര്‍ക്കുമാവുക എന്നാണ്. 'ഇസ്‌ലാഹി'നു എതിരായിരുന്നു ഖുറൈശികള്‍. അപ്പോഴാണ് ബദ്ര്‍ സംഭവിച്ചത്. അവര്‍ ഇസ്‌ലാഹിനു പകരം ഫിത്‌നയും ഫസാദും സ്വയം വരിച്ചു. അതു ഭൂമിക്കു വേണ്ട. മനുഷ്യര്‍ക്കു വേണ്ട. അതുകൊണ്ടു തന്നെ അല്ലാഹുവിനു വേണ്ട. ഈ ഫിത്‌നക്കെതിരായാണു ബദ്‌റില്‍ പ്രവാചകന്‍ വ്രതം നോറ്റു പൊരുതിയത്. ഇതിനാല്‍ തന്നെയാണു രണ്ടിലൊരു സംഘത്തെ വാഗ്ദാനം ലഭിച്ചിട്ടും നിരായുധരായ വര്‍ത്തക സംഘത്തെ പിന്നിലുപേക്ഷിച്ചു പ്രവാചകന്‍ ശുദ്ധ രാഷ്ട്രീയ സൈന്യത്തിന്റെ മുഖത്തേക്കു ചെന്നത്. ഈ കുടില സൈന്യമാണു ഭൂമിയില്‍ മത്താഇന്റെ നീതിപൂര്‍വമായ വിതരണം അട്ടിമറിക്കാന്‍ കാവല്‍ നില്‍ക്കുന്നത്. ഈ കാവല്‍ സൈന്യത്തെ തുരത്തിയില്ലെങ്കില്‍ പ്രവാചകന്‍ മദീനയില്‍ സ്ഥാപനം ചെയ്ത ബഹുസ്വര രാഷ്ട്രവ്യവസ്ഥയും അതിലെ വിഭവ വിതരണത്തിലെ നൈതികതയും അട്ടിമറിഞ്ഞുപോവും. ബദ്ര്‍ പടയുടെ അങ്കണത്തുറവില്‍ നിന്നു പ്രവാചകന്‍ ചെയ്യുന്ന ഏറെ കാതരമായ ഒരു പ്രാര്‍ഥനയുണ്ട്. നാഥാ ഈ സത്യാസത്യ സംഘര്‍ഷത്തില്‍ ഞങ്ങള്‍ക്കു തോല്‍വി ഏറ്റാല്‍ ഭൂമിയില്‍ നിന്റെ ആധിപത്യം അംഗീകരിക്കുന്നവര്‍ ഇല്ലാതെ പോകും. ഈ പ്രാര്‍ഥന അവസാന ഇലന്തമരത്തില്‍ തട്ടി അല്ലാഹുവിലെത്തി. ഭൂമി അല്ലാഹുവിന്റേയാണ്. ഭൂമിയിലെ സര്‍വ വിഭവങ്ങളും. ഭൂമിയില്‍ പുലരേണ്ട നിയമങ്ങളും അവന്റേയാണ്. എങ്കിലേ അവന്റെ സൃഷ്ടിജാലങ്ങള്‍ക്ക് നീതി കിട്ടൂ.

ഫിത്വ്ര്‍ സകാത്ത് യഥാര്‍ഥ അവകാശികള്‍ക്കാവട്ടെ
ഇല്‍യാസ് മൗലവി

വിശുദ്ധ റമദാന്റെ സമാപനമാണ് ഈദുല്‍ ഫിത്വ്ര്‍. നോമ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിശ്വാസികള്‍ നല്‍കുന്ന സകാത്താണ് സകാത്തുല്‍ ഫിത്വ്ര്‍. നോമ്പ് അവസാനിപ്പിക്കുക എന്ന അര്‍ഥമുള്ള 'ഫിത്വ്ര്‍' പെരുന്നാളിനും നോമ്പിനും ചേര്‍ത്ത് പറഞ്ഞത് ശ്രദ്ധേയമാണ്.

പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയതിന്റെ പിന്നില്‍. ഇതുവരെ അനുഷ്ഠിച്ച നോമ്പ് കറകളഞ്ഞ ഇബാദത്തായി സ്വീകരിക്കപ്പെടുക എന്നതാണ് ഒന്ന്. അന്നപാനീയങ്ങളും ലൈംഗിക സംസര്‍ഗവും നോമ്പിന്റെ വേളയില്‍ ഒഴിവാക്കാന്‍ മിക്കവര്‍ക്കും സാധിച്ചേക്കും. എന്നാല്‍ നാവിനെയും കണ്ണിനെയും കാതിനെയുമെല്ലാം പൂര്‍ണമായി നോമ്പെടുപ്പിക്കുക അത്ര എളുപ്പമല്ല. അല്ലറ ചില്ലറ പോരായ്മകളും വീഴ്ചകളും കാണാതിരിക്കില്ല. കഴിഞ്ഞുപോയ നോമ്പുനാളുകളില്‍ വ്രതത്തിന്റെ ആത്മാവിന് ഭംഗം വരുന്ന വല്ലതും സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ഖേദിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും പാപമോചനത്തിനര്‍ഥിക്കുകയും ചെയ്യണം. മഹത്തായ രാത്രി(ലൈലത്തുല്‍ ഖദ്ര്‍)യില്‍ നബി(സ) പഠിപ്പിച്ച ഏറ്റവും ഗൗരവമാര്‍ന്ന പ്രാര്‍ഥനയും അല്ലാഹുവിനോട് മാപ്പ് ഇരക്കുവാനുള്ളതാണ്.
ദാഹവും വിശപ്പും സഹിച്ചുള്ള നോമ്പുകാരന്റെ ത്യാഗം വൃഥാവിലാതിരിക്കാനും പ്രതിഫലം നഷ്ടപ്പെടാതിരിക്കാനും കേവലം പ്രാര്‍ഥനകൊണ്ട് സാധ്യമാവില്ലെന്നാണ് നബി (സ) പഠിപ്പിച്ചത്. ഫിത്വ്ര്‍ സകാത്ത് കൂടി നല്‍കുന്നതോടെ പരിഹാരം പൂര്‍ണമായി. നോമ്പുകാരന് സംഭവിച്ചുപോയ വീഴ്ചയുടെ പരിഹാരാര്‍ഥം, അഗതികള്‍ക്കും ദരിദ്രര്‍ക്കും സമൃദ്ധമായി ആഹാരം കഴിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഇസ്‌ലാം. അതാണ് സകാത്തുല്‍ ഫിത്വ്‌റിന്റെ ഒരു യുക്തി. 'നോമ്പുകാരനെ അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍നിന്നും ശുദ്ധീകരിക്കാനും സാധുക്കളെ ആഹാരിപ്പിക്കാനും' എന്നാണ് നബി(സ) പഠിപ്പിക്കുന്നത്.
ഏത് പാവപ്പെട്ടവനും അന്നേ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നത് തന്റെ വീട്ടില്‍ തന്നെ വിഭവം ഒരുക്കിക്കൊണ്ടാവട്ടെ. ചുരുങ്ങിയത് ആ ഒരു ദിവസമെങ്കിലും യാചിക്കുന്ന ഗതി സമൂഹത്തിലൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ, കുടുംബസമേതം വീട്ടില്‍ തന്നെ സദ്യയൊരുക്കി സന്ദര്‍ശകരെ സ്വീകരിക്കട്ടെ, അങ്ങനെ പെരുന്നാള്‍ എല്ലാവരുടെയും പെരുന്നാളാകട്ടെ, എല്ലാവരും ആതിഥേയരും അതിഥികളുമാവട്ടെ, വയറും ഹൃദയവും ഒരുപോലെ ആനന്ദം കൊള്ളട്ടെ- സകാത്തുല്‍ ഫിത്വ്ര്‍ ഇതിനൊക്കെ വേണ്ടിയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നബി(സ) പറഞ്ഞു: ''ഈ ദിവസം നിങ്ങളവരെ അന്യാശ്രയത്തില്‍നിന്ന് മുക്തരാക്കുക.'' മറ്റൊരു നിവേദനമനുസരിച്ച് ''നിങ്ങള്‍ ഈ ദിവസം അലയാതിരിക്കാന്‍ മാത്രം അവരെ ഐശ്വര്യവാന്മാരാക്കുക.''

ആര്‍ക്കാണ് നിര്‍ബന്ധം?
തനിക്കും തന്റെ കുടുംബത്തിനും പെരുന്നാള്‍ രാവും പകലും കഴിയാനുള്ള ആഹാരം മാറ്റിവെച്ചാല്‍ ബാക്കി ഒരു 'സ്വാഅ്' (2.200 കി.ഗ്രാം) മിച്ചം വരുന്ന ഓരോ വ്യക്തിയും ഒരു സ്വാഅ് ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. സ്ത്രീ സ്വന്തമായി വരുമാനമുള്ളവളാണെങ്കില്‍ ഭര്‍ത്താവിനെയോ പിതാവിനെയോ സന്താനങ്ങളെയോ ആശ്രയിക്കാതെ സ്വന്തം ധനത്തില്‍നിന്ന് തന്നെയാണ് ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടത്. കുട്ടികള്‍ക്ക് സ്വന്തമായി സമ്പത്തുണ്ടെങ്കില്‍ അതിന്റെ കൈകാര്യകര്‍ത്താവ് അതില്‍നിന്ന് കൊടുക്കണം. ഇല്ലെങ്കില്‍ ചെലവ് കൊടുക്കാന്‍ ബാധ്യതയുള്ളവരാണ് അത് നല്‍കേണ്ടത്.

എന്താണ് കൊടുക്കേണ്ടത്, എത്ര കൊടുക്കണം?
നബി(സ)യുടെ കാലത്ത് ഗോതമ്പ്, യവം, ഈത്തപ്പഴം തുടങ്ങിയ മുഖ്യ ആഹാര ഇനങ്ങളാണ് ഫിത്വ്ര്‍ സകാത്തായി നല്‍കിയിരുന്നത്. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ മുന്തിയ ഇനം അരി നല്‍കുന്നതാണ് കൂടുതല്‍ അഭികാമ്യം. സാധാരണ അരിക്ക് ഇന്ന് നമ്മുടെ നാട്ടില്‍ ആര്‍ക്കും പഞ്ഞമില്ല. എന്നാല്‍ ആഘോഷാവസരങ്ങളില്‍ പ്രത്യേക വിഭവങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുന്തിയ ഇനം അരി ലഭിച്ചാല്‍ പെരുന്നാള്‍ ദിവസം സദ്യയൊരുക്കാന്‍ ദരിദ്രര്‍ക്ക് പ്രയാസമുണ്ടാവില്ല. ഇത്തരം അരിക്ക് സാധാരണ അരിയേക്കാള്‍ വില കൂടുതലായതിനാല്‍ സകാത്തിന്റെ അളവില്‍ കുറവ് വന്നാലും കുഴപ്പമില്ല. സ്വഹാബി അബൂ സഈദില്‍ ഖുദ്‌രി(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യ ധാന്യത്തില്‍ നിന്ന് (ഗോതമ്പ്) ഒരു സ്വാഅ്, അല്ലെങ്കില്‍ കാരക്കയില്‍നിന്ന് ഒരു സ്വാഅ്, അതുമല്ലെങ്കില്‍ തൊലിഗോതമ്പില്‍ നിന്ന് ഒരു സ്വാഅ്, അല്ലെങ്കില്‍ ഉണക്ക മുന്തിരിയില്‍ നിന്ന് ഒരു സ്വാഅ്, അല്ലെങ്കില്‍ പാല്‍ക്കട്ടിയില്‍ നിന്ന് ഒരു സ്വാഅ് എന്നിങ്ങനെ ഞങ്ങള്‍ ഫിത്വ്ര്‍ സകാത്ത് കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഖലീഫ മുആവിയ(റ) മദീനയില്‍ വരികയുണ്ടായി. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണ് എന്റെ അഭിപ്രായം. അനന്തരം ജനങ്ങളത് സ്വീകരിച്ചു.'' എന്നാല്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത സ്വഹാബി അതുപോലെ പിന്തുടര്‍ന്നു. ഇതിന്റെ വെളിച്ചത്തില്‍ വില ഇരട്ടിവരുന്ന മുന്തിയ ഇനമാവുമ്പോള്‍ പകുതി കൊടുത്താല്‍ മതിയെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍, വിലയെന്തായാലും ഇനം എത്ര മുന്തിയതായാലും ഒരു സ്വാഅ് തന്നെ കൊടുക്കണമെന്നാണ് മറുഭാഗത്തിന്റെ വീക്ഷണം. സ്വഹാബിമാരില്‍ മുആവിയ, ഉസ്മാന്‍, അലി, അബൂഹുറയ്‌റ, ജാബിര്‍, ഇബ്‌നു അബ്ബാസ്, ഇബ്‌നുസ്സുബൈര്‍ തുടങ്ങിയവരുടെയും, താബിഉകളില്‍ ഉമറുബ്‌നുല്‍ അബ്ദില്‍ അസീസ്, താവൂസ്, മുജാഹിദ്, സഈദുബ്‌നുല്‍ മുസയ്യബ് തുടങ്ങിയവരുടെയും വീക്ഷണമാണ് ഇന്ന് നമ്മുടെ നാട്ടില്‍ കൂടുതല്‍ അനുയോജ്യം. 2.200 കിലോ ഗ്രാം സാധാരണ അരിക്ക് പകരം അതിന്റെ പകുതിയോ അല്ലെങ്കില്‍ ഒന്നരയോ ബിരിയാണി അരി കൊടുത്താല്‍ മതി എന്നര്‍ഥം. കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ കൂടുതല്‍ കൊടുത്തു കൊള്ളട്ടെ.
സകാത്തുല്‍ ഫിത്വ്ര്‍ കൊടുക്കേണ്ടത് അഗതികള്‍ക്കും ദരിദ്രര്‍ക്കുമാണ്. 'അഗതികള്‍ക്ക് ആഹാരമായി' എന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത്. നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരാറുള്ളതുപോലെ ഫിത്വ്ര്‍ സകാത്ത് കൊടുക്കുന്ന എല്ലാവരും അത് വാങ്ങുകയും ചെയ്യുന്ന ഏര്‍പ്പാട് പ്രോത്സാഹിപ്പിക്കേണ്ടതല്ല. കൊടുക്കുന്നവരില്‍ അഗതികളും ദരിദ്രരുമുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങാമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവരും, അല്ലാഹു സമ്പത്തും ഐശ്വര്യവും നല്‍കി അനുഗ്രഹിച്ചവരും 'ബര്‍ക്കത്തുള്ള അരിയല്ലേ' എന്ന് വിചാരിച്ച് അത് സ്വീകരിക്കരുത്. അവര്‍ക്കത് അനുവദനീയമല്ല. സാധുക്കളുടെ അവകാശമാണത് എന്ന് മനസ്സിലാക്കി ധനികര്‍ അത് വാങ്ങാതിരിക്കുകയാണ് വേണ്ടത്.
പണ്ടത്തെ അപേക്ഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ന് കേരളത്തില്‍ പെരുന്നാളിന് സദ്യയൊരുക്കാന്‍ വകയില്ലാത്തവര്‍ വളരെ വിരളമായിരിക്കും. അത്തരം മഹല്ലുകളില്‍ ഒരു ചടങ്ങുപോലെയായിരിക്കുകയാണ് സകാത്തുല്‍ ഫിത്വ്ര്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പശിയടക്കാന്‍ കഴിയാത്ത അനേകായിരങ്ങള്‍ ഉണ്ട് എന്ന യാഥാര്‍ഥ്യം നാം വിസ്മരിച്ചുകൂടാ. അവരെ സഹായിക്കാനുള്ള സംവിധാനങ്ങളും വളരെ അപൂര്‍വം. അത്തരക്കാര്‍ക്ക് ഫിത്വ്ര്‍ സകാത്ത് എത്തിച്ചുകൊടുക്കാനായെങ്കില്‍ ആ സാധുക്കള്‍ക്കും പെരുന്നാളാഘോഷത്തില്‍ പങ്കുചേരാനാവും. അതിനുള്ള സംവിധാനങ്ങളുണ്ടങ്കില്‍ കേരളത്തിലെ ഫിത്വ്ര്‍ സകാത്തിന് ഏറ്റവും അര്‍ഹര്‍ അവരാണ്.
ആസാമിലെ കലാപത്തില്‍ ഭവനരഹിതരായവര്‍ക്കും ഉടുതുണിക്ക് മറു തുണിയില്ലാത്തവര്‍ക്കും, അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന മറ്റു ഹതഭാഗ്യര്‍ക്കും കേരള മുസ്‌ലിംകളുടെ സകാത്തുല്‍ ഫിത്വ്‌റിന്റെ ഒരു ഭാഗം എത്തിക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ സമുദായ നേതൃത്വം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സമാന സംഭവങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ നല്‍കാന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തത് ഇവിടെ സ്മരണീയമാണ്.

നിര്‍ബന്ധമാകുന്നതെപ്പോള്‍?
അവസാന നോമ്പും പൂര്‍ത്തിയായി ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെയാണ് സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാവുക. അതിന് മുമ്പ് മരണപ്പെടുന്നവര്‍ക്ക് അത് ബാധകമല്ല. അപ്പോള്‍ ജനിച്ച കുട്ടിക്ക് അത് ബാധകമാവുകയും ചെയ്യും.
നിര്‍ബന്ധമാകുന്നത് റമദാന്‍ അവസാനത്തോടു കൂടിയാണെങ്കിലും നേരത്തെ അത് നല്‍കാമെന്നാണ് ബഹുഭൂരിപക്ഷം ഫുഖഹാക്കളുടെയും ഇമാമുകളുടെയും വീക്ഷണം. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് തന്നെ അത് നല്‍കിയിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. റമദാനില്‍ അവസാനത്തേക്ക് വെക്കാതെ നേരത്തെ അത് നല്‍കാമെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം പരിസരത്ത് അര്‍ഹരായ സാധുക്കളുണ്ടെങ്കില്‍ അവര്‍ക്കാണ് പ്രഥമ പരിഗണന. അവരെ അവഗണിച്ചുകൊണ്ടാവരുത് ദൂരെ ദിക്കുകളിലേക്ക് കൊടുത്തയക്കല്‍.
പ്രവാസികളായ സഹോദരന്മാര്‍ തങ്ങള്‍ വസിക്കുന്ന ഗള്‍ഫ് പ്രദേശത്ത് തന്നെ അര്‍ഹരായ ധാരാളം ആളുകള്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ജോലി കിട്ടാതെ അലയുന്നവര്‍, ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍, ജയിലുകളിലും മറ്റും കഴിയുന്നവര്‍, ശമ്പളം കിട്ടാതെ കഷ്ടപ്പെടുന്നവര്‍, ഹോസ്പിറ്റലുകളില്‍ കഴിയുന്നവര്‍, ലേബര്‍ ക്യാമ്പുകളിലും മറ്റും നരകയാതന അനുഭവിക്കുന്നവര്‍ തുടങ്ങി പലതരത്തില്‍ കഷ്ടപ്പെടുന്നവര്‍ സകാത്തുല്‍ ഫിത്വ്‌റിന് അര്‍ഹരായി അവിടങ്ങളിലുണ്ട്. അവരുടെ പെരുന്നാളും അവരുടെ കുടുംബത്തിന്റെ പെരുന്നാളും ആനന്ദകരമായ ആഘോഷമാക്കാന്‍ പറ്റിയില്ലെങ്കിലും നന്നെ ചുരുങ്ങിയത് നല്ല ഭക്ഷണം കഴിക്കാനുള്ള വകയെങ്കിലും സകാത്തുല്‍ ഫിത്വ്ര്‍ വഴി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വളരെ പുണ്യകരമായ പ്രവൃത്തിയായിരിക്കും.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment