Monday, 9 July 2012

[www.keralites.net]

 

ലക്ഷങ്ങളുടെ ഭൂമിക്ക് സെന്റിന് 100 രൂപ

Fun & Info @ Keralites.net

സമുദായ മാനേജ്മെന്റുകള്‍ സ്വന്തമാക്കിയത് കോടികളുടെ ഇളവും ഏക്കര്‍ കണക്കിന് ഭൂമിയും

തിരുവനന്തപുരം: ക്രിസ്ത്യന്‍, നായര്‍ മാനേജ്മെന്റുകള്‍ യു.ഡി.എഫ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി കോടികളുടെ പാട്ടക്കുടിശ്ശിക ഇളവുകളും ഏക്കര്‍ കണക്കിന് ഭൂമിയും സ്വന്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വന്‍തോതില്‍ വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങളുടേയും പേരിലാണ് ബന്ധപ്പെട്ടവര്‍ കോടികളുടെ നേട്ടമുണ്ടാക്കിയത്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി സെന്റിന് 100 രൂപ നിരക്കിലാണ് നല്‍കിയത്. വര്‍ഷങ്ങളായി പാട്ടവ്യവസ്ഥ ലംഘിക്കുകയും കുടിശ്ശിക വരുത്തുകയും ചെയ്തവര്‍ക്കാണ് ഭൂമി പതിച്ചുനല്‍കിയതെന്നതും ശ്രദ്ധേയമാണ്. യു.ഡി.എഫ് സര്‍ക്കാറിനെ നിരന്തരം ആക്രമിക്കുന്ന ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് എന്‍.എസ്.എസിന് ഭൂമി നല്‍കിയതെന്ന് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍നിന്ന് വ്യക്തമാണ്.
എന്‍.എസ്.എസിന് തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂരില്‍ 71 സെന്റ് സ്ഥലം പാട്ടത്തിനും ഇടുക്കി മണക്കാട് വില്ലേജില്‍ ഒരേക്കര്‍ ഭൂമി പതിച്ചും നല്‍കിയപ്പോള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളാണ് ഏറെ നേട്ടം കൊയ്തത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് 15.47 ഏക്കറും സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഫെറോന പള്ളിക്ക് 4.83 ഏക്കറും തൃശൂര്‍ സെന്റ് മേരീസ് കോളജിന് പാട്ടത്തിന് നല്‍കിയിരുന്ന 55.701 സെന്റ് ഭൂമിയും തൃശൂര്‍ സെന്റ് തോമസ് കോളജിന് 1.19 ഏക്കര്‍ ഭൂമിയും പതിച്ചു നല്‍കിയത് സെന്റിന് 100 രൂപ നിരക്കിലാണ്. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് അഡീ. ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ ഇതുസംബന്ധിച്ച ഉത്തരവുകള്‍ പുറത്തിറക്കിയത്. പിറവം ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഉത്തരവുകളിലേറെയും ഇറങ്ങിയത്. തലസ്ഥാന നഗരിയിലെ കണ്ണായ പ്രദേശമായ വഞ്ചിയൂരില്‍ 1,24,50,270 രൂപയുടെ പാട്ടക്കുടിശ്ശിക വരുത്തിയത് മൂലം തടഞ്ഞുവെച്ച ഭൂമി, അതൊഴിവാക്കി 2036 വരെ പഴയനിരക്കില്‍ പാട്ടം ഈടാക്കി യാണ്് 71 സെന്റ് സ്ഥലം എന്‍.എസ്.എസിന് നല്‍കിയത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പോലും അവഗണിച്ചായിരുന്നു ഈ തീരുമാനം. ഈ ഭൂമി പതിച്ച് നല്‍കണമെന്ന ആവശ്യം എന്‍.എസ്.എസ് ജന. സെക്രട്ടറി ഉന്നയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഇടുക്കി മണക്കാടില്‍ എന്‍.എസ്.എസ് ഹൈസ്കൂളിന് 1963 മുതല്‍ കളിസ്ഥലത്തിനായി പാട്ടത്തിന് നല്‍കിയിരുന്ന 40.20 ആര്‍ (ഒരു ഏക്കര്‍) ഭൂമി പാട്ടക്കുടിശ്ശിക ഒഴിവാക്കി സെന്റിന് 100 രൂപ ഈടാക്കി പതിച്ച് നല്‍കുകയായിരുന്നു. 57,88,800 രൂപയുടെ പാട്ടക്കുടിശ്ശികയാണ് എന്‍.എസ്.എസ് മാനേജ്മെന്റ് ഈ ഭൂമിയില്‍ വരുത്തിയിരുന്നത്. 52.41 ആര്‍ ഭൂമി പതിച്ച് നല്‍കണമെന്നാണ് ജി. സുകുമാരന്‍നായര്‍ ജനുവരി 17ന് സര്‍ക്കാറിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കലക്ടറുടെ പരിശോധനയില്‍ 40.20 ആര്‍ ഭൂമിയാണുള്ളതെന്ന് കണ്ടെത്തി. പാട്ടക്കുടിശ്ശിക തീര്‍ത്താല്‍ അപേക്ഷ പരിഗണിക്കാമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ സര്‍ക്കാറിന്റെ നിക്ഷിപ്ത അധികാരം ഉപയോഗിച്ച് പാട്ടക്കുടിശ്ശിക ഒഴിവാക്കി സെന്റിന് 100 രൂപ നിരക്കില്‍ വില ഈടാക്കി പതിച്ചുനല്‍കി ഫെബ്രുവരി 24നാണ് ഉത്തരവിറങ്ങിയത്.

1950 ജൂണ്‍ അഞ്ച് മുതല്‍ 25 വര്‍ഷത്തേക്ക് 12 രൂപ വാര്‍ഷിക പാട്ടത്തിന് നല്‍കിയിരുന്ന 1.19 ഏക്കര്‍ ഭൂമിയാണ് തൃശൂര്‍ സെന്റ്തോമസ് കോളജിന് പതിച്ചുനല്‍കിയത്. പാട്ടക്കുടിശ്ശികയായി മാനേജ്മെന്റ് വരുത്തിയ 76,15,261 രൂപയും ഒഴിവാക്കിയിട്ടുണ്ട്. പാട്ടക്കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് റവന്യൂ റിക്കവറി ഉള്‍പ്പെടെ നടപടികളെടുത്ത ഭൂമിയാണ് സെന്റിന് 100 രൂപക്ക് മാനേജ്മെന്റിന് കൈമാറി മാര്‍ച്ച് 13ന് റവന്യുവകുപ്പ് ഉത്തരവിറക്കിയത്. ഭൂമി കൈമാറ്റം സംബന്ധിച്ച ചില വ്യവസ്ഥകള്‍ ഉത്തരവിലുണ്ടെങ്കിലും ഭൂമിയുടെ പൂര്‍ണാധികാരം മാനേജ്മെന്റിന് തന്നെയാണ് ഉത്തരവില്‍ നല്‍കിയിട്ടുള്ളത്.
തൃശൂര്‍ ചെമ്പൂക്കാവ് വില്ലേജില്‍ ഉള്‍പ്പെട്ട 55.701 സെന്റ് ഭൂമിയാണ് തൃശൂര്‍ സെന്റ് മേരീസ് കോളജിന് നല്‍കിയത്. പാട്ടത്തിന് നല്‍കിയ ഈ ഭൂമിയുടെ ലക്ഷക്കണക്കിന് രൂപയുടെ പാട്ടക്കുടിശ്ശികയും എഴുതിത്തള്ളിയിട്ടുണ്ട്. വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ച് മാനേജ്മെന്റ് സര്‍ക്കാറിനെ സമീപിച്ചുവന്നതായി മാര്‍ച്ച് 13ലെ ഉത്തരവ് വ്യക്തമാക്കുന്നു. രണ്ട് കോടിയിലധികം രൂപയുടെ പാട്ടക്കുടിശ്ശിക വരുത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനും അതൊഴിവാക്കിക്കൊടുത്താണ് 15.47 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സെന്റിന് 100 രൂപക്ക് നല്‍കിയത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനാണ് ഭൂമി നല്‍കുന്നതെന്ന് മാര്‍ച്ച് എട്ടിലെ ഉത്തരവില്‍ പറയുന്നു.വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അസംപഷ്ന്‍ ഫെറോന ചര്‍ച്ചിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലുള്ള സ്കൂള്‍, പള്ളി, സെമിത്തേരി എന്നിവ സ്ഥിതി ചെയ്യുന്ന 4.83 ഏക്കര്‍ സ്ഥലമാണ് മാര്‍ച്ച് 22 ലെ റവന്യു വകുപ്പിന്റെ ഉത്തരവ് പ്രകാരം പതിച്ചുനല്‍കിയത്. ഇതില്‍നിന്ന് ഷോപ്പിങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന സ്ഥലം വ്യാവസായിക ആവശ്യത്തിന് വേണ്ടിയുള്ള നിരക്ക് ഈടാക്കി 30 വര്‍ഷത്തിന് പാട്ടത്തിനും ഫെറോന പള്ളിക്ക് അനുവദിച്ചിട്ടുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment