തിരുവനന്തപുരം: തെറ്റുകള്‍ ഏറ്റുപറയണമെന്ന സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെയും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും നിര്‍ദേശങ്ങള്‍ അവഗണിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാട് പാര്‍ട്ടിയില്‍ പുതിയ വടംവലിക്ക് വഴിയൊരുക്കുന്നു. തനിക്കു പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനും പാര്‍ട്ടിയോട് ഒത്തുപോകുന്നതിനും വി.എസ്സിനു ലഭിച്ച അവസാന അവസരമാണെന്ന നിലപാടാണ് കാരാട്ട് സംസ്ഥാന സമിതിയിലും മേഖലാ റിപ്പോര്‍ട്ടിങ്ങുകളിലും പ്രകടിപ്പിച്ചിരുന്നത്.
മൂന്നു ദിവസത്തിനുള്ളില്‍ വി.എസ് തെറ്റ് പരസ്യമായി ഏറ്റുപറയുമെന്നും കാരാട്ട് പറഞ്ഞിരുന്നു. എന്നാല്‍ ആ സമയപരിധി കഴിഞ്ഞു. പക്ഷേ തെറ്റ് ഏറ്റുപറയാന്‍ വി.എസ് തയാറായിട്ടില്ല. പകരം, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചകളുടെ അന്തസ്സത്ത പ്രമേയത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നാരോപിച്ച് അദ്ദേഹം പി.ബി. അംഗങ്ങള്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
ജൂലായ് 20 ന് പൊളിറ്റ്ബ്യൂറോയും 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റിയും ചേര്‍ന്നാണ് കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചത്. ജൂലായ് 23 മുതല്‍ കേരള സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരേണ്ടിയിരുന്നതിനാല്‍ പ്രമേയം പൂര്‍ണ രൂപത്തില്‍ തയാറാക്കാന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കഴിഞ്ഞിരുന്നില്ല. അതു തയാറാക്കുന്നതിനുള്ള ചുമതല കാരാട്ടിനെ കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തുകയായിരുന്നു.
ആ നിലയ്ക്ക് സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിനെതിരെ പരാതി നല്‍കിയ വി.എസ്സിന്റെ നടപടി ഫലത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായ നീക്കമായി തന്നെ കാണണം. വി.എസ്സിനെതിരെ കടുത്ത അച്ചടക്കനടപടി വേണമെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനൊപ്പമാണ് പി.ബിയില്‍ കാരാട്ട് നിലകൊണ്ടിരുന്നതെന്നതും വി.എസ്സിന്റെ നീക്കങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നു.
കേന്ദ്രകമ്മിറ്റിയലും തുടര്‍ന്നു ചേര്‍ന്ന സംസ്ഥാന സമിതിയിലും തന്റെ വീഴ്ചകള്‍ ഏറ്റുപറഞ്ഞിരുന്നുവെന്ന് പി.ബി. അംഗങ്ങള്‍ക്കു നല്‍കിയ കത്തില്‍ വി.എസ്. ഓര്‍മിപ്പിക്കുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ എസ്.എ. ഡാങ്കേയോടുപമിച്ചതും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ വീടുസന്ദര്‍ശിച്ചതും വീഴ്ചകളായി സമ്മതിച്ചിരുന്നു.
എന്നാല്‍ ഇതോടൊപ്പം താന്‍ ഉന്നയിച്ച നയവ്യതിയാനങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ കേന്ദ്രകമ്മിറ്റി നിര്‍ദേശങ്ങളുടെ അന്തസ്സത്ത അട്ടിമറിച്ചുകൊണ്ടുള്ള പ്രമേയമാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് അതു പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രമേയം പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതിനാല്‍ ഇനി കുറ്റം ഏറ്റുപറയേണ്ട കാര്യമില്ലെന്നും പി.ബി. അംഗങ്ങള്‍ക്കു നല്‍കിയ കത്തില്‍ വി.എസ്. വിശദീകരിക്കുന്നു. അതേസമയം വി.എസ്സിന്റെ ഈ നടപടിയോടുള്ള സമീപനം സംബന്ധിച്ച് ഔദ്യോഗിക പക്ഷത്ത് ഭിന്നാഭിപ്രായമുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെപ്പോലും വെല്ലുവിളിക്കുന്ന വി.എസ്സിനെതിരെ വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിക്കണമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം.
തെറ്റുതിരുത്താന്‍ വി.എസ്സിന് അവസാന അവസരമാണിതെന്ന് ജനറല്‍ സെക്രട്ടറി മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ പ്രഖ്യാപിച്ചതിനു ശേഷവും വഴങ്ങാതിരിക്കുന്നവി.എസ്സിന്റെ രീതി അഖിലേന്ത്യാ തലത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് അവരുടെ വാദം. എന്നാല്‍ വി.എസ്സിനെതിരെ ഇനി നടപടിക്കായി സമ്മര്‍ദം ചെലുത്തേണ്ടതില്ലെന്ന അഭിപ്രായമുള്ളവരും നേതൃത്വത്തിലുണ്ട്. പകരം തെറ്റു തിരുത്താന്‍ പാര്‍ട്ടി നല്‍കിയ അവസരം തിരസ്‌കരിച്ച വി.എസ്സിന്റെ സമീപനം പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നാണ് അവരുടെ പക്ഷം.
Mathrubhumi web edition
No comments:
Post a Comment