Sunday 29 July 2012

[www.keralites.net] അശാന്തി വിതക്കുന്ന സങ്കുചിത ചിന്തകള്‍

 

അശാന്തി വിതക്കുന്ന സങ്കുചിത ചിന്തകള്‍

പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍

അശാന്തി വിതക്കുന്ന സങ്കുചിത ചിന്തകള്‍

തന്നോട് ശത്രുതയുള്ളവനോട് തിരിച്ച് ശത്രുത കാണിക്കാത്തവനാണ് ആനന്ദത്തില്‍ കഴിയുകയെന്ന് ഒരു ബുദ്ധവചനമുണ്ട്. വൈരികളായ മനുഷ്യര്‍ക്കിടയില്‍പോലും സ്നേഹത്തോടെ വിഹരിക്കുന്നവന്‍ മാത്രമേ സന്തോഷവും സൗഖ്യവുമനുഭവിക്കുകയുള്ളൂ (ധര്‍മപദം). 'ശത്രുവിനെ സ്നേഹിക്കുക' എന്ന ക്രിസ്തുവചനവും പ്രസിദ്ധമാണല്ലോ. ലോകം പൊതുവിലും നമ്മുടെ രാജ്യം പ്രത്യേകിച്ചും ആവര്‍ത്തിച്ചുരുക്കഴിക്കേണ്ട മന്ത്രമാണിത്.

നിന്നോട് കഠിന വിരോധമുള്ളവനെപ്പോലും നിന്‍െറ ആത്മമിത്രമാകാന്‍ പ്രേരിപ്പിക്കുമാറ് നീ സകല തിന്മകളെയും നന്മകൊണ്ട് പ്രതിരോധിക്കണമെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു. ഒരു ജനതക്ക് നിങ്ങളോടുള്ള ശത്രുത അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ന്യായമായിക്കൂടെന്നാണ് സമൂഹത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉപദേശം. ഭൂമിയിലെ ആദ്യത്തെ കൊലപാതകത്തെ പരാമര്‍ശിച്ച് വിശുദ്ധ വേദഗ്രന്ഥം കല്‍പിക്കുന്നത് -'അതിനാല്‍ ആരാണോ മറ്റൊരു ജീവന് പകരമായിട്ടോ ഭൂമിയില്‍ നാശം വിതച്ചതിന്‍െറയോ പേരിലല്ലാതെ ഒരാളെ വധിക്കുന്നത്, അവന്‍ മനുഷ്യസമൂഹത്തെയഖിലം വധിച്ചതുപോലെയാകുന്നു. ആരാണോ ഒരാള്‍ക്ക് ജീവിതം നല്‍കുന്നത് അവനാകട്ടെ മനുഷ്യരെയൊന്നാകെ ജീവിപ്പിച്ചപോലെയും (അല്‍മാഇദ).
പാര്‍ട്ടികളുടെയും സമുദായങ്ങളുടെയും സങ്കുചിതവും സ്വാര്‍ഥവുമായ താല്‍പര്യങ്ങളാണ് നമ്മുടെ നാട്ടില്‍ അശാന്തി വിതറുന്നതെന്ന് ഏതൊരാള്‍ക്കുമറിയാം. ഒരു പക്ഷേ, പൊതുവില്‍ ലോകത്തിന്‍െറ തന്നെ അവസ്ഥയാണത്. മഹത്തരമായ ആശയങ്ങള്‍ വംശീയമായ കൂട്ടക്കൊലകള്‍ക്കും പാര്‍ട്ടികളുടെ പകപോക്കലുകള്‍ക്കും അവസാനിക്കാത്ത കുടിപ്പകകള്‍ക്കും വഴിമാറിക്കൊടുക്കുന്നതായി നമുക്ക് കാണേണ്ടിവരുന്നു. അനിവാര്യമായി പാലിക്കേണ്ട അഞ്ചു തത്ത്വങ്ങളില്‍ ഒന്നാമതായി അഹിംസയെ പഠിപ്പിച്ച ബുദ്ധമതത്തിന്‍െറ അനുയായികള്‍ ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടത്തിയ രക്തതാണ്ഡവം സമാനതകളില്ലാത്തതാണ്. ബര്‍മയില്‍ മുസ്ലിംകള്‍ക്കെതിരെ സായുധ ഉറഞ്ഞുതുള്ളല്‍ നടത്തുന്നതും ബുദ്ധമതക്കാര്‍തന്നെ. നന്മയും മൂല്യങ്ങളുംകൊണ്ട് മനുഷ്യര്‍ക്കാകമാനം മാതൃക കാണിക്കേണ്ടവര്‍ എന്നാണ് ഖുര്‍ആന്‍ മുസ്ലിം സമൂഹത്തെപ്പറ്റി നടത്തുന്ന വിഭാവനം. എന്നാല്‍, നമ്മുടെ ചരിത്രത്തില്‍ ഒരു ജനതയുടെ, സംസ്കാരത്തിന്‍െറ, സമ്പന്നമായൊരു പൈതൃകത്തിന്‍െറ വേദനാജനകമായ വിഭജനത്തിന് മുസ്ലിം സമൂഹത്തില്‍പെട്ടവര്‍ നിമിത്തമായിത്തീര്‍ന്നു. അപരന്‍െറ കണ്ണിലൂടെ നീ നിന്നെ നോക്കിക്കാണണമെന്ന് ഉപദേശിച്ച ഉപനിഷദ് മൂല്യങ്ങളെ പ്രസരിപ്പിക്കുന്ന ആര്‍ഷഭാരത ധര്‍മത്തിന്‍െറ പേരുപറഞ്ഞ് ഗുജറാത്തില്‍ ആയിരങ്ങളെ ചുട്ടുകൊല്ലാന്‍ ശൂലധാരികള്‍ക്ക് ഒരു പ്രയാസവുമുണ്ടായില്ല.
ആദര്‍ശാധിഷ്ഠിത സമൂഹങ്ങള്‍ കേവലം കുലങ്ങളോ വിഭാഗീയ പ്രവണതകള്‍ പ്രകടിപ്പിക്കുന്ന സമുദായങ്ങളോ ആയി മാറുന്നതാണ് നാം കാണുന്നത്. ഇത് മതസമൂഹങ്ങള്‍ക്കു മാത്രം സംഭവിക്കുന്നതല്ല. മനുഷ്യസ്നേഹത്തിന്‍െറയും ചൂഷിതരോടുള്ള അനുഭാവത്തിന്‍െറയും ഉന്നതമൂല്യങ്ങളില്‍ സ്ഥാപിതമായ മതേതര ദര്‍ശനങ്ങളും ഈ അപചയത്തെ നേരിടുന്നുണ്ട്. അധ്വാനത്തിന്‍െറ മഹത്വമുയര്‍ത്തിപ്പിടിച്ച ദര്‍ശനമാണ് കമ്യൂണിസം. മുതലാളിത്തത്തിന്‍െറ അധിനിവേശത്തെ ചെറുക്കുന്നതില്‍ ലോകത്തിന്‍െറ പലഭാഗത്തും ഇന്നും അത് വിപ്ളവകരമായ പങ്കുവഹിച്ചുകൊണ്ടിരിക്കെത്തന്നെ, സ്റ്റാലിനും പോള്‍പോട്ടുമെല്ലാം കമ്യൂണിസത്തിന്‍െറ അടയാളങ്ങളായി രേഖപ്പെടുത്തപ്പെട്ടതോടെ അതിന്‍െറ സ്വഭാവം അനുഭവത്തില്‍ മറ്റൊന്നായി മാറി. കേരളത്തില്‍ ഇപ്പോള്‍ സംഘട്ടനത്തിന്‍െറയും കൊലക്കത്തി രാഷ്ട്രീയത്തിന്‍െറയും പേരില്‍ ഏറ്റവുമധികം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. കാടടച്ചുള്ള പ്രചാരണ കോലാഹലങ്ങള്‍ക്കു പിന്നില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ സ്ഥാപിത താല്‍പര്യങ്ങളും ഉണ്ടാവാം. എന്നാല്‍പോലും കേരളത്തിലെ പ്രാദേശികമായ ഏതാണ്ടെല്ലാ ഏറ്റുമുട്ടലുകളിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് ഒരു ഭാഗത്ത്.

പഴയ ഗോത്രമാത്സര്യങ്ങളുടെയും കുടിപ്പകകളുടെയും സ്ഥാനത്താണ് ഇന്നത്തെ കക്ഷിരാഷ്ട്രീയ സംഘട്ടനങ്ങളും സാമുദായിക ലഹളകളും. യഥാര്‍ഥത്തില്‍ ഞാന്‍, എന്‍െറ എന്ന സ്വാര്‍ഥമല്ലാതെ മറ്റ് ആദര്‍ശ പിന്‍ബലമൊന്നും ഇത്തരം വിഭാഗീയ പോരാട്ടങ്ങള്‍ക്കില്ല. സാര്‍വദേശീയ തൊഴിലാളികളോട് ഏകോപിക്കാന്‍ ആഹ്വാനം ചെയ്യുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതലാളിത്തം സൃഷ്ടിച്ച ദേശരാഷ്ട്രങ്ങളുടെ അതിരുകളെയും കൊളോണിയല്‍ ദേശീയ ബോധത്തെയും നിരാകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിശേഷിപ്പിക്കുമ്പോള്‍ വര്‍ഗബഹുജന രാഷ്ട്രീയത്തെ പാര്‍ട്ടി അഥവാ കുലം എന്ന ഫ്യൂഡല്‍ വിഭാഗീയതയിലേക്ക് ചുരുക്കുകയാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി ചെയ്യുന്നത്.
ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാത്രം ചരിത്രമല്ല. കൊളോണിയല്‍ അധിനിവേശത്തിനെതിരെ ഇന്ത്യയിലെ സകല വൈവിധ്യങ്ങളെയും ഏകോപിപ്പിക്കാനാണ് കോണ്‍ഗ്രസ് എന്ന പ്രതലത്തെ ഗാന്ധിജി ഉപയോഗിച്ചിരുന്നതെങ്കില്‍ സ്വാതന്ത്ര്യാനന്തരം ആ പ്രതലം കേവലമൊരു പാര്‍ട്ടിയായി രൂപാന്തരപ്പെടുകയും വിഭാഗീയ സ്വഭാവമാര്‍ജിക്കുകയും വൈവിധ്യങ്ങള്‍ക്കിടയിലെ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നതിലുള്ള ഉപകരണമായിത്തീരുകയും ചെയ്തു. ഇപ്പോള്‍ പുത്തന്‍ കൊളോണിയല്‍ അധീശത്വത്തിന്‍െറ ദാസ്യവൃത്തിയിലേക്കും അത് തരംതാണു.

ഉത്തമ സമുദായമാവേണ്ടവരായാണ് ഖുര്‍ആന്‍ മുസ്ലിം സമൂഹത്തെ വിഭാവനം ചെയ്യുന്നത്. എന്നാല്‍, ഇസ്ലാമും മുസ്ലിമുമെല്ലാം സാമുദായിക രാഷ്ട്രീയത്തിനും അതിന് നേതൃത്വംനല്‍കുന്ന താല്‍പര്യശക്തികള്‍ക്കും വളച്ചൊടിച്ചുപയോഗിക്കാവുന്ന പദങ്ങള്‍ മാത്രമായി മാറി. വിദ്യാഭ്യാസക്കച്ചവടമുള്‍പ്പെടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി സമുദായത്തിന്‍െറ പേരും വികാരവും ദുരുപയോഗം ചെയ്യുന്നത് ഒരു ഭാഗത്ത്. മറ്റൊരു വശത്ത് സാമുദായിക രാഷ്ട്രീയം വേറൊരാത്യന്തിക സ്വഭാവമാര്‍ജിച്ചതോടെയാണ് അക്രാമക വര്‍ഗീയ സ്വഭാവമുള്ള ചെറുപ്പക്കാര്‍ സൃഷ്ടിക്കപ്പെട്ടത്. കൊലപാതക രാഷ്ട്രീയത്തിനെതിരായെന്നും പറഞ്ഞ് ഒരു കൂട്ടര്‍ ഇറക്കിയ പോസ്റ്ററില്‍ ഷുക്കൂറിനും ഫസലിനും ചന്ദ്രശേഖരനും ശേഷമുള്ള ഒഴിച്ചിട്ട കോളം ഇപ്പോള്‍ ചെങ്ങന്നൂരില്‍ ഒരു വിദ്യാര്‍ഥിയെ കുത്തിമലര്‍ത്തിയതോടെ അവര്‍തന്നെ പൂരിപ്പിച്ച അനുഭവത്തിനാണ് അവസാനം കേരളം സാക്ഷ്യംവഹിച്ചത്.

കേരളത്തിന്‍െറ സാമൂഹിക നവോത്ഥാന ചരിത്രത്തിന് മഹത്തരവും വൈവിധ്യപൂര്‍ണവുമായ സംഭാവനകളര്‍പ്പിച്ചാണ് ഒരുകാലത്ത് സമുദായ സംഘടനകള്‍ രൂപംകൊണ്ടത്. എല്ലാ സമുദായങ്ങളില്‍നിന്നും നന്മകളുള്‍ക്കൊണ്ടാണ് കേരളീയത രൂപപ്പെട്ടതും. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും അര്‍ണോസ് പാതിരിയും അയ്യങ്കാളിയും വി.ടി. ഭട്ടതിരിപ്പാടും അബ്ദുറഹ്മാന്‍ സാഹിബും ഇ.എം.എസുമൊക്കെ ചേര്‍ന്ന് രൂപംകൊടുത്തതാണ് കേരളത്തിന്‍െറ സംസ്കാരവും ചരിത്രവും ഉദ്ഗ്രഥനവും.

ശ്രീനാരായണ ധര്‍മപാലന യോഗവും നാര്‍ സര്‍വീസ് സൊസൈറ്റിയുമൊക്കെ ചരിത്രത്തില്‍ വലിയ സാന്നിധ്യങ്ങളായി അടയാളപ്പെടുത്തപ്പെട്ടു. വളരെപ്പെട്ടെന്നാണ് എല്ലാം അതതിന്‍െറ തോടുകള്‍ക്കകത്തേക്ക് പിന്‍വലിഞ്ഞത്. അങ്ങനെ ഒഴുക്കു നഷ്ടപ്പെട്ട ദുര്‍ഗന്ധം വമിക്കുന്ന ഓടകളായി ഇതെല്ലാം മാറി. ശ്രീനാരായണ ഗുരു ഒരു സമുദായത്തിന്‍െറ ദൈവമായി, ഓരോ സമുദായവും സമുദായ സംഘടനാ നേതാക്കളുടെ ഉപകരണങ്ങള്‍ മാത്രമായി.

സ്വാര്‍ഥം കൈവെടിയുകയും അപരനില്‍ തന്നെത്തന്നെ കാണുകയും ചെയ്തെങ്കിലേ മനുഷ്യ സമൂഹത്തിനു നിലനില്‍പുള്ളൂ. സമുദായത്തിനും പാര്‍ട്ടിക്കും വേണ്ടി മരിക്കാനും കൊല്ലാനുമല്ല, ആദര്‍ശങ്ങള്‍ക്കും ഉദാത്ത ലക്ഷ്യങ്ങള്‍ക്കുംവേണ്ടി ജീവിക്കാനും ജീവിപ്പിക്കാനും നമുക്കാവണം. മതങ്ങള്‍ പഠിപ്പിക്കുന്ന സുവര്‍ണ നിയമവുമതാണ്. മനുഷ്യന്‍െറ നാഗരികവും സാമൂഹികവുമായ സകല വശങ്ങളെയും പ്രതിപാദിക്കുന്ന ഖുര്‍ആനിലെ നാലാമധ്യായം (അന്നിസാഅ്) ആരംഭിക്കുന്നത് നഫ്സുന്‍ വാഹിദയെപ്പറ്റി പരാമര്‍ശിച്ചാണ്. ഏകമായ ആത്മരൂപം, ഏക സ്വത്വം എന്നെല്ലാമാണിതിന് അര്‍ഥം. നഫ്സുന്‍ വാഹിദയില്‍നിന്നാണ് മനുഷ്യന്‍ ഉദ്ഭവിച്ചത്. ജീവിതമുദ്ഭവിച്ചത്. അഥവാ ഇതിലൂടെ സകല മനുഷ്യരും ഏക സ്വത്വത്തിന്‍െറ വ്യത്യസ്ത പ്രകാശനങ്ങള്‍ മാത്രമാണെന്ന് വരുന്നു. മറ്റൊരര്‍ഥത്തില്‍ രണ്ടാമതൊരാള്‍ തന്‍െറ തന്നെ ഒരംശമാണെന്ന ബോധവുമാണത്.
'നിങ്ങളെല്ലാം ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്ന്' എന്ന പരാമര്‍ശത്തിലൂടെ മനുഷ്യന്‍ ഒട്ടേറെ വൈവിധ്യങ്ങളുള്‍ക്കൊള്ളുന്ന, വ്യത്യസ്ത പാരമ്പര്യങ്ങള്‍ക്കവകാശികളായിരിക്കെത്തന്നെ മനുഷ്യര്‍ എന്ന നിലക്ക് പൊതുവായൊരു പൈതൃകം അവനുണ്ടെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
നിലക്കാത്ത വൈരവും കുടിപ്പകയും ചേര്‍ന്ന് മനുഷ്യനെത്തന്നെ നശിപ്പിക്കുകയാണ്. അഥവാ മറ്റൊരാളെ ഇല്ലാതാക്കാന്‍ തന്നെത്തന്നെ വധിക്കുകയാണ്. മസ്നവിയില്‍ റൂമി പറയുന്ന ഒരു കഥയുണ്ട്. തന്‍െറ പ്രജകളില്‍ ഒരു പ്രത്യേക സമുദായത്തെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന 'എതിര്‍' സമുദായക്കാരനായ രാജാവ്. അയാള്‍ കോങ്കണ്ണനാണ്. ഒരിക്കല്‍ ആ രാജാവ് നീരാട്ടിനൊരുങ്ങവെ, കോങ്കണ്ണന്‍തന്നെയായ തന്‍െറ സേവകനോട് അന്ത$പുരത്തില്‍നിന്ന് എണ്ണ കൊണ്ടുവരാന്‍ പറഞ്ഞു. സേവകന്‍ നോക്കിയപ്പോള്‍ രണ്ടു കുപ്പി എണ്ണ. ഒന്നേയുള്ളൂ എന്ന് രാജാവ്. സേവകന്‍ വിഷമസന്ധിയിലായി. കലികയറിയ രാജാവ് ഒരു കുപ്പി പൊട്ടിച്ചേക്കാന്‍ പറഞ്ഞു. അപ്രകാരം സേവകന്‍ പ്രവര്‍ത്തിച്ചതോടെ മറ്റേ കുപ്പിയും അപ്രത്യക്ഷമായി. ഇപ്രകാരമാണ് വാസ്തവത്തില്‍ ഒന്നായ മനുഷ്യനെ വീക്ഷണ വൈകല്യത്താല്‍ രണ്ടായിട്ടു കാണുന്നത്. എന്നാല്‍, ഒന്നിനെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ മറ്റേതും ഇല്ലാതാവും. കുപ്പിയേ ഇല്ലാതാവും. അഥവാ മനുഷ്യന്‍തന്നെ ഇല്ലാതാവും. ഈ രാജാവിനെപ്പോലെ കോങ്കണ്ണ് ബാധിച്ചവരാണ് നമ്മുടെ രാഷ്ട്രീയ സാമുദായിക നേതാക്കന്മാര്‍. ഈ സേവകനെപ്പോലെ അവരുടെ അണികളും. ഖുര്‍ആന്‍െറ ഒരു ചോദ്യം ഇവിടെ പ്രസക്തമാവുന്നു: 'നിങ്ങളില്‍ വിവേകമുള്ള മനുഷ്യരാരുമില്ലേ'?

മതദര്‍ശനങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ആശയറ്റവിധം പിഴച്ചുപോയി എന്നല്ല ഇപ്പറഞ്ഞതിന്‍െറ അര്‍ഥം. കള്ളനാണയങ്ങള്‍ യാഥാര്‍ഥ്യങ്ങളെ പുറംതള്ളുകയാണ്. അതിനാല്‍ ബോധമുള്ളവര്‍ ജാഗ്രത്തായി മുന്നോട്ടുവരണം. ഇപ്പോള്‍ കക്ഷിത്വത്തിലും പകപോക്കല്‍ രാഷ്ട്രീയത്തിലുമേര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയ സാമുദായിക സംഘടനകള്‍ അവരുടെ ചരിത്രത്തെയും ജനതയുടെ ഉദ്ഗ്രഥനത്തില്‍ അവരര്‍പ്പിച്ച സംഭാവനകളെയും അനുസ്മരിക്കാനും ത്യാഗികളായ മുന്‍ഗാമികളുടെ മാതൃക ഉള്‍ക്കൊള്ളാനും തയാറാവണം.
ഭാരതീയ ദര്‍ശനങ്ങളും ദൈവിക മതങ്ങളും മൗലികമായി നന്മയിലും മാനുഷിക മൂല്യങ്ങളിലും അധിഷ്ഠിതമാണ്. കേവല ഭൗതിക വ്യാഖ്യാനങ്ങളും തല്‍ഫലമായി വളരുന്ന ആസക്തികളും ജീവിതത്തെ കീഴ്പ്പെടുത്തിയതായാണ് നാം കാണുന്നത്. ഇതിനെല്ലാമെതിരെ നമ്മുടെ മൗലികമായ വിശുദ്ധി വീണ്ടെടുക്കാന്‍ നമുക്കാവണം. നമ്മുടെ സംസ്കാരത്തെയും ജീവിതത്തെയും നമ്മുടെ തലമുറകളെയും സുരക്ഷിതത്വത്തിലും നന്മയിലും വളര്‍ത്താന്‍ നമുക്കൊരുമിച്ച് ശ്രമിച്ചേ മതിയാവൂ.

(ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ
അസിസ്റ്റന്‍റ് അമീറാണ് ലേഖകന്‍)

http://www.madhyamam.com/news/181113/120726

Regards
Shafeeq thalassery

Always make a total effort, even when the odds are against you.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment