പെണ്‍കുട്ടികളെ രണ്ടാംതരക്കാരായി കാണുന്ന ഹരിയാണയില്‍നിന്ന് നേട്ടത്തിന്റെ കൊടുമുടിയില്‍ ഇതാ ഒരു പെണ്‍കുട്ടി -ഇക്കുറി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുനേടിയ ഷെന അഗര്‍വാള്‍. ഹരിയാണയിലെ യമുനനഗര്‍ എന്ന കൊച്ചുപട്ടണത്തില്‍ നിന്നുള്ള ഷെന എം.ബി.ബി.എസ്സുകാരിയാണ്.
*അപ്പോള്‍ ഷെന, പറയൂ ഈ നേട്ടം പ്രതീക്ഷിച്ചിരുന്നോ?
സത്യം പറയട്ടെ, ഒന്നാമതെത്തുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. മൂന്നാംതവണയാണ് ഞാന്‍ സിവില്‍സര്‍വീസിന് ശ്രമിക്കുന്നത്. കഴിഞ്ഞതവണ 305-ാം റാങ്കുണ്ടായിരുന്നു. ഇന്ത്യന്‍ റവന്യു സര്‍വീസില്‍ പ്രവേശനം ലഭിച്ചു. ഇപ്പോള്‍ നാഗ്പുരില്‍ നാഷണല്‍ ഡയറക്ട് ടാക്‌സ് അക്കാദമിയില്‍ പരിശീലനത്തിലാണ്. അതിനിടെയാണ് ഈ സന്തോഷവാര്‍ത്ത. ശരിക്കും അമ്പരപ്പിച്ചു.
ഒന്നാംറാങ്ക് എന്നത് ഷെന അഗര്‍വാളിന് ഒട്ടും പുത്തരിയല്ല. 2004ല്‍ സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഷെന ഒന്നാമതായിരുന്നു. അതേവര്‍ഷം അഖിലേന്ത്യാ പ്രീ മെഡിക്കല്‍ ടെസ്റ്റില്‍ ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് അഭിമാനസ്ഥാപനമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ നിന്ന് 2009ല്‍ എം.ബി.ബി.എസ്. കഴിഞ്ഞിറങ്ങുമ്പോള്‍ ആ ബാച്ചിലെ ഒന്നാംസ്ഥാനക്കാരിയായിരുന്നു ഷെന. ഒടുവിലിപ്പോള്‍ 2011-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുമായി നേട്ടത്തിന്റെ കൊടുമുടി കയറിയിരിക്കയാണ് ഈ ഇരുപത്തഞ്ചുകാരി.
* എയിംസില്‍ അന്വേഷിച്ചപ്പോള്‍ അധ്യാപകരും ജൂനിയര്‍ വിദ്യാര്‍ഥികളും ഒരേസ്വരത്തിലാണ് ഷെനയെ വാഴ്ത്തുന്നത്-മിടുക്കിയായ വിദ്യാര്‍ഥി. എന്നിട്ടും ഡോക്ടറാകാതെ സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാന്‍ കാരണം?
വൈദ്യശാസ്ത്രം ഇന്നും എന്റെ ആവേശമാണ്. എയിംസിലെ പഠനമാണ് എന്നെ ഞാനാക്കിയതെന്ന് പറയാം. ഇടയ്ക്ക് പഠനത്തിന്റെ ഭാഗമായി ഗ്രാമങ്ങളിലും മറ്റും സേവനമനുഷ്ഠിക്കേണ്ടി വന്നു. അങ്ങനെയാണ് സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കുമൊക്കെയായി എന്തെങ്കിലും ചെയ്യണമെന്ന മോഹമുണ്ടായത്. അതിന് ഭരണതലത്തിലെ ജോലിയാവും നല്ലതെന്ന് തോന്നി. സിവില്‍ സര്‍വീസിന് നോക്കാന്‍ അതെനിക്ക് പ്രേരണയായി. സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് പരീശീലനം തുടങ്ങിയ അന്നുമുതല്‍ ഐ.എ.എസ്. മാത്രമായിരുന്നു സ്വപ്നം. അതുകൊണ്ടാണ് റവന്യു സര്‍വീസില്‍ പ്രവേശനം ലഭിച്ചിട്ടും ഐ.എ.എസ്.തന്നെ ലക്ഷ്യമാക്കി ഒന്നുകൂടി ശ്രമിച്ചത്. പക്ഷെ, പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു പരീക്ഷാഫലം. ദൈവത്തിന് നന്ദി.
* പണക്കൊഴുപ്പിന്റെ പ്രൊഫഷനെന്നാണ് മെഡിക്കല്‍ സര്‍വീസിനുള്ള വിശേഷണം. അത് ഉപേക്ഷിക്കേണ്ടി വന്നതില്‍ ഖേദമുണ്ടോ?
ഒരിക്കലുമില്ല, ഞാന്‍ പറഞ്ഞല്ലോ ഐ.എ.എസ്. എന്റെ സ്വപ്നമായിരുന്നു. സംതൃപ്തി ലഭിക്കുന്ന പ്രൊഫഷനാണിതെന്നാണ് എല്ലാവരും പറയുന്നത്.
* റോള്‍ മോഡലെന്നാണ് പെണ്‍കുട്ടികള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഷെനയെ വിശേഷിപ്പിക്കുന്നത്. അവരോട് പറയാനുള്ളത്?
ഞാനും അവരെപ്പോലെ ഒരു സാധാരണപെണ്‍കുട്ടി. എന്നാല്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു. ആദ്യതവണ പിന്നിലായിട്ടും നിരാശയായില്ല. വാശിയോടെ പഠിച്ചു. എന്നുവെച്ച് 24 മണിക്കൂറും പുസ്തകങ്ങളുമായി ചടഞ്ഞിരുന്നെന്ന് കരുതരുത്. സത്യത്തില്‍ എനിക്കത്രയും സമയം കിട്ടിയിരുന്നില്ല. സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ ഒറ്റപ്പെട്ട് ജീവിക്കണം, ഉറക്കമിളയ്ക്കണം, കുത്തിയിരുന്ന് പഠിക്കണം തുടങ്ങിയ വിശ്വാസങ്ങള്‍ ശരിയല്ല. പാട്ടുകേള്‍ക്കണം, സിനിമ കാണണം, യാത്രചെയ്യണം, കൂട്ടുകാരുമായി വഴക്കിടണം...എല്ലാം വേണം.
*എങ്ങനെയായിരുന്നു ഒരുക്കങ്ങള്‍?
എയിംസില്‍നിന്ന് 2010-ല്‍ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ഞാന്‍ തയ്യാറെടുപ്പ് തുടങ്ങിയത്. പരിശീലനത്തിനായി ഇന്‍സ്റ്റിറ്റിയൂട്ടുകളിലൊന്നും പോയിട്ടില്ല. ഹൗസ്‌സര്‍ജന്‍സിക്കൊപ്പം പഠനം തുടര്‍ന്നു. അധ്യാപകരില്‍നിന്നും മുമ്പ് പരീക്ഷയില്‍ മികവുകാട്ടിയവരില്‍നിന്നും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ച് സ്വയംപഠിക്കുക എന്നരീതിയാണ് സ്വീകരിച്ചത്. കുറവുകള്‍ പരിഹരിക്കാനായി മോക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂവിലുമൊക്കെ പതിവായി പങ്കെടുത്തു. മനഃശാസ്ത്രവും മെഡിക്കല്‍ സയന്‍സുമാണ് ഐച്ഛികവിഷയങ്ങളായിട്ടെടുത്തത്. രണ്ടും എന്റെ ഇഷ്ടവിഷയങ്ങള്‍. ആനുകാലിക സംഭവങ്ങളെക്കുറിച്ചറിയാന്‍ പത്രങ്ങളും മാഗസിനുകളും വായിച്ചു. ടെലിവിഷന്‍ പരിപാടികള്‍ പതിവായി കണ്ടു. എനിക്ക് ശക്തിപകര്‍ന്നത് അച്ഛനമ്മമാരാണ്. അധ്യാപകരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. ഈ വിജയത്തിന്റെ അവകാശികള്‍ അവര്‍കൂടിയാണ്.
* സിവില്‍ സര്‍വീസിന് ഒരുങ്ങുന്നവരോട് എന്താണ് ഷെന പറയുക?
വിജയത്തിലേക്ക് കുറുക്കുവഴികളില്ല. പ്രത്യേക ഫോര്‍മുലയുമില്ല. കഠിനാധ്വാനവും സമര്‍പ്പണവും ഭാഗ്യവുമെല്ലാം ഒത്തുവരുമ്പോഴാണ് വിജയങ്ങളുണ്ടാകുന്നത്.
യമുനനഗറിലെ ദന്തഡോക്ടറായ ഡോ. സി.കെ. അഗര്‍വാളിന്റെയും പിങ്കി അഗര്‍വാളിന്റെയും മകളാണ് ഷെന. ഹരിയാണയിലെ പെണ്‍സമൂഹത്തിന് ഏറെ അഭിമാനിക്കാവുന്നതാണ് ഷെനയുടെ നേട്ടം. ലിംഗസമത്വത്തില്‍ ഏറ്റവും പിന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്. ആയിരം പുരുഷന്‍മാര്‍ക്ക് 877 സ്ത്രീകള്‍. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുംമുമ്പെ കൊന്നുകളയുന്ന ക്രൂരത ഇന്നും നിലനില്‍ക്കുന്ന ഹരിയാണയില്‍ ജനിച്ച ഷെനയ്ക്ക് ഈ നേട്ടം കൈവരിക്കാനായത് അന്നാട്ടിലെ സ്ത്രീകള്‍ക്ക് പുതിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബഹിരാകാശയാത്രിക കല്‍പ്പന ചൗളയായിരുന്നു അവര്‍ക്ക് ഇതുവരെയുള്ള പ്രചോദനവും ചൂണ്ടിക്കാട്ടാനുള്ള ഉദാഹരണവും.
ഇനിയവര്‍ക്ക് പറയാം... ഞങ്ങള്‍ ഷെന അഗര്‍വാളിന്റെ നാട്ടുകാരാണെന്ന്.
ഷെന അഗര്‍വാള്‍
*സ്വദേശം: യമുനനഗര്‍, ഹരിയാണ
* പത്താംകഌസില്‍ 95%
*പഌസ്ടുവിന് 92%
*സി.ബി.എസ്.ഇ പ്രീമെഡിക്കല്‍ ടെസ്റ്റില്‍ ഒന്നാമത്
*ന്യൂഡല്‍ഹി എയിംസില്‍ നിന്ന് സ്വര്‍ണമെഡലോടെ എം.ബി.ബി.എസ്
*2010 സിവില്‍ സര്‍വീസസില്‍
305-ാം റാങ്ക്
*2011 സിവില്‍ സര്‍വീസസില്‍ ഒന്നാം റാങ്ക്
*വിജയത്തിന് പിന്നില്‍
ആദ്യരണ്ടു തവണയും പിറകിലായിട്ടും നിരാശാബോധമില്ലാതെ വീണ്ടും നന്നായി പരിശ്രമിച്ചു. മുമ്പു പിണഞ്ഞ പിഴവുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ ശ്രമിച്ചു.
*ഐ.എ.എസിലെ സ്വപ്നങ്ങള്‍
രാജ്യപുരോഗതിക്കും സമൂഹത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക.
*ഇഷ്ടങ്ങള്‍
എ.ആര്‍ റഹ്മാന്റെ പാട്ടുകള്‍... പിന്നെ വായന, കൈയില്‍ കിട്ടുന്നതെല്ലാം വായിക്കും
No comments:
Post a Comment