Thursday, 12 April 2012

[www.keralites.net] Slippery Slope of Decadence in Kerala

 

ഇന്ന് സഭയില്‍ നേരിയ ഭൂരിപക്ഷമേയുള്ളൂ. വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ഘട്ടത്തില്‍ എന്തായിരുന്നു സ്ഥിതി? എണ്‍പതുകളില്‍ ഉണ്ടായ "പ്രതിഛായാ ചര്‍ച്ച"യും മറ്റും കേരളം മറന്നിട്ടില്ല. അന്ന്, മുസ്ലിംലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചേര്‍ന്ന് കൂറുമുന്നണിയുണ്ടാക്കി മുഖ്യമന്ത്രിയെവരെ മാറ്റി. ഇന്ന് മുസ്ലിംലീഗ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വരച്ചവരയിലൂടെ നടത്തിക്കൊണ്ടുപോകുന്നു. ലീഗിന്റെ തടവിലാണ് യുഡിഎഫ് ഭരണമെന്നു വന്നിരിക്കുന്നു. ഭരണം നിലനിര്‍ത്താന്‍ ജനാധിപത്യ തത്വങ്ങളിലും മതനിരപേക്ഷ തത്വങ്ങളിലും ഒക്കെ എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ സന്നദ്ധത കാട്ടുന്ന അധികാരമോഹികളുടെ സംഘത്തലവനായി മുഖ്യമന്ത്രിതന്നെ മാറിയിരിക്കുന്നു. ജാതി-മത സമ്മര്‍ദങ്ങളില്‍പ്പെട്ട് ആടിയുലയാനല്ലാതെ, ജനാധിപത്യ മതനിരപേക്ഷ തത്വങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിനു കഴിയില്ലെന്നു വന്നിരിക്കുന്നു.
യുഡിഎഫ് തെരുവുകളെവരെ കലാപക്കളങ്ങളാക്കി മാറ്റുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് പലയിടത്തുനിന്നും വരുന്നത്. യുഡിഎഫ് പ്രശ്നങ്ങള്‍ യുഡിഎഫിന്റെ ആഭ്യന്തരപ്രശ്നങ്ങളല്ല, മറിച്ച് കേരളത്തിന്റെ ക്രമസമാധാനപ്രശ്നംതന്നെയാണ് എന്ന അവസ്ഥയാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് യൂത്ത് ലീഗുകാര്‍ മാര്‍ച്ച് ചയ്യുന്നു. മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ മലപ്പുറത്തെ വസതിയിലേക്ക് യൂത്ത്കോണ്‍ഗ്രസുകാര്‍ മാര്‍ച്ച്ചെയ്യുന്നു. മലപ്പുറത്ത് ലീഗ്-കോണ്‍ഗ്രസ് സംഘട്ടനം ഉണ്ടാകുന്നു. ഇങ്ങനെ കലാപകലുഷമാകുകയാണ് കേരളത്തിന്റെ അന്തരീക്ഷം. ഇതല്ല ജനാധിപത്യത്തിന്റെ വഴിയെന്ന് ജനങ്ങള്‍ ഇവരെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു.
ആരൊക്കെ മന്ത്രിമാരാകും, ആര്‍ക്കൊക്കെ ഏതൊക്കെയാവും വകുപ്പുകള്‍ എന്നിവയൊക്കെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണ് ജനാധിപത്യത്തില്‍ പതിവ്. എന്നാല്‍, യുഡിഎഫ് മന്ത്രിസഭ ഉണ്ടാകുന്നതിനു തലേന്നുതന്നെ ലീഗ് നേതാവ് തങ്ങളുടെ മന്ത്രിമാര്‍ ആരൊക്കെയെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നും പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി. പിന്നീട് ലീഗ് നേതാവ് മറ്റൊരു മന്ത്രിയെക്കൂടി പ്രഖ്യാപിച്ചു. അഞ്ചാം മന്ത്രി. ആ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട ചക്കളത്തിപ്പോരാട്ടങ്ങളാണ് സ്പീക്കര്‍പദവിയുടെവരെ അന്തസ്സ് കെടുത്തിക്കൊണ്ട് മുന്നേറുന്നത്. ആ മുന്നേറ്റത്തിലാണ് യുഡിഎഫ് ഘടകകക്ഷികള്‍ തെരുവില്‍ പരസ്യമായി ഏറ്റുമുട്ടുന്ന സ്ഥിതിപോലുമുണ്ടായിരിക്കുന്നത്. ഒരുവശത്ത് തെരുവിലെ ഏറ്റുമുട്ടല്‍. മറുവശത്താകട്ടെ, ഭരണഘടനാസ്ഥാപനങ്ങളുടെ വരെ ശോഭകെടുത്തല്‍. ഇതാണ് ഭരണത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ സ്പീക്കര്‍പദവിക്ക് ചാര്‍ത്തിക്കൊടുത്തിട്ടുള്ള മാന്യത അപ്പാടെ ചോര്‍ത്തിക്കളഞ്ഞ് ആ സ്ഥാനത്തെക്കൂടി തങ്ങളുടെ ജീര്‍ണിച്ച ഭരണരാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടിലേക്ക് വലിച്ചിഴയ്ക്കുകയാണ് യുഡിഎഫ്. രാഷ്ട്രീയനിരപേക്ഷമായി നിയമനിര്‍മാണസഭാകാര്യങ്ങള്‍ കൈകാര്യംചെയ്യേണ്ട സ്ഥാനമായാണ് സ്പീക്കര്‍പദവിയെ നമ്മുടെ ഭരണഘടന കാണുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിശ്വാസമാര്‍ജിച്ച് രാഷ്ട്രീയ പക്ഷപാതിത്വങ്ങളില്ലാതെ കാര്യങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകേണ്ട സ്ഥാനമാണത്. ആ കാഴ്ചപ്പാട് ഇടക്കാലത്തുണ്ടായ ഒന്നുരണ്ട് അപവാദങ്ങള്‍ ഒഴിച്ചാല്‍ കേരളത്തില്‍ പൊതുവെ പാലിക്കപ്പെട്ടുപോന്നിട്ടുണ്ടുതാനും. അങ്ങനെയാണ് ആര്‍ ശങ്കരനാരായണന്‍തമ്പി മുതല്‍ക്കിങ്ങോട്ട് നിരവധി പ്രമുഖര്‍ കേരളത്തിന്റെ നിയമനിര്‍മാണ സഭാചരിത്രത്തിന്റെ യശഃസ്തംഭങ്ങളായി ഉയര്‍ന്നുവന്നത്.
എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ സ്ഥിതി മാറുന്നു. രാഷ്ട്രീയക്കളത്തിലെ കരുവാക്കി സ്പീക്കര്‍സ്ഥാനത്തെ അവര്‍ അധഃപതിപ്പിക്കുന്നു. രാഷ്ട്രീയതാല്‍പ്പര്യത്തോടെ പ്രസ്ഗ്യാലറി പാസ് നിഷേധിച്ച സ്പീക്കര്‍തൊട്ട് കാസ്റ്റിങ് വോട്ടിലൂടെ നിഷ്പക്ഷത വെടിഞ്ഞ് ഭരണത്തെ താങ്ങിനിര്‍ത്തിയ സ്പീക്കര്‍വരെ ഇവിടെ ഉണ്ടായത് യുഡിഎഫ് ഭരണഘട്ടത്തിലാണ്. എത് ഭരണഘടനാസ്ഥാപനത്തിന്റെയും ശോഭകെടുത്താന്‍ ഒരു മടിയുമില്ലാത്തവരാണ് തങ്ങളെന്ന് ഇങ്ങനെ പല ഘട്ടങ്ങളിലായി യുഡിഎഫ് തെളിയിച്ചുകാട്ടിയിട്ടുണ്ട്. അത് വീണ്ടും ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നതാണ് കേരളം ഇപ്പോള്‍ കാണുന്നത്.
കുതിരക്കച്ചവടസമാനമായ അധികാര വീതംവയ്പിന്റെ കളത്തില്‍ സ്പീക്കര്‍സ്ഥാനവും വിലപേശി വില്‍ക്കാനുള്ള പദവിയായി യുഡിഎഫ് കാണുന്നു. സ്പീക്കറെ രാജിവയ്പിച്ച് മന്ത്രിയാക്കാനും മന്ത്രിയെ രാജിവയ്പിച്ച് സ്പീക്കറാക്കാനുമൊക്കെ അവര്‍ പുറപ്പെടുമ്പോള്‍ അപകടത്തിലാവുന്നത് ഭരണഘടന സ്പീക്കര്‍പദവിക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള സവിശേഷമായ മാന്യതയും അന്തസ്സുമാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a comment