അങ്കമാലിയിലെ പ്രധാനമന്ത്രി..!
കേരളം വളരെ വിചിത്രമായ ഒരു രാഷ്ട്രീയ കാലവസ്ഥയിലൂടെയാണു കടന്നു പോകുന്നത്. പ്രശ്നപരിഹാരമായി എന്നു കോണ്‍ഗ്രസ് മുന്നണിയുടെ അമരക്കാര്‍ പറയുന്നു. എന്തായിരുന്നു പ്രശ്നം എന്നു ചോദിക്കരുത്. മോഹന്‍ലാല്‍- പ്രയദര്‍ശന്‍ സിനിമയിലെ പ്രശസ്തമായ ഡയലോഗ് പോലെയാണു കാര്യങ്ങള്‍. "അങ്കമാലിയിലെ പ്രധാനമന്ത്രി" എന്നൊരു പ്രയോഗം ആ ഡയലോഗിലുണ്ട്. "വട്ടാണല്ലേ?" എന്നായിരുന്നു അതിനുള്ള മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പ്രതികരണം! കേട്ടവരെല്ലാം ചിരിച്ചു. എന്നാല്‍, ആ വട്ടും സത്യമാകാം എന്ന മട്ടിലായി കാര്യങ്ങള്‍..!
ഭൂരിപക്ഷം തികയാത്ത കേരള ഭരണകൂടത്തില്‍ അങ്കമാലിയില്‍ പ്രധാനമന്ത്രി മാത്രമല്ല, മലപ്പുറത്തു രാജാവും ഉണ്ടാകും..! അതും കോണ്‍ഗ്രസിന്‍റെ സമുന്നതരായ നേതാക്കളുടെ പദവികള്‍ വെറും തൃണം എന്നു പ്രഖ്യാപിച്ചുകൊണ്ട്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മാറുന്നു എന്നു കേട്ടു, അങ്കമാലിയില്‍ പ്രധാനമന്ത്രിയുണ്ടാകാന്‍ ! കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മന്ത്രിയാകുന്നു എന്നും കേട്ടു, മലപ്പുറത്തൊരു രാജാവിനെ വാഴിക്കാന്‍..!! അതായത് കേരളത്തിലെ ഒരു മുസ്ലിം ലീഗ് മന്ത്രിയുടെ പദവിയേക്കാള്‍ എന്തുകൊണ്ടും താഴെയാണു നിയമസഭാ സ്പീക്കര്‍, കെപിസിസി പ്രസിഡന്‍റ് തുടങ്ങിയ കസേരകള്‍ എന്ന്. അപ്പോള്‍ അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന സിനിമ ഡയലോഗ് ഒട്ടും അപ്രസക്തമല്ല. അങ്ങനെയും ഒരു പ്രധാനമന്ത്രി ആകാം, ഭൂരിപക്ഷം തികയാന്‍ കഷ്ടപ്പെടുന്ന സര്‍ക്കാരുള്ളപ്പോള്‍.
മഞ്ഞലാംകുഴി അലി മന്ത്രിയാകുന്നു. അനൂപ് ജേക്കബ് മന്ത്രിയാകുന്നു. സത്യപ്രതിജ്ഞ ഒന്നിച്ച്. മലയാളമണ്ണില്‍ ജനിച്ചവരാര്‍ക്കെങ്കിലും, കുത്തരിയുടെ ചോറുണ്ണുന്ന ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നോ? ഇല്ല. ഇവര്‍ എന്നെങ്കിലുമൊരിക്കല്‍ മന്ത്രിയാകും എന്നറിയാത്തവരാരുമില്ല. വകുപ്പൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല, കൊടിവച്ച ഒരു കാര്‍ നാട്ടുകാരുടെ ചെലവില്‍ കിട്ടിയാല്‍ മതി എന്ന് ആര്‍ത്തിമൂത്തു നാണംകെട്ടു പാഞ്ഞുനടന്നവരെ കേരളം കണ്ടു. പക്ഷെ നാണം എന്നത് എന്തെന്ന് അറിയാത്തവര്‍ മന്ത്രിക്കായി കടിപിടി കൂട്ടി അപ്പക്കഷണം, എല്ലിന്‍കഷണം നേടിയെടുത്തു..! ഒരു പദവി മതി, അത് "അങ്കമാലിയിലെ പ്രധാനമന്ത്രി" ആയാലും..!!
കേരളം കണ്ട ഏറ്റവും വലിയ കുതന്ത്രശാലിയായ ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്‍ കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ടോട്ടല്‍ വക്കാലത്ത് ഏറ്റെടുത്തു ചാനലുകളില്‍ ആടിത്തിമിര്‍ത്തപ്പോള്‍ പലരും മുഖം ചുളിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞതുപോലെയായില്ലേ കാര്യങ്ങള്‍..! "മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും, ശെല്‍വരാജ് എന്ന എക്സ് സിപിഎം എംഎല്‍എ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും" എന്ന് ആ നേതാവ് പറഞ്ഞത് പോലെ നടക്കുന്നു.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ് ഉമ്മന്‍ചാണ്ടിക്കു കീഴില്‍ മന്ത്രിയായിരിക്കുക എന്ന വഴി പറഞ്ഞുകൊടുത്തതും പ്രചരിപ്പിച്ചതും ആരായിരുന്നു? കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വരത്തനായ നേതാവ്, ക്യാബിനറ്റ് റാങ്കുള്ള യുഡിഎഫ് ചീഫ് വിപ്പ്, പി.സി. ജോര്‍ജ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും യുഡിഎഫിന്‍റെയും ആകമാന വക്താവായി മാറിയത് പാവം കോണ്‍ഗ്രസുകാര്‍ മാത്രം അറിഞ്ഞില്ല..! യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഗവര്‍ണറാകാന്‍ യോഗ്യന്‍ എന്നു പരസ്യമായി മാര്‍ക്കിട്ടതും ഇദ്ദേഹം തന്നെ. മുരളീധരനല്ല സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് പറഞ്ഞതും ഈ ആളില്ലാ പാര്‍ട്ടിയുടെ നേതാവ്. നെയ്യാറ്റിന്‍കര കോണ്‍ഗ്രസിന്‍റെ മണ്ഡലമാണെങ്കിലും അവിടെ ശെല്‍വരാജ് മത്സരിക്കുമെന്നു പ്രഖ്യാപിച്ചതും ഈ നേതാവ്! ശെല്‍വരാജ് 33,000 വോട്ടിനു ജയിക്കുമെന്നു ചാനലുകളില്‍ പറഞ്ഞതും ഇദ്ദേഹം... വീരശൂര പരാക്രമികളായ വയലാര്‍ - തമ്പാനൂര്‍ രവിമാരൊക്കെ ഇതു കേട്ട് അമ്പരന്നിരുന്നു!
ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും സാധാരണ കോണ്‍ഗ്രസുകാര്‍ നിര്‍ജീവരായി നിന്നതെന്തുകൊണ്ട് എന്നതു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കണ്ടെത്തട്ടെ. എന്നാല്‍ "അങ്കമാലിക്കും ഒരു പ്രധാനമന്ത്രിയാകാം, മലപ്പുറത്തിനൊരു രാജാവുമാകാം" എന്നു പാവം ഗാന്ധിയന്‍ പാര്‍ട്ടിക്കാര്‍ എന്നേ അംഗീകരിച്ചുകഴിഞ്ഞിരുന്നു എന്നു വ്യക്തം. ഉമ്മന്‍ചാണ്ടി ക്രിസ്ത്യന്‍ മന്ത്രിമാരുടെ ലിസ്റ്റിലും ആര്യാടന്‍ മുഹമ്മദ് മുസ്ലിം മന്ത്രിമാരുടെ ലിസ്റ്റിലും ഇടംപിടിച്ചപ്പോള്‍, അതങ്ങനെയല്ല എന്നു മിണ്ടാനാവാതെയിരുന്ന കോണ്‍ഗ്രസുകാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഇനി എന്നെങ്കിലും വാ തുറക്കാനാവുമോ? മിണ്ടിയില്ലെങ്കില്‍ അങ്കമാലിയിലും ഒരു പ്രധാനമന്ത്രിയുണ്ടാകും എന്നു മനസിലായിക്കാണും, ഇപ്പോള്‍.
അവിടെയാണു കെ. മുരളീധരന്‍ എന്ന കെ. കരുണാകരപുത്രന്‍റെ പ്രസക്തി. മുരളി രണ്ടുംകല്‍പ്പിച്ച് ഉച്ചത്തില്‍ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ ഈ അഞ്ചാംമന്ത്രിയും രാജ്യസഭാ സീറ്റും എന്നേ മണ്ണുംചാരി നിന്നവര്‍ കൊണ്ടുപോയേനെ. ഇപ്പോള്‍ കൊണ്ടുപോയില്ലേ എന്നു ചോദിക്കാം. പക്ഷേ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നു പറഞ്ഞത് അന്വര്‍ഥമാക്കിയാണു മുരളീധരന്‍ ശക്തമായി ഇടങ്കോലിട്ടത്. അതോടെ കോണ്‍ഗ്രസില്‍ പുതിയൊരു ധ്രുവീകരണമായി. "ഇയാള്‍ പറയുന്നതും ശരിയല്ലേ" എന്നു പല കോണ്‍ഗ്രസുകാരും പരസ്യമായി ചോദിച്ചുതുടങ്ങി. കോണ്‍ഗ്രസ്സിലുണ്ടായ പുത്തന്‍ ധ്രുവീകരണം ഗ്രൂപ്പുകള്‍ മറികടന്നു കടുത്ത വര്‍ഗീയ ലൈനില്‍ത്തന്നെ ആയി എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
കെപിസിസി പ്രസിഡന്‍റിനെ, കേരളത്തിലെ സ്പീക്കറെ, മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാരെ മുസ്ലിംലീഗിന്‍റെ ഒരു വരത്തന്‍ മന്ത്രിക്കു പകരമായി വച്ചുമാറാനുള്ളതാണെന്നു പ്രചരിപ്പിക്കാന്‍ ഇടയാക്കിയ രാഷ്ട്രീയ സാഹചര്യം കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ ആരെങ്കിലും നാളെയെന്നെങ്കിലും ചര്‍ച്ച ചെയ്യുമോ? സാധ്യതയില്ല. മതവും ജാതിയുമാണു സാഥാനാര്‍ഥിയാകാനും എംഎല്‍എയാകാനും പിന്നെ മന്ത്രിയായാകാനുമുള്ള യോഗ്യതകള്‍ എന്നു കോണ്‍ഗ്രസുകാര്‍ ഇനിയെങ്കിലും സമ്മതിച്ചുതരുമോ? അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം മുതല്‍ എല്ലാം മത- ജാതി സമവാക്യമനുസരിച്ചു വീതം വയ്ക്കേണ്ടതാണെന്നു കോണ്‍ഗ്രസുകാര്‍ വാശിപിടിക്കുമോ? കേരളത്തിലെ ഏറ്റവും വലിയ ജനസമൂഹമായ ഈഴവരുടെ പ്രതിനിധികളിലൊരാള്‍ മുഖ്യമന്ത്രിയാകട്ടെയെന്നും (അതു വയലാര്‍ രവിയാണെന്നും) അംഗീകരിക്കുമോ? ഇതിനൊക്കെ ഉത്തരം പലരും മനസില്‍ കണ്ടുകഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പാണ് ജനങ്ങളുടെ മനസില്‍. അവിടെ ചിലപ്പോള്‍ പിറവം ആവര്‍ത്തിക്കണമെന്നില്ല.
ശെല്‍വരാജ് ആണു നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്നു പ്രഖ്യാപിച്ച ചീഫ് വിപ്പ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ആരാണ്? കോണ്‍ഗ്രസുകാര്‍ പറയട്ടെ. സിപിഎമ്മുമായുള്ള, പിണറായി വിജയനുമായുള്ള ആശയവ്യത്യാസത്തിന്‍റെ പേരില്‍ എംഎല്‍എ സ്ഥാനം വലിച്ചെറിഞ്ഞ ശെല്‍വരാജ് എങ്ങനെ കോണ്‍ഗ്രസിനും യുഡിഎഫിനും പെട്ടെന്നു പ്രിയങ്കരനായി എന്നതിന് ഉത്തരം വൈകാതെ കിട്ടിയേക്കും.
ഒരു മന്ത്രി വരുന്നതിനു പകരം കേരളത്തിലെ ഒരു മന്ത്രിസഭ അപ്പാടെ മാറിമറിയുന്നു എന്ന വിചിത്രമായ സാഹചര്യം രാജ്യത്തുതന്നെ അപൂര്‍വം. മുന്‍കൂട്ടി പ്രഖ്യാപിച്ച ഒരു മന്ത്രിയെ മുന്‍നിശ്ചയിച്ച സ്ഥാനത്തു വയ്ക്കണമെങ്കില്‍ മറ്റൊരു മന്ത്രി കൂടി സ്ഥാനമേല്‍ക്കണം എന്ന വാശി അതിലും അപൂര്‍വം. അത് നടപ്പായി എന്നത് അതിനേക്കാള്‍ ഭീകരം. എന്തായാലും കേരളം അതിവിചിത്രമായ ഒരു കാലഘട്ടത്തിലൂടെത്തന്നെയാണു പോകുന്നത്. രസകരമാണു കാര്യങ്ങള്‍. ഒപ്പം പേടിപ്പെടുതുന്നതും. കേരളത്തിന്‍റെ ഭാവി അത്ര ശുഭകരമല്ല എന്നതു മാത്രമാണ് നഗ്നമായ സത്യം.
No comments:
Post a Comment