Monday, 23 April 2012

[www.keralites.net] സ്വര്‍ഗത്തിലേക്കുള്ള വഴി

 

സ്വര്‍ഗത്തിലേക്കുള്ള വഴി

'അതാ ആ വരുന്നയാളെ ശ്രദ്ധിക്കൂ. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒരാളെ കാണണമെങ്കില്‍ അദ്ദേഹത്തെ നോക്കൂ.'

വാതിലുകള്‍ തള്ളിത്തുറന്നു കടന്നുവന്ന സഅ്ദുബ്ന്‍ അബീവഖ്ഖ്വാസ്വിനെ ചൂണ്ടിയാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്. മസ്ജിദുന്നബവിയില്‍ നബി(സ്വ)ക്കു ചുറ്റും കൂടിയിരുന്ന അനുചര സമൂഹം കടന്നുവരുന്നയാളെ നോക്കി. ഭാഗ്യവാന്‍ തന്നെ. ഭാഗ്യവാന്‍.

സഅദിനു കൈവന്ന ഈ നേട്ടത്തിനു കാരണമെന്തായിരിക്കും? കൂടിയിരുന്നവര്‍ ഓരോരുത്തരും ചിന്തിച്ചു. സഅദ് നാമാരും ചെയ്യാത്ത വല്ല സല്‍ക്കര്‍മവും ചെയ്യുന്നുണ്ടോ? മദീനാശരീഫിലെ സാധാരണ കുടുംബാംഗമാണ് സഅദ്. നമ്മെപ്പോലെ ഒരു വിശ്വാസി. ഇതില്‍ കവിഞ്ഞ് സ്വര്‍ഗം മുന്‍കൂര്‍ ഉറപ്പിക്കാന്‍ മാത്രം വലിയ കര്‍മം വല്ലതും ചെയ്യുന്നതായി നാമറിഞ്ഞിട്ടില്ല. സല്‍കര്‍മികള്‍ക്ക് സ്വര്‍ഗം നല്‍കുമെന്ന് അല്ലാഹുവിന്റെ വാഗ്ദാനമാണ്. പക്ഷേ, സ്വര്‍ഗ കവാടത്തില്‍ കാല്‍കുത്തുമ്പോഴല്ലാതെ അതുറപ്പിക്കാന്‍ മാര്‍ഗമില്ല. എന്നാല്‍ സഅദിനിതാ നബി(സ) ഉറപ്പുനല്‍കിയിരിക്കുന്നു. സ്വഹാബികളുടെ ചിന്തകള്‍ ഈ വഴിക്കുനീങ്ങി. പലരും പലതും ആലോചിച്ചു. സഅദിനോട് ആര്‍ക്കും അസൂയയില്ല. എന്നാല്‍ സ്വര്‍ഗം കിട്ടാനുള്ള കാരണം കണ്ടെത്തിയാലേ അവര്‍ക്ക് ആശ്വാസമാകൂ.

ഏതായാലും ഒന്ന് നിരീക്ഷിക്കുകതന്നെ. അബ്ദുല്ലാഹിബ്ന്‍ അംറ് തീരുമാനിച്ചു. പക്ഷേ, പകല്‍ സമയം മാത്രം പോരല്ലോ നിരീക്ഷണം. രാത്രിയില്‍ ഉറക്കൊഴിച്ച് അദ്ദേഹം വല്ലകര്‍മങ്ങളും ചെയ്യുന്നുണ്ടെങ്കിലോ. അതുകൂടി നിരീക്ഷിക്കണമെങ്കില്‍ രാത്രി സഅദിനോടൊപ്പം കഴിയണം. അതിനെന്ത് പോംവഴി? അബ്ദുല്ല(റ) ആലോചിച്ചു. അവസാനം എന്തോ തീരുമാനിച്ചുറച്ചപോലെ അബ്ദുല്ല സഭയില്‍ നിന്നെഴുന്നേറ്റു. എന്തോ സ്വകാര്യം പറയാനെന്നമട്ടില്‍ സഅദിന്റെ അരികെ ചേര്‍ന്നിരുന്നു.

'ഞാന്‍ എന്റെ ഉപ്പയുമായി ചെറിയ സൌന്ദര്യപ്പിണക്കത്തിലാണ് സഅദേ'.

'അബ്ദുല്ലാ, എന്താ നീ ഈ പറയുന്നത്?'

സഅദ് അബ്ദുല്ലാഹിബ്ന് അംറിനോട് ആശ്ചര്യത്തോടെ ചോദിച്ചു.

"ചെറിയ പിണക്കമാണ്. പക്ഷേ, മൂന്നു ദിവസം ഞാനാവീട്ടില്‍ താമസിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുന്നു"

"എന്നിട്ട്?"

"മൂന്നുനാള്‍ വീടുവിട്ട് മാറിനില്‍ക്കുകതന്നെ. നിന്റെ വീട്ടില്‍ താമസിക്കാന്‍….?"

'ശരി. ഞാന്‍ സൌകര്യപ്പെടുത്താം."

അന്ന് രാത്രി സഅദ് വീട്ടിലെത്തിയപ്പോള്‍ കൂടെ അബ്ദുല്ലയും ഉണ്ടായിരുന്നു. വിരുന്നുകാരന് നല്ല സല്‍ക്കാരം. ഉറങ്ങാനായപ്പോള്‍ സഅദിന്റെയടുത്ത് തന്നെ പായവിരിച്ചു. തലയിണയും പുതപ്പുമൊക്കെ ഒരുക്കിവെച്ചു ക്ഷണിച്ചു. "ഇതാ ഇവിടെ കിടക്കാം".  വിരിപ്പില്‍ വന്നിരുന്ന അബ്ദുല്ല ഉറങ്ങുകയല്ല; നിരീക്ഷിക്കുകയാണ്.

കിടക്കപ്പായയില്‍ വന്നിരുന്നു. സഅദ് ചില ദിക്റുകള്‍ ചൊല്ലി. വിളക്കു കെടുത്തി. ഒലീവിന്റെ ഗന്ധം പരത്തിയ ചെറിയ പുകച്ചുരുള്‍ അപ്പോള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു. ഖിബ്ലക്കു തിരിഞ്ഞു നീണ്ടുനിവര്‍ന്നദ്ദേഹം കിടന്നു. അബ്ദുല്ല ഉറക്കം വരാതെ തിരി ഞ്ഞും മറിഞ്ഞും കിടന്നു. ഉറങ്ങാനും വയ്യ ഉറങ്ങാതിരിക്കാനും വയ്യ.

ഉറക്കം തളര്‍ത്തിക്കളഞ്ഞ സഅദ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് അബ്ദുല്ല ശ്രദ്ധിച്ചുകൊണ്ടിരുന്നു. സമര്‍ഥനും ധീരനുമായ ഈ മനുഷ്യനെയാണല്ലോ താന്‍ നിരീക്ഷിക്കുന്നതെന്ന് അബ്ദുല്ല ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു. ഉറക്കം വരാത്ത അബ്ദുല്ലയുടെ മനസ്സ് ഗതകാല സംഭവങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു: മക്കയില്‍ നിസ്കരിച്ചിരുന്ന ആദ്യകാല മുസ്ലിംകളെ അന്നാട്ടുകാരായ മതവിരോധികള്‍ ദേഹോപദ്രവം ചെയ്തിരുന്നു. മുസ്ലിംകള്‍ സംഘം ചേര്‍ന്ന് നിസ്കരിക്കുന്ന സമയത്താണ് അക്രമികള്‍ ഓടിയെത്തുക. ആദ്യം ചൂളംവിളി. പിന്നെ പരിഹാസം. മര്‍ദ്ദനം.

അന്നൊരു സായംസന്ധ്യയില്‍ ഒരു സംഘം നിസ്കരിക്കുന്നു. സഅദും അക്കൂട്ടത്തിലുണ്ടായിരുന്നു. പതിവുപോലെ ശത്രുക്കള്‍ നാനാഭാഗത്തു നിന്നും ഓടിയെത്തി. അവരുടെ വരവും പരിഹാസവും സഅദിനത്ര പിടിച്ചില്ല. കൂടുതല്‍ ആലോചിച്ചുനില്‍ക്കാതെ കയ്യില്‍ കിട്ടിയ ഒരസ്ഥി കൊണ്ട് സഅദ് ആഞ്ഞുവീശി. ശത്രുക്കളില്‍ ഒരാളുടെ തല പൊട്ടി രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി. ഇസ്ലാമിന്റെ സംരക്ഷണത്തിനുവേണ്ടി ചിന്തിയ ആദ്യരക്തം.

രാത്രിയില്‍ കിടന്നുറങ്ങാന്‍ ഭയം. അക്രമികള്‍ വളഞ്ഞ് കൊലപ്പെടുത്തിയാലോ? ഓരോ രാത്രിയും ഓരോരുത്തര്‍ കാവലിരിക്കുകയാണ് പതിവ്. അതനുസരിച്ച് നബി(സ്വ) ചോ ദിച്ചു.

"ഇന്നാരാണെനിക്ക് കാവലിരിക്കുക?" പെട്ടെന്ന് മറുപടി വന്നു. 'ഞാന്‍' ശബ്ദം കേട്ട് ആഇശ(റ) തിരിഞ്ഞുനോക്കുമ്പോള്‍ സഅദാണത്. അന്നുരാത്രി നബി(സ്വ)സുഖനിദ്ര. നിദ്രയിലെ നിരീക്ഷകനായിരുന്ന സഅദിനെയാണ് താനിപ്പോള്‍ നിരീക്ഷിക്കുന്നത്. അബ്ദുല്ല ഓര്‍ക്കുകയായിരുന്നു.

സഅദ്(റ) നേരം പുലരാറായപ്പോള്‍ എഴുന്നേറ്റു. വുളൂഅ് ചെയ്തു സ്വുബ്ഹി നിസ്കരിച്ചു. പാതിരാ നിസ്കാരമോ മറ്റോ അന്ന് കണ്ടില്ല. പകല്‍ സുന്നത്ത് നോമ്പുമില്ല.

അബ്ദുല്ലയുടെ നിരീക്ഷണം മൂന്നുദിവസം പിന്നിട്ടു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായ സഅദ് വല്ലതും സംസാരിക്കുന്നത് നല്ലതുമാത്രം. ഒരാളെപ്പറ്റിയും പരദൂഷണം പറയുന്നില്ല. ഇതല്ലാതെ കൂടുതല്‍ സല്‍കര്‍മങ്ങള്‍ ഒന്നും നിരീക്ഷണത്തില്‍ കണ്ടെത്തിയില്ല. പിന്നെന്തുകൊണ്ടാണദ്ദേഹം സ്വര്‍ഗാവകാശിയായത്? ദിവസം മൂന്നു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഇവിടെ നില്‍ക്കുന്നത് ശരിയല്ലെന്നു മനസ്സിലാക്കി അബ്ദുല്ല(റ) യാത്ര പറയാനൊരുങ്ങി.

"സഅദ് ഞാന്‍ പോകട്ടെ."

"നിനക്ക് പോകണമെങ്കില്‍ ഞാന്‍ തടയുന്നില്ല."

"സഅദേ, ഞാന്‍ ഉപ്പയുമായി പിണങ്ങുകയോ വഴക്കടിക്കുകയോ ചെയ്തിട്ടില്ല."

"പിന്നെയെന്തിനാണ് നീയിവിടെ വന്ന് താമസിച്ചത്?"

"അതിനൊരു കാരണമുണ്ട്."

"എന്നോട് പറയാമോ?"

"പറയാം. ഞങ്ങള്‍ നബി(സ്വ)യുടെ അടുത്ത് ഇരിക്കുമ്പോള്‍ മൂന്നുതവണ ഒരേ അനുഭവമുണ്ടായി. ഇപ്പോള്‍ ഒരാള്‍ കടന്നുവരും. അദ്ദേഹം സ്വര്‍ഗത്തില്‍ പോകുമെന്ന് നബി (സ്വ) പ്രവചിച്ചു. അതിനുശേഷം കടന്നുവന്നത് താങ്കളായിരുന്നു. അതിനാല്‍ താങ്കള്‍ ആ മഹല്‍സ്ഥാനം കൈവരിക്കാന്‍ എന്തു സല്‍കര്‍മമാണ് ചെയ്യുന്നതെന്ന് നിരീക്ഷിച്ചു മനസ്സിലാക്കി അതുപോലെ എനിക്കും സ്വര്‍ഗം നേടാമെന്ന് കരുതിയാണ് മൂന്നുനാള്‍ താങ്കള്‍ക്കൊപ്പം താമസിച്ചത്. പക്ഷേ, ഞങ്ങളൊക്കെ ചെയ്യുന്നതിലുപരിയായി ഒരു കര്‍മവും താങ്കളില്‍ കാണാന്‍ കഴിഞ്ഞില്ല. ഇനി പറയൂ, എന്താണ് താങ്കളുടെ ജീവിതരഹസ്യം?"

"എനിക്കറിയില്ല. പക്ഷേ, എന്റെ മനസ്സ് വളരെ ശുദ്ധമാണ്. ഒരു മനുഷ്യനെപ്പറ്റിയും തെറ്റായ ചിന്ത എന്റെ മനസ്സിലില്ല. ഒരാളെയും ദ്രോഹിക്കുന്ന സ്വഭാവമില്ല."

അബ്ദുല്ല(റ)ക്ക് കാര്യം പിടികിട്ടി.

"താങ്കളെ സ്വര്‍ഗാവകാശിയാക്കിയത് ഇതല്ലാതെ വേറെയൊന്നുമല്ല. എനിക്ക് സാധിക്കാത്തതും ഇതുതന്നെ."

*** * * * * ***

കഥാസാരം

ഹൃദയശുദ്ധിയാണ് ജീവിതവിജയത്തിന്റെ നിദാനം. അസൂയ, പക, വിദ്വേഷം തുടങ്ങി സര്‍വ്വ ദുര്‍ഗുണങ്ങളും നീക്കം ചെയ്ത് സ്നേഹം, വാത്സല്യം, സന്തോഷം തുടങ്ങിയ സദ്ഭാവങ്ങള്‍ ഹൃദയത്തെ അലങ്കരിക്കണം. അപ്പോഴേ ഈമാനിക പ്രഭ ഹൃദയത്തില്‍ വര്‍ഷിക്കുകയുള്ളൂ. കേവലം കര്‍മങ്ങള്‍ കൊണ്ട് രാപ്പകലുകള്‍ കഴിച്ചുകൂട്ടുന്ന ചിലരെ നാം കാണാറുണ്ട്. രാത്രിയില്‍ ഉറക്കമൊഴിച്ച് നിസ്കാരം, ഖുര്‍ആന്‍ പാരായണം, സുന്നത്ത് വ്രതം, ഇതൊക്കെയുണ്ടെങ്കിലും അന്യരെ ദ്രോഹിച്ചുകൊണ്ടിരിക്കും. ഏഷണിപറയും. കുറ്റപ്പെടുത്തും. അസഭ്യം പുലമ്പും. അവരുടെ മനസ്സ് ശരിയല്ല. ഹൃദയമാലിന്യങ്ങളില്‍ നിന്ന് മുക്തനാകുമ്പോഴേ സല്‍ക്കര്‍മങ്ങള്‍ ഫലപ്രമദാകുകയുള്ളൂ. ഹൃദയശുദ്ധിക്ക് രണ്ടുകാര്യങ്ങളാണ് വേണ്ടത്. ഒന്ന് സംഹാരം. രണ്ട് നിര്‍മാണം. അഹങ്കാരം, അസൂയ, കോപം, പക, ദുരാഗ്രഹം, പൊങ്ങച്ചം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ പാടേ സംഹരിക്കണം. എന്നിട്ട് യഥാസ്ഥാനത്ത് സ്നേഹം, വിനയം, ഭക്തി, സഹനം തുടങ്ങിയ സദ്ഗുണങ്ങള്‍ വെച്ചുപിടിപ്പിക്കണം. അത് വളര്‍ന്നുവലുതായി പൂവും കായും നല്‍കുന്നതാണ് സദ്പ്രവര്‍ത്തനങ്ങള്‍. ആ പ്രവര്‍ത്തനങ്ങള്‍ക്കു നല്ല മധുരമുണ്ടായിരിക്കും. കാരണം നല്ല വളം ചേര്‍ത്ത കൃഷിഭൂമിയില്‍ മുളച്ചുവളര്‍ന്നുണ്ടായതുകൊണ്ട്. ശുദ്ധമല്ലാത്ത ഹൃദയത്തിന്റെ ഉടമയുടെ കര്‍മങ്ങള്‍ പഴങ്ങളാണെങ്കിലും മധുരമുണ്ടായിരിക്കില്ല. കാരണം. വിളഭൂമി നന്നല്ല. അവ രാസവളം ചേര്‍ത്ത പഴം കണക്കെ വിഷമയമായിത്തീരുന്നു. ഒന്നാമിനത്തിലാണ് സഅദ്(റ)പെട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം സ്വര്‍ഗം നേടി വിജയിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment