Saturday 28 April 2012

[www.keralites.net] കല്ലായിപ്പോയ പ്രതിശ്രുത മന്ത്രിക്ക് ശാപമോക്ഷമായി...

 

.......................അക്കങ്ങളാണ് രാഷ്ട്രീയം. അക്കങ്ങളില്‍ കയറിയിറങ്ങിയുള്ള കളിയാണ് അധികാരം. തോറ്റപ്പോള്‍ പനമ്പിള്ളിയുടെ പ്രതികരണം ചരിത്രപ്രസിദ്ധം."എണ്ണിനോക്കിയപ്പോള്‍ എതിരാളിക്കായിരുന്നു കൂടുതല്‍ വോട്ട്" നാലിന്റെ പക്ഷത്താണ് കോണ്‍ഗ്രസ്. ലീഗിന്റെ ഏറ്റവും വലിയ സംഖ്യ അതാണെന്ന് അവര്‍ ആണയിടുന്നു. എന്നാല്‍ അഞ്ചാണ് വലുതെന്ന് ലീഗ്. അഞ്ചോളം വരുമോ നാല് എന്നാണവരുടെ ചോദ്യം. നാലോളം വരില്ല അഞ്ചെന്ന് കോണ്‍ഗ്രസ്. ലീഗിനെന്താണ് അഞ്ചിനോടിത്ര തഞ്ചം എന്ന് അറിയില്ല.
അടിയന്തര പരിഹാരത്തിന് ശ്രമം തുടങ്ങി. കാര്യം ഗൗരവമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നടപടികള്‍ തുടങ്ങി. പ്രശ്നം തീര്‍ക്കാനുള്ള യോഗം കൂടാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. മൂന്നംഗ സമിതി ആദ്യ യോഗം ചേര്‍ന്ന് അടുത്ത യോഗത്തിന്റെ തിയതി തീരുമാനിച്ച് പിരിഞ്ഞു. അടുത്ത യോഗം അടിയന്തരമായി ചേര്‍ന്ന് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ നാലംഗ സമിതിക്ക് രൂപം നല്‍കി. നാലംഗ സമിതിയുടെ ആദ്യയോഗം എവിടെച്ചേരണമെന്ന് തീരുമാനിക്കാന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്‍കി.
അഞ്ചംഗ സമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ക്രോഡീകരിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. മൂന്നംഗ സമിതി കരട് തയ്യാറാക്കി. ഈ കരട് പരിശോധിക്കാന്‍ നാലംഗ സമിതിയെ തെരഞ്ഞെടുത്തു. നാലംഗ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് കെപിസിസി നിര്‍വാഹക സമിതിയില്‍ വെക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. നിര്‍വാഹക സമിതിയോഗം വിളിച്ചു ചേര്‍ക്കാന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി. ഏഴംഗ സമിതി യോഗം ചേര്‍ന്നപ്പോള്‍ സമയത്തെക്കുറിച്ച് ധാരണയായില്ല എന്ന് ഏകകണ്ഠമായി തീരുമാനിച്ചു. തീരുമാനത്തിന്റെ വിശദവിവരങ്ങള്‍ പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ചു. 
 ആറംഗ സമിതിയുടെ ആദ്യയോഗം തീരുമാനമാവാതെ പിരിഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിച്ചു. സമയം തീരുമാനിച്ചു. മൂന്നംഗം ഉടന്‍ ഡല്‍ഹിക്ക് കുതിച്ചു. ഹൈക്കമാന്റിന് അവധിയായതിനാല്‍ തിരിച്ചു പോന്നു. വീണ്ടും യോഗം ചേരാന്‍ രണ്ടംഗ സമിതിക്ക് രൂപം നല്‍കി. യോഗം ചേരാനുള്ള തിയതിയെച്ചൊല്ലി വീണ്ടും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. എങ്കിലും നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടലിനെത്തുടര്‍ന്ന് കലണ്ടര്‍ നോക്കി തിയതി തീരുമാനിക്കാമെന്ന അഭിപ്രായ സമന്വയത്തിലെത്തി. ഇതിനിടയില്‍ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ജില്ലാ കലക്ടര്‍മാര്‍ കര്‍ശനമായി നിരോധിച്ചു.
മൂന്നു വാക്കില്‍ കൂടുതല്‍ പറയുന്നവരെ 144ാം വകുപ്പുപ്രകാരം ജയിലില്‍ അടക്കാന്‍ നിര്‍ദേശം നല്‍കി. മിണ്ടണ്ടെന്നും മിണ്ടാപ്പൂച്ചകള്‍ കലമുടച്ചാല്‍ മതിയെന്നും ഉത്തരവിറങ്ങി. സമിതി വീണ്ടും ഹൈക്കമാന്റിനെ സമീപിച്ചു. ഹൈക്കമാന്റ് പ്രശ്നം കേള്‍ക്കാമെന്ന് സമ്മതിക്കണമോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. അതിന് ദക്ഷിണേഷ്യ മുഴുവന്‍ ചുമതലയുള്ള മൂന്നു പേരെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കെപിസിസി യോഗം വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഒടുവില്‍ ഹൈക്കമാന്റിന്റെ തീരുമാനം വന്നു. പ്രശ്നം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്യണം. മറ്റൊരു സംസ്ഥാനത്തെയും ഇത് ബാധിക്കുന്നതല്ല. ചര്‍ച്ചക്ക് കേരളത്തെ സഹായിക്കാന്‍ ഒരു അഷ്ടവൈദ്യനെ അയക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചു. നിര്‍ദേശം നിര്‍വാഹക സമിതിയോഗം വിശദമായി ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചക്ക് ഒരു ഉപസമിതിക്ക് രൂപം നല്‍കി.
ഉപസമിതി ചര്‍ച്ച ചെയ്യാനുള്ള വിഷയവുമായി ഡല്‍ഹിക്ക് കുതിച്ചു. ഹൈക്കമാന്റ് അവരെ ഓടിച്ചിട്ട് തല്ലി. ഹൈക്കമാന്റ് പ്രശ്നത്തില്‍ കാര്യമായി ഇടപെട്ടിട്ടുണ്ടെന്ന് തിരിച്ചെത്തിയ ഉപസമിതി വാര്‍ത്താലേഖകരെ അറിയിച്ചു. പ്രശ്നം ഇനി നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നും ചുരുക്കിക്കൊണ്ടു വരാമെന്നും നിര്‍വാഹക സമിതി ഏകകണ്ഠമായി തീരുമാനിച്ചു. അതിനു വേണ്ടി യുഡിഎഫ് യോഗം ചേരണമെന്ന് നിര്‍ദേശിക്കാനുള്ള കെപിസിസി യോഗത്തിന് മുന്നോടിയായ ജില്ലാ നേതൃയോഗങ്ങളുടെ തീയതി തീരുമാനിക്കാന്‍ പത്തംഗ പ്രത്യേക സമിതിക്ക് രൂപം നല്‍കി. പാവം..പാവം..അഞ്ചാം മന്ത്രി!. മിന്നുകെട്ടുന്നതും കാത്ത്, പുതുക്കങ്ങളണിഞ്ഞ്, മൈലാഞ്ചിയും പൂശി കുത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു തികഞ്ഞു. പ്രതിശ്രുത മന്ത്രിയുടെ ഇരിപ്പ് കണ്ട് അണികള്‍ ചങ്കു പൊട്ടി നിലവിളിച്ചു.
"..ന്റ ബദരീങ്ങ്ളെ..ന്റ പുള്ളേന്റെ ഇരുപ്പ് കണ്ടാ..നല്ല ന്ലാവുദിച്ച പോലേണ്ടാര്‍ന്ന ന്റ പുള്ള ബാടിക്കരിഞ്ഞിരിക്ക്ണ കണ്ടാ..അത്തറും പൂശി, പൗണ്ടറും മിനുക്കി ചൊകചൊകാന്നിരുന്ന ന്റ പുള്ളേന്റ മോന്തേന്റ ശെയ്പ് കണ്ടാ..അടക്കേന്റെ തൊണ്ടൊണങ്ങ്യ പോലായല്ലൊ പടച്ചോനെ... ഇങ്ങനത്തെ ഒരു കൊടും ശതി പടച്ചോന്‍ പൊറുക്കൂല്ലാ..ഇന്നാവും മന്ത്രി, നാളെയാവും മന്ത്രി, നാളെ കയിഞ്ഞാവും മന്ത്രി എന്നെല്ലാം ങ്ങ്ള് എത്ര തവണ പറഞ്ഞ് കൊതിപ്പിച്ച്. ശീറിപ്പായണ ബണ്ടിക്കകത്തൊള്ള ആ പോക്കും, പോലീശുകാര് കൈപൊക്കി തൊയ്കണതും..ന്റ റബ്ബേ സുബര്‍ക്കം തായിത്ത് ബന്നന്നല്ലെ ന്റ പുള്ള കര്തീത്..നാലാം കുളീം കയിഞ്ഞ് അഞ്ചാം മന്ത്രിയാകാന്‍ ശുറുമ എയ്തിയിരുന്ന ന്റ പുള്ളേനോട് ന്തിനാ ങ്ള് ഈ ശതി ശെയ്തത്..കോയിക്ക് അദ് ബന്നട്ടും ന്റ പുള്ളക്ക് മന്ത്രീന്റ പട്ടുറുമാലൊന്ന് ശുറ്റാന്‍ പറ്റീല്ലല്ലാ... കൊല്ലമൊന്ന് കയിഞ്ഞിട്ടും ന്റ പുള്ള പൊര നെറഞ്ഞ് നിക്കേയായിരുന്നില്ലേ..ഓരോ ബണ്ടി ബരുമ്പയും ഓടിച്ചെന്ന് നോക്കും..അപ്പ്ളാണ് അറിയണത് അതെന്റ പുള്ളക്കൊള്ള ബണ്ട്യല്ലാന്ന്.സൊപ്നം കണ്ട് കണ്ട് ന്റ പുള്ള മെലിഞ്ഞ് മെലിഞ്ഞ് ഇല്ലാണ്ടായി. എല്ലാരും മന്ത്രിക്കാറീക്കേറി ശീറിപ്പാഞ്ഞ് പോകണേം കണ്ട് ന്റ പുള്ള മാത്രം തിണ്ണപ്പൊറത്തിരുന്ന് എണ്ണിപ്പെറുക്കണ കണ്ടാ..തയ്ച്ചുബെച്ച പുതിയ ശില്‍ക്ക് കുപ്പായം പാറ്റ നക്കി ഓട്ടയാക്കി. രണ്ടാനേക്കൊടുത്താലും കൊഴപ്പൂല്ലാര്‍ന്ന്. എന്തിനാ ങ്ങ്ള് ആശ കൊടുത്തത്.. "

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment