Thursday 5 April 2012

[www.keralites.net] പാര്‍ട്ടി കോണ്‍ഗ്രസ്‌!!!!!!!!!!

 

വി എസ് അച്യുതാനന്ദനെ ഔദ്യോഗിക വിഭാഗം പൂര്‍ണമായും അവഗണിച്ചു.

 പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ വി എസ് അച്യുതാനന്ദനെ ഔദ്യോഗിക വിഭാഗം പൂര്‍ണമായും അവഗണിച്ചു. സമ്മേളനത്തിനെത്തിയ വി എസിനെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗൗനിക്കാതിരുന്നപ്പോള്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച പ്രത്യേക സപ്ലിമെന്റില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുതിര്‍ന്ന നേതാവായ വി എസ് തീര്‍ത്തും ഒറ്റപ്പെട്ടവനെപ്പോലെ കാണപ്പെട്ടു. 1964-ല്‍ സി പി എം രൂപീകരിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയായ വി എസിനെ അപമാനിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. പതിവുപോലെ സമ്മേളനത്തിന്റെ കാര്യപരിപാടി തുടങ്ങാറാകുമ്പോള്‍ കടന്നുവന്ന് ശ്രദ്ധ നേടാനാണ് വി എസ് ഇന്നലെയും ശ്രമിച്ചത്. ടാഗോര്‍ ഹാളിന് മുന്‍വശം സജ്ജീകരിച്ച മൈതാനത്തിലായിരുന്നു പതാക ഉയര്‍ത്തല്‍ ചടങ്ങ്. വി എസ് വരുന്നതിന് തൊട്ടുമുമ്പ് സീതാറാം യെച്ചൂരി എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് സ്വീകരിച്ച പിണറായി വിജയന്‍ വി എസ് വന്നപ്പോള്‍ ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്നു. വി എസ് എത്തിയെന്ന് വൊളണ്ടിയര്‍ ക്യാപ്റ്റര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പിണറായി ചിരിച്ചെന്ന് വരുത്തി ഗൗരവം തുടര്‍ന്നു. പിണറായിക്ക് സമീപമിരുന്ന മുതിര്‍ന്ന നേതാവ് ആര്‍ ഉമാനാഥും വൃന്ദാകാരാട്ടും സീതാറാം യെച്ചൂരിയും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പി ബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വി എസ് ഉദ്ഘാടന സെഷനില്‍ വേദിയില്‍ ഇരുന്നെങ്കിലും നേതാക്കളാരും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചില്ല. സമ്മേളനത്തോടനുബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച 14 പേജുള്ള സപ്ലിമെന്റില്‍ നിന്നാണ് വി എസിനെ അവഗണിച്ചത്. പ്രകാശ് കാരാട്ടും പിണറായി വിജയനും വൃന്ദാകാരാട്ടുമുള്‍പ്പെടെയുള്ള നേതാക്കള്‍ ലേഖനം എഴുതിയപ്പോള്‍ വി എസിന്റെ ലേഖനം ദേശാഭിമാനിയില്‍ ഉള്‍പ്പെടുത്തിയില്ല. വി എസിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പി ബി അംഗം സീതാറാം യെച്ചൂരിയും ലേഖനം നല്‍കാന്‍ തയ്യാറായില്ല. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ഡി പിയുടെ നോമിനിയായി പൊന്നാനിയില്‍ മത്സരിച്ച ഹുസൈന്‍ രണ്ടത്താണിയുടെ ലേഖനം വരെ സപ്ലിമെന്റില്‍ ഉള്‍പ്പെടുത്തിയപ്പോളാണ് പാര്‍ട്ടി രൂപീകരിക്കാന്‍ മുമ്പിലുണ്ടായിരുന്ന നേതാവിനെ അവഹേളിച്ചത്. പി ബി അംഗവും പ്രിസീഡിയം ചെയര്‍മാനുമായ എസ് രാമചന്ദ്രന്‍പിള്ള അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ വി എസിന്റെ അച്ചടക്ക ലംഘനത്തെപ്പറ്റി ചെറിയ പരാമര്‍ശം ഉണ്ട്. എന്നാല്‍ വി എസിനെ കരുതിക്കൂട്ടി അക്രമിക്കുക എന്ന രീതിയാവും കേരളത്തില്‍ നിന്ന് പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഔദ്യോഗിക വിഭാഗം നേതാക്കള്‍ സ്വീകരിക്കുക. ഇത് വി എസിന്റെ പി ബി പുന:പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാകും. സീതാറാം യെച്ചൂരിയെപ്പോലുള്ള ചുരുക്കം കേന്ദ്ര നേതാക്കള്‍ മാത്രമാണ് വി എസിനെ അനുകൂലിക്കാനുള്ളത്. പാര്‍ട്ടിയില്‍ കറിവേപ്പിലയുടെ അവസ്ഥയിലായ വി എസിനെ കേന്ദ്രകമ്മിറ്റിയില്‍പ്പോലും ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിലപാടാവും ഔദ്യോഗിക വിഭാഗം സ്വീകരിക്കുക. പി ബിയിലേക്കുള്ള പ്രവേശനം തടയാന്‍ എതിര്‍പക്ഷം ഒരുമുഴം നീട്ടിയെറിയുമെന്ന് വ്യക്തം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment