Saturday, 21 April 2012

[www.keralites.net] അഞ്ചാം മന്ത്രിയും സമുദായ സന്തുലന സിദ്ധാന്തവും - സി.ദാവൂദ്

 

അഞ്ചാം മന്ത്രിയും സമുദായ സന്തുലന സിദ്ധാന്തവും - സി.ദാവൂദ്

അനൂപ് ജേക്കബിനെ മന്ത്രിയാക്കുന്നതില്‍ വരുത്തുന്ന കാലവിളംബം പിറവത്തെ വോട്ടര്‍മാരോട് കാണിക്കുന്ന വഞ്ചനയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവിച്ചത് ഏപ്രില്‍ നാലിനാണ്. അതേ സുകുമാരന്‍ നായര്‍ തന്നെയാണ് അനൂപിനെയും മഞ്ഞളാംകുഴി അലിയെയും മന്ത്രിമാരാക്കാനുള്ള യു.ഡി.എഫ് തീരുമാനം വന്നപ്പോഴേക്ക് സാമാന്യ മര്യാദ ഉപേക്ഷിച്ച് പച്ച വര്‍ഗീയവാദം ചാനലുകളിലൂടെ വിളിച്ചു പറയാന്‍ തുടങ്ങിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായി മന്ത്രിസഭയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്നു, അതിനാല്‍ കേരളം തകരാന്‍ പോകുന്നുവെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആക്രോശങ്ങള്‍. അനൂപ് ജേക്കബ് എന്ന ന്യൂനപക്ഷക്കാരനെ വിജയിപ്പിക്കാന്‍ ഉത്സാഹിക്കുകയും വിജയിച്ചപ്പോള്‍ മന്ത്രിയാക്കാന്‍ ആവേശം കാണിക്കുകയും ചെയ്ത സുകുമാരന്‍ നായര്‍ ഇപ്പോള്‍ സന്തുലനത്തെക്കുറിച്ച് ബഹളം വെക്കുമ്പോള്‍ അതിനെന്താണര്‍ഥം? ന്യൂനപക്ഷമല്ല, മറിച്ച് ഒരു മുസ്ലിം സമുദായക്കാരന്‍ മന്ത്രിയായി എന്നതാണ് സുകുമാരന്‍ നായരുടെ അടിസ്ഥാന പ്രശ്നം എന്നാണിത് കാണിക്കുന്നത്. സുകുമാരന്‍ നായര്‍ വെടിപൊട്ടിച്ചപ്പോഴേക്ക് അതേറ്റെടുക്കാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബി.ജെ.പിയുമെല്ലാം ഒന്നിക്കുന്നതാണ് പിന്നീട് കണ്ടത്. ഈ ബഹളങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്ല കവറേജും നല്‍കി. ഭ്രാന്തമായ വര്‍ഗീയതയിലേക്ക് കേരളീയ രാഷ്ട്രീയം പോകുന്നുവോയെന്ന് ഭയന്നുപോയ സന്ദര്‍ഭം.

യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? സമുദായ സന്തുലനം തകരുന്നുവെന്നതാണ് പ്രശ്നമെങ്കില്‍ അത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ. കേരളപ്പിറവി മുതലിങ്ങോട്ടുള്ള സംസ്ഥാന മന്ത്രിസഭകള്‍ നമ്മളെടുത്തു പരിശോധിക്കുക; സുകുമാരന്‍ നായര്‍ നടത്തിയതുപോലുള്ള ജാതികീറല്‍ ഓരോ മന്ത്രിസഭയെക്കുറിച്ചും നടത്തുക; ഇത്രയും കാലം ഏതെല്ലാം ജാതി/സമുദായക്കാര്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായി, എന്തെല്ലാം പദവികള്‍ ഏതെല്ലാം സമുദായങ്ങള്‍ക്ക് എത്ര അളവില്‍ നല്‍കി എന്നൊരു പരിശോധന. പുതിയ സന്തുലന സിദ്ധാന്ത പ്രകാരം അവയെ പട്ടിക തിരിക്കുക -ഇപ്പോള്‍ സമുദായ സന്തുലനത്തിന് വേണ്ടി വാദിക്കുന്നവര്‍ അതിന് സന്നദ്ധരാവുമോ? അങ്ങനെ അസന്തുലിതമായി /കൂടുതല്‍ പദവികള്‍ നേടിയ സമുദായങ്ങള്‍ പ്രായശ്ചിത്തം ചെയ്ത് പദവികള്‍ മറ്റ് സമുദായങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ സന്നദ്ധമാവുമോ? വേണ്ട; ചരിത്രത്തിലേക്കൊന്നും പോവേണ്ടതില്ല, മഞ്ഞളാംകുഴി അലി എന്നൊരാള്‍ മന്ത്രിയായപ്പോഴാണല്ലോ സര്‍വതാളവും തെറ്റിയതായി എല്ലാവരും വ്യാഖ്യാനിക്കുന്നത്. അലിയെ മാറ്റിനിര്‍ത്തിയാലുള്ള മന്ത്രിസഭയുടെ സന്തുലനമെന്താണ്? കേരളത്തില്‍ 20 ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ സമൂഹം. മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പും ആ സമൂഹത്തില്‍ നിന്നാണ്; കൂടാതെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും ക്രിസ്ത്യന്‍ സമുദായത്തിന് തന്നെ. ഇതില്‍ ആര്‍.എസ്.പി ബിയുടെ ഷിബു ബേബിജോണ്‍ (ലാറ്റിന്‍ ക്രിസ്ത്യന്‍), ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ (നാടാര്‍ ക്രിസ്ത്യന്‍) എന്നിവര്‍ ഒഴികെ ബാക്കിയെല്ലാവരും സവര്‍ണ ക്രിസ്ത്യാനികള്‍. സന്തുലന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ സുകുമാരന്‍ നായരുടെ സമുദായം 12 ശതമാനം വരും. നാല് മന്ത്രിമാരും സ്പീക്കറും ആ സമുദായത്തില്‍ നിന്ന്; കൂടാതെ കെ.പി.സി.സി പ്രസിഡന്റും നായര്‍ തന്നെ. അതായത്, സവര്‍ണ നായന്മാരും സവര്‍ണ ക്രിസ്ത്യാനികളും ചേര്‍ന്ന് മന്ത്രിസഭയുടെ പകുതിയും നിറഞ്ഞിരിക്കുന്നു. എന്നാല്‍, 25 ശതമാനത്തിലേറെയുള്ള മുസ്ലിം സമുദായത്തില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍; അലി വരുമ്പോള്‍ അത് ആറാവുന്നു. അപ്പോഴേക്ക് സംസ്ഥാനത്തിന്റെ സാമുദായിക സന്തുലനം അടിമേല്‍ മറിയുമെന്നാണ് സവര്‍ണ ജാതി മേധാവികള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. 12 ശതമാനം വരുന്ന നായന്മാര്‍ അഞ്ച് പദവികള്‍ കൈവശം വെക്കുമ്പോള്‍ 26 ശതമാനം വരുന്ന ഈഴവര്‍ക്ക് രണ്ട് മന്ത്രിമാര്‍ മാത്രം. എന്നിട്ടും സന്തുലനത്തെക്കുറിച്ച് സിദ്ധാന്തം പറയുന്നത് നായര്‍ സര്‍വീസ് സൊസൈറ്റിയും. 1960ല്‍ ആര്‍. ശങ്കറിനെ തഴഞ്ഞ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാന്‍ മന്നത്ത് പത്മനാഭന്‍ നടത്തിയ അതേ കുസൂത്രങ്ങള്‍ തന്നെയാണ് ഇപ്പോഴും പ്രയോഗിക്കപ്പെടുന്നത്. ഇത് മനസ്സിലാവാതെ പാവം നടേശ മുതലാളിയും സുകുമാരന്‍ നായരുടെ സൃഗാല തന്ത്രത്തില്‍ വീണുപോയി.

സന്തുലന മാപിനി വെച്ചുള്ള കളി കാബിനറ്റും കടന്ന് മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിലേക്ക് വരെ പോയി. ലീഗ് മന്ത്രിമാരുടെ സഹായികളുടെ സമുദായം നോക്കി സെക്രട്ടേറിയറ്റില്‍ മുസ്ലിം സൂനാമി എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. പക്ഷേ, ഈ കണക്കെടുപ്പ് അത്ര പെട്ടെന്ന് നിര്‍ത്തരുതായിരുന്നു. എല്ലാ മന്ത്രിമാരുടെയും പേഴ്സനല്‍ സ്റ്റാഫ്, വിവിധ വകുപ്പുകളുടെ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍, പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ തുടങ്ങി എല്ലാ തലത്തിലും ഇങ്ങനെയൊരു കണക്കെടുപ്പ് നടത്തുകയായിരുന്നു വേണ്ടത്. എന്നല്ല, പിന്നാക്ക സംഘടനകള്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഒരാവശ്യമാണ് ഇത്തരത്തിലുള്ളൊരു കണക്കെടുപ്പ്. അത് ലീഗ് മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫില്‍ മാത്രം പരിമിതപ്പെടുത്തി അവസാനിപ്പിച്ചത് എന്തുകൊണ്ടാണ്?
സുകുമാരന്‍ നായര്‍ ഇത്തരം പ്രചാരണം നടത്തുന്നത് മനസ്സിലാക്കാന്‍ കഴിയും. നൂറ്റാണ്ടുകളായി പിന്നാക്കക്കാരെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന പഴയ ആഢ്യബോധത്തില്‍ നിന്ന് മുക്തനാകാന്‍ അദ്ദേഹത്തിന് ഇനിയും സാധിച്ചിട്ടില്ല. കാലങ്ങളായി അധികാരത്തിന്റെ അചോദ്യ മാര്‍പ്പാപ്പയായി വിലസിയതിന്റെ ഗര്‍വ് നിറഞ്ഞ പാരമ്പര്യമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കിലും പുറത്തേക്ക് തെറിക്കുന്നത്. അടുത്ത കാലത്തായി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായ ഉണര്‍വുകളും തിരിച്ചറിവുകളും ഈ അധികാര ഗര്‍വിനെ ചെറുതായി പ്രഹരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതാണ് സുകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സവര്‍ണ ലോബിയെ അസ്വസ്ഥപ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍ വളരെ ലളിതമായി തീര്‍ക്കാമായിരുന്ന 'അഞ്ചാം മന്ത്രി' പ്രശ്നം ഇത്രയും സങ്കീര്‍ണമാവാന്‍ കാരണം സവര്‍ണ ലോബിയുടെ പിടിവാശിയും അധികാര ഹുങ്കുമാണ്.

ജാതി രാഷ്ട്രീയം ഇന്ത്യയില്‍ വളരുന്നുവെന്നത് 'പുരോഗമനവാദികള്‍' വലിയ പരാതിയായി ഉന്നയിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ എന്നും ജാതി രാഷ്ട്രീയം തന്നെയാണുണ്ടായിരുന്നത്. സവര്‍ണ മേല്‍ജാതിക്കാരുടെ രാഷ്ട്രീയ ആധിപത്യത്തെ മതേതര പുരോഗമന രാഷ്ട്രീയമായി നാം നിര്‍വചിച്ചു. പിന്നാക്ക വിഭാഗങ്ങള്‍, ആ രാഷ്ട്രീയത്തിലേക്ക് സജീവമായി പങ്കാളികളാവുകയും അധികാരത്തിലേക്ക് കടന്നുവരുകയും ചെയ്യുമ്പോള്‍ ജാതി മേലാളന്മാര്‍ പുരോഗമനം ചമഞ്ഞ് പിന്നാക്ക ഉണര്‍വുകളെ ജാതിരാഷ്ട്രീയം എന്നു പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. അതുകൊണ്ടാണ് എസ്.പിയും ബി.എസ്.പിയും ജാതി രാഷ്ട്രീയ പാര്‍ട്ടികളായി മുദ്രകുത്തപ്പെടുന്നത്. ജാതിയും ജാത്യാധിപത്യവും ഇന്ത്യയിലെ വലിയൊരു യാഥാര്‍ഥ്യമാണെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം തിരിച്ചറിഞ്ഞു (അത് തിരിച്ചറിയാന്‍ ഇത്രയും കാലമെടുത്തത് ആ പാര്‍ട്ടിയുടെ ജനിതക ദൗര്‍ബല്യം). എന്നിട്ടും പുതിയ പോളിറ്റ് ബ്യൂറോയിലും ശ്രേഷ്ഠ ബ്രാഹ്മണരെ കുത്തിനിറച്ചു തന്നെയാണ് സി.പി.എം മുന്നോട്ട് പോവുന്നത്. പക്ഷേ, ഈ ബ്രാഹ്മണാധിപത്യം മഹത്തായ മാനവിക ജനാധിപത്യമാണെന്ന് എല്ലാവരും മനസ്സിലാക്കിക്കൊള്ളണം! 1987ലേതുപോലെ ഹിന്ദു ഏകീകരണം നടത്തി രാഷ്ട്രീയ ലാഭം നേടാമെന്നാണ് ഇപ്പോള്‍ സി.പി.എം ആലോചിക്കുന്നത്. സി.പി.എമ്മിന് എളുപ്പത്തില്‍ എടുത്തുകളിക്കാവുന്ന കാര്‍ഡാണത്. അഞ്ചാം മന്ത്രി വിവാദത്തില്‍ പലപ്പോഴും എന്‍.എസ്.എസിനേക്കാള്‍ രൂക്ഷമായി സി.പി.എം നേതാക്കള്‍ പ്രതികരിക്കാന്‍ കാരണമതാണ്. പക്ഷേ, 1987ലേതില്‍ നിന്ന് വ്യത്യസ്തമായി ജനസംഖ്യാ ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് സി.പി.എം മനസ്സിലാക്കണം. മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളെ അപ്പാടെ ശത്രുപക്ഷത്ത് നിര്‍ത്തി പഴയ ഇ.എം.എസ് കളികള്‍ ആവര്‍ത്തിക്കാമെന്നാണ് അവര്‍ വിചാരിക്കുന്നതെങ്കില്‍ ഇടതുമുന്നണിയുടെ ചാവടിയന്തിരം അടുത്തുതന്നെ നടത്തേണ്ടി വരും.

അഞ്ചാം മന്ത്രിസ്ഥാനം മുസ്ലിംലീഗിന് ഏതു നിലയിലും അര്‍ഹതപ്പെട്ടതാണെന്ന് ഏവരും സമ്മതിക്കും-കോണ്‍ഗ്രസും അത് സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ അപമാനിച്ച് വശം കെടുത്തിയ ശേഷം, ലീഗിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയാണ് അഞ്ചാം മന്ത്രി സ്ഥാനം, പുതിയ വകുപ്പുകളൊന്നുമില്ലാതെ തന്നെ അനുവദിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് ഇതില്‍ ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. രാഷ്ട്രീയമായി അപമാനിച്ചുകൊണ്ടാണ് കേരളത്തിലെ അധികാര രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് മുസ്ലിംലീഗിന് പ്രവേശം നല്‍കിയത്. 1960ലെ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാതെ സീതി സാഹിബിനെ സ്പീക്കര്‍ മാത്രമാക്കി. അദ്ദേഹം മരിച്ചപ്പോള്‍ ലീഗില്‍നിന്ന് രാജിവെപ്പിച്ച ശേഷം മാത്രമേ സി.എച്ച്. മുഹമ്മദ്കോയക്ക് സ്പീക്കര്‍ പദവി നല്‍കിയുള്ളൂ. ലീഗിനെ അപമാനിക്കുക എന്ന കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ പൈതൃകത്തിന് മാറ്റം വന്നത് ലീഗ് വിനീത വിധേയനായി കീഴടങ്ങിക്കൊടുത്തതിന് ശേഷം മാത്രമാണ്. രാഷ്ട്രീയ മിതത്വം, പക്വത, അവധാനത എന്നിവ ലീഗിന്റെ മഹത്വമായി കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സവര്‍ണ മാധ്യമങ്ങളും ചാര്‍ത്തിക്കൊടുക്കാറുണ്ട്. ഒരര്‍ഥത്തില്‍ ഇത് ശരിയുമാണ്. അനാവശ്യമായ വിലപേശലുകള്‍ക്കും വാശികള്‍ക്കും ലീഗ് പലപ്പോഴും നില്‍ക്കാറില്ല. മുന്നണിയുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി അപ്രതീക്ഷിതമായ വിട്ടുവീഴ്ചകള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ഘടകകക്ഷി എന്നതായിരുന്നു എപ്പോഴും ലീഗിന്റെ നിലപാട്. എം.വി. രാഘവനും എ.കെ. ആന്റണിക്കും യഥാക്രമം അഴീക്കോടും തിരൂരങ്ങാടിയും കൈവെള്ളയില്‍ വെച്ചുകൊടുത്തതും ഈ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായായിരുന്നു. എന്നാല്‍, ഈ വിശാലത ചിലപ്പോള്‍ പോയിപ്പോയി സമ്പൂര്‍ണമായ കീഴടങ്ങലായും അടിമത്തമായും വരെ പരിണമിക്കാറുമുണ്ട്. എന്നല്ല, പൊതുസമൂഹത്തിന്റെ മുന്നില്‍ നല്ലപിള്ള ചമയാന്‍ വേണ്ടി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ ഒറ്റിക്കൊടുക്കാനും പിന്നില്‍ നിന്ന് കുത്താനും വരെ ലീഗ് സന്നദ്ധമായിട്ടുമുണ്ട്. ബാബരി മസ്ജിദ്, സിറാജുന്നിസ, മഅ്ദനി, തീവ്രവാദവേട്ടയുടെ പേരിലെ പീഡനങ്ങള്‍, ഏറ്റവും ഒടുവില്‍ ഇ-മെയില്‍ വിവാദത്തില്‍ വരെ ലീഗ് ഈ നിലപാടാണ് സ്വീകരിച്ചത്. എന്നല്ല, ഇത്തരം നിലപാടുകള്‍ (നിലപാടില്ലായ്മകള്‍) സ്വീകരിക്കുന്നതുകൊണ്ടാണ് സവര്‍ണ രാഷ്ട്രീയ മേലാളന്മാര്‍ക്ക് ലീഗ് സ്വീകാര്യവും പ്രിയപ്പെട്ടതുമാവുന്നത്. ലീഗിന് പുറത്തുള്ള, ഈ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നവരെ തീവ്രവാദികളാക്കുന്നതും ഈ രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമാണ്.

പുതിയ സാഹചര്യത്തില്‍ എല്ലാവരും ചേര്‍ന്ന് ലീഗിനെ വര്‍ഗീയവത്കരിക്കുന്നത് അഞ്ചാം മന്ത്രി വിഷയത്തില്‍, അണികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെങ്കിലും, ലീഗ് ശക്തമായ നിലപാടെടുത്തു എന്നതുകൊണ്ടാണ്. അതായത്, എപ്പോഴും കീഴടങ്ങുന്ന, ദുര്‍ബലമായ ലീഗിനെയാണ് സവര്‍ണ രാഷ്ട്രീയത്തിനാവശ്യം. അത് ലംഘിക്കുന്നവരെയെല്ലാം അവര്‍ പൈശാചികവത്കരിച്ച് വശംകെടുത്തും. അത് തിരിച്ചറിയാനെങ്കിലും പുതിയ വിവാദങ്ങള്‍ ലീഗിനെ സഹായിച്ചെങ്കില്‍ അത്രയും നന്ന്. പക്ഷേ, പുതിയ വിവാദത്തെ വിജയകരമായി കൈകാര്യം ചെയ്യുന്നതില്‍ ലീഗിന് ഏറെ പിഴച്ചു. തങ്ങളുയര്‍ത്തുന്ന രാഷ്ട്രീയ ദര്‍ശനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു യഥാര്‍ഥത്തില്‍ അഞ്ചാം മന്ത്രി വിവാദത്തിന്റെ ആശയപരമായ കാതല്‍. അത് തിരിച്ചറിഞ്ഞ്, പിന്നാക്കരാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയരത്തില്‍ ഉയര്‍ത്തിപ്പിടിക്കാനോ അതിനനുസരിച്ച് കാമ്പയിന്‍ നടത്താനോ ലീഗിന് സാധിച്ചില്ല. എന്നുമാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലേക്ക് തെറിമുദ്രാവാക്യങ്ങളുമായി അണികളെ പറഞ്ഞയക്കുകയായിരുന്നു അവര്‍. കാര്യങ്ങള്‍ വഷളാക്കുന്നതില്‍ ഇത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീര്‍ ഇടക്കിടെ നടത്തുന്ന ടെലിവിഷന്‍ കമന്റുകള്‍ മാത്രമാണ് ദിശയും വ്യക്തതയുമുള്ള രാഷ്ട്രീയത്തെ മുന്നോട്ടുവെച്ചത്. തങ്ങള്‍ കാലൂന്നി നില്‍ക്കുന്ന അധസ്ഥിത രാഷ്ട്രീയത്തിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ഈ വിവാദം ലീഗിന് നല്‍കുന്നത്. അല്‍പം കൂടി ഇച്ഛാശക്തിയോടെ, പിന്നാക്ക, അധസ്ഥിത, ന്യൂനപക്ഷ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ലീഗ് സന്നദ്ധമായാല്‍, അതിനനുസരിച്ചുള്ള രാഷ്ട്രീയ കൂട്ടായ്മകള്‍ സൃഷ്ടിക്കാനുള്ള ഭാവന കൈവശപ്പെടുത്തിയാല്‍, അത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ കേരളത്തില്‍ കൊണ്ടുവരും.

Regards,
Aneesh Jamshad.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment