Monday 5 March 2012

[www.keralites.net] “ഉദ്ധരേദാത്മനാത്മാനം”

 

പുനർജന്മവിശ്വാസമാണ് മറ്റു പല മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം
ഇതില്‍ നിന്ന് ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ് എന്നാ വിശ്വാസം . നന്നാകാൻ സ്വയം ശ്രമിച്ചാൽ മതി. "ഉദ്ധരേദാത്മനാത്മാനം" (സ്വയം ഉദ്ധരിക്കുക) എന്ന ഭഗവദ്ഗീതയുടെ ആഹ്വാനം ഹിന്ദുദർശനത്തിന്റെ ഒരു നല്ല മുദ്രാവാക്യമാണ്.
ഇവിടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ അതില്‍ നിന്നുള്ള വിശ്വാസങ്ങള്‍ ,ആദ്യം ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ചോദ്യം . ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി. ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ്. തേജസ്സ്, ഭൂമി, ജലം, വായു, അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു. ഹിരണ്യഗർഭൻ, വിരാട്പുരുഷൻ, പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യസൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. ഹിരണ്യഗർഭൻ വംശവർദ്ധനക്കായി ഒരിണയെ സൃഷ്ടിച്ചുവെന്ന് 'പ്രശ്നത്തിൽ' പറയുന്നു. ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ് ഒരു പരിധി വരെ .
ജഡവസ്തുക്കൾ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അവയ്ക്കു പൂർണ്ണത വരുത്താൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് ബ്രഹ്മത്തിനു തോന്നി. അങ്ങനെ താൻ കൂടി സ്വസൃഷ്ടിയിൽ പ്രവേശിച്ചതിന്റെ ഫലമാണ് ജീവന്റെ തുടിപ്പെന്നാണ് 'ഐതരേയം' പറയുന്നത്.
താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ ക്രമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗം വേണമെന്നതിനാൽ ചാതുർവർണ്ണ്യവും ധർമ്മവും സൃഷ്ടിച്ചു.ഈ പറഞ്ഞ ചാതുര്‍ വര്‍ണ്യം ഇന്നത്തെ ജാതിയില്‍ പെടുന്നതല്ല .ഓരോ കര്‍മങ്ങള്‍ക്ക് ഓരോരുത്തര്‍ എന്ന് ചിന്തിച്ചാല്‍ മതി .ജാതി വര്‍ണ്യം മനുഷ്യ നിര്‍മിതം തന്നെ . തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ വിനോദവ്യവഹാരം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താത്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ദൌത്യം ജന്തുലോകത്തെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. സന്താനോല്പാദനത്തിന്റെ പ്രാധാന്യമിതാണ്. മനുഷ്യലോകത്തെ ജയിക്കാൻ പുത്രനും, പിതൃലോകത്തെ ജയിക്കാൻ യജ്ഞവും, ദേവലോകത്തെ ജയിക്കാൻ വിദ്യയും വേണമെന്ന് ബൃഹദാരണ്യകം അനുശാസിക്കുന്നു. സന്താനസൃഷ്ടി അങ്ങനെ മനുഷ്യന്റെ കടമയായിത്തീരുന്നു.
വീടു പണിഞ്ഞ് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്നത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
അപ്പോള്‍ ഈ ശരീരം എപ്പോഴാണ് ഉണ്ടാകാൻ തുടങ്ങിയത് എന്നാ ചോദ്യം പ്രസക്തം ആകുന്നു ഇതിനെക്കുറിച്ച് ഐതരേയം എന്തു പറയുന്നു എന്നു നോക്കാം:
"പുരുഷ ഹവാ അയമാദിതോ ഗർഭോ ഭവതി യദേതദ്രേതഃ.
തദേതത് സർവേഭ്യോf ങ്ഗേഭ്യ സ്തേജഃ സംഭൂതമാത്മന്യേവാത്മാനം ബിഭര്തി.
തദ്യദാസ്തിയാം സിഞ്ചത്യഥൈനഞ്ജനയതി തദസ്യ പ്രഥമം ജന്മം."
ആദ്യം ഈ ഗർഭം പുരുഷന്റെ ശരീരത്തിൽ ഉണ്ടാകുന്നു. അത് വീര്യരൂപത്തിലാണ്. ഈ വീര്യം അംഗങ്ങളിൽ നിന്നും സംഭരിച്ചുണ്ടാക്കി; പുരുഷൻ ഈ ശരീരത്തെ സ്വന്തം ശരീരത്തിൽ വച്ചിരിക്കുന്നു. പിന്നീടത് സ്ത്രീഗർഭത്തിൽ സേചനം ചെയ്യുന്നു. അതിനെയാണ് പ്രഥമജന്മം എന്നു പറയുന്നത് .
അമ്മയുടെയോ അച്ഛന്റെയോ ശരീരത്തിലാണ് ജീവാത്മാവിന്റെ ഉല്പത്തിയെന്നാണ് പറയുന്നവര്‍ ഉണ്ട് . അമ്മയുടെ ശരീരത്തിൽ നിന്നുത്ഭവിക്കുന്നെന്ന് ഇവരിൽ ഭൂരിപക്ഷവും പറയും. ഇതും യുക്തി സമർത്ഥമല്ല. ശരീരത്തിൽ നിന്നും ശരീരം മാത്രമെ ഉണ്ടാകൂ. ശരീരമല്ല ആത്മാവ്. ശരീരത്തിൽ നിന്നും ഭിന്നമായ ചേതനവും അഭൌതികവുമായ സത്തയാണ് ആത്മാവ്. അതിനാൽ മാതാപിതാക്കളുടെ ശരീരത്തിൽ സന്താനത്തിന്റെ ജീവാത്മാവ് പിറക്കുന്നു എന്നത് ഉചിതമായ ഒരു നിഗമനമല്ല. മാതാപിതാക്കളുടെ ശരീരത്തിൽ ഒരു ജീവാത്മാവ് മുന്നേ തന്നെ സ്വന്തം വ്യക്തിത്വം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ മാതാപിതാക്കളുടെ ശരീരങ്ങൾക്ക് ആ ജീവത്മാവിനെ സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജീവാത്മാവിന്റെ തുടക്കം ഈ ജന്മത്തിലല്ലെന്നും മുന്നേ തന്നെ ജീവാത്മാവിന് അസ്തിത്വം ഉണ്ടായിരുന്നെന്നും ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയും.
ഒരു കുടുംബത്തിലെ നാലു കുട്ടി കളുടെ കഴിവും പ്രജ്ഞയും വിഭിന്നമാണെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുമ്പോൾ അവരത് വീട്ടില്‍ വന്നു നേടിയതല്ല, മറ്റെങ്ങുനിന്നോ നേരത്തെ സമ്പാദിച്ചതാണെന്നു ഗ്രഹിക്കാൻ പ്രയാസമില്ല. അവരുടെ കുടുംബത്തിലെ ചുറ്റുപാട് ഒന്നുതന്നെ ആണല്ലൊ. അപ്പോൾ ഇത്രയേറെ അന്തരം അവർക്കിടയിൽ ഉണ്ടായതെങ്ങനെയെന്നതിന് ഉത്തരം കിട്ടുകയില്ല. ഇങ്ങനെ ചിന്തിച്ചാൽ, ശാരീരിക ജീവിതത്തിന്റെ ആരംഭമല്ല ജീവാത്മാവിന്റെ ആരംഭം എന്നു ചിന്തിക്കാവുന്നതാണ്.
ജന്മത്തിനുമുമ്പ് എന്ത് എന്നതുപോലെ, മരണാനന്തരം എന്ത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ നാംഎന്നും മരിക്കുന്നു , മരിക്കാത്ത നിമിഷമില്ല. ശരീരത്തിന്റെ അല്പാംശമെങ്കിലും പ്രതിനിമിഷം നമ്മിൽ നിന്നും വേർപ്പെട്ടുപോകുന്നുണ്ട്. ശ്വാസം വിടുമ്പോൾ പ്രാണൻ പുറത്തു പോയി ബാഹ്യാന്തരീക്ഷത്തിൽ ലയിക്കുന്നു. വിയർപ്പും മലമൂത്രാദികളും ശരീരത്തിൽ നിന്ന് വേർപ്പെടുന്നു. നഖവും മുടിയും മുറിച്ചു കളയുന്നു(വിവാദം ചിന്തിക്കണ്ട ). പൊരിഞ്ഞ ത്വക്ക് ഉരച്ചു കളയുന്നു. കുറച്ചു ദിവസങ്ങൾകൊണ്ട് ശരീരത്തിലെ അണുക്കൾ ഒന്നില്ലാതെ ഒഴിഞ്ഞ് പുതിയതുണ്ടാകുന്നു. ഇത് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വേർപാട് വളരെ സാവധാനം സംഭവിക്കുന്നതുകൊണ്ട് നമ്മളാരും ഈ വിനാശപ്രക്രിയ അറിയുന്നില്ല. അങ്ങനെയിരിക്കെ ഒരുനാൾ ഈ ശരീരം മറിഞ്ഞു വീണു കിടക്കും. മടക്കാനോ നടക്കാനോ കഴിവില്ലാതാകും. ഇതിനെ മരണമെന്നു പറയുന്നു.
ആത്മാവിന്റെ അവസ്ഥ ചിന്തിച്ചാല്‍ മഹാകഷ്ടമാണ്. എന്തെല്ലാം ആഗ്രഹത്തോടെയാണ് അരിഷ്ടിച്ച് കഷ്ടപ്പാടോടെ കുറെകാലം ജീവിച്ചു തീർത്തത്. വല്ലതും നേടാറാകുമ്പോഴേക്കും അതാ കടന്നു വരുന്നു മരണമെന്ന വിഘ്നം. ആഗ്രഹസഫലീകരണമില്ലാത്ത ഈ ജീവിതാന്തത്തിന് എന്തർത്ഥമാണുള്ളത്.
ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്. ഇതിന് പുനർജന്മം എന്ന് സാമാന്യ സംജ്ഞയുണ്ട്. ഈ സിദ്ധാന്തപ്രകാരം മൃത്യുവും ജന്മവും രണ്ടുജീവിതങ്ങളുടെ വാതിലുകളാണ്. പുറത്തുകടക്കാൻ മൃത്യുദ്വാരം. അകത്തുകയറാൻ ജന്മദ്വാരം. ആത്മീകജീവനം അനാദിയും അനന്തവും ആയിരിക്കുന്നതുപോലെ, ശാരീരികജീവിതപ്രവാഹവും അനാദ്യനന്തങ്ങളാണ്. നിരന്തരം ആവർത്തിക്കുന്നതാണ്. ആത്മാവിന് മാറ്റമില്ല. ശരീരം മാറിമാറി വരും. ഇതാണ് പുനർജന്മസിദ്ധാന്തത്തിന്റെ ചുരുക്കം.
ജ്ഞാനിയായ ഒരു ഹിന്ദു മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരുമെന്നാണവന്റെ പ്രത്യാശ.അതാണ് അവസാന കാലത്തേ ചിന്തകള്‍ പുനര്‍ ജന്മ ബന്ധ മായി പറയുന്നതും .നല്ല ചിതകള്‍ മനസ്സില്‍ സൂക്ഷിച്ചാല്‍ അവസാന കാലത്ത് ആ ചിന്തകള്‍ നമ്മെ നന്മയിലേക്ക് കൂടി കൊണ്ട് പോകും എന്ന് പറയുന്നത് .


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment