കൊട്ടാരക്കരയില്‍ പിള്ള ഇടഞ്ഞു! രാവിലെ കാപ്പികുടി കഴിഞ്ഞ് പത്രം വായിക്കാനിരുന്നപ്പോഴാണ് ഇടച്ചിലിന്റെ ആദ്യലക്ഷണം കണ്ടത്. പാപ്പാന്മാര്‍ , മയക്കുവെടിക്കാര്‍ , ആംബുലന്‍സ്, പൊലീസ്, കടത്തുവഞ്ചി, എന്‍ എസ് എസ് കരയോഗങ്ങള്‍ എന്നിവര്‍ സജീവം. നാലു വണ്ടി വെള്ളമടിച്ച് ഫയര്‍ഫോഴ്സ് എന്തിനും തയ്യാര്‍ . പിള്ള അടങ്ങുന്നില്ല. ഇടഞ്ഞുതന്നെ. പൊലീസ് വഴിയരികിലെ താമസക്കാരെ മുഴുവന്‍ മാറ്റി. സ്കൂളുകള്‍ക്ക് അവധി നല്‍കി. എല്ലാ വഴികളിലും പൊലീസ് നിരന്നു. പിള്ള ഏതു വഴിയാണ് തിരിയുന്നതെന്നറിയില്ല. പിള്ളയല്ലെ! ഏതു വഴിയും തിരിയും. പിള്ളമനസില്‍ കള്ളമില്ല എന്നല്ലെ ചൊല്ല്. കള്ളം കയറിയാല്‍ പിന്നെ ഇറങ്ങുകയുമില്ല. കലി കയറിയാല്‍ കയറിയതു തന്നെ. എന്നാലും പിള്ള ചവിട്ടിയാല്‍ തള്ളക്ക് പരിക്കില്ലാത്തതുകൊണ്ട് യു ഡി എഫ് പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. ഇന്നോളം ഒരു തള്ളയും പിള്ള ചവിട്ടി പരിക്കേറ്റു എന്നു പറഞ്ഞ് യു ഡി എഫിനെയോ കെ പി സി സി പ്രസിഡന്റിനെയോ സമീപിച്ചിട്ടില്ല. പിള്ള ചവിട്ടിയാല്‍ പുള്ളക്കും പരിക്കില്ലെന്നാണ് പുതിയ ചൊല്ല്. ബാലകൃഷ്ണ പിള്ള എന്ന പിള്ള ചവിട്ടിയിട്ട് ഗണേഷ്കുമാര്‍ പിള്ള എന്ന പുള്ളക്ക് പരിക്കേറ്റോ? അതാണ് പിള്ള, ഇതാണ് പുള്ള! ആ പിള്ളയാണ് ഇടഞ്ഞിരിക്കുന്നത്.
ലതരം കേരളാ കോണ്‍ഗ്രസുകളില്‍ മുന്തിയ ഇനമാണ് കേരളാ കോണ്‍ഗ്രസ് (ബി). അപൂര്‍വ ഇനമാണ്. കുറ്റിയറ്റു പോകാന്‍ സാധ്യതയുള്ള ഒന്ന്. ഇത് ദേശീയ പാര്‍ക്കാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയും സീരിയലുമായൊക്കെ നടന്ന് ജന്മം തുലയ്ക്കുന്ന മകന് ഒരച്ഛന്‍ മനമുരുകി നല്‍കിയ ഒന്നാണ് ഇത്. ഇതിന് അങ്ങനെ കണ്ണീരിന്റെയും പിതൃ-പുത്ര ബന്ധത്തിന്റെ തീവ്രതയുടെയും വൈകാരിക സ്പര്‍ശമുണ്ട്. ഒരു നല്ല കച്ചവടക്കാരനാണെങ്കില്‍ നന്നായി ജീവിക്കാന്‍ ഒരു കേരളാ കോണ്‍ഗ്രസ് (ബി) മതി. അച്ഛന് ഇടക്കാലത്തൊന്ന് ജയിലില്‍ പോകേണ്ടി വന്നു. രാജ്യത്തിനു വേണ്ടിയല്ലെ, പോയേക്കാമെന്നു കരുതി. ഓരോരുത്തര്‍ എന്തെല്ലാം കാര്യത്തിന് ജയിലില്‍ പോകുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സഫലമാവുന്നത് ജയിലില്‍ പോകുന്നതോടു കൂടിയാണ്. ഓരോരുത്തരും ജയിലില്‍ പോയെന്ന് കേള്‍ക്കുമ്പോള്‍ കൊതിയാവുകയായിരുന്നു പിള്ളക്ക്. പണ്ടാണെങ്കില്‍ ഉപ്പു സത്യഗ്രഹം, സൈമണ്‍ കമ്മീഷന്‍ , ക്വിറ്റ് ഇന്ത്യ എന്നെല്ലാം പറഞ്ഞ് ജയിലില്‍ പോകാമായിരുന്നു. ഇപ്പോള്‍ അതു പറഞ്ഞ് പോകാന്‍ പറ്റില്ലല്ലോ!ഇന്നത്തെ കാലത്തിന് പറ്റിയ ഒരു കേസില്‍ പെട്ട് ജയിലില്‍ പോയി. എന്തായാലും പോയത് ജയിലിലല്ലേ? അതുമതി. പിള്ള ജയിലില്‍ പോയി വന്നതോടെ പുള്ള തറവാടു കുളം തോണ്ടി. പിള്ള നൂറു മേനി വിളയിച്ചിരുന്ന സ്ഥലങ്ങളൊക്കെ നാനാവിധമാക്കി. ആശ്രിതന്മാര്‍ക്കൊന്നും കഞ്ഞിയും വെള്ളവുമില്ല. എന്തിന് ഒരു റസീറ്റുകുറ്റി പോലും കൊടുക്കാതെ പട്ടിണിക്കിട്ടു.
പിള്ള ഇടഞ്ഞു. ആനപ്പുറത്തിരിക്കുന്ന കേരളാ കോണ്‍ഗ്രസ് (ബി)യുടെ തിടമ്പ് പിടഞ്ഞു. പിള്ള അടിമുടി കലികൊണ്ടു. പിള്ള മുന്‍കാല്‍ മണ്ണിലൊന്ന് ആഞ്ഞു ചവിട്ടി. മസ്തകം ഇളക്കി. തുമ്പിക്കൈ ആകാശത്തേക്ക് ചുഴറ്റിയെറിഞ്ഞു. ചിന്നം വിളിച്ചു. പ്രപഞ്ചം നടുങ്ങി. കൊട്ടാരക്കര പ്രത്യേകിച്ച് നടുങ്ങി. നാട്ടുകാര്‍ അടക്കം പറഞ്ഞു. " പിള്ളയെടഞ്ഞ്ന്നാ തോന്നണെ....ഇനിയെന്തൊക്കെയാ ഒണ്ടാവ്വാ... ഭഗവാനേ..." ജനങ്ങള്‍ വീട്ടിലേക്കോടി. ജനലും വാതിലും അടച്ചു. കടകളടച്ചു. തീവണ്ടികള്‍ നാടുവിട്ടു. പിള്ള കുതിച്ചു. വഴിയരികിലെ തെങ്ങുകള്‍ ചവിട്ടിമെതിച്ച്, കവുങ്ങുകള്‍ പിഴുതെടുത്ത്, ഇലക്ട്രിക് പോസ്റ്റുകള്‍ കുത്തിമറിച്ച് പിള്ള കുതിച്ചു. പാല്‍ , പത്രം, ആംബുലന്‍സ് എന്നീ അത്യാവശ്യ സര്‍വീസുകളെ ഒഴിവാക്കി. പിള്ള പുള്ളയുടെ ഓഫീസിലെത്തി. കാവല്‍ക്കാരന്‍ ജീവനുംകൊണ്ടോടി. ജീവനക്കാര്‍ നാലുപാടും പറന്നു. പക്ഷേ കൂട്ടത്തില്‍ നിന്നൊരുത്തനെ പിള്ള തുമ്പിക്കൈകൊണ്ട് കോരിയെടുത്തു. ആകാശത്തൊന്നു ചുഴറ്റി. തറയിലടിയ്ക്കണോ? ചവിട്ടിയരയ്ക്കണോ? ഒരു നിമിഷം പിള്ള ആലോചിച്ചു. ആകാശത്തു കറങ്ങുന്നവന്‍ എല്ലാ കേരളാ കോണ്‍ഗ്രസുകളെയും ഒപ്പം കണ്ടു. പെട്ടെന്നാണ് പിള്ളയോര്‍ത്തത്. " താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണല്ലോ. മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവന്‍ , വിശാല ഹൃദയന്‍ ,മാപ്പുകൊടുക്കേണ്ടവന്‍ ..." കുത്തുകയു!ം ചവിട്ടുകയും ഒന്നും വേണ്ട. അവനെ താഴെ നിര്‍ത്തി. പടെപടേന്ന് നാലെണ്ണം പുള്ളയുടെ പിള്ളയുടെ ചെള്ളക്ക് കൊടുത്തു ഈ പിള്ള. അതോടെ അണികളുടെ ആവേശം മോണപൊട്ടി ഒഴുകി. അവര്‍ വിളിച്ചു. "..കേരളാ കോണ്‍ഗ്രസ്(ബി) സിന്താബാദ്.
ബാലകൃഷ്ണ പിള്ള സിന്താബാദ്.. ധീരാ വീരാ പിള്ളേച്ചാ..
ധീരതയോടെ അടിച്ചോളൂ.. ലക്ഷം ലക്ഷം പിന്നാലെ.."
നാലെണ്ണം ഒന്നിച്ചടിക്കുന്നതിന് ചെറിയ കുറവുണ്ട്.175 രൂപ. ഭീഷണിക്കത്ത്- 25 രൂപ.
തട്ടിക്കൊണ്ടു പോകല്‍ -2500 രൂപ. പ്രസംഗം- 3000 രൂപ.
ക്വട്ടേഷന്‍ പിള്ള സിന്താബാദ്....
ഒരു സംശയം ഗുരോ.." " ചോദിക്കൂ ശിഷ്യാ.."
"ആര്‍ഷഭാരതത്തിന്റെ നിറമെന്താ ഗുരോ...?" " ആര്‍ഷഭാരതത്തിന് നിറമോ..?"
" അതെ ഗുരോ.." " എന്താ നിന്റെ സംശയത്തിന് നിദാനം ശിഷ്യാ..?"
" സംശയം വളര്‍ച്ചയുടെ ലക്ഷണമാണെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ..?" "ഉണ്ട് ശിഷ്യാ.."
"ഞാന്‍ വളരുകയാണ് ഗുരോ.." " ഓങ്കാരത്തിന് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല..ഗുരോ.." "ആത്മാവിന് നിറമുണ്ടോ ശിഷ്യാ..?"
"ഇല്ല ഗുരോ.." "ബ്രഹ്മത്തിന് നിറമുണ്ടോ ശിഷ്യാ..?"
"ഇല്ല ഗുരോ.." " തോന്നലുകള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ.." " വികാരങ്ങള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ.." " കര്‍മഫലങ്ങള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ" " ഋഷിവചനങ്ങള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ.." " പിന്നെ ആര്‍ഷഭാരതത്തിനു നിറമുണ്ടാവുന്നതെങ്ങനെ ശിഷ്യാ..?"
" ഇന്ത്യയില്‍ ആര്‍ഷഭാരത സംസ്കാരമല്ലെ ഗുരോ..?" " അതെ ശിഷ്യാ"
"കര്‍ണാടകം ഇന്ത്യയിലല്ലെ ഗുരോ..?" "അതെ ശിഷ്യാ.."
"അവിടെ ഭരിക്കുന്നത് ആര്‍ഷഭാരത പാര്‍ടിയല്ലെ ഗുരോ..?" "അതെ ശിഷ്യാ.."
" അവര്‍ കണ്ടത് നീലച്ചിത്രങ്ങളല്ലെ ഗുരോ..?" "ആണോ ശിഷ്യാ..?"
" അപ്പോള്‍ ആര്‍ഷഭാരതത്തിന്റെ നിറം നീലയല്ലെ ഗുരോ..?" " അറിയില്ല ശിഷ്യാ.."
" ഒരു സംശയം കൂടി ഗുരോ.." " വേണ്ട ശിഷ്യാ.."
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net