Monday 12 March 2012

[www.keralites.net] മലയാളികള്‍ക്ക് ശെല്‍വരാജിന്റെ തുറന്ന കത്ത്;

 

ഞാന്‍ സി.പി.എം. അംഗത്വവും നിയമസഭാംഗത്വവും രാജിവയ്ക്കാനുള്ള രാഷ്ട്രീയ കാരണങ്ങളും അനുഭവങ്ങളും രാജിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലും പ്രസ്താവനയിലും വ്യക്തമായി വിശദീകരിച്ചിരുന്നു. ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവഗണിച്ച് സി.പി.എം. നേതൃത്വവും ചില മാധ്യമങ്ങളും എനിക്കെതിരേ രണ്ടുദിവസമായി തുടര്‍ച്ചയായി ദുഷ്പ്രചാരണങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് എനിക്കു പറയാനുള്ളത് ഈ കുറിപ്പിലൂടെ പറയാന്‍ ശ്രമിക്കുകയാണ്. തെക്കന്‍ കേരളത്തിലെ സാധാരണക്കാരില്‍ ഒരാളാണു ഞാന്‍. അവര്‍ക്കിടയില്‍ ജീവിച്ചും പ്രവര്‍ത്തിച്ചും പഠിച്ച രാഷ്ട്രീയമേ എനിക്ക് അറിയൂ. എങ്കിലും രാജിയിലൂടെ ഞാന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെടുന്നതിനോടു പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

വര്‍ഷങ്ങളായി സി.പി.എമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളിലൊന്നും ഞാന്‍ സജീവപങ്കാളിയല്ല. 44 വര്‍ഷത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഏതെങ്കിലും സദാചാരവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലോ അഴിമതിയുടെ പേരിലോ ഒരു ആരോപണം എനിക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടില്ല. ഒരു അച്ചടക്ക നടപടിക്കും വിധേയനാകേണ്ടി വന്നിട്ടുമില്ല. മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷം ഔദ്യോഗിക ഗ്രൂപ്പിനോട് ഒപ്പമാണ് ഞാന്‍ നിലയുറപ്പിച്ചതും. വി.എസ്. ഉയര്‍ത്തിയ രാഷ്ട്രീയവും നയപരവുമായ ചില പ്രശ്‌നങ്ങള്‍ ശരിയാണെന്നു ഗ്രുപ്പ് വ്യത്യാസമില്ലാതെ പാര്‍ട്ടിയിലെ പലരും കരുതിയിരുന്ന പോലെ ഞാനും മനസിലാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രവര്‍ത്തനങ്ങളോടു യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപ്പം നില്‍ക്കുന്നവരെ ചതിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതത്തിലും വിമര്‍ശനമുണ്ടായിരുന്നു.


എന്നാല്‍, പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിച്ചശേഷം ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തരായി ചമഞ്ഞ ചില വ്യക്തികളും ഗ്രൂപ്പുകളും പാര്‍ട്ടിയെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനോട് എനിക്കു യോജിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയെ അങ്ങനെ റാഞ്ചി സ്വന്തമാക്കിയ തിരുവനന്തപുരത്തെ മാഫിയാ സംഘത്തിന്റെ അപ്രിയത്തിന് ഞാന്‍ ഇരയായത് അങ്ങനെയാണ്. ഒരു കാലത്തു തിരുവനന്തപുരം ജില്ലയില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ടയായിരുന്ന നെയ്യാറ്റിന്‍കര താലൂക്കില്‍ സി.പി. എമ്മിനെ മുഖ്യരാഷ്ട്രീയ ശക്തിയാക്കി മാറ്റാന്‍ ത്യാഗം സഹിച്ച നേതാക്കളുടെ മാതൃക പിന്തുടര്‍ന്ന് മര്‍ദനങ്ങളും പീഡനങ്ങളും കള്ളക്കേസുകളും ജയില്‍വാസവും അനുഭവിച്ചയാളാണു ഞാന്‍. അങ്ങനെയുള്ള എന്നെ പ്രവര്‍ത്തനമേഖലയില്‍നിന്നു പിഴുതെറിയാനും അവഹേളിച്ച് പുറന്തള്ളാനുമാണു ജില്ലാ നേതൃത്വത്തില്‍ പിടിമുറുക്കിയ ചിലര്‍ ശ്രമിച്ചത്.


ഈ അനുഭവം എന്റേതു മാത്രമായിരുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പേരെടുത്തു പറയാവുന്ന നൂറുകണക്കിനു ജില്ലാപ്രാദേശിക നേതാക്കളും നിസ്വാര്‍ഥപ്രവര്‍ത്തകരും ഇങ്ങനെ സംശയത്തിനും അവഗണനയ്ക്കും ഇരയായി. ചിലര്‍ നിശബ്ദരും നിസഹായരുമായി എല്ലാം സഹിച്ചു. ചിലര്‍ നിഷ്‌ക്രിയരായി. പലരും രാഷ്ട്രീയംതന്നെ മതിയാക്കി. പിടിച്ചുനില്‍ക്കാന്‍ മാര്‍ഗമില്ലാതെ ചിലരെല്ലാം മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നു. ഓരോ സമ്മേളനം കഴിയുന്തോറും കൂടുതല്‍ പേര്‍ കുറ്റാരോപിതരായിക്കൊണ്ടിരുന്നു. തെറ്റുകള്‍ തിരുത്താന്‍ മേല്‍കമ്മിറ്റികള്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷ പൂര്‍ണമായും അവസാനിച്ചത് ഈ സംസ്ഥാന സമ്മേളനത്തോടെയാണ്. രാജ്യവും ജനങ്ങളും നേരിടുന്ന നീറുന്ന ജീവിതപ്രശ്‌നങ്ങളായിരുന്നില്ല സമ്മേളനത്തിലെ ചര്‍ച്ചാവിഷയം എന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഈ അവസ്ഥയില്‍ സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തിലും നയപരിപാടികളിലുമുള്ള വിശ്വാസത്തോടുകൂടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടും എനിക്കെതിരേ വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ കരുക്കള്‍ നീക്കിയതുകൊണ്ടുമാണു ഞാന്‍ എല്ലാ പാര്‍ട്ടി പദവികളും നിയമസഭാംഗത്വവും ഉപേക്ഷിക്കാന്‍ ആലോചിച്ചത്.


സത്യസന്ധതയില്ലാത്ത പൊതുപ്രവര്‍ത്തനം ശീലിച്ചിട്ടില്ലാത്തതുകൊണ്ടും എനിക്കും കുടുംബത്തിനുമെതിരായ മാനസിക പീഡനങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയാത്തതുകൊണ്ടും ഞാന്‍ ഒറ്റയ്ക്ക് എന്റെ രാജി തീരുമാനം നടപ്പാക്കുകയായിരുന്നു. ഇതിലൂടെ ഞാന്‍ എന്നെപ്പോലെ വീര്‍പ്പുമുട്ടിക്കഴിയുന്നവരും പുറന്തള്ളപ്പെട്ടവരുമായ ആയിരക്കണക്കിനു കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാണ് ആഗ്രഹിച്ചത്. പിറവം തെരഞ്ഞെടുപ്പ് എന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ല. എന്റെ രാജിയുടെ സന്ദേശം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷരാഷ്ട്രീയത്തിനും ഉള്ളതാണ്. പാര്‍ട്ടി നേതൃത്വത്തിനും കോഴിക്കോട് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനും ചര്‍ച്ചചെയ്യാനുള്ള ഒരു വിഷയമായാണു രാജിയെ കണക്കാക്കുന്നത്.


ഈ രാഷ്ട്രീയ പ്രശ്‌നത്തെയാണു സി.പി.എം. ദുരാരോപണങ്ങളിലൂടെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. സി.പി.എം. താല്‍പര്യങ്ങള്‍ക്കു വഴങ്ങിയിട്ടിയാലും അല്ലെങ്കിലും ഈ രാഷ്ട്രീയ വസ്തുതകളെയാണ് വളച്ചൊടിച്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടി പറയുന്നത് ഞാന്‍ പിറവം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കാന്‍ ഗൂഢാലോചന നടത്തി, കോടികള്‍ കൈപ്പറ്റി പാര്‍ട്ടിയെ വഞ്ചിച്ചു എന്നെല്ലാമാണ്. ഒരു പദവിയും ഉപേക്ഷിക്കാതെ കോടികള്‍ കൈപ്പറ്റാനും പാര്‍ട്ടിയെ വഞ്ചിച്ചു നശിപ്പിക്കാനും മടിയില്ലാത്തവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ ഞാന്‍ അവഗണിക്കുന്നു. കോടികള്‍ സമ്പാദിക്കാനാണെങ്കില്‍ നാലേകാല്‍ കൊല്ലം ബാക്കിയുള്ള എം.എല്‍.എ സ്ഥാനം നിലനിര്‍ത്തി പലരും ചെയ്യുന്നതുപോലെ സമ്പാദിക്കാമായിരുന്നില്ലേ? തിരുവനന്തപുരം ജില്ലാ സെക്രട്ടറി മുതല്‍ സംസ്ഥാന നേതാക്കളില്‍ ചിലര്‍ വരെ എനിക്കെതിരേ കോടികളുടെയും ഗൂഢാലോചനയുടെയും വഞ്ചനയുടെയും കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല, പരാതിയുമില്ല.


പക്ഷേ, കാപ്പിറ്റല്‍ പണിഷ്‌മെന്റിനു ദിവസങ്ങളെണ്ണി കഴിയുന്ന വി.എസ്. അദ്ദേഹത്തിനു വര്‍ഷങ്ങളായി നേരിട്ടറിയാവുന്ന എന്നേപ്പറ്റി പൊതുവേദികളില്‍ ഈ കോടികളുടെ നുണക്കഥകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ എനിക്കും ചോദിക്കാമല്ലോ?


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷസ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഞങ്ങളെല്ലാം രാപ്പകല്‍ പണിയെടുക്കുമ്പോള്‍ അങ്ങു വോട്ടര്‍മാരോട് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തല്ലോ. അത് ആരുമായുള്ള ഗൂഢാലോചനയായിരുന്നു? എത്ര കോടിയായിരുന്നു പ്രതിഫലം?


തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം ഇടതുപക്ഷസ്ഥാനാര്‍ഥികളുടെ കൂട്ടത്തോല്‍വി കേട്ട് പൊട്ടിച്ചിരിച്ചല്ലോ. അതിലും കോടികളുടെ കുതിരക്കച്ചവടവും വര്‍ഗവഞ്ചനയും ഉണ്ടായിരുന്നോ?


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വിജയിച്ച കാട്ടാക്കട നിയോജകമണ്ഡലത്തില്‍ സംഭവിച്ചത് ആരും മറന്നിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് ചുമരെഴുത്തും ആദ്യവട്ട തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും നടന്നശേഷം, നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ അവസാനദിനത്തിന്റെ തൊട്ടുതലേന്ന് അരമണിക്കൂര്‍ മുമ്പു വരെ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചു കാത്തിരുന്ന നിരാശയായ ഡി.സി.സി. വനിതാ നേതാവിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആഫീസിലേക്ക് ആനയിച്ച് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലോ. ആ കുതിരക്കച്ചവടത്തില്‍ ആരാണു കോടികള്‍ കൈമാറിയത്?


ഇങ്ങനെ ചോദിക്കാവുന്ന ചോദ്യങ്ങളെല്ലാം ഞാനിപ്പോള്‍ ചോദിക്കുന്നില്ല. ഞാനേര്‍പ്പെട്ടതായി ആരോപിക്കുന്ന കുതിരക്കച്ചവടത്തില്‍ ഇടനിലക്കാരനായ പി.സി. ജോര്‍ജാണെന്നാണല്ലോ പറയുന്നത്. വലതുപക്ഷരാഷ്ട്രീയ ചേരിയില്‍നിന്ന് അടര്‍ത്തിയെടുത്ത് ജോര്‍ജിനെ ഇടതുപക്ഷ കുപ്പായമണിയിച്ച് പൂഞ്ഞാറില്‍ മത്സരിപ്പിച്ച് എല്‍.ഡി.എഫ്. എം.എല്‍.എയായും നേതാവുമായും എഴുന്നെള്ളിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. ആ ഇടപാടില്‍ ആരാണു കോടികള്‍ കൊടുത്തതും വാങ്ങിയതും എന്നുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാം.


എന്റെ രാജി പിറവം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എന്തോ നേട്ടമുണ്ടാക്കുമെന്ന അങ്കലാപ്പിലാണല്ലോ ഈ കോലാഹലങ്ങളെല്ലാം. ഞാന്‍ ഉന്നയിക്കുന്ന രാഷ്ട്രീയം കേരളത്തിന്റെ ഏതുപ്രദേശത്തിനും ബാധകമായതുകൊണ്ടു പിറവത്തെ വോട്ടര്‍മാരെയും അതു ചിന്തിപ്പിച്ചേക്കാം. പക്ഷേ, അതിനെക്കാളധികം പിറവത്തെ ഇടതുപക്ഷസമൂഹവും പാര്‍ട്ടി ബന്ധുക്കളും ചിന്തിക്കാനിടയുള്ളതു ബ്രാഞ്ച് മുതല്‍ സംസ്ഥാന സമ്മേളനം വരെ നടന്ന കാര്യങ്ങളാണ്. കേരളത്തിലാകെ കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങളുടെ പരീക്ഷണശാലയാണല്ലോ എറണാകുളം ജില്ല. വിഭാഗീയതയുടെ പേരിലുള്ള കുടിയിറക്കുകളും കൂട്ടക്കുരുതികളും കുതികാല്‍വെട്ടുകളും എല്ലാ വൃത്തികേടുകളും അരങ്ങേറിക്കൊണ്ടിരിക്കുന്നതും അവിടെയാണ്.


ഇന്ന് എറണാകുളത്തെ പാര്‍ട്ടി ഭരിക്കുന്നതാരാണ്. ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ആരെങ്കിലുമാണോ? രവീന്ദ്രനാഥും ലോറന്‍സും ജോസഫൈനും ശര്‍മ്മയും എല്ലാം ജീവിച്ചിരിക്കുമ്പോള്‍ അവരെയും പാര്‍ട്ടി പ്രവര്‍ത്തകരെ മൊത്തവും അവഹേളിച്ചുകൊണ്ടല്ലേ അവിടെ വിദേശഭരണം അടിച്ചേല്‍പിച്ചിരിക്കുന്നത്? അവിടുത്തെ തെരഞ്ഞെടുപ്പു ചുമതല പിറവത്തെയോ തൊട്ടയല്‍പക്കമായ കോട്ടയത്തെയോ നേതാക്കള്‍ക്കല്ല. കണ്ണൂരുകാര്‍ക്കാണ്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പിറവത്തെ ജനങ്ങള്‍ അവരുടെ അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തിയാല്‍ അത് എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കണ്ട.


സി.പി.എമ്മിന്റെ വഴിപിഴച്ച പോക്കിനെതിരേ വി.എസ്. നടത്തിയ പോരാട്ടം അദ്ദേഹം ഉപേക്ഷിച്ചിരിക്കാം. അതൊന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉന്നയിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സമ്മേളനം അവസാനിച്ചത്. എന്റെ രാജിയോടെ അതിനെല്ലാം വീണ്ടും ജീവന്‍വയ്ക്കും. അതിന്റെ അങ്കലാപ്പാണ് ഈ കോലാഹലങ്ങള്‍ക്കും നെറികെട്ട ആരോപണങ്ങള്‍ക്കും അടിസ്ഥാനം. ഞാന്‍ യു.ഡി.എഫില്‍ ചേക്കേറാന്‍ പോകുന്നെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകാന്‍ പോകുന്നെന്നുമാണു ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ നിഷേധിച്ചിട്ടും ആ നുണതന്നെ ആവര്‍ത്തിക്കുന്നത് ആരുടെ ഗൂഢാലോചനയാണ്? എത്രയാണ് അതിനു ചെലവഴിച്ചത്?


നാലേകാല്‍ വര്‍ഷം കൂടി കൈവശം വയ്ക്കാമായിരുന്ന എം.എല്‍.എ. സ്ഥാനം വലിച്ചെറിയാന്‍ മടിക്കാത്ത എന്നെയാണ് ഉറപ്പില്ലാത്ത സ്ഥാനാര്‍ഥിത്വത്തിന്റെയും പദവികളുടെയും പേരില്‍ അധിക്ഷേപിക്കുന്നത്. ഒരു കാര്യം കേരളത്തിലെ ജനങ്ങളോടു തുറന്നുപറയട്ടെ. ഞാന്‍ വലതുപക്ഷ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ കവിഞ്ഞൊരു രാഷ്ട്രീയവും ഇല്ല എന്ന വിചാരവും എനിക്കില്ല. എനിക്കുള്ളതെല്ലാം പാര്‍ട്ടിതന്നതാണ് എന്നു പറയുന്നുണ്ട്. അത് ഇപ്പറയുന്നവരേക്കാള്‍ നന്നായി എനിക്കറിയാം. പക്ഷേ, അതൊന്നും ആനാവൂര്‍ നാഗപ്പന്റെയും കടകംപള്ളി സുരേന്ദ്രന്റെയും പാര്‍ട്ടി തന്നതല്ല. എനിക്കു പണത്തിനോട് ആര്‍ത്തിതോന്നിയതുകൊണ്ടാണ് ഈ രാജി എന്നാണു കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നത്.


എന്റെ നാലുപതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തന ജീവിതവും കടകംപള്ളി സുരേന്ദ്രന്റെ പൊതുപ്രവര്‍ത്തന ജീവിതവും തിരുവനന്തപുരം ജില്ലയിലെ പൊതുസമൂഹത്തിനു മുന്നിലുണ്ട്. ഏതെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തിന്റെ നിഴലിന്റെ നിഴല്‍ പോലും എന്റെ പൊതുജീവിതത്തില്‍ ഇന്നേവരെ വീണിട്ടില്ല. ഞാന്‍ പഞ്ചായത്തുതലം മുതല്‍ നിയമസഭാതലം വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ പോലും എന്റെ പൊതുജീവിതത്തിലെ സംശുദ്ധിയെ ചോദ്യംചെയ്തിട്ടില്ല. സുതാര്യമായ ഒരു പൊതുജീവിതത്തിന് ഉടമയായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. എനിക്കതില്‍ മാര്‍ഗദര്‍ശികളായതു കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നിസ്വാര്‍ഥരും ത്യാഗികളുമായ നേതാക്കളുടെ ജീവിതശൈലിയായിരുന്നു.


കടകംപള്ളി സുരേന്ദ്രന്‍ സൂചിപ്പിച്ചതുപോലെ എനിക്കെല്ലാം നേടിത്തന്നത് എന്റെ പാര്‍ട്ടിയാണ്. എന്റെ പാര്‍ട്ടിയറിയാത്ത, എന്റെ പാര്‍ട്ടിയുടെ കൈയൊപ്പില്ലാത്ത യാതൊന്നും എന്റെ ജീവിതത്തിലില്ല. ഞാന്‍ മാത്രമല്ല ജില്ലയിലെ പതിനായിരക്കണക്കിനു കമ്യൂണിസ്റ്റുകാര്‍ അത്തരക്കാരാണ്. എന്നാല്‍ കടകംപള്ളി സുരേന്ദ്രനോ? തിരുവനന്തപുരത്തെ പുത്തന്‍കൂറ്റുകാരായ കമ്യൂണിസ്റ്റുകാരുടെ പുറത്തറിയുന്നതും അറിയാത്തതുമായ നിഗൂഢ സമ്പത്തിന്റെ വേരുകള്‍ ചെന്നെത്തിനില്‍ക്കുന്നത് മണിച്ചന്മാര്‍ കുന്നൂകൂട്ടിയിരിക്കുന്ന കള്ളപ്പണത്തിലാണ്. ഇതു ഞാന്‍ പുതുതായി ഉന്നയിക്കുന്ന ആരോപണമല്ല.


പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സൂക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളുടെ പഴയതാളുകള്‍ തുറന്നുനോക്കിയാല്‍ അര്‍ധരാത്രി സൂര്യനുദിച്ച പ്രതീതിയുണ്ടാകും. എത്രയെത്ര അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന ചുരുളുകളാണ് മേല്‍നടപടി ഇല്ലാതെ പൊടിയടിച്ചു കിടക്കുന്നത്. ചങ്കുറപ്പോടെതന്നെ എനിക്കു പറയാന്‍ കഴിയും, അക്കൂട്ടത്തിലൊന്നും ആര്‍. ശെല്‍വരാജിന്റെ പേരു കാണില്ല. കടകംപള്ളി സുരേന്ദ്രനോ ആനാവൂര്‍ നാഗപ്പനോ അങ്ങനെ നെഞ്ചില്‍ കൈവച്ചു പറയാനാകുമോ?


എന്നെപ്പോലെ വിദ്യാര്‍ഥിരാഷ്ട്രീയകാലം മുതല്‍ മര്‍ദനങ്ങളും ദുരിതങ്ങളും സഹിച്ച് പാര്‍ട്ടി വളര്‍ത്താന്‍ പരിശ്രമിച്ച് പുതിയ പാര്‍ട്ടിയുടെ രീതികളില്‍ മനം മടുത്ത് പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കി കഴിയുന്ന ജില്ലയിലെ ഉശിരന്‍ സഖാവ് ഉണ്ട്. ജില്ലാ കമ്മിറ്റിയില്‍നിന്നു സ്വയം പടിയിറങ്ങുമ്പോള്‍ സ്ഥാനമാനങ്ങള്‍ വച്ചുനീട്ടിയ നേതാക്കളോട് അദ്ദേഹം പറഞ്ഞതുതന്നെ ഞാനും പറയുന്നു: നിങ്ങളുടെ ഭൃത്യനായിരിക്കാന്‍ ഞാനില്ല. ഞാന്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു: ഒരു പാര്‍ട്ടിയുടെയും ഒരു മുന്നണിയുടെയും ദാസ്യവൃത്തിക്കു ഞാനില്ല. എനിക്ക് അതിന്റെ കൂലിയും വേണ്ട


ആര്‍. ശെല്‍വരാജ്


കടപ്പാട്: മംഗളം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment