Monday, 13 February 2012

[www.keralites.net] Article by Dr. Mathews Mar Gregorios

 

ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസ്
 
 
14-Feb-2012
 
 
"നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍"- ഗോഗുല്‍ത്താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രാമധ്യേ യറുശലേം പുത്രിമാരോട് യേശു പറഞ്ഞ ഈ വാക്കുകള്‍ ആനുകാലിക വാദകോലാഹലങ്ങള്‍ക്ക് ഉത്തമ മറുപടിയായി കാണാം.
 
ഏവരുടെയും ആദര്‍ശപുരുഷനാണ് യേശുക്രിസ്തു; എക്കാലത്തെയും വലിയ വിപ്ലവനേതാവും വിമോചന നായകനുമാണ്. യേശുക്രിസ്തു ആരുടെയും കുത്തകയല്ല. തന്റെ ആദര്‍ശങ്ങളും ജീവിതവും കുത്തകവ്യാപാരത്തിന് പ്രത്യേക സമൂഹത്തെ ഏല്‍പ്പിച്ചിട്ടുമില്ല.
 
മുസ്ലിങ്ങള്‍ക്ക് യേശു ഏറ്റവും വലിയ ഒരു പ്രവാചകനാണ്. ഹൈന്ദവര്‍ക്ക് ക്രിസ്തുവിനെ അവതാരപുരുഷനായി അംഗീകരിക്കുന്നതിന് ശങ്കയില്ല. സ്ഥിതിസമത്വത്തിനായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് ആദര്‍ശവാദികള്‍ ക്രിസ്തുവിനെ അവരുടെ വിപ്ലവനേതാക്കന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെ ക്രിസ്തീയ നേതൃത്വം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്.
 
യേശുക്രിസ്തു ചരിത്രപുരുഷനും കൂടിയാണ്. ക്രിസ്തുവിനെ മാതൃകയാക്കി അദ്ദേഹം മുന്നോട്ടുവച്ച പാത അനുസരിച്ച് ജീവിതം സമര്‍പ്പിക്കാന്‍ പൂര്‍ണ മനുഷ്യനു മാത്രമേ സാധിക്കൂ. ആ സാഹസത്തിന് കമ്യൂണിസ്റ്റുകാര്‍ താല്‍പ്പര്യം കാണിച്ചതിന് ചില ക്രിസ്തീയസഭകള്‍ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? ജനങ്ങളെ എന്തിനാണ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്?
 
വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ടി യോഗത്തില്‍ ഒരു സഭയിലെ വൈദികന്‍ പ്രസംഗിച്ചത് ഓര്‍ക്കുന്നു: "അരിവാള്‍ ചുറ്റിക നക്ഷത്രം അത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചിഹ്നം ആകുന്നതിനുമുമ്പേ ക്രിസ്ത്യാനികളുടെ ചിഹ്നം ആയിരുന്നു. പാടത്ത് പണിയെടുക്കാന്‍ കന്യാമറിയം ഉപയോഗിച്ചതാണ് അരിവാള്‍ . അതുപോലെ യൗസേഫ് പിതാവ് ആശാരിപ്പണിക്കുപയോഗിച്ച ചുറ്റികയും നമുക്ക് പ്രിയപ്പെട്ടതാണ്. മൂന്നാമതായി ചെങ്കൊടിയില്‍ കാണുന്ന നക്ഷത്രം വിദ്വാന്മാര്‍ കണ്ട അത്ഭുത നക്ഷത്രമാണ്. നക്ഷത്രം കണ്ടതിനാലാണ് ജ്ഞാനികളായ വിദ്വാന്മാര്‍ക്ക് യേശുദേവന്റെ അടുത്തെത്താനും കാഴ്ചകള്‍ അര്‍പ്പിക്കാനും കഴിഞ്ഞത്. നക്ഷത്രം യേശുവിലേക്കുള്ള വഴികാട്ടിയാണ്."
 
ഈ പ്രസംഗം നടത്തിയ വൈദികന്‍ സഭയില്‍ ഇന്നും ആത്മാര്‍ഥമായി ശുശ്രൂഷ നടത്തുന്നു. ഇപ്രകാരമുള്ള ധാരാളം വൈദികരും മേല്‍പ്പട്ടക്കാരും ക്രിസ്തീയവിശ്വാസികളും എല്ലാ സഭകളിലും കാണാന്‍ കഴിയും. ഇവരെ എല്ലാവരെയും നിരീശ്വരവാദികളെന്ന് വിധിയെഴുതിയാല്‍ എന്താവും കഥ.
 
യേശുക്രിസ്തു ചരിത്രപുരുഷനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ മുഖരൂപം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളൊന്നും നിലവിലില്ല. ഒരു യഹൂദ യുവാവിന്റെ ഭാവമാണ് യേശുവില്‍ ദര്‍ശിക്കേണ്ടത്. യേശുക്രിസ്തു നാസിര്‍ വ്രതമെടുത്ത വ്യക്തിയായിരുന്നുവോ? അതോ ക്ലീന്‍ ഷേവ് ആയിരുന്നോ എന്നത് വ്യക്തമല്ല. ഇന്നു നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചിത്രങ്ങള്‍ കലാകാരന്മാരുടെ ഭാവനകള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. യേശുക്രിസ്തുവിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങളില്‍ ചിലത് അതിമനോഹരവും ചിലത് വികൃതവുമാണ്. ചൈനക്കാരുടെ യേശു മഞ്ഞനിറമുള്ളവനും മൂക്ക് പരന്നിരിക്കുന്നവനുമാണ്. ഒരു യഥാര്‍ഥ ചൈനക്കാരന്‍ എന്നുതന്നെ പറയാം. ആഫ്രിക്കക്കാരുടെ യേശു തനി ആഫ്രിക്കനാണ്. കറുത്ത യേശുവിനെയല്ലാതെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലാറ്റിനമേരിക്കക്കാര്‍ക്ക് അവരുടെ നിറത്തിലും രൂപത്തിലുമുള്ള വിമോചകനായിട്ടു മാത്രമേ യേശുവിനെ സ്വാഗതംചെയ്യാന്‍ സാധിക്കൂ. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ഉപയോഗിക്കുന്ന യേശുവിന്റെ ചിത്രങ്ങള്‍ക്ക് യൂറോപ്യന്‍ മണവും രുചിയുമാണുള്ളത്. എന്നാല്‍ , ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്കാരത്തിനുമനുസരിച്ച് ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ നമ്മുടെ കലാകാരന്മാര്‍ ശ്രമിച്ചാല്‍ അതിനെതിരെ ആര് പ്രതികരിച്ചാലും അത് യുക്തവും ക്രിസ്തീയവുമല്ല.
 
വേദപുസ്തകപ്രകാരം മാര്‍ക്കോസിന്റെ മാളികയില്‍വച്ചാണ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യഅത്താഴം കഴിച്ചത്. പക്ഷേ, ഈ അത്താഴത്തിന്റെ ചിത്രമെടുക്കാന്‍ വേണ്ട ക്രമീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. യേശുക്രിസ്തുവോ തന്റെ ശിഷ്യന്മാരോ അന്ത്യ അത്താഴത്തിന്റെ പടം വരച്ചുസൂക്ഷിച്ചതുമില്ല. വിശ്വവിഖ്യാത കലാകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയാണ് അന്ത്യഅത്താഴത്തിന്റെ ചിത്രം ആദ്യമായി വരയ്ക്കുന്നത്. ഇറ്റാലിയന്‍ ശൈലിയില്‍ ഡാവിഞ്ചിയുടെ ഭാവനയ്ക്കനുസരിച്ച് ക്രിസ്തുവും 12 ശിഷ്യന്മാരും ഒന്നിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ഭാവനാചിത്രമാണിത്. മനോഹരമായ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഡാവിഞ്ചിക്ക് നാലുവര്‍ഷം വേണ്ടിവന്നു. (1495-1498). ഒറ്റുകാരനായ യൂദാ ഇസ്കറിയോത്തായുടെ മുഖം വരയ്ക്കാനെടുത്ത കാലതാമസമായിരുന്നു ഇതിന് കാരണമെന്ന് പറയുന്നു. മറ്റ് മാലാഖമാരുടെ വര്‍ണമനോഹരങ്ങളായ ചിത്രങ്ങളും വരച്ചിരിക്കുന്നതും കാണാം. പൗരാണികമായ പല കലാരൂപങ്ങള്‍ക്കും ജീവനും സൗന്ദര്യവും ലഭിച്ചിരിക്കുന്നതിന്റെ പിന്നില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ കരവിരുതും ഭാവനയും പരിശ്രമവുമാണുള്ളത്. ഈ സത്യം തിരിച്ചറിയണം.
 
കലാകാരന്മാരുടെ ഭാവനയില്‍ രൂപപ്പെട്ടത് യഥാര്‍ഥ മുഖമോ രൂപമോ ആകണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. ഈ സത്യം മനസ്സിലാക്കുന്നതോടൊപ്പം ലോകം മുഴുവനും അംഗീകരിച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ ദുഷ്ടലാക്കോടെ വികൃതമാക്കി കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഭൂഷണമല്ലെന്നറിയണം. അഡീസ് അബാബയിലുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ ത്രിത്വത്തിന്റെ ഒരു ഫോട്ടോ വരച്ച് ദേവാലയത്തിന്റെ മദ്ബഹായുടെ മുമ്പാകെ സ്ഥാപിച്ചിരിക്കുന്നു. പിതാവിന്റെയും യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം മുതുമുത്തച്ഛന്മാരുടെ രൂപത്തിലും ഭാവത്തിലുമാണ് വരച്ചിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം വല്യപ്പച്ചന്റെ രൂപത്തില്‍ കണ്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ആരും കണ്ടിട്ടില്ലാത്ത പിതാവിന്റെയും അതുപോലെ പരിശുദ്ധ റൂഹായുടെയും നമുക്ക് ചിത്രങ്ങളിലൂടെമാത്രം കണ്ണുകള്‍ക്ക് പരിചിതമായ യേശുവിന്റെയും ചിത്രങ്ങള്‍ ഒരേ ആകൃതിയിലും രൂപത്തിലും വലുപ്പത്തിലും വരച്ച ആ കലാകാരന്റെ ഭാവന ശ്രേഷ്ഠമാണ്.
ക്രിസ്തീയ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളിലൂടെ ഒഴുകിവന്ന ആശയങ്ങളും ഭാവനയും സമന്വയിപ്പിച്ച് വരച്ചതാണ് ഈ കലാരൂപം. പ്രഥമദൃഷ്ട്യാ നോക്കിയാല്‍ ക്രിസ്തുവിന്റെ പടം വികലമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് തോന്നുമെങ്കിലും അത് ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ഒരു വശം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ ആരും അതിനെ ചോദ്യംചെയ്യുന്നില്ല.
 
ലോകം കണ്ടതില്‍ ഏറ്റവും വലിയ വിപ്ലവകാരി ആരെന്ന് ചോദിച്ചാല്‍ ഏക സ്വരത്തില്‍ ഏവരും ഉത്തരം പറയും അത് നസ്രാനായ യേശുവാണെന്ന്. യേശുവിനെ വിപ്ലവനേതാക്കന്മാരുടെ നിരയില്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. സമത്വവും സമാധാനവും പങ്കിടലും കൊടുക്കലും വാങ്ങലും സ്വാതന്ത്ര്യവും ഒക്കെ യേശുവിന്റെ വിപ്ലവകരമായ വിഷയങ്ങള്‍ ആയിരുന്നു.
 
ശത്രുക്കളെ സ്നേഹിക്കുക എന്നതും നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നതുമാണ് യേശുവിന്റെ ഏറ്റവും വലിയ വിപ്ലവ സുവിശേഷം. യേശുക്രിസ്തുവിന്റെ സമാധാന സുവിശേഷം ഉദ്ഘോഷിച്ച് പോരടിക്കുന്നവര്‍ കുരിശുയുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ കൊന്നുതള്ളിയതും മതത്തിന്റെ പേരില്‍ ഇപ്പോഴും നടക്കുന്ന കൊലപാതകങ്ങളും തെരുവുയുദ്ധങ്ങളും ഒക്കെ മറക്കുകയാണോ?
 
എല്ലാത്തിനും ഒരു സമയമുണ്ട്. ഇത് വിശുദ്ധ ബൈബിള്‍ വചനംതന്നെയാണ്. യേശുക്രിസ്തുവിന്റെ വിപ്ലവസുവിശേഷം നടപ്പാക്കാന്‍ ക്രിസ്തീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ക്രിസ്തീയ ദര്‍ശനം നടപ്പില്‍ വരുത്തേണ്ട നേതൃത്വം അതില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ മറ്റൊരു സമൂഹം ആ കടമ ഏറ്റെടുക്കുന്നു. ഇവിടെ കമ്യൂണിസ്റ്റ് ചിന്തകര്‍ അവരുടെ പ്രത്യയശാസ്ത്രത്തിന് അടിസ്ഥാന ആശയങ്ങള്‍ നല്‍കിയ യേശുവിനെ മാതൃകയായി സ്വീകരിച്ചിരിക്കുന്നു. അവര്‍ യേശുവിനെ വിപ്ലവനേതാവും വിമോചന നായകനുമായി അംഗീകരിച്ചിരിക്കുന്നു. ഇതില്‍ ക്രിസ്തീയ സമൂഹം ഒന്നടങ്കം ആഹ്ലാദിക്കുകയും അവരുടെ പ്രവൃത്തിയെ സാദരം സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്; അല്ലാതെ ക്രിസ്തു തങ്ങളുടേതു മാത്രമാണെന്ന് പ്രഖ്യാപിക്കുകയല്ല.
 
 
__ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസ്

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment