ക്രിസ്തു: വിമോചന പോരാളിയല്ല; രക്ഷകനും ദൈവവുമാണ്
ജെ.സി. ദേവ്
തിരുവനന്തപുരത്ത് സി.പി.എം. നടത്തുന്ന 'മാര്ക്സാണ് ശരി' എന്ന ചരിത്ര ചിത്ര പ്രദര്‍ശനത്തില്‍ മാര്‍ക്സ്, എംഗത്സ്, ചെഗുവേര തുടങ്ങിയ വിപ്ലവകാരികള്ക്കെല്ലാമൊപ്പം യേശുക്രിസ്തുവിന്റെ ക്രൂശിതരൂപവും പ്രദര്ശിപ്പിച്ച് ചരിത്രത്തിനും ക്രിസ്തു വിജ്ഞാനീയത്തിനും നിരക്കാത്ത ഒരു വിശദീകരണക്കുറിപ്പും നല്കിയിയിരിക്കുന്നു. മാര്ക്സിനേയും എംഗത്സിനേയും ചെഗുവരയേയും പോലെ ക്രിസ്തുവിനേയും ഒരു വിപ്ലവകാരിയാക്കി ചിത്രീകരിച്ചിരിക്കുകയാണ് ഇതില്‍. ക്രിസ്തുവിനെ സംബന്ധിക്കുന്ന ചില മൗലിക സത്യങ്ങള്‍ ഇവിടെ മറച്ചുപിടിക്കുകയോ അതിന് ക്രിസ്തുവിരുദ്ധമായ പാഠഭേദം നല്കുകയോ ചെയ്തിരിക്കുകയാണ്. പാര്ട്ടി സെക്രട്ടറിപിണറായി വിജയനും മറ്റും ഇതിനെ ക്രിസ്തുവിനോട് പാര്ട്ടിക്കുള്ള ആദരവായി ന്യായീകരിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ഇത് ക്രിസ്തുനിന്ദയാണ്. പാര്ട്ടിയുടെ ഈ നയവും സമീപനവും അത്യന്തം പ്രതിഷേധാര്ഹമാണെന്നു പറയാതെവയ്യ.
'യേശുക്രിസ്തു ഇന്നു ജീവിച്ചിരുന്നെങ്കില്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാകുമായിരുന്നു' എന്ന് എം.എ. ബേബി മുമ്പ് പ്രസ്താവിച്ചു. ഈയിടെ സി.പി.എം. സംസ്ഥാന സമിതി അംഗം എം.വി. ജയരാജന് പറഞ്ഞത്. 'ക്രിസ്തുമതം കമ്മ്യൂണിസമാണെന്നും ക്രിസ്തു സി.പി.എം. നേതാവ് പ്രകാശ് കാരാട്ടിനെ പോലെയുമാണ്' എന്നാണ്. കമ്മ്യൂണിസ്റ്റു നേതാക്കന്മാരുടെ ഇത്തരം സമീപനങ്ങളും ഇടപെടലുകളും അഭിപ്രായ പ്രകടനങ്ങളും ഭാഷ്യങ്ങളും സീസണിലാണ്. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയതന്ത്രം. കുളം കലക്കി മീന് പിടിക്കാനുള്ള വിദ്യ. ഇത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുവാന് പ്രബുദ്ധരായ ക്രൈസ്തവവിശ്വാസികള്ക്കു സാധിക്കും.
കമ്മ്യൂണിസവും ക്രൈസ്തവസഭയും ഒന്നല്ല. രണ്ടും രണ്ടു തന്നെ. കമ്മ്യൂണിസവും നിരീശ്വരവാദവും ഭൗതികവാദവും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ്. ലക്ഷ്യം നേടുവാന്‍ അവര്ക്ക് ഏതു മാര്ഗ്ഗവും സ്വീകരിക്കാം. ക്രൈസ്തവസഭ തികച്ചും വ്യത്യസ്തമാണ്. ദൈവവിശ്വാസവും ക്രിസ്തുദര്ശനവും അടിസ്ഥാനമാക്കി സ്വീകരിച്ചിട്ടുള്ള ഒരു ആത്മീയ വ്യവസ്ഥിതിയാണിത്. ഇവിടെ ലക്ഷ്യത്തിലെത്തുവാന്‍ ഏതു മാര്ഗ്ഗവും സ്വീകരിക്കാനനുവാദമില്ല. തികച്ചും ക്രൈസ്തവികമായ, വചനാധിഷ്ഠിതമായ, ആത്മീയ മാര്‍ഗ്ഗങ്ങള്‍ മാത്രമേ സ്വീകരിക്കുവാന്‍ അനുവാദം ഉള്ളു. കമ്മ്യൂണിസം ഭൗതിക മാത്രപ്രധാനമാണ്. അവരുടെ ദര്ശനം പദാര്ത്ഥത്തിലധിഷ്ഠിതമാണ്. ക്രൈസ്തവികത അങ്ങനെ അല്ല. അത് ആത്മീയമാണ്, പദാര്ത്ഥത്തിനപ്പുറത്ത് നിലകൊള്ളുന്ന നിത്യത പ്രധാനമാണ്. പിന്നെ എങ്ങനെ കമ്മ്യൂണിസവും ക്രൈസ്തവികതയും, ഒന്നാകും?
ക്രിസ്തു നിസ്തുല്യനാണ്. ക്രിസ്തുവിന്റെ സ്ഥാനത്ത് പകരം വെയ്ക്കാന്‍ മറ്റൊരാളില്ല. ക്രിസ്തുവിനോടു സാദൃശ്യപ്പെടുത്തുവാന് ക്രിസ്തുവിനെപ്പോലെ വേറൊരാള് ചരിത്രത്തിലില്ല. ക്രിസ്തുവിന്റെ ജനനം, ക്രിസ്തുവിന്റെ ചരിത്ര ബന്ധം, ക്രിസ്തുവിന്റെ നിസ്തുല്യമായ, വിശുദ്ധ ജീവിതം, ആദര്ശാധിഷ്ഠിതമായ, മനുഷ്യാഭിമുഖ്യനിലപാടുകള്‍, ക്രിസ്തുവിന്റെ ക്രൂശീകരണം, ക്രിസ്തുവിന്റെ രക്ഷാകര ദൗത്യം, ക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നേല്പ്, കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളിലെ ക്രൈസ്തവികതയുടെ ആഗോളമുന്നേറ്റം, ലോക നേതാക്കന്മാരിലും ആചാര്യന്മാരിലും ക്രിസ്തു ദര്ശനത്തിന്റെ സ്വാധീനം ഇതെല്ലാം ക്രിസ്തു എന്ന വ്യക്തിയുടെ സവിശേഷതകളാണ്. ഇവിടെ ക്രിസ്തു അനുപമവ്യക്തിത്വത്തിന്റെ ഉടമയും അനന്യനും നിസ്തുല്യനുമാണ്. ഈ വ്യക്തിത്വത്തോടു സാദൃശ്യപ്പെടുത്തുവാന് ഈ ചരിത്രത്തില്‍ ആരുണ്ട്? ക്രിസ്തുവിനെ പ്രകാശ് കാരാട്ടുമായി സാദൃശ്യപ്പെടുത്തുന്നതിനെ പ്രകാശ് കാരാട്ടുപോലും ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. കാറല്മാര്ക്സും ഫ്രഡറിക്ക് എംഗത്സും ക്രിസ്തുവിനോടും ക്രൈസ്തവികതയോടും ആദരവു പുലര്ത്തിയവരാണ്. യഹൂദ -ക്രൈസ്തവ സ്വാധീനങ്ങള്‍ അവരുടെ ചിന്തകളില്‍ കാണാം. പക്ഷേ, അവരാരും ക്രിസ്തുവിന്റെ സ്ഥാനത്ത് കയറി നില്ക്കാന് ശ്രമിച്ചിട്ടില്ല.
തിരുവനന്തപുരത്തെ ചിത്രപ്രദര്ശനത്തില് ക്രിസ്തുവിനെ ആദരിക്കുകയായിരുന്നു എന്ന് പിണറായി വിജയനും മറ്റു സഖാക്കളും ന്യായീകരിച്ചു കണ്ടു. ക്രിസ്തു എന്ന വിപ്ലവകാരിയെയാണത്രേ ഈ വിധത്തില്‍ ആദരിച്ചത്. മാര്ക്സിന്റേയും എംഗത്സിന്റേയും ജോസഫ് സ്റ്റാന്ലിന്ന്റേയും ചെഗുവേരയുടേയും ഒപ്പം ക്രിസ്തുവിനെ ഒരു വിപ്ലവകാരിയായി കാണുവാന്‍ ക്രിസ്തു യഹൂദമതത്തിനെതിരെ, റോമന്‍ സാമ്രാജ്യത്തിനെതിരെ സായുധ വിപ്ലവം നയിച്ചിട്ടുണ്ടോ? ഭരണകൂടത്തെ അട്ടിമറിച്ച് ഒരു സമാന്തര ഭരണകൂടത്തിനു രൂപം നല്കിയോ? ആയുധമേന്തിയ ഒരു സൈന്യം ക്രിസ്തുവിനുണ്ടായിരുന്നോ? സ്വയരക്ഷയ്ക്കു വേണ്ടി പോലും ക്രിസ്തു ആയുധം ഉപയോഗിച്ചോ? ''വാള് ഉറയിലിടുക, വാളെടുത്തവന്‍ വാളാലെ'' എന്നു പറഞ്ഞ ക്രിസ്തു, വാള് നിരോധിച്ചവനാണ്. നിയന്ത്രിച്ചവനാണ്. ഒരു ചെകിട്ടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിച്ചുകൊടുക്കണം എന്നു നിര്ദ്ദേശിച്ചവനാണ്. ക്രിസ്തുവിന്റെ ആയുധം ക്ഷമയും സഹനവും സഹിഷ്ണുതയുമായിരുന്നു. ഇവിടെ ക്രിസ്തുവിനെ ഒരു വിപ്ലവകാരിയായി പരിമിതപ്പെടുത്തുന്നത് ഒരിക്കലും ക്രിസ്തുവിനെ ആദരിക്കലായി പരിഗണിക്കാനാവില്ല.
ഇതെഴുതുമ്പോള്‍ കിട്ടിയ 5-ാം തീയതി ഞായറാഴ്ചയിലെ മനോരമപത്രത്തില്‍ മറ്റൊരു വാര്ത്തയും ചിത്രവും കണ്ടു. ക്രിസ്തുവിനെ ബന്ധിപ്പിച്ചുള്ള ചിത്രീകരണങ്ങളുടേയും പ്രചാരണങ്ങളുടേയും പുറകിലുള്ള ശുദ്ധ തന്ത്രം പുറത്തുവന്നിരിക്കുന്നു. 'ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം.... പ്രത്യാശ മാര്ക്സിസത്തിന്റെ മാത്രം' എന്നെഴുതിയിരിക്കുന്നത് ക്രിസ്തുവിനെ ഒബാമയാക്കി ചിത്രീകരിച്ചുള്ള 'അന്ത്യ അത്താഴ'ചിത്രം. സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം തൃക്കണ്ണാപുരത്തു സ്ഥാപിച്ച ഈ ഫ്ളക്സ് ബോര്ഡ് ക്രിസ്തുവിനെ ആദരിക്കലിന്റെ ഭാഗമായിട്ടാണെന്ന് നാളെ ഒരു പാഠഭേദം പാര്ട്ടിയില്നിന്നും വരാവുന്നതാണ്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്ത്തോമ്മാ മെത്രാപ്പോലീത്തായും യുഹാനോന് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും ഈ വ്യാജ ഡാവിഞ്ചി ചിത്രത്തെ ന്യായീകരിച്ചും അഭിനന്ദിച്ചും പത്രപ്രസ്താവനകള്‍ നടത്തി എന്നും വരാം. ദേശാഭിമാനി 5-ാം തീയതിയിലെ ഞായര് പത്രത്തില് ഈ മെത്രാപ്പോലീത്താമാര്‍ 'അന്ത്യഅത്താഴ'ത്തിനു മുമ്പുള്ള പാര്ട്ടി നിലപാടുകള്‍ ശരിവെച്ചും അഭിനന്ദിച്ചും പിന്തുണച്ചും നല്കിയ പ്രസ്താവനകള്‍ ആഘോഷമായി തന്നെ ചേര്ത്തിട്ടുണ്ട്.
പാര്ട്ടിയുടെ ഈ സമീപനവും ഇടപെടലും അത്യന്തം ദുരുദ്ദേശപരവും പ്രതിഷേധാര്ഹവുമാണ്. പാര്ട്ടി നേതാക്കന്മാര് യഥാര്ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തുവാന്‍ തയ്യാറാകണം. ക്രിസ്തുവിനെ ഇകഴ്ത്തുവാന്‍ കാറല്‍ മാര്‍ക്സും ഫ്രഡറിക്ക് എംഗത്സും മൗനാനുവാദം പോലും നല്കുകയില്ല. അത്തരമൊരു പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്ട്ടി അവരുടെ തെറ്റു തിരുത്തണം. 1973-ല്‍ ഫാ. ഗുസ്താവോ ഗുറ്റിരസ് Theology of Life relation എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച പശ്ചാത്തലത്തില്‍ 'വിമോചനദൈവശാസ്ത്രം' (ലിബറേഷന്‍ തിയോളജി) എന്ന ഒരു ചിന്താപദ്ധതി നിലവില്‍ വന്നു. അതിന്റെ സാഹചര്യത്തിലാണ് ക്രിസ്തു 'വിപ്ലവകാരി' യായും 'വിമോചനപോരാളി'യായും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ഇവിടെ അടിസ്ഥാനപരമായ ചില യാഥാര്ത്ഥ്യങ്ങള് വിട്ടുകളയുകയോ അവഗണിക്കുകയോ ചെയ്തിട്ടുണ്ട്. തിയോളജിയുടേയും ക്രിസ്റ്റോളജിയുടെയും സോറ്റീരിയോളജിയുടേയും (Soteriology) അടിസ്ഥാനത്തില്‍ ബൈബിളികമായ സുപ്രധാന നിലപാടുകള്‍ ഇവയാണ്.
1. ക്രിസ്തു ചരിത്രപുരുഷനാണ്. 2. ക്രിസ്തുവിന്റെ കാല്വറിയിലെ മരണം വെറുമൊരു രക്തസാക്ഷിമരണമോ റോമന്‍ സാമ്രാജ്യമോ യഹൂദപുരോഹിതവര്ഗ്ഗമൊ നല്കിയ ശിക്ഷയോ അല്ല. അത് മാനവരാശിയുടെ പാപത്തിന്റെ പരിഹാരാര്ത്ഥമുള്ള പ്രതിമരണമായിരുന്നു. ക്രിസ്തു പാപ പരിഹാരകനാണ്. 3. ക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നേല്പ് ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ നീതികരണവും ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ അടയാളവുമാണ്. ക്രിസ്തു ജനകോടികളുടെ ആരാധനാപാത്രമാണ്. ക്രിസ്തു ആരാധ്യനാണ്. ഇത് ജനകോടികളുടെ വിശ്വാസമാണ്. ഈ അടിസ്ഥാനധാരണകളെ അവഗണിച്ചും വികലമാക്കിയും പുതിയൊരു ക്രിസ്തു ചരിത്രം തയ്യാറാക്കുവാന്‍ പാര്ട്ടി ശ്രമിക്കേണ്ടതില്ല. അത്തരം ക്രിസ്തുവിരുദ്ധ സമീപനങ്ങളും ഇടപെടലുകളും പാര്ട്ടി ഉപേക്ഷിക്കുക തന്നെ വേണം. ബൈബിള്‍ അവതരിപ്പിക്കുന്ന തിയോളജിയും ക്രിസ്റ്റോളജിയും സോറ്റീരിയോളജിയും അവഗണിച്ചുകൊണ്ട് മെത്രാപ്പോലീത്താമാര്‍ പോലും ക്രിസ്തുവിരുദ്ധ നിലപാടുകള്‍ എടുത്താല്‍ അവയെ അര്ഹിക്കുന്ന അവഗണനയോടെ കേരളത്തിലെ പ്രബുദ്ധരായ ക്രൈസ്തവസമൂഹം തള്ളിക്കളയും എന്നതിനു സംശയമില്ല
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Aniyan
Sent: Tuesday, February 14, 2012 3:21 AM
To: Keralites
Subject: [www.keralites.net] Article by Dr. Mathews Mar Gregorios
ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസ്
14-Feb-2012
"നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍"- ഗോഗുല്ത്താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രാമധ്യേ യറുശലേം പുത്രിമാരോട് യേശു പറഞ്ഞ ഈ വാക്കുകള്‍ ആനുകാലിക വാദകോലാഹലങ്ങള്ക്ക് ഉത്തമ മറുപടിയായി കാണാം.
ഏവരുടെയും ആദര്ശപുരുഷനാണ് യേശുക്രിസ്തു; എക്കാലത്തെയും വലിയ വിപ്ലവനേതാവും വിമോചന നായകനുമാണ്. യേശുക്രിസ്തു ആരുടെയും കുത്തകയല്ല. തന്റെ ആദര്ശങ്ങളും ജീവിതവും കുത്തകവ്യാപാരത്തിന് പ്രത്യേക സമൂഹത്തെ ഏല്പ്പിച്ചിട്ടുമില്ല.
മുസ്ലിങ്ങള്ക്ക് യേശു ഏറ്റവും വലിയ ഒരു പ്രവാചകനാണ്. ഹൈന്ദവര്ക്ക് ക്രിസ്തുവിനെ അവതാരപുരുഷനായി അംഗീകരിക്കുന്നതിന് ശങ്കയില്ല. സ്ഥിതിസമത്വത്തിനായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് ആദര്‍ശവാദികള്‍ ക്രിസ്തുവിനെ അവരുടെ വിപ്ലവനേതാക്കന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെ ക്രിസ്തീയ നേതൃത്വം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്.
യേശുക്രിസ്തു ചരിത്രപുരുഷനും കൂടിയാണ്. ക്രിസ്തുവിനെ മാതൃകയാക്കി അദ്ദേഹം മുന്നോട്ടുവച്ച പാത അനുസരിച്ച് ജീവിതം സമര്‍പ്പിക്കാന്‍ പൂര്‍ണ മനുഷ്യനു മാത്രമേ സാധിക്കൂ. ആ സാഹസത്തിന് കമ്യൂണിസ്റ്റുകാര്‍ താല്‍പ്പര്യം കാണിച്ചതിന് ചില ക്രിസ്തീയസഭകള്‍ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? ജനങ്ങളെ എന്തിനാണ് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്?
വര്ഷങ്ങള്ക്കുമുമ്പ് പാര്ടി യോഗത്തില്‍ ഒരു സഭയിലെ വൈദികന് പ്രസംഗിച്ചത് ഓര്ക്കുന്നു: "അരിവാള്‍ ചുറ്റിക നക്ഷത്രം അത് കമ്യൂണിസ്റ്റ് പാര്ടിയുടെ ചിഹ്നം ആകുന്നതിനുമുമ്പേ ക്രിസ്ത്യാനികളുടെ ചിഹ്നം ആയിരുന്നു. പാടത്ത് പണിയെടുക്കാന്‍ കന്യാമറിയം ഉപയോഗിച്ചതാണ് അരിവാള്‍ . അതുപോലെ യൗസേഫ് പിതാവ് ആശാരിപ്പണിക്കുപയോഗിച്ച ചുറ്റികയും നമുക്ക് പ്രിയപ്പെട്ടതാണ്. മൂന്നാമതായി ചെങ്കൊടിയില്‍ കാണുന്ന നക്ഷത്രം വിദ്വാന്മാര് കണ്ട അത്ഭുത നക്ഷത്രമാണ്. നക്ഷത്രം കണ്ടതിനാലാണ് ജ്ഞാനികളായ വിദ്വാന്മാര്ക്ക് യേശുദേവന്റെ അടുത്തെത്താനും കാഴ്ചകള്‍ അര്‍പ്പിക്കാനും കഴിഞ്ഞത്. നക്ഷത്രം യേശുവിലേക്കുള്ള വഴികാട്ടിയാണ്."
ഈ പ്രസംഗം നടത്തിയ വൈദികന് സഭയില്‍ ഇന്നും ആത്മാര്ഥമായി ശുശ്രൂഷ നടത്തുന്നു. ഇപ്രകാരമുള്ള ധാരാളം വൈദികരും മേല്പ്പട്ടക്കാരും ക്രിസ്തീയവിശ്വാസികളും എല്ലാ സഭകളിലും കാണാന്‍ കഴിയും. ഇവരെ എല്ലാവരെയും നിരീശ്വരവാദികളെന്ന് വിധിയെഴുതിയാല്‍ എന്താവും കഥ.
യേശുക്രിസ്തു ചരിത്രപുരുഷനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ഥ മുഖരൂപം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളൊന്നും നിലവിലില്ല. ഒരു യഹൂദ യുവാവിന്റെ ഭാവമാണ് യേശുവില്‍ ദര്‍ശിക്കേണ്ടത്. യേശുക്രിസ്തു നാസിര്‍ വ്രതമെടുത്ത വ്യക്തിയായിരുന്നുവോ? അതോ ക്ലീന്‍ ഷേവ് ആയിരുന്നോ എന്നത് വ്യക്തമല്ല. ഇന്നു നാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചിത്രങ്ങള്‍ കലാകാരന്മാരുടെ ഭാവനകള്ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. യേശുക്രിസ്തുവിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങളില്‍ ചിലത് അതിമനോഹരവും ചിലത് വികൃതവുമാണ്. ചൈനക്കാരുടെ യേശു മഞ്ഞനിറമുള്ളവനും മൂക്ക് പരന്നിരിക്കുന്നവനുമാണ്. ഒരു യഥാര്‍ഥ ചൈനക്കാരന് എന്നുതന്നെ പറയാം. ആഫ്രിക്കക്കാരുടെ യേശു തനി ആഫ്രിക്കനാണ്. കറുത്ത യേശുവിനെയല്ലാതെ അവര്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലാറ്റിനമേരിക്കക്കാര്ക്ക് അവരുടെ നിറത്തിലും രൂപത്തിലുമുള്ള വിമോചകനായിട്ടു മാത്രമേ യേശുവിനെ സ്വാഗതംചെയ്യാന്‍ സാധിക്കൂ. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ഉപയോഗിക്കുന്ന യേശുവിന്റെ ചിത്രങ്ങള്ക്ക് യൂറോപ്യന്‍ മണവും രുചിയുമാണുള്ളത്. എന്നാല്‍ , ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്കാരത്തിനുമനുസരിച്ച് ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ നമ്മുടെ കലാകാരന്മാര് ശ്രമിച്ചാല്‍ അതിനെതിരെ ആര് പ്രതികരിച്ചാലും അത് യുക്തവും ക്രിസ്തീയവുമല്ല.
വേദപുസ്തകപ്രകാരം മാര്ക്കോസിന്റെ മാളികയില്വച്ചാണ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യഅത്താഴം കഴിച്ചത്. പക്ഷേ, ഈ അത്താഴത്തിന്റെ ചിത്രമെടുക്കാന്‍ വേണ്ട ക്രമീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. യേശുക്രിസ്തുവോ തന്റെ ശിഷ്യന്മാരോ അന്ത്യ അത്താഴത്തിന്റെ പടം വരച്ചുസൂക്ഷിച്ചതുമില്ല. വിശ്വവിഖ്യാത കലാകാരന് ലിയനാര്‍ഡോ ഡാവിഞ്ചിയാണ് അന്ത്യഅത്താഴത്തിന്റെ ചിത്രം ആദ്യമായി വരയ്ക്കുന്നത്. ഇറ്റാലിയന്‍ ശൈലിയില്‍ ഡാവിഞ്ചിയുടെ ഭാവനയ്ക്കനുസരിച്ച് ക്രിസ്തുവും 12 ശിഷ്യന്മാരും ഒന്നിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ഭാവനാചിത്രമാണിത്. മനോഹരമായ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഡാവിഞ്ചിക്ക് നാലുവര്ഷം വേണ്ടിവന്നു. (1495-1498). ഒറ്റുകാരനായ യൂദാ ഇസ്കറിയോത്തായുടെ മുഖം വരയ്ക്കാനെടുത്ത കാലതാമസമായിരുന്നു ഇതിന് കാരണമെന്ന് പറയുന്നു. മറ്റ് മാലാഖമാരുടെ വര്ണമനോഹരങ്ങളായ ചിത്രങ്ങളും വരച്ചിരിക്കുന്നതും കാണാം. പൗരാണികമായ പല കലാരൂപങ്ങള്ക്കും ജീവനും സൗന്ദര്യവും ലഭിച്ചിരിക്കുന്നതിന്റെ പിന്നില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ കരവിരുതും ഭാവനയും പരിശ്രമവുമാണുള്ളത്. ഈ സത്യം തിരിച്ചറിയണം.
കലാകാരന്മാരുടെ ഭാവനയില്‍ രൂപപ്പെട്ടത് യഥാര്‍ഥ മുഖമോ രൂപമോ ആകണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. ഈ സത്യം മനസ്സിലാക്കുന്നതോടൊപ്പം ലോകം മുഴുവനും അംഗീകരിച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ ദുഷ്ടലാക്കോടെ വികൃതമാക്കി കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഭൂഷണമല്ലെന്നറിയണം. അഡീസ് അബാബയിലുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ ത്രിത്വത്തിന്റെ ഒരു ഫോട്ടോ വരച്ച് ദേവാലയത്തിന്റെ മദ്ബഹായുടെ മുമ്പാകെ സ്ഥാപിച്ചിരിക്കുന്നു. പിതാവിന്റെയും യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം മുതുമുത്തച്ഛന്മാരുടെ രൂപത്തിലും ഭാവത്തിലുമാണ് വരച്ചിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ റൂഹായുടെയും ചിത്രം വല്യപ്പച്ചന്റെ രൂപത്തില്‍ കണ്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ആരും കണ്ടിട്ടില്ലാത്ത പിതാവിന്റെയും അതുപോലെ പരിശുദ്ധ റൂഹായുടെയും നമുക്ക് ചിത്രങ്ങളിലൂടെമാത്രം കണ്ണുകള്ക്ക് പരിചിതമായ യേശുവിന്റെയും ചിത്രങ്ങള്‍ ഒരേ ആകൃതിയിലും രൂപത്തിലും വലുപ്പത്തിലും വരച്ച ആ കലാകാരന്റെ ഭാവന ശ്രേഷ്ഠമാണ്.
ക്രിസ്തീയ ദൈവശാസ്ത്രജ്ഞരുടെ ചിന്തകളിലൂടെ ഒഴുകിവന്ന ആശയങ്ങളും ഭാവനയും സമന്വയിപ്പിച്ച് വരച്ചതാണ് ഈ കലാരൂപം. പ്രഥമദൃഷ്ട്യാ നോക്കിയാല്‍ ക്രിസ്തുവിന്റെ പടം വികലമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് തോന്നുമെങ്കിലും അത് ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ഒരു വശം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ ആരും അതിനെ ചോദ്യംചെയ്യുന്നില്ല.
ലോകം കണ്ടതില്‍ ഏറ്റവും വലിയ വിപ്ലവകാരി ആരെന്ന് ചോദിച്ചാല്‍ ഏക സ്വരത്തില്‍ ഏവരും ഉത്തരം പറയും അത് നസ്രാനായ യേശുവാണെന്ന്. യേശുവിനെ വിപ്ലവനേതാക്കന്മാരുടെ നിരയില്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. സമത്വവും സമാധാനവും പങ്കിടലും കൊടുക്കലും വാങ്ങലും സ്വാതന്ത്ര്യവും ഒക്കെ യേശുവിന്റെ വിപ്ലവകരമായ വിഷയങ്ങള്‍ ആയിരുന്നു.
ശത്രുക്കളെ സ്നേഹിക്കുക എന്നതും നിന്നെപ്പോലെതന്നെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക എന്നതുമാണ് യേശുവിന്റെ ഏറ്റവും വലിയ വിപ്ലവ സുവിശേഷം. യേശുക്രിസ്തുവിന്റെ സമാധാന സുവിശേഷം ഉദ്ഘോഷിച്ച് പോരടിക്കുന്നവര്‍ കുരിശുയുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിനു പേരെ കൊന്നുതള്ളിയതും മതത്തിന്റെ പേരില്‍ ഇപ്പോഴും നടക്കുന്ന കൊലപാതകങ്ങളും തെരുവുയുദ്ധങ്ങളും ഒക്കെ മറക്കുകയാണോ?
എല്ലാത്തിനും ഒരു സമയമുണ്ട്. ഇത് വിശുദ്ധ ബൈബിള്‍ വചനംതന്നെയാണ്. യേശുക്രിസ്തുവിന്റെ വിപ്ലവസുവിശേഷം നടപ്പാക്കാന്‍ ക്രിസ്തീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ക്രിസ്തീയ ദര്ശനം നടപ്പില്‍ വരുത്തേണ്ട നേതൃത്വം അതില്നിന്ന് വ്യതിചലിക്കുമ്പോള്‍ മറ്റൊരു സമൂഹം ആ കടമ ഏറ്റെടുക്കുന്നു. ഇവിടെ കമ്യൂണിസ്റ്റ് ചിന്തകര്‍ അവരുടെ പ്രത്യയശാസ്ത്രത്തിന് അടിസ്ഥാന ആശയങ്ങള്‍ നല്കിയ യേശുവിനെ മാതൃകയായി സ്വീകരിച്ചിരിക്കുന്നു. അവര്‍ യേശുവിനെ വിപ്ലവനേതാവും വിമോചന നായകനുമായി അംഗീകരിച്ചിരിക്കുന്നു. ഇതില്‍ ക്രിസ്തീയ സമൂഹം ഒന്നടങ്കം ആഹ്ലാദിക്കുകയും അവരുടെ പ്രവൃത്തിയെ സാദരം സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്; അല്ലാതെ ക്രിസ്തു തങ്ങളുടേതു മാത്രമാണെന്ന് പ്രഖ്യാപിക്കുകയല്ല.
__ഡോ. മാത്യൂസ് മാര്‍ ഗ്രിഗോറിയോസ്
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment