ബ്രിട്ടനില്‍ ഒറ്റയ്ക്കു താമസിക്കുന്ന കുടിയേറ്റക്കാരാണ് ഒറ്റയ്ക്കു താമസിക്കുന്ന ബ്രിട്ടീഷുകാരേക്കാള്‍ മികച്ച ജീവിതം നയിക്കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സി(ഒ.എന്‍.എസ്)ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരാണ് ഈ ഗണത്തില്‍ പെടുന്നത്. ഇ.യുവിനു പുറത്തുനിന്നു ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരില്‍ ഏറ്റവും അധികമുള്ളത് ഇന്ത്യയില്‍ നിന്നുള്ളവരാണ്.
കുടുംബമായി ജീവിക്കുന്നവരില്‍ മുന്നില്‍ ബ്രിട്ടീഷുകാരാണ്. എന്നാല്‍, വളരെ നേരിയ മുന്‍തൂക്കം മാത്രമേ അവര്‍ക്കുള്ളൂ. വരുമാനം പൗണ്ടിലല്ല, പകരം പര്‍ച്ചൈസിംഗ് പവര്‍ പാരിറ്റീസ്(പി.പി.പി.) എന്ന മാനദണ്ഡത്തിലാണു കണക്കാക്കിയത്. ബ്രിട്ടനില്‍ ജനിച്ച, കുട്ടികളോടൊപ്പമല്ലാതെ ജീവിക്കുന്നവര്‍ക്ക് 25,647 പി.പി.പി ആണെങ്കില്‍ ഇതേതരം വീട്ടില്‍ താമസിക്കുന്ന ഇ.യുവിനു പുറത്തുനിന്നുള്ളവര്‍ക്ക് 26,267 പി.പി.പിയാണ്. അതേസമയം, കുട്ടികളുമൊത്തു ജീവിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് 19,530 പി.പി.പി ഉള്ളപ്പോള്‍ വിദേശികള്‍ക്ക് 18,296 പി.പി.പി.
യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റക്കാരുടെ സാമ്പത്തിക നിലവാരം പഠിക്കാനുള്ള സര്‍വേയുടെ ഭാഗമായാണ് ഈ കണക്കെടുപ്പ് നടന്നത്. ഇത് ബ്രിട്ടനില്‍ പ്രത്യേകിച്ച് വിശകലനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ബ്രിട്ടനില്‍ കുട്ടികളുമൊത്തല്ലാതെ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും അമേരിക്കയില്‍ നിന്നുള്ളവരാണ്. ഉന്നത ശമ്പളം പറ്റുന്നവരാണ് ഇവര്‍.
യൂറോപ്പിനു പുറത്തുനിന്ന് ഒരുവര്‍ഷം 300,000 കുടിയേറ്റക്കാര്‍ വരുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും വികസ്വര രാജ്യങ്ങളില്‍ നിന്നോ ദരിദ്ര രാജ്യങ്ങളില്‍ നിന്നോ ഉള്ളവരാണ്. ഈ മൂന്നു ലക്ഷം പേരില്‍ 12 ശതമാനം ഇന്ത്യയില്‍ നിന്നാണ്. കുടിയേറ്റക്കാര്‍ പെരുകുന്നത് ബ്രിട്ടീഷുകാരുടെ തൊഴിലവസരങ്ങളും സ്വസ്ഥമായ ജീവിതവും തകര്‍ക്കുകയാണെന്ന് ആരോപിച്ച് മൈഗ്രേഷന്‍ വാച്ച് പോലുള്ള സംഘടനകള്‍ രംഗത്തുണ്ട്.
No comments:
Post a Comment