ജയ്പുര്‍: സവിശേഷ തിരിച്ചറിയല്‍ പദ്ധതിയായ ആധാര്‍ കാര്‍ഡ് പ്രവാസി ഭാരതീയര്‍ക്കും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. ഇന്ത്യന്‍പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത് പൂര്‍ത്തിയാക്കിയശേഷം പ്രവാസി ഭാരതീയര്‍ക്കും നല്‍കും. ജയ്പുരില്‍ തിങ്കളാഴ്ച സമാപിച്ച 'പ്രവാസി ഭാരതീയ ദിവസ്' ആഘോഷത്തിനിടെ കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ക്കായുള്ള സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളമാണ് ഈ ആവശ്യം നേരത്തേ കേന്ദ്രത്തിനു മുന്നില്‍ ഔദ്യോഗികമായി ഉയര്‍ത്തിയത്.
അടുത്തകൊല്ലത്തെ പ്രവാസി ഭാരതീയ ദിവസ് കൊച്ചിയില്‍ നടത്തണമെന്ന് കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പ്രവാസികളുടെ പേരുകള്‍ ചേര്‍ക്കുന്നതിന് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശമ്പളം വാങ്ങുന്നവരുടെ നാട് എന്ന നിലയില്‍നിന്ന് സംരംഭകരുടെയും വ്യവസായങ്ങളുടെയും നാടായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാകുന്ന പ്രവാസികള്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും -അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസിസമൂഹത്തിന്റെ സംഭാവന വലുതാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 22 ശതമാനവും വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന തുകയാണ്. സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധി പ്രവാസി മലയാളികളും നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രവാസി സര്‍വകലാശാലയും ബാങ്കും സ്ഥാപിക്കണമെന്ന നിര്‍ദേശത്തോട് പൂര്‍ണമായും സര്‍ക്കാര്‍ യോജിക്കുന്നൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവ സ്ഥാപിക്കുന്നതിന് സാങ്കേതിക, നിയമവശങ്ങളും പരിശോധിക്കണം. ബാങ്ക് സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരവും വേണം. ദേശീയതലത്തില്‍ ത്തന്നെ കേന്ദ്രസര്‍ക്കാര്‍ ഒരു പ്രവേശനനയം കൊണ്ടു വരുന്നുണ്ട്. അതിന് വിധേയമായി മാത്രമേ, സര്‍വകലാശാലയില്‍ പ്രവേശനം നടത്താന്‍ കഴിയൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഗള്‍ഫിലെ വിവിധ എംബസികളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിനു മുന്നില്‍ വെക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗള്‍ഫില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് എംബസികള്‍ നടപടിയെടുക്കണം.
കേരളത്തില്‍ റോഡ് വികസനത്തിനും മറ്റുമായി സ്ഥലമെടുക്കുന്നതില്‍ എതിര്‍പ്പ് നേരിടേണ്ടി വരികയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനുപുറമെ, ഘരമാലിന്യനിര്‍മാര്‍ജനത്തിലും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഖരമാലിന്യം നീക്കാനുള്ള സാങ്കേതിക വിദ്യയുണ്ടെങ്കിലും അത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല.
എംബസികളിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശികതലത്തില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. 224 പേരെയാണ് വിവിധ എംബസികളില്‍ നിയമിക്കുന്നത്. ഓണ്‍ലൈന്‍ വിസ നല്‍കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫിലെ വിവിധ ജയിലുകളിലുള്ള മലയാളികളെ മോചിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. മലയാളികളായ ഉദ്യോഗസ്ഥരെ എംബസികളില്‍ നിയമിക്കാനും നടപടികളെടുക്കും.
'ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കേരളം' എന്ന വിഷയത്തില്‍ സി.ഡി പ്രദര്‍ശിപ്പിച്ചു. നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. മനോജ്കുമാര്‍, വ്യവസായ സെക്രട്ടറി അല്‍ക്കേഷ് ശര്‍മ എന്നിവരും സംസാരിച്ചു.
No comments:
Post a Comment