ശരീരം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ വേണ്ടേ വേണ്ട
തൊടുപുഴയില്‍ ഷൂട്ടിംഗ് നടക്കുന്ന 'മുല്ലമൊട്ടും മുന്തിരിച്ചാറു'മെന്ന സിനിമയുടെ സെറ്റില്‍നിന്നു നേരേ കൊച്ചിയില്‍ 'സുന്ദരകില്ലാഡി'യുടെ സെറ്റിലേക്ക്. പിറ്റേന്നു രാവിലെ, വീട്ടിലെത്തിയ അതിഥികളോടു സ്‌നേഹപൂര്‍വ്വം ഒന്നുരണ്ടു വാക്കുകള്‍ സംസാരിച്ചു നേരേ ഡബ്ബിംഗ് സ്‌റ്റുഡിയോയിലേക്ക്.... രാത്രി വൈകുവോളം ഡബ്ബിംഗ് സ്‌റ്റുഡിയോയില്‍...അതുകഴിഞ്ഞു പെരുമ്പാവൂരിലെ വീട്ടിലേക്കു മടക്കം. ഒന്നു മയങ്ങിയെന്നു വരുത്തി രാവിലെ പത്തു മണിയുടെ ഫ്‌ളൈറ്റിനു നേരേ ഹൈദരാബാദിലെ തെലുങ്ക് സിനിമയുടെ സെറ്റിലേക്ക്...
അതേ; അനന്യയ്‌ക്കു തിരക്കോടു തിരക്കാണ്. ആയില്യയെന്ന പെരുമ്പാവൂരുകാരി പെണ്‍കുട്ടി അനന്യയായി, ഇപ്പോള്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി മാറിക്കഴിഞ്ഞു. മലയാളത്തില്‍നിന്നു തെലുങ്കിലേക്കും തമിഴിലേക്കുമുള്ള പകര്‍ന്നാട്ടം. കൈനിറയെ ചിത്രങ്ങള്‍... മലയാളത്തില്‍ 'സീനിയേഴ്‌സി'ലൂടെ വിജയകിരീടം ചൂടി തമിഴില്‍ 'എങ്കെയും എപ്പോതി'ലൂടെ വ്യത്യസ്‌തമാര്‍ന്നൊരു ഇമേജ് സ്വന്തമാക്കിയാണ് അനന്യയുടെ ജൈത്രയാത്ര. വിട്ടുവീഴ്‌ചയെന്നത് അനന്യയുടെ നിഘണ്ടുവിലില്ല. വളര്‍ച്ച അഭിനയത്തികവിന്റെ തണലില്‍ മാത്രം മതിയെന്നത് ഉറപ്പിച്ചെടുത്ത തീരുമാനവും. ഇതുവഴി അവസരം നഷ്‌ടപ്പെട്ടാലും 'ഒരു ചുക്കു'മില്ലെന്നു തലയുയര്‍ത്തി പറയാനുള്ള ആര്‍ജ്‌ജവം. തമിഴില്‍ തിരിക്കേറിയിട്ടും അണിയുന്ന വസ്‌ത്രങ്ങളില്‍ പോലും കണിശത പുലര്‍ത്താന്‍ അനന്യയ്‌ക്കു സാധിക്കുന്നതും ഇതുകൊണ്ടുതന്നെ. ഒട്ടും ഗ്ലാമറസാകാതെ തമിഴില്‍ സജീവമാകാന്‍ സാധിക്കുന്നതെങ്ങനെ.
തമിഴ് സിനിമയില്‍ ഗ്ലാമര്‍ കാണിക്കുന്നവരുണ്ടാകാം. അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അതവരുടെ തീരുമാനവും നിലപാടുമാണ്. എന്നാല്‍ ഞാന്‍അങ്ങനെയാകണമെന്നു നിര്‍ബന്ധമില്ലല്ലോ. എന്റേത് ഉറച്ച തീരുമാനംതന്നെയാണ്. ഗ്ലാമര്‍ വേഷങ്ങളിലൊന്നും ഇതുവരെ അഭിനയിച്ചിട്ടില്ല. ഇനി അഭിനയിക്കുകയുമില്ലെന്നാണു തീരുമാനം. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വേഷങ്ങളൊന്നും വേണ്ട. ഈ തീരുമാനം എടുത്തതുകൊണ്ട് എനിക്കു വളരെയേറെ സിനിമകള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. അതു ഞാന്‍ കാര്യമാക്കുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിക്കണമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. നല്ല വേഷം തേടിവന്നപ്പോള്‍ ഏറ്റെടുത്തുവെന്നുമാത്രം.
തമിഴിലെയും മലയാളത്തിലെയും പ്രേക്ഷക സമീപനം.
കൊച്ചിക്കാര്‍ക്കു ഞാനൊരു കൊച്ചിക്കാരി തന്നെയാണ്. എത്ര വളര്‍ന്നാലും ഏതൊക്കെ ഭാഷയില്‍ അഭിനയിച്ചാലും അതിനു മാറ്റമില്ല. അവരില്‍ ഒരാളായി മാത്രമേ എന്നെ കാണുകയുള്ളൂ. സിനിമാനടിയുടെ പോപ്പുലാരിറ്റിയൊന്നും കൊച്ചിയില്‍ കിട്ടില്ല. അതു ഷോപ്പിംഗിനായാലും പരിപാടിക്കായാലും എത്തുമ്പോള്‍ അനുഭവിച്ചറിയാം. എന്നാല്‍ ഇതില്‍നിന്നെല്ലാം തികച്ചും വിത്യസ്‌തമാണു തമിഴ്‌നാട്ടിലുള്ളവര്‍ സിനിമാ താരങ്ങളോട് ഇടപെടുന്ന രീതി. അവര്‍ ആരാധിക്കുകയാണു ചെയ്യുന്നത്. ഒരു സിനിമ ഹിറ്റായാല്‍ പിന്നെ നമ്മള്‍ അവിടെ താരമായി. അതോടെ അവരുടെ ആരാധനയ്‌ക്കും പാത്രമാകും.
അവിടെ പിടിച്ചുനില്‍ക്കാനും വളരാനുമൊക്കെ മലയാളത്തേക്കാള്‍ ഏറെ സാഹചര്യവുമുണ്ട്. ഒന്നാമത് ഇന്‍ഡസ്‌ട്രിയുടെ വ്യാപ്‌തിതന്നെ. അതുകൊണ്ടവര്‍ക്കു സിനിമയ്‌ക്കുവേണ്ടി നന്നായി പണമിറക്കാം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താം. പിന്നെ ഒരു ഹീറോയ്‌ക്കൊപ്പം അഭിനയിച്ച പടം ഹിറ്റായാല്‍ ഹീറോയ്‌ക്കൊപ്പം നമ്മളെയും അവര്‍ ഏറ്റെടുക്കുമെന്നതാണു പ്രത്യേകത. കന്നടയിലായാലും തമിഴിലായാലും മലയാളത്തില്‍നിന്നുള്ള നടിമാരെയാണ് അവര്‍ക്കു കൂടുതല്‍ ആവശ്യം. അതവര്‍ പറയുകയും ചെയ്യും. എന്നാല്‍ മലയാളത്തിലേക്ക് അവിടെ നിന്നു നടികളെ കൊണ്ടുവരുന്നതും അവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്.
അമ്പെയ്‌ത്തില്‍ പ്രവീണയാണല്ലോ...അതും സിനിമയും തമ്മിലുള്ള ബന്ധം.
ഒരു ബന്ധവുമില്ല. അമ്പെയ്‌ത്തു വേറെ സിനിമ വേറെ. എന്റെ കാര്യത്തിലാണെങ്കില്‍ സിനിമയിലെത്തുന്നതിനു മുമ്പെ ഞാന്‍ അമ്പെയ്‌ത്തുകളത്തില്‍ സജീവമായിരുന്നുവെന്നു മാത്രം. അതൊക്കെ തികച്ചും യാദൃശ്‌ചികമായി സംഭവിച്ചതാണ്. സിനിമയിലെത്തിയതുപോലെതന്നെ അമ്പെയ്‌ത്തിലെ സജീവതയും ഞാന്‍ കാലേകൂട്ടി ആഗ്രഹിച്ചതും തയ്യാറെടുത്തതുമൊന്നുമായിരുന്നില്ല.
അമ്പെയ്‌ത്തിനുള്ള ഇന്റര്‍നാഷണല്‍ ടീമിന്റെ കോച്ച് എന്റെ അങ്കിളായിരുന്നു. അങ്കിളിന്റെ പ്രേരണയിലാണു ഞാന്‍ അമ്പെയ്‌ത്തു മേഖലയിലേക്കു തിരിഞ്ഞത്. നന്നായി പരിശീലനം നേടുകയും ചെയ്‌തു. ഒരു കാര്യത്തില്‍ ഇടപെട്ടുകഴിഞ്ഞാല്‍ വിജയിക്കണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അതിന്റെ ഗുണവുമുണ്ടായി. പത്തില്‍ പഠിക്കുമ്പോള്‍ അമ്പെയ്‌ത്തു മത്സരത്തില്‍ നാഷണല്‍ ചാമ്പ്യനായതു കഠിനപരിശ്രമത്തിലൂടെയാണ്.
തൊട്ടടുത്ത വര്‍ഷവും സ്‌ഥാനം നിലനിര്‍ത്താന്‍ സാധിച്ചതും അതുകൊണ്ടുതന്നെ. ഒരു വര്‍ഷം മൂന്നാംസ്‌ഥാനത്തായിപ്പോയി. ദിവസവും കുടത്ത പരിശീലനമാണ് ഇക്കാര്യത്തില്‍ നേടിയിരുന്നത്. അമ്പെയ്‌ത്തിനൊപ്പംതന്നെ കലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. സ്‌കൂള്‍ കലോത്സവത്തിലും മറ്റും സജീവമായി രംഗത്തിറങ്ങി. കലാ മത്സരത്തില്‍ പലപ്പോഴും സമ്മാനങ്ങളും ലഭിച്ചു. കഥാപ്രസംഗത്തിനു സംസ്‌ഥാനതലത്തില്‍തന്നെ പ്രൈസ് ലഭിച്ചിട്ടുണ്ട്.
ഒപ്പം സംഗീതത്തിലും കൈവച്ചു. അച്ചന്റെ ഗാനമേള ട്രൂപ്പാണു പാട്ടിന്റെ വഴിയെ നടത്തിയത്. അമ്മ നന്നായി പാടും. ഗാനമേള ട്രൂപ്പ് വന്നതോടെ ഞാനും അനുജനുമൊക്കെ പാടിത്തുടങ്ങി. കോളജിലെത്തിയപ്പോള്‍ ഈ അനുഭവമൊക്കെ നല്‍കിയ ആത്മവിശ്വാസത്തില്‍ ഞാന്‍ ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. യഥാര്‍ത്ഥത്തില്‍ അതാണു വഴിത്തിരിവായത്. റിയാലിറ്റി ഷോയിലെ പെര്‍ഫോമന്‍സ് കണ്ട് എനിക്കു സിനിമയിലേക്ക് അവസരം കിട്ടി. അങ്ങനെ അമ്പെയ്‌ത്തു ചാമ്പ്യനായ ഞാന്‍ അനന്യയെന്ന സിനിമാനടിയായി. സിനിമയും അമ്പെയ്‌ത്തും തമ്മില്‍ ഈ ബന്ധമല്ലാതെ മറ്റൊരു ബന്ധവുമില്ല.
സിനിമാജീവിത്തില്‍ ബ്രേക്കായ 'ശിക്കാറി'നു മുമ്പും ശേഷവും എങ്ങനെ വിലയിരുത്തുന്നു. 'ശിക്കാര്‍' എനിക്കു ബ്രേക്ക് നല്‍കിയ സിനിമയാണ്. മലയാളത്തില്‍ ശിക്കാറെങ്കില്‍ തമിഴില്‍ 'നാടോടികളാ'ണ് ഇങ്ങനെ ബ്രേക്കായത്. അതുവരെ ചില സിനിമകളിലൊക്കെ അഭിനയിച്ചിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. ശിക്കാറിലും നാടോടികളിലും വ്യത്യസ്‌തവും ശ്രദ്ധേയവുമായ വേഷങ്ങള്‍ കിട്ടിയതുപോലെതന്നെ ആ രണ്ടു സിനിമകളും രണ്ടു ഭാഷകളിലായി ശ്രദ്ധിക്കപ്പെട്ടു. അതിന്റെ ഗുണവും എനിക്കുണ്ടായി. നാടോടികള്‍ തമിഴില്‍ മാറ്റത്തിനു വഴിതെളിച്ച സിനിമയായിരുന്നു. പരീക്ഷണചിത്രങ്ങളുടെ പട്ടികയില്‍ 'സുബ്രഹ്‌മണ്യപുര'ത്തിനു ശേഷം ആ സിനിമ വന്നു. ശശികുമാര്‍സാറായിരുന്നു അതില്‍ എനിക്കൊപ്പം അഭിനയിച്ചിരുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ മലയാള സിനിമയായ 'മാസ്‌റ്റേഴ്‌സി'ലും ശശികുമാര്‍സാറുണ്ട്. നാടോടികളിലെ അനുഭവമൊക്കെ ഞാന്‍ മാസ്‌റ്റഴ്‌സിന്റെ സെറ്റില്‍ വച്ചും ഓര്‍ത്തെടുത്തിരുന്നു.
യഥാര്‍ത്ഥത്തില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ആറു മാസംകഴിഞ്ഞപ്പോള്‍ തന്നെ ആദ്യ സിനിമയിലേക്കു ക്ഷണം വന്നിരുന്നു. അക്കാലത്തു സിനിമയൊന്നും എന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. വി.കെ പ്രകാശിന്റെ സിനിമയിലായിരുന്നു തുടക്കം. പിന്നെ 'രഹസ്യ പോലീസ'ടക്കം രണ്ടു സിനിമകള്‍കൂടി ചെയ്‌തു. അതൊന്നും വിജയിച്ചില്ല. തുടക്കക്കാരിയെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സിനിമകള്‍ പരാജയപ്പെടുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ആ അനുഭവം തന്നെ എനിക്കുമുണ്ടായി. സിനിമകള്‍ പരാജയപ്പെട്ടതോടെ
തുടക്കകാരിയായ എന്നെ ആരും അറിഞ്ഞതുമില്ല. അപ്പോഴാണ് എന്റെ ഫോട്ടോകണ്ടു തമിഴില്‍ നിന്നു 'നാടോടി'യിലേക്കു വിളിച്ചത്. നല്ല വേഷമാണെന്നു മനസിലായപ്പോള്‍ ഞാന്‍ ഏറ്റെടുത്തു. ആ സിനിമ അവിടെ വന്‍ വിജയമായി. എന്റെവേഷവും ചര്‍ച്ചചെയ്യപ്പെട്ടു. പിന്നെയും അവസരങ്ങള്‍ ഏറെ വന്നു. എന്നാല്‍ മലയാളത്തില്‍ ബ്രേക്ക് ആയതു 'ശിക്കാറാ'ണ്. പിന്നെ 'കാണ്ഡഹാറി'ലും സീനിയേഴ്‌സിലും അഭിനയിച്ചു. അതൊക്കെ വിജയചിത്രങ്ങളായത് എനിക്കു തുണയായി. ഇപ്പോള്‍ തമിഴില്‍ 'എങ്കെയും എപ്പോതും' വന്‍ ഹിറ്റായി മാറി. അതവിടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു,
മോഹന്‍ലാലിനൊപ്പം രണ്ടു സിനിമകളില്‍ അഭിനയിച്ചല്ലോ...
ശിക്കാറിലേക്കു വിളിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് അല്‍പ്പം പേടിയൊക്കെയുണ്ടായിരുന്നു. കാരണം, അഭിനയകലയില്‍ പകരം വയ്‌ക്കാനില്ലാത്ത ലാലേട്ടനൊപ്പമാണ് അഭിനയിക്കേണ്ടത്. എനിക്കാണെങ്കില്‍ വിജയചിത്രങ്ങളൊന്നും ഏറെയില്ലതാനും. അതേസമയംതന്നെ സിനിമയിലേക്കു വന്ന് ഏറെ കഴിയുംമുമ്പെ ലാലേട്ടനെപ്പോലുള്ള ഒരു നടനൊപ്പം അഭിനയിക്കാനുള്ള ചാന്‍സ് ലഭിച്ചുവെന്നതു ഭാഗ്യമാണെന്നും എനിക്കറിയാമായിരുന്നു. ഒരു വലിയ നടനൊപ്പമാണല്ലോ അഭിനയിക്കുന്നത് എന്നോര്‍ത്ത് അല്‍പ്പസ്വല്‍പ്പം പരിഭ്രമമൊക്കെ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും ആ പേടി ആദ്യ ഷോട്ടോടെ തന്നെ മാറി. അത്രയേറെ സഹകരണമായിരുന്നു ലാലേട്ടന്റെ ഭാഗത്തുനിന്നു ലഭിച്ചത്. അഭിനയത്തിന്റെ എല്ലാ വശങ്ങളും പറഞ്ഞുതരും. നമ്മള്‍ ഒരു തുടക്കക്കാരിയാണെന്നൊന്നും നോക്കാതെ എല്ലാ കാര്യത്തിലും ശ്രദ്ധ ചെലുത്തും. അതുകൊണ്ടുതന്നെ ലാലേട്ടനൊപ്പമുള്ള അഭിനയം എനിക്കു പുതിയൊരു അനുഭവമായിരുന്നു. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ശിക്കാറില്‍ നല്ലപോലെ അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിച്ചെന്നാണ് എന്റെ വിശ്വാസം.
വലിയ സാഹസികയാണെന്നു കേട്ടിട്ടുണ്ടല്ലോ...
സാഹസികത എനിക്ക് അന്നുമിന്നും ഇഷ്‌ടമാണ്. ചെറുപ്പം മുതലേ അങ്ങനെതന്നെയായിരുന്നു വളര്‍ന്നതും. ചെറുപ്രായത്തിലേ പരിശീലിച്ച അമ്പെയ്‌ത്തില്‍നിന്നുള്ള പ്രചോദനമാകാം എന്നെ സാഹസികയായി വളര്‍ത്തിയെടുത്തതെന്നു തോന്നുന്നു. സാഹസികമായ റോളുകള്‍ ഏറ്റെടുക്കാനാണ് എനിക്കു താല്‍പ്പര്യം. എന്നാല്‍ മലയാള സിനിമയില്‍ അത്തരം കഥാപാത്രങ്ങളെ നടിമാര്‍ക്കു കിട്ടുന്നതു വളരെ അപൂര്‍വ്വമാണ്. അതിനുള്ള കഥകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ലെന്നതാണു പ്രധാനകാരണമെന്ന് എനിക്കു തോന്നുന്നു. ഇതിനൊരു മാറ്റമായിരുന്നു 'ശിക്കാര്‍'. അതിന്റെ ക്ലൈമാക്‌സ് സീനിലൊക്കെ അതി സാഹസികമായി അഭിനയിക്കാന്‍ സാധിച്ചു. അതൊരു വ്യത്യസ്‌തമാര്‍ന്ന അനുഭവമായിരുന്നു. ഡ്യൂപ്പിനെ വയ്‌ക്കാമെന്നു പലരും പറഞ്ഞിട്ടും ഞാന്‍ തന്നെ ചെയ്യാമെന്നു പറയുകയായിരുന്നു. ശിക്കാര്‍ നടിയെന്ന നിലയില്‍ എനിക്കു ബ്രേക്കായതുപോലെ സാഹസികവേഷങ്ങള്‍ ചെയ്യാനുള്ള എന്റെ ആഗ്രഹവും നിറവേറ്റാന്‍ സഹായിച്ചു.
അതേപോലെ കാണ്ഡഹാര്‍ എന്ന സിനിമയുടെ ചിത്രീകരണവേളയിലും നല്ല അനുഭവമായിരുന്നു. അതില്‍ വില്ലന്‍മാര്‍ക്കെതിരേ ഞാന്‍ പിസ്‌റ്റള്‍ ഉപയോഗിച്ചു വെടിവയ്‌ക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ത്ഥ പിസ്‌റ്റള്‍ ആയിരുന്നു. നല്ല ഭാരമുള്ള പിസ്‌റ്റള്‍ കൈയിലൊതുക്കാന്‍തന്നെ ഞാന്‍ പണിപ്പെട്ടു. വെടിവച്ചപ്പോള്‍ യഥാര്‍ത്ഥ ഉണ്ട തന്നെയാണു തീതുപ്പി പുറത്തേക്കു വന്നത്. ആദ്യമായാണു ഞാന്‍ പിസ്‌റ്റള്‍ ഉപയോഗിച്ചു വെടിവച്ചത്. ഒരു തവണകൂടി വെടിവയ്‌ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്റെ 'നിര്‍ഭാഗ്യത്തിന്' ആ ഷോട്ട് ആദ്യ ടേക്കില്‍തന്നെ ഒ.ക്കെ യായി! അപ്പോള്‍ രവിസാര്‍ (സംവിധായകന്‍ മേജര്‍ രവി) വന്ന് 'ഇതു കളിത്തോക്കല്ല ഇനി വേണ്ടെ'ന്നു പറഞ്ഞു തോക്കു വാങ്ങുകേം ചെയ്‌തു.
കാമ്പസ് അനുഭവം...
സാധാരണ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന അനുഭവങ്ങളൊക്കെത്തന്നെ. കാരണം കാമ്പസില്‍ ഒരു സിനിമാനടിയുടെ പകിട്ടോടെ പാറി നടക്കാനൊന്നും എനിക്കു സാധിച്ചിട്ടില്ല. ഞാന്‍ ഒരു സിനിമാ നടിയായി അറിയപ്പെട്ടപ്പോഴേക്കും എന്റെ കാമ്പസ് ജീവിതം അവസാനഘട്ടത്തിലെത്തിയിരുന്നു. ശിക്കാറില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയാണ്. അതുകൊണ്ടുതന്നെ താര പരിവേഷമൊന്നും എനിക്കു കാമ്പസില്‍ കൂടുതലായി ലഭിച്ചിരുന്നില്ല. പിന്നെ 'സീനിയേഴ്‌സി'ലെ എന്റെ കഥാപാത്രത്തെ പോലെ ഫുള്‍ടൈം കാമ്പസിലൂടെ അടിച്ചുപൊളിച്ചു നടക്കാനൊന്നും എനിക്കു സാധിച്ചിരുന്നില്ല. കാരണം, ഷൂട്ടിംഗ് തിരക്കുമൂലം പലപ്പോഴും കോളജില്‍തന്നെ പോകാന്‍ കഴിയാത്ത അവസ്‌ഥയായിരുന്നു. ഇപ്പോള്‍ അവസാനവര്‍ഷ പരീക്ഷയും എഴുതി കാമ്പസിനോടു സലാം പറഞ്ഞിരിക്കുകയാണ്.
കൈനിറയെ സിനിമകളുണ്ടായിട്ടും അനന്യയ്‌ക്ക് അഹങ്കാരമില്ലേ.
സിനിമയില്‍ അഭിനയിക്കുന്നുവെന്നു കരുതി അഹങ്കരിക്കേണ്ടതുണ്ടോ..? നടിമാര്‍ അഹങ്കാരികളാണ് എന്നതൊക്കെ തെറ്റായ പ്രചാരണമാണ്. നടിമാരെ നേരിട്ടു പരിചയപ്പെടാതെ സിനിമയിലൂടെയും ചാനലുകളിലൂടെയും കണ്ട് ഇത്തരമൊരു മുന്‍വിധിയെടുക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. നേരിട്ടു പരിചയപ്പെടുമ്പോള്‍ ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ ഓക്കെ. അല്ലാതെ ചുമ്മാ അഹങ്കാരിയാണെന്നു പറയുന്നതു ശരിയല്ല. അതേസമയം അഹങ്കരിക്കുന്ന സ്വഭാവമുള്ളവരുമുണ്ടാകാം. അവരുടെ ജീവിത സാഹചര്യവും ചുറ്റുപാടുകളും സിനിമാ ലോകത്തുനിന്നുണ്ടായ അനുഭവവുമൊക്കെയാകാം ഇതിനു കാരണമാകുന്നത്. എന്തായാലും സിനിമയില്‍നിന്ന് എനിക്ക് ഒരു വിധത്തിലുള്ള ചീത്ത അനുഭവവും ഇതേവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് ഇത്തരമൊരു സ്വഭാവവുമില്ല.
ഒരു സിനിമയില്‍നിന്ന് അവസാന നിമിഷം ഒഴിഞ്ഞുമാറിയെന്ന പരാതി നേരത്തേ കേട്ടിരുന്നു.
അങ്ങനെയൊരു പരാതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ 'ഒരിടൊത്തൊരു പോസ്‌റ്റ്മാന്‍' എന്ന സിനിമയുടെ കാര്യമാണു പറയുന്നതെങ്കില്‍ അത് ഒരൊറ്റപ്പെട്ട സംഭവമാണ്. കഥാപാത്രത്തോടുള്ള താല്‍പ്പര്യക്കുറവുകൊണ്ടൊന്നുമായിരുന്നില്ല ആ സിനിമ വേണ്ടെന്നു വച്ചത്. ഒരിടത്തൊരു പോസ്‌റ്റ്മാന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെയായിരുന്നു എന്റെ ഒരു തമിഴ്‌സിനിമയും തുടങ്ങിയത്. തമിഴ് സിനിമയില്‍ ഞാന്‍ നേരത്തേ കരാറായികഴിഞ്ഞിരുന്നു. അതില്‍നിന്നു പിന്മാറാന്‍ പറ്റാത്ത അവസ്‌ഥവന്നു. അപ്പോള്‍ പോസ്‌റ്റ്മാനില്‍ കൂടി അഭിനയിച്ചാല്‍ രണ്ടു സിനിമകളുടെയും ഡേറ്റ് തമ്മില്‍ ക്ലാഷ് വരും. അതുകൊണ്ടാണു വേണ്ടെന്നു വച്ചത്. ഞാന്‍ ഇക്കാര്യം ഷാജിയേട്ടനെ (സംവിധായകന്‍ ഷാജി) ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.
കണ്ണഴകാണോ ചിരിയഴകാണോ കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്.
ഞാന്‍ എന്റെ ചിരിയെയാണ് ഇഷ്‌ടപ്പെടുന്നത്. കൂടുതല്‍ പേരും അതുതന്നെയാണു പറഞ്ഞിട്ടുള്ളതും. അഴകാര്‍ന്ന ചിരിയെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് എന്റെ കണ്ണിന്റെ ഭംഗിയെ ഇഷ്‌ടപ്പെടുന്നത്. പിന്നെ മനസില്‍ ഒന്നു വച്ചു പുറത്തു മറ്റൊന്നു പറയുന്നത് എനിക്കിഷ്‌ടമല്ല. ഒരാളില്ലാത്തപ്പോള്‍ അയാളെപ്പറ്റി കുറ്റവും കുറവും അസൂയകലര്‍ത്തി പറയുന്നതും എനിക്കിഷ്‌ടമല്ല. ഞാന്‍ അങ്ങനെ പറയാറില്ല. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കാറുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എനിക്കു പെട്ടെന്നു ദേഷ്യം വരും. അതെന്റെ മൈനസ് പോയിന്റാണോയെന്ന് എനിക്കറിയില്ല.
കല്ല്യാണപ്രായമായില്ലേ... പ്രണയത്തോടുള്ള കാഴ്‌ചപ്പാട്...
വിവാഹമൊക്കെ അതിന്റെ സമയത്തു നടക്കും. ഇപ്പോള്‍ അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അതുകൊണ്ടുതന്നെ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാന്‍ സമയമില്ല. പ്രണയിച്ചും തുടങ്ങിയിട്ടില്ല. സിനിമയും പ്രണയവും ഒന്നിച്ചു കൊണ്ടുപോകാന്‍ വലിയ പാടാണെന്നറിയുന്നതുകൊണ്ടുതന്നെയാണു വേണ്ടെന്നു വച്ചത്. പ്രണയം പീന്നീടും ആകാം. ഇപ്പോള്‍ മനസില്‍ നിറയെ സിനിമയാണ്. ഞാന്‍ സിനിമയില്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഏറെ വളരാനുണ്ട്. അതിനിടയില്‍ പ്രണയമെന്നും പറഞ്ഞു സമയംകളയാനില്ല. കളഞ്ഞാല്‍ അതെന്റെ കരിയറിലെ നഷ്‌ടമാകും. അതുകൊണ്ടു തല്‍ക്കാലം പ്രണയത്തെകുറിച്ച് ചിന്തിക്കുന്നേയില്ല. |
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment