കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തലിന് പുതിയ പദ്ധതിയുമായി വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്‌ടര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. പുതിയ ഡാം നിര്‍മിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പിനു കാലങ്ങള്‍ കാത്തിരിക്കേണ്ടി വരാം. താന്‍ മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദേശം 35 ലക്ഷത്തോളംപേരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സത്വര പരിഹാര മാര്‍ഗമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ തമിഴ്‌നാട് നടത്തിയിട്ടുള്ള കോണ്‍ക്രീറ്റ് ക്യാപ്പിംഗിനു ഉള്ളിലൂടെ 40 മില്ലിമീറ്റര്‍ വ്യാസമുള്ള ഇരുമ്പ് കേബിളുകള്‍ അണക്കെട്ടിന്റെ അടിസ്‌ഥാനത്തോട് ഉറപ്പിക്കും. അണക്കെട്ടിന്റെ ചരിവുള്ള പ്രതലം ആറിഞ്ച് വ്യാസത്തില്‍ കുത്തിത്തുരന്നാണ് കേബിള്‍ സ്‌ഥാപിക്കുക. അണക്കെട്ടില്‍ സ്‌ഥാപിക്കുന്ന കേബിളിനെ ഉപരിതലത്തില്‍ സ്‌ഥാപിക്കുന്ന വലിയ കോണ്‍ക്രീറ്റ് കോളങ്ങളുമായി ബന്ധിപ്പിക്കുന്നു. കീഴ്‌ഭാഗം നിരവധി കനംകുറഞ്ഞ കേബിളുകള്‍ സ്‌ഥാപിച്ച് ബലപ്പെടുത്തും. പഴയ ഡാം പൊളിക്കുന്നത് ശുദ്ധ മണ്ടത്തരമാകുമെന്നും കൊച്ചൗസേപ്പ് പറഞ്ഞു. പൊളിച്ച അവശിഷ്‌ടം മാറ്റുന്നത് അതിലും വലിയ പ്രശ്‌നം. തന്റെ നിലപാട് കേരള സര്‍ക്കാരിന്റെ വാദത്തിനു വിരുദ്ധമല്ലേ എന്നു ചോദിച്ചപ്പോള്‍ ജനങ്ങളുടെ സുരക്ഷ മാത്രമേ ഇപ്പോള്‍ തന്നെ മുന്നിലുള്ളൂവെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏകദേശം 55 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിവരുന്നത്. തന്റെ വ്യക്‌തിപരമായ സ്വത്തില്‍നിന്ന് ഇതിന്റെ 10 ശതമാനം (5.5 കോടി) സംഭാവനയായി നല്‍കുകയാണ്. ഇത് തന്റെ പിതാവിന്റെ സ്വകാര്യ സ്വത്തില്‍ നിന്നാണെന്നും കമ്പനി അക്കൗണ്ടില്‍ നിന്നല്ലെന്നും വി-ഗാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി വ്യക്‌തമാക്കി. 5.5 കോടി രൂപയുടെ ക്രോസ്‌ഡ് ചെക്ക് ഡിലോയിറ്റ് ഹാസ്‌കിന്‍സ് ആന്‍ഡ് സെല്‍സിന്റെ സീനിയര്‍ പാര്‍ട്‌ണര്‍ എം. രാമചന്ദ്രനും വര്‍മ ആന്‍ഡ് വര്‍മയിലെ സത്യനാരായണനും കൈമാറി. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള വിശാല മനസ്‌കര്‍ കൂടി സംരംഭത്തില്‍ പങ്കുചേര്‍ന്നാല്‍ 55 കോടി രൂപ സമാഹരിക്കല്‍ പ്രയാസമാകില്ല. കേരളത്തിലെ പ്രമുഖ സ്‌ട്രക്‌ചറല്‍ കണ്‍സള്‍ട്ടന്റായ യു. കൃഷ്‌ണകുമാര്‍, ഡോ. ബി. ആര്‍. ശ്രീനിവാസ മൂര്‍ത്തി (ബംഗളുരു) എന്നിവരാണു നിര്‍മാണ രൂപരേഖ തയാറാക്കിയത്. ഭൂചലനം മൂലമോ മറ്റോ ഡാമിന് അപകടമുണ്ടായാല്‍ പുതിയ ബലപ്പെടുത്തല്‍ താങ്ങുമെന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാദം. ബലപ്പെടുത്തലിന് ഒമ്പതുമാസം മതി. ഇപ്പോള്‍ തുടങ്ങിയാല്‍ ജൂണ്‍ 15നു മുമ്പായി പകുതി പണി തീര്‍ക്കാം. പുതിയ ഡാം കെട്ടാന്‍ കേരള സര്‍ക്കാരിന് പണമില്ലെങ്കില്‍ നല്‍കുന്നത് ആലോചിക്കാം. താന്‍ നല്‍കിയ പണം വിനിയോഗിച്ചില്ലെങ്കിലും തിരികെ വാങ്ങില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാവും ഭാവിയില്‍ സംഭവിക്കുകയെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
No comments:
Post a Comment