Friday, 13 January 2012

[www.keralites.net] എന്റെ ജീവിതത്തില്‍ സംഭവിച്ചത്‌-നടി രഞ്‌ജിത

 

എന്റെ ജീവിതത്തില്‍ സംഭവിച്ചത്‌

 

സ്വാമി നിത്യാനന്ദയുമായുളള അവിഹിത ബന്ധം ആരോപിക്കപ്പെട്ട നടി രഞ്‌ജിത ആദ്യമായി തന്റെ ഭാഗം വിശദീകരിക്കുന്നു, ഒപ്പം കടന്നു വന്ന ജീവിത സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിക്കുന്നു.

തമിഴ്‌ സിനിമയിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു എന്റെ അച്‌ഛന്‍ അശോക്‌ കുമാര്‍. അച്‌ഛന്റെ തിരക്കിനിടെ വീടും വീട്ടുകാര്യങ്ങളും നോക്കി നടത്തിയത്‌ അമ്മ പ്രമീളയായിരുന്നു. ഞങ്ങള്‍ മൂന്ന്‌ പെണ്‍മക്കളാണ്‌. ചേച്ചി ജ്യോതിയും അനുജത്തി ലക്ഷ്‌മിയും സോഫ്‌റ്റ്വെയര്‍ പ്രൊഫഷനല്‍സാണ്‌.

ഇടത്തരം കുടുംബമാണ്‌ ഞങ്ങളുടേത്‌. ചെന്നൈ ഹോളി ഏയ്‌ഞ്ചല്‍സ്‌ സ്‌കൂളിലാണ്‌ ഞാന്‍ പഠിച്ചത്‌. സ്‌കൂള്‍ അച്ചടക്കം കൃത്യമായി പാലിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നില്ല ഞാന്‍. കാര്യങ്ങള്‍ അന്ധമായി അനുസരിക്കാനോ പിന്‍തുടരാനോ കഴിയില്ല എനിക്ക്‌. ആറാം ക്‌ളാസോടെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച്‌ ഞാന്‍ പ്രൈവറ്റായി പഠിക്കാന്‍ തുടങ്ങി. പ്‌ളസ്‌ടുവിലെത്തിയപ്പോള്‍ ആദര്‍ശ്‌ സ്‌കൂളില്‍ ചേര്‍ന്നു.

അന്തര്‍മുഖയായിരുന്നു ഞാന്‍. ആദര്‍ശില്‍ വന്നതോടെ എന്റെ രീതികളില്‍ മാറ്റങ്ങള്‍ വന്നു. എന്‍.സി.സി യില്‍ ചേര്‍ന്നു. ഐ.എ.എസോ ഐ.പി.എസോ ആകണമെന്നായി. ജേര്‍ണലിസ്‌റ്റാകണമെന്നും ആഗ്രഹിച്ചു. സിനിമാക്കാരിയാവണമെന്ന്‌ വിചാരിച്ചതേയില്ല.നടിയാകുംമുന്‍പ്‌ ഞാന്‍ കണ്ടത്‌ മൂന്നേ മൂന്ന്‌ സിനിമകളാണ്‌.

സ്‌കൂളിംഗ്‌ കഴിഞ്ഞ്‌ എത്തിരാജ്‌ കോളജില്‍ ചേര്‍ന്നെങ്കിലും ഒരു വര്‍ഷത്തിനപ്പുറം പോയില്ല. അതു വിധി. എനിക്കു വേണ്ടി കാത്തിരുന്ന പോലെയാണ്‌ സിനിമയില്‍ അവസരങ്ങള്‍ വന്നത്‌. തിരക്കഥാകൃത്തുക്കളായ ശ്രീഗോപാലകൃഷ്‌ണ സഹോദരന്‍മാര്‍ ഞങ്ങളുടെ അയല്‍വാസികളായിരുന്നു. എന്റെ മുഖം ഫോട്ടോജനിക്കാണെന്നും സിനിമയില്‍ നന്നാവുമെന്നുംഅവര്‍ പറഞ്ഞു.

അക്കാലത്ത്‌ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അമ്മ കഠിനമായി അദ്ധ്വാനിച്ചിട്ടും ബാധ്യതകള്‍ ഒഴിവാക്കാനായില്ല. ദൈവം കൊണ്ടു തന്ന അവസരമായി തന്നെ കരുതി ഞാന്‍ സിനിമ സ്വീകരിച്ചു.

ആദ്യതെലുങ്ക്‌ ചിത്രം വന്‍വിജയമായിരുന്നില്ല. പക്ഷേ അത്‌ ഭാരതിരാജ ചിത്രത്തിലേക്കതു വഴി തുറന്നു-നാടോടി തെന്നല്‍. ഭാരതിരാജ ഇത്ര വലിയ സംവിധായകനാണെന്ന്‌് എനിക്കറിയാമായിരുന്നില്ല. പക്ഷേ അച്‌ഛന്‍ ത്രില്‍ഡായി. എഡിറ്റിംഗ്‌ റൂമില്‍ വച്ച്‌ തെലുങ്ക്‌ പടത്തിന്റെ ക്‌ളിപ്പിംഗ്‌സ് രാജസര്‍ കണ്ടു. നേരില്‍ കണ്ടപ്പോള്‍ ടെസ്‌റ്റ് ഷൂട്ടിനെപ്പറ്റി അദ്ദേഹം പറഞ്ഞു. ആ സിനിമയിലേക്ക്‌ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തിക്‌ നായകനായ സിനിമ സാമ്പത്തികമായും കലാപരമായും വിജയിച്ചു. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എട്ട്‌ വര്‍ഷത്തോളംതമിഴ്‌, മലയാളം, തെലുങ്ക്‌, കന്നട ഭാഷകളിലായി എഴുപതോളം ചിത്രങ്ങള്‍.

വിവാഹം 1998ല്‍ നടന്നു. ഭര്‍ത്താവിനെക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. മോര്‍ഫ്‌ ചെയ്‌ത വീഡിയോ വന്ന ശേഷം എന്നെ ഏറ്റവും വേദനിപ്പിച്ച മനുഷ്യനാണ്‌ അദ്ദേഹം. ഇനി ഒന്നിച്ച്‌ ജീവിക്കാനാവുമോ എന്നെനിക്കുറപ്പില്ല. ഞങ്ങള്‍ ഇന്ന്‌ ഒരുമിച്ചല്ല.

ദാമ്പത്യത്തില്‍ മുന്‍പ്‌ അഹിതമായി ഒന്നും സംഭവിച്ചിരുന്നില്ല എന്നതാണ്‌ ദുഃഖകരമായ സത്യം. 10 വര്‍ഷത്തിനിടെ ഒരു ചെറിയ വഴക്ക്‌പോലും ഉണ്ടായിട്ടില്ല. കോളജ്‌ കാലം മുതല്‍ അറിയുന്നവരായിരുന്നു. എന്‍.സി.സി യില്‍ വച്ചാണ്‌ പരിചയം ദൃഢമാവുന്നത്‌. രാകേഷ്‌ ജോലിയില്‍ കയറിയ ശേഷവും ആ ബന്ധം തുടര്‍ന്നു.മിലിട്ടറിയില്‍ മേജറാണിപ്പോള്‍ രാകേഷ്‌.

ചെന്നൈ മഹാലിംഗപുരം ക്ഷേത്രത്തില്‍ മലയാളി ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‌ മുന്‍പേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു. അവരില്‍ ചിലര്‍ എന്റെ സൗഹൃദക്കൂട്ടായ്‌മയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട്‌ കുടുംബജീവിതം എല്ലാ അര്‍ത്ഥത്തിലും കുറ്റമറ്റതായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട്‌ ജോധ്‌്പൂര്‍, അജ്‌മീര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളിലായിരുന്നു ഞങ്ങള്‍ താമസം. ഉത്തരേന്ത്യയിലേക്ക്‌ പോയശേഷം ഞാന്‍ അഭിനയം നിര്‍ത്തി. എനിക്കതില്‍ മനസ്‌താപം തെല്ലും ഉണ്ടായില്ല.സിനിമയോട്‌ തീവ്രാഭിനിവേശം ഒരു കാലത്തും ഉണ്ടായിരുന്നില്ല. അഭിനയം ഞാന്‍ തെരഞ്ഞെടുത്ത മേഖലയായിരുന്നുമില്ല.

തുടക്കത്തില്‍ അച്‌ഛന്‍ അത്ര സന്തുഷ്‌ടനായിരുന്നില്ല. രാകേഷ്‌ മലയാളിയും ഞങ്ങള്‍ ആന്ധ്രാക്കാരുമായിരുന്നല്ലോ! പിന്നീട്‌ അച്‌ഛന്‍ അതുമായി പൊരുത്തപ്പെട്ടു. നല്ല പ്രകൃതമുള്ള ആളാണ്‌ രാകേഷ്‌.കുടുംബ ജീവിതത്തില്‍ എനിക്ക്‌ അര്‍ഹമായ സ്‌ഥാനം രാകേഷ്‌ നല്‍കി. പ്രകോപിതനാവാതെ എല്ലാം ചിരിച്ചു കൊണ്ട്‌ നേരിടുന്ന പ്രകൃതം. പക്ഷേ ഞങ്ങള്‍ക്ക്‌ ഒരു കുട്ടിയുണ്ടായില്ല.

മിലിട്ടറി ക്വാര്‍ട്ടേഴ്‌സിലെ ജീവിതം ദുസ്സഹമായിരുന്നു. അവിടെ ദിവസവും പാര്‍ട്ടിയാണ്‌. സീനിയര്‍ ഓഫീസേഴ്‌സിന്റെ ഭാര്യമാര്‍ സന്ദര്‍ശകരായി എത്തും. അവര്‍ക്ക്‌ ഭക്ഷണം വച്ചുവിളമ്പേണ്ടത്‌ നമ്മുടെ ജോലിയാണ്‌. ആ വൈരസ്യം മറികടക്കാന്‍ കംഫര്‍ട്ടബിള്‍ എന്ന്‌ തോന്നിയ ഒരു സിനിമ വന്നപ്പോള്‍ ഞാന്‍ സ്വീകരിച്ചു.

സ്വാമി നിത്യാനന്ദജിയെ ഞാന്‍ കണ്ടുമുട്ടുന്നത്‌ 2009 ഫെബ്രുവരിയിലാണ്‌. ചെന്നൈയിലെ ഹിന്ദു ബുക്ക്‌ഫെയറില്‍ വച്ചായിരുന്നു അത്‌. സ്വാമിജിയായിരുന്നു മുഖ്യാതിഥി. മഹാഭാരതത്തെക്കുറിച്ചും ഭഗവത്‌ഗീതയെക്കുറിച്ചുമുളള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ ഞാന്‍ മുന്‍പ്‌ യൂടൂബില്‍ കണ്ടിട്ടുണ്ട്‌.

ജ്‌ഞാനപീഠം ബുക്ക്‌ സ്‌റ്റാളിന്‌ മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. സ്വാമിജി അവിടേക്കു വന്നു. സംഘത്തിലൊരാള്‍ നടിയെന്ന നിലയില്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ അനുഗ്രഹം വാങ്ങി.അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ വലിയ വിശ്വാസം ജനിപ്പിച്ചു. അസാധാരണ ഗുരു എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. വേദിക്ക്‌ ജീവിതശൈലിയെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശ്വാസങ്ങളും കാഴ്‌ചപ്പാടുകളും വ്യത്യസ്‌തമായിരുന്നു.

ഭൂരിപക്ഷവും വിശ്വസിക്കുന്നത്‌ അവരുടെ ജീവിതലക്ഷ്യം വിവാഹവും കുട്ടികളെ വളര്‍ത്തലുമാണെന്നാണ്‌. എന്നെ സംബന്ധിച്ച്‌ അതങ്ങനെയല്ല. ജീവിതം വിവാഹത്തോടെ അവസാനിക്കുന്നില്ലെന്ന്‌ ഞാന്‍ വിശ്വസിച്ചു.നമ്മള്‍ ആഗ്രഹിക്കുംവിധം ജീവിതം പ്രയോജനപ്പെടുത്താന്‍ നമുക്ക്‌ അവകാശമുണ്ടെന്ന്‌ സ്വാമിജിയും ഉപദേശിച്ചു. സമൂഹം എന്തു പറയുമെന്നു ഭയന്ന്‌ നമ്മുടെ ആഗ്രഹങ്ങളെ കൂച്ചുവിലങ്ങിടുകയാണെന്ന്‌ എനിക്ക്‌ തോന്നി. ഞാന്‍ എന്റെ പെണ്‍സുഹൃത്തുക്കളോടും ആണ്‍സുഹൃത്തുക്കളോടുമൊപ്പം പബ്ബിലും മറ്റും പോവുമായിരുന്നു.ഇതേപ്പറ്റി ചോദിച്ചവരോട്‌എന്റെ മറുപടി ഇതായിരുന്നു:"ഞാന്‍ ആണുങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ പോകുന്നില്ലല്ലോ?''

നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി എങ്ങനെ ജീവിക്കണം എന്നതിന്‌ ചില അലിഖിത നിയമങ്ങളുണ്ട്‌. അതിന്‌ വിരുദ്ധമായി ആര്‌ എന്തു ചെയ്‌താലും ധാരാളം ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ഒരുദാഹരണം. ആത്മീയ കാര്യങ്ങളില്‍ വളരെ താത്‌പര്യമുള്ള കൂട്ടത്തിലാണു ഞാന്‍. വെറുതെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നതിനേക്കാള്‍ ഹൈന്ദവപുരാണങ്ങളെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും അറിയാനാഗ്രഹമുണ്ട്‌. ഭഗവത്‌ഗീതയുടെ വിവിധ വ്യാഖ്യാനങ്ങള്‍ ഞാന്‍ വായിച്ചു. ആളുകള്‍ ഇത്‌ ശ്രദ്ധിച്ചു. അവര്‍ ഉപദേശവുമായി വന്നു:"രഞ്‌ജിത ഗീത വായിക്കാനുള്ള പ്രായമായിട്ടില്ല"

ഞാന്‍ അതിശയിച്ചു.ഗീത വായിക്കുന്നതിന്‌ പ്രായപരിധിയുണ്ടോ? ഗീതയിലൂടെ ജീവിക്കുക എന്നാണ്‌ ഭഗവത്‌ഗീത നല്‍കുന്ന ദര്‍ശനം. 60-70 വയസില്‍ അത്‌ വായിച്ച്‌ ജീവിക്കുന്നതില്‍ എന്താണ്‌ അര്‍ത്ഥം? ആ സമയത്ത്‌ എനിക്ക്‌ ഗീത ആവശ്യമില്ല. മരിക്കാന്‍ ഒരുങ്ങുന്ന ഒരാള്‍ക്ക്‌ പിന്നെന്ത്‌ ജീവിതം?

സ്വാമിജിയുടെ ഉപദേശം തേടിയപ്പോ ള്‍ ശ്രീകൃഷ്‌ണന്റെ ഉപദേശങ്ങള്‍ എങ്ങനെ ജീവിതത്തില്‍ ഉപയോഗിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു തന്നു. സംഘര്‍ഷരഹിതമായ ജീവിതത്തെക്കുറിച്ച്‌ ആളുകള്‍ നിരന്തരം പറയുന്നു. പക്ഷേ അത്‌ എങ്ങനെയാണ്‌ പ്രാവര്‍ത്തികമാക്കുന്നത്‌. സ്വാമിജി അത്‌ പറഞ്ഞു തന്നു, ഭഗവത്‌ഗീതയിലൂടെ.

ഈ സമയത്തു തന്നെ സ്വന്തമായി ഒരു നിര്‍മ്മാണ സ്‌ഥാപനം തുടങ്ങുന്നതിനെക്കുറിച്ച്‌ ഞാന്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി. ഒരു സിനിമ സംവിധാനം ചെയ്യാന്‍ തിരക്കഥ എഴുത്തും തുടങ്ങി. പക്ഷേ അതൊന്നും വിചാരിച്ച സംതൃപ്‌തി നല്‍കിയില്ല. എന്തോ എവിടെയോ നഷ്‌ടപ്പെടുന്നതുപോലെ..ആ സന്ദിഗ്‌ദ്ധ ഘട്ടത്തില്‍ സമാധാനത്തിനായാണ്‌ സ്വാമിജിയുടെ ഉപദേശം തേടിയത്‌. വീണ്ടും സ്വാമിയെ കാണണമെന്ന്‌ സത്യമായും വിചാരിച്ചതല്ല. പക്ഷേ ഒരു ഘട്ടത്തില്‍ അത്‌ വേണ്ടി വന്നു. എല്ലായ്‌പോഴും ഞാന്‍ തിരിച്ചറിഞ്ഞ സത്യമുണ്ട്‌. മഹത്‌ഗ്രന്ഥങ്ങളില്‍ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്‌.ഭഗവത്‌ഗീതയെ ആ അര്‍ത്ഥത്തില്‍ ഞാന്‍ സ്‌നേഹിച്ചു. ഷിര്‍ദ്ദിസായിയുടെ ദര്‍ശനങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു.

സ്വാമിജിയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത മറ്റ്‌ ഗുരുക്കളുടെ അടുത്ത്‌ പോകരുതെന്ന്‌ അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. ആരെയും അദ്ദേഹം കുറ്റപ്പെടുത്താറുമില്ല.അമൂല്യവും ആത്മാര്‍ത്ഥവുമായ ഒരു നിര്‍ദ്ദേശം അദ്ദേഹം നല്‍കി:"'എല്ലാ നല്ല ഗുരുക്കന്‍മാരുടെ അടുത്തും പോവുക. നല്ല ഉപദേശങ്ങള്‍ കേള്‍ക്കുക.അതില്‍ നിനക്ക്‌ നല്ലതെന്ന്‌ തോന്നുന്നത്‌ സ്വീകരിക്കുക''

ഞാന്‍ സായിബാബയെക്കുറിച്ച്‌ പല തവണ അദ്ദേഹത്തോട്‌ ചോദിച്ചു:"അദ്ദേഹം അവതാരമാണ്‌. ഭൗതികശരീരം ഉപേക്ഷിക്കും മുന്‍പ്‌ നീ അദ്ദേഹത്തെ കാണണം."

രണ്ട്‌ വര്‍ഷം മുന്‍പാണ്‌ അദ്ദേഹം ഇത്‌ എന്നോടു പറഞ്ഞത്‌. ആരെക്കുറിച്ചും അഹിതമായി ചിന്തിക്കുകയോ പറയുകയോ ചെയ്യാത്ത മനുഷ്യന്‍. സ്വാമിജിയോട്‌ ആദരവ്‌ വര്‍ദ്ധിക്കുകയായിരുന്നു.

സ്വാമിജിയെ ആദ്യമായി കണ്ടത്‌ 2009 ഫെബ്രുവരിയിലാണ്‌. അമേരിക്കയില്‍ എന്റെ സഹോദരി ജ്യോതിയോടൊപ്പം താമസിക്കാന്‍ ഒരു അവസരം വന്നു. സഹോദരിമാര്‍ രണ്ടും യു.എസിലാണ്‌. ആര്‍മിയില്‍ പതിവുള്ള വാര്‍ഷിക പരിശീലനത്തിന്‌ പോയതാണ്‌ രാകേഷ്‌്. സ്വാഭാവികമായി കുറച്ചു നാള്‍ അവര്‍ക്കൊപ്പം പോയി നില്‍ക്കാമെന്ന്‌ ഞാന്‍ വിചാരിച്ചു. യാദൃച്‌ഛികമായി സ്വാമിജിയും യു.എസ്‌ പര്യടനത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കേണ്ടി വരുമെന്ന്‌ വിചാരിച്ചതേയല്ല. ആദ്ധ്യാത്മിക സ്‌ഥാപനങ്ങളോട്‌ പൊതുവെ പ്രതിപത്തിയുള്ള കൂട്ടത്തിലല്ല ഞാന്‍. അവയെക്കുറിച്ച്‌ നല്ലതും ചീത്തയുമായി ധാരാളം കേള്‍ക്കുന്നു.

യു.എസില്‍ എത്തിയ ശേഷം സ്വാമിജി അവിടെ ഉണ്ടെന്ന്‌ അറിഞ്ഞു. ചില പുസ്‌തകങ്ങളയയ്‌ക്കാന്‍ ആശ്രമത്തില്‍ നിന്നൊരാള്‍ വിളിച്ചപ്പോഴാണ്‌ വിവരം അറിയുന്നത്‌. പി.ആര്‍ വിഭാഗം നോക്കുന്ന ഒരാളാണ്‌ വിളിച്ചത്‌. എല്ലാ പ്രശസ്‌തര്‍ക്കും ഇപ്രകാരം പുസ്‌തകങ്ങളയച്ചു കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക്‌ രണ്ട്‌ ദിവസത്തെ ഒരു പരിപാടി ഉണ്ടായിരുന്നു . ആദ്യ ദിവസം സ്വാമിജി സംസാരിച്ചത്‌ പതഞ്‌ജലിയോഗസൂത്രയെക്കുറിച്ചായിരുന്നു. രണ്ടാം ദിവസം അദ്ദേഹം ദീക്ഷ നല്‍കി. ഒരു സ്‌പര്‍ശനത്തിലൂടെ അദ്ദേഹം തന്നിലുളള ആത്മീയ ഊര്‍ജ്‌ജം നമ്മിലേക്ക്‌ പ്രവഹിപ്പിക്കുകയാണ്‌. അത്തരത്തില്‍ എനിക്കും ദീക്ഷ ലഭിച്ചു.

ഇതെല്ലാം യാദൃച്‌ഛികമായി സംഭവിച്ചതാണ്‌. ട്രെയിനിംഗ്‌ വന്നപ്പോള്‍ രാകേഷ്‌ തന്നെ നിര്‍ബന്ധിച്ച്‌ എന്നെ യു.എസിലേക്ക്‌ പറഞ്ഞയച്ചതാണ്‌. പക്ഷേ എല്ലാ കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും ആരംഭം അവിടെ നിന്നായിരുന്നു.

ആചാര്യ സാന്നിദ്ധ്യത്തില്‍ മനുഷ്യനിലെ ഊര്‍ജ്‌ജം പ്രവര്‍ത്തിക്കുന്നത്‌ എങ്ങനെയാണെന്ന്‌ മെഡിറ്റേഷനിലൂടെ ബോധ്യപ്പെടുത്തുന്ന കല്‍പ്പതരു വര്‍ക്ക്‌ഷോപ്പ്‌ എന്ന ചടങ്ങില്‍ സ്വാമിജി എന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച്‌ ചോദിച്ചു. ജീവിതപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന്‌ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എനിക്ക്‌ ഒരു വിധപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക്‌ കുട്ടികളുണ്ടായില്ല എന്നത്‌ പോലും മറ്റുള്ളവര്‍ക്കായിരുന്നു പ്രശ്‌നം. എനിക്കതൊരു പശ്‌നമായി തോന്നിയതേയില്ല.

വര്‍ക്ക്‌ഷോപ്പ്‌ ശരിക്കും ഞാന്‍ ആസ്വദിച്ചു. സ്വാമിജി മനോഹരമായി കാര്യങ്ങള്‍ വിശദീകരിക്കും, നര്‍മ്മരസപ്രധാനമായി കഥകള്‍ പറയും. ആളുകളുമായി നന്നായി ഇടപഴകാന്‍ അദ്ദേഹത്തിനായി.യു.എസില്‍ ഉണ്ടായിരുന്ന ഒന്നര മാസത്തിനിടെ സ്വാമിജിയെ നന്നായി മനസിലാക്കി. വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുകയും ചെയ്‌തു.

ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോന്ന 2009 ജൂണില്‍ സ്വാമിജിയുടെ 21 ദിവസത്തെ ഒരു കോഴ്‌സ് ബാംഗ്‌ളൂരില്‍ നടക്കുന്നതറിഞ്ഞ്‌ ഞാന്‍ ചേര്‍ന്നു. ആശ്രമത്തില്‍ തന്നെയാണ്‌ താമസിച്ചത്‌. അതിനൊന്നും രാകേഷിന്റെ അനുവാദം ചോദിച്ചിരുന്നില്ല. ചെയ്യണമെന്നു തോന്നിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യുകയായിരുന്നു. അത്തവണ പക്ഷേ ആശ്രമത്തില്‍ പോകാന്‍ അനുവാദം ചോദിച്ചു. അദ്ദേഹം തീരെ താത്‌പര്യമില്ലാത്ത മട്ടില്‍ പ്രതികരിച്ചു. എന്നാല്‍ താത്‌പര്യമെങ്കില്‍ പൊയ്‌ക്കൊള്ളാനും പറഞ്ഞു.

ആശ്രമവാസത്തിനിടയില്‍ ബ്രഹ്‌മചാരികളും ബ്രഹ്‌മചാരിണികളുമായി ഞാന്‍ അടുത്തു. കാര്യങ്ങള്‍ നന്നായി നോക്കി കണ്ട്‌ നടത്തി. ആശ്രമത്തെക്കുറിച്ച്‌ ഒരു ഡോക്യൂമെന്ററി നിര്‍മ്മിക്കാന്‍ അവര്‍ ആലോചിച്ചിരുന്നു. ഇത്‌ നല്ല അവസരമാണെന്നെനിക്ക്‌ തോന്നി. 2009 ഡിസംബറില്‍ 10 ദിവസത്തെ ബ്രഹ്‌മോത്സവത്തോടനുബന്ധിച്ച്‌ ഒരു മാസത്തിലധികം ആശ്രമത്തില്‍ തങ്ങി. ഡോക്യൂമെന്ററിയുടെ ഷൂട്ടിംഗും നടന്നു. ഇതേ സമയത്തു തന്നെ ഞാനും സ്വാമിജിയുമായുള്ള കിടപ്പറ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മോര്‍ഫഡ്‌ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വരാന്‍ തുടങ്ങി.

വളരെ കുറച്ച്‌ ബ്രഹ്‌മചാരികള്‍ക്കും ബ്രഹ്‌മചാരിണികള്‍ക്കും മാത്രമേ സ്വാമിജിയെ നേരില്‍ കാണാനും അടുത്ത്‌ ഇടപഴകാനും അനുവാദമുള്ളു. ഞാനൊരു ആശ്രമവാസിയല്ല. സ്വാമിജിയുമായി വ്യക്‌തിപരമായ അടുപ്പം സ്‌ഥാപിക്കാന്‍ താത്‌പര്യവുമുണ്ടായിരുന്നില്ല. ഷൂട്ടിംഗ്‌ സമയത്ത്‌ മെഡിറ്റേഷനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ബ്രഹ്‌മചാരികള്‍ പുറത്തു പോകുമ്പോള്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ എന്നോട്‌ ആവശ്യപ്പെട്ടിട്ടു കൂടി ഞാനതിന്‌ തയ്യാറായില്ല.

ആശ്രമത്തിലെ ഡ്രൈവറായിരുന്നു എന്ന്‌ അവകാശപ്പെടുന്ന കെ. ലെനിന്‍ എന്നയാളാണ്‌ കുഴപ്പങ്ങളെല്ലാം ഉണ്ടാക്കിയത്‌. മാധ്യമങ്ങള്‍ക്ക്‌ വീഡിയോയും ചിത്രങ്ങളും നല്‍കിയതയാളാണ്‌. ആദ്യം 36 സീഡികള്‍ ഉണ്ടെന്നാണ്‌ പറഞ്ഞത്‌. പിന്നീട്‌ അത്‌ 64 എന്നായി. ലെനിന്‍ ബ്രഹ്‌മചാരിയായിരുന്നു. രണ്ടിലധികം തവണ ഞാന്‍ അയാളെ ആശ്രമത്തില്‍ കണ്ടിട്ടുണ്ട്‌. ഡിസംബറില്‍ ഞാന്‍ അവിടെയുള്ളപ്പോഴും അയാളെ കണ്ടു. ഞാന്‍ എവിടെ പോയാലും അയാള്‍ പിന്നാലെയുണ്ടായിരുന്നു. സംസാരവും ശരീരഭാഷയും നോട്ടവും എല്ലാം അരോചകമായിരുന്നു. തൊട്ടടുത്തു വന്ന്‌ മുട്ടിയുരുമ്മി നില്‍ക്കും. പല തവണ ശരീരത്തില്‍ സ്‌പര്‍ശിക്കുന്ന അവസ്‌ഥ വരെ വന്നു. എന്നാല്‍ മോശമായി ഒന്നും തന്നെ അയാള്‍ എന്നോട്‌ സംസാരിച്ചിട്ടില്ല.

സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയം വച്ച്‌, ചില സൂചനകളില്‍ നിന്നു തന്നെ ഒരാളുടെ ദുരുദ്ദേശ്യം നമുക്ക്‌ തിരിച്ചറിയാന്‍ പറ്റും. ഒരു തവണ കയര്‍ത്തു സംസാരിക്കേണ്ടി വന്നു. അയാളുടെ പെരുമാറ്റവൈകല്യങ്ങള്‍ ബ്രഹ്‌മചാരിണികളുടെ നേര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും പരാതിപ്പെടുമെന്ന്‌ പറഞ്ഞാലുടന്‍ കാലില്‍ വീണ്‌ മാപ്പ്‌ പറയുന്നതാണ്‌ അടവെന്നും അവര്‍ സൂചിപ്പിച്ചു. ഉത്സവ സീസണായതു കൊണ്ട്‌ എല്ലാവരും തിരക്കിലായിരുന്നു. ഞാന്‍ സ്വാമിജിയോട്‌ ഒന്നും പറയാന്‍ പോയില്ല.

ഫെബ്രുവരി 13 ന്‌ ശിവരാത്രി ദിവസം ഞാന്‍ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ ലെനിന്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു.ഞാന്‍ അലറിവിളിച്ച്‌ എതിര്‍ത്തു. അയാള്‍ വാതിലടയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വല്ലാതെ തള്ളി മാറ്റി. എന്റെ നിലവിളി കേട്ട ഒരു ബ്രഹ്‌മചാരി ഓടി വന്ന്‌ എന്നെ രക്ഷിച്ച്‌ വാതില്‍ തുറന്ന്‌ തന്നു. ആ തക്കത്തിന്‌ ലെനിന്‍ ഓടി രക്ഷപ്പെട്ടു. ബ്രഹ്‌മചാരിയോട്‌ ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ എന്റെ കരച്ചില്‍ കേള്‍ക്കുകയും കൈയ്യിലെ മുറിപ്പാടുകള്‍ കാണുകയും ചെയ്‌തതില്‍ നിന്ന്‌ അദ്ദേഹം എല്ലാം മനസിലാക്കി. ആരോടും ഇതൊന്നും പറയരുതെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ അപേക്ഷിച്ചു.

സ്വാമിജിയുടെ യുഎസിലുള്ള ഭക്‌തആരതിറാവുവിന്റെ മോര്‍ഫഡ്‌ വീഡിയോ കാണിച്ച്‌ ലെനിന്‍ എന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ ഭയന്നു. ലെനിന്റെ പെരുമാറ്റം ആരോടെങ്കിലും പറഞ്ഞാല്‍ ഇത്തരം മോര്‍ഫഡ്‌ ചിത്രങ്ങളുണ്ടാക്കി സണ്‍ ടിവിയിലും നക്കീരനിലും പ്രസിദ്ധീകരിക്കുമെന്ന്‌ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ അതൊന്നും കാര്യമാക്കിയില്ല.

എന്നാല്‍ എന്നെ ഞെട്ടിച്ചു കൊണ്ട്‌ അയാള്‍ ആ വീഡിയോ മാധ്യമങ്ങള്‍ക്ക്‌ കൈമാറി. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഇതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. ഞാന്‍ എന്തോ തെറ്റ്‌ ചെയ്‌തതു പോലെയാണ്‌ പലരും നോക്കിക്കണ്ടത്‌. പോലീസിനോടും കോടതിയില്‍ പോലും സത്യം പറയാന്‍ കെല്‍പ്പില്ലാതെ വിഷമിച്ചു. അത്രമാത്രം ആ സംഭവം എന്നെ മാനസികമായി തളര്‍ത്തി. ലോകം മുഴുവന്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ലോകത്തെ മുഴുവന്‍ സത്യം ബോധ്യപ്പെടുത്താന്‍ എനിക്ക്‌ കഴിയുമോ?

അനുഗ്രഹം പോലെ ഒരു മലയാളസിനിമയില്‍ അവസരം വന്നു. ഒരാശ്വാസം എന്നോണം ഞാന്‍ കേരളത്തിലേക്ക്‌ പോന്നു. മാര്‍ച്ച്‌ രണ്ടാം തീയതി വീഡിയോ സണ്‍ ടിവിയും ചിത്രങ്ങള്‍ നക്കീരന്‍ വാരികയും പ്രസിദ്ധീകരിച്ചു. കൈ കോര്‍ത്തുപിടിച്ച്‌ കിടക്കയില്‍ ഇരിക്കുന്ന സ്‌ത്രീയുടെയും പുരുഷന്റെയും ചിത്രം. പടത്തില്‍ കാണുന്ന സ്‌ത്രീ സത്യത്തില്‍ ഞാനായിരുന്നില്ല. കാവി ധരിച്ച പുരുഷന്‍മാരും സാല്‍വാര്‍ കമ്മീസ്‌ ധരിച്ച സ്‌ത്രീകളും ആശ്രമത്തിലെ പതിവു കാഴ്‌ചകളാണ്‌. അവിടത്തെ സ്‌ത്രീപുരുഷന്‍മാരുടെ യൂണിഫോം അതാണ്‌. സംഭവം നടന്നതായി പറയുന്ന രാത്രിയിലും ആശ്രമത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കാണുന്ന മുറിയിലോ പശ്‌ചാത്തലത്തിലോ ഞാന്‍ കയറിയതു പോലുമില്ല. മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം വേറൊരു മുറിയിലാണ്‌. ആ ദിവസം എന്റെ സഹോദരിയും ആശ്രമത്തിലുണ്ടായിരുന്നു.

അടുത്ത ദിവസം കുമുദം വാരികയില്‍ എന്റെ വിശദീകരണം വന്നു. അതില്‍ ഞാന്‍ ഇങ്ങനെ പറയുന്ന ഒരു ഭാഗമുണ്ട്‌:"ഞാന്‍ സ്വാമിജിക്ക്‌ സേവ ചെയ്‌തിട്ടുണ്ട്‌.അദ്ദേഹത്തെ കെയര്‍ ചെയ്‌തിട്ടുണ്ട്‌.എന്നാല്‍ ഈ വീഡിയോ പൂര്‍ണ്ണമായും മോര്‍ഫ്‌ ചെയ്‌തതാണ്‌''

ശരിക്കും ഞാന്‍ ഞെട്ടി. ഈ വിഷയത്തെക്കുറിച്ച്‌ അത്തരത്തില്‍ ഒരു പ്രസ്‌താവന ഞാന്‍ നടത്തിയിട്ടേയില്ല. റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര്‌ പോലും കൊടുത്തിട്ടില്ല. അതില്‍ നിന്നു തന്നെ അതിന്റെ വിശ്വാസ്യത വ്യക്‌തമാണ്‌.

കേരളത്തില്‍ നിന്ന്‌ മടങ്ങിയെത്തി മാധ്യമങ്ങള്‍ക്കു മുന്നില്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പരിചയമുള്ള മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വിലക്കി.അവര്‍ പറഞ്ഞു:"രഞ്‌ജിത ഇപ്പോള്‍ ചെന്നൈയില്‍ വരേണ്ട.തത്‌കാലം രാജ്യം വിട്ടുപോവുക.ഒരു അറസ്‌റ്റിനു സാധ്യതയുണ്ട്‌'' ഞാന്‍ അമ്പരന്നു. എന്തിന്‌ എന്നെ അറസ്‌റ്റ് ചെയ്യണം. വിലങ്ങ്‌ വയ്‌ക്കത്തക്ക ഒരു തെറ്റും ഞാന്‍ ചെയ്‌തിട്ടില്ല.

പരീക്ഷണങ്ങള്‍ പിന്നെയും തുടര്‍ന്നു. ലെനിന്‍ എന്നോടും സ്വാമിജിയോടും പണം ആവശ്യപ്പെട്ടു. ഒരിക്കല്‍ അവന്‍ എന്നോട്‌ തുറന്ന്‌ സമ്മതിച്ചു. ഈ നീക്കത്തില്‍ നാലു പേര്‍ക്ക്‌ പങ്കുണ്ടെന്നും അതിലൊരാള്‍ 500 കോടിയുടെ ആസ്‌തിയുള്ള ബിസിനസുകാരനാണെന്നും വീഡിയോ്‌ ഉണ്ടാക്കാനുള്ള പണം ചെലവാക്കിയത്‌ മുഴുവന്‍ അയാള്‍ ആണത്രെ. പിന്നീട്‌ സണ്‍ടിവി യുടെ അഭിഭാഷകന്‍ എന്ന്‌ പറയപ്പെടുന്ന ശ്രീധര്‍ എന്നയാള്‍ എന്നെ സമീപിച്ച്‌ പറഞ്ഞു:"ഇത്‌ മാധ്യമങ്ങളില്‍ എത്തിയാല്‍ എന്താണ്‌ സംഭവിക്കുകയെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? നിങ്ങള്‍ പണം തന്നാല്‍ ഞങ്ങള്‍ നിങ്ങളെ അപകീര്‍ത്തിപ്പെടുത്തില്ല.പണം മുടക്കിയ ആളെ ഞങ്ങള്‍ പറഞ്ഞ്‌ പിന്‍തിരിപ്പിക്കാം''

സ്വാമിജിയോടുളള വ്യക്‌തിവിരോധവും ഇതിനെല്ലാം പിന്നിലുണ്ടായിരുന്നു. സ്വാമിജിയെ 25 വര്‍ഷം ജയിലില്‍ ഇടുക എന്നതായിരുന്നു ഇവരുടെ പദ്ധതി.അതിന്‌ ഒരു കാരണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ എന്റെ വീട്ടില്‍ റെയ്‌ഡ് നടത്തി വ്യഭിചാരത്തിന്‌ എന്നെ അറസ്‌റ്റു ചെയ്‌ത് സ്വാമിജിക്കെതിരെ പ്രസ്‌താവന നടത്തിക്കുക എന്നതായി ലക്ഷ്യം.

ഇതിനിടെ അഭ്യുദയകാംക്ഷികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ യുഎസിലേക്ക്‌ പോയി. മാധ്യമങ്ങള്‍ അത്‌ തെറ്റായി വ്യാഖ്യാനിച്ചു. സ്വാമിജിയുടെ ഭീഷണി ഭയന്ന്‌ ഞാന്‍ ഒളിച്ചോടിയതാണ്‌ പോലും. ഈ വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ മാന്യമായ നിശ്ശബ്‌ദത പാലിക്കുന്നതാണ്‌ നല്ലതെന്ന്‌ തോന്നി. എന്നാല്‍ പെട്ടെന്നൊരു ദിവസം സ്വാമിജി അറസ്‌റ്റു ചെയ്യപ്പെട്ടപ്പോള്‍ അത്‌ എനിക്ക്‌ കടുത്ത ആഘാതമായി. ഇന്റര്‍നെറ്റില്‍ നിന്നു വിവരം അറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന്‌ അറിയില്ലായിരുന്നു. മനസ്‌ ശൂന്യമായ പോലെ. എന്നായാലും സത്യം പുറത്തു വരുമെന്ന്‌ ഉറപ്പ്‌. എന്നാല്‍ ഈ വിഷയത്തില്‍ എനിക്കുണ്ടായ പേര്‌ദോഷം നിലനില്‍ക്കുമല്ലോ എന്നതിലായിരുന്നു ദുഖം.

ആ വീഡിയോ എങ്ങനെ നിര്‍മ്മിച്ചു എന്നതിലായിരുന്നു അമ്പരപ്പ്‌. ചോദ്യശരങ്ങളുമായി നേരിട്ടവര്‍ക്കു മുന്നില്‍ ഞാന്‍ കൂസിയില്ല.ഞാന്‍ എന്തിന്‌ ഇതിനെല്ലാം മറുപടി പറയണം? ഇതില്‍ എന്നെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ്‌ അവകാശം? ഒരു കാര്യം എനിക്കറിയാം. മുന്തിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്‌ ആ മോര്‍ഫഡ്‌ വീഡിയോ നിര്‍മ്മിച്ചത്‌. അത്തരം സാങ്കേതിക സൗകര്യങ്ങള്‍ നിലവിലുണ്ടെന്ന്‌ യുഎസിലുള്ള അഭിഭാഷകര്‍ സമ്മതിക്കുകയും ചെയ്‌തു. അഡോബ്‌ 8 എന്നോ മറ്റോ പേരുള്ള സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ്‌ ഇത്‌ ചെയ്‌തിരിക്കുന്നതേ്രത.

പിന്നീട്‌ സിബിഐയ്‌ക്ക് സ്വാമിജി നല്‍കിയ മൊഴി എന്ന പേരില്‍ പത്രവാര്‍ത്ത കണ്ടു.അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ''രഞ്‌ജിതയ്‌ക്ക് പുറമെ 15 ലേറെ മറ്റ്‌ സ്‌ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ സ്‌ത്രീഭക്‌തകളെ ഞാന്‍ നിര്‍ബന്ധപുര്‍വം പ്രേരിപ്പിച്ചിട്ടുണ്ട്‌. ചിലപ്പോള്‍ സ്വമേധയാ അവര്‍ തയ്യാറായിട്ടുണ്ട്‌''

ആ പ്രസ്‌താവനയ്‌ക്ക് ശേഷം ഞാന്‍ സ്വാമിജിയുമായി സംസാരിച്ചിട്ടില്ല. പക്ഷേ കോടതിയില്‍ സ്വാമിജി സിബിഐ യെ വെല്ലുവിളിച്ചു എന്നാണറിഞ്ഞ ത്‌. ആ ഫയലുകള്‍ സിബിഐയുടെ പക്കല്‍ നിന്നു നഷ്‌ടപ്പെട്ടതായും അറിയാന്‍ കഴിഞ്ഞു.

കേരളത്തില്‍ ഷൂട്ടിംഗ്‌ നടക്കുന്ന സന്ദര്‍ഭത്തിലാണ്‌ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുന്നത്‌. ഞാന്‍ അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച്‌ പറഞ്ഞു."ചിലര്‍ എന്റെയും സ്വാമിജിയുടെയും പടങ്ങള്‍ മോര്‍ഫ്‌ ചെയ്‌തതാണ്‌. ഈ പേരില്‍ അവര്‍ ഞങ്ങളെ ബ്‌ളാക്ക്‌മെയില്‍ ചെയ്‌ത് പണം തട്ടാനും ശ്രമിച്ചു''

അദ്ദേഹം പറഞ്ഞു:"വിഷമിക്കേണ്ട.എല്ലാം ശരിയാവും''

അദ്ദേഹവും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന്‌ എനിക്കു തോന്നി. എന്നാല്‍ വളരെ അനുഭാവപൂര്‍ണ്ണമായാണ്‌ എന്നോട്‌ സംസാരിച്ചത്‌.

കുടുംബവും എന്നെ പിന്‍തുണച്ചു. യു.എസില്‍ എത്തിയ ശേഷം ഞാന്‍ സ്വാമിജിയെ ഫോണില്‍ വിളിച്ചു. അദ്ദേഹം പറഞ്ഞു:"വിഷമിക്കേണ്ട. എല്ലാം ശരിയാവും. എന്നെ വിശ്വസിക്കുക''

എന്നിട്ടും നിയപരമായി നേരിടണമെന്ന ചിന്ത എന്റെ ഉള്ളില്‍ വന്നു. പല അഭിഭാഷകരെയും സമീപിച്ചെങ്കിലും സണ്‍ ടിവിക്കെതിരെ വാദിക്കാന്‍ ആരും തയ്യാറായില്ല. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ മരുമകന്‍ കലാനിധിമാരനാണ്‌ സണ്‍ ടിവി ഉടമ.

ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിന്റെ പിടിയിലായി. ജീവിതം പൂര്‍ണ്ണമായും തകര്‍ന്നു എന്നു തന്നെ വിശ്വസിച്ചു. ഇക്കാര്യത്തെക്കുറിച്ച്‌ ഒരാളോട്‌ സംസാരിക്കാനോ സത്യം വിശദീകരിക്കാന്‍ പോലും ഞാന്‍ അശക്‌തയായിരുന്നു. മൂന്ന്‌ മാസം എടുത്തു സംസാരിക്കാനുള്ള ധൈര്യം സംഭരിക്കാന്‍. ഇക്കാലമത്രയും എല്ലാവരില്‍ നിന്നും ഞാന്‍ എന്റെ മുഖം ഒളിപ്പിച്ചു വച്ചു. ഞാന്‍ എന്റെ മാതാപിതാക്കളോട്‌ തുറന്ന്‌ പറഞ്ഞു:"ആ വീഡിയോ സത്യമല്ല.''

വിശ്വസിക്കണോ വേണ്ടയോ എന്നത്‌ അവരുടെ കാര്യം. അവരുടെ വേദന മാറ്റാനായി മറ്റൊന്നും ചെയ്യാന്‍ എനിക്ക്‌ കഴിയില്ല.

എന്നാല്‍ രാകേഷ്‌ വളരെ അപ്‌സെറ്റ്‌ ആയിരുന്നെന്ന്‌ അറിയാന്‍ കഴിഞ്ഞു. പക്ഷേ അദ്ദേഹം എന്നെ വഴക്ക്‌ പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്‌തില്ല. അദ്ദേഹത്തിന്‌ എന്നില്‍ വിശ്വാസക്കുറവുണ്ടായിരുന്നില്ല. എന്നാല്‍ സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. ഞങ്ങള്‍ പരസ്‌പരം തുറന്നു സംസാരിച്ചു. പല കാര്യങ്ങളിലും യോജിപ്പും വിയോജിപ്പുമുണ്ട്‌. സാഹചര്യം വിവാഹമോചനത്തിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ എനിക്കു തോന്നി. പക്ഷേ ഇതുവരെ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്‌തിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ രാകേഷിനും ബുദ്ധിമുട്ടുണ്ട്‌. കാരണം ഞങ്ങള്‍ക്കിടയില്‍ ഇന്നേവരെ വഴക്കോ പിണക്കമോ ഉണ്ടായിട്ടില്ല.

ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്‌ക്കു വരെ ശ്രമിച്ചു. ഹൈദരബാദില്‍ വച്ചായിരുന്നു അത്‌. ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ആത്മഹത്യയാണെന്ന്‌ തോന്നി. പക്ഷേ രണ്ട്‌ കാര്യങ്ങള്‍ എന്നെ പിന്‍തിരിപ്പിച്ചു. ഒന്ന്‌ കുടുംബം, രണ്ട്‌ സ്വാമിജിയുടെ വാക്കുകള്‍.

എന്റെ തീരുമാനം അറിഞ്ഞ സ്വാമിജി പറഞ്ഞു:" ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആത്മാവ്‌ സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയില്‍ തൂങ്ങിക്കിടക്കും.നിങ്ങള്‍ പ്രശ്‌നങ്ങളെ നേരിട്ട്‌ ജീവിക്കുകയാണ്‌ വേണ്ടത്‌. ആത്മഹത്യ രക്ഷപ്പെടലല്ല''

ചിന്തിച്ചപ്പോള്‍ എനിക്കു തോന്നി.ഞാന്‍ മരിച്ചാല്‍ സ്വാമിജി എന്നെ കൊന്നതാണെന്നവര്‍ പറഞ്ഞു പരത്തും. എന്റെ മരണം ലെനിനെപ്പോലുള്ളവര്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴിയാവരുതെന്നും തിരിച്ചറിഞ്ഞു. എന്നിട്ടും ഒരു ഘട്ടത്തില്‍ എനിക്ക്‌ നിയന്ത്രണം വിട്ടു. ദുബായ്‌വഴി ന്യൂയോര്‍ക്കിലേക്ക്‌ പോകുന്ന വഴി ബുര്‍ജ്‌ ഖലിഫാ ടവറില്‍ നിന്ന്‌ ചാടിയാലോ എന്ന്‌ ഞാന്‍ ആലോചിച്ചു.

ഇപ്പോള്‍ സണ്‍ടിവിയ്‌ക്കും നക്കീരന്‍ മാസികയ്‌ക്കും എതിരെ അപകീര്‍ത്തി കേസ്‌ കൊടുത്തിരിക്കുകയാണ്‌. ആ ടേപ്പുകള്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ സണ്‍ടിവി എന്നോട്‌ 100 കോടി രൂപ ചോദിച്ചു. അയ്യപ്പന്‍ എന്നയാളാണ്‌ ആവശ്യപ്പെട്ടത്‌.സണ്‍ടിവി സി.ഒ.ഒ. ഹാന്‍സ്രാജ്‌ സക്‌സേനയുടെ വലം കൈയ്യായിരുന്നു ഈ അയ്യപ്പന്‍. ഈ പരാതിയെക്കുറിച്ച്‌ സിബിഐ അന്വേഷിച്ചു വരികയാണ്‌.

ഇതിനിടയില്‍ ധാരാളം പേര്‍ എന്നെ വിളിച്ച്‌ സാന്ത്വനിപ്പിച്ചു.അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഇന്ത്യയിലേക്ക്‌ വരേണ്ട, യുഎസില്‍ തന്നെ താമസിക്കാനാണ്‌ അവര്‍ പറഞ്ഞത്‌. അതേസമയം ചില മാധ്യമങ്ങള്‍ എന്നെക്കുറിച്ച്‌ ശുദ്ധ അസംബന്ധങ്ങള്‍ തട്ടിവിടുന്നത്‌ ശ്രദ്ധയില്‍ പെട്ടു. നാട്ടില്‍ വന്ന്‌ ഇതിനെതിരെ പൊരുതാന്‍ തീരുമാനിച്ചു. ഞാന്‍ ബാംഗ്‌ളൂരിലേക്ക്‌ വന്നു. എന്റെ മാതാപിതാക്കള്‍ അതിന്റെ പ്രാന്തപ്രദേശത്ത്‌ വാടകവീട്‌ എടുത്ത്‌ താമസിക്കുന്നുണ്ടായിരുന്നു.തിരിച്ചെത്തുമ്പോള്‍ എന്റെയുള്ളില്‍ നല്ല ആശങ്ക ഉണ്ടായിരുന്നു.ചിലയാളുകള്‍ സാക്ഷിയാകാന്‍ എന്നെ പ്രേരിപ്പിച്ചു: ''രഞ്‌ജിത പറയണം ഡ്രഗ്‌സ് തന്ന്‌ മയക്കിയും ഹിപ്പ്‌നോട്ടൈസ്‌ ചെയ്‌തും സ്വാമിജി നിന്നെ കൊണ്ട്‌ തെറ്റ്‌ ചെയ്യിക്കുകയായിരുന്നു. അപ്പോള്‍ ആളുകള്‍ക്ക്‌ സഹതാപം തോന്നും. അവര്‍ ക്ഷമിക്കാന്‍ തയ്യാറാവും''

എനിക്ക്‌ രക്ഷപ്പെടാനായി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനും മറ്റൊരാളെ കുരുതി കൊടുക്കാനും ഞാന്‍ തയ്യാറായില്ല. ചെന്നെയില്‍ താമസിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട്‌ ഞാന്‍ ബാംഗ്‌ളൂരില്‍ തന്നെ തുടര്‍ന്നു.

ഒരു നടിയായതു കൊണ്ടാണ്‌ എന്നെക്കുറിച്ച്‌ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രത കാട്ടിയത്‌. എന്റെ സ്‌ഥാനത്ത്‌ ഒരു വീട്ടമ്മയായിരുന്നെങ്കില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണെങ്കില്‍ പോലും മാസ്‌ക് ചെയ്‌ത് അവരുടെ രൂപവും പേരും രഹസ്യമാക്കി വച്ചേനെ. ഒരു താരത്തിന്‌ സ്വകാര്യതയില്ലല്ലോ? അവരുടെ കണ്ണീര്‌ വിറ്റും റേറ്റിംഗ്‌ കൂട്ടാന്‍ ചാനലുകള്‍ക്ക്‌ മടിയില്ല. എല്ലാം മറക്കാന്‍ അഭിനയത്തിലേക്ക്‌ മടങ്ങിയാലോ എന്നാലോചിച്ചെങ്കിലും അതിനുളള മനസാന്നിദ്ധ്യം ഇല്ല. ഇനി എന്തു ചെയ്യണമെന്ന്‌ ഒരു രൂപവുമില്ല. വീട്ടിലെ ഏകാന്തതയില്‍ ഭിത്തിയിലേക്ക്‌ തുറിച്ചു നോക്കി ഇരിക്കുകയാണു ഞാന്‍. ഈ പേരു ദോഷങ്ങളുടെ പൊടിയടങ്ങി ഒരു ദിവസം സത്യം പുറത്തു വരുമെന്ന്‌ വിശ്വസിക്കുന്നു. സ്വാമിജിയുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തിലും ഞാന്‍ ഓര്‍ക്കുന്നു. എല്ലാം സംഭവിക്കുന്നത്‌ നല്ലതിനു വേണ്ടിയാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment