Sunday, 29 January 2012

[www.keralites.net] ഞാനും ദിലീപും മമ്മൂട്ടിയും എല്ലാം മരിക്കും. ചിരിച്ചുകൊണ്ട്‌ ശവപ്പെട്ടിയിലേക്ക്‌ കയറണം എന്നാണ്‌ ആഗ്രഹം

 

വാശിയും ലക്ഷ്യവും പിന്നെ ഞാനും

വാണ്ടന്‍മാവില്‍ പഴുത്തുവിളഞ്ഞ്‌ കിടന്ന മാങ്ങ നോക്കി മഹാരാജാവ്‌ തിരുമനസു പറഞ്ഞു:"നോക്കൂ, നല്ല ഒന്നാന്തരം ചക്ക!''

കേട്ടവര്‍ കേട്ടവര്‍ ആശ്‌ചര്യത്തോടെ പരസ്‌പരം നോക്കി. പിന്നെ രാജാവിന്‌ അപ്രീതി ഉണ്ടാവേണ്ട എന്നുകരുതി പറഞ്ഞു:"ശരിയാ, അസല്‌ ചക്ക!"

കൂട്ടത്തിലൊരാള്‍ മാത്രം ദൃഢമായ സ്വരത്തില്‍ ചോദിച്ചു:"മഹാരാജാവേ മാങ്ങയെങ്ങനാ ചക്കയാവുന്നത്‌. അത്‌ മാവ്‌, ആ കാണുന്നത്‌ ഒന്നാന്തരം മാങ്ങ"

രാജാവ്‌ ഞെട്ടി. തിരുവായ്‌ക്ക് എതിര്‍വായ്‌ പറയാന്‍ ഇവനാര്‌? ആ നിമിഷം തിരുമനസുകൊണ്ട്‌ കല്‍പ്പിച്ചരുളുന്നു-"ഇവന്റെ സ്‌ഥാനം നാടിന്‌ പുറത്ത്‌."

ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന്‌ ഒരു കാരണവുമില്ലാതെ പലായനം ചെയ്യാന്‍ ആ പ്രജ തയ്യാറായില്ല. സ്വന്തം നാട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യം ഏതൊരു സാധാരണ പൗരനെയും പോലെ എനിക്കുമുണ്ട്‌.

"
ങും..വീണ്ടും ധിക്കാരം. ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടേയുള്ളൂ."തിരുമനസു കല്‍പ്പിച്ചരുളി. മാനസികവും ശാരീരികവുമായി പീഡിപ്പിച്ച്‌ നിര്‍വീര്യനാക്കാനായി ശ്രമം. എന്തൊക്കെ സംഭവിച്ചിട്ടും വ്യക്‌തിത്വം പണയംവച്ച്‌ മാങ്ങ ചക്കയെന്ന്‌ മാറ്റിപ്പറയാന്‍ പ്രജ തയ്യാറായില്ല. രാജഭരണത്തിന്റെ തണലില്ലാതെതന്നെ കഷ്‌ടപ്പെട്ട്‌ ജീവിക്കാന്‍ കഴിയുമെന്ന്‌ കാണിച്ചുകൊടുത്തു. അഹങ്കാരിയായ പ്രജയെ എങ്ങനെ തളയ്‌ക്കും എന്നറിയാതെ തമ്പുരാക്കന്‍മാര്‍ ചിന്തിച്ച്‌ തല പുകച്ചുകൊണ്ടേയിരുന്നു. രാജഭരണം മാറി ജനാധിപത്യം വന്നു. സ്വന്തം പാര്‍ട്ടിയിലിരുന്നുകൊണ്ട്‌ പരസ്യമായി വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള കാലം. ഈ കാലത്തും രാജസംസ്‌കാരവും മാടമ്പിത്തരവും നിലനില്‍ക്കുന്ന ഒരിടമുണ്ട്‌. മലയാള ചലച്ചിത്ര രംഗം. പറയുന്നത്‌ നടന്‍ തിലകനും സംവിധായകന്‍ വിനയനും. രണ്ടുപേരും ഈ അവസ്‌ഥയുടെ ജീവിക്കുന്ന രക്‌തസാക്ഷികള്‍. തിലകന്‍ നാടുനീളെ സ്വാനുഭവം വിളിച്ചുകൂവി നടന്നു. വിനയന്‍ പറയേണ്ടിടത്തു മാത്രം പറഞ്ഞു. ഇതാദ്യമായി ഒരു മാധ്യമത്തോട്‌ ചില അപ്രിയസത്യങ്ങള്‍ മറയില്ലാതെ പറയുന്നു വിനയന്‍.

പേരും കൈയ്യിലിരിപ്പുമായി വൈജാത്യമുണ്ടെന്നാണ്‌ ആരോപണം?

ആരുടെ? എന്നെ അടുത്തറിയുന്ന ഒരാളും അത്‌ പറയില്ല. എല്ലാവരോടും വിനയത്തോടെ പെരുമാറുന്നയാളാണ്‌ ഞാന്‍. വിനയം എന്നാല്‍ കാണുന്നവരുടെയെല്ലാം കാല്‌ പിടിക്കുക എന്ന്‌ അര്‍ത്ഥമില്ല.

വ്യവസ്‌ഥിതിയോടും കീഴ്‌വഴക്കങ്ങളോടും സമരസപ്പെടാതെ പ്രതികരിക്കുന്നത്‌ ഗുണകരമാണോ?

സമൂഹത്തിന്‌ നല്ലതാണെങ്കിലും വ്യക്‌തിക്ക്‌ ദോഷം ചെയ്യും. നമ്മള്‍ പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ ഇതാണ്‌ വ്യക്‌തിത്വം എന്നൊക്കെ പറഞ്ഞ്‌ പലരും രഹസ്യമായി പ്രോത്സാഹിപ്പിക്കും. ആ ആവേശത്തില്‍ നാം കൂടുതല്‍ ശക്‌തമായി പ്രതികരിക്കും.അതോടെ ശത്രുക്കള്‍ എല്ലാ വഴിയിലൂടെയും നമ്മെ ഇല്ലാതാക്കാന്‍ നോക്കും. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നാം തളര്‍ന്നുപോകും.

ഞാന്‍ തളരാതെ പിടിച്ചുനിന്നു. ചെറുപ്പത്തിലേ ഒപ്പം കൊണ്ടു നടന്ന ഒരു ശീലത്തിന്റെ ഗുണമാണ്‌. 22വയസുള്ളപ്പോള്‍ സി.പി.എമ്മിന്റെ ഉദയകലാ തീയറ്റേഴ്‌സിന്റെ നാടകത്തില്‍ അഭിനയിച്ചിരുന്നു. എന്‍.ബി. ത്രിവിക്രമന്‍പിള്ള എഴുതിയ നാടകം.റിഹേഴ്‌സല്‍ കഴിഞ്ഞ്‌ ആദ്യ പ്രദര്‍ശനത്തിന്റെ തലേന്ന്‌ നാടകം കാണാന്‍ ഗൗരിയമ്മയും വി.എസും എല്ലാം വന്നു. തന്നെ അപഹസിക്കുന്ന ചില ഭാഗങ്ങള്‍ നാടകത്തില്‍ ഉണ്ടോയെന്ന്‌ വിഎസിന്‌ സംശയം. അരങ്ങേറുന്നതിന്‌ വിഎസ്‌ എതിരു നിന്നു. കളിയാക്കിയെന്ന തോന്നല്‍ മാത്രമാണ്‌. അഥവാ കളിയാക്കിയാല്‍ത്തന്നെ അതു കൊണ്ട്‌ ഒരു നേതാവ്‌ തകരുമോ?

ഞാന്‍ അന്ന്‌ വൈദ്യുതബോര്‍ഡിലാ ണ്‌ . പക്ഷേ നാടകംകൊണ്ട്‌ മാത്രം ജീവിക്കുന്നവരാണ്‌ മറ്റ്‌ എല്ലാവരും. അവര്‍ക്കുവേണ്ടി ഞാന്‍ ആ നാടകം ഏറ്റെടുത്തു. സദേശാഭിമാനി തീയറ്റേഴ്‌സ് എന്ന പേരില്‍ ട്രൂപ്പുണ്ടാക്കി. കുറെ പണം നഷ്‌ടമായി. അതൊരു നഷ്‌ടമായി ഇന്നും കരുതുന്നില്ല.

ആരുടെയും സഹായിയാകാതെ,ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠിക്കാതെ സിനിമ ചെയ്യാന്‍ ധൈര്യം തന്നത്‌ ഈ മനോഭാവം ആയിരുന്നോ?

പോളിടെക്‌നിക്ക്‌ കഴിഞ്ഞ്‌ വൈദ്യുത ബോ ര്‍ഡില്‍ ചേര്‍ന്നു. സിനിമയില്‍ പലരുടെയും സഹായിയാകാന്‍ പരിശ്രമിച്ചു. ആരും അവസരം തന്നില്ല. അസിസ്‌റ്റന്റാകാന്‍ ചെന്ന എന്നെ ഐ.വി.ശശി ഇടനിലങ്ങളില്‍ അഭിനയിപ്പിച്ചു. മീനമാസത്തിലെ സൂര്യനില്‍ ലെനിന്‍ രാജേന്ദ്രനും. ഷൂട്ടിംഗ്‌ കണ്ട്‌ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പിന്നെ പുസ്‌തകങ്ങള്‍ വഴി. ആലിലക്കുരുവികള്‍ എന്ന പടം നിര്‍മ്മിച്ചു. പിന്നീട്‌ സംവിധാനം തുടങ്ങി. ഒരി ക്കലും ആത്മവിശ്വാസത്തിന്‌ കുറവുണ്ടായില്ല. ശ്രീനിവാസന്‍ എഴുതിയ ശിപായിലഹള വഴിത്തിരിവായി. പിന്നീട്‌ നിരന്തരം ഹിറ്റുകള്‍. വാസന്തിയും ലക്ഷ്‌മിയും കരുമാടിക്കുട്ടനും തമിഴിലെ കാശിയും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക്‌ കൊണ്ടുപോയി.

ഇതിനിടയില്‍ പഴയ അഭിനയമോഹം ഉപേക്ഷിച്ചു?

ഒരിക്കലും നടനാവാന്‍ താത്‌പര്യമുണ്ടായിരുന്നില്ല. നാടകത്തില്‍ പാട്ടെഴുത്ത്‌, അഭിനയം, സംവിധാനം-എല്ലാം ചെയ്യേണ്ടിവന്നതാണ്‌. സംവിധാനമായിരുന്നു എന്നും എന്റെ ലക്ഷ്യം. ഇപ്പോഴും അഭിനയിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്‌. ഒരു സംവിധായകന്റെ റോളിലെങ്കിലും തല കാണിക്കാന്‍ പറയുന്നവരുണ്ട്‌. എനിക്ക്‌ എന്തോ അതില്‍ കൗതുകം തോന്നിയിട്ടില്ല.

ആരെയും കൂസാത്ത ഒരാളെന്ന്‌ പരാതിയുണ്ട്‌?

ആര്‍ക്ക്‌? ചില താരങ്ങള്‍ക്ക്‌. സംവിധായകന്‍ ക്രിയേറ്ററാണ്‌. താരങ്ങള്‍ക്കു മുന്‍പില്‍ അവര്‍ ഓച്‌ഛാനിച്ചു നില്‍ക്കണം. ഇടവേളയില്‍ ഓടിച്ചെന്ന്‌ ഓരോ വരി കഥ പറയണം. അവര്‍ പറയുന്നപോലെ സിനിമ എടുക്കണം.അതിന്‌ തയ്യാറായില്ല എന്നതാണ്‌ എന്റെ കുറ്റം. പിന്നെ സംഘടനാ നേതൃത്വത്തില്‍ വന്നതും പലര്‍ക്കും ഇഷ്‌ടപ്പെട്ടില്ല.

സിനിമയില്‍ കത്തിനിന്ന കാലത്ത്‌ സംഘടനാ പ്രവര്‍ത്തനം എന്ന പുലിവാല്‌ എന്തിനു പിടിച്ചു?

സഹജീവികളെക്കുറിച്ച്‌ ചിന്തിച്ചതാണ്‌ വിനയായത്‌.150 പേരുള്ള ഒരു യൂണിറ്റില്‍ സംവിധായകന്‍, തിരക്കഥാകൃത്ത്‌, താരങ്ങള്‍ തുടങ്ങി വിരലിലെണ്ണാവുന്നവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ദിവസം 150 രൂപയാണ്‌ കൂലി. അത്‌ 300 രൂപയാക്കണമെന്ന്‌ വാദിച്ചു. അവരെക്കൂടി ഉള്‍പ്പെടുത്തി സംഘടന ഉണ്ടാക്കി.

അതിന്‌ താരങ്ങള്‍ എങ്ങനെ ശത്രുവായി?

50
ലക്ഷം പ്രതിഫലം പറഞ്ഞുറപ്പിച്ച്‌ 40 ലക്ഷം മുന്‍കൂര്‍ കൈപ്പറ്റിയ ശേഷം സംവിധായകന്‍ തുളസീദാസിനെ മാറ്റിയില്ലെങ്കില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന്‌ ദിലീപ്‌ പറയുന്നു. തുളസി പരാതിയുമായി വന്നപ്പോള്‍ സംഘടനാ നേതാവ്‌ എന്ന നിലയില്‍ ഞാ ന്‍ ഇടപെടുന്നു.

ദിലീപിന്റെ സ്‌ഥാനത്ത്‌ എന്റെ മകന്‍ വിഷ്‌ണുവാണെങ്കിലും ഞാനതേ ചെയ്യൂ. അഡ്വാന്‍സ്‌ കൈപ്പറ്റി, ഒഴിഞ്ഞുമാറുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അത്തരം അഡ്വാന്‍സുകള്‍ തിരിച്ചു കൊടുക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഇത്‌ ചെന്നു തറച്ചത്‌ ചില സൂപ്പര്‍താരങ്ങളിലാണ്‌്. ദിലീപ്‌ 40 ലക്ഷമാണ്‌ വാങ്ങിയതെങ്കില്‍ ഇവരില്‍ പലരും കോടികളാണ്‌ വാങ്ങിയിരിക്കുന്നത്‌. ഇതെല്ലാം തിരിച്ചുകൊടുക്കേണ്ടി വന്നാല്‍ പ്രശ്‌നമാകുമല്ലോ എന്ന്‌ ഭയന്നു. അത്‌ എന്നോടുള്ള ശത്രുതയായി വളര്‍ന്നു.

പിന്നെ, താരങ്ങളെ വിമര്‍ശിച്ചാല്‍ അവര്‍ സഹിക്കില്ല. തങ്ങള്‍ രാജാക്കന്‍മാരും ദൈവങ്ങളുമാണെന്നാണ്‌ അവരുടെ ഭാവം. ഫാന്‍സ്‌ അസോസിയേഷന്‍കാരെക്കൊണ്ട്‌ സ്വന്തം ഫോട്ടോയില്‍ പാലഭിഷേകം നടത്തുകയാണ്‌. മാടമ്പി സംസ്‌കാരം നിലനി ല്‍ക്കുന്ന ഒരേയൊരു സ്‌ഥലം മലയാള സിനിമയാണ്‌. സൂപ്പര്‍താരം സെറ്റില്‍ വരു മ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേല്‍ക്കാന്‍ മറന്നാല്‍ "അവളെ പറഞ്ഞുവിട്ടേക്ക്‌" എന്ന്‌ പറയും.

പക്ഷേ താരങ്ങള്‍ മാത്രമല്ല, സാങ്കേതിക വിദഗ്‌ധരും വിനയന്‌ ഒപ്പമില്ല?

താരങ്ങളെ പിണക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്‌. താരരാജാക്കന്‍മാരെ സുഖിപ്പിക്കാനായി പാദസേവ ചെയ്യുന്നു. സിദ്ദിക്കും ഞാനുമായുള്ള വാക്കുതര്‍ക്കമാണ്‌ പ്രശ്‌നം രൂക്ഷമാക്കിയത്‌. തുളസിയെ ദിലീപ്‌ വഞ്ചിച്ചപ്പോള്‍ എല്ലാ സംവിധായകരും അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന്‌ ഞാന്‍ വാദിച്ചു.ദിലീപിനെ വിലക്കുന്നതു ചര്‍ച്ചചെയ്‌തപ്പോള്‍ സിദ്ദിക്ക്‌ പറഞ്ഞു:"താരങ്ങളോട്‌ കളിക്കാന്‍ നമ്മള്‍ ആരുമല്ല. ഒരാളോട്‌ ദിലീപ്‌ അങ്ങനെ ചെയ്‌തതിന്‌ ദിലീപിനെ ക്രൂശിക്കേണ്ട കാര്യമില്ല."

ദിലീപിനെ നായകനാക്കി സ്വന്തം പടം തുടങ്ങുകയെന്ന സ്വാര്‍ത്ഥതയായിരുന്നു സിദ്ദിക്കിന്‌. ഞാന്‍ പറഞ്ഞു:"നാളെ ഇവന്‍മാര്‍ നമ്മുടെയൊക്കെ വീട്ടിലിരിക്കുന്നവരെ കൊണ്ടുക്കൊടുത്തെങ്കിലേ പടം ചെയ്യൂ എന്നു പറഞ്ഞാല്‍ എന്തു ചെയ്യും?''

ഇത്‌ സിദ്ദിക്കിനെ ഉദ്ദേശിച്ച്‌ പറഞ്ഞതല്ല. പൊതു അവസ്‌ഥയെക്കുറിച്ച്‌ സൂചിപ്പിച്ചതാണ്‌. താരങ്ങളുടെ ധാര്‍ഷ്‌ട്യവും അഹന്തയും എല്ലാ അതിരും ലംഘിച്ച വേദനയില്‍ നിന്നാണ്‌ പറഞ്ഞത്‌. സിദ്ദിക്ക്‌ അത്‌ അദ്ദേഹത്തോട്‌ എന്ന മട്ടില്‍ വ്യാഖ്യാനിച്ചു. എന്നെ എതിര്‍ക്കുന്നതായി ഭാവിച്ച്‌ താരങ്ങളെ പ്രീതിപ്പെടുത്താന്‍ കാത്തിരുന്നവര്‍ ഈ അവസരം നന്നായി വിനിയോഗിച്ചു.

ഒപ്പം നിന്നവര്‍ പോലും പിന്നീട്‌ കൂറുമാറിയത്‌ സ്വന്തം കൈയിലിരിപ്പു കൊണ്ടല്ലേ?

അല്ല. എന്റെ കൂടെ നിന്നവരെ അടര്‍ത്തി മാറ്റി എന്നെ ഒറ്റപ്പെടുത്തുക എന്ന തന്ത്രം മറുഭാഗം പരീക്ഷിച്ചു. പലര്‍ക്കും ഡേറ്റും സിനിമകളും വാഗ്‌ദാനം ചെയ്‌തു. വിവരമറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു."നിങ്ങള്‍ക്ക്‌ ഗുണം വരുന്ന കാര്യത്തിന്‌ ഞാന്‍ എതിര്‌ നില്‍ക്കില്ല. നിങ്ങള്‍ പൊയ്‌ക്കൊള്ളൂ."വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക്‌ സിനിമ കിട്ടിയില്ല. വഞ്ചിക്കപ്പെടുകയായിരുന്നു എന്ന്‌ മനസിലാക്കി അവര്‍ തിരിച്ചുവന്നു.

എല്ലാ പ്രമുഖ സംവിധായകര്‍ക്കും വിനയനോട്‌ അനിഷ്‌ടമുണ്ട്‌?

സൂപ്പര്‍താരങ്ങളെ സുഖിപ്പിക്കുക എന്നതിനപ്പുറത്ത്‌ മറ്റ്‌ കാരണങ്ങള്‍ ഞാന്‍ കാണുന്നില്ല. സിബി മലയിലും ബി. ഉണ്ണികൃഷ്‌ണനും എന്റെ സുഹൃത്തുക്കളാണ്‌. അവര്‍ ഫെഫ്‌ക്ക ഭാരവാഹികളായപ്പോള്‍ എനിക്കെതിരെ പരസ്യമായി രംഗത്തു വന്നു. ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു:"വിനയന്റെ വീട്ടില്‍ ഇപ്പോള്‍ ഇന്‍കംടാക്‌സ് റെയ്‌ഡ് നടക്കാന്‍ പോവുകയാണ്‌് ".

ഞാന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: "അതിന്‌ തക്ക വരുമാനം എനിക്കില്ലല്ലോ. മാത്രമല്ല വരുമാനം സംബന്ധിച്ച കണക്കുകള്‍ കൃത്യമായി കൊടുക്കുന്നുമുണ്ട്‌".

അപ്പോള്‍ അടുത്ത ഓഫര്‍: "വിനയന്‍ അല്‍പ്പം താഴാന്‍ തയ്യാറായാല്‍ പ്രശ്‌നം പരിഹരിക്കാം,"

താഴുക എന്നാല്‍ സൂപ്പറുകളുടെ കാല്‌ പിടിക്കുക. ഫോണ്‍ കട്ടു ചെയ്‌ത് ഞാന്‍ ഭാര്യയെ വിളിച്ചു. ചോദിച്ചപ്പോള്‍ അവിടെ ഒരു റെയ്‌ഡുമില്ല. പക്ഷേ ചില ചാനല്‍ സംഘങ്ങള്‍ കാത്തുനില്‍പ്പുണ്ട്‌. വിനയന്റെ വീട്ടിലെ റെയ്‌ഡ് കവര്‍ ചെയ്യാനാണ്‌.

ഞാന്‍ ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടു. അപ്പോള്‍ അറിയുന്നു. എനിക്ക്‌ വിവരം തന്നവര്‍ എന്റെ വന്‍പിച്ച വരുമാനവും വലിയ വീടും ഒക്കെ പറഞ്ഞ്‌ ഇന്‍കംടാക്‌സ് ഓഫീസിലേക്ക്‌ വിളിച്ചിരുന്നു. അപ്പോള്‍ ഒരു ഡേറ്റ്‌ പറഞ്ഞിട്ട്‌ അവര്‍ പറഞ്ഞു. "ഞങ്ങള്‍ ഇന്ന ദിവസം വിനയന്റെ കണക്ക്‌ പരിശോധിക്കുന്നുണ്ട്‌." ആ ദിവസം എന്റെ ഓഡിറ്റര്‍ കണക്ക്‌ കൊടുക്കും എന്നാണ്‌ ഉദ്ദേശിച്ചത്‌. അന്ന്‌ റെയ്‌ഡ് നടക്കുമെന്ന്‌ ഇവര്‍ തെറ്റിദ്ധരിച്ചു. ഞാന്‍ വലിയ വീട്‌ പണിതത്‌ അത്ര വലിയ പ്രശ്‌നമാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌.

കൊട്ടാരം പോലൊരു വീട്‌ ഒരു സംവിധായകന്‌ ആവശ്യമാണോ?

ആവശ്യങ്ങള്‍ ആപേക്ഷികമാണ്‌. എന്റെ സ്വപ്‌നമാണ്‌ എന്റെ വീട്‌. സിനിമയില്‍ വരും മുന്‍പേ ഞാന്‍ ആഗ്രഹിച്ചത്‌ രണ്ടു കാര്യങ്ങളാണ്‌. വലിയ വീടും ബെന്‍സ്‌ കാറും. രണ്ടും സിനിമ എനിക്ക്‌ നേടിത്തന്നു. കൈയ്യില്‍ ഒരുപാട്‌ പണം ഉള്ളതുകൊണ്ടല്ല ഇത്‌ പണിതത്‌. ഏഴു വര്‍ഷം കൊണ്ടാണ്‌ പൂര്‍ത്തിയാക്കിയത്‌. ഒരു കോടിയുടെ വായ്‌പ കൃത്യമായി അടച്ചു. മകന്‍ യു.എസില്‍ എന്‍ജിനീയറിംഗിന്‌ പഠിക്കുന്നു. മകള്‍ രാജഗിരിയിലും. കൈയില്‍ സമ്പാദ്യം ഒന്നുമില്ല. മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം കൊടുത്തു. നല്ല കാലത്ത്‌ ഒരു കെട്ടിടം പണിതിട്ടതിന്റെ വാടകകൊണ്ട്‌ പടമില്ലെങ്കിലും ജീവിക്കാം. എനിക്ക്‌ വലിയ ആവശ്യങ്ങള്‍ ഒന്നുമില്ല കഞ്ഞിയും പയറും ഉണ്ടെങ്കില്‍ സന്തോഷം.ചോറും മത്തിവറുത്തതുമാണ്‌ ഏറ്റവുമിഷ്‌ടം. വില കുറഞ്ഞ മീനാണ്‌ മത്തി.

ലാളിത്യം പറയുന്ന വിനയന്‍ നല്ലകാലത്ത്‌ എടുത്താല്‍ പൊങ്ങാത്ത പ്രതിഫലം വാങ്ങിയ ആളാണ്‌?

സമ്മതിക്കുന്നു. മലയാളത്തിലെ ഏതൊരു സംവിധായകനേക്കാള്‍ വലിയ തുക വാങ്ങിയിട്ടുണ്ട്‌. നിര്‍മ്മാതാക്കളോട്‌ ഞാന്‍ പറയും. "എന്റെ പടത്തില്‍ കോടികള്‍ കൈ പ്പറ്റുന്ന താരങ്ങളില്ല. ഒരു വിനയന്‍ ചിത്രം എന്നു പറഞ്ഞ്‌ പോസ്‌റ്ററില്‍ എന്റെ ഫോട്ടോ വച്ചാണ്‌ പടം വില്‍ക്കുന്നത്‌. സ്വാഭാവികമായും എനിക്ക്‌ ഞാന്‍ ആവശ്യപ്പെടുന്ന തുക തരാന്‍ നിങ്ങള്‍ ബാധ്യസ്‌ഥരാണ്‌."

പാലാരിവട്ടത്ത്‌ തട്ടുകട നടത്തിയും ജീവിക്കുമെന്നായിരുന്നില്ലേ വീരവാദം?

താരങ്ങള്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടണമെന്ന്‌ ഫിലിം ചേംബര്‍ നിയമം കൊണ്ടു വന്നു. ദൈവങ്ങളായ തങ്ങള്‍ കരാര്‍ ഒപ്പിടില്ലെന്ന്‌ വാശിപിടിച്ചു. ഞാന്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പം നിന്നു. താരങ്ങള്‍ അഭിനയിക്കില്ലെന്ന്‌ വാശിപിടിച്ചപ്പോള്‍ പൃഥ്വിരാജിനെയു തിലകനെയും വച്ച്‌ സത്യം എന്ന പടം ചെയ്‌തു. അന്നുമുതല്‍ എന്നെ ക്രൂശിക്കാന്‍ തുടങ്ങി. ഭീഷണി വന്നപ്പോള്‍ ഞാ ന്‍ പറഞ്ഞു-"പിന്‍തിരിയുന്ന പ്രശ്‌നമില്ല. പടം ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പാലാരിവട്ടത്ത്‌ തട്ടുകട നടത്തി ജീവിക്കും."

ദിലീപ്‌ പ്രശ്‌നം വന്നശേഷം പഴയ വൈരാഗ്യം കൂടി ചേര്‍ത്ത്‌ താരങ്ങള്‍ എന്നെ ദ്രോഹിക്കാന്‍ തുടങ്ങി. ആരും എനിക്ക്‌ ഡേറ്റ്‌ തരില്ലെന്നതിലെ അന്യായം ആളുകള്‍ ചോദ്യം ചെയ്‌തപ്പോള്‍ ഇന്നസെന്റ്‌ പറഞ്ഞു:"അയാള്‍ തട്ടുകട ഇട്ടിട്ട്‌ വരട്ടെ!"

ഞാന്‍ സിനിമ കൊണ്ടുതന്നെ ജീവിക്കുമെന്ന്‌ കാണിച്ചുകൊടുത്തു. ആര്‍ക്ക്‌ മുന്നിലും വ്യക്‌തിത്വം അടിയറവയ്‌ക്കാതെ ജീവിക്കണം എന്ന വാശിയുണ്ട്‌.

ഇത്രയൊക്കെ വാശി വേണോ?

അത്‌ രണ്ടുകൂട്ടരും ചിന്തിക്കണം. അടച്ചിട്ട മുറിയില്‍ സൂപ്പര്‍താരങ്ങളോട്‌ സോറി പറഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്ന്‌ പലരും ഉപദേശിച്ചു. പക്ഷേ സോറി പറയത്തക്ക ഒരു തെറ്റും ഞാന്‍ ചെയ്‌തിട്ടില്ല. ആരോടും ശാശ്വതമായ പകയില്ല.

എന്നെ വളര്‍ത്തിയത്‌ താരങ്ങളല്ല. ഞാന്‍ പലരെയും താരങ്ങളാക്കി. 22 പുതുമുഖങ്ങളെ കൊണ്ടുവന്നു. കലാഭവന്‍ മണിയെ വാസന്തിയും ലക്ഷ്‌മിയില്‍ കാസ്‌റ്റ് ചെയ്‌തപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. ആ പടം 150 ദിവസം ഓടി. ദിലീപും ചാക്കോച്ചനും കഥയില്‍ കൈവച്ചപ്പോള്‍ പുതുമുഖങ്ങളെ വച്ച്‌ ഊമപ്പെണ്ണും ആകാശഗംഗയും ചെയ്‌തു. അത്ഭുതദ്വീപില്‍ പക്രുവിനെ നായകനാക്കി ഗിന്നസ്‌ റെക്കോഡ്‌ കൊണ്ടു വന്നു. ഇത്രയും എതിര്‍പ്പുകള്‍ക്കിടയില്‍ യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ- രണ്ട്‌ പടങ്ങള്‍ തീയറ്ററിലെത്തിച്ചു. നാളെ പിണക്കം മറന്ന്‌ സഹകരിക്കാന്‍ തയ്യാറായാല്‍ ഏതു സൂപ്പര്‍താരത്തെ വച്ചും ഞാ ന്‍ പടം എടുക്കും. പക്ഷേ ആരുടെയും കാലു പിടിക്കാന്‍ എന്നെ കിട്ടില്ല.

വിനയന്റെ സിനിമ തടയാന്‍ തീവ്രശ്രമം നടന്നതായി കേട്ടിട്ടുണ്ട്‌?

ഒരു മനുഷ്യനെ കൊന്ന്‌ ശവത്തിനുമേലെ നൃത്തമാടുന്ന അവസ്‌ഥയാണ്‌ ഞാന്‍ നേരിട്ടത്‌. ഒരു എഴുത്തുകാരനെയോ ക്യാമറാമാനെയോ പോലും വിട്ടുതരില്ല. ഒരു ദിവസം വര്‍ക്കു ചെയ്യുന്ന ക്യാമറാമാനെ അടുത്ത ദിവസം പിന്‍തിരിപ്പിക്കും. പക എന്ന വികാരത്തിന്‌ ഇത്രയും ഭീകരമായ ഒരു മുഖമുണ്ടെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു.

ബാംഗ്‌ളൂരുള്ള എന്റെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ഫ്‌ളൈറ്റു പിടിച്ച്‌ ആളുകള്‍ ചെന്നു. എന്നെ വച്ച്‌ പടം ചെയ്‌താല്‍ തീയറ്റര്‍ കാണില്ലെന്നു പറയാന്‍. ആര്‍ട്ടിസ്‌റ്റുകളെ മുഴുവന്‍ പിന്‍തിരിപ്പിച്ചു. യൂണിറ്റുകാരെ വിലക്കി. സ്‌റ്റണ്ട്‌ മാസ്‌റ്ററെ തിരിച്ചുവിളിച്ചു. എന്തിന്‌ കൃത്രിമക്കാറ്റുണ്ടാക്കുന്ന പ്രൊപ്പല്ലര്‍ വരെ സെറ്റില്‍ നിന്ന്‌ ബലമായി കൊണ്ടു പോയി. അവസാനം പടം പുറത്തിറങ്ങാതിരിക്കാന്‍ വിതരണക്കാരെയും തിയറ്ററുകാരെയും സ്വാധീനിച്ചു. എന്നിട്ടും സിനിമ ഇറങ്ങി. എന്റെ നിര്‍മ്മാതാവിനെ സ്വാധീനിച്ച്‌ പടം നഷ്‌ടമാണെന്ന്‌ ചാനലിലൂടെ പറയിച്ചു. തിയേറ്ററില്‍ ഓടുന്ന പടത്തിന്റെ നിര്‍മ്മാതാവ്‌ നഷ്‌ടമാണെന്ന്‌ പറയുമോ. അത്‌ കളക്ഷനെ ബാധിക്കില്ലേ? അടുത്ത പടത്തിന്‌ സൂപ്പര്‍താരങ്ങളുടെ ഡേറ്റ്‌ കൊടുക്കാം എന്നായിരുന്നു ഓഫര്‍.

സരോവരം ഹോട്ടലില്‍ മുഴുവന്‍ താരങ്ങളും ശിങ്കിടി സംവിധായകരും ചേര്‍ന്ന്‌ എനിക്കെതിരെ ചര്‍ച്ച. ചാനലുകള്‍ അത്‌ ലൈവ്‌ഷോയാക്കി. പിറ്റേന്ന്‌ പത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെ ചെവിയില്‍ അടക്കം പറയുന്ന ദൃശ്യത്തിന്‌ അടിക്കുറിപ്പ്‌-വിനയം വേണ്ട! ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഇത്രയ്‌ക്ക് വലിയ സംഭവമാണോ! എന്നിട്ടും പടം ഹിറ്റായി. അതാണ്‌ ജനം.

സൂപ്പര്‍താരമേധാവിത്വം തകര്‍ക്കാനും ജനങ്ങള്‍ വേണ്ടിവരുമോ?

തീര്‍ച്ചയായും. സൂപ്പറുകളുടെ സിനിമകള്‍ ഇപ്പോള്‍ തുടര്‍ച്ചയായി തകരുന്നു. ചാപ്പാകുരിശും ട്രാഫിക്കും സാള്‍ട്ട്‌ __പെപ്പറും പോലുള്ള ചെറുപ്പക്കാരുടെ പടങ്ങള്‍ വന്‍വിജയം നേടുന്നു. ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ കൊണ്ട്‌ എത്രകാലം ഇവര്‍ക്ക്‌ നിലനില്‍ക്കാനാവും.

ഇത്രയും വമ്പന്‍മാര്‍ക്കെതിരെ തനിച്ചുനിന്ന്‌ പോരാടുമ്പോള്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലേ?

കായികമായി എന്നെ നേരിടാനുള്ള ധൈര്യം ഇവര്‍ക്കില്ല. അടിസ്‌ഥാനപരമായി എല്ലാം ഭീരുക്കളാണ്‌. ഒളിപ്പോരിലാണ്‌ ഇവരുടെ മികവ്‌. ആദ്യഘട്ടത്തില്‍ എന്റെ ഭാര്യയ്‌ ക്കും കുട്ടികള്‍ക്കും ഭയമുണ്ടായിരുന്നു. ആരു പറഞ്ഞാലും ഞാന്‍ പിന്‍തിരിയില്ലെന്നും അറിയാം. പിന്നീട്‌ അവര്‍ ഇതുമായി പൊരുത്തപ്പെട്ടു.

ഈ ഒറ്റയാള്‍ പോരാട്ടത്തില്‍ ഒരു നല്ലവാക്ക്‌ പറയാന്‍ പോലും ആരും?

ധാരാളം പേര്‍. എല്ലാം ഫോണിലൂടെയാണെന്നു മാത്രം. പരസ്യമായി എന്നെ എതിര്‍ക്കുന്നവരുടെ ഭാഗത്ത്‌ നില്‍ക്കുന്ന 75% പേരും ഫോണില്‍ വിളിച്ചു പറയും. ഞങ്ങളുടെ ശരീരം മാത്രമേ അവിടെയുള്ളൂ , മനസ്‌ നിങ്ങള്‍ക്ക്‌ ഒപ്പമാണ്‌. ഞങ്ങള്‍ പറയാനും പ്രതികരിക്കാനും ആഗ്രഹിച്ച കാര്യമാണ്‌ നിങ്ങള്‍ ചെയ്യുന്നത്‌. ഞാന്‍ ചോദിച്ചു:" അപ്പോള്‍ ഞാന്‍ മരിച്ചാല്‍ റീത്ത്‌ വയ്‌ ക്കാന്‍ പോലും നിങ്ങള്‍ ഇവിടെ വരില്ലേ?"

"
അയ്യോ അങ്ങനെ പറയല്ലേ?"

"
അപ്പോള്‍ റീത്ത്‌ വയ്‌ക്കാന്‍ വരും അല്ലേ?"എന്ന്‌ ഞാന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. എന്ത്‌ മാനസികാവസ്‌ഥയാണ്‌ ഇവരുടേതെന്ന്‌ മനസിലാവുന്നില്ല.

ധൈര്യവാനും തന്റേടിയുമായി ഭാവിക്കുന്ന ഒരു സംവിധായകന്‍ എന്നോട്‌ പറഞ്ഞു.വിനയന്റെ പടത്തിന്‌ ഞാന്‍ ദീപം കൊളുത്തും. പൂജയുടെ മൂന്നു ദിവസം മുന്‍പ്‌ അദ്ദേഹം ഫോണ്‍ ഓഫ്‌ ചെയ്‌തു വച്ചു. പിന്നീടറിഞ്ഞു, സൂപ്പര്‍താരങ്ങളെ ഭയന്നാണ്‌. ധാരാളം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വമ്പന്‍ സിനിമകള്‍ ചെയ്‌തയാളാണ്‌. പലരും ഇത്രേയുള്ളൂ.

വിനയന്‍ കൊണ്ടുവന്ന താരങ്ങള്‍പോലും ഈ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്നില്ല?

അവരെ ഞാന്‍ കുറ്റപ്പെടുത്തില്ല. ജയസൂര്യയും അനൂപ്‌മേനോനും കലാഭവന്‍ മണിയും എല്ലാം എന്നെ മനസിലാക്കുന്നവരാണ്‌. പക്ഷേ എന്നോട്‌ പരസ്യമായി അനുഭാവം പ്രകടിപ്പിച്ചാല്‍ അവരും സംഘടനയ്‌ക്ക് പുറത്താകും. അവര്‍ പിന്‍തുണയ്‌ക്കാന്‍ വന്നാലും ഞാന്‍ നിരുത്സാഹപ്പെടുത്തുകയേയുള്ളു. കാരണം അതിന്റെ ഭവിഷ്യത്ത്‌ അവരേക്കാള്‍ കൂടുതല്‍ എനിക്കറിയാം.

അടുത്തിടെ ജയസൂര്യ വിളിച്ച്‌ പറഞ്ഞു: "സര്‍, ഊമപ്പെണ്ണിന്റെ രണ്ടാം ഭാഗം നമുക്ക്‌ ചെയ്യാം."

ഞാന്‍ ചോദിച്ചു: "നീ അമ്മക്കാരോട്‌ അനുവാദം ചോദിച്ചിട്ടാണോ?"

"
അതൊന്നും പ്രശ്‌നമാവില്ല സാര്‍."

ഞാന്‍ പറഞ്ഞു:"ഞാന്‍ കാരണം നിനക്ക്‌ ഒരു കൂഴപ്പമുണ്ടാവരുത്‌. അവരോടു ചോദിച്ചിട്ട്‌ പറ"്‌. വിളിച്ചു ചോദിച്ചപ്പോള്‍ പ്രസിഡന്റ്‌ പറഞ്ഞത്രേ:"തത്‌കാലം വിനയന്റെ പടത്തില്‍ അഭിനയിക്കേണ്ടെന്നാണ്‌ നമ്മുടെ സംഘടനയിലെ പ്രഗത്ഭമതികള്‍ പറയുന്നത്‌"്‌.

ആ പ്രഗത്ഭമതികളുടെ പേരാണ്‌ സൂപ്പര്‍സ്‌റ്റാഴ്‌സ്.

ദിലീപിനെ തകര്‍ക്കാന്‍ വിനയന്‍ ഇറക്കിയ തുറുപ്പുചീട്ടാണ്‌ ജയസൂര്യ എന്നു പറയപ്പെടുന്നു?

ഒരിക്കലുമല്ല. കല്യാണസൗഗന്ധികം ഉള്‍പ്പെടെ ആദ്യകാലത്ത്‌ ദിലീപിന്റെ കരിയറില്‍ ഗുണം ചെയ്‌ത ഒരുപാട്‌ ചിത്രങ്ങള്‍ ചെയ്‌തയാളാണ്‌ ഞാന്‍. അനിയനെപ്പോലെയാണ്‌ അന്നും ഇന്നും ഞാന്‍ ദിലീപിനെ കരുതുന്നത്‌. ഇടയ്‌ക്കിടെ വീട്ടില്‍ വന്ന്‌ എന്നെ കാണും. നല്ല ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍.

ഊമപ്പെണ്ണിന്‌ ഉരിയാടാ പയ്യന്‍ ദിലീപിനെ നായകനാക്കിയാണ്‌ പ്‌ളാന്‍ ചെയ്‌തത്‌.ചിത്രം സിനിമ ചെയ്‌ത പി.കെ.ആര്‍ പിളള പ്രൊഡ്യൂസര്‍. കലൂര്‍ ഡെന്നിസിനെ തിരക്കഥാകൃത്തായും നിശ്‌ചയിച്ചു. ഒരു ദിവസം ദിലീപ്‌ വീട്ടില്‍ വന്ന്‌ പറഞ്ഞു: "ചേട്ടാ, ഡെന്നിസേട്ടനെ മാറ്റണം"

ഞാന്‍ ചോദിച്ചു: "എന്തിന്‌?"

"
അതൊക്കെ പഴയ സ്‌കൂളാണ്‌"

ഞാന്‍ പറഞ്ഞു: "സ്‌കൂളൊക്കെ മാറ്റാനും മറിക്കാനും നമുക്ക്‌ കഴിയില്ലേ? തിരക്കഥ നമുക്ക്‌ എല്ലാവര്‍ക്കും കൂടി ചര്‍ച്ച ചെയ്‌ത് ഉണ്ടാക്കാം."

'"
അത്‌ ശരിയാവില്ല"

ഞാന്‍ പറഞ്ഞു:"ഡെന്നീസേട്ടന്‌ ഞാന്‍ വാക്ക്‌ കൊടുത്തു, അഡ്വാന്‍സും. നിര്‍മ്മാതാവിനെ കൊണ്ടുവന്നതും പുള്ളിയാണ്‌."

ദിലീപ്‌ വാശിപിടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: "എന്നാല്‍ ശരി നീ മാറിക്കൊള്ളു, തിരക്കഥ കലൂര്‍ ഡെന്നീസ്‌ എഴുതും."

ദിലീപ്‌ സമ്മതിച്ചു. ഹ്യൂമര്‍ ടച്ചുള്ള ആ ഊമക്കഥാപാത്രം മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു ദിലീപിന്റെ ധാരണ. ഞാന്‍ വീണ്ടും ദിലീപിനെ ആശ്രയിക്കുമെന്നും കരുതി. അപ്പോള്‍ എ.സി.വി.യില്‍ കോമഡി പ്രോഗ്രാം ചെയ്യുന്ന ജയസൂര്യ എന്ന പയ്യനെപ്പറ്റി എന്നോടു പറയുന്നത്‌ മകന്‍ വിഷ്‌ണുവാണ്‌. അയാള്‍ കൊള്ളാമെന്ന്‌ എനിക്കും തോന്നി. പടം സൂപ്പര്‍ഹിറ്റായി.

ആ സംഭവം ഞാന്‍ അപ്പോഴേ മറന്നു. ദിലീപ്‌ അതൊരു ശത്രുതയായി കൊണ്ടു നടക്കുമെന്ന്‌ കരുതിയില്ല. എനിക്കിപ്പോഴും ദിലീപിനോട്‌ ശത്രുതയില്ല. എന്റെ നിലപാടുകള്‍ പ്രശ്‌നാധിഷ്‌ഠിതമാണ്‌. അത്‌ വ്യക്‌തിവിരോധമായി കൊണ്ടുനടക്കാറില്ല.

പിന്നീട്‌ ദിലീപുമായി മുഖാമുഖം കണ്ടിട്ടുണ്ടോ?

പല തവണ. ദിലീപിന്റെ പെരുമാറ്റ മര്യാദയെ ഞാന്‍ മാനിക്കുന്നു. ചിരിച്ച്‌ അടുത്തു വരികയും കുശലം ചോദിക്കുകയും ഒക്കെ ചെയ്‌തു. മറ്റു ചില സൂപ്പര്‍താരങ്ങള്‍ ഞാന്‍ ഉണ്ടെന്നറിഞ്ഞാല്‍ പിന്‍മാറിക്കളയും. പരസ്‌പരം കണ്ടാല്‍ മുഖത്തു നോക്കില്ല. ഒരു വേദിയില്‍ അറിയാതെ അകപ്പെട്ടാല്‍ മാറിക്കളയും. അത്രയ്‌ക്ക് പകയാണ്‌. അതിനു തക്ക ഒരു തെറ്റും ഞാന്‍ അവരോട്‌ ചെയ്‌തിട്ടില്ല.

വിനയന്റെ ദാദാസാഹിബിലും രാക്ഷസരാജാവിലും നായകനായിരുന്നു മമ്മൂട്ടി. പിന്നെവിടെയാണ്‌ പ്രശ്‌നം തുടങ്ങിയത്‌?

ദാദാസാഹിബ്‌ എനിക്കും മമ്മൂട്ടിക്കും പേരുണ്ടാക്കിയ ചിത്രമാണ്‌. അതുകഴിഞ്ഞ്‌ മറ്റൊരു പടമാണ്‌ ഞാന്‍ പ്‌ളാന്‍ ചെയ്‌തത്‌. ഒരു ദിവസം മമ്മൂട്ടി എന്നെ വിളിച്ചു: "എന്റെ ഒരു പടം മാറി. പകരം നീ ഒന്ന്‌ പ്‌ളാന്‍ ചെയ്യ്‌"

ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഒറ്റ ദിവസംകൊണ്ട്‌ കഥയുണ്ടാക്കി. അങ്ങനെയാണ്‌ രാക്ഷസരാജാവ്‌ സംഭവിക്കുന്നത്‌. സെറ്റില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ഒരു സൗന്ദര്യപിണക്കമുണ്ടായിട്ടില്ല. അദ്ദേഹം വളരെ മാന്യമായിട്ടാണ്‌ എന്നോട്‌ പെരുമാറിയത്‌. തിരിച്ചും. ഇന്നും ആ ബഹുമാനം മമ്മൂക്കയോടുണ്ട്‌.

കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്‌ടര്‍ ലാ ല്‍ ആണെങ്കിലും ചില സങ്കീര്‍ണ്ണഭാവങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളും ഫലിപ്പിക്കാന്‍ മമ്മൂക്ക കഴിഞ്ഞേ ഒരു നടനുള്ളൂ. അടുത്തിടെ മമ്മൂക്കയുടെ മകന്‍ സല്‍മാന്‍ അഭിനയിക്കുന്ന വാര്‍ത്ത കണ്ട്‌ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു: "എടീ, ആ ലുക്കും പേഴ്‌സനാലിറ്റിയും എല്ലാമുണ്ട്‌. ഇവന്‍ രക്ഷപ്പെടുമെന്ന്‌ മനസ്‌ പറയുന്നു"

എന്റെ സന്തോഷം കണ്ട്‌ അവള്‍ ചോദിച്ചു. "നിങ്ങള്‍ക്കിത്രയും ദ്രോഹം ചെയ്‌തിട്ടും ഇങ്ങനെ ചിന്തിക്കാന്‍ എങ്ങനെ കഴിയുന്നു"

ഞാന്‍ ചിരിച്ചു.

മമ്മൂക്കയ്‌ക്ക് വ്യക്‌തിവിരോധം തോന്നേണ്ട ഒന്നും എന്നില്‍നിന്നുണ്ടായിട്ടില്ല. തിരിച്ചും.

ദാദാസാഹിബ്‌ തുടങ്ങുന്ന സമയത്ത്‌ മമ്മൂട്ടി തന്നെ എന്നോടു പറഞ്ഞു: "എല്ലാവരും പറയുന്നു. നമ്മള്‍ തെറ്റിപ്പിരിയും. രണ്ടുപേരും വാശിക്കാരാണ്‌."

പക്ഷേ ഒന്നും സംഭവിച്ചില്ല. രാക്ഷസരാജാവിന്റെ ഷൂട്ട്‌ നടക്കുമ്പോള്‍ ലൊക്കേഷന്റെ ഒരുഭാഗത്ത്‌ പുതുമുഖം ജയസൂര്യയുടെ സ്‌ക്രീന്‍ ടെസ്‌റ്റ് നടക്കുകയാണ്‌. അതു കണ്ട്‌ മമ്മൂട്ടി ചോദിച്ചു: "നീ എന്താണ്‌ ഷോട്ട്‌ ഇട്ടിട്ട്‌ അപ്പുറത്തു പോയി ചെയ്യുന്നത്‌"

ഞാന്‍ പറഞ്ഞു: "മമ്മൂക്കയെ വച്ച്‌ ഒരു പടം ചെയ്യുന്നതിനേക്കാള്‍ ത്രില്ല്‌ ഇവനെ നാളെ ഒരു നായകനാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ്‌."

മമ്മൂക്ക ചിരിച്ചു. എന്തൊക്കെ പറഞ്ഞാലും മലയാളത്തില്‍ ഏറ്റവും മനസാക്ഷിയുള്ള നടനാണ്‌ മമ്മൂക്ക. എനിക്ക്‌ മറിച്ചാണ്‌ അനുഭവമെങ്കിലും. വിനയന്റെ കുടുംബം പട്ടിണി കിടക്കണമെന്ന്‌ മമ്മൂട്ടി ഒരിക്കലും ആഗ്രഹിക്കില്ല. അങ്ങനെ സംഭവിച്ചെങ്കിലും.

മോഹന്‍ലാല്‍ അങ്ങനെയല്ലെന്ന്‌ അല്ലേ?

ലാലുമായും എനിക്ക്‌ പ്രശ്‌നങ്ങളൊന്നുമില്ല. മമ്മൂക്കയെയും ലാലിനെയും തെറ്റിദ്ധരിപ്പിച്ച്‌ എന്നില്‍നിന്നകറ്റിയത്‌ ഉപഗ്രഹങ്ങളാണ്‌. അവര്‍ സത്യം തിരിച്ചറിയുന്നില്ല. കാര്യസാധ്യതയ്‌ക്കു വേണ്ടി പുകഴ്‌ത്തുന്നവരെ വിശ്വസിക്കുന്നു. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാലിനെ വച്ച്‌ ഞാന്‍ സൂപ്പര്‍സ്‌റ്റാര്‍ ചെയ്‌തു. ലാലിനെ തകര്‍ക്കാനാണിതെന്ന്‌ ചിലര്‍ അദ്ദേഹത്തെ വിശ്വസിപ്പിച്ചു. ഞാന്‍ ചോദിച്ചു: "അങ്ങനെയൊരാള്‍ വന്നാല്‍ തകരുന്നയാളാണോ ലാല്‍. ലാലിനോടുള്ള ആരാധനയും അദ്ദേഹത്തിന്റെ വലിപ്പവും കണ്ടിട്ടാണ്‌ സമാനതയുള്ള ഒരാളുടെ കഥ സിനിമയാക്കിയത്‌. ഹോളിവുഡില്‍ ടോള്‍സ്‌റ്റോയിയുടെ ഷേപ്പുള്ള ഒരാളെക്കുറിച്ച്‌ പടം എടുത്തിട്ടുണ്ട്‌. അത്‌ അദ്ദേഹത്തെ അപമാനിക്കാനാണോ?"

സത്യത്തില്‍ ആ സിനിമ ഒരു യാദൃശ്‌ഛികതയാണ്‌. എന്റെ നാടകസംഘത്തില്‍ അഭിനയിച്ചിരുന്നയാളാണ,്‌ മദന്‍ലാലായ കാവാലം ശശികുമാര്‍. അന്ന്‌ ശശി ബാറില്‍ കയറിയാല്‍ ആളുകള്‍ മോഹന്‍ലാല്‍ എന്ന്‌ വിളിച്ചു കൂവും. അത്രയ്‌ക്ക് സാദൃശ്യമാണ്‌. ശശിക്ക്‌ അവര്‍ കള്ള്‌ വാങ്ങിക്കൊടുക്കും. മോഹന്‍ലാല്‍ ബാറില്‍ വന്ന്‌ കുടിക്കുമോ എന്ന്‌ ചിന്തിക്കാന്‍ ത്രാണിയില്ലാത്തവരാണ്‌ ഇത്‌ ചെയ്യുന്നത്‌. യഥാര്‍ത്ഥ ലാല്‍ അല്ലെന്നറിയുമ്പോള്‍ കള്ള്‌ അവര്‍ തന്നെ എടുത്തിട്ട്‌ അടിക്കും. പെണ്‍കുട്ടികള്‍ അയാള്‍ക്ക്‌ പിന്നാലെ കൂടി ഓട്ടോഗ്രാഫ്‌ വാങ്ങുകയാണ്‌. പിന്നീട്‌ ആ ഇമേജ്‌ നിലനിര്‍ത്താന്‍ അയാള്‍ ബാധ്യസ്‌ഥനായി. മോഹന്‍ലാലിനെപ്പോലെ വേഷം ധരിക്കാനും ചരിഞ്ഞു നടക്കാനും സംസാരിക്കാനും തുടങ്ങി. ഇത്തരം ഒരുപാട്‌ കൗതുകങ്ങള്‍ കൂട്ടിവായിച്ചപ്പോള്‍ ഒരു സിനിമയ്‌ക്ക് സാധ്യതയുണ്ടെന്നു തോന്നി. അത്‌ ഒരു ആജീവനാന്ത ശത്രുതയ്‌ക്ക് കാരണമാകുമെന്ന്‌ കരുതിയില്ല.

ആ സിനിമ തടയാനും ശ്രമം നടന്നില്ലേ?

ഇന്നത്തെ ഒരു പ്രമുഖ സംവിധായകന്‍ എന്നെവന്നു കണ്ട്‌ എത്ര രൂപ ചെലവായി എന്നു ചോദിച്ചു. അക്കാലത്ത്‌ ഏഴു ലക്ഷം. ആ തുക തരാം പടം ഇറക്കരുതെന്ന്‌ പറഞ്ഞു. ഞാന്‍ ചോദിച്ചു: "എന്താ കാര്യം?"

"
അത്‌ ലാലിന്‌ ദോഷം ചെയ്യും"

''
എന്നാരു പറഞ്ഞു? ലാലിനോടുള്ള ആരാധന കൊണ്ടാണ്‌ ചെയ്‌തത്‌. ലാല്‍ അത്രയും പ്രശസ്‌തനായതു കൊണ്ടാണ്‌''.

എന്തൊക്കെ പറഞ്ഞിട്ടും അവര്‍ സമ്മതിക്കുന്നില്ല. ഒടുവില്‍ പോയി പണിനോക്കാന്‍ ഞാന്‍ പറഞ്ഞു. ആവശ്യമില്ലാതെ എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ വന്നാല്‍ ഞാ ന്‍ അനുവദിക്കില്ല. പിന്നീട്‌ ലാലിന്റെ ഫാന്‍സുകാര്‍ ആ പടത്തെ ആക്രമിക്കാന്‍ വന്നു.

തിന്മയ്‌ക്കെതിരെ സ്‌ക്രീനില്‍ രൂക്ഷമായി പ്രതികരിക്കുന്ന നായകനടന്‍മാര്‍ 40 ലക്ഷം ജനങ്ങളുടെ ജീവല്‍പ്രശ്‌നമായ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മൗനം പാലിക്കുന്നു. വിനയന്‍ രൂക്ഷമായി പ്രതികരിക്കുന്നു. വൈരുദ്ധ്യമില്ലേ?

ഈ നടന്‍മാരില്‍ പലര്‍ക്കും തമിഴ്‌നാട്ടില്‍ ഭൂസ്വത്തുണ്ട്‌. പിന്നെ തമിഴ്‌ സിനിമയില്‍ നിന്നുള്ള വരുമാനം ഇല്ലാതാകും എന്നൊക്കെയാണ്‌ ന്യായം.

അപ്പോള്‍ ഇവര്‍ക്ക്‌ കേരളത്തോടും, അവരെ വലുതാക്കിയ ജനങ്ങളോടും ഒരു പ്രതിബദ്ധതയുമില്ല?

ഇവരില്‍ പലരും മലയാളം കൊണ്ടു മാത്രം വളര്‍ന്നവരാണ്‌. ഞാന്‍ നാല്‌ തമിഴ്‌ പടം ചെയ്‌തയാളാണ്‌. ഒരു പടം റിലീസിന്‌ തയ്യാറായിരിക്കുന്നു. ഇവിടെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കാതെ വന്നാല്‍ നാളെ തുണയാവേണ്ടത്‌ തമിഴ്‌നാടാണ്‌. എന്നിട്ടും സന്ദിഗ്‌ധ ഘട്ടത്തില്‍ പ്രതികരിക്കാതെ ഒഴിയാന്‍ മനസാക്ഷി അനുവദിക്കുന്നില്ല.

നമ്മുടെ താരങ്ങള്‍ മാളത്തില്‍ ഒളിക്കുമ്പോള്‍ തിരുവനന്തപുരത്ത്‌ ഷൂട്ടിംഗിനു വന്ന ചേരന്‍ നമ്മുടെ നാട്ടില്‍ നിന്ന്‌ തമിഴിനാടിനു വേണ്ടി വാദിച്ചു. അതാണ്‌ അവരുടെ ഒരുമ. സ്വാര്‍ത്ഥലാഭത്തിനായി നാടിനെ മറക്കുന്നവര്‍ക്ക്‌ അത്‌ മനസിലാവില്ല. തമിഴ്‌നാടിന്റെ ഗുഡ്‌ബുക്കില്‍ കയറിപ്പറ്റാന്‍ ഇവര്‍ മത്സരിക്കുന്നു. നാളെ തമിഴ്‌ജനത അവജ്‌ഞയോടെ ഇവരെ കാണും. സ്വന്തം നാടിന്‌ ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ഒളിച്ചു കളിച്ച ഇവന്‍മാരാണോ നന്മയുടെ പ്രതീകമായി സിനിമകളില്‍ അഭിനയിക്കുന്നതെന്ന്‌ അവര്‍ ചോദിക്കും.

ജാതീയമായ ചിന്തകളും സിനിമയില്‍ നിലനില്‍ക്കുന്നതായി കേള്‍ക്കുന്നു. വാസന്തിയും ലക്ഷ്‌മിയില്‍ മണിയുടെ അച്‌ഛനാവാന്‍ ഒരു നടന്‍ വൈമുഖ്യം കാട്ടിയില്ലേ?

അതേ, തൃശ്ശൂര്‍ക്കാരനായ ആ നടനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അല്‍പ്പം കടുത്തതായിരുന്നു. മണിയുടെ അച്‌ഛനായി അഭിനയിക്കുന്നതിലായിരുന്നു പ്രശ്‌നം. കലാകാരന്‍മാര്‍ അങ്ങനെയൊക്കെ ചിന്തിക്കേണ്ടതുണ്ടോ എന്ന്‌ ഞാന്‍ ചോദിച്ചു. അദ്ദേഹം അതിന്‌ മറുപടി പറഞ്ഞില്ല.

നായികമാരടക്കം താരങ്ങള്‍ സൂപ്പര്‍താരങ്ങളെ ഭയക്കുന്നുണ്ടോ?

എന്റെ സിനിമയില്‍ അഡ്വാന്‍സ്‌ വാങ്ങിയ ശേഷം കാവ്യ മാധവന്‍ ഉരുണ്ടുകളിച്ചു. അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ തുറന്നു പറഞ്ഞ്‌ അഡ്വാന്‍സ്‌ മടക്കി തരാനുള്ള മര്യാദ കാണിക്കണം. അതിന്‌ പകരം ഓരോരോ കാരണങ്ങള്‍ പറഞ്ഞ്‌ രണ്ടു മാസം ഒഴിഞ്ഞുനടന്നു. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ്‌ വിലക്കിയത്‌. അവര്‍ വിരട്ടിയാല്‍ ഭയക്കേണ്ട കാര്യം കാവ്യയ്‌ക്കില്ല. കാവ്യ കഴിവുള്ള കലാകാരിയാണ്‌. പക്ഷേ ഇവിടെ കഴിവ്‌ കൊണ്ടു മാത്രം നിലനില്‍ക്കാന്‍ തന്റേടമില്ല. സൂപ്പര്‍താരങ്ങളോട്‌ വിധേയത്വം കാണിക്കണം. ഇല്ലെങ്കില്‍ അവര്‍ തകര്‍ത്തുകളയും.

ഇത്രയും ഉഗ്രവീര്യമുള്ളവരുമായുള്ള പോരാട്ടത്തില്‍ ആത്യന്തികമായി ആര്‍ക്കാണ്‌ ജയം. വിനയനോ എതിര്‍പക്ഷത്തിനോ?

എന്നെ സംബന്ധിച്ച്‌ യുദ്ധം അവസാനിച്ചു.ഞാന്‍ ജയിച്ചുകഴിഞ്ഞു. ഇത്രയും രൂക്ഷമായ എതിര്‍പ്പും പകപോക്കലും തടസപ്പെടുത്തലും ഉണ്ടായിട്ടും തനിച്ചു നിന്ന്‌ പോരാടി എന്റെ പടങ്ങള്‍ തീയറ്ററിലെത്തിച്ച്‌ വിജയിപ്പിച്ചു. നാലു ഭാഷകളില്‍ ഡ്രാക്കുള എന്ന ചിത്രത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നു.

ഈ ചങ്കൂറ്റം എവിടെനിന്നു കിട്ടി?

കുട്ടനാട്ടിലെ പുതുക്കരി എന്ന എന്റെ ഗ്രാമത്തില്‍ നിന്ന്‌. കര്‍ഷകനായ എന്റെ അച്‌ഛന്‍ ഗോവിന്ദക്കുറുപ്പ്‌ ധൈര്യവും ശൗര്യവുമുള്ള ആണായിരുന്നു. അമ്മ ഭാരതി സൗമ്യയായ സ്‌ത്രീ. മഹാഭാരത കഥകള്‍ ലളിതമായി പറഞ്ഞുതരുമായിരുന്നു അമ്മ. കഥയുണ്ടാക്കാനും ദൃശ്യവത്‌കരിക്കാനുമുള്ള വാസന എന്നില്‍ ഉണ്ടായതും വളര്‍ന്നതും അമ്മയുടെ കഥപറച്ചില്‍ കൊണ്ടാണ്‌. ബന്ധുബലവും അക്ഷൗഹിണിപ്പടയും അടക്കം എല്ലാ സന്നാഹങ്ങളുമുള്ള 100 പേര്‍ വരുന്ന കൗരവപ്പടയോട്‌ വെറുംകയ്യോടെ നിന്ന്‌ പോരാടി ജയിച്ച പാണ്ഡവരുടെ കഥ. അമ്മ ഒന്നും വിചാരിക്കാതെ പറഞ്ഞതാണെങ്കിലും ആ സ്‌പിരിറ്റ്‌ എന്റെ മനസിലേക്ക്‌ പടര്‍ന്നു കയറുകയായിരുന്നു. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍ എനിക്ക്‌ തുണയായത്‌ ആ കഥകളാണ്‌. ആയിരം പേര്‍ ഒരു സത്യത്തെ കള്ളമാക്കാന്‍ ശ്രമിച്ചാലും ഒറ്റയ്‌ക്കു നിന്ന്‌ അത്‌ കള്ളമാണെന്നു പറയാനുള്ള ചങ്കുറ്റം മനുഷ്യര്‍ കാണിക്കണം എന്നാണ്‌ എന്റെ തിയറി.

ഇതെല്ലാം രാഷ്‌ട്രീയത്തില്‍ ഇറങ്ങാനുളള അടവാണെന്നാണ്‌ ആരോപണം...

അതിനിതൊന്നും വേണ്ട. ഞാന്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ സിനിമയില്‍ വന്നതാണ്‌. അസംബ്‌ളി സീറ്റിനുള്ള ഓഫര്‍ അടുത്തകാലത്തും വന്നിരുന്നു. പക്ഷേ ഒരു പാര്‍ട്ടിയുടെകൊടിക്കുള്ളില്‍ ഒതുങ്ങാന്‍ ഇനിയില്ല. കലാകാരനായി തന്നെ ജീവിക്കും. കാരണം കൊടിയുടെ നിറം പലതാണെങ്കിലും എല്ലാവരുടെയും മനോഭാവം ഒന്നാണെന്ന്‌ എനിക്കറിയാം.

ഇത്രയും പ്രശ്‌നസങ്കീര്‍ണ്ണതകളിലൂടെ കടന്നുപോയിട്ടും യൗവ്വനവും മുഖപ്രസാദവും നിലനിര്‍ത്തുന്നു?

തെറ്റു ചെയ്‌തു എന്ന കുറ്റബോധം വേട്ടയാടുമ്പോഴാണ്‌ മനസിനെ ബാധിക്കുക. സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ നമുക്ക്‌ അസാധാരണമായ ഊര്‍ജ്‌ജം ലഭിക്കും. അത്‌ ശരീരത്തെയും മനസിനെയും യൗവനസുരഭിലമാക്കും.

നിരാശയില്ലേ?

വലിയ ആശകളില്ലാത്തതു കൊണ്ട്‌ നിരാശയില്ല. അടുത്തകാലത്ത്‌ യു.എന്‍.ഒ യുടെ അവാര്‍ഡിന്‌ ഞാന്‍ പരിഗണിക്കപ്പെട്ടിരുന്നു. അംഗവൈകല്യം ബാധിച്ചവരെ പോസിറ്ററീവായി അവതരിപ്പിച്ച്‌ ചിത്രങ്ങള്‍ എടുത്തതിന്‌. വാസന്തി, മീരയുടെ ദുഖം, കരുമാടിക്കുട്ടന്‍, അത്ഭുതദ്വീപ്‌, ഊമപ്പെണ്ണ്‌-എല്ലാം പരിഗണിച്ചാണ്‌. കമ്മറ്റിയിലുണ്ടായിരുന്ന ഒരു ലോകപ്രശസ്‌ത മലയാളി സംവിധായകന്‍ ഇടപെട്ട്‌ അത്‌ തടഞ്ഞു. എനിക്ക്‌ ദേഷ്യം തോന്നിയില്ല. ഞാന്‍ സിനിമയെടുത്തത്‌ അവാര്‍ഡിനല്ല. ജനങ്ങള്‍ക്കു വേണ്ടിയാണ്‌. അവര്‍ അത്‌ കണ്ടു. അത്‌ മതി.

ഏറ്റവും ശത്രുത ദിലീപിനോടാണോ?

ദിലീപ്‌ അടുത്ത സൂപ്പര്‍സ്‌റ്റാറായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്‌ ഞാനായിരിക്കും. ദിലീപ്‌ ഇന്നും എനിക്ക്‌ അനുജനാണ്‌. പുനര്‍ജന്മത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനും ദിലീപും മമ്മൂട്ടിയും എല്ലാം മരിക്കും. ചിരിച്ചുകൊണ്ട്‌ ശവപ്പെട്ടിയിലേക്ക്‌ കയറണം എന്നാണ്‌ ആഗ്രഹം.

ആരുടെ മുന്നിലാണ്‌ കീഴടങ്ങുക?

സ്‌നേഹത്തിനും ഈശ്വരനും മുന്നില്‍. സ്‌നേഹംകൊണ്ട്‌ ആര്‍ക്കും എന്നെ കീഴടക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment