Tuesday, 13 December 2011

[www.keralites.net] ജയലളിതയ്‌ക്കു കേരളം ചുട്ടമറുപടി കൊടുക്കണം

 

എന്‍.കെ. പ്രേമചന്ദ്രന്‍ (ജലവിഭവവകുപ്പ്‌ മുന്‍മന്ത്രി)

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിലപാട്‌ വസ്‌തുതകള്‍ക്കു നിരക്കാത്തതാണ്‌. അതു വെളിപ്പെടുന്നതാണ്‌ ഈ വിഷയത്തില്‍ തമിഴ്‌നാടു മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഏറ്റവും പുതിയ സമീപനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരേ അക്രമാസക്‌തമായി നില്‍ക്കുന്ന ഒരു വിഭാഗം തമിഴ്‌ജനതയുടെ വികാരപ്രകടനങ്ങളുടെ ആക്കം വര്‍ധിപ്പിക്കുന്നതാണ്‌ ഈ നീക്കം. ഫെഡറല്‍ വ്യവസ്‌ഥയില്‍ ഭരണാധികാരികള്‍ പാലിക്കേണ്ട പക്വതയുള്ള രീതിയാണോ ഇതെന്നു പരിശോധിക്കണം. സത്യസന്ധമായും വസ്‌തുതാപരമായും ജനങ്ങളെ വിവരം ധരിപ്പിക്കാന്‍ ബാധ്യതയുള്ളയാളാണു ഭരണഘടനാപദവി വഹിക്കുന്ന മുഖ്യമന്ത്രി.

തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മനസിലാക്കാം. എന്നാല്‍, ഭാരതത്തിന്റെ ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ക്കു രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും നിലനിര്‍ത്താനും ഉത്തരവാദിത്തമുണ്ട്‌. ആ ഉത്തരവാദിത്തം ഉള്‍ക്കൊണ്ടുള്ള വസ്‌തുതാപരമായ സമീപനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനു സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ്‌ ഈ പ്രസ്‌താവനയിലൂടെ മനസിലാകുന്നത്‌. മുല്ലപ്പെരിയാര്‍ ഡാമിനു സമാനമായി തമിഴ്‌നാടു മുഖ്യമന്ത്രി പറയുന്ന അമേരിക്ക അരിസോണയിലെ റൂസ്‌വെല്‍റ്റ്‌ ഡാം, ഫ്രാന്‍സിലെയും യു.കെയിലെയും ഡാമുകള്‍ തുടങ്ങിയവ മുല്ലപ്പെരിയാറുമായി ഒരുകാരണവശാലും താരതമ്യം ചെയ്യാന്‍ കഴിയുന്നതല്ല. തമിഴ്‌നാട്‌ സുപ്രീംകോടതിയില്‍ സമ്മതിച്ച പ്രകാരംതന്നെ 116 വര്‍ഷംകൊണ്ട്‌ 3526 ടണ്‍ ചുണ്ണാമ്പ്‌ ഇതിനകം മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന്‌ ഒലിച്ചുപോയതിലൂടെ ഡാമിനു പൊള്ള ഉണ്ടായിട്ടുണ്ട്‌. ഇതില്‍ 542 ടണ്‍ പലഘട്ടങ്ങളിലാണു ഗ്രൗട്ടിംഗ്‌ നടത്തിയിട്ടുണ്ട്‌. എന്നാലും 3000 ടണ്‍ ചുണ്ണാമ്പ്‌ ഒലിച്ചുപോയി പൊള്ളയായി നില്‍ക്കുന്ന ഡാം എങ്ങിനെയാണു സുരക്ഷിതമെന്നു പറയുന്നത്‌?

മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയമില്ലായിരുന്നെങ്കില്‍ എന്തിനാണ്‌ ഇത്രയേറെ ബലപ്പെടുത്തല്‍ പണികള്‍ ചെയ്‌തത്‌. തമിഴ്‌നാട്‌ സ്വമേധയാ ചെയ്‌ത പണിയല്ല ഇതൊന്നും. 1930 മുതല്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ലീക്ക്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ 1930, 1964, 1970 കളില്‍ നടത്തിയ ബലപ്പെടുത്തല്‍ പണികള്‍ പരാജയമായിരുന്നുവെന്നാണ്‌ 1979 ലെ പരിശോധനയില്‍ തെളിഞ്ഞത്‌.

1979
ലെ കേരള-തമിഴ്‌നാട്‌ ജലകമ്മിഷന്‍ സംയുക്‌ത പരിശോധന ഈ വിഷയത്തിലെ നാഴികക്കല്ലാണ്‌. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും പകരം പുതിയ ഡാം വേണമെന്നും 1979 ല്‍ സമ്മതിച്ച തമിഴ്‌നാടും കേന്ദ്രകമ്മിഷനും ആ സത്യം മറച്ചുപിടിക്കുന്നതിന്റെ പിന്നിലുള്ള രാഷ്‌ട്രീയമാണ്‌ ഈ വിഷയത്തിലെ ഗൗരവതരമായ പ്രശ്‌നം.

കേരളത്തിന്റെ വീഴ്‌ചകളില്‍ പിടിച്ചുകയറുക എന്ന തമിഴ്‌നാടിന്റെ തന്ത്രപരമായ നീക്കത്തിലൂടെ 27/2/2006 സുപ്രീംകോടതി വിധി ഉണ്ടായിയെന്നതു ശരിതന്നെ. ഒരു അന്തര്‍ സംസ്‌ഥാന നദിയിലല്ല മുല്ലപ്പെരിയാര്‍ ഡാം പണിതിട്ടുള്ളത്‌. ഭരണഘടനയുടെ സംസ്‌ഥാന ലിസ്‌റ്റില്‍പ്പെട്ട വിഷയമാണു ജലം. സംസ്‌ഥാനത്തിന്റെ നിയമനിര്‍മാണ അധികാരപരിധിയില്‍ വരുന്ന ഈ വിഷയത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുളള കേരളത്തിലെ നദികളെയും ഡാമുകളെയും സംബന്ധിച്ച്‌ നിയമനിര്‍മാണം നടത്താനുള്ള പരമാധികാരം കേരള നിയമസഭയ്‌ക്കാണ്‌.

തമിഴ്‌നാട്‌ മുഖ്യമന്ത്രി പ്രസ്‌താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌ കേസിന്റെ വിചാരണ സമയത്ത്‌ കോടതി ഉന്നയിച്ച ചോദ്യങ്ങളാണ്‌. ആ ചോദ്യങ്ങളോടൊപ്പം കോടതിക്കു ജനങ്ങളുടെ സുരക്ഷ സംബന്ധിച്ചും തുല്യമായ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. വിഷയത്തിന്റെ വസ്‌തുതയും സത്യവും കോടതിക്കു ബോധ്യപ്പെടുന്നതിനു വേണ്ടി രണ്ടു കക്ഷികളോടും ചോദ്യങ്ങള്‍ ചോദിക്കും. പിന്നീട്‌ തെളിവിന്റെയും രേഖകളുടെയും അടിസ്‌ഥാനത്തില്‍ ഉത്തരവു പാസാക്കും.

കേസിന്റെ വിചാരണാവേളയില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രം എടുത്തുപറഞ്ഞ്‌ അതിനുശേഷം ആ വിഷയത്തില്‍ കോടതി ഒടുവില്‍ പുറപ്പെടുവിച്ച ഉത്തരവിനെ സൗകര്യപൂര്‍വം മറന്നുകൊണ്ട്‌ തെറ്റിദ്ധാരണാജനകമായി വിഷയം അവതരിപ്പിക്കുന്നതു ശരിയല്ല. അപകടമുണ്ടായാല്‍ ഒലിച്ചുപോകുന്ന ലക്ഷക്കണക്കിനു ജീവന്‌ ഒരു വിലയും കല്‍പിക്കാതെയുള്ള തമിഴ്‌നാടു മുഖ്യമന്ത്രിയുടെ നിലപാടു മനുഷ്യത്വരഹിതമാണ്‌.

തമിഴ്‌നാടിന്റെ രാഷ്‌ട്രീയസ്വാധീനം കേന്ദ്ര ഏജന്‍സികളുടെ പഠനങ്ങളില്‍ നിഴലിക്കുന്നുണ്ട്‌. അതാണ്‌ അവര്‍ കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിക്കുന്നത്‌. സ്വതന്ത്ര ഏജന്‍സികളായ ഐ.ഐ.ടി. ഡല്‍ഹിയും ഐ.ഐ.ടി. റൂര്‍ക്കിയും ഒക്കെ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നതു ജലകമ്മിഷന്റെ റിപ്പോര്‍ട്ടിലെ പിഴവുകളാണ്‌. ഇവ കരുതിക്കൂട്ടി തമിഴ്‌നാടിനുവേണ്ടി മനഃപൂര്‍വം തയാറാക്കുന്ന പിഴവുകളാണ്‌.

എംപവേര്‍ഡ്‌ കമ്മിറ്റിയുടെ മുമ്പാകെയും സ്വതന്ത്ര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകളുടെ പ്രാധാന്യം കേരളം ആവര്‍ത്തിച്ചിട്ടുണ്ട്‌. കേരളത്തിനു സുരക്ഷയും തമിഴ്‌നാടിനു വെള്ളവും സാധ്യമാകണമെങ്കില്‍ പുതിയ ഡാം ആണ്‌ ഏക പരിഹാരം. 1979 ല്‍ തമിഴ്‌നാടും കേന്ദ്ര ജലകമ്മിഷനും അംഗീകരിച്ച ആ സത്യം മറച്ചുവച്ച്‌ കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കണോ? തമിഴ്‌നാട്ടിലെ കൃഷിഭൂമി തരിശിടണോ? രണ്ടും രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിനും അഖണ്ഡതയ്‌ക്കും സാഹോദര്യത്തിനും നല്ലതല്ല. ജയലളിതയുടെ അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ക്കു കേരള സര്‍ക്കാര്‍ അതേനിലയില്‍ മറുപടി നല്‍കണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment