പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഐസ്‌ക്രീം കേസുമായി മുന്നോട്ടുപോവുമ്പോഴും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വ്യവസായ സ്ഥാപനം ഉദ്ഘാടനം ചെയ്തത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തൃക്കരിപ്പൂര്‍ ചെറുവത്തൂരിലെ ദിനേശ് അപ്പാരല്‍സിന്റെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചത് ഇപ്പോള്‍പാര്‍ട്ടിയില്‍ത്തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മേഖലയായ ചെറുവത്തൂരില്‍ പാര്‍ട്ടിയുടെ അധീനതയിലുള്ള ദിനേശ് ബീഡിയുടെ ദിനേശ് അപ്പാരല്‍സിന്റെ ഉദ്ഘാടനമാണ് ഇന്നലെ വ്യവസായമന്ത്രി നിര്‍വഹിച്ചത്. ഇതിന്റെ ഉദ്ഘാടനം കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുന്നതിനെതിരേ പാര്‍ട്ടിസമ്മേളനത്തില്‍ ചര്‍ച്ചവന്നിരുന്നു. കഴിഞ്ഞമാസം 16നു നടത്താന്‍ തീരുമാനിച്ചിരുന്ന ഉദ്ഘാടനമാണ് ഇന്നലത്തേക്കു മാറ്റിയത്. മന്ത്രി എത്തുമെന്നറിഞ്ഞു വന്‍ പോലിസ് സംഘമാണു സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്.
വികസനകാര്യത്തില്‍ താന്‍ പാര്‍ട്ടി നോക്കാറില്ലെന്നും അതുകൊണ്ട് മുന്‍ ഇടതുസര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്നു നോക്കാതെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അച്യുതാനന്ദന്‍ നിരന്തരം വേട്ടയാടുന്ന കുഞ്ഞാലിക്കുട്ടിയെ ഔദ്യോഗിക സി.പി.എം നേതൃത്വം ശക്തികേന്ദ്രത്തില്‍ പരിപാടിക്കുകൊണ്ടുവന്നത് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ചീമേനിയില്‍ സ്ഥാപിക്കാന്‍ നടപടിയായിട്ടുള്ള ഐടി പാര്‍ക്ക് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നു ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വ്യവസായ വികസനത്തില്‍ രാഷ്ട്രീയം കാണിക്കില്ല. ബീഡി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുമായി ഈ സര്‍ക്കാര്‍ മുന്‍പോട്ട് പോകും. ബീഡി തൊഴിലാളി സഹകരണ സംഘത്തിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.കരുണാകരന്‍ എംപി നിര്‍വഹിച്ചു. ജനറേറ്റര്‍ സ്വിച്ച് ഓണ്‍ കര്‍മം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ നിര്‍വഹിച്ചു.
ഐസ്‌ക്രീംകേസില്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയെങ്കില്‍ ഈ ആഴ്ച പാര്‍ട്ടിയില്‍ നിന്നാണ് വി.എസിന് തിരിച്ചടി കിട്ടിയതെന്നു ചുരുക്കം. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇടയ്ക്കിടെ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണ് വ്യക്തമാക്കിയത്. കേസന്വേഷണത്തില്‍ മേല്‍നോട്ടം വേണമെന്ന കോടതി മുന്‍ ഉത്തരവിന്റെ ലക്ഷ്യം അട്ടിമറിക്കാന്‍ അന്വേഷണസംഘം ശ്രമിക്കുമെന്ന ഹര്‍ജിക്കാരന്റെ ആശങ്ക അപക്വമാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. കേസന്വേഷണം കാര്യക്ഷമമാക്കാനായി വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി മുന്‍നിശ്ചയപ്രകാരം പരിഗണിക്കുമ്പോള്‍ കേസ് ഡയറിയും റിപ്പോര്‍ട്ടും ഹാജരാക്കാമെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയെ അറിയിച്ചു.
അന്വേഷണ പുരോഗതി തൃപ്തികരമാണെന്നും നേരത്തേ ഉറപ്പുനല്‍കിയ പോലെ 90 ദിവസത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു. കോടതി നേരത്തേ ആവശ്യമെന്ന് വിലയിരുത്തിയ അന്വേഷണ നിരീക്ഷണം സാര്‍ഥകമാക്കാന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വൈകാതെ വിളിച്ചുവരുത്തണമെന്ന് വി.എസ്. അച്യുതാനന്ദന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രജീന്ദ്ര സച്ചാര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിലെ വിവരം ഹര്‍ജിക്കാരന് നല്‍കണമെന്നും ആവശ്യപ്പെട്ടു. നേരത്തേ കേസ് ഡയറി പരിശോധിച്ച കോടതി അന്വേഷണം സി.ബി.ഐ.ക്ക് വിടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അന്വേഷണ പുരോഗതി നിരീക്ഷിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയിരുന്നു. സപ്തംബര്‍ 27നാണ് ഇതുസംബന്ധിച്ചുള്ള മുന്‍ ഉത്തരവ്. അന്വേഷണനിരീക്ഷണം ഫലപ്രദമാകണമെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് പുരോഗതി റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ് ഈ വര്‍ഷം ഫിബ്രവരി 28ന് നടത്തിയ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം സംബന്ധിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയത്. അതേസമയം കേസിന്റെ അന്വേഷണചുമതല താമരശ്ശേരി ഡി.വൈ.എസ്.പി. ജെയ്‌സണ്‍ പി. അബ്രഹാമിന് സര്‍ക്കാര്‍ കൈമാറി. ഇതേത്തുടര്‍ന്ന് താമരശ്ശേരി ഡി.വൈ.എസ്.പി.യുടെ ചുമതലയില്‍നിന്ന് ഇദ്ദേഹത്തെ മാറ്റിക്കൊണ്ട് ഡി.ജി.പി. ജേക്കബ്പുന്നൂസ് ഉത്തരവിറക്കി. നിലവില്‍ ഐസ്‌ക്രീംകേസ് അന്വേഷണസംഘാംഗമാണ് ജെയ്‌സണ്‍ അബ്രഹാം. എന്നാല്‍, ക്രമസമാധാനപാലനത്തിനൊപ്പമാണ് ഈ ചുമതലയും വഹിച്ചുപോന്നിരുന്നത്. ഇത് അന്വേഷണത്തെ ബാധിക്കരുതെന്ന് കരുതിയാണ് താത്കാലികമായുള്ള മാറ്റം. െ്രെകംബ്രാഞ്ച് എ.ഡി.ജി. പി. വിന്‍സന്റ് എം. പോളാണ് അന്വേഷണ സംഘത്തലവന്‍. കണ്ണൂര്‍ എസ്.പി. അനൂപ്കുരുവിളയും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയനും ടീമില്‍ അംഗങ്ങളാണ്. എങ്കിലും ജയ്‌സണ്‍ അബ്രഹാമായിരുന്നു കേസില്‍ പ്രധാനമായും അന്വേഷണം നടത്തിയിരുന്നതും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതുമെല്ലാം. കേസന്വേഷണത്തില്‍ കോടതിയുടെ നിരീക്ഷണം ഉണ്ടാകുമെന്നതിനാലാണ് മുഴുവന്‍ സമയ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചത്.
No comments:
Post a Comment