ഗൂഗിള് പറയുന്നു; ഐശ്വര്യ വേണ്ട സണ്ണി ലിയോണ് മതി
ആരാണ് സണ്ണി ലിയോണി. വിദ്യാബാലന്‍ മുതല്‍ ഹാലി ബെറി വരെ ചൂടും തണുപ്പുമേകുന്ന താരങ്ങളുടെ പട്ടികയെടുത്താല്‍ സാധാരണക്കാരന്റെ മനസ്സിലേക്ക് അത്ര പെട്ടെന്നൊന്നും കടന്നു വരാത്ത പേരാണ് സണ്ണി ലിയോണിന്റേത്. നമ്മുടെയിടയില്‍ ഒരു താരത്തിന് പ്രശസ്തയാകാന്‍ അധിക കാലമൊന്നും വേണ്ട. അത്രപോലും വേണ്ടിവന്നില്ല സണ്ണി ലിയോണിന്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വെറും രണ്ടു മാസം കൊണ്ടാണ് ബോളിവുഡിന്റെ സിന്ദൂരക്കുറിയായ ഐശ്വര്യ റായിയെയും, തീപ്പൊരികളായ കത്രീന കൈഫിനെയും കരീനാ കപൂറിനെയുമൊക്കെ പിന്നിലാക്കി ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സുന്ദരിയായി മാറിയത്. ഗൂഗിള്‍ ട്രെന്റ്‌സ് പറഞ്ഞ കണക്കുകള്‍ പ്രകാരം ഐശ്വര്യാ റായിയേക്കാള്‍ രണ്ടിരട്ടി തവണ സണ്ണിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടി ആരാധകര്‍ നെറ്റില്‍ തിരഞ്ഞു. കത്രീനയേക്കാള്‍ അഞ്ചിരട്ടിയും കരീനയേക്കാള്‍ ഒമ്പതിരട്ടി തവണയുമാണ് സണ്ണിയെ കാണാന്‍ ഗൂഗിളില്‍ സെര്‍ച്ചു ചെയ്തത്.
പൊതുവേദിയില്‍ സണ്ണി ലിയോണെന്ന കരണ്‍ മല്‍ഹോത്രയെ കാണാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് ആളെയെടുത്തു തുടങ്ങിയ കാലം. പൂജാ ബേഡിയേയും രാഗേശ്വരി സച്‌ദേവിനേയും ശക്തി കപൂറിനേയുമൊക്കെ പുറത്താക്കി ബിഗ് ബോസ് ബംഗ്ലാവില്‍ കയറിപ്പറ്റിയ കാനഡക്കാരി; അല്ല, കാനഡയില്‍ ജനിച്ചു ജീവിച്ച ഇന്ത്യക്കാരി. സണ്ണി ലിയോണിയേക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ പലരുടേയും നെറ്റി ചുളിയും. ജോലിയെന്തെന്നു ചോദിച്ചാല്‍ ലോകപ്രശസ്ത പോണ്‍സിനിമാ കമ്പനികളില്‍ പലതിന്റേയും സ്ഥിരം നായികയെന്ന് ഒറ്റ വാചകത്തില്‍ പറയാം. മോഡല്‍, അഭിനേത്രി, ബിസിനസ്സുകാരി തുടങ്ങിയ വിശേഷണങ്ങള്‍ വേറെയുമുണ്ട്. അവരാരായാലും ബോളിവുഡിലെ സൂപ്പര്‍ ഹിറ്റായ ജിസം എന്ന സിനിമയുടെ രണ്ടാം പതിപ്പിലെ നായികയാക്കാന്‍ സംവിധായകന്‍ മഹേഷ് ഭട്ട് സമീപിച്ചതോടെ ബോളിവുഡിലും ചൂടന്‍ ചര്‍ച്ചയായി സണ്ണി ലിയോണ്‍.
ടിബറ്റില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന് കാനഡയിലേക്ക് കുടിയേറിയ അച്ഛന്റെയും ഹിമാചല്‍ പ്രദേശിലെ കൊച്ചു ഗ്രാമമായ നഹാനില്‍ നിന്നുള്ള അമ്മയുടേയും മകളായി കരണ്‍ മല്‍ഹോത്ര ജനിച്ചത് കാനഡയിലെ സരണിയയിലാണ്. സിഖുകാരിയായി നല്ല അച്ചടക്കത്തോടെയാണ് അവര്‍ കരണിനെ വളര്‍ത്തിയത്. സാധാരണ സ്‌കൂളില്‍ മകള്‍ സുരക്ഷിതയല്ലെന്നു കണ്ട് ഒരു കാത്തോലിക് സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും ചെയ്തു. പഠന കാലത്ത് ഹോക്കിയും ഐസ് സ്‌കേറ്റിങ്ങും വിസ്‌കിയും ചോക്കലേറ്റും ഒരുപോലെ ഇഷ്ടപ്പെടുന്ന കായിക താരമായി പേരെടുത്തു. കുറ്റം പറയരുതല്ലോ പതിനൊന്നു വയസ്സുവരെ മാതാപിതാക്കളുടെ 'നാടന്‍' കാഴ്ചപ്പാടിലാണ് കരണ്‍ വളര്‍ന്നത്. പതിനൊന്നാമത്തെ വയസ്സില്‍ കൂട്ടുകാരന്‍ ആദ്യമായി ചുംബിച്ചതോടെ താന്‍ തന്റേടിയായെന്നാണ് കരണ്‍ അവകാശപ്പെടുന്നത്. പഠനത്തിനിടെ ജര്‍മ്മന്‍ ബേക്കറിയിലും ജിഫി ലൂബ് എന്ന എണ്ണക്കമ്പനിയിലുമൊക്കെ ജോലി നോക്കുകയും ചെയ്തു. എന്നാല്‍ ഓറഞ്ച് സിറ്റിയില്‍ നഴ്‌സിങ് പഠിക്കാന്‍ പോയതോടെ തലയിലെഴുത്തു മാറി. സഹപാഠിയായ മാദക നര്‍ത്തകി കരണിനെ പെന്റാഹൗസ് എന്ന ആണുങ്ങളുടെ മാസികയുടെ ഫോട്ടോ ഗ്രാഫറെ പരിചയപ്പെടുത്തിക്കൊടുത്തതോടെ കരണ്‍ സണ്ണി ലിയോണിയിലേക്കുള്ള യാത്ര തുടങ്ങി. വന്‍കിട പോണ്‍സിനിമാകമ്പനികള്‍ സണ്ണി ലിയോണിന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്നു.
എങ്കിലും അത്തരം സിനിമാ മേഖലയുടെ ഇരുണ്ട കോണിലൊതുങ്ങാതെ ദ ഗേള്‍ നെക്സ്റ്റ് ഡോര്‍ പോലുള്ള മുഖ്യധാരാ സിനിമകളിലും മാക്‌സിം മാസികയിലുമൊക്കെ മുഖം കാണിച്ചു സണ്ണി ലിയോണ്‍. 2005- ല്‍ എം.ടി.വി. ഇന്ത്യ നടത്തിയ എം.ടി.വി. അവാര്‍ഡ്‌സിന്റെ അവതാരകയായി. ഫോക്‌സ് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടു. ബോളിവുഡില്‍ നിന്നു പോലും ഓഫറുകളുണ്ടായി. കലിയുഗ് എന്ന സിനിമയില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാക്കാന്‍ സംവിധായകന്‍ മോഹിത് സൂരി സമീപിച്ചെങ്കിലും സണ്ണി ലിയോണ്‍ ആവശ്യപ്പെട്ട പത്തുലക്ഷം ഡോളര്‍ നല്‍കാന്‍ കഴിയാതെ പിന്‍വാങ്ങിയെന്നാണ് വാര്‍ത്ത.
ഒരു മാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ സണ്ണി ബിഗ്‌ബോസിലേക്ക് കാലെടുത്തുവെച്ച നവംബര്‍ 18 മുതല്‍ നോയിഡയിലും ഭുവനേശ്വറിലും ലുധിയാനയിലും ഭോപ്പാലിലും ഒറീസ്സയിലെ ഉള്‍നാടുകളില്‍പ്പോലും ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടിയാണ്. അതായത് ഉത്തരേന്ത്യയിലെ കാട്ടുമുക്കില്‍ പോലും സണ്ണി ലിയോണിന് ആരാധകരുണ്ട് എന്നര്‍ഥം. ബിഗ് ബോസ് ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സണ്ണി ഐശ്വര്യാ റായിക്കു പോലും ഭീഷണിയായിമാറിയത്. ഇനി ജിസം രണ്ടാം പതിപ്പിലെങ്ങാന്‍ അഭിനയിച്ചു കളഞ്ഞാല്‍ ബോളിവുഡിലെന്തു സംഭവിക്കുമെന്ന്കണ്ടറിയേണ്ടിവരും. ജിസം ഒന്നില്‍ നായികയായി പേരെടുത്ത ബിപാഷ ബോളിവുഡിനെ ഒരിക്കല്‍ ഇളക്കി മറിക്കാന്‍ ശ്രമിച്ചതാണ്. അന്ന് വെറും വാള്‍പേപ്പര്‍ നായകയെന്നു വിളിച്ച് ഐശ്വര്യയെ ബിപാഷ കളിയാക്കിയതും ഇവിടെ ഓര്‍ക്കാം. മല്ലിക ഷെറാവത്ത് സൃഷ്ടിക്കാന്‍ ശ്രമിച്ച മാംസ വിപ്ലവവും ബോളിവുഡില്‍ പച്ചപിടിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സണ്ണി ലിയോണിന് ജിസമിലഭിനയിക്കാന്‍ തോന്നരുതേ എന്ന് പ്രാര്‍ഥിക്കുകയേ ബോളിവുഡിലെ താരങ്ങള്‍ക്ക് രക്ഷയുള്ളൂ
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment