Friday 4 November 2011

[www.keralites.net] ആ സുദിനത്തിനായി...

 

ഇന്ത്യയില്‍ മാത്രം വര്‍ദ്ധിക്കുന്ന പെട്രോള്‍ വിലക്ക് പിന്നില്‍ വിദേശ ശക്തികള്‍ ആയിരിക്കാമെന്ന് സംശയിക്കാം.  സാമ്പത്തിക മാന്ദ്യം ലോകത്തെ മുഴുവന്‍ ഗ്രസിച്ചിട്ടും ഇന്ത്യക്ക് കുലുക്കമൊന്നും ഇല്ലാത്തതില്‍ ആശങ്കപൂണ്ടാണ് ഇത്തരം ഒരു നടപടി എന്ന് സംശയത്തെ ന്യായീകരിക്കാം. സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെക്കാള്‍ സമ്പന്നര്‍ ഇന്ത്യാ രാജ്യത്ത് ഉണ്ടെന്നതും വിദേശ കരങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടാകും.  ഇന്ത്യന്‍ ഭരണ സംവിധാനം ഒരു വിദേശിയുടെ ചട്ടുകമാകുമ്പോള്‍, ആ ചട്ടുകം പിടിക്കുന്ന കരങ്ങളെ മാത്രം കൈകാര്യം ചെയ്താല്‍ മതിയാകും എന്നതാണ് വിദേശ ശക്തികള്‍ക്ക് ഏറ്റവും സൌകര്യപ്രദമാകുന്നത്.

പ്രധാന മന്ത്രി (പ്ര.മ.), ആഭ്യന്തര മന്ത്രി (ആ.മ.), ധന മന്ത്രി (ധ.മ.) തുടങ്ങിയവര്‍ വിലക്കയറ്റത്തെ എതിര്‍ത്തില്ല എന്നതിന് പുറമേ, കഴുതകള്‍ക്ക് (പൊ.ജ. അഥവാ പൊതുജനം) ആശ്വാസം പകരുന്ന ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. പകരം എണ്ണ കുത്തകകള്‍ക്ക് (no Spoonerism) സന്തോഷിക്കാവുന്ന സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. പെട്രോളിയം മന്ത്രി (പെ.മ.) പറയുന്നത്, അദ്ധേഹത്തിനു എണ്ണ കുത്തകകളെ (definitely no Spoonerism) നിയന്ത്രിക്കാനാകില്ല എന്നാണു. അങ്ങനെ പറയുവാന്‍, അദ്ധേഹത്തിനു സങ്കോചവും സങ്കടവും ഉണ്ടാകില്ല, മറിച്ചു പണ്ട് നമ്മള്‍ സ്കൂള്‍ അസംബ്ലിയില്‍ പറയുന്ന പ്രതിജ്ഞ എന്നപോലെ അഭിമാനം കൊള്ളുന്നുണ്ടാകും.

കേരളത്തില്‍ നിന്നും പണ്ടില്ലാത്ത വിധം കേന്ദ്ര മന്ത്രിമാര്‍ ഇപ്പോള്‍ ഉണ്ടെങ്കിലും, നാട്ടുകാര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളതും, അടുത്ത പ്രധാന മന്ത്രിയാകാന്‍ സാധ്യതയുള്ളതും, നിഷ്കളങ്കനും ആയ നമ്മുടെ പ്രതിരോധ മന്ത്രി (പ്രതി.മ. - 'പ്ര.മ.' എന്ന ചുരുക്കെഴുത്ത് പ്രധാന മന്ത്രിക്കു നല്‍കിയത് കൊണ്ടാണ് 'പ്രതി.മ.' എന്ന ചുരുക്കെഴുത്ത്, അല്ലാതെ, ഈ ചുരുക്കെഴുത്തിനു അദ്ധേഹത്തിന്റെ സ്വഭാവവുമായി ആരും ബന്ധം കല്പിക്കരുത്) പതിവുപോലെ മൌന വൃതത്തിലാണ്. ചട്ടുകത്തിനു ചൂട് കൂടുതലായതിനാല്‍ മൂട് പൊള്ളും എന്നതു കൊണ്ടോ അതല്ല ഈ വില വര്‍ദ്ധനവ്‌ കമ്മ്യൂണിസ്റ്റുകാരുടെ ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തി അല്ലാത്തത് കൊണ്ടോ ആണ് അദ്ദേഹം പ്രതികരിക്കാത്തത് എന്നറിയില്ല. എന്തെങ്കിലും പ്രതികരിച്ചു ചട്ടുകത്തിനെ പ്രതിരോധത്തില്‍ ആക്കേണ്ട എന്ന് കരുതുന്നതിലും തെറ്റില്ല.

ഒരു ഭക്ഷ്യ വകുപ്പ് സഹ മന്ത്രിയുണ്ട്. നമ്മള്‍ അരിയാഹാരം ഉപേക്ഷിച്ചു കൊഞ്ച്, ചിരുത, കരിമീന്‍, കോഴി, ആട്, കാള, പന്നി, പാല്, മുട്ട തുടങ്ങിയവയുടെ ഉപഭോഗം കൂട്ടിയത് കൊണ്ടാണ് ഇന്ത്യയില്‍ ആഹാരസാധങ്ങള്‍ക്ക് വില വര്‍ധിക്കുന്നതും തന്മൂലം രൂപയുടെ മൂല്യം ഇടിയുന്നതും എന്നും അദ്ദേഹം കണ്ടെത്തിക്കളഞ്ഞു.  ചാരായത്തിന് പകരം കേരളീയര്‍ രഹസ്യമായി പെട്രോള്‍ കുടിക്കുന്നത് കൊണ്ടാണ് പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം കൂടുന്നത് എന്ന മറ്റൊരു കണ്ടെത്തല്‍, ഒരുപക്ഷെ ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് അദ്ദേഹം കണ്ടെത്തിക്കളയും എന്നതിനാല്‍ അദ്ധേഹത്തിന്റെ അഭിപ്രായം അന്വേഷിക്കേണ്ടതില്ല.

പൊതുമുതല്‍  നശിപ്പിച്ചാല്‍ നഷ്ടപരിഹാരം നശിപ്പിക്കുന്നവര്‍ നല്‍കണം എന്ന് ബഹു. കോടതി നിര്ധേശിച്ചതിനാല്‍ വിപ്ലവ പാര്‍ട്ടികളുടെ പോരാട്ട വീര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

മേല്പറഞ്ഞവ വികാര വിക്ഷോഭത്തിന്റെ ബഹിര്‍സ്ഫുരണം എന്ന് കണക്കാക്കിയാല്‍ മതി. ഇനി എന്റെ സംശയത്തിനു പ്രേരകമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്നു വിശദീകരിക്കാം.

പെട്രോളിയം  ഉല്പന്നങ്ങളുടെ വില വര്‍ധന അടിസ്ഥാന പരമായി എല്ലാ മേഘലയെയും ബാധിക്കുന്ന ഒന്നാണ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉപഭോക്താക്കളെയും തദ്വാര കേരളത്തെയും. (ലോകത്തിലെ ഏതു ഉല്‍പ്പന്നവും വിറ്റഴിക്കുവാന്‍ പറ്റുന്ന സ്ഥലമാണ് കേരളം, മൊട്ടു പിന്നു മുതല്‍ മട്ടുപ്പാവ് വരെയും, അരി മുതല്‍ അഴിമതി വരെയും, വിവാഹം മുതല്‍ വിവാദം വരെയും, മരുന്ന് മുതല്‍ മാറാവ്യാധി വരെയും ഇവിടെ സുലഭമായും ആദായകരമായും വിറ്റഴിക്കാം. ഇവിടെ സാധ്യതയില്ലാത്തതു വ്യവസായം മുതല്‍ വികസനം വരെയുള്ളത് മാത്രമാണ്.) അങ്ങനെ എല്ലാ മേഘലയിലും വിലക്കയറ്റം ഉണ്ടാകും. വിലക്കയറ്റം, നിത്യ വില സൂചിക ഉയര്‍ത്തും. ടി സൂചി രൂപയുടെ മൂല്യത്തിന്റെ മുനയൊടിക്കും. വീണ്ടും പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലാകും, അവരും വില കൂട്ടും. ഇതൊരു അനന്ത ശൃംഗലാ പ്രതിപ്രവര്‍ത്തനം (endless chain reaction - എന്റെ ഭാക്ഷാന്തരീകരണം) ആകും. അങ്ങനെ, ഇന്ത്യയുടെ സാമ്പത്തിക മേഖല തകര്‍ന്നു തരിപ്പണമാകും. അത് ആഭ്യന്തര കലഹത്തിനും, തന്മൂലം വിദേശ ശക്തികള്‍ക്ക് ഇവിടെ നേരിട്ടുള്ള ആധിപത്യത്തിനും, അതുവഴി നമ്മുടെ അനന്തവും അജ്ഞാതവുമായ സമ്പത്ത് (പപ്പനാവന്റെ നിധി ഉള്‍പ്പെടെ) അവരുടെ കൈ-കാലുകള്‍ക്കിടയില്‍ ഭദ്രമാകുകയും ചെയ്യും.

പല സഹസ്രാബ്ദങ്ങള്‍ അടിയാന്മാരായിരുന്ന നമുക്ക് എന്നും അടിമകളായി മാത്രമേ കഴിയാനാകൂ. അത് നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് പോയി, മാറ്റാനാകാതെ. അങ്ങനെ, വീണ്ടും, അക്ഷരാര്‍ത്ഥത്തില്‍ നമ്മള്‍ അടിമകളായി തീരുന്ന ആ സുദിനത്തിനായി ആകാംക്ഷാ നിര്ഭരരായി നമുക്ക് കാത്തിരിക്കാം.

ബഹുമാനപ്പെട്ട കോടതിപോലും  പ്രതികരിക്കണം എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ഇത്ര എങ്കിലും പ്രതികരിച്ചില്ലാ എങ്കില്‍, ഞാന്‍ തീരെ അനുസരണ ഇല്ലാത്ത ഒരു അടിമയായി അധപതിച്ചു പോകും എന്നതിനാല്‍ ഇത്രയും പ്രതികരിക്കുന്നു.


--


 
ഗുരുദാസ്‌ സുധാകരന്‍ Gurudas Sudhakaran
Mob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment