കുറച്ചു വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ജീവിച്ച ഒരാളെന്ന നിലയ്ക്ക് ഗദ്ദാമ അഥവാ വീട്ടു വേലക്കാരികളുടെ പ്രശ്നങ്ങള്‍ കുറെ ഒക്കെ ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്.വ്യത്യസ്ത രാജ്യക്കാരായ അവരില്‍ ചിലരോട് നേരിട്ടിടപഴകാനും അവസരമുണ്ടായിട്ടുണ്ട് .കമലിന്റെ സിനിമയിലെ ഏതോ ഒരു ഭാഗം ടിവി യില്‍ കണ്ടപ്പോള്‍ ജീവിതത്തിലെപ്പോഴോക്കെയോ വന്നു പോയ ആ പാവം സ്ത്രീകളെ ഞാന്‍ ഓര്‍ത്തു.അവരുടെകണ്ണുനീര്‍,വിഹ്വലതകള്‍,കേട്ടതും
കേള്‍ക്കാത്തതുമായ പഴംകഥകള്‍..
അവരിലൊരാള്‍ അസ്മ എന്ന ഇന്തോനേഷ്യന്‍ പെണ്‍കുട്ടിയാണ്.സൗദി അറേബ്യയിലെ ഖമിസ് മുശയ്ത് എന്ന കൊച്ചു പട്ടണത്തില്‍ വച്ചാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്.ഒരു കുട്ടിയേക്കാള്‍ ഒട്ടും വലിപ്പം അവള്‍ക്കു കൂടുതലുണ്ടായിരുന്നില്ല.നന്നേ മെലിഞ്ഞ ശരീരത്തെ അവള്‍ ഒരുതരം അപകര്‍ഷതയോടെ എപ്പോഴും അകത്തേക്ക് വളച്ചു പിടിച്ചു.സാധാരണ ഇന്തോനേഷ്യന്‍ യുവതികളെ പോലെ അല്ലാതെ,അവള്‍ക്ക് വിളറിയതെങ്കിലും വലിയ കണ്ണുകളായിരുന്നു.നീണ്ട് ഉള്ളില്ലാത്ത കോലന്‍ തലമുടി അവളുടെ മുഖത്തിന് ചുറ്റും പാവത്തം തോന്നിപ്പിച്ചു കൊണ്ട് എപ്പോഴും പാറിക്കിടന്നു. അവള്‍ക്കു ധരിക്കാന്‍ ഒരു കറുത്ത പാവാടയും നരച്ചു തുടങ്ങിയ രണ്ടോ മൂന്നോ ഷര്‍ട്ടുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.തേഞ്ഞു തീരാറായ തന്റെ വള്ളിചെരിപ്പില്‍,കുട്ടിത്തതോടെ ഇടറിയിടറി അവള്‍ ഒരു താറാവിനെ പോലെ നടന്നു പോകുന്നത് ഞാന്‍ ഒരു തരം വിങ്ങുന്ന കൌതുകത്തോടെ പല തവണ നോക്കി നിന്നിട്ടുണ്ട്.
ഒരു അറബിയുടെ വീട്ടില്‍ നിന്നും അവിടുത്തെ പീഡനം സഹിക്കാന്‍ വയ്യാതെ ഓടിപ്പോന്നതായിരുന്നു അസ്മ...കറങ്ങി തിരിഞ് അവള്‍ എങ്ങനെയോ ഞങ്ങളുടെ സ്കൂള്‍ സ്പോന്സറുടെ കയ്യിലെത്തിപ്പെട്ടു;അവിടെ നിന്നും മലയാളിയായ ഞങ്ങളുടെ മാനേജരുടെ അടുത്തും.പുതുതായി തുടങ്ങിയ ഞങ്ങളുടെ സ്കൂളില്‍ ആയ ആയി അയാള്‍ അവളെ നിയമിച്ചു..എങ്കിലും അവള്‍ക്കു താമസിക്കാന്‍ ഒരിടം വേണമായിരുന്നു.അവളെ ഒപ്പം നിര്‍ത്താമോ എന്ന് മാനേജര്‍ എന്നോടും മറ്റു ചില മലയാളി അധ്യാപികമാരോടും ചോദിച്ചു.ചാടിപ്പോന്ന ഒരു ഗദ്ദാമയെ വീട്ടില്‍ നിര്‍ത്തിയാല്‍ ഉണ്ടായേക്കാവുന്ന നിയമക്കുരുക്കുകള്‍,സൌദിയിലെ കഠിന രീതികള്‍,ഇതൊക്കെ അവളെ ഒപ്പം നിര്‍ത്തുന്നതില്‍ നിന്നും ഞങ്ങളെ വിലക്കി...അവസാനം മാനേജര്‍ അവളെ സ്വന്തം വീട്ടിലേക്കു കൊണ്ട് പോയി.
ഞങ്ങളുടെ മാനേജര്‍ ഒരു നിത്യ പ്രണയി ആയിരുന്നു...അറുപതിനോടടുത്ത കാലത്തും നിലവില്‍ രണ്ടു വിവാഹ ബന്ധങ്ങള്‍,പുറത്തു പറയാന്‍ മടിയില്ലാത്ത അനേകം പ്രണയങ്ങള്‍.സൌദിയില്‍ ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ ഭാര്യയ്ക്ക് കഷ്ടി അയാളുടെ ഇളയ മകളുടെ പ്രായമേ ഉണ്ടായിരുന്നുള്ളൂ.വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത,ദാരിദ്ര്യം കൊണ്ട് അയാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലേണ്ടി വന്ന ഒരു പാവം പിടിച്ച ഇരുപതുകാരി.മലയാളം അല്ലാതെ വേറൊന്നും അറിയാത്ത അവള്‍ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ഒപ്പം അസ്മ താമസം തുടങ്ങി.മാനേജരുടെ ഭാര്യ അവളോട് ചറുപിറുന്നനെ മലയാളം മാത്രം പറഞ്ഞു."എനിക്കീ ഇന്ഗ്ലീശോന്നും അറിഞ്ഞൂടാ,"അവള്‍ ഇടയ്ക്കു ഞങ്ങളോട് പറയും,"അസ്മക്ക് വേണെങ്കി അവള് മലയാളം പഠിക്കട്ടെ..."അസ്മ അവസാനം മലയാളം പഠിക്കുക തന്നെ ചെയ്തു.
ഉറക്കവും സ്വപ്നങ്ങളും ഇട കലര്‍ന്ന കണ്ണുകളുമായി അസ്മ ഞങ്ങളുടെ സ്കൂളില്‍ ഒരു മോപ്പും ബക്കെറ്റുമായി ഉഴറി നടന്നു.കുഞ്ഞുങ്ങള്‍ നിരന്തരമായി വൃത്തികേടാക്കിയിടുന്ന മൂത്രപ്പുരകളില്‍ അവള്‍ നേരിയ ഒരു നിശ്വാസവുമായി കടന്നു ചെന്ന് മടിയില്ലാതെ അവിടമൊക്കെ വൃത്തിയാക്കി.ഇടക്ക് അധ്യാപികമാര്‍ക്ക് വേണ്ടി സ്ടാഫ്ഫ് റൂമിലെ കൊച്ചു കെറ്റിലില്‍ ചായ ഉണ്ടാക്കി.വല്ലപ്പോഴും കിട്ടുന്ന ഇടവേളകളില്‍ ഒരു മൂലയ്ക്ക് കൂനിപ്പിടിച്ചിരുന്നു ഫ്രൈഡ് നൂഡില്‍സ് വെറുതെ തിന്നു.
പതുക്കെ പതുക്കെ അവള്‍ ഞങ്ങള്‍ രണ്ടു മൂന്നു മലയാളി അധ്യാപികമാരുമായി അടുത്തു.മുറിഞ്ഞ ഇന്ഗ്ലീഷില്‍ ഓരോരോ വിശേഷങ്ങള്‍ പറയാനും തുടങ്ങി.എങ്ങനെയെങ്കിലും ഇന്തോനേഷ്യയില്‍ അമ്മയുടെ അടുത്തേക്ക് പോയാല്‍ മതി എന്ന അതി പ്രധാന രഹസ്യ ആഗ്രഹം അവള്‍ ആയിടെ ആവശ്യമില്ലാത്ത ഒരു കുറ്റബോധത്തോടെ ഞങ്ങളോട് പറഞ്ഞു.അന്യന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉള്ള സ്ത്രീ സഹജമായ കൌതുകത്തോടെ,ഞങ്ങള്‍ അവളെ അലിവോടെ കേട്ടിരുന്നു..ഇടയ്ക്കു പൊള്ളയായ ആശ്വാസങ്ങളും കൊടുത്തു.പണ്ട്,അവള്‍ മിടുക്കിയായ ഒരു വിദ്യാര്‍ഥിനി ആയിരുന്നു എന്ന്,ക്ലാസ്സ് മുറികളുടെ വാതില്‍ക്കലുള്ള അവളുടെ നഷ്ടബോധത്തോടെ ഉള്ള നില്‍പ്പില്‍ നിന്നും ഉച്ചക്ക് കുട്ടികളുടെ ബഹളമൊഴിഞ്ഞ മുറികളിലെ പൊടി പുരണ്ട ബ്ലാക്ക് ബോര്‍ഡുകളില്‍ അവള്‍ എഴുതിയിട്ട ഉരുണ്ട ഇന്ഗ്ലിഷ് വാക്കുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.
തുടക്കത്തിന്റെ പരാധീനതകളാലും അധ്യാപകരുടെ കുറവാലും മാനേജര്‍ അവളെ ആളില്ലാത്ത ഒന്ന് രണ്ടു പിരിയഡുകളില്‍ കുട്ടികളെ നോക്കാനായി എല്‍ കെ ജി ക്ലാസ്സുകളിലെക്കയച്ചതോര്‍ക്കുന്നു.അന്ന്,കുട്ടികള്‍ക്കായി അവള്‍ ബോര്‍ഡില്‍ മനോഹരമായ ചില ചിത്രങ്ങള്‍ വരച്ചിട്ടു.ഒപ്പം അതിന്റെ ഇന്ഗ്ലിഷ് വാക്കെടുതെഴുതുകയും ചെയ്തു.അത് പിന്നീട് രക്ഷാകര്താക്കള്‍ക്കിടയില്‍ വലിയ വിവാദമായി.ആയയെക്കൊണ്ട് പഠിപ്പിക്കാനല്ല ഞങ്ങള്‍ കുഞ്ഞുങ്ങളെ സ്കൂളിലെക്കയക്കുന്നതെന്നായിരുന്നു അവരുടെ വാദം.അവരെ ഒരു വിധം പറഞ്ഞു സമാധാനിപ്പിച്ച ശേഷം മാനേജര്‍ വന്നു അസ്മയോടു പൊട്ടിത്തെറിച്ചു."അറിയാവുന്ന കാര്യം ചെയ്‌താല്‍ മതി",അയാള്‍ ആക്രോശിച്ചു,"നിന്റെ നിലം തുടക്കല്‍ പോലെയല്ല കുട്ടികളെ പഠിപ്പിക്കല്‍...കുട്ടികള്‍ ശബ്ദമുണ്ടാക്കാതെ ഇരിക്കാന്‍ വേണ്ടിയാണ് നിന്നെ ക്ലാസ്സു മുറിയിലെക്കയച്ചത്.."അന്ന്,നിറഞ്ഞ കണ്ണുകളോടെ തന്റെ മോപ്പും ബക്കെറ്റും എടുത്ത് മൂത്രപ്പുരയിലേക്ക് തലതാഴ്ത്തി നടന്നു പോയ അവളെ ഞങ്ങള്‍ നീറ്റലോടെ നോക്കി നിന്നു.
ദിവസങ്ങള്‍ കഴിയെ,എന്ത് കൊണ്ടോ അസ്മ പേടിപ്പിക്കും വിധം നിശബ്ദയായി.ടീച്ചര്‍,ഞാന്‍ വലിയ പ്രോബ്ലെതിലാണ് ,അവള്‍ ഇടക്കൊക്കെ ഞങ്ങളോട് പേടിച്ചു പേടിച്ചു പറഞ്ഞു.ഞാനും എന്റെ കൂട്ടുകാരിയും പരസ്പരം നോക്കി.മാനേജരുടെ വീട്ടില്‍ അവള്‍ക്കു വല്ല പ്രശ്നവുമുണ്ടാകുമോ?കൂട്ടുകാരി എന്നോട് ചോദിച്ചു..ആവാം,ഞാന്‍ സംശയത്തോടെ തലയാട്ടി.അയാള്‍ക്ക് അത്ര നല്ല പേരില്ലല്ലോ...ഞങ്ങളുടെ കണ്ണുകള്‍ പിന്നെ അസ്മയുടെയും മാനേജരുടെയും പുറകെ ആയി..അയാളുടെ മുന്നില്‍ അവള്‍ കൂടുതല്‍ ദുഖിതയായി കാണപ്പെടുന്നില്ലേ?ഉച്ചക്ക് കുട്ടികളും അധ്യാപികമാരും പോയ്ക്കഴിഞ്ഞാല്‍ അയാളെന്തിനാണ് അവളെയും കൊണ്ട് ജോലി ചെയ്യാനെന്ന പേരില്‍ ഗേറ്റ് അടച് ഒറ്റക്കിരികുന്നത്?അവളോട് കാര്യം തുറന്നു ചോദിക്കാന്‍ ഞങ്ങളുടെ വിഭ്രമങ്ങള്‍ ഞങ്ങളെ അനുവദിച്ചതുമില്ല.
ഒരു ദിവസം പെട്ടെന്ന് എന്റെ കൂട്ടുകാരിയുടെ ഫോണ്‍ വന്നു.അവള്‍ ഭയചകിതയായിരുന്നു."ആകെ പ്രശ്നമായിരിക്കുകയാ",അവള്‍ പറഞ്ഞു,"അസ്മ മാനേജരുടെ വീട്ടില്‍ നിന്നും ചാടി ഇവിടേയ്ക്ക് വന്നിരിക്കുന്നു, അടുക്കലമൂലയില്‍ കണ്ണീരോടെ ഇരിപ്പുണ്ട്".അവള്‍ മുറി ഇന്ഗ്ലീഷില്‍ പറഞ്ഞ കാര്യങ്ങള്‍ കൂട്ടുകാരിയില്‍ നിന്നും കേട്ടപ്പോള്‍ എന്റെ നെഞ്ഞിലേക്ക് സങ്കടം കല്ലേറുകളായി വന്നു വീണു.അസ്മയ്ക്ക് പറയാനുണ്ടായിരുന്നത് നിരന്തരമായ പീഡനത്തിന്റെ കഥകളായിരുന്നു.മാനെജരുടെ ഭാര്യ ഭര്‍ത്താവിനെ സംശയിച് അവളെ രാത്രി മുറിയില്‍ പൂട്ടിയിടുന്നത്,മൂത്രമൊഴിക്കാന്‍ വയ്യാതെ സഹികെട്ട് അവള്‍ ബെഡ് ഷീട്ട് ചുരുട്ടി വച്ച അതില്‍ മൂത്രശങ്ക തീര്‍ക്കുന്നത്,മദ്യപിച്ചു വന്ന മനജേര്‍ ഇടക്കൊക്കെ അവളെ കടന്നു പിടിക്കാറുള്ളത്,അതിന്റെ പേരില്‍ അയാളും ഭാര്യയും തമ്മിലുണ്ടാവുന്ന വഴക്ക്,ആ ദേഷ്യം അവള്‍ അസ്മയുടെ അടുത്ത് തീര്‍ക്കാറുള്ളത്,വീട്ടിലെ കഠിന ജോലികള്‍. പട്ടിണിക്കിടല്‍ ..അങ്ങനെ അങ്ങനെ ഒരുപാട്...തലേന്ന് രാത്രി പതിവ് വഴക്കിനൊടുവില്‍ വേണെങ്കില്‍ താന്‍ അസ്മയെയും കെട്ടുമെന്ന് മാനേജര്‍ പറഞ്ഞുവത്രേ..അന്ന് തന്നെ എല്ലാവരും ഉറങ്ങിയപ്പോള്‍ അവള്‍ എങ്ങനെയോ വീട്ടില്‍ നിന്നിറങ്ങി പോന്നു.രാത്രി,അവിടെ നിര്‍ബന്ധമായ പര്‍ദ്ദ പോലും ഇടാതെ,പോലീസിന്റെയും മറ്റുള്ളവരുടെയും കണ്ണില്‍ പെടാതെ,എത്രയോ കിലോ മീറ്ററുകള്‍ നടന്നു അവള്‍ എന്റെ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ എത്തി.
ഞാന്‍ അന്നും ഒരു വികാര ജീവി ആയിരുന്നു.എന്റെ നെഞ്ച് കലങ്ങി.അവള്‍ക്കു ന്യായം കിട്ടണമെന്നും അവളെ എങ്ങനെ എങ്കിലും നാട്ടിലേക്ക് തിരിച്ചയക്കണമെന്നും മനസ്സ് പറഞ്ഞു.പക്ഷെ എങ്ങനെ എന്നറിയില്ലായിരുന്നു.അവളെ സംരക്ഷിക്കാന്‍ എനിക്കോ എന്റെ സുഹൃത്തിനോ ആവുകയുമില്ലായിരുന്നു.ഞങ്ങള്‍ നിസ്സഹായരായി ഫോണിലൂടെ പരസ്പരം നിശബ്ദരാവുക മാത്രം ചെയ്തു.
പിറ്റേന്ന് രാവിലെ മാനേജര്‍ ചമ്മല്‍ നിറഞ്ഞ മുഖവുമായി എന്റെ കൂട്ടുകാരിയുടെ വീട്ടിലെത്തി അസ്മയെ കൊണ്ട് പോയി.ആദ്യത്തെ സ്പോണ്സറുടെ കയ്യിലെല്പ്പിച് അവളെ നാട്ടിലെക്കയക്കാനെര്‍പ്പാട് ചെയ്യിക്കാമെന്നു അയാള്‍ വാക്ക് പറഞ്ഞു.ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല.ദയനീയമായി തന്നെ നോക്കി കൊണ്ടിരുന്ന അസ്മയെ പറഞ്ഞു വിട്ടപ്പോള്‍ തന്റെ നെഞ് എത്രത്തോളം വിങ്ങി എന്ന് എന്റെ കൂട്ടുകാരി പിന്നീട് എന്നോട് പല തവണ പറയുകയുണ്ടായി.
പിന്നീടൊരിക്കലും അസ്മയെ ഞങ്ങള്‍ കണ്ടില്ല.അവളെ ആദ്യത്തെ ഉടമസ്ഥന്റെ അടുത്ത് കൊണ്ടാക്കി എന്ന് മാനേജര്‍ പറഞ്ഞു.അയാളുടെ സ്കൂളില്‍ ഞാനും എന്റെ കൂട്ടുകാരിയും അതിനു ശേഷം അധികകാലം ജോലി ചെയ്യുകയുണ്ടായില്ല.അയാള്‍ ചില തരികിട പരിപാടികള്‍ നടത്തി ജയിലിലായി എന്നും ഭാര്യയും മക്കളും തെരുവിലായി എന്നും പിന്നീടറിഞ്ഞു..ഈയിടെ അയാളുടെ മരണ വാര്‍ത്തയും കേട്ടു.
ഗദ്ദാമ എന്ന ഫിലിം കണ്ടില്ലെങ്കിലും,അതിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള എന്റെ മുന്‍വിധികള്‍ തെറ്റാണെങ്കിലും അല്ലെങ്കിലും,ആ പേര് കേള്‍ക്കുമ്പോഴൊക്കെ അസ്മയെയും അത് പോലുള്ള മറ്റു ചിലരെയും ഞാന്‍ ഓര്‍ക്കും. പഴയ സ്പോണ്സറുടെ വീട്ടു വഴികളിലൂടെ അനേകായിരം പരീക്ഷണങ്ങളെയും നേരിട്ട്ട് ഇന്നും അസ്മ ഇടറി ഇടറി നടന്നു പോകുന്നുണ്ടാകാം..അവളുടെ ദുസ്വപ്നനിഴലുകളുള്ള കണ്ണുകളില്‍ നിന്നും പഴയ കുട്ടി എന്നോ ഓടിപ്പോയിട്ടുണ്ടാകാം..എങ്കിലും,അവള്‍ സ്വന്തം നാട്ടില്‍ അമ്മയുടെ സ്നേഹത്തിലേക്ക് തിരിച്ചു പോയി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..ആ ഒരു സാംഗത്യത്തെ പറ്റി ഓര്‍ക്കുമ്പോഴൊക്കെ സംശയത്തിന്റെ മഞ്ഞ ജലം എന്റെ മുന്‍വിധികള്‍ നിറഞ്ഞ ഞരമ്പുകളിലൂടെ കുതിചു പായാറുണ്ട് എന്നത് സത്യമാണ്.പക്ഷെ,അസ്മയുടെ കാര്യത്തില്‍ എനിക്ക് ശുഭാപ്തി വിശ്വാസി ആയെ പറ്റൂ...
--
W/R
Sandeep.S.Pillai
ITT Exelis
APS-5 Kuwait
Mob# 00965 99245608 www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net