Monday 21 November 2011

[www.keralites.net] മൗലികാവകാശത്തിനെതിരേ പിന്നേം കോടതി...

 

ഇതിനെതിരേ പ്രതികരിക്കാന്‍ നമ്മള്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടി വരുമെന്നു തോന്നുന്നു.ജനങ്ങളുടെ അവകാശത്തിന്മേല്‍ കോടതികള്‍ ചുമ്മാ ഇടപെടുന്നതിനെപ്പറ്റി സഖാവ് ജയരാജന്‍ പറഞ്ഞപ്പോള്‍ രാഷ്ട്രീയാന്ധത കാരണം നമ്മളതൊന്നും ശ്രദ്ധിച്ചില്ല.അന്നേ പുള്ളി പറ‍ഞ്ഞതാ അവനവന് പണി കിട്ടുമ്പോഴേ പഠിക്കൂ എന്ന്. നമ്മളാരും പാതയോരത്ത് യോഗം കൂടാന്‍ പോകുന്നില്ലല്ലോ എന്നോര്‍ത്തും ഇവന്മാരുടെ യോഗം കാരണം വണ്ടീടെ ഗിയര്‍ ഡൗണ്‍ ചെയ്യേണ്ടി വരുമല്ലോന്നുമൊക്കെയോര്‍ത്ത് അങ്ങ് എതിര്‍ത്തതാണ്.ഇപ്പോ ദേണ്ടെ പണി നമുക്കിട്ടും കിട്ടിയിരിക്കുന്നു.വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി റോഡിലിട്ടാല്‍ കേസെടുക്കുമെന്ന്.
വന്നുവന്ന് പാതയോരം വല്യൊരു സംഭവമായി മാറിയിരിക്കുകയാണ്.യോഗം കൂടാന്‍ പാടില്ല, വേസ്റ്റ് ഇടാന്‍ പാടില്ല,മൂത്രമൊഴിക്കാന്‍ പാടില്ല,മൗലികാവശങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റുന്നതിനെതിരേ ഇവിടെ ആരുമില്ലേ പ്രതികരിക്കാന്‍ ? ഇതിനെതിരേ സുപ്രീം കോടതിയില് അപ്പീലിനു പോകാന്‍ സ്കോപ്പുണ്ടോ ? മാലിന്യമാണ്, നാറ്റക്കേസാണ്,എങ്കിലും ആളൂര്‍ വക്കീല് വക്കാലത്തേറ്റെടുക്കാതിരിക്കുമോ ? രാഷ്ട്രീയക്കാര്‍ക്ക് വീട്ടിലെ വേസ്റ്റ് എവിടെക്കളയണം എന്നാലോചിച്ചു തല പുകയ്‍ക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് ഇതിനെതിരേ പ്രതികരിക്കില്ല എന്നതുറപ്പാണ്. പക്ഷെ നമ്മുടെ കാര്യം അങ്ങനാണോ ? ഒന്നുകില്‍ പ്രതികരിക്കണം,അല്ലെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങണം.
വഴിവക്കിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് ക്യാരിബാഗിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നതു നിരോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ചു പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്താന്‍ ഡിജിപി പൊലീസിനു നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി പറയുന്നു.പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം ഇടുന്നതിനു മാത്രമേ വിലക്കുള്ളൂ എങ്കില്‍ നമുക്ക് സംഗതി കടലാസില്‍ പൊതിഞ്ഞ് കൊണ്ടുപോയി തട്ടാന്‍ വകുപ്പുണ്ടോ ?
സംഗതി വലിയ പ്രശ്നത്തിലേക്കാണ് പോകുന്നത്.വക്കീലന്മാരും ഡോക്ടര്‍മാരും കോളജ് പ്രൊഫസര്‍മാരും (ജഡ്‍ജിമാരുണ്ടോ എന്നറിയില്ല),ബ്ലോഗര്‍മാരും അടങ്ങുന്ന മാന്യന്മാരുടെ സമൂഹം ഇനി ഈ വേസ്റ്റ് എവിടെക്കളയും ?
നഗരസഭയും മുനിസിപ്പാലിറ്റിയും മാലിന്യം നിക്ഷേപിക്കാന്‍ മാലിന്യതൊട്ടികള്‍ സ്ഥാപിക്കുകയോ പ്ലാസ്റ്റിക് കവറിലല്ലാതെ മാലിന്യം ശേഖരിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യുകയും, ഇതു യഥാസമയം നീക്കംചെയ്തു സംസ്‌കരിക്കുകയും വേണമെന്നാണ് കോടതി നിര്‍ദേശം.പ്ലാസ്റ്റിക് ബാഗിലും മറ്റും നിറച്ച മാലിന്യങ്ങള്‍ ശേഖരിക്കരുതെന്നു മുനിസിപ്പല്‍ അധികാരികള്‍ക്കും ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. മുനിസിപ്പാലിറ്റി നല്‍കുന്ന ബക്കറ്റിലേ ശേഖരിക്കാവൂ. പ്ലാസ്റ്റിക് ഉള്‍പ്പെടെ ജീര്‍ണിക്കാത്ത മാലിന്യങ്ങള്‍ പുനരുപയോഗത്തിനും ശാസ്ത്രീയ സംസ്‌കരണത്തിനുമായി വേര്‍തിരിച്ചു ശേഖരിക്കണം. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോഴിക്കോട് ജില്ല ഓള്‍റെഡി പ്ലാസ്റ്റിക് വിമുക്ത ജില്ലയാണ്. അതിനെ അങ്ങനെയാക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടം നടത്തിയ അധ്വാനം ചില്ലറയല്ല. ആദ്യം മാപ് എന്നു പേരിട്ട് ഒരു പദ്ധതിയാരംഭിച്ചു.തുടര്‍ന്ന് പ്ലാസ്റ്റിക് നിരോധിച്ചതായി പ്രഖ്യാപിച്ചു.എന്നിട്ട് ജില്ലയെ പ്ലാസ്റ്റിക് വിമുക്മാക്കുന്നതിന്റെ ഭാഗമായി ഒരുദിവസം പത്തയ്യായിരം ആളുകള്‍ മനുഷ്യച്ചങ്ങല നടത്തി ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുത്തു.അതോടെ കോഴിക്കോട് പ്ലാസ്റ്റിക് മാലിന്യമുക്തമായി. എന്നിട്ട് അങ്ങനെ ആയോ ?
ഈ പറഞ്ഞ മാപിന്റെ ഭാഗമായി ശേഖരിച്ച പ്സാസ്റ്റിക് എല്ലാം കൂടി എവിടെയോ ഇട്ട് കത്തിച്ച് ആദ്യമേ നാറി.പിന്നെ കോര്‍പറേഷനും ജില്ലാ ഭരണകൂടവുമായുള്ള ഉടക്ക് വേറെ.പ്ലാസ്റ്റിക് മാലിന്യമുക്തനഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാന്‍ പറ്റില്ലെന്ന് കോര്‍പറേഷന്‍.അങ്ങനെ പറയരുതെന്ന് കലക്ടര്‍.എന്തായാലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നു പ്ലാസ്റ്റിക് ശേഖരിക്കുന്നത് നിര്‍ത്തി.സ്വന്തമായി സ്ഥലമുളളവര്‍ അത് വീട്ടുമുറ്റത്തിട്ടു കത്തിച്ച് അന്തരീക്ഷം മലിനമാക്കി.ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ രാത്രി എല്ലാം കൂടി വാരിക്കെട്ടി വലിയൊരു കവറിലാക്കി,അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ഭാവത്തോടെ, ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡിന്റെ ചുവട്ടില്‍ സംഗതി വച്ച് മുങ്ങും.നിലവില്‍ നഗരം നാറിപ്പണ്ടാരമടങ്ങിയിരിക്കുകയാണ്.
റസിഡന്‍സ് അസോസിയേഷനുകള്‍ മിക്കവാറും സ്ഥലത്ത് പ്ലാസ്റ്റിക് സദാചാരബോര്ഡുകള്‍ സ്ഥാപിക്കുകയും രാത്രി നിക്ഷേപത്തിനെത്തുന്നവരെ പിടികൂടുകയും ചെയ്യുന്നുണ്ടെങ്കിലും എന്നും ഈ പണി നടക്കില്ല.ലയണ്‍സ്,റോട്ടറി പോലുള്ള ക്ലബുകളില്‍ അംഗത്വമുള്ള,ബെന്‍സേലും കോണ്ടസായേലും കേറി നടക്കുന്ന ഡോക്ടര്‍മാരും എന്‍ജീയര്‍മാരുമൊക്കെയാണ് റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതെന്നതുകൊണ്ട് ചുമ്മാ അങ്ങനെ പിടിച്ച് തല്ലിക്കൊല്ലാനും പറ്റില്ല.കോപറേഷന്റെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കാമെന്നു വച്ചാല് അങ്ങനൊരു സാധനം കോര്‍പറേഷന്‍ എവിടെയും വച്ചിട്ടില്ല.
നിയമം കര്‍ശനമാകുന്നതോടെ റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നത് മൗലികാവകാശമാണെന്നു കരുതുന്നവര്‍ പാടുപെടും.മാലിന്യം റബറായാലും പ്ലാസ്റ്റിക് ആയാലും അതുണ്ടാക്കുന്നവന്‍ തന്നെ സംസ്‍കരിക്കണം എന്നതാണ് സാമാന്യനീതി.എന്നാല്‍ എപ്പോഴും അത് പറ്റില്ലാത്തതിനാല്‍ ഭരണകൂടത്തിനും സഹായിക്കാന്‍ കഴിയണം.അത് എപ്പോള്‍,എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാവേണ്ടതുണ്ട്.കോടതി വിധി നടപ്പാകണമെങ്കില്‍ ആദ്യം മാലിന്യം അപ്പുറത്തേക്കു തട്ടാനുള്ളതാണെന്ന സമൂഹത്തിന്റെ ചിന്തയാണ് മാറേണ്ടത്.ഒരു പുതിയ സാമൂഹികമര്യാദ കൂടി നമ്മള്‍ പഠിക്കേണ്ടി വരികയാണ്.ഇങ്ങനെ പോയാല്‍ കേരളം നന്നായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment