Monday, 28 November 2011

[www.keralites.net] നടുവേദനയ്‌ക്ക് ആയുര്‍വേദ പരിഹാരം

 

നടുവേദനയ്‌ക്ക് ആയുര്‍വേദ പരിഹാരം

 

മൂന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന്‌ പ്രായഭേദമന്യേ സര്‍വസാധാരണമായി മാറിയിരിക്കുന്നു. ആധുനിക മനുഷ്യന്റെ ജീവിത രീതിയാണ്‌ ഒരു പരിധിവരെ വര്‍ധിച്ചുവരുന്ന ഈ രോഗങ്ങള്‍ക്ക്‌ കാരണം. കംപ്യൂട്ടറിനു മുന്‍പിലും ഒഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന്‌ ജോലി ചെയ്യുന്നവരിലും വളരെ ദൂരം യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ്‌ രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും കണ്ടുവരുന്നു.

അസ്‌ഥികളുടെ പ്രവര്‍ത്തനം

മനുഷ്യശരീരത്തെ താങ്ങി നിര്‍ത്തുന്നതിനും ശരീരത്തിന്‌ രൂപവും ചലനാത്മകതയും നല്‍കുന്നതിനും അസ്‌ഥികള്‍ക്ക്‌ സുപ്രധാന പങ്കുണ്ട്‌. മനുഷ്യ ശരീരഘടനയുടെ അടിത്തറ എന്നു പറയുന്നത്‌ 206 അസ്‌ഥികളുടെ കൂട്ടായ്‌മയായ അസ്‌ഥികൂടമാണ്‌. വലുതും, ചെറുതും, പരന്നതും, കട്ടിയുള്ളതും, മൃദുവായതുമായ അസ്‌ഥികളും ദന്തങ്ങളും, നഖങ്ങളും ഉള്‍പ്പെടെ 360 അസ്‌ഥികള്‍ വരെ ആയുര്‍വേദത്തിലെ 'അഷ്‌ടാംഗഹൃദയത്തില്‍' പ്രതിപാദിക്കുന്നുണ്ട്‌. ശരീരത്തിലെ പ്രധാന അവയവങ്ങളായ തലച്ചോറ്‌, ഹൃദയം, ശ്വാസകോശം, കരള്‍ തുടങ്ങിയവയെ പൊതിഞ്ഞു സംരക്ഷിക്കുന്നതും പേശികള്‍ക്കു താങ്ങും, ശരീരത്തിന്‌ ഉറപ്പും ബലവും നല്‍കുന്നതും അസ്‌ഥി വ്യൂഹമാണ്‌.

ശരീരത്തിലെ മൊത്തം പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏകോപനം എന്നീ പ്രധാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന തലച്ചോറിനെയും സുഷുമ്‌നാനാഡിയെയും യഥാക്രമം തലയോടും നട്ടെല്ലും പൊതിഞ്ഞു സംരക്ഷിക്കുന്നു. കൂടാതെ അസ്‌ഥിക്കുള്ളിലെ മജ്‌ജയാണ്‌ രക്‌തത്തിലെ ചുവന്ന രക്‌താണുക്കളുടെ ഉത്ഭവസ്‌ഥാനം. അതിനാല്‍ അസ്‌ഥികള്‍ക്ക്‌ രോഗം ബാധിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാന്‍ സാധ്യതയുണ്ട്‌.

ആയുര്‍വേദ വീക്ഷണം

ആയുര്‍വേദത്തിലെ 'ത്രിദോഷ ധാതുസിദ്ധാന്ത'പ്രകാരം വാതം അസ്‌ഥിയാശ്രിതമായി സ്‌ഥിതി ചെയ്യുന്നു. വാതകോപകാരണങ്ങളായ വിപരീത ആഹാര രീതികളും ഋതുഭേദങ്ങളും അസ്‌ഥിക്ഷയത്തിനും വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതിന്റെ സ്വഭാവത്താലും സ്‌ഥാനഭേദത്താലും രോഗത്തിന്‌ വൈവിധ്യം ഉണ്ടാകും. ഗുണങ്ങള്‍കുറഞ്ഞതും, തണുത്തതുമായ ആഹാരങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതും, അധികം ഉറക്കമൊഴിയുന്നതും, അമിതാധ്വാനം, മര്‍മാഘാതങ്ങള്‍ (മര്‍മ ഭാഗങ്ങള്‍ക്കുണ്ടാവുന്ന ചതവുകള്‍), രക്‌തസ്രാവം, അസ്‌ഥിക്ഷയം, ദീര്‍ഘയാത്ര, ഉയരത്തില്‍നിന്നുള്ള വീഴ്‌ച, അമിതഭാരം ചുമയ്‌ക്കല്‍ തുടങ്ങിയവയെല്ലാം ധാതുക്ഷയത്തിനും, അതുമൂലം വാതം കൂടുന്നതിനും കാരണമാകുന്നു. മജ്‌ജയെയോ, അസ്‌ഥിയെയോ, ആശ്രയിച്ചു വാതം കോപിച്ചാല്‍ അസ്‌ഥികളും സന്ധികളും പിളര്‍ന്നു പോകുന്നതുപോലെയുള്ള വേദനയും മാംസബലക്ഷയവും ഉറക്കമില്ലായ്‌മയും ഉണ്ടാകുന്നു.

നട്ടെല്ലിന്റെ തകരാര്‍

മനുഷ്യനെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്‌തനാക്കുന്നത്‌ നട്ടെല്ലാണ്‌. 33 കശേരുക്കള്‍ കൊണ്ടാണ്‌ നട്ടെല്ല്‌ രൂപപ്പെട്ടിരിക്കുന്നത്‌. സെര്‍വിക്കല്‍ റീജിയനില്‍ 7 ഉം തോറാസിക്‌ റീജിയനില്‍ 12ഉം ലംബാര്‍ റീജിയനില്‍ 5ഉം സേക്രല്‍ റീജിയനില്‍ 5 ഉം കോക്‌സീ റീജിയനില്‍ 4 ഉം കശേരുക്കളാണുള്ളത്‌. ശരീരത്തിലെ പ്രധാന നാഡിയായ സുഷുമ്‌നാ നാഡി നട്ടെല്ലില്‍ കൂടി കടന്നു പോകുന്നതിനാല്‍ നട്ടെല്ലിനുണ്ടാകുന്ന ഏതുക്ഷതവും വളരെ ഗൗരവമുള്ളതാണ്‌. നട്ടെല്ലിനും സുഷ്‌മ്നാനാഡിക്കും സംഭവിക്കന്ന ക്ഷതം രോഗിയെ തളര്‍ച്ചയിലേക്കോ, മരണത്തിലേക്കോ നയിച്ചേക്കാം.

നടുവുവേദനയുടെ കാരണങ്ങള്‍

നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌ സെര്‍വിക്കല്‍ ലംബാര്‍ സ്‌പോണ്ടിലോസിസ്‌ , ലംബാര്‍ ഡിസ്‌ക് പ്രോലാപ്‌സ എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്‌ഥാനഭ്രംശംഗമൂലമാണ്‌ ഇവിടെ നടുവേദന അനുഭവപ്പെടുന്നത്‌. ആയുര്‍വേദത്തില്‍ ഇത്തരം അസുഖങ്ങളെ കടീഗ്രഹം, ഗ്യദ്ധസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലംബാര്‍ റീജിയന്‍ല്‍ സയാറ്റിക്‌ നെര്‍വിസ്‌ ക്ഷതം സംഭവിച്ചാല്‍ നടുവിനും കാലിനും ശക്‌തമായ വേദനയും മരവിപ്പും അനുഭവപ്പെടുന്നതായി കാണുന്നു.

നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സുഷ്‌മ്നാനാഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കശേരുക്കളുടെ സ്‌ഥാനഭ്രംശം, നീര്‍ക്കെട്ട്‌, അസ്‌ഥികള്‍ക്കുണ്ടാകുന്ന ക്ഷയം , ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു. കൂടാതെ ആര്‍ത്തവ തകരാറുകള്‍, മാംസപേശികള്‍ക്കു വരുന്ന നീര്‍ക്കെട്ട്‌, ഗര്‍ഭാശയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ഇവയ്‌ക്കല്ലൊം ശക്‌തമായ നടുവേദന അനുഭവപ്പെടാം. ആദ്യമായി ശരിയായ രോഗനിര്‍ണയം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആധുനിക സാങ്കേതികവിദ്യകളായ എക്‌സ്റെ , സ്‌കാന്‍ മുതലായവ രോഗ നിര്‍ണ്ണയം എളുപ്പമാക്കുന്നു.

മുന്‍കാലങ്ങളില്‍ സംഭവിച്ച അപകടങ്ങള്‍, വീഴ്‌ചകള്‍ എന്നിവമൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും പിന്നീട്‌ ആ ഭാഗത്ത്‌ നീര്‍ക്കെട്ടിനും വേദനയ്‌ക്കും കാരണമാകുന്നു. നീര്‍ക്കെട്ടുണ്ടായാല്‍ ആ ഭാഗത്തേക്കുള്ള രക്‌തചംക്രമണവും, ചലനവും അസാധ്യമായിത്തീരുകയും സാവധാനം ആ ഭാഗത്തെ പേശികളുടെ ശക്‌തി ക്ഷയിക്കുകയും ചെയ്യുന്നു. ഇതു ഭാവിയില്‍ നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ പരസ്‌പരം തെന്നിമാറുന്ന അവസ്‌ഥയിലേക്കു നയിക്കാം.തൊറാസിക്ക്‌ റീജിയണിലും ലംബാര്‍ റീജിയണിലും നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ അടുക്കുകയോ, അകലുകയോ ചെയ്യുന്നതിന്റെ ഫലമായി ആ ഭാഗത്തെ നാഡികള്‍ ഡിസ്‌കുകള്‍ക്കിടയില്‍പ്പെട്ട്‌ ഞെങ്ങി ശക്‌തമായ വേദന അനുഭവപ്പെടുന്നു. ഈ വേദന നടുവില്‍ നിന്ന്‌ കാലുകളിലേക്കും വ്യാപിക്കാം. ഈ അവസ്‌ഥയില്‍ ചിലപ്പോള്‍ രോഗിക്ക്‌ അനങ്ങുവാന്‍ പോലും സാധിക്കാത്തത്ര കഠിനമായ വേദനയും ഉണ്ടാകുന്നു.

ചികിത്സകള്‍

നടുവേദനപോലുള്ള രോഗത്തിന്‌ ആയൂര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്ത്‌ നീര്‌ മാറുന്നതിനും, പേശികള്‍ക്കും അസ്‌ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്‌തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.

മുരിങ്ങത്തൊലി, വെളുത്തുള്ളി, കാര്‍ത്തോട്ടിവേര്‌, ദേവതാരം, കടുക്‌, ചിറ്റരത്ത, കൊട്ടം, ചുക്ക്‌, വയമ്പ്‌ ഇവ സമാനമായി പൊടിച്ചത്‌ വാളന്‍പുളിയില്‍ അരിക്കാടി തളിച്ച്‌ ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു ലേപനം ചെയ്യുന്നത്‌ നീരുമാറുന്നതിന്‌ സഹായകമാണ്‌.രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്‌തകം, ഗുല്‍ലുപുതിക്‌തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്‌ഥയ്‌ക്കനുസരിച്ച്‌ മേമ്പൊടി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഫലപ്രദമാണ്‌. കുഴമ്പുകള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ പുരട്ടി പത്രപോടല സ്വേദം, ഷാഷ്‌ടിക പിണ്ഡസ്വേദം മുതലായവ ചെയ്യുന്നത്‌ നീര്‍ക്കോളും, വേദനയും മാറുന്നതിനും പേശികള്‍ക്കും അസ്‌ഥികള്‍ക്കും ബലം കിട്ടുന്നതിനും വളരെ നല്ലതാണ്‌. 15 മില്ലി നിര്‍ഗുണ്ഡിസ്വരസം (കരിനൊച്ചിയിലയുടെ നീര്‌), 15 മില്ലി ശുദ്ധി ചെയ്‌ത ആവണക്കെണ്ണയും ചേര്‍ത്ത്‌ വെറും വയറ്റില്‍ മൂന്ന്‌ ദിവസം കഴിക്കുന്നത്‌ നടുവേദനയ്‌ക്ക് ശമനം ലഭിക്കുന്നതിന്‌ സഹായിക്കുന്നു.

പതിമൂന്ന്‌വിധം സ്വേദ കര്‍മ്മങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്‌. രോഗിയുടെ അവസ്‌ഥയ്‌ക്കനുസരിച്ച്‌ ഇവയില്‍ യുക്‌തമായ ചികിത്സകള്‍ ചെയ്യാവുന്നതാണ്‌. ഇങ്ങനെ ചെയ്യുന്ന സ്വേദ കര്‍മ്മങ്ങളും, തിരുമ്മു ചികിത്സയും സ്‌ഥാനഭ്രംശം സംഭവിച്ച കശേരുക്കള്‍ യഥാസ്‌ഥാനത്തു കൊണ്ടുവരുന്നതിനും, സംജ്‌ഞാന നാഡികള്‍ക്ക്‌് ബലം നല്‍കുന്നതിനും, ഞരമ്പുകളിലൂടെയുള്ള രക്‌തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു. അസ്‌ഥികള്‍, നാഡികള്‍, മര്‍മസ്‌ഥാനങ്ങള്‍ ഇവ മനസ്സിലാക്കി യഥാവിധി മര്‍ദം നല്‍കിവേണം തിരുമു ചികിത്സ ചെയ്യുവാന്‍.

'
ചരക ശാസ്‌ത്രത്തില്‍' ഉന്‍മര്‍ദനം, സംവഹനം , അവപീഡനം എന്നിവ വിവരിക്കുന്നുണ്ട്‌. ഇത്തരം ചികിത്സകള്‍ക്കായി ശാസ്‌ത്രം പഠിച്ചു പരിചയസമ്പന്നരായ വ്യക്‌തികളെ മാത്രമേ സമീപിക്കാവു. അല്ലാത്ത പക്ഷം ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ. ചിട്ടയായി ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയും വളരെ ഗുണം ചെയ്യുന്നതായി കാണപ്പെടുന്നു.

ബിഖില ആന്‍ ഐസക്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment