Tuesday 15 November 2011

[www.keralites.net] ഇന്തമാതിരി നാമെല്ലാം എരന്ത് പോയിടും...

 

ഇന്തമാതിരി നാമെല്ലാം എരന്ത് പോയിടും...

പി.ബി. അനൂപ്
 
''എല്ലാം മാറിപ്പോയി...എല്ലാം... ഞങ്ങളുടെ ഗ്രാമം ഇങ്ങനെയൊന്നുമായിരുന്നില്ല. വരണ്ട മണ്ണില് ആരെയും ശല്യപ്പെടുത്താതെ കഴിഞ്ഞവരാണ് ഞങ്ങള്‍. ഞങ്ങളെ ആര്‍ക്കും വേണ്ടായിരുന്നു. ആ കമ്പനി വന്ന ശേഷമാ എല്ലാം മാറിയത്. ആദ്യമൊക്കെ ഞങ്ങള്‍ സന്തോഷിച്ചു. ഞങ്ങടെ മക്കള്‍ക്ക് നന്നായി ജീവിക്കാന്‍ ഒരു വഴി തെളിഞ്ഞല്ളോ എന്ന് ആശ്വസിച്ചു. പക്ഷേ, എല്ലാരും ഞങ്ങളെ ചതിക്കയായിരുന്നു. കൊലക്ക് കൊടുക്കയായിരുന്നു. ഞങ്ങള്‍ക്ക് അവിടത്തെ കറന്‍റ് വേണ്ട. ഞങ്ങള്‍ ഇരുട്ടത്ത് കഴിഞ്ഞോളാം. വേദനതിന്ന് ജീവിക്കാനും നരകിച്ച് മരിക്കാനും ഞങ്ങള്‍ക്ക് വയ്യ.''
ജീവിതം തട്ടിപ്പറിച്ചെടുക്കാന്‍ വെറിപൂണ്ട് നില്‍ക്കുന്ന എല്ലാ ഉടയോന്മാരോടുമുള്ള ഒരു ജനതയുടെ ആത്മരോഷമുണ്ടായിരുന്നു മാരിമുത്തുവിന്‍െറ വാക്കുകളില്‍. വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍. നിലനില്‍പിനായുള്ള ഒടുവിലത്തെ യുദ്ധമാണെന്ന ബോധ്യം. കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭം നടക്കുന്ന ഇടിന്തക്കരയിലെ സമരവേദിയിലേക്കുള്ള വഴിയാത്രയില്‍ കൂട്ടുകിട്ടിയതാണ് മാരിമുത്തുവിനെ. ആണവനിലയത്തില്‍നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് മാരിമുത്തുവിന്‍െറ വീട്. ആണവനിലയത്തെ 'കമ്പനി' എന്നാണ് വിളിക്കുന്നതെങ്കിലും, അണുവികിരണത്തിന്‍െറ ശാസ്ത്രീയ പാഠങ്ങളൊന്നുമറിയില്ളെങ്കിലും അറുപതു പിന്നിട്ട, സ്കൂളില്‍ പോയിട്ടില്ലാത്ത മാരിമുത്തുവിന് തങ്ങള്‍ ഒരു വലിയ ദുരന്തത്തിന്‍െറ വക്കിലാണെന്ന തിരിച്ചറിവുണ്ട്. അല്ളെങ്കിലും അറിവ് കൂടുമ്പോഴാണല്ളോ മനുഷ്യന് തിരിച്ചറിവ് നഷ്ടമാകുന്നത്.
''എനിക്ക് തീരെ വയ്യ. എന്നാലും ഞങ്ങളുടെ പെണ്ണുങ്ങളും കുട്ടികളും സമരം ചെയ്യുമ്പോള്‍ എനിക്കെങ്ങനെ വെറുതെയിരിക്കാനാകും?'' മുള്‍പ്പടര്‍പ്പുകളും പനയും നിറഞ്ഞ വരണ്ട കാടുകള്‍ക്കിടയിലെ റോഡിലൂടെ നടക്കവെ മാരിമുത്തു വേദനകലര്‍ന്ന ഒരു ചിരിയോടെ പറഞ്ഞു. തമിഴ്നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ആണവനിലയ വിരുദ്ധസമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. തെരഞ്ഞെടുപ്പുമൂലം സമരം നിര്‍ത്തിവെച്ചിരുന്നു. ആണവനിലയവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം കൂടുതല്‍ രൂക്ഷമാക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ആണവ സ്വപ്നങ്ങളുടെ ഹരിതഭൂമിയാകുമെന്ന് കരുതിയിരുന്ന കൂടംകുളം ഇന്നൊരു തീക്കട്ടയാണ്. അറുതിയില്ലാത്ത ആണവവിപത്തിന് അറിഞ്ഞുകൊണ്ട് ബലിമൃഗങ്ങളാകാന്‍ വിസ്സമ്മതിച്ച ഒരു ജനതയുടെ രോഷാഗ്നിയില്‍ അത് എരിയുന്നു. അതില്‍തൊട്ട് സര്‍ക്കാറിന്‍െറ കൈപൊള്ളുന്നു. ഭരണനേതൃത്വവും ആഗോള ആണവ അതികായരും സമംചേര്‍ന്ന ഗോലിയാത്തിനെതിരെയാണ് ഒരു ഗ്രാമീണ ജനതയുടെ പോരാട്ടം. ഇവരുടെ തെറ്റാലിയിലെ ഒറ്റക്കല്‍ ലക്ഷ്യം കണ്ടാല്‍ അത് ഇന്ത്യയുടെ ഊര്‍ജനയത്തിലെ ഒരു വന്‍ വഴിത്തിരിവാകും. ഏറെ കൊട്ടിഘോഷിക്കുന്ന ആണവ പദ്ധതികള്‍ പഴങ്കഥകളാകും. പുതിയ ആണവ വിരുദ്ധ സമരങ്ങള്‍ ഉടലെടുക്കും. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ മരണം താണ്ഡവനൃത്തമാടിയ ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തിനുശേഷം കമീഷന്‍ ചെയ്യാന്‍ പോകുന്ന ആദ്യ ആണവനിലയം എന്ന നിലയിലാണ് കൂടംകുളം പ്രസക്തമാകുന്നത്.
അമേരിക്കയും ജര്‍മനിയും എന്തിന്, കൂടംകുളം ആണവനിലയം നമുക്ക് സമ്മാനിച്ച റഷ്യയുള്‍പ്പെടെ 40 രാജ്യങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ ആണവപദ്ധതികള്‍ അടച്ചുപൂട്ടുമ്പോഴാണ് ഇന്ത്യയുടെ അണുശക്തി വീരസ്യം. ശരിക്കും കൂടംകുളത്തെ ജനങ്ങള്‍ രാജ്യത്തെ വഴിനടത്തുകയാണ്.
മാരിമുത്തു പറഞ്ഞപോലെ ഇവിടം ഇങ്ങനെയൊന്നുമായിരുന്നില്ല. ''മുമ്പൊക്കെ പെണ്ണുങ്ങള്‍ വീടിന് പുറത്തിറങ്ങുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല.'' പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ആ സമരപ്പന്തലിലിരുന്നപ്പോള്‍ മാരിമുത്തുവിന്‍െറ വാക്കുകള്‍ ഒരു തുടര്‍ച്ചപോലെ ഓര്‍ത്തു. ആണവനിലയം ഈ പ്രദേശത്തിന്‍െറയും ഇവിടത്തെ ജനങ്ങളുടെയും ജാതകം മാറ്റിയെഴുതുകയായിരുന്നു. അവിശ്വസനീയമായ ആ കഥക്ക്, അല്ല, സംഭവപരമ്പരകള്‍ക്ക് രണ്ടര പതിറ്റാണ്ടിന്‍െറ പഴക്കമുണ്ട്.
'ഇന്ത്യ-റഷ്യ ഭായി ഭായി'
കന്യാകുമാരിയില്‍നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലാണ് കൂടംകുളം. കൂടംകുളത്തേക്ക് അടുക്കുന്തോറും ആവിപൊന്തുന്ന ചെമ്മണ്ണ്് ചുട്ടുപഴുത്ത പൂഴിമണ്ണിന് വഴിമാറുന്നു. റോഡില്‍നിന്ന് നോക്കിയാല്‍ അല്‍പം ദൂരെ അറ്റമില്ലാത്ത ജലരാശിപോലെ ആര്‍ത്തലക്കുന്ന കടല്‍. കടല്‍ക്കാറ്റില്‍ ഭ്രാന്തെടുത്ത് തലതല്ലുന്ന തെങ്ങിന്‍തലപ്പുകള്‍ക്കിടയില്‍ ആണവനിലയത്തിന്‍െറ ഇളംമഞ്ഞ നിറത്തിലുള്ള മകുടം തെളിഞ്ഞു കാണാം. ദുര്‍ഭൂതത്തെ ആവാഹിച്ചുവെച്ച മാന്ത്രികകുപ്പിയുടെ അടപ്പുപോലെ. 'അണു മിന്‍ നിലയം'- അണുശക്തിനിലയം എന്നര്‍ഥമുള്ള ആ വാക്കുപോലും കൂടംകുളത്തുകാര്‍ക്ക് പേടിസ്വപ്നമാണ്.
വരണ്ടുണങ്ങിയ മണല്‍ക്കാടുകളുടെ നിറംമങ്ങിയ കാഴ്ചകള്‍ മാരിമുത്തുവിന്‍െറ ഓര്‍മകളെ ഈറനണിയിക്കുന്നു. 'വൈശാലി'യിലെ ലോമപാദന്‍െറ നാട്ടുരാജ്യംപോലെയായിരുന്നു ഈ കടലോരഗ്രാമം. വളരെ അപൂര്‍വമായിമാത്രം മഴലഭിച്ചിരുന്ന, മുള്‍ച്ചെടിപടര്‍പ്പുകള്‍ നിറഞ്ഞ പ്രദേശം. ചുട്ടുപഴുത്ത സൂര്യരശ്മികള്‍ ലോഹസൂചിപോലെ തുളഞ്ഞുകയറും. കാറ്റ് കൊത്തിപ്പറിക്കും. മീന്‍പിടിച്ചും ബീഡി തെറുത്തും ആട്ടിന്‍കൂട്ടങ്ങളെ മേച്ചും കൂടംകുളത്തെ ഇരുപത്തയ്യായിരത്തോളം വരുന്ന ജനങ്ങള്‍ സ്വപ്നങ്ങളുടെ ഭാരമില്ലാതെ ജീവിച്ചു. നട്ടാല്‍ ഒന്നും കാര്യമായി കിളിര്‍ക്കാത്ത ആ മണ്ണിന്‍െറ മരവിപ്പ് അവരുടെ മനസ്സുകള്‍ക്കുമുണ്ടായിരുന്നു. തങ്ങളില്‍തന്നെ ഒതുങ്ങി മറ്റാരും അറിയാതെ മറ്റ് തമിഴ് ഉള്‍ഗ്രാമങ്ങളെപ്പോലെ അവര്‍ കഴിഞ്ഞു. ആണവനിലയം വരുന്നതിന് മുമ്പ് പുറംലോകം കൂടംകുളത്തെ അറിഞ്ഞിരുന്നത് 'പനക്കുടി ചുരുട്ടു'കളുടെ പേരിലായിരുന്നു. ''ഇരുപത് ബീഡികള്‍ക്ക് തുല്യമാണ് ഞങ്ങളുടെ ഒരു ചുരുട്ട്'', മാരിമുത്തു അഭിമാനപൂര്‍വം പറഞ്ഞു.
വര്‍ഷം 1974 , കാലഗണനകള്‍ക്ക് കാര്യമായ പ്രസക്തിയൊന്നുമില്ലാത്ത കൂടംകുളംകാരുടെ ജീവിതത്തില്‍ എങ്ങനെയൊക്കെയോ ജീവിച്ചുതീര്‍ത്ത ഒരു വര്‍ഷം മാത്രമായിരുന്നു അത്. എന്നാല്‍, അതേവര്‍ഷം മേയ് 18ന് രാവിലെ 8.05ന് പൊഖ്റാനില്‍ ബുദ്ധന്‍ കൊലച്ചിരി ചിരിച്ചതോടെ ആണവശക്തിയായതിന്‍െറ ആവേശത്തിലായിരുന്നു ഇന്ത്യ. അതോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശാസ്ത്ര- സാങ്കേതിക മേഖലയില്‍ ഇന്ത്യക്ക് ഒരു സഹായവും നല്‍കില്ളെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ചിരകാല മിത്രം സോവിയറ്റ് യൂനിയന്‍ മാത്രമായിരുന്നു ആണവമേഖലയിലടക്കം സഹായഹസ്തവുമായി മുന്നോട്ടു വന്നത്. സമ്പുഷ്ട യുറേനിയം ഇന്ധനമാക്കിയുള്ള ഒരു ആണവനിലയം നിര്‍മിക്കാന്‍ സോവിയറ്റ് യൂനിയന്‍ സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു. കമ്യൂണിസംകൊണ്ട് സോവിയറ്റ് യൂനിയന്‍െറ കണ്ണിലുണ്ണിയായ കേരളത്തില്‍ ആണവനിലയം സ്ഥാപിക്കാനായിരുന്നു സോവിയറ്റ് യൂനിയന് താല്‍പര്യം. കോതമംഗലത്തും പിന്നീട് കാസര്‍കോടും ആണവനിലയം നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു. അങ്ങനെ കേരളം ഓടിച്ചുവിട്ട പദ്ധതിയാണ് ഒടുവില്‍ തിരുവനന്തപുരത്തുനിന്നും 135 കിലോമീറ്റര്‍ അകലെയുള്ള കൂടംകുളത്ത് കേരളത്തിലുമല്ല തമിഴ്നാട്ടിലുമല്ല എന്ന സ്ഥിതിയില്‍ വന്നെത്തിയത്.
1988 നവംബര്‍ 20ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവും ആണവനിലയത്തിനായുള്ള പ്രാഥമിക കരാര്‍ ഒപ്പുവെച്ചു. ഗോര്‍ബച്ചേവ് സോവിയറ്റ് യൂനിയന്‍െറ ശവപ്പെട്ടിക്ക് ആണിയടിക്കുകയും ആണവവികിരണ സംഘത്തിന്‍െറ 1992ലെ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് കരാറെന്ന മുട്ടാപ്പോക്ക് പറഞ്ഞ് അമേരിക്ക ഒടക്കിന് വരുകയും ചെയ്തതോടെ പദ്ധതി പെരുവഴിയിലായി. പിന്നീട്, 2001 നവംബറില്‍ വിശദമായ പദ്ധതിരേഖയില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. നിലയം സ്ഥാപിക്കാന്‍ 13 സ്ഥലങ്ങള്‍ തമിഴ്നാട് കണ്ടുവെച്ചിരുന്നെങ്കിലും തികച്ചും ഭൂകമ്പരഹിതമേഖലയെന്ന് പഠനങ്ങള്‍ക്കുശേഷം കണ്ടെത്തിയ കൂടംകുളം കടലോരത്ത് 1060 ഹെക്ടര്‍ സ്ഥലത്ത് 2002 മേയില്‍ നിര്‍മാണമാരംഭിക്കുകയായിരുന്നു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ച് തുറക്കും മുമ്പ് കൂടംകുളം ദേശീയ പ്രാധാന്യമുള്ള സ്ഥലമായി. ഗ്രാമവാസികളുടെ ജീവിതം മാറി. ആണവനിലയത്തില്‍ തൊള്ളായിരത്തോളം തദ്ദേശവാസികള്‍ക്ക് സ്ഥിരനിയമനവും ആയിരത്തിലേറെപേര്‍ക്ക് താല്‍ക്കാലിക നിയമനവും കിട്ടി. ലക്ഷക്കണക്കിന് രൂപയാണ് കൂടംകുളം ഗ്രാമപഞ്ചായത്തിന് പ്രഫഷനല്‍ ടാക്സ് ഇനത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ആളുകളുടെ പുനരധിവാസവും കൂടംകുളം ടൗണ്‍ഷിപ്പിന്‍െറ വരവും സമീപപ്രദേശത്തെ സ്ഥലത്തിന്‍െറ വില അണുപ്രസരണത്തെക്കാള്‍ വേഗത്തില്‍ വര്‍ധിക്കാന്‍ കാരണമായി. 20 കിലോമീറ്റര്‍ അകലെയുള്ള 'അഞ്ച് ഗ്രാമ'ത്തില്‍ സെന്‍റിന് നാലുലക്ഷം രൂപയാണ് വില.
'കളിക്കണ കളിയല്ല സംഗതി
വോധോ വോധിയനോയാണ്'
സമരം ശക്തമായതോടെ ആണവനിലയത്തിലേക്കുള്ള വഴിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ക്കും പ്രവേശനമില്ല. ബാരിക്കേഡുകള്‍ നിരന്നുകിടക്കുന്നു. സി.ആര്‍.പി.എഫും തമിഴ്നാട് പൊലീസും തീര്‍ത്ത വന്മതില്‍. ''ഇവരെന്തിനാ ഞങ്ങളെ പേടിക്കുന്നത്. നേരത്തേ ഒരു മന്ത്രി ഞങ്ങളുടെ സമരപ്പന്തലില്‍ വന്നപ്പോള്‍ മൂന്നു നാലു പൊലീസല്ളേ ഉണ്ടായിരുന്നത്. എന്നിട്ടും ഞങ്ങള്‍ ഒന്നും ചെയ്തില്ലല്ളോ'', കേന്ദ്രമന്ത്രി നാരായണസ്വാമിയുടെ വരവിനെയോര്‍ത്ത് മാരിമുത്തു പറഞ്ഞു. ആണവനിലയത്തിലേക്കുള്ള പാതയുടെ ഒരു വശത്തുള്ള വിളക്ക്കാലുകളില്‍ റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ഹിന്ദിയില്‍ എഴുതിവെച്ചിരിക്കുന്നു. അതില്‍ ആദ്യത്തെ സന്ദേശം ഇങ്ങനെ വിവര്‍ത്തനം ചെയ്ത് വായിക്കാം. ''സൂക്ഷിച്ചാല്‍, ദുഃഖിക്കേണ്ട'' ഇതുതന്നെയല്ളേ ഇവിടത്തെ ജനങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നത്.
രാജ്യത്തെ ഏറ്റവും ബൃഹത്തായ ആണവനിലയമാണ് കൂടംകുളത്തിലൂടെ ലക്ഷ്യമിടുന്നത്.1000 മെഗാവാട്ട് വീതം ഉല്‍പാദനശേഷിയുള്ള രണ്ടു റിയാക്ടറുകളാണ് നിലയത്തിലുള്ളത്. നിര്‍മാണച്ചെലവില്‍ 85 ശതമാനവും വഹിക്കുന്നത് റഷ്യയാണ്. നിലയം പ്രവര്‍ത്തിച്ചുതുടങ്ങി ഒരു കൊല്ലത്തിനുശേഷം റഷ്യയുടെ വായ്പ തിരിച്ചടച്ചുതുടങ്ങണമെന്നാണ് വ്യവസ്ഥ. കടമാണെങ്കിലെന്താ, ആണവോര്‍ജം എന്നൊക്കെ പറയുന്നത് ഒരു ഗമയല്ളേ. 13,171 കോടി രൂപയാണ് പദ്ധതിച്ചെലവ്. ചെലവ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. നിലയത്തിന്‍െറ പൂര്‍ണരൂപരേഖ, പ്രധാന യന്ത്രഭാഗങ്ങള്‍, സാങ്കേതിക വിദ്യ, ഇന്ധനം എന്നിവ റഷ്യ നല്‍കും. സ്ഥലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇന്ത്യയൊരുക്കും. ചുരുക്കിപ്പറഞ്ഞാല്‍ റഷ്യയുടെ മിശ്രണം ഇന്ത്യയുടെ പാക്കിങ്.
വി.വി.ആര്‍ 1000 അഥവാ വോധോ വോധിയനോയ് എനര്‍ജെറ്റിക്കെസ്കി റിയാക്ടര്‍ ( VodoVodyanoi Energetichesky Reactor ) എന്ന അതിനൂതന റഷ്യന്‍ സാങ്കേതിക വിദ്യയാണ് കൂടംകുളം ആണവനിലയത്തിന്‍േറത്. ജലസമ്മര്‍ദംകൊണ്ട് പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ പെട്ടതാണിത്. വോധ എന്ന റഷ്യന്‍ വാക്കിന്‍െറ അര്‍ഥം വെള്ളമെന്നാണ്. ഈ പുത്തന്‍ സാങ്കേതികവിദ്യ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് അപരിചിതമായതിനാല്‍ കൂടംകുളത്ത് ഇതുമായി ബന്ധപ്പെട്ട പരിശീലനവും നല്‍കുന്നുണ്ട്. നാലു റിയാക്ടറുകള്‍കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇവകൂടി വന്നാല്‍ മൊത്തം 9200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്.
അതീവ സുരക്ഷാമേഖലയിലാണ് ആണവനിലയം പ്രവര്‍ത്തിക്കുന്നത്. 1: 1,00,000 മാത്രമാണ് അപായസാധ്യതയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റിയാക്ടറില്‍നിന്ന് ചോര്‍ച്ചയുണ്ടായാല്‍ സംവിധാനം സ്വമേധയാ പ്രവര്‍ത്തനരഹിതമാകും. വിമാനം ഇടിച്ചിറങ്ങിയാലും നിലയത്തിന് തകര്‍ച്ച സംഭവിക്കില്ളെന്നാണ് അവകാശവാദം. കേന്ദ്രസര്‍ക്കാറാണ് വൈദ്യുതിവിതരണം നടത്തുക. കേരളത്തിന് 172 മെഗാവാട്ട് വൈദ്യുതി ലഭിക്കും. വൈദ്യുതിക്ക് യൂനിറ്റിന് നാലുരൂപയില്‍ കൂടില്ളെന്നാണ് ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍െറ കണക്കുകൂട്ടല്‍.
ഇങ്ങനെയൊക്കെയായാല്‍
മതിയോ, നമുക്കും
സൂപ്പര്‍പവറാകണ്ടേ
വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങളാണ് ആണവനിലയത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 1500 മെഗാവാട്ടായിരുന്നു ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദനം. അരനൂറ്റാണ്ടിനിപ്പുറം ഇത് 1,42,000 മെഗാവാട്ടിലേക്ക് ഉയര്‍ന്നു. വന്‍തോതിലുള്ള സാമ്പത്തിക വളര്‍ച്ചക്ക് ഊര്‍ജോല്‍പാദനം അടുത്ത 50 വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം മെഗാവാട്ടിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. അതിന് ആണവനിലയങ്ങള്‍ ആവശ്യമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇന്ത്യക്ക് 65,000 ടണ്‍ യുറേനിയം മൂന്നു ലക്ഷം ടണ്‍ തോറിയം എന്നിവയുടെ നിക്ഷേപമുണ്ട്. ഇവ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ളെന്നും ഇവര്‍ പറയുന്നു. ജലം, കാറ്റ്, തിരമാല, സൂര്യപ്രകാശം എന്നിവ വഴിയുള്ള ഊര്‍ജോല്‍പാദനത്തിന് പരിമിതികളുണ്ട്. ചുരുക്കത്തില്‍, അണു പിളര്‍ക്കുകയേ വഴിയുള്ളൂ എന്നര്‍ഥം. പിന്നെ, എല്ലാ ഊര്‍ജപദ്ധതികള്‍ക്കും 'റിസ്ക് ഫാക്ടര്‍' ഉണ്ടത്രെ. മുല്ലപ്പെരിയാര്‍ അണക്കെട്ടുപോലെ.
'മന്‍മോഹന്‍ സിങേ, നീ
ഞങ്ങള്‍ക്ക് മാമനോ മച്ചാനോ...'
അഥവാ ഇടിന്തക്കരയുടെ രോഷം
കൂടംകുളത്തുനിന്ന് ആറു കിലോമീറ്റര്‍ ദൂരെയാണ് സമരവേദിയായ ഇടിന്തക്കര. യാത്രക്കായി വല്ലപ്പോഴും മാത്രമുള്ള ബസും ജീപ്പും. ഊര് കാവലായി അയ്യനാര്‍ കോവില്‍. ആട്ടിന്‍പ്പറ്റങ്ങളെ മേച്ച് കടന്നുപോകുന്ന ഗ്രാമവാസികള്‍. ''ഇങ്ക താന്‍ നമ്മ പോരാട്ടം നടക്കത്'' ഓലമേഞ്ഞ സമരപ്പന്തല്‍ ചൂണ്ടിക്കാണിച്ച് മാരിമുത്തു പറഞ്ഞു. പന്തലിന്‍െറ ഒരറ്റത്ത് നാട്ടുകാര്‍ പെരിയകോവില്‍ എന്ന് വിളിക്കുന്ന ലൂര്‍ദ് മാതാ പള്ളി. അതിന് അഭിമുഖമായി മറ്റേ അറ്റത്ത് പിള്ളയാര്‍ കോവില്‍ എന്ന് വിളിക്കുന്ന വിനായകര്‍ കോവില്‍. സമരത്തിന് പിറകില്‍ ക്രിസ്തീയ സഭാനേതൃത്വമാണെന്ന ആരോപണം അപ്പോള്‍ മനസ്സിലോര്‍ത്തു.
''മന്‍മോഹന്‍ സിങേ,
മാനംകെട്ടവനേ,
നീ ഞങ്ങള്‍ക്ക് മാമനോ മച്ചാനോ
ഞങ്ങളുടെ മണ്ണ് നിങ്ങള്‍ കട്ടു
ഞങ്ങളുടെ ജീവിതം തകര്‍ത്തു
പക്ഷേ, ഞങ്ങളുടെ മക്കളെ
കുരുതിക്ക് കൊടുക്കാന്‍
ഞങ്ങള്‍ വിട്ട് തരില്ല...''
എല്‍.പി സ്കൂള്‍ അധ്യാപികയായ അര്‍പ്പുതത്തിന്‍െറ കവിത മുഴങ്ങുകയായിരുന്നു സമരപ്പന്തലില്‍. ഭക്ഷണം കഴിക്കാത്തതിന്‍െറ തളര്‍ച്ചയൊന്നുമില്ല, എല്ലാവരും തികഞ്ഞ ആവേശത്തില്‍. കൂടംകുളം സമരത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും പറയുന്ന ഒരു പതിവുകാര്യമാണ് '' ഇത്രനാള്‍ എവിടെയായിരുന്നു ഈ സമരക്കാരൊക്കെ, ഈ അവസാനനിമിഷമാണോ എല്ലാം നിര്‍ത്തിവെക്കാന്‍ പറയുന്നത്'' എന്ന്. എന്നാല്‍, ആണവനിലയം പണിയാന്‍ പദ്ധതിയിട്ട നാളുകളില്‍തന്നെ ആരംഭിച്ചിരുന്നു ഇവിടത്തെ പ്രക്ഷോഭം. കൃത്യമായി പറഞ്ഞാല്‍, 1988ല്‍. 1989ല്‍ നടന്ന പൊലീസ് വെടിവെപ്പില്‍ ആറു ഗ്രാമീണര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പ്രക്ഷോഭം പുറംലോകം കാര്യമായി ശ്രദ്ധിച്ചിരുന്നില്ളെന്ന് മാത്രം. ആണവനിലയം വന്നതോടെ നാടിന്‍െറ മുഖച്ഛായ മാറിയതിനാല്‍ ഗ്രാമീണരില്‍തന്നെ പലരും സമരത്തിന് എതിരായിരുന്നു. ജപ്പാനിലെ ഫുകുഷിമ ആണവദുരന്തമാണ് സമരത്തിന്‍െറ ഗതിമാറ്റിയത്.

l
'ഫുകുഷിമ എന്ന
അപകടസയറണ്‍'
''ഇന്തമാതിരി നാമെല്ലാം എരന്ത് പോയിടും...''( ഇതുപോലെ നമ്മളെല്ലാം ചത്തുപോകും )- സാവ് ( മരണം) എന്നപേരില്‍ സേവ് ചെയ്ത ജപ്പാനിലെ ഫുകുഷിമ ആണവദുരന്തത്തിന്‍െറ വീഡിയോ മൊബൈലില്‍ എല്ലാവരെയും കാണിക്കുകയാണ് രാജ്. കൂടംകുളം ആണവനിലയത്തിനടുത്തുള്ള സൂനാമി പുനരധിവാസ കോളനിയില്‍വെച്ചാണ് രാജിനെ കണ്ടത്. 2004ലെ സൂനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഈ കോളനിയിലുള്ളവര്‍. കൂടംകുളംകാരുടെ മനസ്സിനെ വേട്ടയാടുന്ന ഒരു കറുത്ത രാത്രിയുടെ ഒര്‍മ. മുള്‍പ്പടര്‍പ്പുകള്‍ക്കിടയിലെ തകര്‍ന്ന വീടുകളും ചേതം വന്ന ബോട്ടുകളും അവിശ്വസനീയമായ ദുരിതതിരയേറ്റത്തിന്‍െറ ബാക്കിയിരിപ്പുകളാണ്. കോളനിയില്‍നിന്ന് നോക്കിയാല്‍ ആണവനിലയം വളരെ വ്യക്തമായി കാണാം. അത്രയും അടുത്ത്.
ഫുകുഷിമ ആണവ ദുരന്തമാണ് കൂടംകുളം സമരത്തിന്‍െറ ഗതി തിരിച്ചുവിട്ടതും ജനപിന്തുണ വര്‍ധിപ്പിച്ചതും. കൂടംകുളത്തും മറ്റൊരു ഫുകുഷിമ ആവര്‍ത്തിക്കപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന ഉത്തരം കിട്ടാത്ത ചോദ്യം എല്ലാവരുടെയും ഉറക്കംകെടുത്തുന്നു. ആണവോര്‍ജക്കമീഷന്‍െറ പരിശോധനയുള്‍പ്പെടെ എല്ലാം ഏറക്കുറെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതിക്കായി കാത്തുനില്‍ക്കവെയാണ് ഫുകുഷിമയിലെ സൂനാമിത്തിരകള്‍ എല്ലാം തകര്‍ത്തത്. ''1971 ലാണ് ഫുകുഷിമ ആണവനിലയം നിര്‍മിച്ചത്. ആ കാലത്തെ സുരക്ഷാസംവിധാനങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു. ഒപ്പം, പില്‍ക്കാലത്ത് സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവിടെ നടന്നിട്ടുമില്ല. എന്നാല്‍, കൂടംകുളം അങ്ങനെയല്ല. കൂടംകുളത്ത് അതിവിപുലമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് ഏഴര മീറ്റര്‍ ഉയരത്തിലാണ് നിലയത്തിന്‍െറ അടിസ്ഥാനം'', ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി ഉറപ്പുപറയുന്നു.
ഒരു ആണവനിലയം അടച്ചുപൂട്ടിയാലും അതില്‍നിന്നുള്ള അണുവികിരണ ഭീഷണി നാല്‍പതിനായിരം വര്‍ഷം നിലനില്‍ക്കും. അതായത്, അടച്ചുപൂട്ടിയാലും ഇത്രയും വര്‍ഷം ഇത് സംരക്ഷിക്കണം. ദൈവമോ ചെകുത്താനോ സഹായിച്ച് ഭാഗ്യത്തിന് കൂടംകുളം ആണവനിലയത്തിന്‍െറ സുരക്ഷാപഠന റിപ്പോര്‍ട്ട് ആരും ഇതുവരെ കണ്ടിട്ടില്ല!
കേരളത്തിനും ഭീഷണി
അല്ളെങ്കിലും നമ്മളെന്തിന് ഇതില്‍ ഇടപെടണം. ഇത് തമിഴനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ളേ എന്ന പതിവ് ആശ്വാസമാണ് പകുതിമുക്കാല്‍ മലയാളികള്‍ക്കും. എന്നാല്‍, ആശ്വസിക്കാന്‍ വരട്ടെ, ദൈവത്തിന്‍െറ സ്വന്തം നാടും ചെകുത്താന്‍െറ പിടിയില്‍ തന്നെയാണെന്നാണ് യാഥാര്‍ഥ്യം. പണ്ട് നമ്മള്‍ വേണ്ടെന്നുവെച്ചതാണ് ഈ ആണവനിലയം. ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ് പയ്യന്നൂരിനടുത്ത് പെരിങ്ങോമില്‍ ആണവനിലയം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു.
കടല്‍ത്തീരത്താണ് കൂടംകുളം ആണവനിലയം എന്നതാണ് നമുക്ക് കൂടുതല്‍ ഏടാകൂടമുണ്ടാക്കുന്നത്. കേരളം ഈ കടല്‍തൊട്ടു കിടക്കുന്ന തീരമാണ്. ഫുകുഷിമക്ക് സമാനമായ ഒരു ആണവ ദുരന്തം കൂടംകുളത്തുണ്ടായാല്‍ തിരുവനന്തപുരം മുതല്‍ എറണാകുളംവരെ വികിരണം വളരെ വേഗത്തില്‍ ബാധിക്കും. കടലൊഴുക്ക് അനുകൂലമാണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് വികിരണമെത്തും. അപകടമുണ്ടായി ആറു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍നിന്ന് പൂര്‍ണമായും ആളുകളെ ഒഴിപ്പിക്കണം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ ഇത് എങ്ങനെ സാധ്യമാകും? വിശാലമായ കടല്‍ത്തീരമാണ് നമുക്കുള്ളത്. വെള്ളത്തിലൂടെ വികിരണങ്ങളുണ്ടാക്കുന്ന ഐസോട്ടോപ്പുകള്‍ വേഗത്തില്‍ സഞ്ചരിക്കും. അതായത്, കേരളത്തിലെ ഒരു സ്ഥലവും ആണവഭീഷണിയില്‍നിന്ന് മുക്തമല്ല. ഫുകുഷിമ ആണവ ദുരന്തമുണ്ടായപ്പോള്‍ ഒരുപാട് കടല്‍ദൂരം കടന്ന് അമേരിക്കയിലേക്കുപോലും വികിരണമെത്തി. ഭോപാല്‍ വാതക ദുരന്തമുണ്ടായപ്പോള്‍ രൂക്ഷഗന്ധം തിരിച്ചറിഞ്ഞ് ഒരുപാട് പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, അണുവികിരണം ഇങ്ങനെയൊന്നും തിരിച്ചറിയാന്‍ കഴിയില്ല.
കൂടാതെ, കൂടംകുളത്തിനുമേല്‍ ചൈനയുടെ ചാരക്കണ്ണുകള്‍ തുറന്നിരിപ്പുണ്ട്. കൂടംകുളത്തുനിന്ന് 98 കിലോമീറ്റര്‍ ദൂരെ മാത്രമാണ് ശ്രീലങ്ക. ശ്രീലങ്കയിലെ ഹമ്പന്‍ തോട്ട തുറമുഖത്തിന്‍െറ നിര്‍മാണച്ചുമതല ചൈനക്കാണ്. ചൈന തുറമുഖത്തൊഴിലാളികളുടെ വേഷത്തില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ ശ്രീലങ്കയില്‍ എത്തിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യദത്തമായ ഒരു അപകടസാധ്യതയുമുണ്ട്.
കൂടംകുളം എന്ന ഉത്തരം
എല്ലാ പ്രതിഷേധങ്ങളും പ്രശ്നപരിഹാരമെന്ന ഒരു പ്രതിസന്ധി ബാക്കിവെക്കുന്നു. എന്നാല്‍, കൂടംകുളം ഒരു ചോദ്യമല്ല, ഉത്തരമാണ്. കൂടംകുളം മുന്നോട്ടുവെക്കുന്ന ഊര്‍ജപ്രശ്നങ്ങള്‍ക്ക് പരിഹാരം എന്തെന്ന് ചോദിച്ചാല്‍ സമരപ്പന്തലിനോട് ചേര്‍ന്നുള്ള ബിഷപ് റോഷേ സ്കൂളിലെ കാവേരി എന്ന എട്ടാം ക്ളാസുകാരി സ്കൂളിനു മുകളിലെ കുഞ്ഞു കാറ്റാടി യന്ത്രത്തിലേക്ക് കൈചൂണ്ടും.
ആണവോര്‍ജം എന്ന ഭസ്മാസുരനുള്ള കൂടംകുളത്തിന്‍െറ മറുപടിയാണ് കാറ്റാടി യന്ത്രങ്ങള്‍. നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള കാവല്‍ കിണര്‍ എന്ന സ്ഥലം മുതല്‍ ആണവനിലയത്തെ ചുറ്റി ഏക്കര്‍കണക്കിന് സ്ഥലം കാറ്റാടി പാടമാണ്. സുരക്ഷിതമായ പുത്തന്‍ ഊര്‍ജവേഗങ്ങളുമായി കാറ്റാടി യന്ത്രങ്ങള്‍ നമ്മെ കൈനീട്ടി വിളിക്കും. ഏകദേശം, 4850 മെഗാവാട്ട് വൈദ്യുതി ഇവ വഴി ഉല്‍പാദിപ്പിക്കുന്നു. ആണവനിലയം വഴി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത് 2000 മെഗാവാട്ട് മാത്രമാണ്.
മടങ്ങവേ ഒരിക്കല്‍കൂടി ഒന്ന് തിരിഞ്ഞുനോക്കി. കടലിന്‍െറയും വിവാദങ്ങളുടെയും തിരയിളക്കങ്ങള്‍ക്ക് സാക്ഷിയായി ഇളംമഞ്ഞ തലപ്പാവോടെ ആണവനിലയം നില്‍ക്കുന്നു. സമയം സന്ധ്യ. ആണവനിലയത്തിന് മുകളില്‍ മേഘങ്ങള്‍ ഒരു ചിത്രം തീര്‍ത്തു. ശ്രദ്ധിച്ചുനോക്കിയപ്പോള്‍ അണുബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ ഹിരോഷിമയില്‍ രൂപംകൊണ്ട പുകയുടെ 'ഭീമന്‍ കൂണ്‍' പോലെ. മനസ്സില്‍ വന്നത് പത്താം ക്ളാസിലെ ഫിസിക്സ് അധ്യാപികയുടെ വാക്കുകളാണ്. ''ശരിക്കും പറഞ്ഞാല്‍, കഷ്ടപ്പെട്ടു നിയന്ത്രിച്ചു വെച്ച ഒരു അണുബോംബാണ് ഒരു ആണവനിലയം... നിയന്ത്രണം വിട്ടാല്‍ മരണം! മരണം! മരണം! അത്രമാത്രം.''
കൂടംകുളം നിവാസികള്‍ മാത്രമായിരുന്നു ആദ്യകാലത്ത് സമരത്തിനുണ്ടായിരുന്നത്. കടലിലേക്ക് മുഖം നോക്കിനില്‍ക്കുന്ന ആണവനിലയം മത്സ്യബന്ധനത്തിന് ഭീഷണിയാകും എന്ന തിരിച്ചറിവാണ് അവരെ ഇതിലേക്ക് നയിച്ചത്. എന്നാല്‍, നിലയത്തിന്‍െറ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചതോടെ സമരത്തിലെ ജനപങ്കാളിത്തം വര്‍ധിച്ചു. ഇന്ന് കൂടംകുളത്തെ കൂടാതെ വിജയാപതി, കൂത്തംകുടി, ആവഡിയാള്‍പുരം തുടങ്ങി 52 ഗ്രാമങ്ങള്‍ സമരത്തിലുണ്ട്. ഓരോ ഗ്രാമവാസികളും ഊഴമിട്ടാണ് കൂട്ടസത്യഗ്രഹമിരിക്കുന്നത്.
രാവിലെ കൃത്യം 9.30ന് സമരനേതാക്കള്‍ സമരപ്പന്തലിലെത്തും.''ജയിച്ചിടുവേം നാം ജയിച്ചിടുവേം...'' സമരഗാനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ ഉയരും. പിന്നെ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രാമവാസികള്‍ സത്യഗ്രഹത്തിനെത്തും. ഈ നാടിന് ഇപ്പോള്‍ ഇതൊരു ശീലമാണ്.
സ്ത്രീകളും കുട്ടികളുമാണ് സമരത്തില്‍ ഭൂരിഭാഗവും. സ്ത്രീശാക്തീകരണത്തിന്‍െറ വിജയവേദികൂടിയാണ് സമരം. ''ഞങ്ങളെ സമരത്തിന് വിട്ടത് ഭര്‍ത്താക്കന്മാര്‍തന്നെയാണ്. അവര്‍ സന്തോഷത്തോടെ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഞങ്ങള്‍ ഇവിടെയായതിനാല്‍ വീട്ടിലെ പണികള്‍ ചെയ്യുന്നതും അവരാണ്'', ജയാ ദാനിയേല്‍ പറഞ്ഞ ഈ വാക്കുകളില്‍ സാമൂഹികമാറ്റത്തിന്‍െറ സൂചനകളും വ്യക്തം.


With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment