Saturday 1 October 2011

[www.keralites.net] മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഗാന്ധിജിയിലേക്ക് മടങ്ങാം!!!!

 

Fun & Info @ Keralites.netഎന്റെ സുഹൃത്ത്, കഴിഞ്ഞ ഇരുപതു വര്‍ഷമായി ലോകമെമ്പാടും പല വേഷത്തിലും ഭാവത്തിലും കൂടാറുള്ള നിരവധി വാണിജ്യ വ്യാവസായിക സാമ്പത്തിക സെമിനാറുകളില്‍ മുറയ്ക്ക് പങ്കെടുക്കുന്ന പ്രശസ്തനാണ്. ബുദ്ധിജീവിയാണ്. ചിന്തകനാണ്. പല ഗ്ലോബല്‍ സമിതികളിലും ഉപദേശകനായിരുന്നു. അദ്ദേഹം ഈയിടെ ഒരു അനുഭവം പറയുകയുണ്ടായി. പത്തു കൊല്ലം മുമ്പു വരെ വിദേശത്തു നടക്കുന്ന സെമിനാറുകളിലും ചര്‍ച്ചകളിലും ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍പ്പോലും ഇന്ത്യയുടെ പേര് ഒരിക്കലും ആരും പറയുന്നത് കേട്ടിരുന്നില്ല. ചൈനയും ജപ്പാനും കൊറിയയും സിംഗപ്പൂരും ഗള്‍ഫ് രാജ്യങ്ങളും വരുമായിരുന്നു. എന്തിന്, മലേഷ്യയും തായ്‌ലന്‍ഡും പോലും വരും. പക്ഷെ ഇന്ത്യയുടെ പേരേ കേള്‍ക്കാറില്ല. പത്തു കൊല്ലം മുമ്പ് മെല്ലെ ഇന്ത്യയുടെ പേര് എമര്‍ജിങ് ഇക്കോണമിയുടെ കൂട്ടത്തില്‍ വന്നു തുടങ്ങി. വന്നു വന്ന് ഇന്ന് ഏതു സെമിനാറില്‍ പോയാലും ഏഷ്യയുടെ മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ ആദ്യം ഉയരുന്ന പേര് ചൈനയ്‌ക്കൊപ്പം ഇന്ത്യയുടേതാണ്.

ഇന്ത്യ 2012 ല്‍ ജിഡിപി അനുപാതത്തില്‍ ജപ്പാനെ തള്ളിമാറ്റി ലോകത്തിലെ മൂന്നാമത്തെ ശക്തി ആയി മാറുമെന്ന് സാമ്പത്തിക അപഗ്രഥരുടെ പ്രവചനം ഉണ്ടായിരുന്നു. പക്ഷെ ദൈവം സുനാമിയുടെ രൂപത്തില്‍ വന്ന് സംഭവത്തിന് വേഗത കൂട്ടി. ജപ്പാനില്‍ സുനാമി വരുത്തിയ വിനയില്‍ അവരുടെ വളര്‍ച്ചയുടെ വേഗത കുറഞ്ഞു. ഇന്ത്യയെ സുനാമി കാര്യമായി ബാധിച്ചില്ല. നാം ജപ്പാനെ 2011ല്‍ത്തന്നെ മറികടക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

ജിഡിപി കുറയുന്നതനുസരിച്ച് ചെറിയ മോഷണങ്ങള്‍ ഒഴികെയുള്ള വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന കുറ്റക്യത്യങ്ങള്‍, പ്രത്യേകിച്ചും ഭൂമി കെട്ടിട മാഫിയാകള്‍ നടത്തുന്നത് കുറയുമെന്നാണ് അമേരിക്കന്‍ സംസ്ഥാനങ്ങളിലെ 2007 മുതല്‍ 2010 വരെയുള്ള കണക്കുകള്‍ അപഗ്രഥിച്ച വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയിലെ അനുഭവം ഇതിനെ ശരിവയ്ക്കുന്നു. ജിഡിപി വര്‍ധനയുടെ ജ്യോമട്രിക്കല്‍ പ്രോഗ്രഷന്‍ ലവലിലാണ് നമ്മുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകുന്നത്.

അമേരിക്കയുടെ സാമ്പത്തികശക്തിയുടെ റേറ്റിങ് ഈയിടെ മുപ്പതു കൊല്ലത്തിലാദ്യമായി താഴേക്കുവീണപ്പോള്‍ അത് സാമ്പത്തികശക്തി പടിഞ്ഞാറു നിന്നും കിഴക്കോട്ട് മാറുന്നതിന്റെ വ്യക്തമായ സൂചനയായി മിക്ക നിരീക്ഷകരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ 2050 ആകുമ്പോഴേക്ക് ലോകത്തിലെ രണ്ടാമത്തെ വന്‍ശക്തിയാകുമെന്ന പ്രവചനത്തിന് ശക്തി കൂട്ടുക മാത്രമല്ല അത് ജപ്പാന്‍ കാര്യത്തിലെന്നപോലെ കുറെക്കൂടി നേരത്തെ ആകുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.

പക്ഷെ ഇന്ത്യ അന്നേക്കും ലോകത്തിലെ ഏറ്റവും കൂടുതല്‍ ദരിദ്രരുടെ രാജ്യവുമായിത്തീരുമത്രെ.

1930നു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ സാമ്പത്തികത്തകര്‍ച്ചയുടെ നടുവില്‍ നാം നില്‍ക്കുകയാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങളും അവശ്യസാധനങ്ങളുടെ കേന്ദ്രീകരണവും ഈ തകര്‍ച്ചയ്ക്ക് 1930നെക്കാള്‍ വലിയ മാനം നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇത് ഏതു രാജ്യത്തിനും ഒരു പരിധി വരെ നിയന്ത്രിക്കാമായിരുന്നില്ലേ? തീര്‍ച്ചയായും അതേ എന്നു തന്നെയാണ് ഉത്തരം.

ഗാന്ധിയന്‍ ധനതത്വശാസ്ത്രചിന്തകളുടെ പ്രസക്തി ഇവിടെയാണ്.

ഇ.എഫ്.ഷൂമേക്കര്‍ വളരെ പ്രഗദ്ഭനും പ്രസിദ്ധനുമായ ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനാണ്. കീന്‍സിന്റെയും ട്രാല്‍ബ്രഡിന്റെയും സമശീര്‍ഷന്‍. പാശ്ചാത്യ സാമ്പത്തികചിന്തകളുടെ അപ്രമേയത്വത്തെക്കുറിച്ച് യാതൊരു സംശയവുമില്ലാത്തവന്‍. പക്ഷെ 1973ലെ ഊര്‍ജ്ജപ്രതിസന്ധിയും അതിനു കാരണമായിരുന്ന ആഗോളവത്കരണവും അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. അദ്ദേഹം ഗാന്ധിയന്‍ ധനതത്വചിന്തകളെ വളരെ ഗൗരവമായി അപഗ്രഥിക്കാനും പഠിക്കാനും ശ്രമിച്ചു. സ്വദേശി എന്ന വാക്കിന് ഗാന്ധിജി നല്‍കിയ വ്യാഖ്യാനത്തിലൂടെ അതിന്റെ തലം കണ്ടുപിടിക്കാന്‍ ഷൂമേക്കര്‍ നടത്തിയ ശ്രമം ചെന്നെത്തിയത് 'സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പഠനത്തിലൂടെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് ഗാന്ധിജിയുടെ പ്രസക്തി കാട്ടുന്നതിലായിരുന്നു.

ഗാന്ധിജി സാമ്പത്തികശക്തിയുടെ അടിസ്ഥാനം സ്വദേശി എന്ന ആശയത്തില്‍ നിന്നാണ്. സ്വദേശി എന്നത് വാസ്തവത്തില്‍ നമ്മുടെ തൊട്ടടുത്ത അയല്‍ക്കാരനെ സഹായിക്കാനുള്ള മനസ്സാണ്. നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം നമ്മുടെ ആവശ്യം കഴിഞ്ഞ് ആദ്യം അവന് നല്‍കുക. അതോടൊപ്പം അവന്റെ അദ്ധ്വാനഫലമായി ഉണ്ടാക്കുന്ന ഉത്പന്നം വാങ്ങുന്നതിന് നാം മുന്‍ഗണന കൊടുക്കുക. ഈ കൊടുക്കല്‍ വാങ്ങല്‍ രീതി കര്‍ശനമാക്കുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് ദൂരദേശങ്ങളിലേക്കുള്ള കടത്തുകൂലിയും ചരക്കു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുറയുന്നു. കൂടുതല്‍ ദൂരെ, വില കൂട്ടി, ലാഭം സമ്പാദിക്കുക എന്ന ലക്ഷ്യം അപ്രസക്തമാകുന്നു. യഥാര്‍ത്ഥമായ സാമ്പത്തികചിന്ത സാധാരണക്കാരനെ ലക്ഷ്യമാക്കി മാത്രമാകണം. ഉത്പന്നങ്ങളുടെ നാണയവില അടിസ്ഥാനമാക്കിയ യൂറോപ്യന്‍ സാമ്പത്തികശാസ്ത്രത്തിന് ഒരിക്കലും സാമൂഹ്യനീതിയെ കാണാന്‍ സാധിക്കുകയില്ല. സാമൂഹ്യനീതി ഉള്‍ക്കൊള്ളാത്ത സാമ്പത്തികശാസ്ത്രം കൊളോണിയലിസത്തിന്റെ വേറൊരു രൂപം മാത്രമാണ്. ഇന്നത്തെ സാമ്പത്തിക സമവായത്തില്‍ വ്യവസായവത്ക്കരിക്കപ്പെട്ട ഒരു രാജ്യം അതിന്റെ നിലനില്‍പ്പിന് അസംസ്‌കൃതവിഭവങ്ങളെയും, ഉത്പന്നങ്ങള്‍ക്ക് വിപണികളെയും എന്തിന് വിദഗ്ധ മാനവശേഷിയെയും നിയന്ത്രിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കുന്നു. ഇവിടെ കുറച്ചു രാജ്യങ്ങള്‍ ഏറെ രാജ്യങ്ങളെ ചൂഷണം ചെയ്യുക മാത്രമല്ല, ഒരു രാജ്യത്തില്‍ത്തന്നെയുള്ള സമ്പത്തും ബുദ്ധിയുമുള്ള ന്യൂനപക്ഷവര്‍ഗ്ഗം അവരുടെ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ തന്നെ അയല്‍ക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് രണ്ടു വര്‍ഗ്ഗങ്ങളെ സ്യഷ്ടിച്ച് പൊതുജീവിതധാരയില്‍നിന്ന് പുറന്തള്ളിയ ബഹുഭൂരിപക്ഷത്തെ കൂടുതല്‍ കെണിയിലേക്ക് വീഴ്ത്തുന്നു.

ഷൂമേക്കറുടെ പഠനം ആധുനികതയിലേക്ക് ഗാന്ധിയന്‍ ധനതത്വചിന്തകളെ കൊണ്ടുവരികയുണ്ടായി. ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും ഉള്‍ക്കൊള്ളാത്ത ഒരു ശാസ്ത്രവും ശാസ്ത്രമല്ല. സാമ്പത്തികശാസ്ത്രവും ഇതിന് അപവാദമല്ല. ബുദ്ധമത സാമൂഹ്യ സാമ്പത്തിക ചിന്തകളില്‍ നിറഞ്ഞുനിന്നിരുന്ന സ്വയംപര്യാപ്തയുടെയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ, ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പടെ, വികേന്ദ്രീകൃത സ്വഭാവവും ഗാന്ധിജിയുടെ സ്വദേശി എന്ന വാക്കില്‍ നിറഞ്ഞിരുന്നു. ലാഭം മാത്രം ലക്ഷ്യമാക്കിയ ഉപഭോഗസംസ്‌ക്കാരം ഇവിടെ അന്യമാണ്.

ഇന്ന് നാം കാണുന്ന സാമ്പത്തികത്തകര്‍ച്ചയുടെ മൂല കാരണം ഗാന്ധിജി വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികശാസ്ത്രവും ഒരു കൂട്ടം യാഥാസ്ഥികരുടെ കൈപ്പിടിയിലാണ് ഇന്നും. ഇപ്പോഴത്തെ ആഗോളസാമ്പത്തികത്തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാന്‍ ഗാന്ധിജിയിലേക്കു തന്നെ നമുക്കു തിരിച്ചു പോകേണ്ടിവരും.

ഗാന്ധിയന്‍ സാമ്പത്തിക ചിന്തകളെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമം ആരംഭിക്കേണ്ടി വരും.

ഇന്ത്യ ഈ വഴിക്ക് ചിന്തിക്കാനുള്ള ധൈര്യം കാട്ടണം. ഈ ഗാന്ധി ജയന്തി അതിന് പറ്റിയ സമയമാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment