Monday 24 October 2011

Re: [www.keralites.net] സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെ കാലം

 

ഭരണത്തില്‍ ഏതച്ചായന്‍ വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് കോട്ടയത്തെ മാമച്ചായനാണ്. നായനാര്‍ ഭരിക്കുമ്പോള്‍ പരസ്യവോട്ടുചെയ്തു എന്ന് വിവാദമുണ്ടാക്കണം. വി എസ് വന്നാല്‍ വെട്ടിനിരത്തല്‍ വീരനെന്നു വിളിക്കണം. കരുണാകരനെ ചാരനാക്കണം. ആന്റണിയാണെങ്കില്‍ പുണ്യവാളനാക്കണം. പുണ്യവാളന്റെ പുണ്യം കൂടിപ്പോയെന്നു വന്നാല്‍ വലിച്ചു താഴെയിട്ട് കുഞ്ഞൂഞ്ഞിനെ പിടിച്ചുകയറ്റണം. ചെന്നിത്തലയുടെ തലയ്ക്കിട്ട് കിഴുക്കണം. ഇതിനൊക്കെ എന്തു പ്രതിഫലം എന്ന ചോദ്യം അസ്ഥാനത്താണ്. മാമ്മന്‍ മാപ്പിളയായി തുടങ്ങിവച്ച കച്ചവടമാണ്. വിഷംകുടിക്കുമെന്നൊക്കെ ഒരാവേശത്തിന് പറഞ്ഞിരുന്നു. വിഷം കുടിപ്പിക്കലാണ് യഥാര്‍ഥ ജോലി. കൂലി വരമ്പത്തുതന്നെ കിട്ടും. നികുതിയിളവായും പത്മഭൂഷണായും തപാല്‍ സ്റ്റാമ്പായും. പ്രതിപക്ഷത്തെ ഒതുക്കുന്നതുമാത്രമല്ല, ഭരണപക്ഷത്തെ ചുമക്കുന്നതുകൂടി പുതിയ കാലത്ത് മാമച്ചായന്റെ ജോലിയാണ്. രണ്ടും ഒന്നിനൊന്ന് കഷ്ടം. മലയാള മഹാരമയുടെ മാനസപുത്രന്റെ കഷ്ടിമുഷ്ടി സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ കോട്ടയത്ത് എലിപ്പനി വന്നതുപോലെയാണ്. അസ്വസ്ഥത പടര്‍ന്നുകയറും. ആരോരുമില്ല സഹായിക്കാന്‍ . ആകെ ഒരു പി സി ജോര്‍ജിന്റെ ശുശ്രൂഷയില്‍ ഉമ്മന്‍ചാണ്ടി എങ്ങനെ മുന്നോട്ടുപോകും? ഉപജാപത്തിനൊക്കെ കൂടുന്നുണ്ടെങ്കിലും കെ സി ജോസഫും തിരുവഞ്ചൂരും അത്രയ്ക്കങ്ങ് പോരാ. സത്യം പറഞ്ഞാലും കളവാണെന്നേ തോന്നൂ. ആര്യാടന് മിണ്ടാവ്രതമാണ്. ചെന്നിത്തല പറയുന്നത് നല്ലതിനോ ചീത്തയ്ക്കോ എന്ന് തിരിച്ചറിയാനാകുന്നുമില്ല. പണ്ടൊക്കെ എല്ലാ പണിയും മനോരമ ചെയ്തതാണ്. അന്ന് നശിച്ച ചാനലുകള്‍ ഉണ്ടായിരുന്നില്ല. മനോരമയും മാതൃഭൂമിയും പറഞ്ഞാല്‍ അതായിരുന്നു പരമമായ സത്യം. സ്വന്തമായി ചാനല്‍ തുടങ്ങിയെങ്കിലും വേണ്ട രീതിയില്‍ പൊങ്ങിയിട്ടില്ല. വലിയ പ്രതിസന്ധിതന്നെയാണ്.
വിഷംകുടി അപ്പൂപ്പനടക്കമുള്ള പൂര്‍വികര്‍ സഹിക്കില്ല. ജന്മോദ്ദേശ്യം നടക്കുന്നില്ലെങ്കില്‍ പിന്നെ ഈ ജീവിതമെന്തിന് തന്നു എന്ന അസ്തിത്വ പ്രതിസന്ധി. ഇത്തരം ഘട്ടങ്ങളില്‍ പണ്ടുചെയ്ത കുറെ കാര്യങ്ങളുണ്ട്. ചക്ക് മുന്നില്‍കാണുമ്പോള്‍ കൊക്ക് എന്നു പറയണം. പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും എന്നാണ്. അളമുട്ടുമ്പോള്‍ മനോരമ ആരെയും കടിക്കും. അങ്ങനെ ഗതികിട്ടാവേളയിലെ ചില തീറ്റയും കടിയുമാണ് കുറെ ദിവസമായി നടക്കുന്നത്. ആദ്യരംഗം നിയമസഭയിലാണ്. ഒക്ടോബര്‍ 15ന് ഒന്നാം പേജില്‍ എട്ടുകോളം വാര്‍ത്ത വന്നു. "അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞുകൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേക്കുമാറിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്" (ഏതുദൃശ്യം; എവിടത്തെ ദൃശ്യം; ആര് കാണിച്ചു; ആര് കണ്ടു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കോട്ടയത്ത് വന്നാല്‍ സ്വകാര്യമായി നല്‍കപ്പെടും). അതേ വാര്‍ത്തയില്‍ "കോടിയേരി ബാലകൃഷ്ണനോട് ജെയിംസ് മാത്യു|എന്തോ പറയുകയും പൊടുന്നനെ ടി വി രാജേഷിനൊപ്പം മുദ്രാവാക്യം വിളികളുമായി വേദിയിലേക്ക് ഇടിച്ചുകയറാന്‍ തിരിക്കുകയുമായിരുന്നു. ഇതിനിടയിലാണ് രജനിക്കു ശക്തമായ തളളലേറ്റത്. താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണ് തളളിയതെന്ന് വ്യക്തമായില്ലെന്നാണ്ലേ;വിവരം." മനോരമയുടെ നിയമസഭാ റിപ്പോര്‍ട്ടര്‍ പി സി ജോര്‍ജാണോ അതോ ഉമ്മന്‍ചാണ്ടിതന്നെയോ എന്ന് തോന്നിപ്പോകും
ഇനി സ്ട്രിങ്ങറായി സ്പീക്കറെ നിയമിച്ചോ? "സഭയില്‍ നടന്നത് നാടിന് അപമാനം-മുഖ്യമന്ത്രി" എന്ന തലക്കെട്ടിനു താഴെ കുഞ്ഞാലിക്കുട്ടിയുടെ സാക്ഷ്യവും മലയാള മഹാരമയില്‍തന്നെ. അടിക്കുന്നതും തൊപ്പി തെറിക്കുന്നതും കരഞ്ഞുകൊണ്ട് മാറിനില്‍ക്കുന്നതുമെല്ലാം മുന്‍നിരയിലിരുന്ന താന്‍ നേരിട്ടുകണ്ടുവെന്ന് "സ്ത്രീപീഡന"ത്തില്‍ മനംനൊന്ത കുഞ്ഞാലിക്കുട്ടി പറയുന്നു. തൊപ്പി താഴെ വീണു, കരഞ്ഞു എന്ന് പി സി ജോര്‍ജ് തറപ്പിച്ചു പറയുന്നു. അതേ പേജില്‍ രജനിയുടെ പ്രതികരണമുണ്ട്. അതില്‍ പക്ഷേ, കരച്ചിലുമില്ല; തല്ലിയെന്നുമില്ല. ഒക്ടോബര്‍ 14ന്റെ ദൃശ്യങ്ങള്‍ പത്രലേഖകരെ കാണിച്ചതും പുറത്തുവിട്ടതും 17നാണ്. പിന്നെങ്ങനെ അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞുകൊണ്ട് മറ്റൊരു&ലരശൃര;വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട് എന്ന് ഒക്ടോബര്‍ 15ന്റെ മനോരമ റിപ്പോര്‍ട്ടില്‍ വന്നു? മറുപടി മനോരമ പറയില്ല. പക്ഷേ, സ്പീക്കര്‍ പറയണം. നിയമസഭയിലെ വീഡിയോദൃശ്യങ്ങള്‍ അപ്പാടെ കോട്ടയത്തേക്ക് കൊണ്ടുപോകുന്നിടത്തുവരെ വളര്‍ന്നോ മനോരമയുടെ സ്വാധീനം? എന്തായാലും ദൃശ്യങ്ങള്‍ ഔദ്യോഗികമായി സ്പീക്കര്‍ പുറത്തുവിട്ടതോടെ തൊപ്പിക്കഥ പൊളിഞ്ഞു. ആംഗ്യം കാട്ടി പി സി ജോര്‍ജും വിഷ്ണുനാഥും പടച്ചോനെ ആണയിട്ട് കുഞ്ഞാലിക്കുട്ടിയും എഴുന്നള്ളിച്ച തല്ലുകഥയും തള്ളുകഥയും ദൃശ്യങ്ങളില്‍ കാണാനേയില്ല.
 
മനോരമ എഴുതുന്നു: "വെളളിയാഴ്ചത്തെ ദൃശ്യങ്ങളില്‍ , രാജേഷും ജെയിംസ് മാത്യുവും നടത്തുന്ന മുന്നേറ്റം വ്യക്തമായും കാണാം. ആദ്യം വാച്ച് ആന്‍ഡ് വാര്‍ഡിനുമുന്നില്‍നിന്ന് കയറുന്ന ഇവര്‍ പിന്നീട് പുറകിലേക്കു പോയി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനോട് ഒരുസെക്കന്‍ഡ് സംസാരിക്കുന്നു. പിന്നീട് ശക്തിയായി വാച്ച് ആന്‍ഡ് വാര്‍ഡ് വലയം ഭേദിച്ച് സ്പീക്കറുടെ ഡയസിലേക്കു തളളിക്കയറാന്‍ ശ്രമിക്കുന്നു. ഇതിനിടെയിലാണ് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് പെട്ടുപോകുന്നത്." എവിടെ തല്ല്? എവിടെ തള്ള്? തൊപ്പി എങ്ങോട്ടുപോയി? ഉമ്മന്‍ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി സി ജോര്‍ജ്, വിഷ്ണുനാഥ് എന്നീ കൊലകൊമ്പന്മാരും അവരുടെ ഭീഷണിക്കുവഴങ്ങി വനിതാ പൊലീസുകാരിയും പറഞ്ഞ കഥകള്‍ക്ക് എന്തു സംഭവിച്ചു? ജെയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും തെറിവിളിച്ച് ചാനലുകള്‍ കയറിയിറങ്ങിയ എംഎല്‍എ മാന്യന്മാര്‍ എങ്ങോട്ടുപോയി? എം വി ജയരാജന്‍ ഇവരെയൊന്നും വേണ്ടതുപോലെ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. കൈത്തോക്കുചൂണ്ടി കാവടിയാട്ടം നടത്തിയ കോഴിക്കോട്ടെ ഭ്രാന്തന്‍ പിള്ളയ്ക്കാണോ അതോ ഈ നുണയന്മാര്‍ക്കാണോ ആദ്യം പെടകിട്ടേണ്ടത്? എന്നിട്ടും മനോരമയുടെ ഒരു നായര്‍ എഴുതിയത്, "പിഴച്ചതില്‍ പഴിച്ച് പ്രതിപക്ഷം, പ്രതിക്കൂട്ടില്‍ നേതൃത്വം" എന്നാണ്. എന്താണാവോ പിഴവ്? ചെയ്യാത്ത കുറ്റത്തിന് ഖേദം പറയാത്തതോ? പറയാത്ത ഖേദം പറഞ്ഞു എന്ന് സമ്മതിക്കാത്തതോ? മഹിളാ കോണ്‍ഗ്രസിന്റെ പിആര്‍ഒപ്പണി എടുക്കുന്ന സ്പീക്കര്‍ പറഞ്ഞതിനെല്ലാം അടിയൊപ്പ് ചാര്‍ത്താത്തതോ? ഇതാണ് മനോരമയുടെ കൂറ്.പാമൊലിന്‍ കേസില്‍പെട്ടത് ഉമ്മന്‍ചാണ്ടിയുടെ മുഖകാന്തി വര്‍ധിപ്പിച്ചെന്നും ഐസ്ക്രീം കേസിലൂടെ കുഞ്ഞാലിക്കുട്ടി ഗ്ലാമര്‍ താരമായെന്നും എഴുതും. സ്ത്രീകളെ ആക്രമിച്ചു എന്ന പച്ചക്കള്ളം ഓര്‍ക്കാപ്പുറത്ത് തലയില്‍ വന്നു വീണപ്പോള്‍ ഒന്ന് പൊട്ടിപ്പോയ കുറ്റത്തിന് ടി വി രാജേഷിനെ നാണംകെടുത്താനുള്ള വിരുതും അച്ചായന്‍ പഠിപ്പിച്ചു വിട്ടിട്ടുണ്ട്.
 
ഇത്തരം അഭ്യാസംകൊണ്ടൊന്നും സംഗതി പന്തിയാകുന്നില്ല എന്ന് അനുഭവംകൊണ്ട് അച്ചായനറിയാം. അങ്ങനെയാണ്, കുഞ്ഞാലിക്കുട്ടിയുടെ പരിപാടി എടുത്തത്്. തനിക്കെതിരെ വലിയ കേസുകള്‍ വരുമ്പോള്‍ കുഞ്ഞാലിക്കുട്ടി സ്വീകരണം സംഘടിപ്പിക്കും. ഏതെങ്കിലും മൈതാനത്തെ പച്ചച്ചെങ്കടലാക്കിക്കൊണ്ട് ലീഗിന്റെ കുട്ടികള്‍ പാഞ്ഞുവന്നുകൊള്ളും. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം കഴിഞ്ഞാല്‍ അവിടെ അടി തുടങ്ങുകയായി. പലപ്പോഴും വെടിയും പൊട്ടും. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമെല്ലാം അതാണ് നടന്നത്. മനോരമയുടേതും സമാനമായ അടവാണ്. യുഡിഎഫ് കുഴപ്പത്തിലാകുമ്പോള്‍ സിപിഐ എമ്മിലെ വിഭാഗീയതയെക്കുറിച്ച് പ്രബന്ധം രചിക്കും. പാര്‍ടി സമ്മേളനം നടക്കുന്നു. പറയത്തക്ക പ്രശ്നങ്ങളൊന്നും എവിടെയും ഇല്ല. നേതാക്കളെ തമ്മില്‍തമ്മിലും പാര്‍ടിയും നേതാക്കളും തമ്മിലും ഭിന്നിപ്പിക്കാനോ ഭിന്നിപ്പുണ്ടെന്ന് വരുത്താനോ വാര്‍ത്തകള്‍ ഏതുമില്ല. എന്നിട്ടും ഇരുട്ടില്‍ കണ്ടന്‍പൂച്ചയെ തപ്പുകയാണ്. വെറുതെ എന്തിന് പിള്ളയെയും ഉമ്മന്‍ചാണ്ടിയെയും ന്യായീകരിച്ച് സമയം കളയണം; പാര്‍ടി സമ്മേളനം വരികയല്ലേ; അതില്‍ കയറിപ്പിടിച്ചാല്‍ പണി കുറയും; ഗുണം കൂടും- ഇതാണ് മനോരമയുടെ പരമ്പരാഗതസിദ്ധാന്തം
 
അങ്ങനെയാണ്, പാര്‍ടി സമ്മേളനങ്ങള്‍ക്ക് നല്ല നമസ്കാരം പറഞ്ഞ് ഇടത്തുവീശി; വലത്തുവീശി തുടങ്ങിയത്. നിയമസഭയില്‍ കെ പി മോഹനന്‍ കാലെടുത്തുവച്ചതുപോലെയാണ് തുടക്കം. പരമ്പരയുടെ കാല് ഡസ്കിലേക്ക് പൊങ്ങിയപ്പോള്‍ അനാവൃതമായത് മനോരമയുടെ നഗ്നതയാണ്. കമ്യൂണിസ്റ്റ് വിരോധത്തിന്റെ ഈ നഗ്നത കൊണ്ടാണ് എന്നും കോണ്‍ഗ്രസിനെ രക്ഷിച്ചിട്ടുള്ളത്. അതിനായി പണ്ട് ചുമ്മാതെങ്കിലും ചുമ്മാതല്ലെന്ന് തോന്നിച്ച് എഴുതുന്ന ചിലരൊക്കെയുണ്ടായിരുന്നു. അല്‍പ്പസ്വല്‍പ്പം ഗുണവും മണവുമുള്ള അവര്‍ക്കുപകരം ഇന്നുള്ളത് കുറെ പൈതങ്ങള്‍ മാത്രം. അങ്ങനെ പൈതല്‍പരമ്പര ആരംഭിച്ചു. എഴുതിയിട്ടും എഴുതിയിട്ടും മുന്നോട്ടുപോകുന്നില്ല. പുതിയത് ഒന്നുമില്ല. പണ്ട് പറഞ്ഞതും പടയില്‍ തോറ്റതും പാട്ടുപാടിയതും പയ്യാരം കളിച്ചതും എഴുതി മുടിക്കുകയാണ് പൈതല്‍പട. ആരും ഗൗനിച്ചിട്ടില്ല. ഗൗനിക്കാനുള്ള കോപ്പൊന്നും വന്നതുമില്ല. എന്തായാലും സമ്മേളനമല്ലേ-ആചാരവെടി നിര്‍ബന്ധമാണ്. സിപിഐ എമ്മിന്റെ സമ്മേളനം നടക്കുമ്പോള്‍ ഒരു പരമ്പരയെങ്കിലും എഴുതിയില്ലെങ്കില്‍ മാമ്മന്‍ മാപ്പിളയുടെയും മാത്തുക്കുട്ടിച്ചായന്റെയും ആത്മാക്കളോട് എന്ത് സമാധാനം പറയും. കര്‍മം ചെയ്യുക നമ്മുടെ ധര്‍മം; കര്‍മഫലം തരും യഥാര്‍ഥ പടച്ചോന്‍

From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Monday, October 24, 2011 10:51 AM
Subject: [www.keralites.net] സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെ കാലം
 
Fun & Info @ Keralites.net
 
സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെയും ജയരാജ ഗീര്‍വാണത്തിന്റെയും കാലമാണെന്ന്‌ അടക്കം പറയുന്നത്‌ അണികള്‍തന്നെ. പാര്‍ട്ടിക്ക്‌ ആണികളായി മാറിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന സഖാക്കള്‍ എന്തിനും മുതിര്‍ന്നവരാകുന്നതാണിപ്പോള്‍ സമ്മേളനങ്ങളിലെ ചര്‍ച്ച. രാജേഷിന്റെ വിലാപം, ഒരു ഗദ്‌ഗദത്തില്‍ ഒതുക്കാമായിരുന്നുവെന്നുമുണ്ട്‌ അഭിപ്രായം. പാര്‍ട്ടി പത്രത്തിന്റെ ഒരു യൂണിറ്റില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സഖാവ്‌ തന്നെയാണ്‌ സ്വകാര്യമായി ഈ അഭിപ്രായം പങ്കുവെയ്‌ക്കുത്‌. പരസ്യമായി പറഞ്ഞാല്‍ സികെപി പത്മനാഭന്റെ അനുഭവമുണ്ടാകുമെന്നാണു പേടി.
സ്‌ത്രീ ശാപം പണ്ട്‌ അവിഭക്ത പാര്‍ട്ടിയുടെ കാലം മുതല്‍ക്കേയുള്ളതാണ്‌. ഗൗരിയമ്മ സഖാവിനെ ടി വി തോമസ്‌ സഖാവ്‌ നിയമപരമായി സ്വന്തമാക്കിയപ്പോള്‍, നിയമപരമായല്ലാതെ ഒളിവില്‍ വെച്ച്‌ സ്വന്തമാക്കിയ മറ്റൊരു സ്‌ത്രീയും അവര്‍ക്കൊരു കുഞ്ഞുമുണ്ടായിരുന്നുവെന്നത്‌ ഇപ്പോള്‍ രഹസ്യമല്ല. ശാപമോ എന്തോ ഗൗരിയമ്മ- തോമസ്‌ ദാമ്പത്യം അധികം നീണ്ടില്ല. പാര്‍ട്ടിക്കൊപ്പം പിളര്‍ന്ന ലോകത്തിലെ തന്നെ അപൂര്‍വ ദാമ്പത്യമായി അതു മാറി.
കാലം കുറേ കഴിഞ്ഞ്‌ ശശി സഖാവിന്റെ വീരേതിഹാസങ്ങളുടെ കൂട്ടത്തിലാണ്‌ പിന്നെയും സ്‌ത്രീയും ശാപവും രംഗപ്രവേശം ചെയ്യുന്നത്‌. അതു കേരളം ചര്‍ച്ച ചെയ്‌തു കഴിഞ്ഞതാണ്‌. ഏഷ്യാനെറ്റിലെ ഷാജഹാന്‌ ശശീന്നു പറഞ്ഞപ്പോള്‍ രണ്ടടിയും കിട്ടി. ശശി പുറത്തു പോയി വക്കീല്‍ കുപ്പായമിട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും നല്ല സ്വാധീനം. സികെപിക്ക്‌ സീറ്റു കിട്ടാതിരുന്നതും കുറച്ചൂടെ കഴിഞ്ഞപ്പോള്‍ പണ്ടെങ്ങോ കര്‍ഷക സംഘം ഓഫിസ്‌ സെക്രട്ടറി കാശ്‌ കൈകാര്യം ചെയ്‌തതിലെ പിശകിന്റെ പേരില്‍ സികെപിയെ തരംതാഴ്‌ത്തിയതുമെല്ലാം ആ സ്വാധീനത്തിന്റെ തെളിവുമായി. പക്ഷേ, പാര്‍ട്ടിയില്‍ മഹാ മന്നനായി വിളങ്ങിയിരുന്ന ആ കാലം ഇനി തിരിച്ചു വരാനിടയില്ലെന്നുറപ്പാണല്ലോ. അതാണു സ്‌ത്രീ ശാപത്തിന്റെ ശക്തി. എറണാകുളത്തെ കോട്ടമുറിക്കല്‍ സഖാവിന്റെ ഗതി ഗോപിയായതിനു സ്‌ത്രീ നേരിട്ട്‌ പരാതിക്കാരിയായില്ലെങ്കിലും പങ്കാളിയായി. എല്ലാം കഴിഞ്ഞ്‌ വെള്ള പാന്റും ഷര്‍ട്ടുമിട്ട വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ രൂപത്തിലും കാക്കിയിട്ട ഹൈവേ പൊലീസിന്റെ രൂപത്തിലുമാണ്‌ ഇപ്പോള്‍ സ്‌ത്രീ ശാപം. ആദ്യത്തേതിലും രണ്ടാമത്തേതിലും ചുറുചുറുക്കുള്ള രാജേഷ്‌ സഖാവാണ്‌ ആരോപണ വിധേയന്‍.  സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മാമുക്കോയ പറയുന്നതുപോലെ, നന്നായിട്ടൊന്നു ശ്രമിച്ചാല്‍ ഇപ്പോഴും നല്ലൊരുത്തനെയൊക്കെ പാര്‍ട്ടിയില്‍ നിന്നു കിട്ടും.   പക്ഷേ, പറഞ്ഞിട്ടെന്താ. കാലം മാറി കഥ മാറി. പെണ്ണ്‌ പറയുന്നതിനാണിപ്പോള്‍ വില. പിടിച്ചെന്നു പറഞ്ഞാല്‍ പിടിച്ചെന്നുതന്നെ. സ്വയം ന്യായീകരിച്ചു രക്ഷപ്പെടാനൊന്നും കഴിയില്ല. റിപ്പോര്‍ട്ടിംഗില്‍ തോറ്റു തുന്നം പാടുന്ന ലേഡി ജേര്‍ണലിസ്റ്റുകള്‍ ചാനലില്‍ പ്രതിവാര ഫെമിനിസ്റ്റ്‌ പംക്തി തുടങ്ങുന്നതു സഹിക്കാം. ഇതു പക്ഷേ, തടിയില്‍ മണ്ണു പറ്റുന്ന കേസാണ്‌. രജനി കുമാരിയായാലും ഷംലാ കുമാരിയായാലും സൂക്ഷിച്ചില്ലെങ്കില്‍ പാരയാകും. ഭര്‍ത്താവ്‌ കണ്ണുരുട്ടിയാല്‍ ജാമ്യമില്ലാത്ത കുറ്റമാക്കുന്ന ഐപിസി 498 എ എന്ന വിഖ്യാത വകുപ്പിന്റെ കാലമാണ്‌.
ജഡ്‌ജിമാരെ ശുംഭന്‍മാര്‍ എന്നു വിളിച്ചു കുരുക്കിലായിട്ടും കണ്ണൂരിന്റെ ശൗര്യം വിടാത്ത എം വി ജയരാജന്റെ പുതിയ ഗീര്‍വാണമാണ്‌ ഇപ്പോള്‍ മറ്റൊരു പുലിവാല്‍. പക്ഷേ, പാര്‍ട്ടിക്കാരും പൊലീസു മാത്രമാണ്‌ അങ്ങനെ ചിന്തിക്കുന്നത്‌ എന്നതാണ്‌ രസം. ജയരാജനു യാതൊരു കുലുക്കവുമില്ല. പിള്ളേര്‍ക്കു നേരേ വെടിവെച്ച കോഴിക്കോട്‌ എസിപിയെ യൂണിഫോമില്ലാതെ കിട്ടിയാല്‍ നല്ല അടിവെച്ചു കൊടുത്തുകൊള്ളാനാണ്‌ ജയരാജന്റെ ആഹ്വാനം. എന്നുപറഞ്ഞാല്‍, നിയമം കൈയിലെടുത്തോളൂ, കൈയും കാലും തല്ലിയൊടിച്ചോളൂ എന്നാണ്‌ സഖാക്കളോട്‌ ജയരാജന്‍ പറഞ്ഞത്‌. അതാകട്ടെ, രാധാകൃഷ്‌ണ പിള്ളപ്പൊലീസിനു മാത്രമായി ബാധകമാകുന്ന കാര്യമല്ല താനും. മുന്‍ കാല പ്രാബല്യമുണ്ടെങ്കില്‍ എത്രയെത്ര പൊലീസുകാര്‍ കൈയും കാലും പ്ലാസ്റ്ററിട്ട്‌ നടക്കേണ്ടിവരും. പണ്ട്‌ പാര്‍ട്ടിക്കാരെ തല്ലിയ പലരും റിട്ടയര്‍ ചെയ്‌ത്‌ യൂണിഫോമില്ലാതെ ജീവിക്കുകയാണ്‌. അവര്‍ക്ക്‌ ഇനി നിലത്തുനില്‍ക്കാന്‍ സമയം കിട്ടിയില്ലെന്നുവരും. ജയരാജന്റെ ആഹ്വാനം കേട്ട സഖാക്കള്‍ അവരെയൊക്കെ തല്ലിക്കളിക്കാന്‍ തുടങ്ങിയാല്‍...?
ഏതായാലും കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്ന സ്ഥിതിക്ക്‌ പാര്‍ട്ടിക്ക്‌ ചെയ്യാനുള്ള ഒരേയൊരു കാര്യം എന്താണെന്നോ..? ജയരാജന്റെ ആഹ്വാനങ്ങള്‍ നിയമവിധേയമാക്കാന്‍ നിയമഭേദഗതിക്ക്‌ സമരം ചെയ്യുക. ഒപ്പം ഒരു ഭേദഗതി ബില്ല്‌ ഡ്രാഫ്‌റ്റ്‌ ചെയ്യുകയുമാകാം. ഭരണം കിട്ടുമ്പോള്‍ അത്‌ സഭയില്‍ അവതരിപ്പിച്ചാല്‍ മതിയല്ലോ. പിന്നെ, ശബ്ദതാരാവലിയൊന്ന്‌ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ജയരാജ പ്രയോഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താനും ശ്രമം തുടങ്ങാവുന്നതാണ്‌.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment