Wednesday 14 September 2011

[www.keralites.net] Pranayam Review

 

പ്രണയത്തിന് പ്രായമില്ല
 
കെ.സുരേഷ്‌

പ്രണയം ചിലപ്പോള്‍ മരണംതന്നെയാണ്. ഭൗതികമായ എല്ലാ ആസ്പദങ്ങളില്‍നിന്നുമുള്ള മോചനം. വെട്ടിപ്പിടിച്ചും ചിലപ്പോള്‍ കീഴടങ്ങിയും നിങ്ങളതിനെ സ്വന്തമാക്കാന്‍ ശ്രമിക്കും. കീഴടക്കാന്‍ ആഗ്രഹിക്കും. സ്വയം നഷ്ടപ്പെട്ട് അതിനുമുന്നില്‍ ഇടറിവീഴുകയും സ്വയംമറന്ന് ആഹ്ലാദിക്കുകയും ചെയ്യും. നഷ്ടപ്പെട്ടതിനെയോര്‍ത്ത് കണ്ണീരണിഞ്ഞും കിട്ടിയതിനെച്ചൊല്ലി ആഹ്ലാദിച്ചും നിങ്ങളതിനെ വരിക്കും. യുദ്ധഭൂമിയിലെ പോരാളിയെപ്പോലെ... അറവുശാലയിലെ മൃഗത്തെപ്പോലെ നിങ്ങള്‍ക്ക് അതിനെ എങ്ങനെയും സ്വീകരിക്കാം. വിധിയെ പഴിക്കാം, നിയോഗത്തില്‍ വിശ്വസിക്കാം. അതേ, പ്രണയം ജീവിതംതന്നെയാണ്. ഒരേസമയം ജീവിതം പോലെത്തന്നെ ലളിതവും സങ്കീര്‍ണവുമാണ് പ്രണയത്തിന്റെ വഴികള്‍. ലോകത്ത് ഇന്നോളം എഴുതുകയും ആവിഷ്‌കരിക്കപ്പെടുകയും ചെയ്ത എല്ലാ സൃഷ്ടികളുടെയും ആഴങ്ങളില്‍ പ്രണയം കൊത്തിവെച്ചിട്ടുണ്ട്.

സിനിമയില്‍ അത് പല പേരുകളില്‍, ഭാവങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കുടിപ്പകയുടെയും അധോലോകത്തിന്റെയും സ്‌ലംഡോഗിന്റെയും കഥ പറയുമ്പോഴും അതിന്റെയെല്ലാം അടിയില്‍ പ്രണയം പതുങ്ങിനില്പുണ്ടായിരുന്നു, എന്നും.

ഓരോതവണയും വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്നത് എന്ന് ആവര്‍ത്തിച്ചുപറയുമ്പോഴും 'അവളെ' സ്വന്തമാക്കാനുള്ള 'അവന്റെ' ആവേശവും ആസക്തിയും അതിനെ തടയാനുള്ള 'മറ്റവന്റെ' ശ്രമങ്ങളും പോരാട്ടങ്ങളുംതന്നെയായിരുന്നു പ്രണയത്തിന്റെ പ്രമേയലോകം. അവനെ വധിച്ച് അവളെ സ്വന്തമാക്കുന്നിടത്തോ, അവന്‍ അവളെ കണ്ടെത്തുന്നിടത്തോ, വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് അവള്‍ അവനില്‍ എത്തിച്ചേരുന്നിടത്തോ അവനെ പിരിഞ്ഞതില്‍ മനമുരുകി അവള്‍ മരിക്കുന്നിടത്തോ പ്രണയം/സിനിമ അവസാനിച്ചുകൊണ്ടിരുന്നു.

ബ്ലസ്സിയുടെ പുതിയ ചിത്രമായ 'പ്രണയ'ത്തില്‍ പക്ഷേ, ശരിക്കും പ്രണയം സംഭവിച്ചിരിക്കുന്നു. കീഴടങ്ങലും വിട്ടുകൊടുക്കലും മനസ്സിലാക്കലും ഏറ്റുപറയലും നഷ്ടപ്പെടലും പ്രണയത്തിന്റെ ഭാഷയായി മാറുന്ന അപൂര്‍വതയുണ്ട് ഈ പ്രണയത്തിന്. ജീവിതത്തില്‍ അതെന്നും അങ്ങനെ ആയിരുന്നെങ്കിലും സെല്ലുലോയ്ഡില്‍ അങ്ങനെയല്ല ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. സൂക്ഷ്മമായ വിചാരണയില്‍ ഒട്ടേറെ വിമര്‍ശനങ്ങളും പരിമിതികളും ഉണ്ടെങ്കിലും മലയാളസിനിമയിലെ ഏറ്റവും സങ്കീര്‍ണവും സംഘര്‍ഷാത്മകവുമായ പ്രണയ/മനുഷ്യബന്ധമാണ് ബ്ലസ്സി പ്രണയത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം.

രണ്ടു പുരുഷന്മാര്‍ ഒരേ സ്ത്രീയെ പ്രണയിക്കുക, അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ ഒരേ പുരുഷനെ സ്‌നേഹിക്കുക, ഒടുവില്‍ ഇരുവരുടെയും പ്രണയത്തെ ഒരേസമയം ഉള്‍ക്കൊള്ളാന്‍/താങ്ങാനാകാതെ അവന്‍/അവള്‍ എല്ലാ സ്‌നേഹത്തില്‍നിന്നും ഓടിയൊളിക്കുക (ഓര്‍മയില്‍ വരുന്ന പേരുകള്‍: നഖക്ഷതങ്ങള്‍, ഹരികൃഷ്ണന്‍സ്, സുകൃതം) തുടങ്ങിയ 'ത്രികോണ' പ്രണയസിനിമകള്‍ നമ്മള്‍ ഇതിനുമുമ്പും കണ്ടിട്ടുണ്ട്.

എന്നാല്‍, രണ്ടു പുരുഷന്മാരും ഒരേ സ്ത്രീയെ പ്രണയിക്കുകയും (അല്ല; കല്യാണം കഴിക്കുകയും) അവരോടുള്ള സ്‌നേഹവും ആദരവും ഒരംശംപോലും ചോരാതെ ജീവിതാന്ത്യംവരെ കാത്തുസൂക്ഷിക്കുകയും ആ പ്രണയത്തെ മൂവരും തുല്യഅളവില്‍ ഏറ്റുവാങ്ങുകയും അതിന്റെ പേരില്‍ ഒരുപോലെ നിസ്സഹായരാകുകയും സ്‌നേഹംകൊണ്ടുതന്നെ അതിനെ മറിക്കടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജീവിതാവസ്ഥയുടെ വേദനയും ആഹ്ലാദവുമുണ്ട് 'പ്രണയ'ത്തിലെ പ്രണയബന്ധങ്ങള്‍ക്ക്. ആ ബന്ധത്തിലൂടെ അവര്‍ അവരെത്തന്നെ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിന്റെ ചാരുതയും. അനുപം ഖേര്‍ അവതരിപ്പിക്കുന്ന അച്യുതമേനോന്‍ എഴുപതിനോടടുത്ത് പ്രായമായ (പ്രായം 67 ആണെന്ന് ഗ്രേസ് ഒരിക്കല്‍ ഓര്‍ത്തെടുത്ത് പറയുന്നുണ്ട്) മനുഷ്യനാണ്.
ഗ്രേസ് മാത്യൂസും (ജയപ്രദ) ഭര്‍ത്താവ് മാത്യൂസും (മോഹന്‍ലാല്‍) അറുപതിനോടടുക്കുന്നവരാണ്.

വാര്‍ധക്യവും രോഗാവസ്ഥയും ഏകാന്തതയും മാത്യൂസിനെയും അച്യുതമേനോനെയും ഒന്നാക്കിമാറ്റുന്നുവെങ്കില്‍ മാത്യൂസിന്റെ ഒരുഭാഗം തളര്‍ന്ന ശരീരവും ആ ശരീരത്തോടും മനസ്സിനോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത കരുതലും സ്‌നേഹവുമാണ് ഗ്രേസിന്റെ ജീവിതം. ഗ്രേസ് എന്ന അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി ഹ്രസ്വകാലംമാത്രം നിലനിന്ന ദാമ്പത്യത്തിന്റെ ഓര്‍മയും ആഹ്ലാദവുമാണ് അച്യുതമേനോനെ ജീവിപ്പിക്കുന്നത്. വാര്‍ധക്യത്തില്‍ മൂവരുംതമ്മിലുള്ള ആകസ്മികമായ കണ്ടുമുട്ടലിലും ഒത്തുചേരലിലുമാണ് 'പ്രണയം' സംഭവിക്കുന്നത്.

കോളേജില്‍ തത്ത്വശാസ്ത്രം പഠിപ്പിച്ചിരുന്ന മാത്യൂസിന് ഗ്രേസിന്റെ പഴയകാലബന്ധത്തെ, തന്റെ അറിവിന്റെയും അനുഭവത്തിന്റെയും പ്രണയത്തിന്റെയും 'വലിപ്പം'കൊണ്ട് ഉള്‍ക്കൊള്ളാനാകുമെന്ന് അദ്ദേഹംതന്നെ പറയുന്നുണ്ട്. വാര്‍ധക്യത്തിന്റെയും പ്രണയത്തിന്റെയും നിസ്സഹായതകളുടെയും ലയത്താല്‍ അവര്‍ മൂവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

അവിടെ, പ്രണയത്തിന്റെ നാമത്തില്‍ മൂവരും ഒന്നായിത്തീരുന്നു. അല്ലെങ്കില്‍ പ്രണയംതന്നെ അപ്രസക്തമായിപ്പോകുന്ന സ്‌നേഹത്തില്‍ അവര്‍ ഒരുപോലെ അനാഥരും ഒരുപോലെ സനാഥരുമാണ്.

വ്യാമോഹങ്ങളുടെയും കല്പനകളുടെയും കൂടുവിട്ട് പ്രണയം പച്ചയായ സ്‌നേഹമാകുമ്പോള്‍ ഗ്രേസ് ഒരറ്റത്ത് ഭര്‍ത്താവ് മാത്യൂസിന്റെയും മറുവശത്ത് അച്യുതമേനോന്റെയും കൈപിടിക്കുന്നു. അപൂര്‍വമായ കാഴ്ചതന്നെയാണത്.

കുടുംബത്തിന്റെയും സദാചാരത്തിന്റെയും ഘടനകള്‍ക്ക് പുറത്തുനില്‍ക്കുന്നതാണ് ഈ സ്ത്രീപുരുഷബന്ധം.
ആധുനികമെന്ന് നാം വിളിക്കുന്ന കുടുംബഘടനയ്ക്കാണ് ഇത്തരം ബന്ധങ്ങളെ ഒട്ടും ഉള്‍ക്കൊള്ളാനാകാത്തത്. 'പ്രണയ'ത്തില്‍ അച്യുതമേനോന്റെയും മാത്യൂസിന്റെയും കുടുംബങ്ങള്‍ ഈ ത്രികോണപ്രേമത്തിനുനേരെ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതതന്നെയാണ് അതിന് തെളിവ്. ഈ 'വൃദ്ധ പ്രണയം' അവരുടെ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് നല്‍കുന്ന അപമാനങ്ങളെക്കുറിച്ച് അവര്‍ മൂവരെയും ഓര്‍മിപ്പിക്കുന്നുണ്ട്. മാത്യൂസിന് താത്ത്വികമായും അച്ചുതമേനോന് വൈകാരികമായും അതിനെ മറികടക്കാനാകുന്നു. എന്നാല്‍, ഗ്രേസിന് 'പാഞ്ചാലി' എന്ന പഴി കേള്‍ക്കേണ്ടിവരുന്നു. ശരീരം തളര്‍ന്ന മാത്യൂസിന് പകരക്കാരനായാണ് ഗ്രേസ് അച്ചുതമേനോനിലേക്ക് എത്തിയതെന്ന് സ്വന്തം മകള്‍ തന്നെ ഗ്രേസിനെ ശപിക്കുന്നുണ്ട്.

ഒരേസമയം അച്ചുതമേനോന്റെയും മാത്യൂസിന്റേയും സ്‌നേഹങ്ങള്‍ക്കിടയില്‍പ്പെടുന്ന ഗ്രേസിന്റെ സംഘര്‍ഷം സ്‌നേഹത്തെ ഒരു തടവറ കൂടിയാക്കി മാറ്റുന്നു. 'പ്രണയം' എന്ന ചിത്രം കൈകാര്യം ചെയ്ത വിഷയവും പരിചരണരീതിയുമെല്ലാം ആ ഘട്ടം വരെ സിനിമയെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നു. പക്ഷേ, ചിത്രത്തിന്റെ ഒടുവില്‍ ഇരുസ്‌നേഹത്തില്‍നിന്നും ഗ്രേസിനെ മോചിപ്പിക്കാന്‍ സംവിധായകന്‍/തിരക്കഥാകൃത്ത് കണ്ടെത്തിയ മാര്‍ഗം പ്രണയം മുന്നോട്ടുവെച്ച എല്ലാ സാധ്യതകളെയും ദുര്‍ബലമാക്കുന്നു എന്നുകൂടി പറയാതെ വയ്യ.

അച്ചുതമേനോനോടുള്ള അനുകമ്പയും ആ ബന്ധം അവളില്‍ ഉണര്‍ത്തുന്ന കുറ്റബോധവും അവളെ അരക്ഷിതയാക്കുന്നു. അവര്‍ രണ്ടുപേരും മാത്രമായ മുഹൂര്‍ത്തത്തില്‍ 'എല്ലാ വേദനകളും മറന്നുപോകുന്ന' ഒരു നിമിഷംകൂടി...'പ്രണയം' മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ആ ഒരു നിമിഷംകൂടി, ആ സ്പര്‍ശം കൂടി സ്‌നേഹത്തിന്റെ മറ്റൊരുതലമായി അംഗീകരിക്കപ്പെടേണ്ടതും സാധൂകരിക്കപ്പെടേണ്ടതുമായിരുന്നു.
പക്ഷേ, അവിടെ ബ്ലസിയും പതിവ് സദാചാര സങ്കല്പങ്ങളില്‍ത്തന്നെ തട്ടിനിന്നു. നാലര പതിറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ 'ചെമ്മീനി'ല്‍ പറയുന്ന 'കടലില്‍ പണിയെടുക്കുന്ന മുക്കുവന്റെ ജീവിതം കരയില്‍ അവനെ കാത്തിരിക്കുന്ന സ്ത്രീയുടെ പാതിവ്രത്യത്തിലാണ് കുടിയിരിക്കുന്നത്' എന്ന അതേ ആശയം തന്നെയാണ് പ്രണയവും മുന്നോട്ടുവെക്കുന്നത്.

ഭര്‍ത്താവ് ശരീരം തളര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കിടക്കുമ്പോള്‍ മറ്റൊരു പുരുഷന്റെ സ്‌നേഹത്തിലേക്ക് എത്തിപ്പെട്ട ഗ്രേസിന് ദുരന്തം സംഭവിക്കുന്നതിനെ അങ്ങനെയേ വ്യാഖ്യാനിക്കാനാകൂ.

ഗ്രേസിന് ഇരുവരോടുമുള്ള സ്‌നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ മൂവര്‍ക്കും പരസ്പരം ബോധ്യപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. ആ ആശയത്തിലാണ് പ്രണയം എന്ന ചിത്രം വളരുന്നത്. പക്ഷേ, ശരീരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ ബ്ലസിയും ഭയക്കുന്നു.

'സദാചാരം' വിട്ടുപെരുമാറിയ സ്ത്രീകള്‍ മലയാളസിനിമയില്‍ പാമ്പുകടിയേറ്റും ഇടിമിന്നലേറ്റും മരിച്ചിട്ടുണ്ട്. ഗ്രേസിന് സംഭവിച്ച 'ദുരന്ത'വും മറ്റൊന്നല്ല.

രണ്ടുപേര്‍ തമ്മില്‍ സ്‌നേഹിക്കുന്നതിന് രതി എന്ന അര്‍ഥം മാത്രമേയുള്ളോ എന്ന് സ്വന്തം മകളോട് ചോദിക്കുന്ന ഗ്രേസിനെ പക്ഷേ, വിധി അതേ കെണിയില്‍ കുരുക്കിയിട്ടു എന്നുവേണം കരുതാന്‍ .

പ്രണയം തുടരുകതന്നെയാണ്. ഒടുവില്‍ വീല്‍ചെയറില്‍ മാത്യൂസിനെയും ഇരുത്തി യാത്രയാകുന്ന അച്ചുതമേനോന്റെ ദൃശ്യം അത് ഉറപ്പുതരുന്നു.

വിരല്‍ത്തുമ്പിലും കണ്‍പീലികളിലും വരെ അഭിനയത്തിന്റെ മഹാസിദ്ധികള്‍ ഒളിപ്പിച്ചുവെച്ച മോഹന്‍ലാലിനെ പ്രണയത്തിലൂടെ ഒരിക്കല്‍ക്കൂടി കാണാനായി.
മാത്യൂസായി മോഹന്‍ലാല്‍ രോഗക്കിടക്കയില്‍ കിടക്കുമ്പോള്‍, നമുക്കും തോന്നും അയാള്‍ക്ക് ഒരിക്കലും ആ കിടപ്പില്‍നിന്ന് എഴുന്നേല്‍ക്കാനാവില്ലെന്ന്.

മലയാളത്തിലെ ആദ്യസിനിമയായിട്ടും ഇവിടെ നമുക്കിടയില്‍ ജീവിക്കുന്ന ഏതോ അച്ചുതമേനോനായി അനുപംഖേറും. പക്ഷേ, ഗ്രേസിന്റെ സംഘര്‍ഷങ്ങളെ മുഴുവന്‍ ആവിഷ്‌കരിക്കാന്‍ ജയപ്രദ മതിയായോ എന്ന ചോദ്യവും പ്രണയം കണ്ടു കഴിയുമ്പോള്‍ അവശേഷിക്കുന്നുണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment