Thursday 22 September 2011

[www.keralites.net] ഖുര്‍ആന്‍ മാത്രം സംസാരിച്ച സ്ത്രീ

 

ഖുര്‍ആന്‍ മാത്രം സംസാരിച്ച സ്ത്രീ  
അബ്ദുല്ലാഹിബ്നു മുബാറക്ക് ഒരിക്കല്‍ തന്‍റെ ഹജ്ജ് യാത്രക്കിടയില്‍  മരച്ചില്ലയില്‍ ഇരിക്കുന്ന ഒരു അറബി വനിതയെ കണ്ടു. ഈ കാഴ്ച കണ്ട് അദ്ദേഹത്തിന് വിഷമം തോന്നി. ഉല്‍ക്കണ്ഠയോടെ അദ്ദേഹം അവരോട് ചോദിച്ചു. അവരുടെ സംസാരം താഴെ പറയുന്ന രീതിയിലായിരുന്നു.

അബ്ദുല്ലാഹിബുനു മുബാറക്ക്: അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്
വനിത: സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം (യാസീന്‍:58)
സലാമിന്‍റെ മറുപടി അല്ലാഹുവില്‍ നിന്നാണ് എന്നാണ് അവര്‍ ഉദ്ദേശിച്ചത്
പിന്നെ അവര്‍ പറഞ്ഞു 
"ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല"(അ-അറാഫ്:186)                                                                                                       
അവര്‍ വഴിതെറ്റിയാണ് അവിടെ എത്തിയതെന്നാണ് ഉദ്ദേശം
അബ്ദുല്ലാഹിബുനു മുബാറക്ക്: നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?
വനിത:"തന്‍റെ ദാസനെ(നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക്-അതിന്‍റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു-നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍.......(ഇസ്രാ:1)
മസ്ജിദുല്‍ അഖ്സയില്‍ നിന്നാണ് താന്‍ വരുന്നതെന്നാണ് അവര്‍ അര്‍ത്ഥമാക്കിയത്.
അബ്ദുല്ലാഹിബുനു മുബാറക്ക്: നിങ്ങള്‍ എത്ര നേരമായി ഇവിടെ എത്തിയിട്ട്?
വനിത: മൂന്ന് രാത്രികള്‍(മറിയം:10)
അബ്ദുല്ലാഹിബുനു മുബാറക്ക്:നിങ്ങളുടെ ഭക്ഷണത്തിന് എന്ത് ഏര്‍പ്പാടാണ് ചെയ്തിട്ടുള്ളത്?
വനിത: എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍(ശുഅറാ:79)
എങ്ങിനെയെല്ലാമോ അവര്‍ക്കുള്ള ഭക്ഷണവും കുടിവെള്ളവും അല്ലാഹു അവര്‍ക്ക് എത്തിക്കുന്നു എന്നര്‍ത്ഥം
അബ്ദുല്ലാഹിബുനു മുബാറക്ക്: വുളു എടുക്കാന്‍ താങ്കളുടെ കയ്യില്‍ വെള്ളമുണ്ടോ?
വനിത:"......എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക.എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക(നിസാ:43) 
വെള്ളം കിട്ടാത്തതു കൊണ്ട് പ്രാര്‍ത്ഥനകള്‍ക്ക് അവര്‍ തയമ്മും ചെയ്യുകയായിരുന്നു എന്ന് അര്‍ഥം.
അബ്ദുല്ലാഹിബുനു മുബാറക്ക്:ഇതാ കുറച്ച് ഭക്ഷണം  ഇതെടുത്തു കൊള്ളൂ
വനിത: ".......എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായും അനുഷ്ഠിക്കുകയും ചെയ്യുക......"(അല്‍ ബഖറ:187)
താന്‍ വ്രതാനുഷ്ഠാനത്തിലാണ് എന്നാണ് അവര്‍ ഉദ്ദേശിച്ചത്.
അബ്ദുല്ലാഹിബുനു മുബാറക്ക്: ഇത് മാസം റമദാന്‍ അല്ലല്ലോ?
വനിത: "......ആരെങ്കിലും സല്‍ക്കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു"(അല്‍ബഖറ:158)
താന്‍ സുന്നത്ത് നോമ്പാണ് എടുത്തിരിക്കുന്നതെന്ന് ഉദ്ദേശം                                                          
അബ്ദുല്ലാഹിബുനു മുബാറക്ക്: യാത്രയിലായിരിക്കുമ്പോള്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ടല്ലോ?
വനിത: നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം(അല്‍ബഖറ:184)
അബ്ദുല്ലാഹിബുനു മുബാറക്ക്: നിങ്ങള്‍ ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞാനെന്താണ് പറയുക?
വനിത: അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല (കാഫ്:18)
മനുഷ്യന്‍റെ വായില്‍ നിന്ന് പുറത്ത് വരുന്ന ഓരോ വാക്കും നിരീക്ഷിക്കാനും രേഖപ്പെടുത്താനുമായി ഒരാളുണ്ടെന്ന്  ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ഖുര്‍ആനിലെ വാക്കുകള്‍ സംസാരിച്ച് കൊണ്ട് അക്കാര്യത്തില്‍ അവര്‍ മുന്‍കരുതലെടുക്കുകയാണെന്നും അവര്‍ അര്‍ത്ഥമാക്കുന്നു.
അബ്ദുല്ലാഹിബുനു മുബാറക്ക്: താങ്കള്‍ ഏത് കുടുബ വംശത്തില്‍ പെട്ടവളാണ്?‍
വനിത: നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി,കാഴ്ച,ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്(ഇസ്ര:36)
നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിക്കുക വഴി നിങ്ങള്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് എന്നാണ് ഉദ്ദേശം.
അബ്ദുല്ലാഹിബുനു മുബാറക്ക്: എന്നോട് ക്ഷമിക്കുക. തീര്‍ച്ചയായും ഞാനൊരു തെറ്റ് ചെയ്തു.
വനിത: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വച്ച് ഏറ്റവും കാരുണീകനാകുന്നു( യൂസഫ്:92)
നിങ്ങളുടെ യാത്രാസംഘത്തെ കണ്ടെത്താന്‍ എന്‍റെ ഒട്ടക പുറത്ത് യാത്ര ചെയ്യാന്‍ താങ്കള്‍ ഇഷ്ടപ്പെടുന്നുവോ?
വനിത: നിങ്ങള്‍ ഏതൊരു സല്‍പ്രവര്‍ത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ് (അല്‍ബഖറ:197)
താങ്കള്‍ ഇങ്ങനെയൊരു ഉപകാരം എനിക്ക് ചെയ്താല്‍ അല്ലാഹു അതിന് മതിയായ പ്രതിഫലം നല്‍കുമെന്ന് സാരം
അബ്ദുല്ലാഹിബുനു മുബാറക്ക്: എന്നാല്‍ ഒട്ടകപ്പുറത്ത് കയറിക്കൊള്ളൂ" ഇതും പറഞ്ഞ് അദ്ദേഹം ഒട്ടകത്തിനെ അവര്‍ക്ക് കയറാന്‍ പാകത്തില്‍ നിലത്ത് ഇരുത്തി.
വനിത:(നബിയേ) നീ സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താന്‍ പറയുക......."(നൂര്‍:30)
അദ്ദേഹത്തിന് കാര്യം മനസ്സിലായി അദ്ദേഹം തിരിഞ്ഞ് ദൂരേക്ക് നോക്കി നിന്നു. അവര്‍ ഒട്ടകപ്പുറത്ത് കയറുമ്പോള്‍ ഒട്ടകം അനങ്ങുക വഴി അവരുടെ വസ്ത്രം ഇരിപ്പിടത്തില്‍ ഉടക്കി,ഉടനെ അവര്‍ പറഞ്ഞു "നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്(ശൂറ:30)
അവര്‍ ഇതുവഴി അബ്ദുല്ലാഹിബുനു മുബാറക്കിന്‍റെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു അദ്ദേഹത്തിന് അത് മനസ്സിലാവുകയും അദ്ദേഹം ഒട്ടകത്തിന്‍റെ കാലുകള്‍ കെട്ടുകയും ഒട്ടകത്തിന്‍റെ പുറത്തെ സീറ്റ് നേരെയാക്കി കൊടുക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ കഴിവിലും സാമര്‍ത്ഥ്യത്തിനും അംഗീകാരം പ്രകടിപ്പിച്ച് കൊണ്ട് അവര്‍ പറഞ്ഞു
 "അപ്പോള്‍ സുലൈമാന് നാം അത് മനസ്സിലാക്കി കൊടുത്തു......."(അന്‍ബിയ:79)
യാത്ര തുടങ്ങാറായപ്പോള്‍ അത് സംബന്ധമായ പ്രാര്‍ത്ഥന അവര്‍ ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്തു.
"........ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു (സഖ്റുഫ്:13,14)
അബ്ദുല്ലാഹിബുനു മുബാറക്ക് ഒട്ടകത്തിന്‍റെ മൂക്ക് കയറും പിടിച്ച്  യാത്രക്കിടയില്‍ അറബികള്‍ മൂളാറുള്ള ഒരു പാട്ടും മൂളികൊണ്ട് വളരെ വേഗം നടന്നു തുടങ്ങി.
വനിത: "നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക........." (ലുഖ്മാന്‍:19)
അദ്ദേഹത്തിന് കാര്യം മനസ്സിലായി. നടത്തം സാവകാശത്തിലാക്കി, മൂളിപ്പാട്ടിന്‍റെ ശബ്ദം കുറക്കുകയും ചെയ്തു.
വനിത:".......ഖുര്‍ആന്‍ പാരായണം ചെയ്യുക അത് നിനക്ക് എളുപ്പമാണ്........"(മുസമ്മില്‍:20)
മൂളിപ്പാട്ട് പാടുന്നതിനേക്കാളും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതാന് നല്ലതെന്നാണ്  ഇവിടെ ഉദ്ദേശം.
അദ്ദേഹം ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്യാന്‍ തുടങ്ങി
അവര്‍ വളരെ സന്തുഷ്ടയായി കൊണ്ട് പറഞ്ഞു
 "..........എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളു"(അല്‍ബഖറ:269)
കുറച്ച് നേരത്തെ ഖുര്‍ആന്‍ പാരായണത്തിന് ശേഷം അദ്ദേഹം അവരോട് ചോദിച്ചു "നിങ്ങള്‍ക്ക് ഭര്‍ത്താവ് ഉണ്ടോ"
വനിത:"സത്യവിശ്വാസികളേ,ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മന:പ്രയാസമുണ്ടാക്കും.........(മാഇദ:101)
അധികം വൈകാതെ  ആ സ്ത്രീയുടെ യാത്രാസംഘവുമായി അവര്‍ കണ്ടുമുട്ടി.
അബ്ദുല്ലാഹിബുനു മുബാറക്ക്: നിങ്ങളുടെ മക്കളോ ബന്ധുക്കളോ ഈ യാത്രാസംഘത്തിലുണ്ടോ?
വനിത: സ്വത്തും സന്താനങ്ങളും ഐഹീകജീവിതത്തിന്‍റെ അലങ്കാരമാകുന്നു (അല്‍ കഹ്ഫ്:46)
അവരുടെ മക്കള്‍ ആകൂട്ടത്തിലുണ്ടെന്നും താങ്കള്‍ക്ക് അവരുടെ പക്കല്‍ വിഭവങ്ങള്‍ ഉണ്ടെന്നും അര്‍ത്ഥം.
അബ്ദുല്ലാഹിബുനു മുബാറക്ക്: നിങ്ങളുടെ മക്കള്‍ ഈ യാത്രാസംഘത്തില്‍ എന്ത് ജോലിയാണ് ചെയ്യുന്നത്
(അവരെ അന്വേഷിക്കന്‍ സൗകര്യത്തിനായാണ് അദ്ദേഹം അങ്ങനെ ചോദിച്ചത്.)
വനിത: പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു (നഹ്-ല്‍:16)
യാത്രാസംഘത്തിലെ വഴികാട്ടിയാണ് അവര്‍ എന്ന് സാരം
അബ്ദുല്ലാഹിബുനു മുബാറക്ക്:എനിക്ക് അവരുടെ പേരുകള്‍ പറഞ്ഞ് തരാമോ?
വനിത: അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (നിസ:125)
"........മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു."(നിസാ:4:164)
"ഹേ യഹ്-യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ചു കൊള്ളുക........"(മറിയം:12)
ഈ സൂക്തങ്ങള്‍ പാരായണം ചെയ്യുക വഴി തന്‍റെ മക്കളുടെ പേരുകള്‍ ഇബ്രാഹീം,മൂസ,യഹ്-യ എന്നിങ്ങനെയാണെന്ന് അവര്‍ അറിയിച്ചു.
അബ്ദുല്ലാഹിബുനു മുബാറക്ക് ഈ പേരുകള്‍ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ മൂന്ന് യുവാക്കള്‍ അദ്ദേഹത്തിനടുത്തേക്ക് വന്നു.
വനിത: (തന്‍റെ മക്കളെ നോക്കി) നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന്‍ വല്ല ആഹാരവും കൊണ്ടുവരട്ടെ (അല്‍കഹ്ഫ്:19) 
 മറ്റൊരു അര്‍ത്ഥത്തില്‍ അബ്ദുല്ലാഹിബുനു മുബാറക്കിന് ഭക്ഷണം കൊടുക്കാനാണ് മക്കളോട് ആവശ്യപ്പെട്ടത്.
ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അവര്‍ അബ്ദുല്ലാഹിബുനു മുബാറക്കിനോട് പറഞ്ഞു
 " നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്ത് കൊള്ളുക"(ഹാഖ:24)  
അതോടൊപ്പം  അദ്ദേഹത്തിന്‍റെ അതുവരെയുള്ള നല്ല പെരുമാറ്റത്തിന് നന്ദിസൂചകമായി അവര്‍ മറ്റൊരു സൂക്തം കൂടി പാരായണം ചെയ്തു.
"നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?(അര്‍റഹ്മാന്‍:60)
ഈ ഒരു സൂക്തത്തോടെ അവരുടെ സംഭാഷണം മുറിഞ്ഞ് പോയി
അവരുടെ മക്കളില്‍ ഒരാള്‍ അബ്ദുള്ളാഹിബിനു മുബാറക്കിനോട് പറഞ്ഞു അയാളുടെ ഉമ്മ ഇതു പോലെ സംസാരിക്കാന്‍ അതായത് ഖുര്‍ആനിലെ സൂക്തങ്ങള്‍ ഉപയോഗിച്ച്  കൊണ്ട് സംസാരിക്കാന്‍ തുടങ്ങിയിട്ട് നാല്‍പ്പത് വര്‍ഷത്തോളമായി!.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഈ സംഭവത്തില്‍ നമ്മളെ ഏറെ ചിന്തിപ്പിക്കേണ്ടത്. സന്ദര്‍ഭത്തിനനുസരിച്ച് അവരുടെ വായില്‍ വരുന്ന ഖുര്‍ആന്‍ സൂക്തങ്ങളേക്കാള്‍ അത് പറയുക വഴി അവര്‍ കൊയ്തെടുത്ത നന്‍മകളാണ്. കാരണം ഖുര്‍ആനിലെ ഒരക്ഷരം പാരായണം ചെയ്യുക വഴി പത്ത് നന്‍മകളാണ് രേഖപ്പെടുത്തപ്പെടുന്നത്. സംസാരം പോലും നന്‍മയായി രേഖപ്പെടുത്തപ്പെടുക,അതും പത്തിരട്ടിയുള്ള നന്‍മ. "അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല" എന്ന സൂക്തമായിരിക്കണം അവരെ അതിന് പ്രചോദിപ്പിച്ചിട്ടുണ്ടാവുക. ഓര്‍ക്കുക നമ്മുടെ വായില്‍ നിന്ന് എന്തെല്ലാമാണ് പുറത്ത് വരാറുള്ളത്? ഇത്തരം പുണ്യത്മാക്കള്‍ ജീവിച്ച ഈ ഭൂമിക്ക് നാം വെറും ഭാരം മാത്രമാണോ?
"നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്(ശൂറ:30) സജ്ജനങ്ങള്‍ക്ക് അല്ലാഹു കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നതും മറ്റുള്ളവര്‍ക്ക് അത് ക്ലേശകരമാവുന്നതും വെറുതെയാണോ?
ഗൗരവമുള്ള ഈ രണ്ട് സൂക്തങ്ങളെക്കുറിച്ചും വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ഈ കുറിപ്പ് സഹായകമാവുമെന്ന് പ്രത്യാശിക്കുന്നു. അല്ലാഹു നമ്മെ സഹായിക്കട്ടെ...ആമീന്‍..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അബു സംറ 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment