Thursday 1 September 2011

[www.keralites.net] ബുദ്ധന്റെ മോക്ഷം

 



 

 

ബുദ്ധന്റെ മോക്ഷം

 

ലിച്ഛവിയിലെ സാമന്തന്മാര്‍ ബുദ്ധഭഗവാന്‍ ആമ്രപാലിയുടെ ഉദ്യാനത്തില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഇവര്‍ അലങ്കരിച്ച ആനപ്പുറത്തും കുതിരപ്പുറത്തും രഥങ്ങളിലുമാണ് ഉദ്യാനത്തിലെത്തിയത്. അവര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി ബുദ്ധന്റെ അടുക്കലെത്തി നിലത്തിരുന്നു.



ബുദ്ധന്‍ അവരോടു പറഞ്ഞു: ''ധര്‍മത്തിലുള്ള നിങ്ങളുടെ വിശ്വാസം രാജ്യത്തേക്കാള്‍, ശക്തിയേക്കാള്‍, സൗന്ദര്യത്തേക്കാള്‍ വിലയേറിയതാണ്. നിങ്ങളെപ്പോലെ സത്യാര്‍ത്ഥികളും ധര്‍മജ്ഞരുമായ ഭരണാധികാരികളെ ലഭിച്ച വൃജ്ജികള്‍ ഭാഗ്യവാന്മാരാണ്. നിങ്ങളെല്ലാം സല്‍സ്വഭാവികളാണ്. സല്‍സ്വഭാവമാണ് സ്വര്‍ഗത്തിലേക്കുള്ള വഴി. അതുതന്നെയാണ് സ്വര്‍ഗലോകത്തിലെത്തിക്കുന്ന നൗക. അതുകൊണ്ട് സല്‍സ്വഭാവത്തിലൂടെ നിങ്ങള്‍ ചിത്തത്തെ ശുദ്ധമാക്കണം. അജ്ഞാനവും അഹങ്കാരവും ഇല്ലാതാക്കണം.

ബുദ്ധന്റെ ഉപദേശം കേട്ട് ലിച്ഛവിയിലെ സാമന്തന്മാര്‍ തലകുനിച്ച് അദ്ദേഹത്തെ വണങ്ങി. ഭിക്ഷ വാങ്ങുന്നതിന് അവര്‍ അദ്ദേഹത്തെ വീടുകളിലേക്കു ക്ഷണിച്ചു. താന്‍ നേരത്തെ തന്നെ ആമ്രപാലിയുടെ ക്ഷണം സ്വീകരിച്ചതായി തഥാഗതന്‍ അവരെ അറിയിച്ചു. ഇത് ലിച്ഛവിയിലെ സാമന്തന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ കേട്ട് അവര്‍ ശാന്തരായി വീടുകളിലേക്ക് മടങ്ങി.
അടുത്ത ദിവസം രാവിലെ ആമ്രപാലി ഭഗവാന്‍ ബുദ്ധന് ആതിഥ്യമരുളി. ആമ്രപാലിയുടെ വീട്ടില്‍നിന്ന് ഭിക്ഷ സ്വീകരിച്ചശേഷം അദ്ദേഹം ചതുര്‍മാസ വാസത്തിനായി വേണുമതി നഗരത്തിലേക്ക് തിരിച്ചു. അവിടെ വര്‍ഷകാലത്തെ നാലുമാസം കഴിച്ചുകൂട്ടി. അതിനുശേഷം അദ്ദേഹം വീണ്ടും വൈശാലിയിലേക്ക് വന്നു. മര്‍ക്കട സരോവരത്തീരത്ത് താമസിച്ചു.

ബുദ്ധന്‍ സരോവര തീരത്ത് വൃക്ഷച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ മാരന്‍ അദ്ദേഹത്തിന്റെ അടുക്കലെത്തി തല കുനിച്ച് വണങ്ങിയ ശേഷം പറഞ്ഞു: ''അങ്ങ് നൈരഞ്ജനാ നദീതീരത്ത് വച്ച് ബുദ്ധത്വം പ്രാപിച്ചപ്പോള്‍ കൃതകൃത്യനായെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങ് നിര്‍വാണം പ്രാപിച്ചാലും പീഡിതരും പാപികളും ഉദ്ധരിക്കപ്പെടുന്നതുവരെ താന്‍ നിര്‍വാണം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഇപ്പോള്‍ അങ്ങ് അനേകമാളുകളെ മുക്തരാക്കിക്കഴിഞ്ഞിരിക്കുന്നു. അനേകം പേര്‍ മോചനത്തിന്റെ പാതയിലാണ്. അവര്‍ക്കെല്ലാം മുക്തി ലഭിക്കും. അതിനാല്‍ അങ്ങ് ഇപ്പോള്‍ നിര്‍വാണം പ്രാപിച്ചാലും.''

മാരന്റെ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ ബുദ്ധന്‍ പറഞ്ഞു: ''ഞാന്‍ എന്റെ പ്രതിജ്ഞ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചു വിഷമിക്കേണ്ടതില്ല. ഞാന്‍ ഇന്നുമുതല്‍ മൂന്നാം മാസത്തില്‍ നിര്‍വാണം പ്രാപിക്കുന്നതാണ്.'' ബുദ്ധന്റെ ഈ വാക്കുകള്‍ മാരനെ പ്രസന്നചിത്തനാക്കി. അയാള്‍ ബുദ്ധനെ പ്രണമിച്ചശേഷം അവിടെനിന്നു പോയി.

മാരന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഭഗവാന്‍ ബുദ്ധന്‍ യോഗാസനത്തിലിരുന്ന് പ്രാണവായു ചിത്തത്തിലേക്ക് എടുക്കുകയും ചിത്തത്തെ പ്രാണനുമായി ബന്ധിപ്പിച്ച് യോഗസാധനവഴി സമാധിസ്ഥനാകുകയും ചെയ്തു. അദ്ദേഹം പ്രാണനെ നിരോധിച്ചപ്പോള്‍ ആകാശത്തില്‍ ഉല്‍ക്കാപാതമുണ്ടായി, ഭൂമി വിറച്ചു, മിന്നല്‍പ്പിണറുകളുണ്ടായി. മേഘങ്ങള്‍ ഗര്‍ജിച്ചു. പ്രളയകാലത്തെ ബഹളമായിരുന്നു എവിടേയും. മര്‍ത്ത്യലോകത്തിലും ദിവ്യലോകത്തിലും ആകാശത്തിലും ഉളവായ ബഹളങ്ങള്‍ക്കിടയില്‍ ബുദ്ധന്‍ സമാധിയില്‍ നിന്ന് ഉണര്‍ന്നു. അദ്ദേഹം പറഞ്ഞു: ''ജീവിതത്തില്‍ നിന്ന് മുക്തമായ എന്റെ ശരീരം പഴകിയിരിക്കുന്നു. അച്ചുതണ്ട് ഒടിഞ്ഞു പോയ രഥംപോലെയാണിപ്പോള്‍ എന്റെ ശരീരം. ഇത് ഇപ്പോള്‍ ഞാന്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത് എന്റെ യോഗബലം കൊണ്ടാണ്. മുട്ടവിരിഞ്ഞ് പക്ഷിക്കുഞ്ഞ് വെളിയില്‍ വരുന്നതുപോലെ ഞാന്‍ വെളിയില്‍ വന്നിരിക്കുന്നു.

ലിച്ഛവികള്‍ക്ക് അനുഗ്രഹം

ബഹളം കണ്ടും കേട്ടും ആനന്ദന്‍ ഭയന്ന് വിറയ്ക്കാന്‍ തുടങ്ങി. വേരുകള്‍ മുറിച്ച മരം ഭൂമിയില്‍ വീഴുന്നതുപോലെ അയാള്‍ തലകറങ്ങി താഴെവീണു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ ആഘാതത്തില്‍ നിന്ന് രക്ഷപ്പെട്ട് എഴുന്നേറ്റുനിന്നു. എന്താണിങ്ങനെ സംഭവിച്ചതെന്ന് അയാള്‍ ബുദ്ധനോടു ചോദിച്ചു. ബുദ്ധന്‍ പറഞ്ഞു: ''ഭൂമിയിലെ എന്റെ ജീവിതം പൂര്‍ണമായിരിക്കുന്നു. അതുകൊണ്ടാണ് ഈ ബഹളമുണ്ടായത്. ഞാന്‍ ഇനി മൂന്നുമാസം കൂടി മാത്രമേ ഈ ഭൂമിയില്‍ വസിക്കുകയുള്ളു. അത് കഴിഞ്ഞാല്‍ ഞാന്‍ ചിരന്തനമായ നിര്‍വാണം പ്രാപിക്കും.''
ഇത് കേട്ടപ്പോള്‍ ആനന്ദന് വലിയ ആഘാതമേറ്റതുപോലെ തോന്നി. തഥാഗതനായിരുന്നു അയാളുടെ ഗുരുവും സ്വജനവും സര്‍വസ്വവും. അയാള്‍ അത്യന്തം ദുഃഖിതനായി കരയാന്‍ തുടങ്ങി. അയാള്‍ പറഞ്ഞു: ''അങ്ങയുടെ നിശ്ചിതമായ മരണത്തെക്കുറിച്ച് അറിഞ്ഞ് എന്റെ മനസ്സ് ദുഃഖിക്കുകയാണ്. എന്റെ ശരീരം സന്തപ്തമായിക്കൊണ്ടിരിക്കുന്നു. അങ്ങു പറഞ്ഞുതന്ന ധര്‍മം ലുപ്തമാകുന്നതുപോലെ തോന്നുന്നു. ഈ പാപമാകുന്ന വനത്തില്‍ അലഞ്ഞു തിരിയുന്നവര്‍ക്ക് ആരാണിനി മാര്‍ഗദര്‍ശനം നല്‍കുക?''.

ശോകസന്തപ്തനും വ്യാകുലചിത്തനുമായ ആനന്ദനെ ആശ്വസിപ്പിച്ചുകൊണ്ട് ബുദ്ധന്‍ പറഞ്ഞു: ''ആനന്ദാ, നീ ഈ ലോകത്തിന്റെ രഹസ്യം മനസ്സിലാക്കണം. ജനിക്കുന്നവരെല്ലാം തീര്‍ച്ചയായും മരിക്കും. ഈ ലോകത്തില്‍ ഒന്നുംതന്നെ സ്വതന്ത്രമല്ല. ഒരു ജീവിക്കും മരണത്തില്‍നിന്ന് മാറി നില്‍ക്കാന്‍ സാധിക്കുകയില്ല. പ്രാണികള്‍ക്ക് മരണമില്ലെങ്കില്‍ ജീവിതത്തിന് പരിവര്‍ത്തനമുണ്ടാകുകയില്ല. അപ്പോള്‍ പിന്നെ മോക്ഷത്തിന്റെ പ്രാധാന്യമെന്താണ്?

ആനന്ദാ, ഞാന്‍ നിനക്ക് എല്ലാ മാര്‍ഗങ്ങളും കാണിച്ചു തന്നിട്ടുണ്ട്. ബുദ്ധന്‍ ആരില്‍നിന്നും ഒന്നും ഒളിച്ചുവയ്ക്കുന്നില്ല. ഞാന്‍ ശരീരം ഉപേക്ഷിക്കുകയോ ഉപേക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ, എന്നെ സംബന്ധിച്ചിടത്തോളം രണ്ടും ഒന്നുപോലെതന്നെയാണ്. ഞാന്‍ പോയാലും ഞാന്‍ ജ്വലിപ്പിച്ച ധര്‍മത്തിന്റെ ഈ ദീപം എന്നും എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കും. നീ ആ ദീപത്തിന്റെ പ്രകാശത്തില്‍ സുഖദുഃഖാദികളില്‍ ഭേദബുദ്ധിയില്ലാതെ ലക്ഷ്യത്തിലെത്തുക. എനിക്കു മരണം സംഭവിച്ചതിനുശേഷവും ഈ ധര്‍മത്തിന്റെ മാര്‍ഗത്തിലൂടെ അചഞ്ചലനായി പോയാല്‍ തീര്‍ച്ചയായും നിര്‍വാണപദം ലഭിക്കുന്നതാണ്.''

ഭഗവാന്‍ ബുദ്ധന്‍ ആനന്ദന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന അവസരത്തില്‍ ബുദ്ധന്റെ നിര്‍വാണവിവരമറിഞ്ഞ് ലിച്ഛവികളെല്ലാം അവിടെ ഓടിയെത്തി. അവര്‍ ബുദ്ധനെ പ്രണമിച്ച് എഴുന്നേറ്റ് ഒരു ഭാഗത്തേക്ക് മാറിനിന്നു. ബുദ്ധന്‍ ലിച്ഛവിയിലെ ജനങ്ങളോടു പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ മനസ്സിലെ കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുന്നു. നിങ്ങളും മറ്റുള്ളവരെപ്പോലെ ശോകസന്തപ്തരായിട്ടാണ് വന്നിരിക്കുന്നത്. നിങ്ങളെല്ലാം ഞാന്‍ പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ജ്ഞാനപ്രാപ്തി നേടുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ ദുഃഖിക്കേണ്ടതില്ലെന്നാണ് എനിക്കു പറയാനുള്ളത്.''

ഭഗവാന്‍ ബുദ്ധന്‍ തുടര്‍ന്നു: ''പരിവര്‍ത്തന സ്വഭാവമുള്ള ഈ ലോകത്തില്‍ ശരീരം കാലത്തിന്റെ ഭോജനമാണ്. ജീവിതം ക്ഷണഭംഗുരമാണ്. ഇവിടെ ശാശ്വതമായി ഒന്നും നിലനില്‍ക്കുന്നില്ല. മുമ്പുണ്ടായിരുന്ന ബുദ്ധന്മാരും അവരുടെ ബുദ്ധിയുടെ പ്രകാശത്താല്‍ ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ട് എണ്ണ തീര്‍ന്ന ദീപത്തെപ്പോലെ എന്നെന്നേക്കുമായി അണഞ്ഞുപോയി. ഭാവിയില്‍ ഉണ്ടാകുന്ന ബുദ്ധന്മാരും ഇന്ധനം തീര്‍ന്ന അഗ്നിപോലെ ശാന്തമാകും. എനിക്കും അതേമാര്‍ഗത്തിലൂടെയാണ് പോകാനുള്ളത്.''

ബുദ്ധന്‍ വീണ്ടും പറഞ്ഞു: ''ഈ രമ്യനഗരിയില്‍ ഇപ്പോഴും കുറെ പേര്‍ കൂടി ശിക്ഷണം ലഭിക്കാത്തവരായിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പോകുകയാണ്. നിങ്ങള്‍ ഒരു വിധത്തിലും ദുഃഖിതരാകരുത്. ഞാന്‍ പറഞ്ഞുതന്ന ധര്‍മത്തിന്റെ മാര്‍ഗത്തിലൂടെ നിങ്ങള്‍ സഞ്ചരിക്കൂ.''
ഇപ്രകാരം ലിച്ഛവികള്‍ക്ക് അനുഗ്രഹം നല്‍കി, ഉപദേശങ്ങള്‍ കൊടുത്ത് വടക്കു ദിക്കിലേക്ക് നടന്നു. അദ്ദേഹത്തിന്റെ പിന്നാലെ ലിച്ഛവിനിവാസികളെല്ലാം കരഞ്ഞും വിലപിച്ചും നടന്നു. അവര്‍ പറയുന്നുണ്ടായിരുന്നു. ''വിശുദ്ധമായ സ്വര്‍ണ വര്‍ണമുള്ള ഗുരുവിന്റെ ശരീരം നഷ്ടപ്പെട്ടു പോകുമോ? ഭഗവാനും അനിത്യനാണോ?''

വിലപിക്കുന്ന ലിച്ഛവികളെ ബുദ്ധന്‍ വീണ്ടും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവരെ സ്വന്തം വീടുകളിലേക്ക് പോകാന്‍ ഉപദേശിച്ചു. എന്നാല്‍ കാറ്റിനു വിപരീതമായി തിരകള്‍ക്ക് നീങ്ങാന്‍ സാധിക്കാതിരിക്കുന്നതുപോലെ അവര്‍ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തവരായി.
ഭഗവാന്‍ ബുദ്ധന്‍ വൈശാലി നഗരം വിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ ആ നഗരം രാഹുഗ്രസ്തനായ സൂര്യനെപ്പോലെ പ്രകാശഹീനമായി. വിദ്യയില്ലാത്ത സൗന്ദര്യംപോലെ, പ്രവൃത്തി ഇല്ലാത്ത ജ്ഞാനംപോലെ, ഭക്തിയില്ലാത്ത ബുദ്ധിപോലെ, സംസ്‌കാരമില്ലാത്ത ശക്തിപോലെ, സദാചാരമില്ലാത്ത സമ്പത്തുപോലെ, ശ്രദ്ധയില്ലാത്ത പ്രേമം പോലെ, പ്രയത്‌നമില്ലാത്ത ഐശ്വര്യം പോലെ, കര്‍മമില്ലാത്ത ധര്‍മം പോലെ, മഴ ലഭിക്കാത്ത വയലുകള്‍ പോലെ, തഥാഗതനില്ലാത്ത വൈശാലിനഗരം ശോഭാരഹിതമായി കാണപ്പെട്ടു. അന്നേദിവസം വൈശാലിയിലെ നിവാസികള്‍ ശോകം മൂലം ആഹാരം കഴിച്ചില്ല, ഒരു തുള്ളി വെള്ളം കുടിച്ചില്ല.

തഥാഗതന്‍ നഗരാതിര്‍ത്തിയിലെത്തി. അദ്ദേഹം തിരിഞ്ഞു നിന്ന് നഗരത്തെ നോക്കി പറഞ്ഞു: ''ഹേ, വൈശാലി, എന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും ഞാന്‍ നിന്നെ കാണുകയില്ല. ഞാന്‍ നിര്‍വാണമാര്‍ഗത്തില്‍ പോകുകയാണ്.''

അദ്ദേഹം തന്നെ പിന്തുടരുന്നവരോട് അവരവരുടെ വീടുകളിലേക്ക് മടങ്ങാന്‍ ഉപദേശിച്ചു. അദ്ദേഹം ഭോഗവതി നഗരത്തിലേക്ക് യാത്ര തിരിച്ചു.

ഭോഗവതി നഗരത്തില്‍ കുറച്ചു ദിവസം വസിച്ചശേഷം ബുദ്ധന്‍ തന്റെ അനുയായികള്‍ക്ക് ഉപദേശം നല്‍കിക്കൊണ്ടു പറഞ്ഞു: ''ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ധര്‍മാനുസരണം ജീവിക്കണം. എന്റെ ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നിങ്ങള്‍ അനുസരിക്കണം. ഇവയില്‍ പറയാത്തതൊന്നും എന്റെ വാക്കുകളോ ധര്‍മമോ അല്ല. സ്വര്‍ണപ്പണിക്കാരന്‍ സ്വര്‍ണം ഉരുക്കി പരീക്ഷിച്ച് നോക്കി സ്വീകരിക്കുന്നതുപോലെയാണ് പരിശുദ്ധമായ ആളുകളുടെ വചനങ്ങള്‍ നിങ്ങള്‍ സ്വീകരിക്കേണ്ടത്. വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിവേണം സ്വീകരിക്കാന്‍. ശാസ്ത്രത്തെ അനുചിതമായി ഗ്രഹിക്കുന്നവന്‍ തനിക്ക് നാശമാണ് വരുത്തുന്നത്. തെറ്റായരീതിയില്‍ വാളെടുത്തു പ്രയോഗിച്ചാല്‍ തനിക്കുതന്നെ മുറിവേല്‍ക്കും.''

ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കിയശേഷം ബുദ്ധന്‍ പാപാപുരത്തിലേക്ക് യാത്രതിരിച്ചു. അവിടെയെത്തിയപ്പോള്‍ മല്ലന്മാര്‍ അദ്ദേഹത്തെ ആഘോഷപൂര്‍വ്വം സ്വാഗതം ചെയ്തു. അവിടെ തന്റെ ഭക്തനായ ചുന്ദന്റെ വീട്ടില്‍ നിന്ന് അദ്ദേഹം അവസാന ഭക്ഷണം കഴിച്ചു. ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിച്ചശേഷം അദ്ദേഹം ചുന്ദന് ഉപദേശം നല്‍കി. പിന്നീട് അദ്ദേഹം കാശിനഗരത്തിലേക്ക് യാത്ര തിരിച്ചു.
ഭഗവാന്‍ ബുദ്ധന്‍ ചുന്ദനോടൊപ്പം ഇരാവതി നദി കടന്നു ചെന്ന് നഗരത്തിലെ സുന്ദരമായ ഉപവനത്തിലെ തടാകതീരത്ത് അല്പനേരം വിശ്രമിച്ചു. പിന്നീട് അദ്ദേഹം ഹിരണ്യവതി നദിയില്‍ സ്‌നാനം ചെയ്തു. ശോകാകുലനായ ആനന്ദന് അദ്ദേഹം നിര്‍ദേശം നല്‍കി. ''ആനന്ദാ, നിങ്ങള്‍ ഈ രണ്ടു മരുത് വൃക്ഷങ്ങളുടെ മധ്യത്തില്‍ എനിക്ക് കിടക്കാന്‍ ശയ്യ തയ്യാറാക്കണം. ഇന്ന് രാത്രിയുടെ ഉത്തരഭാഗത്തില്‍ ഞാന്‍ നിര്‍വാണം പ്രാപിക്കും.''

ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ച് ആനന്ദന്‍ ശയ്യ തയ്യാറാക്കി. അയാള്‍ കൈകൂപ്പി അറിയിച്ചു. ''ഭഗവന്‍, ശയ്യ തയ്യാറായിരിക്കുന്നു.'' 
അപ്പോള്‍ ആ പുരുഷസിംഹം ചിര നിദ്രയ്ക്കായി ശാന്ത ചിത്തനായി ശയ്യയുടെ അടുത്തെത്തി. അദ്ദേഹം കൈ തലയണയാക്കി, ഒരു കാല്‍ മറ്റേക്കാലില്‍ വച്ച് ശിഷ്യന്മാരുടെ നേരെ ഉന്മുഖമായി വലതുവശത്തേക്ക് ചെരിഞ്ഞു കിടന്നു.

ആ സമയത്ത് ദിക്കുകളൊക്കെ ശാന്തമായി. പക്ഷികളെല്ലാം നിശ്ശബ്ദരായി. ലോകം മുഴുവന്‍ സ്തബ്ധമായതുപോലെ സകല ജീവജാലങ്ങളും മൗനം അവലംബിച്ചു.

സൂര്യനസ്തമിക്കുമ്പോള്‍ വഴിയാത്രക്കാര്‍ക്കു വീട്ടിലേക്ക് പോകാന്‍ ധൃതി കൂടുന്നതുപോലെ അവിടെ ഹാജരുണ്ടായിരുന്ന ശിഷ്യന്മാര്‍ക്ക് അന്തിമലക്ഷ്യം നേടാനുള്ള ധൃതി ഉണ്ടായി. അപ്പോള്‍ ഭഗവാന്‍ ബുദ്ധന്‍ ആനന്ദനോടു പറഞ്ഞു: ''നീ പോയി എന്റെ അന്ത്യയാത്രയെപ്പറ്റി മല്ലന്മാരെ അറിയിക്കൂ. അവരും എന്റെ നിര്‍വാണ പ്രാപ്തി കാണട്ടെ. അല്ലെങ്കില്‍ അവര്‍ക്ക് പശ്ചാത്താപം ഉണ്ടാകും.''
ബുദ്ധന്റെ ആജ്ഞയനുസരിച്ച് ആനന്ദന്‍ മല്ലന്മാരെ വിവരമറിയിച്ചു. ഇതു കേട്ടപ്പോള്‍ അവര്‍ അത്യന്തം വ്യാകുലചിത്തരായി കണ്ണുനീരൊഴുക്കി പുറപ്പെട്ടു. അവര്‍ അതിവേഗം ബുദ്ധന്റെ സമീപത്തെത്തി. ബുദ്ധന്റെ പാദങ്ങള്‍ കണ്ണുനീര്‍കൊണ്ട് കഴുകി അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ മൗനം പൂണ്ട് നിന്നു.

മല്ലന്മാരുടെ ദുഃഖം കണ്ടപ്പോള്‍ ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു: ''സന്തോഷസമയത്ത് ദുഃഖിക്കുന്നത് ഉചിതമല്ല. ദുര്‍ലഭവും ആഗ്രഹിച്ചിരിക്കുന്നതുമായ ലക്ഷ്യമാണ് എനിക്കിന്ന് കിട്ടിയിരിക്കുന്നത്. പഞ്ചഭൂതങ്ങളില്‍ നിന്ന് മുക്തമായ, ജനനമില്ലാത്ത, ഇന്ദ്രിയാതീതമായ, ശാന്തവും ദിവ്യവുമായ സുഖമയമായ പുണ്യമാണിന്ന് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് ലഭ്യമായാല്‍ ഏതെങ്കിലും തരത്തിലുള്ള ശോകം ഉണ്ടാകുന്നതല്ല. ഇത് ശോകത്തിന്റെ സമയമല്ല. എല്ലാ ദുഃഖങ്ങളുടേയും അടിസ്ഥാനമായ എന്റെ ഭൗതികശരീരത്തില്‍ നിന്ന് ഞാന്‍ നിവൃത്തനാകുകയാണ്.''
ഭഗവാന്‍ ബുദ്ധന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വൃദ്ധനായ ഒരു മല്ലന്‍ പറഞ്ഞു: ''സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം നാം ദുഃഖിക്കേണ്ടതില്ല. എന്നാല്‍ ഞങ്ങളുടെ മനസ്സ് ദുഃഖിക്കുകയാണ്. മേലില്‍ അങ്ങയുടെ ദര്‍ശനത്തിനുളള സൗഭാഗ്യം ഞങ്ങള്‍ക്ക് ലഭിക്കുകയില്ലല്ലോ, എന്നോര്‍ത്തിട്ടാണത്. എല്ലാവരുടേയും ഗുണകാംക്ഷിയായ അങ്ങ് പോകുമ്പോള്‍ ആരാണ് ദുഃഖിതരാകാതിരിക്കുക? അങ്ങയുടെ ദര്‍ശനം ലഭിച്ചിട്ടും സന്മാര്‍ഗത്തിലേക്ക് വരാത്തവരുടെ കാര്യമാണ് വളരെ ശോചനീയമായിട്ടുള്ളത്. സ്വര്‍ണഖനിയില്‍ വസിച്ചിട്ടും അവര്‍ ദരിദ്രന്മാരായിത്തന്നെ കഴിയുന്നു.''

വൃദ്ധനായ മല്ലന്റെ വാക്കുകള്‍ക്ക് മറുപടിയെന്നവിധം ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു: ''എന്നെ ദര്‍ശിച്ചതുകൊണ്ടുമാത്രം ആര്‍ക്കും നിര്‍വാണം ലഭിക്കുകയില്ല. എന്റെ ധര്‍മത്തെ ശരിയായ വിധം മനസ്സിലാക്കിയവന് എന്നെ ദര്‍ശിക്കാതെ തന്നെ ദുഃഖജാലത്തില്‍ നിന്ന് മുക്തനാകാന്‍ സാധിക്കും. മരുന്ന് സേവിക്കാതെ വൈദ്യനെ കണ്ടതുകൊണ്ടുമാത്രം രോഗത്തില്‍നിന്നും മുക്തി നേടാന്‍ സാധ്യമല്ല. അതുകൊണ്ട് മോക്ഷത്തിനുവേണ്ടിയുള്ള ആചരണമാണ് അനുഷ്ഠിക്കേണ്ടത്.

ബുദ്ധനെ ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കുകയും ചെയ്ത മല്ലന്മാര്‍ അദ്ദേഹത്തെ വണങ്ങി വീടുകളിലേക്ക് മടങ്ങി.

മഹാപരിനിര്‍വാണം

മല്ലന്മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ സുഭദ്രന്‍ എന്നു പേരുള്ള ത്രിദണ്ഡിയായ സന്ന്യാസി ഭഗവാന്‍ ബുദ്ധനെ ദര്‍ശിക്കാന്‍ വന്നെത്തി. അദ്ദേഹം ഒരു സിദ്ധപുരുഷനായിരുന്നു. അദ്ദേഹം ആനന്ദനോട് പറഞ്ഞു: ''നിര്‍വാണത്തിന്റെ അന്തിമ നിമിഷങ്ങളില്‍ ഞാന്‍ ഭഗവാന്‍ ബുദ്ധനെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ''ഈ സന്ന്യാസി ബുദ്ധനുമായി ശാസ്ത്രാര്‍ത്ഥങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വന്നതാണോ?'' ആനന്ദന്‍ ചിന്തിച്ചു. അതുകൊണ്ട് ആനന്ദന്‍ സന്ന്യാസിയെ ബുദ്ധന്റെ സമീപത്ത് ചെല്ലുന്നതില്‍നിന്ന് തടഞ്ഞു. അപ്പോള്‍ തഥാഗതന്‍ കിടന്നുകൊണ്ടു തന്നെ പറഞ്ഞു: ആനന്ദാ, ജിജ്ഞാസുവായ ഈ മുമുക്ഷുവിനെ തടയരുത്. അദ്ദേഹത്തെ അടുത്തുവരാന്‍ അനുവദിക്കൂ.''

ഇതുകേട്ട് സുഭദ്രന്‍ സവിനയം ബുദ്ധന്റെ അടുത്തെത്തി പ്രണമിച്ചശേഷം പറഞ്ഞു: ''അങ്ങ് മോക്ഷത്തിനുവേണ്ടി പറഞ്ഞിരിക്കുന്ന മാര്‍ഗം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഞാനറിഞ്ഞു. അത് എനിക്ക് പറഞ്ഞുതരാന്‍ ദയവ് കാണിക്കണം. ഇതറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്, ഒരു വിവാദത്തിനല്ല.''

സുഭദ്രന്റെ അഭ്യര്‍ത്ഥന മാനിച്ച് ബുദ്ധന്‍ അഷ്ടാംഗ മാര്‍ഗം ഉപദേശിച്ചു. അതുകേട്ടപ്പോള്‍ സുഭദ്രന്റെ ജ്ഞാനദൃഷ്ടി ശരിയായ വിധത്തില്‍ തെളിഞ്ഞു. വഴിതെറ്റിയ യാത്രക്കാരന്‍ തന്റെ ഗ്രാമത്തില്‍ എത്തിയതുപോലുള്ള സന്തോഷമാണദ്ദേഹത്തിനുണ്ടായത്. അദ്ദേഹം ഗദ്ഗദകണ്ഠനായി പറഞ്ഞു: ''ഇതുവരെ ഞാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ശ്രേയസ്സ്‌കരങ്ങളായിരുന്നില്ല. ഇന്നെനിക്ക് യഥാര്‍ത്ഥ മാര്‍ഗം കണ്ടുകിട്ടിയിരിക്കുന്നു.'' സുഭദ്രന്‍ അത്യന്തം സന്തുഷ്ടനായി ബുദ്ധനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.

അദ്ദേഹം പറഞ്ഞു: ''ഗുരോ, ഞാന്‍ അവിടത്തെ മരണം കാണാന്‍ ആഗ്രഹിക്കുന്നില്ല. അതിനുമുമ്പുതന്നെ ഞാന്‍ എന്റെ ദേഹം വെടിഞ്ഞ് നിര്‍വാണപദം പ്രാപിക്കാനുള്ള അനുമതി ആഗ്രഹിക്കുന്നു.'' ത്രിദണ്ഡിയായ സുഭദ്രന്‍ ബുദ്ധനെ പ്രണമിച്ച് ശൈലംപോലെ അവിടെ ഇരുന്നു. ഒരു നിമിഷത്തിനുള്ളില്‍ കാറ്റുകൊണ്ട് തണുത്ത ദീപം പോലെ നിര്‍വാണപദം പ്രാപിച്ചു. ബുദ്ധന്‍ ഉടന്‍തന്നെ സുഭദ്രന്റെ അന്തിമ സംസ്‌കാരത്തിനുള്ള ആദേശം നല്‍കി. ''സുഭദ്രന്‍ എന്റെ ഉത്തമനും അവസാനത്തെ ശിഷ്യനുമായിരിക്കും'' ബുദ്ധന്‍ പറഞ്ഞു.

അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ നിലാവ് എല്ലായിടത്തും വ്യാപിച്ചു. വനപ്രദേശം മുഴുവന്‍ ശാന്തമായി. ബുദ്ധന്‍ എല്ലാ 
ശിഷ്യന്മാരേയും വിളിച്ച് വരുത്തി അവസാനത്തെ ഉപദേശം നല്‍കി. അദ്ദേഹം പറഞ്ഞു: ''എന്റെ നിര്‍വാണത്തിനുശേഷം 'പ്രാതിമോക്ഷ'ത്തെ ആചാര്യനും ഉപദേഷ്ടാവുമായി കണക്കാക്കണം. നിങ്ങള്‍ അത് സ്വയം പഠിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഈ പ്രാതിമോക്ഷം ശീലത്തിന്റെ സാരമാണ്, മുക്തിയുടെ മൂലമാണ്, ഇതുകൊണ്ട് മോക്ഷം ലഭിക്കുന്നതാണ്.''

തഥാഗതന്‍ പ്രാതിമോക്ഷത്തിന്റെ സകലനിയമങ്ങളും വിസ്തരിച്ച് വിശദമാക്കി. അവസാനം പറഞ്ഞു: ''ഞാന്‍ ഗുരുവിന്റെ കര്‍ത്തവ്യം പൂര്‍ണമാക്കിയിരിക്കുന്നു. ഇനി നിങ്ങള്‍ സാധന ചെയ്തുകൊള്ളു. വിഹാരത്തിലായാലും വനത്തിലായാലും പര്‍വതത്തിലായാലും എവിടെയായാലും നിങ്ങള്‍ ധര്‍മം ആചരിക്കണം. ഞാന്‍ പറഞ്ഞിട്ടുള്ള ശ്രേഷ്ഠങ്ങളായ സത്യങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം.''

അവസാനത്തെ ഉപദേശവും കേട്ടുകഴിഞ്ഞപ്പോള്‍ ശിഷ്യന്മാരെല്ലാം മിണ്ടാതെ ശാന്തരായിരുന്നു. അപ്പോള്‍ അനിരുദ്ധന്‍ ബുദ്ധനെ അറിയിച്ചു. ''അങ്ങ് പ്രതിപാദിച്ചിട്ടുള്ള ശ്രേഷ്ഠങ്ങളായ സത്യങ്ങളെക്കുറിച്ച് ഒരുത്തര്‍ക്കും സംശയമില്ല.''
അനിരുദ്ധനോട് ബുദ്ധന്‍ പറഞ്ഞു: ''അനിരുദ്ധാ, എല്ലാവരുടേയും മരണം നിശ്ചിതമാണ്. ഇനി ഞാന്‍ ജീവിച്ചിരിക്കുന്നതുകൊണ്ട് ലോകത്തില്‍ ആര്‍ക്കും ഒരു പ്രയോജനവുമില്ല. സ്വര്‍ഗത്തിലും ഭൂലോകത്തിലും ഉപദേശത്തിന് യോഗ്യരായവരെല്ലാം ധര്‍മോപദേശം നേടിക്കഴിഞ്ഞിരിക്കുന്നു. ഇനി അവര്‍ മുഖേന എന്റെ ധര്‍മം ജനങ്ങളില്‍ പ്രചരിക്കും. അങ്ങനെ ലോകം മുഴുവന്‍ സ്ഥിരമായ ശാന്തി ലഭിക്കും. നിങ്ങളെല്ലാം ശോകം കളഞ്ഞ് ജാഗ്രതയുള്ളവരായിരിക്കൂ. ഇതാണെന്റെ അന്തിമവചനം.''

ഭഗവാന്‍ ബുദ്ധന്‍ പിന്നീട് പ്രഥമധ്യാനത്തില്‍ പ്രവേശിച്ചു. പിന്നീട് രണ്ടാമത്തെ ധ്യാനത്തിലും അവസാനം ചതുര്‍ത്ഥധ്യാനത്തിലും പ്രവേശിച്ച് ശാശ്വതമായ ശാന്തിയില്‍ ലയിച്ചു.

മഹാപരിനിര്‍വാണത്തിനുശേഷം

ഭഗവാന്‍ ബുദ്ധന്റെ നിര്‍വാണപ്രാപ്തിക്കുശേഷം ലോകം ചന്ദ്രനില്ലാത്ത ആകാശംപോലെ, മഞ്ഞ് വീണ താമരത്തടാകം പോലെ, ധന അഭാവത്താല്‍ നിഷ്ഫലമായ വിദ്യപോലെ കാണപ്പെട്ടു.
നിര്‍വാണവാര്‍ത്തകേട്ട് ആകാശത്തില്‍നിന്ന് ദേവന്മാര്‍ ബുദ്ധന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തുടങ്ങി. ദേവന്മാരിലൊരാള്‍ പറഞ്ഞു: ''ഈ ലോകം നശ്വരമാണ്. ഇവിടെ ജനിക്കുന്നത് മരിക്കാന്‍ വേണ്ടിയാണ്, മരിക്കുന്നത് ജനിക്കാന്‍ വേണ്ടിയും. ജനനമരണത്തില്‍ നിന്ന് മുക്തനാകുന്നവനാണ് ഭാഗ്യവാന്‍. ജ്ഞാനമാകുന്ന ജ്വാലയേയും യശസ്സാകുന്ന ജ്യോതിയേയും കാലമാകുന്ന കാലന്‍ എന്നെന്നേക്കുമായി ഇല്ലാതാക്കിയിരിക്കുന്നു.''
ശ്രേഷ്ഠനായ ഒരു മുനി പറഞ്ഞു: ''ഈ ലോകം വ്യര്‍ത്ഥവും തുച്ഛവുമാണ്. ഇവിടെ എല്ലാം നശ്വരമാണ്. മുഴുവന്‍ ലോകത്തിനും ഗുരുവായിരുന്ന ബുദ്ധനും ഇന്ന് കാലകവലിതമായിരിക്കുന്നു.''

അന്ധകാരത്തിലാണ്ടുപോയ ലോകത്തെ നോക്കി അനിരുദ്ധന്‍ പറഞ്ഞു: ''ഈ ലോകത്തിന്റെ ഗതി എത്ര വിചിത്രമാണ്? ബുദ്ധ ഭഗവാന്‍ ദുഃഖമുക്തനായി തപസ്സനുഷ്ഠിച്ചു; ആലസ്യമുക്തനായി ധര്‍മാചരണം നടത്തി; ലോഭമുക്തനായി യോഗാഭ്യാസം ചെയ്തു; ഇപ്പോള്‍ മോഹമുക്തനായി ശരീരത്യാഗവും ചെയ്തു. ബുദ്ധിയില്ലാത്ത വിദ്യപോലെ; ആചരണമില്ലാത്ത ജ്ഞാനം പോലെ ദയവില്ലാത്ത ധര്‍മം പോലെ, ശാക്യമുനിയില്ലാത്ത ജനലോകം ഇന്ന് വ്യര്‍ത്ഥമായി തോന്നുകയാണ്.''

ഭഗവാന്‍ ബുദ്ധന്റെ നിര്‍വാണ വാര്‍ത്തയറിഞ്ഞ് മല്ലന്മാര്‍ കരഞ്ഞുകൊണ്ട് ഓടിയെത്തി. ബുദ്ധന്റെ മൃതശരീരം അവര്‍ സ്വര്‍ണനിര്‍മിതമായ മഞ്ചലില്‍ കിടത്തി. വിവിധ തരത്തിലുള്ള സുഗന്ധ പുഷ്പങ്ങളാല്‍ നിര്‍മിച്ച മാലകളണിയിച്ച് അവര്‍ ഭക്തിപൂര്‍വം പൂജിച്ചു. മഞ്ചല്‍ ശുഭ്രവസ്ത്രം കൊണ്ട് മൂടി ചാമരം വീശി അവര്‍ അത് തോളിലേറ്റി.

ബുദ്ധന്റെ ശവമഞ്ചം അവര്‍ ഭക്തിപൂര്‍വം നഗരത്തിന്റെ മധ്യഭാഗത്ത് കൊണ്ടുവന്നു. പിന്നീട് അവര്‍ നഗരത്തിന്റെ കവാടം വഴി വെളിയിലിറങ്ങി ഹിരണ്യവതീനദി കടന്നു. മുകുട ചൈത്യത്തിനടുത്ത് ചന്ദനം, അകില്‍ തുടങ്ങിയവകൊണ്ട് അവര്‍ ചിതയുണ്ടാക്കി. അതില്‍ ബുദ്ധന്റെ മൃതശരീരം വച്ചു. വിളക്കുകൊളുത്തി മല്ലന്മാര്‍ ചിതയ്ക്ക് തീകൊളുത്തി. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ചിതയില്‍ തീ കത്തിയില്ല. ബുദ്ധന്റെ പ്രിയശിഷ്യനായ കാശ്യപന്‍ വരുന്നതേ ഉണ്ടായിരുന്നുള്ളു. അയാള്‍ വരുന്നതുവരെ ചിതയ്ക്ക് തീ പിടിച്ചില്ല. കാശ്യപന്‍ ഓടിവരികയും അയാള്‍ ഗുരുവിനെ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തപ്പോള്‍ ചിതയിലെ തീ ജ്വലിച്ചു.

ചിതയിലെ അഗ്നി ബുദ്ധന്റെ ശരീരത്തില്‍ മാംസം, ചര്‍മം, തലമുടി തുടങ്ങിയ ഭാഗങ്ങള്‍ ജ്വലിപ്പിച്ചു കളഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ മാത്രം കത്തിനശിച്ചില്ല. അത് ദഹിപ്പിക്കാന്‍ ചിതയിലെ അഗ്നിക്ക് കഴിഞ്ഞില്ല.

ചിതയിലെ തീ അണഞ്ഞപ്പോള്‍ മല്ലന്മാര്‍ ബുദ്ധന്റെ അസ്ഥികള്‍ എടുത്ത് ശുദ്ധജലത്തില്‍ കഴുകി സ്വര്‍ണകലശത്തില്‍ സൂക്ഷിച്ചു. അത് അവര്‍ തങ്ങളുടെ നഗരമധ്യത്തില്‍ കൊണ്ടുവന്നു. ജനങ്ങള്‍ ബുദ്ധനെ പ്രശംസിച്ച് സ്‌തോത്രങ്ങള്‍ ആലപിച്ചു. ''ഈ കലശത്തില്‍ അഗ്നിക്ക് നശിപ്പിക്കാന്‍ കഴിയാത്ത അസ്ഥികളാണ് ഉള്ളത്. ഈ അസ്ഥി മംഗളമയവും അമൂല്യവും ആണ്. ലോകത്തിന് ശാന്തി ലഭിക്കുന്നതിനായി നമുക്ക് ഇവിടെ ഈ അസ്ഥി സ്ഥാപിക്കാം.''

''കാലം എന്തൊരു നിഷ്ഠൂരനാണ്? ഈ മഹാമുനിയെപ്പോലും വെറുതെ വിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ധര്‍മവും കീര്‍ത്തിയും സര്‍വചരാചരങ്ങളേയും ആനന്ദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യും.'' മല്ലന്മാര്‍ പറഞ്ഞു.

മല്ലന്മാര്‍ അസ്ഥികലശം സ്ഥാപിക്കുന്നതിനുവേണ്ടി അത്യന്തം സുന്ദരമായ പൂജാഭവനം നിര്‍മിച്ചു. അതില്‍ അവര്‍ അസ്ഥികലശം സ്ഥാപിച്ചു. അവര്‍ വളരെ നാളുകളോളം യഥാവിധി അസ്ഥികലശ പൂജനടത്തി. കുറെ കഴിഞ്ഞപ്പോള്‍ സമീപരാജ്യങ്ങളില്‍നിന്ന് ദൂതന്മാര്‍ വരികയും അസ്ഥി ആവശ്യപ്പെടുകയും ചെയ്തു. ഭഗവാന്‍ ബുദ്ധന്റെ അസ്ഥി ഭക്ത്യാദരവുകളോടെ പൂജിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന മല്ലന്മാര്‍ ബുദ്ധന്റെ അസ്ഥി മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ തയ്യാറായില്ല. സ്വന്തം ശക്തിയെക്കുറിച്ച് അഹംഭാവമുണ്ടായിരുന്നതില്‍ അവര്‍ മറ്റുള്ളവരോട് യുദ്ധത്തിനു തയ്യാറായി.

ദൂതന്മാര്‍ മടങ്ങിപ്പോയി. അവര്‍ എല്ലാ കാര്യങ്ങളും അവരുടെ രാജാക്കന്മാരോടു പറഞ്ഞു. ദൂതന്മാരുടെ വാക്കുകള്‍ രാജാക്കന്മാരെ കുപിതരാക്കി. അവര്‍ എല്ലാവരും ചേര്‍ന്ന് മല്ലന്മാരോടു യുദ്ധം ചെയ്യാന്‍ തീരുമാനമെടുത്തു. അവര്‍ അവരവരുടെ സൈന്യങ്ങളോടൊപ്പം യുദ്ധത്തിനുപുറപ്പെട്ടു. സമീപരാജ്യങ്ങളിലെ സൈന്യം കുശിനഗരത്തെ നാലുവശത്തു നിന്നും വളഞ്ഞു. അവര്‍ മല്ലന്മാരെ വെല്ലുവിളിച്ചു.

മല്ലന്മാരും സംഘടിച്ചു. അവര്‍ പല തരത്തിലുള്ള ആയുധങ്ങള്‍ ധരിച്ചു. സൈനികരുടെ പത്‌നിമാര്‍ അവരെ തിലകമണിയിക്കുകയും രണഗീതങ്ങള്‍ ആലപിക്കുകയും ചെയ്തു. സൈനികര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജിക്കുകയും ശംഖുനാദം പുറപ്പെടുവിക്കുകയും ചെയ്തു.
ഇപ്രകാരം രണ്ടുപക്ഷവും യുദ്ധത്തിന് തയ്യാറായിരിക്കുന്നതു കണ്ടപ്പോള്‍ ദ്രോണന്‍ എന്ന ഒരു ബ്രാഹ്മണന്‍ അയല്‍ രാജ്യങ്ങളിലെ ഏഴുരാജാക്കന്മാരുടേയും അടുക്കല്‍ ചെന്ന്, അപേക്ഷിച്ചു. ''ആദരണീയരായ രാജാക്കന്മാരേ, വെളിയിലെ ശത്രുക്കളെ ആയുധമെടുത്ത് യുദ്ധം ചെയ്ത് ജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. നഗരത്തെ വളഞ്ഞ് അകത്തുള്ള ശത്രുക്കളെ ജയിച്ചാലും. അത് ധര്‍മയുദ്ധം ആകുകയില്ല. അത് നിരപരാധികളായ നഗരവാസികളുടെ കൊലയായിട്ടുമാത്രമേ കണക്കാക്കുകയുള്ളു. അതുകൊണ്ട് നല്ലതുപോലെ ആലോചിച്ച് സമാധാനത്തിനുള്ള ഉപായമെന്തെന്ന് കണ്ടുപിടിച്ചാലും. ആയുധം കൊണ്ട് ജയിച്ച മനുഷ്യന്റെ മനസ്സില്‍ കോപമായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജയിച്ച മനുഷ്യന്റെ മനസ്സില്‍ ശാന്തിയാണ് എപ്പോഴും നിലനില്‍ക്കുക. എല്ലാവരും ആദരിക്കുന്ന ശാക്യമുനിയുടെ ഉപദേശമനുസരിച്ച് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിച്ചാലും.''

ദ്രോണ ബ്രാഹ്മണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏഴു രാജാക്കന്മാരുടേയും ക്രോധം അല്പം കുറഞ്ഞു. അവര്‍ പറഞ്ഞു: ''ഹേ ബ്രാഹ്മണാ, അങ്ങു പറയുന്നത് സത്യമാണ്. ഞങ്ങള്‍ക്ക് ധര്‍മത്തിലും സ്‌നേഹത്തിലുമാണ് താല്പര്യം. എന്നാല്‍ ഞങ്ങള്‍ക്ക് സ്വന്തം ശക്തിയിലും പൂര്‍ണവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് ബുദ്ധ ഭഗവാനോടുള്ള ഭക്തിയുടെ കൂടുതല്‍ കൊണ്ടാണ് ആയുധമെടുത്തിരിക്കുന്നത്. ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ പൂജിക്കുന്നതു സംബന്ധിച്ചാണ് ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ തയ്യാറായിരിക്കുന്നത്. ഇത് യുദ്ധമില്ലാതെ നടക്കുമെങ്കില്‍ ഞങ്ങള്‍ക്കു യാതൊരു വിരോധവുമില്ല. അങ്ങ് ഞങ്ങളുടെ ദൂതനായിച്ചെന്ന് മല്ലന്മാരോട് സംസാരിക്കൂ. ഞങ്ങള്‍ക്കു അവരോട് യാതൊരു വിരോധവുമില്ല. ഞങ്ങള്‍ ബുദ്ധഭഗവാനോടുള്ള ആദരവും ഭക്തിയും പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.''

അയല്‍ രാജാക്കന്മാരുമായി സംസാരിച്ചശേഷം ദ്രോണ ബ്രാഹ്മണന്‍ കുശീനഗരത്തിലേക്കാണ് പോയത്. അദ്ദേഹം മല്ലന്മാരോട് പറഞ്ഞു: ''നഗരത്തിനു വെളിയില്‍ ഏഴു രാജാക്കന്മാര്‍ സൈന്യങ്ങളുമായി നില്പുണ്ട്. അവരുടെ പക്കല്‍ ലക്ഷ്യം തെറ്റാത്ത ആയുധങ്ങളുണ്ട്. അവര്‍ അജേയ ശക്തിയുള്ളവരാണ്. അവര്‍ ബുദ്ധഭഗവാന്റെ ധര്‍മത്തെയാണ് പേടിക്കുന്നത്. അവര്‍ വന്നിരിക്കുന്നത് രാജ്യം പിടിച്ചടക്കാനല്ല, അഹങ്കാരം കൊണ്ടുമല്ല. ഭഗവാന്‍ ബുദ്ധന്‍ നിങ്ങളുടെ ഗുരുവാണ്. അതുപോലെതന്നെ ഞങ്ങളുടേയും ഈ രാജാക്കന്മാരുടേയും ഗുരുവാണ്. അതുകൊണ്ട് അവര്‍ ബുദ്ധന്റെ അസ്ഥിപൂജയ്ക്കുവേണ്ടിയാണ് വന്നിരിക്കുന്നത്.''

''ബുദ്ധന്‍ ഉപദേശിച്ചിരിക്കുന്നത് ധനത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന കൃപണതയേക്കാള്‍ വലിയ പാപം ധര്‍മത്തില്‍ കാണിക്കുന്ന കൃപണതയാണെന്നാണ്. ബുദ്ധന്റെ അസ്ഥി തരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നഗരകവാടത്തിലൂടെ വെളിയില്‍ വന്ന് വീരന്മാരായ അതിഥികളെ സ്വാഗതം ചെയ്യണമെന്നാണ് രാജാക്കന്മാര്‍ പറഞ്ഞിരിക്കുന്നത്.

ദ്രോണന്‍ തുടര്‍ന്നു- ''ഈ രാജാക്കന്മാരുടെ സന്ദേശം സദ്ഭാവനയും ധൈര്യവും നിറഞ്ഞതാണ്. ഞാന്‍ ഇവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വമാണ് കേട്ടത്. അതുകൊണ്ട് ഞാന്‍ പറയുന്നതും അങ്ങ് കേള്‍ക്കണം. കലഹം കൊണ്ട് ആര്‍ക്കും സുഖം ലഭിക്കുന്നില്ല. അത് ധര്‍മവുമല്ല. ബുദ്ധന്‍ എന്നും ക്ഷമ കാണിക്കണമെന്ന ഉപദേശമാണ് നല്‍കിയിരുന്നത്. ക്ഷമകൊണ്ടാണ് അദ്ദേഹം ശാന്തിനേടിയത്. അദ്ദേഹം അനേകം പേര്‍ക്ക് ശാന്തി പ്രദാനം ചെയ്തു. അദ്ദേഹം കാരണം വൃഥാ രക്തപാതം ഉണ്ടാകുന്നത് അനുചിതമാണ്. അതുകൊണ്ട് നിങ്ങള്‍ ഈ രാജാക്കന്മാര്‍ക്കും അസ്ഥി നല്‍കണം. ഇതാണ് നിങ്ങളുടെ ധര്‍മം. ഇത് നിങ്ങളുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും. ഈ രാജാക്കന്മാരെല്ലാം നിങ്ങളുടെ മിത്രങ്ങളായിത്തീരും. അത് എല്ലാവര്‍ക്കും സമാധാനം പ്രദാനം ചെയ്യും.'' ദ്രോണന്റെ വാക്കുകള്‍ മല്ലന്മാരുടെ കോപത്തെ ശാന്തമാക്കി. 
അവര്‍ പറഞ്ഞു: ''ഹേ, ബ്രാഹ്മണ ശ്രേഷ്ഠാ. അങ്ങയുടെ വാക്കുകള്‍ സന്തോഷദായകമാണ്. അങ്ങ് ഞങ്ങളെ നേരായ മാര്‍ഗത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. അങ്ങ് പറഞ്ഞതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ്.''

ദ്രോണന്റെ പ്രയത്‌നത്തിന്റെ ഫലമായി വിവാദം അവസാനിച്ചു. പിന്നീട് എല്ലാവരും ചേര്‍ന്ന് ബുദ്ധഭഗവാന്റെ മംഗളകരമായ അസ്ഥികള്‍ എട്ടു ഭാഗങ്ങളായി വിഭജിച്ചു. ഏഴു ഭാഗം ഏഴു രാജാക്കന്മാര്‍ക്ക് നല്‍കി. ഒരു ഭാഗം മല്ലന്മാര്‍ എടുത്തു.

ബുദ്ധന്റെ ഭൗതികാവശിഷ്ടമായ അസ്ഥികളുമായി രാജാക്കന്മാര്‍ അവരവരുടെ രാജ്യങ്ങളിലേക്ക് സന്തോഷപൂര്‍വം യാത്രതിരിച്ചു. അവര്‍ തലസ്ഥാനങ്ങളിലെത്തി അസ്ഥി സ്ഥാപിച്ച് അതിനുമുകളില്‍ സ്തൂപങ്ങള്‍ പണിയുകയും പൂജനടത്തുകയും ചെയ്തു.
ബുദ്ധന്റെ അസ്ഥികള്‍ ആദ്യംസൂക്ഷിച്ചിരുന്ന കലശമാണ് ദ്രോണന്‍ എടുത്തത്. അദ്ദേഹം അത് തന്റെ നാട്ടില്‍ കൊണ്ടുപോയി സ്ഥാപിക്കുകയും അതിനുമുകളില്‍ സ്തൂപം പണിയുകയും ചെയ്തു. പിസലജാതിയില്‍ പെട്ട ബുദ്ധഭക്തന്മാര്‍ ബുദ്ധന്റെ ശരീരം ദഹിപ്പിച്ച ചാരമാണ് കൊണ്ടുപോയത്.

ശ്വേതപര്‍വതങ്ങള്‍ പോലെ ആദ്യം എട്ടു സ്തൂപങ്ങളാണ് നിര്‍മിക്കപ്പെട്ടത്. അവയില്‍ ബുദ്ധന്റെ അസ്ഥികളാണ് നിക്ഷേപിച്ചിരുന്നത്. ദ്രോണന്റെ കലശത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന സ്തൂപം ഒന്‍പതാമത്തേതായിരുന്നു. പത്താമത്തെ സ്തൂപത്തിനുള്ളില്‍ ബുദ്ധന്റെ ഭൗതികാവശിഷ്ടമായ ചാരമാണ് സ്ഥാപിച്ചിരുന്നത്.

സ്തൂപങ്ങള്‍ നിര്‍മിച്ചശേഷം രാജാക്കന്മാരും ഇടപ്രഭുക്കളും മറ്റുള്ളവരും സ്തൂപങ്ങളില്‍ പൂജനടത്താന്‍ തുടങ്ങി. സ്തൂപങ്ങളില്‍ അഖണ്ഡജ്യോതി ജ്വലിച്ചുകൊണ്ടിരുന്നു; രാവും പകലും മണിയടിച്ചുകൊണ്ടിരുന്നു.

നാളുകള്‍ കുറെക്കഴിഞ്ഞു. ഒരു ദിവസം രാജഗൃഹത്തില്‍ അഞ്ഞൂറ് ബുദ്ധഭിക്ഷുക്കള്‍ ഒരുമിച്ചുകൂടി ബുദ്ധനാല്‍ സ്ഥാപിക്കപ്പെട്ട ധര്‍മാചരണങ്ങള്‍ക്ക് സ്ഥായിയായി രൂപം നല്‍കുന്നതിനെപ്പറ്റി ആലോചിച്ചു. ഭിക്ഷുക്കളെല്ലാം ചേര്‍ന്ന് ബുദ്ധഭഗവാന്റെ ഉപദേശങ്ങള്‍ ശേഖരിക്കാന്‍ തീരുമാനമെടുത്തു.

ആനന്ദന്‍ സദാ ബുദ്ധനോടൊപ്പമുണ്ടായിരുന്ന ശിഷ്യനായിരുന്നു. അദ്ദേഹം ബുദ്ധന്റെ ഉപദേശങ്ങള്‍ നേരിട്ട് കേട്ടിട്ടുള്ള വ്യക്തിയുംകൂടി ആയിരുന്നു. അതുകൊണ്ട് ലോകക്ഷേമത്തിനായി ബുദ്ധന്റെ ഉപദേശങ്ങളെല്ലാം ക്രോഡീകരിക്കണമെന്ന് ബുദ്ധഭിക്ഷുക്കളെല്ലാവരും ചേര്‍ന്ന് ആനന്ദനോട് അഭ്യര്‍ത്ഥിച്ചു.
ആനന്ദന്‍ ബുദ്ധനില്‍ നിന്ന് കേട്ടതുപോലെ സന്ദര്‍ഭം, സമയം, സ്ഥലം എന്നിവ അനുസരിച്ച ക്രമപ്രകാരം ധര്‍മോപദേശങ്ങള്‍ അവതരിപ്പിച്ചു. അങ്ങനെ ആനന്ദനും മറ്റു വരിഷ്ഠരായ ഭിക്ഷുക്കളും ചേര്‍ന്ന് ബുദ്ധഭഗവാന്റെ ധര്‍മശാസ്ത്രത്തിന് സ്വരൂപം നല്‍കി.
കാലാന്തരത്തില്‍ ദേവാനാംപ്രിയദര്‍ശിയായ അശോകന്‍ ജനിച്ചു. അദ്ദേഹം ജനക്ഷേമത്തിനായി അനേകം സ്തൂപങ്ങള്‍ പണികഴിപ്പിച്ചു. അതിനാല്‍ അദ്ദേഹം 'ചണ്ഡ അശോകന്‍' 'ധര്‍മരാജ് അശോകന്‍' എന്ന് അറിയപ്പെട്ടു. അദ്ദേഹം സ്തൂപങ്ങളില്‍ സ്ഥാപിച്ചിരുന്ന അസ്ഥി പുറത്തെടുത്ത് വിഭജിച്ച് നൂറ് കണക്കിന് സ്തൂപങ്ങള്‍ സ്ഥാപിച്ചു.

ജന്മമുള്ളിടത്തോളംകാലം ദുഃഖമുണ്ട്. അതുകൊണ്ട് പുനര്‍ജന്മത്തില്‍ നിന്നുള്ള മോചനത്തിന് സമാനമായി മറ്റൊരു സുഖവും ഇല്ല. ജന്മം, ജരാ, വ്യാധി, മരണം എന്നിവയില്‍നിന്ന് സ്വയം മുക്തനായി ലോകത്തിന് മുഴുവന്‍ മുക്തിയുടെ മാര്‍ഗം കാണിച്ചുതന്ന ബുദ്ധഭഗവാനേക്കാള്‍ പൂജ്യനായി ആരാണ് ഈ ലോകത്തിലുള്ളത്?

(അശ്വഘോഷന്റെ ബുദ്ധചരിതം എന്ന പുസ്തകത്തില്‍ നിന്ന്)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment