Tuesday 13 September 2011

[www.keralites.net] പോവാം, മാവേലി മന്നന്റെ പിറകെ...

 

  • പോവാം, മാവേലി മന്നന്റെ പിറകെ... ശ്യാമള പാലയാട്ട്
  • Fun & Info @ Keralites.net


    "മാവേലി നാടുവാണീടുംകാലം

     

    മാനുഷരെല്ലാരുമൊന്നുപോലെ

     

    ആമോദത്തോടെ വസിക്കുംകാലം .............................................................

     

    കള്ളവുമില്ല ചതിയുമില്ല.............."

    പച്ചമലയാളത്തിലുള്ള ഈ പാട്ട് അത്ര പുരാതനമാണെന്ന് തോന്നുന്നില്ല. എങ്കിലും കേരളീയ ജനജീവിതവുമായി എന്നോ അഭേദ്യമാംവണ്ണം അലിഞ്ഞുചേര്‍ന്ന ഒരു "മിത്ത്" ആണ് മാവേലിയുടെ കഥ. മലയാളക്കരയുടെ ദേശീയോത്സവമായി കൊണ്ടാടിവരുന്ന ഓണവും ഇന്നാട്ടില്‍ പണ്ടുപണ്ടേ ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. സംഘകാലത്തിനുമുമ്പുതന്നെ കേരളം (പഴയ ചേരരാജ്യം) ഉള്‍പ്പെടുന്ന തമിഴകത്ത് ഓണാഘോഷമുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം മാവേലിയെക്കുറിച്ചുള്ള ഐതിഹ്യവും പ്രചരിച്ചിരുന്നു. എന്നിട്ടും മാവേലിയെ "മഹാബലി"യാക്കാനും അസ്സിറിയയിലെവിടെയോ ഉണ്ടായിരുന്ന പൂര്‍വികനായ ഒരു "ബെല"യുമായി കൂട്ടിയിണക്കുവാനും പണ്ഡിതശ്രേഷ്ഠന്മാര്‍ പണിപ്പെടുന്നുണ്ട്. എന്നാല്‍ നമ്മുടെ നാടിന്റെ പ്രാചീന വിവരങ്ങള്‍ കൂടുതല്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ പൗരാണിക സങ്കല്പത്തെ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ, ചരിത്രപരമായ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യാന്‍ സാധിക്കും. രാജവാഴ്ച ആരംഭിക്കുന്നതിനുമുമ്പ്, വടക്ക് ഏഴിമലമുതല്‍ തെക്ക് പൊതിയില്‍മലവരെയും കിഴക്ക് പന്‍റിമലവരെയും സഹ്യന്റെ പടിഞ്ഞാറന്‍ ചെരിവുകളില്‍ "വേളുകള്‍" ഉണ്ടായിരുന്നതായി പഴന്തമിഴ് പാട്ടുകളായ പുറനാനൂറ്, അകനാനൂറ്, പതിറ്റുപ്പത്ത് തുടങ്ങിയവയില്‍ പലേടത്തായി പരാമര്‍ശങ്ങളുണ്ട്. "ഗണാധിപത്യത്തിനും രാജവാഴ്ചയ്ക്കും മധ്യേയുള്ള ഒരു അധികാരസീമ"യായിട്ടാണ് വേള്‍ സ്ഥാനത്തെ "കേരള സാംസ്കാരിക ചരിത്ര"ത്തിന്റെ കര്‍ത്താവായ പി കെ ഗോപാലകൃഷ്ണന്‍ വിലയിരുത്തുന്നത്.

    തീരപ്രദേശങ്ങളില്‍ സ്വന്തമായ ആസ്ഥാനവും പടയാളികളുമുണ്ടായിരുന്നു വേള്‍ സ്ഥാനീയര്‍ക്ക്. വില്ലവര്‍ , മറവര്‍ മുതലായ പേരുകളിലറിയപ്പെട്ട ഈ പടയാളികളുടെ സംരക്ഷണത്തില്‍ വനവിഭവങ്ങളുടെ സൂക്ഷിപ്പും വിക്രയവും, ജലയാനമാര്‍ഗമുള്ള ഇറക്കുമതി സാധനങ്ങളുടെയും ധാന്യങ്ങളുടെയും മറ്റും പുനര്‍വിതരണവും സുഗമമായി നടന്നുകൊണ്ടിരുന്നു. ഈ വിധത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തിവന്ന വേള്‍മന്നന്മാരില്‍നിന്നാണ് പില്‍ക്കാലത്ത് രാജാക്കന്മാരുണ്ടായത്. തമിഴകം വാണ മൂന്നു പ്രധാന രാജാക്കന്മാരായിരുന്നു ചേര-ചോള-പാണ്ഡ്യന്മാര്‍ . "മൂവേന്തന്മാര്‍" എന്നായിരുന്നു അവര്‍ അറിയപ്പെട്ടത്. വേന്തനെന്ന വാക്കിനും "വേള്‍" ശബ്ദവുമായി ബന്ധമുണ്ട്. വേണാട് എന്ന രാജ്യനാമംതന്നെ "വേള്‍" എന്ന വാക്കില്‍നിന്നുണ്ടായതാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു- (വേള്‍+നാട്= വേണാട്). ഒറ്റതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നടക്കുവാന്‍ കൂട്ടായ്മ ആവശ്യമാണെന്ന് ക്രമേണ വേള്‍സ്ഥാനീയര്‍ മനസ്സിലാക്കിയിരിക്കണം. അങ്ങനെയുണ്ടായ അന്നത്തെ വേള്‍ക്കൂട്ടായ്മയുടെ നായകനായിരുന്ന "മഹാവേള്‍" അഥവാ "മാവേള്‍"തന്നെയായിരിക്കണം കേരളക്കരയിലെ രാജാക്കന്മാരുടെ ആദ്യരൂപമായി നമ്മുടെയെല്ലാം മനോമണ്ഡലങ്ങളില്‍ വിരാജിക്കുന്ന മാവേലി. വേള്‍മന്നന്മാരുടെ മുഖ്യന്‍ മാവേള്‍ മന്നനായി അറിയപ്പെട്ടുവെന്നനുമാനിക്കുന്നതില്‍ അതിശയോക്തിയില്ല. ഇദ്ദേഹം കാലാന്തരത്തില്‍ "മഹാബലി"യായി പരിഷ്കൃതനായിത്തീര്‍ന്നതാവാനേ തരമുള്ളൂ. "മാവേലിയോട് മൂന്നടി മണ്ണ് ദാനമായി വാങ്ങിയ വാമനന്‍ പൊടുന്നനെ വളര്‍ന്നുവലുതായി ഭൂമിയെല്ലാം അളന്നെടുത്ത് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി" എന്നാണല്ലോ ഐതിഹ്യം. പെട്ടന്നുവളരുന്ന ഈ വാമനന്റെയും നിസ്സഹായനായിത്തീരുന്ന മാവേലിയുടെയും ചിത്രം ഉദാരമതിയായ ഒരു ഗണമുഖ്യന്റെമേല്‍ പരദേശിയായ ഒരധിനിവേശക്കാരന്റെ ആയുധ വിജയത്തെയാണ് പ്രതീകാത്മകമായി വരച്ചുകാണിക്കുന്നത്.

    "മിത്തു"കളിലെ ഓരോ വിവക്ഷയ്ക്കും അര്‍ഥമാനങ്ങള്‍ ഏറെയാണ്. മാവേലിയെ കീഴടക്കിയ കുടിയേറ്റസംഘം ആയുധധാരികളായിരുന്നുവെന്ന് ന്യായമായും അനുമാനിക്കാം. ഒപ്പം വഞ്ചനയും മറ്റു കുത്സിത തന്ത്രങ്ങളും അവലംബിച്ചിരിക്കാം എന്ന ധ്വനിയും വാമനകഥയിലുണ്ട്. തന്റെ ആശ്രിതരായി നിലകൊള്ളുന്നവര്‍ വാഴുന്ന പ്രദേശത്തേക്കാള്‍ സുഖസമൃദ്ധമായതുകൊണ്ടാണല്ലോ മാവേലിയെയും അദ്ദേഹത്തിന്റെ മണ്ണും കാല്‍ക്കീഴിലാക്കാന്‍ വാമനന്‍ മുതിര്‍ന്നതും. അസൂയമൂത്തവരുടെ ചതിപ്രയോഗത്തിന് അവതാരമാഹാത്മ്യം മേലാളര്‍ പിന്നീട് ചാര്‍ത്തിയതാകാം. വാമനന്‍ എന്ന വാക്കിന് ദ്രാവിഡഭാഷയില്‍ "കുള്ളന്‍" എന്ന അര്‍ഥമുള്ളതായി കാണുന്നില്ല. ആ അര്‍ഥം ആവശ്യാനുസരണം ആരോപിക്കപ്പെട്ടതാകുവാനാണ് സാധ്യത. "വാമനന്‍" എന്നത് "ബ്രാഹ്മണന്‍" എന്ന

    സംസ്കൃതപദത്തിന്റെ വാമൊഴിവഴക്കമല്ലാതെ മറ്റൊന്നുമല്ല.


    Fun & Info @ Keralites.netസമൂഹമനസ്സിന്റെ അബോധതലത്തിലേക്കാണ്ടുപോയ ആ ലിഖിതചരിത്രപൂര്‍വ സംഭവങ്ങളെക്കുറിച്ച് അറിയാന്‍ ഇനിയും അന്വേഷണങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും പ്രസക്തിയുണ്ട്. രാജഭരണത്തിന്റെ ആവിര്‍ഭാവത്തിനുമുമ്പ് ഈ നാട് വാണ വേള്‍മന്നന്മാരെ വരുതിയിലൊതുക്കാന്‍ വടക്കുനിന്നു വന്ന ബ്രാഹ്മണര്‍ക്ക് കഴിഞ്ഞു എന്നതാണ് മാവേലിക്കഥ ധ്വന്യാത്മകമായി വെളിപ്പെടുത്തുന്നത്. മാവേലിപ്പാട്ടുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന "മാനുഷരെല്ലാരുമൊന്നുപോലെ" ജീവിക്കുന്ന സമത്വസുന്ദരമായ സുവര്‍ണകാലം മലയാളിയുടെ വെറുമൊരു സ്വപ്നം മാത്രമായിരുന്നില്ല. അത് ബ്രാഹ്മണാഗമനത്തിന് മുമ്പത്തെ കേരളക്കരതന്നെയായിരുന്നുവെന്നതിന് ഈ പാട്ടുകള്‍ പാടി പോയകാല സുകൃതങ്ങളയവിറക്കുന്ന പില്‍ക്കാലജനതയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. സമത്വചിന്തയ്ക്ക് ഇവിടെ ആഴത്തില്‍ വേരോട്ടമുണ്ടായതും ഈ അന്തര്‍ധാരയുടെ സ്വാധീനംകൊണ്ടുകൂടിയാകാം. ക്രിസ്ത്വബ്ദം ആദ്യ ശതകത്തില്‍ അഹിഛത്രം (അഥവാ ബ്രോഛ്) എന്ന പശ്ചിമതീരത്തുള്ള പട്ടണപ്രദേശത്തുനിന്നും കൊങ്ങുനാട്ടില്‍നിന്നും വന്‍ തോതില്‍ ബ്രാഹ്മണര്‍ കേരളത്തിലേക്ക് കുടിയേറിയെന്നതിന് ചരിത്ര രേഖകളും തെളിവുകളും ഈ പ്രദേശങ്ങളിലെല്ലാമുണ്ട്. തുടര്‍ന്ന് കേരളത്തില്‍ നടമാടിയ ബ്രാഹ്മണാധിപത്യം ഏതാണ്ട് ഒരായിരം വര്‍ഷംകൊണ്ട് പൂര്‍ണമാവുകയായിരുന്നു. ലോകത്തിന്നോളം നിലനിന്ന നാടുവാഴിത്ത സമ്പ്രദായങ്ങളില്‍ ഏറ്റവും നികൃഷ്ടമായ ചൂഷണമാണ് രാജ്യത്ത് ബ്രാഹ്മണാധിപത്യത്തില്‍ കീഴില്‍ സാധാരണക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നതെന്ന് സാമൂഹ്യശാസ്ത്രജ്ഞന്മാരെല്ലാം അംഗീകരിക്കുന്നു. എന്നാല്‍ ഇന്നാട്ടിലെ ബ്രാഹ്മണമേധാവിത്തമാകട്ടെ ഒട്ടും മനുഷ്യപ്പറ്റില്ലാത്തതുമായിരുന്നു.

    "ലോക ചരിത്രത്തില്‍ മറ്റെങ്ങുംതന്നെ ഒരു കാലത്തും ഇങ്ങനെ സര്‍വാധിപത്യം വഹിച്ച ഒരു വര്‍ഗത്തെയോ വംശത്തെയോ മതവിഭാഗത്തെയോ കണ്ടെത്താന്‍ സാധ്യമല്ല. ഋഗ്വേദകാലംമുതല്‍ ബ്രാഹ്മണന്‍ വിഭാവനം ചെയ്ത ആ "ഭൂദേവ" സ്ഥാനം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ എപ്പോഴെങ്കിലും എവിടെയെങ്കിലും സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കേരളത്തിലായിരുന്നു എന്ന് പി കെ ഗോപാലകൃഷ്ണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിനുശേഷം സ്വാതന്ത്ര്യലബ്ധിയോളവും അതിനുശേഷം പല മേഖലകളിലും പരോക്ഷമായും ഈ പ്രമാണിത്തം തുടരുകതന്നെയാണ്. ഉത്തരേന്ത്യയിലും മറ്റും ബ്രാഹ്മണന്റെ കാല്‍ക്കല്‍ "സാഷ്ടാംഗ പ്രണാമം" ചെയ്യല്‍ ഇന്നും അവര്‍ണ ജാതിക്കാര്‍ക്കിടയില്‍ നിര്‍ബന്ധവും സാധാരണവുമാണല്ലോ. ആ കാല്‍ക്കല്‍ വീഴല്‍ പുണ്യകര്‍മമായി അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടുവരികയാണ്. രണ്ടായിരത്തോളമാണ്ടുകള്‍ക്കുമുമ്പ് നമ്മുടെ നാട്ടുകൂട്ടനായകന്മാരുടെ നേതാവായിരുന്ന മാവേലിയുടെ ശിരസ്സിലേറ്റ ആ പാദസ്പര്‍ശം ഒരു കീഴടക്കലിന്റെ തുടക്കമായിരുന്നു. പില്‍ക്കാലത്ത് ഒരു ജനതയുടെയാകമാനം തലയ്ക്കുമേല്‍ വന്നുപതിച്ച ചവിട്ടിത്താഴ്ത്തലിന്റെ ആദ്യാഘാതം. ഇത് നടന്നത് ക്രിസ്തുവര്‍ഷാരംഭത്തിന് തൊട്ടുമുമ്പായിരിക്കണമെന്നും സമൂഹവികാസചരിത്രത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ കണ്ടെത്താം.

Mukesh
+91 9400322866
+91 9809860606
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 579. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment