Sunday 31 July 2016

[www.keralites.net] ഒളിമ്പിക് സ്വര്‍ണം തിരുവിതാ ംകൂറില്‍!

 

FWD:

ഒളിമ്പിക് സ്വര്‍ണം തിരുവിതാംകൂറില്‍


ഇ സുദേഷ്

Fun & Info @ Keralites.net

ഡോ. തിയഡോര്‍ ഹൊവാര്‍ഡ് സോമര്‍വെല്‍ പര്‍വതാരോഹണത്തിനിടയില്‍ വര്‍ഷം 1923: തെക്കന്‍ തിരുവിതാംകൂറിലെ നെയ്യൂരില്‍ ഇംഗ്ളീഷുകാരനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. പേര് തിയഡോര്‍ ഹൊവാര്‍ഡ് സോമര്‍വെല്‍. 

പാവങ്ങളുടെ വേദനയകറ്റാന്‍ ഇറങ്ങിത്തിരിച്ച്, മുഴുവന്‍ സമയവും രോഗികള്‍ക്കിടയില്‍  ചെലവഴിക്കുന്ന ഡോക്ടര്‍ 1924ന്റെ തുടക്കത്തില്‍ അപ്രത്യക്ഷനായി. എങ്ങോട്ടു പോയെന്ന് കൂടെയുള്ളവര്‍ക്കുപോലും കൃത്യമായി അറിയില്ല.  എന്നാല്‍, ആ വര്‍ഷം പകുതിയോടെ ഡോക്ടര്‍ തിരിച്ചെത്തി. 

പതിവുപോലെ ജോലിയില്‍ വ്യാപൃതനായി. ഒളിമ്പിക്സ് സ്വര്‍ണമെഡല്‍  എന്ന മഹാനേട്ടവുമായാണ് ഡോക്ടര്‍ തിരിച്ചെത്തിയതെന്ന് സഹപ്രവര്‍ത്തകര് പോലും അറിഞ്ഞത് ഏറെനാള്‍ കഴിഞ്ഞാണ്. പാരിസില്‍ നടന്ന ശീതകാല  ഒളിമ്പിക്സില്‍ പങ്കെടുക്കാനാണ് ഡോക്ടര്‍ പോയത്. അന്ന് മത്സരയിനമായിരുന്ന 

പര്‍വതാരോഹണത്തിലാണ് സോമര്‍വെല്ലിന് സ്വര്‍ണം ലഭിച്ചത്.  മെഡല്‍ കഴുത്തിലണിയിച്ചതാകട്ടെ ആധുനിക ഒളിമ്പിക്സിന്റെ പിതാവായ സാക്ഷാല്‍ പിയറി ഡി കുബേര്‍ട്ടിന്‍. സോമര്‍വെല്ലിന്റെ മരണശേഷം ശേഷിപ്പുകള്‍  പരിശോധിച്ചപ്പോഴാണ് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ നേട്ടം അറിഞ്ഞതെന്ന് മകന്‍ ഡേവിഡ് സോമര്‍വെല്‍ പറഞ്ഞതില്‍ തരിമ്പും അതിശയോക്തിയില്ല.  തന്റെ നേട്ടം കൊട്ടിഘോഷിക്കാനോ അതിന്റെ പേരിലുള്ള ആനുകൂല്യങ്ങളും മറ്റും നേടി സുഖജീവിതം നയിക്കാനോ സോമര്‍വെല്ലിനാകുമായിരുന്നില്ല.  താന്‍ പഠിച്ച വൈദ്യശാസ്ത്രവിദ്യയിലൂടെ പാവപ്പെട്ടവരുടെ കണ്ണീരും വേദനയും ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു ആ മഹാമനസ്കന്‍.

1953ല്‍ ടെന്‍സിങ്ങും ഹിലരിയും എവറസ്റ്റിനു മുകളില്‍ കയറി ചരിത്രമെഴുതുന്നതിന് 31 വര്‍ഷംമുമ്പ് ഇംഗ്ളണ്ടില്‍നിന്ന് ഈ കൊടുമുടി കീഴടക്കാന്‍ എത്തിയ യുവാക്കളുടെ സംഘത്തില്‍ സോമര്‍വെല്ലുണ്ടായിരുന്നു. 7000 അടിയോളം പിന്നിട്ടെങ്കിലും മുകളില്‍ എത്താനാകാതെ പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്ന് ഇന്ത്യ ചുറ്റാനിറങ്ങി, കശ്മീര്‍മുതല്‍ കന്യാകുമാരിവരെ യാത്ര നീണ്ടു. കന്യാകുമാരിയില്‍ മിഷനറി സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന പരിചയക്കാരനായ ഡോക്ടറെയും സന്ദര്‍ശിച്ചു. ആശുപത്രിയിലെ രോഗികളുടെ നീണ്ട ക്യൂവും ചികിത്സാസൌകര്യങ്ങളുടെ ദയനീയാവസ്ഥയും കണ്ട സോമര്‍വെല്ലിന് സഹിക്കാനായില്ല. രോഗികളെ പരിശോധിച്ച് മരുന്നു കൊടുക്കാന്‍ സുഹൃത്തിനൊപ്പം കൂടി. അന്നു തന്നെ ഒരുറച്ച തീരുമാനമെടുത്തു. 

ഇനിയുള്ള ജീവിതം ഈ നാട്ടില്‍, ഈ പാവങ്ങള്‍ക്കുവേണ്ടിയായിരിക്കും. ഇംഗ്ളണ്ടില്‍ പോയി ഒരു വര്‍ഷത്തിനകം തിരിച്ചെത്തി. അന്നത്തെ തിരുവിതാംകൂറില്‍ ഉള്‍പ്പെട്ട നാഗര്‍കോവിലിനടുത്ത നെയ്യൂരിലെ മിഷനറി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് ആതുരസേവനം തുടങ്ങി. മുഴുവന്‍സമയവും രോഗികള്‍ക്കിടയില്‍ ചെലവഴിച്ച, അത്യധ്വാനിയും മഹാമനസ്കനുമായ ഡോക്ടര്‍ ജനമനസ്സുകളുടെ കൊടുമുടിയിലേക്കുള്ള യാത്ര അവിടെ തുടങ്ങി.
 

Fun & Info @ Keralites.netഡോ. സോമര്‍വെല്‍

F R C S യോഗ്യതയുള്ള സോമര്‍വെല്‍ സ്വന്തംനാട്ടിലെ ശോഭനമായ കരിയര്‍ ഉപേക്ഷിച്ച് വന്നത് വെറുംകൈയോടെയല്ല. ദ്രവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൈനാമോ, എക്സ്റേ യന്ത്രം, ലൈറ്റ് തെളിക്കാനുള്ള വയറിങ് ഉപകരണങ്ങള്‍ തുടങ്ങിയവയും കൊണ്ടുവന്നു. ദക്ഷിണേന്ത്യയില്‍ ആദ്യ എക്സ്റേ യൂണിറ്റ് സ്ഥാപിച്ച ബഹുമതി സ്വന്തമാക്കി. വെറ്റില മുറുക്കുന്നവരുടെ എണ്ണം കൂടുതലായ തെക്കന്‍ തിരുവിതാംകൂറില്‍ വായിലെ കാന്‍സര്‍ വ്യാപകമായിരുന്നു. ഇവരുടെ ചികിത്സയ്ക്ക് നെയ്യൂരിലെ ആശുപത്രിയില്‍ റേഡിയംചികിത്സ ആരംഭിച്ചു. ഇന്ത്യയില്‍തന്നെ ആദ്യമായിരുന്നു അത്. ആധുനിക ചികിത്സാരീതികള്‍ ആദ്യമായി ദക്ഷിണേന്ത്യയില്‍ എത്തിച്ചത് സോമര്‍വെല്ലാണ്.

ആശുപത്രിയില്‍ ഇരുന്ന് ചികിത്സിക്കുന്നതിനു പകരം പാവപ്പെട്ട രോഗികളെ തേടിപ്പോകുന്ന ഡോക്ടര്‍ ഒരത്ഭുതമായിരുന്നു. ദിവ്യപരിവേഷത്തോടെയാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്. തെക്കന്‍ തിരുവിതാംകൂറിലാകെ, ഏറെയും കാല്‍നടയായി സഞ്ചരിച്ചു. കോളറയും വസൂരിയും ഭയന്നു കഴിഞ്ഞ പാവങ്ങള്‍ക്ക് ആ സാന്നിധ്യം അത്രയേറെ ആശ്വാസമായി. മാസത്തില്‍ നൂറുകണക്കിനു ശസ്ത്രക്രിയകള്‍ നടത്തി. നേരത്തെ യുദ്ധഭൂമിയിലും മറ്റും സേവനമനുഷ്ഠിച്ച ഡോക്ടര്‍ക്ക് തിരക്കിട്ടുള്ള ശസ്ത്രക്രിയ ഒരു പ്രശ്നമായിരുന്നില്ല. ഈ തിരക്കിനിടയിലും രോഗികളുമായുള്ള ആശയവിനിമയം എളുപ്പമാക്കാന്‍ ദിവസം രണ്ടുമണിക്കൂര്‍ തമിഴ് പഠനവും നടത്തി.

കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള ലണ്ടന്‍ മിഷനറി സൊസൈറ്റി ബോയ്സ് ബ്രിഗേഡ് ആശുപത്രിയിലും സോമര്‍വെല്‍ രോഗികളെ ചികിത്സിച്ചിരുന്നു. ആദ്യം നെയ്യൂരില്‍നിന്ന് മാസത്തില്‍ ഒരിക്കല്‍ വന്നുപോകുകയായിരുന്നു. തിരക്കേറിയപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇവിടെ എത്തി. 1900ല്‍ സ്ഥാപിച്ച അന്നത്തെ പ്രമുഖ ആശുപത്രി 'സൌത്ത് തിരുവിതാംകൂര്‍ മെഡിക്കല്‍ മിഷനു'കീഴിലായിരുന്നു. ഡോക്ടറെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറെ പേര്‍ ഇവിടെ എത്തി. ആശുപത്രിയില്‍ സോമര്‍വെല്ലിനായി ഒരുക്കിയ ഓപ്പറേഷന്‍ തിയറ്ററിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. സൂര്യപ്രകാശത്തിലാണ് ശസ്ത്രക്രിയ. സൂര്യപ്രകാശം ലഭിക്കാന്‍ ഗ്ളാസ് ഘടിപ്പിച്ച ടൈല്‍ മുറിയുടെ മേല്‍ക്കൂരയില്‍ പാകി. അന്ന് ശസ്ത്രക്രിയ അത്ഭുതപ്രവൃത്തിയായാണ് നാട്ടുകാര്‍ കണ്ടത്. 

ഈ കൌതുകം തിരിച്ചറിഞ്ഞ് ശസ്ത്രക്രിയ കാണാന്‍ സൌകര്യമൊരുക്കി. മുറിയുടെ ഒരു വശത്ത് ചുമരിനു പകരമുണ്ടായിരുന്ന വലിയ കണ്ണാടിജനലിലൂടെ ആളുകള്‍ക്ക് ശസ്ത്രക്രിയ കാണാം. കാഴ്ചക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ സോമര്‍വെല്‍ ചെറിയൊരു ഫീസ് ചുമത്തി. ഈ തുക ആതുര സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചു. ഈ മുറി ഇന്ന് നവജാതശിശു ശുശ്രൂഷാ യൂണിറ്റായി പ്രവര്‍ത്തിക്കുന്നു. 1938ല്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഒരു ധനസമാഹരണ യജ്ഞം സംഘടിപ്പിച്ചു. കുണ്ടറ ആശുപത്രിക്ക് 1000 പൌണ്ട് സംഭാവനയും നല്‍കി. 50 കിടക്കയുള്ള ആശുപത്രിയായി ഉയരാന്‍ ഈ തുക സഹായിച്ചു. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ കുഷ്ഠ രോഗാശുപത്രി തുടങ്ങാന്‍ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ നടത്തിയത് സോമര്‍വെല്ലാണ്.

Fun & Info @ Keralites.netകാരക്കോണത്തെ ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്ഐ മെഡിക്കല്‍ കോളേജ് ആശുപത്രിമികച്ച ചിത്രകാരന്‍കൂടിയായ സോമര്‍വെല്ലിന് സംഗീതത്തിലും അഗാധ പരിജ്ഞാനമായിരുന്നു. വാട്ടര്‍കളറില്‍ അദ്ദേഹം വരച്ച അതിമനോഹര ചിത്രങ്ങളുടെ ഒരു മ്യൂസിയംതന്നെ ഇംഗ്ളണ്ടിലുണ്ട്. ഇന്ത്യയുടെ നാനാഭാഗങ്ങള്‍ സന്ദര്‍ശിച്ച അവസരങ്ങളില്‍ കണ്ട ദൃശ്യങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ക്യാന്‍വാസുകള്‍ക്ക് വിഷയമായി. ശസ്ത്രക്രിയ കഴിഞ്ഞ് വേദനയോടെ വിശ്രമിക്കുന്ന രോഗികളെ ആശ്വസിപ്പിക്കാന്‍ സോമര്‍വെല്‍ ഫ്ളൂട്ട് വായിച്ചിരുന്നതിനെക്കുറിച്ച് വൈലോപ്പിള്ളി കവിത എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ സംഗീതവും സോമര്‍വെല്‍ നന്നായി ആസ്വദിച്ചു. നാഗസ്വരവും മൃദംഗവും ഇഷ്ട സംഗീതോപകരണങ്ങളായിരുന്നു. നെയ്യൂരിലെ പള്ളിയില്‍ 

ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാത്തതില്‍ അദ്ദേഹത്തിന് വലിയ വിഷമമുണ്ടായിരുന്നു. തമിഴ് എഴുത്തുകാരന്‍ ജയമോഹന്റെ ഒരു ചെറുകഥയുടെ വിഷയം സോമര്‍വെല്ലിന്റെ ചികിത്സാ വൈദഗ്ധ്യമാണ്. ഇന്ത്യയില്‍ പൊതുസേവനത്തിന് ബ്രിട്ടീഷ് ഭരണകൂടം സമ്മാനിക്കുന്ന കൈസര്‍ എ ഹിന്ദ് മെഡലിന് 1938ല്‍ അര്‍ഹനായ സോമര്‍വെല്ലിന്റെ പേരാണ് കാരക്കോണത്ത് പ്രവര്‍ത്തിക്കുന്ന സിഎസ്ഐ മെഡിക്കല്‍ കോളേജിന്.

ഇന്ത്യയില്‍ നിലനിന്ന സങ്കീര്‍ണമായ ജാതിവ്യവസ്ഥ സോമര്‍വെല്ലിനെ ഏറെ വിഷമിപ്പിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരെയും മറ്റും പലപ്പോഴും പ്രതികരിച്ചു. 

ഇതേക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. ജാതിവിവേചനത്തെതുടര്‍ന്ന് തന്റെ പാചകക്കാരന് ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ സാധിക്കാതിരുന്നത് അദ്ദേഹം ഇതില്‍ വിശദീകരിക്കുന്നു. മതപരിവര്‍ത്തനത്തെ സോമര്‍വെല്‍ അനുകൂലിച്ചിരുന്നില്ലെന്ന് ആത്മകഥ തെളിയിക്കുന്നു. "ജാതി– മത മേധാവിത്വ ചിന്തകളില്ലാതെയാണ് ഇന്ത്യയിലേക്ക് പോയത്. മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം''. ആത്മകഥയില്‍ പറയുന്നു. 

ഇന്ത്യന്‍ ഇതിഹാസഗ്രന്ഥങ്ങളും പുരാണങ്ങളും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു.

1945ല്‍ സോമര്‍വെല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. ബ്രിട്ടനിലേക്ക് മടങ്ങിയെങ്കിലും ഇന്ത്യ സ്വതന്ത്രമായശേഷം 1948ല്‍ നെയ്യൂരില്‍ തിരിച്ചെത്തി. 1949ല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജ് ശസ്ത്രക്രിയാ വിഭാഗം അസോസിയറ്റ് പ്രൊഫസറായി ചുമതലയേറ്റു. 

തന്റെ അറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുകയായിരുന്നു ലക്ഷ്യം. ഇടയ്ക്കിടെ നെയ്യൂരില്‍ വന്നിരുന്നു. 1961ല്‍ വെല്ലൂരില്‍നിന്ന് വിരമിച്ച് ഇംഗ്ളണ്ടിലേക്ക് തിരിച്ചുപോയി. ഹൃദയാഘാതത്തെതുടര്‍ന്ന് 1975 ജനുവരി 23ന് 85–ാം വയസ്സില്‍ അന്തരിച്ചു. ഇംഗ്ളണ്ടിലെ കിന്‍ഡലില്‍ 1890ലാണ് ജനനം. 

കുടുംബത്തിന് ഷൂനിര്‍മാണ ബിസിനസായിരുന്നു. 

ഭാര്യ: മാര്‍ഗരറ്റ് ഹോപ് സംസണ്‍. മക്കള്‍: ജയിംസ്, ഡേവിഡ്, ഹ്യൂഗ്.

ഡോ. സോമര്‍വെല്ലിനെക്കുറിച്ച് 
വൈലോപ്പിള്ളി എഴുതിയ
'കത്തിയും മുരളിയും' എന്ന
കവിതയിലെ ചില വരികള്‍

..........
...കോള്‍മയിര്‍ക്കൊള്ളും കൃത–
ജ്ഞതയോടത്രേ ഡോക്ടര്‍
'സോമര്‍വെല്ലി'നെയിന്നും 
സ്മരിപ്പതിന്നാട്ടുകാര്‍.

അവ്യയയശസ്സിന്റെ
ശുഭ്രമാം ഹിമാലയ–
പര്‍വതശൃംഗങ്ങളെ–
ക്കയറിയളന്നാലും

തെക്കുതെ, ക്കെല്ലാറ്റിലും
താഴത്തീക്കുഗ്രാമത്തിന്‍
മുക്കില്‍ വാ,ണവശരെ–
സ്സേവിച്ചൊരാ സ്നേഹാര്‍ദ്രന്‍

മീലിതശബ്ദം, പുരോ–
ഗതിതന്‍ പേരില്‍ കലാ–
തൂലിക ചലിപ്പിക്കും
നമ്മളോടോതുന്നുണ്ടാം.

രുഗ്ണമാം സമുദായ
ദേഹത്തിന്‍ മഹാവ്യാധി–
യൊക്കെയും നീക്കാന്‍ പേന
ശസ്ത്രമാക്കിയ നിങ്ങള്‍

അപ്പേനയോടക്കുഴ–
ലാക്കാനും മടിക്കരു–
തല്‍പേതരാസ്വാസ്ഥ്യങ്ങ–
ളങ്ങനെ മാറ്റാം പക്ഷേ,

കുളിര്‍വായുവില്‍, സൂര–
സുപ്രകാശത്തില്‍, ച്ചോല–
ത്തെളിവാരിയില്‍, ചൈത്ര–
പ്പൂക്കളില്‍, കനികളില്‍

.....................................................
......................................................

ആ മുരളിയിലൂടെ–
പ്പകരൂ, മനസ്സിന്റെ–
യാമയം നീങ്ങി സ്വസ്ഥ–
രാകട്ടേ ശരീരികള്‍.

കത്തിയാല്‍, മരുന്നിനാല്‍,
മാറാത്ത നോവും മാറ്റാ–
നൊത്തിടാമൊരുല്‍കൃഷ്ട–
ഭാവഹര്‍ഷത്താല്‍ മാത്രം!

esudesh@ymail.com


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Save time and get your email on the go with the Yahoo Mail app
Get the beautifully designed, lighting fast, and easy-to-use Yahoo Mail today. Now you can access all your inboxes (Gmail, Outlook, AOL and more) in one place. Never delete an email again with 1000GB of free cloud storage.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment