
മനോരമ ആഴ്ചപ്പതിപ്പില്‍ ടോംസ് ആ പരമ്പര മുപ്പതു വര്‍ഷം വരച്ചു. ആഴ്ചപ്പതിപ്പിന്റെ അവസാനപേജ് ആദ്യം വായിക്കുന്ന ശീലമുണ്ടാക്കിയത് അദ്ദേഹം. പിന്നീട് മാതൃഭൂമിയില്‍ അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും വന്നതും അവസാന പേജില്‍. മനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററായ ടോംസ് ജോലിയുടെ ഭാഗമായി വരച്ചതല്ല കാര്‍ട്ടൂണുകള്‍. അതുകൊണ്ട് പകര്‍പ്പവകാശനിയമം അനുസരിച്ച് അവ തന്റേതാണെന്ന് കരുതി. അച്ചടിച്ച കാര്‍ട്ടൂണുകളുടെ സമാഹാരം പ്രസിദ്ധപ്പെടുത്താന്‍ മനോരമയുടെ അനുവാദം വാങ്ങിയത് അന്ന് ജീവനക്കാരനായതുകൊണ്ടാണ്. ആ സമാഹാരങ്ങള്‍ക്ക് വമ്പിച്ച പ്രചാരം ലഭിച്ചു. വിപണിമൂല്യം മനോരമ തിരിച്ചറിഞ്ഞത് അപ്പോഴാകണം.
1987ല്‍ മനോരമയില്‍നിന്ന് ടോംസ് പിരിഞ്ഞതോടെയാണ് പ്രശ്നതുടക്കം. തുടര്‍ന്നും ബോബനും മോളിയും അദ്ദേഹം തന്നെ വരക്കണമെന്ന് മനോരമക്ക് ആഗ്രഹമുണ്ടായി. പക്ഷേ വ്യവസ്ഥ ടോംസിന് സ്വീകാര്യമായില്ല. അപ്പോഴാണ് കലാകൌമുദി സ്വീകരിച്ചത്. അതിനെതിരെ മനോരമ എറണാകുളം ജില്ലാ കോടതിയില്‍നിന്ന് നിരോധന ഉത്തരവ് വാങ്ങി. മനോരമയില്‍ മറ്റൊരാള്‍ പേരു വയ്ക്കാതെ ബോബനും മോളിയും വരയ്ക്കാനും തുടങ്ങി.യെലോ കിഡ് കാര്‍ട്ടൂണ്‍ കഥാപാത്രത്തിനുവേണ്ടി പുലിറ്റ്സറുടെ ന്യൂയോര്‍ക്ക് വേള്‍ഡും ഹേഴ്സ്റ്റിന്റെ ന്യൂയോര്‍ക്ക് ജേര്‍ണലും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ആ കാര്‍ട്ടൂണ്‍ യുദ്ധം അനുസ്മരിപ്പിച്ചു.
കലാകൌമുദി പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരുടെ നിര്‍ദേശമനുസരിച്ച് എന്നെ കേസ് ഏല്‍പിക്കാന്‍ വന്നപ്പോഴാണ് ടോംസിനെ ആദ്യം കണ്ടത്. ആ പരിചയം ബന്ധുവിനോടുള്ള അടുപ്പമായി.സംഭാഷണത്തില്‍ ഫലിതം പറയാത്ത ടോംസ് കുട്ടനാടന്‍ കര്‍ഷകന്റെ ഗൌരവത്തോടെ കാര്യങ്ങളെ സമീപിച്ചു.നാടന്‍ ഫലിതങ്ങള്‍ ആ തൂലികയിലൂടെ ഊര്‍ന്നുവന്നു.ഒരു തെരഞ്ഞെടുപ്പ് കാലത്ത് സെബാസ്റ്റ്യന്‍ പോളിന് വോട്ടു ചെയ്യുക എന്ന ചുവരെഴുത്ത് കണ്ടപ്പോള്‍ പോളിനു വോട്ട് ചെയ്യാന്‍ സെബാസ്റ്റ്യനോട് നേരിട്ട് പറഞ്ഞാല്‍ പോരേ എന്നായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍.
ടോംസ് പൂര്‍ണമായും ജയിക്കേണ്ട കേസാണ് മനോരമ വഴിതിരിച്ചെടുത്തത്.കെ പി ദണ്ഡപാണിയാണ് അവര്‍ക്കുവേണ്ടി ഹാജരായത്. എന്തിനും തയാറായ ഗോവിന്ദനായിരുന്നു ജഡ്ജി. അദ്ദേഹത്തെ അഴിമതിയുടെ പേരില്‍ ഹൈക്കോടതി നീക്കി.എങ്ങനെയും ജയിക്കുകയായിരുന്നു മനോരമയുടെ ആവശ്യം. അത് സാധിച്ചു. അതിനാണ് കോട്ടയത്ത് നടക്കേണ്ട കേസ് എറണാകുളത്തെത്തിച്ചത്. ഹൈക്കോടതിയും കഴിഞ്ഞ് സുപ്രിംകോടതിവരെ മനോരമക്ക് നിലനിര്‍ത്താന്‍ കഴിയാത്ത ദുര്‍ബല വിധിയായിരുന്നു ഗോവിന്ദന്റേത്. അപ്പീലില്‍ തോല്‍വി ഒഴിവാക്കാന്‍ കേസിന്റെ മേല്‍ഗതി അവസാനിപ്പിച്ച് ബോബനും മോളിയും കാര്‍ട്ടൂണുകളുടെ അവകാശം മനോരമ കൈയൊഴിഞ്ഞു. സുപ്രിംകോടതിയിലെത്തി അന്തിമ വിധി സമ്പാദിക്കേണ്ട കേസാണ് നാടകീയമായി അവസാനിച്ചത്. സ്രഷ്ടാവിന്റെ അവകാശം സംബന്ധിച്ച പകര്‍പ്പവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് അവശ്യം ലഭിക്കേണ്ട വ്യക്തതയ്ക്കുള്ള അവസരം അതോടെ നഷ്ടമായി.രണ്ട് കുട്ടികളും അവരെ പിന്തുടരുന്ന നായക്കുട്ടിയുമാണ് ബോബനും മോളിയും കാര്‍ട്ടൂണുകളുടെ കേന്ദ്രം.നിരവധി കഥാപാത്രങ്ങള്‍ അവരോട് ചേര്‍ന്നു.
കുട്ടനാട്ടില്‍ ജനിച്ചു വളര്‍ന്ന ടോംസ് ഗ്രാമത്തെയാണ് പരിചയപ്പെടുത്തിയത്. പേരില്ലാത്ത അത് കുട്ടനാടന്‍ മാല്‍ഗുഡിയായി.പഞ്ചായത്ത് പ്രസിഡന്റിലൂടെ രാഷ്ട്രീയത്തെയും കേസില്ലാ വക്കീലിലൂടെ അഭിഭാഷകവൃത്തിയെയും പരിഹസിച്ചു.
പഞ്ചവടിപ്പാലത്തില്‍ കെ ജി ജോര്‍ജ് അവിസ്മരണീയമാക്കിയ പഞ്ചായത്ത് ആ കാര്‍ട്ടൂണുകളിലൂടെ പരിണമിച്ചതാണ്.ഡേവിഡ്ലോ മുതല്‍ ശങ്കറും ലക്ഷ്മണുംവരെയുള്ളവര്‍ രാഷ്ട്രീയ വിമര്‍ശകരായിരുന്നു.ടോംസ് പ്രത്യക്ഷത്തില്‍ അങ്ങനെയല്ല.
എന്നാല്‍ വരകളിലും വാക്കുകളിലും രാഷ്ട്രീയമുണ്ടായി.സാധാരണജീവിതത്തില്‍നിന്ന് ഉയിരെടുക്കുന്ന സമസ്യകള്‍ക്ക് നാടന്‍ ഫലിതത്തിലൂടെ ആവിഷ്കാരം നല്‍കി.
പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയ രാഷ്ട്രീയവിമര്‍ശത്തിനു പകരം മൌലിക സാമൂഹികവിമര്‍ശനം.പുരോഹിതനും രാഷ്ട്രീയപ്രമാണിയും മുതല്‍ ഹിപ്പിവരെ അതില്‍ ഇടംനേടി.
അനവധാനതയോടെ കോടതി നല്‍കുന്ന ചില ഉത്തരവ് അപരിഹാര്യമായ നഷ്ടത്തിനു കാരണമാകും. 1987ല്‍ ടോംസിനെതിരെ മനോരമ സമ്പാദിച്ച ഉത്തരവ് അപ്രകാരമുള്ളത്.തുടര്‍ന്ന് അദ്ദേഹത്തിന് വരയ്ക്കാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ തീരാനഷ്ടമാകുമായിരുന്നു. ഹൈക്കോടതി നീക്കിയ വിലക്കിനുശേഷം ടോംസ് കാല്‍നൂറ്റാണ്ടുകൂടി സജീവമായി.
നിബന്ധനകളില്ലാതെ സ്വതന്ത്രമായി വ്യാപരിച്ചു.ബോബനും മോളിക്കും അനുബന്ധമായി ഉണ്ണിക്കുട്ടനെക്കൂടി സൃഷ്ടിച്ച് നര്‍മയാനം വിപുലമാക്കി.കുട്ടികളെ ചിരിപ്പിക്കുകയും വളരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത നര്‍മഗുരുവാണ് വിടപറഞ്ഞത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net