ബോബനും മോളിയും പിന്നെ ടോംസും
__ by കൃഷ്ണ പൂജപ്പുര
പഞ്ചായത്ത് പ്രസിഡന്റുചേട്ടന് കടുത്ത ജലദോഷം. അതുകാരണം ചെവിയൊക്കെ
അടഞ്ഞുപോയിരിക്കുന്നു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ വയ്യ.
പ്രശ്നമെന്താണെന്നുവച്ചാല്‍ സ്ഥലം എസ്ഐ അസുഖം ബാധിച്ച് ആശുപത്രിയിലാണ്.
എസ്ഐയെ പഞ്ചായത്ത് പ്രസിഡന്റ് അന്വേഷിച്ചുപോകണം. പക്ഷേ, ചെവികേള്‍ക്കാന്‍
വയ്യ എന്ന് എസ്ഐ അറിയുന്നതും ക്ഷീണമാണ്. അപ്പോഴതാ സഹായവുമായി സാക്ഷാല്‍
ബോബനും മോളിയും.
"ചേട്ടാ നമുക്ക് ചോദ്യവും ഉത്തരവും നേരത്തേ തയ്യാറാക്കിക്കൊണ്ടുപോകാം.
ഉദാഹരണത്തിന് ചേട്ടന്‍ എസ്ഐയോട് ഇപ്പോള്‍ അസുഖം എങ്ങനെയുണ്ട് എന്ന്
ചോദിക്കണം.
ആശുപത്രിയില്‍ കുറച്ചധികം ദിവസമായി. അതുകൊണ്ട് അസുഖം കുറവുണ്ട്
എന്നാകും മറുപടി. എസ്ഐ ചുണ്ടനക്കുമ്പോള്‍ മറുപടിയാണെന്നു കരുതിക്കോണം.
ആ വാര്‍ത്ത കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു എന്നുപറയണം. അടുത്ത ചോദ്യം
ആരാണ് ഡോക്ടര്‍. അതിനും എസ്ഐ ചുണ്ടനക്കുന്നതുകാണാം. ഡോക്ടറുടെ
പേര് പറയുകയാണ്. അയാളാണ് ബെസ്റ്റ് ഡോക്ടര്‍ എന്ന് ചേട്ടന്‍ പറയണം. മൂന്നാമത്തെ
ചോദ്യം– എന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്– വീണ്ടും ചുണ്ടനക്കല്‍– ഡിസ്ചാര്‍ജ് ഡേറ്റ്
പറയുകയാണ്. ആ ഡേറ്റ് എത്രയും പെട്ടെന്ന് ഇങ്ങെത്തട്ടെ എന്ന് ആശംസിക്കുന്നുവെന്ന്
പറഞ്ഞിട്ട് തിരികെവരാം.''
ബോബനും മോളിയും ചേട്ടനും ആശുപത്രിയില്‍ എസ്ഐക്കുമുന്നില്‍. എസ്ഐ ആകട്ടെ
രണ്ടുദിവസമായി അസുഖം മൂര്‍ച്ഛിച്ചുകിടക്കുകയാണ്. ചേട്ടന്‍ സെറ്റുചെയ്ത് വച്ചേക്കുന്ന
ചോദ്യോത്തരത്തിലേക്ക് കടന്നു.
ചേട്ടന്‍: ഇപ്പോള്‍ അസുഖം എങ്ങനുണ്ട്?
എസ്ഐ: വളരെ കൂടുതലാണ്. മരിച്ചുപോകുമെന്ന് ഡോക്ടര്‍ പറഞ്ഞു.
ചേട്ടന്‍: ആ വാര്‍ത്ത കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആട്ടെ ആരാണ് ചികിത്സിക്കുന്ന
ഡോക്ടര്‍?
ആകെ ക്ഷുഭിതനായി എസ്ഐ: കാലന്‍– എന്താ?
പാവം ചേട്ടന്‍: അയാളാണ് ബെസ്റ്റ് ഡോക്ടര്‍–
ആട്ടെ, എന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്?
വല്ലാതെ വയലന്റായി കട്ടിലില്‍ ഒന്നെണീറ്റിരുന്ന് എസ്ഐ: ഇവിടുന്നിനി
ശവപ്പറമ്പിലേയ്ക്കാണെടാ പോകുന്നത്.
ചേട്ടന്‍: ആ തീയതി എത്രയും പെട്ടെന്നിങ്ങെത്തട്ടെ എന്നാശംസിക്കുന്നു.
എസ്ഐ ചാടിയെണീറ്റ് ചേട്ടനെ തൊഴിക്കുന്നു. ചേട്ടന്റെ മണ്ടത്തരത്തിന്
സാക്ഷിയായ ബോബനും മോളിയും (കൂടെ ആ പട്ടിക്കുട്ടിയും) ഓടുന്നു.
ഞാന്‍ ആദ്യം വായിച്ച ബോബനും മോളിയുടെയും കഥ ഇതാണ്.
വായിച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്തൊരു രസം. വീണ്ടും വായിച്ചു. മൂന്നാമതും വായിച്ചു.
ഇതുകൊള്ളാമല്ലോ എന്ന് പ്രൈമറിക്ളാസുകാരനായ ഞാന്‍ സര്‍ട്ടിഫിക്കറ്റും കൊടുത്തു.
അടുത്ത ലക്കം ആഴ്ചപ്പതിപ്പിന് കാത്തിരിപ്പായി. അതാ ബോബന്റെയും മോളിയുടെയും
പുതിയ കഥയുമായി വാരിക വരുന്നു. ആദ്യം മറിച്ചത് അവസാനപേജ്. അച്ഛനോ അമ്മയോ
പറയുന്നതില്‍നിന്നാണ് മനസ്സിലായത് ഇത് വരയ്ക്കുന്ന ആളിന്റെ പേര് റ്റോംസ് എന്നാണ്–
അതോടെ കാര്‍ട്ടൂണിന്റെ ഏറ്റവും അവസാന കോളത്തിലെ ഒരല്‍പ്പം ചരിച്ച് ഠഛങട
എന്നെഴുതിയിരിക്കുന്നതും മനസ്സില്‍ കയറാന്‍ തുടങ്ങി. പിന്നെ വെള്ളിയാഴ്ചകള്‍ക്കുവേണ്ടി
കാത്തിരിപ്പായി (അന്നാണ് ആഴ്ചപ്പതിപ്പ് വരുന്നത്). എന്റെ ദിവസങ്ങളെ
ബോബനും മോളിയും ചേട്ടനും വക്കീലും ചേട്ടത്തിയും ആശാനും അപ്പിഹിപ്പിയും
ആ ഓമന പട്ടിക്കുട്ടിയും ഒക്കെ ചേര്‍ന്ന് ആഹ്ളാദഭരിതമാക്കാന്‍ തുടങ്ങി.
ബോബനും മോളിയും ഇല്ലാത്ത കേരളം എന്തുമാത്രം ശൂന്യമായിരിക്കുമെന്ന്
തോന്നിത്തുടങ്ങി. വാരികയുടെ പഴയപതിപ്പുകള്‍ അടുക്കിവച്ചിട്ട് അതില്‍നിന്ന്
ഒരെണ്ണം എടുത്ത് മുഖച്ചിത്രം എന്നെ കാണിച്ചാല്‍ ആ ലക്കം ബോബനും മോളിയുടെയും
പ്രമേയം എന്താണെന്ന് മുഖച്ചിത്രം കണ്ടുതന്നെ പറയാന്‍തക്ക രീതിയില്‍
ബോബനും മോളിയും ജീവിതത്തിന്റെ ഭാഗമായി. ക്രമേണ ഞാനറിഞ്ഞു എന്റെ
മാത്രമല്ല മലയാളികളുടെ ആകെ വികാരമാണ് ബോബനും മോളിയുമെന്ന്.
മലയാളികള്‍ക്ക് ചിരിയും ചിന്തയും ഒരുപോലെ നല്‍കിയവരുടെ പട്ടിക
തയ്യാറാക്കുമ്പോള്‍ ആദ്യപേര് വരുന്നത് കുഞ്ചന്‍നമ്പ്യാരുടേതാണ്. പിന്നെ
ഇ വിയും സഞ്ജയനും. ഈ മൂന്നുപേരെയുമാണ് മലയാളത്തിന്റെ
ഹാസ്യസാഹിത്യശാഖയുടെ അസ്തിവാരമായി കണക്കാക്കുന്നത്
(വി കെ എന്‍, ചെമ്മനം, വേളൂര്‍ കൃഷ്ണന്‍കുട്ടി, സി പി നായര്‍, സുകുമാര്‍
തുടങ്ങി ഹാസ്യത്തിലെ ജനപ്രിയനാമങ്ങള്‍ വേറെയുണ്ടെന്നുള്ളത് ഓര്‍മിക്കുന്നു).
നാലാമത്തെ പേര് റ്റോംസിന്റേതായിരിക്കില്ലേ എന്ന് ഞാന്‍ ചിന്തിക്കാറുമുണ്ട്.
സാങ്കേതികമായി കാര്‍ട്ടൂണ്‍ ആണെങ്കിലും ആ പംക്തി ഹാസ്യസാഹിത്യത്തിന്റെയും ശക്തമായ
സാന്നിധ്യമാണ്. ഒരു ഹാസ്യലേഖനത്തെയോ ഹാസ്യകഥയെയോ ആണ് റ്റോംസ് ഒരു പേജിലെ
ഒമ്പത് അല്ലെങ്കില്‍ പന്ത്രണ്ട് ചെറിയ കോളങ്ങളിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറ്റിയത്.
കുഞ്ചന്റെയും സഞ്ജയന്റെയും ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുണ്ട് അതിന്.
ഇ വിയുടെ ശുദ്ധഹാസ്യത്തിന്റെ ലാളിത്യം അനുഭവിപ്പിക്കുന്നുണ്ട്. ഒരു പൊതുകഥയില്‍തന്നെ
കുഞ്ഞുകുഞ്ഞ് ഉപമുഹൂര്‍ത്തങ്ങള്‍ കാണാം. ഓരോ ബോബനും മോളിയിലും രണ്ട് ക്ളാസിക്
സൈഡ് കമന്റുകളെങ്കിലും ഉണ്ടാകും. കോര്‍പറേഷനുകളുടെ അപചയമാണ് ഒരു
ബോബനും മോളിയുടെയും വിഷയം. ആശാന്‍, ബോബന്‍, മോളി, ചേട്ടന്‍ എന്നിവര്‍
നടന്നുപോകുന്നു. ആശാന്‍ തലേന്ന് ഒരു സിനിമകണ്ടു. പക്ഷേ, സിനിമയുടെ പേര്
മറന്നുപോയി. എത്ര ഓര്‍മിച്ചിട്ടും കിട്ടുന്നില്ല. അപ്പോഴാണ് രണ്ടുപേര്‍ പത്രം
വായിച്ചുകൊണ്ടുപോകുന്നത്. കോര്‍പറേഷന്‍ ചെയര്‍മാന്റെ പ്രസ്താവന എന്ന
പത്രവാര്‍ത്ത കേള്‍ക്കുമ്പോള്‍ ആശാന്‍ പറയുന്നു: "കോര്‍പറേഷന്‍ ചെയര്‍മാന്‍
എന്നു കേട്ടപ്പഴാ ഓര്‍മിച്ചെ. സിനിമയുടെ പേര് കൊള്ളത്തലവന്‍''.
ചിരിശാഖ സൃഷ്ടിച്ചത് ചിലപ്പോള്‍ മറ്റ് ആരെങ്കിലുമാകാം.
പക്ഷേ മലയാളികള്‍ക്കിടയില്‍ ആ ചിരി പ്രചരിപ്പിച്ചത് റ്റോംസാണ്.
ചിരിയുടെ ക്ളാസിക് ലോകത്തേക്ക് കടക്കാനുള്ള വാതില്‍ തുറക്കാന്‍
മലയാളിയെ സഹായിച്ച താക്കോലാണ് റ്റോംസിന്റെ ബോബനും മോളിയും.
ആദ്യം അവസാനം
റ്റോംസിന്റെ 'എന്റെ ബോബനും മോളിയും' എന്ന ആത്മകഥ പുറത്തിറക്കി
മമ്മൂട്ടി കൌതുകത്തോടെ പറഞ്ഞത് അദ്ദേഹം അറബി പഠിച്ചത്
ബോബനും മോളിയിലുംനിന്നാണെന്നാണ്. അതായത്, വായന
അവസാനത്തില്‍നിന്ന് ആദ്യത്തിലേക്ക്. മമ്മൂട്ടിയെപ്പോലെ ആദ്യവായന
അവസാനപേജില്‍നിന്ന് തുടങ്ങിയവരായിരുന്നു ബോബനും മോളിയുടെയും
മിക്ക വായനക്കാരും. ബോബനും മോളിയും ആദ്യം വായിക്കാനുള്ള
പിടിവലിക്കിടയില്‍ വാരികയുടെ പേജ് കീറിപ്പോകുന്നത് പല വീടുകളിലെയും
നിത്യസംഭവമായിരുന്നു. കുട്ടികള്‍ക്ക്, തങ്ങള്‍ ബോബനെയും മോളിയെയുംപോലെ
ആയിരുന്നെങ്കില്‍ എന്നുള്ള മോഹം. മുതിര്‍ന്നവര്‍ക്ക്, ബോബനെയും മോളിയെയും
പോലെ രണ്ടുകുട്ടികളുണ്ടായിരുന്നെങ്കില്‍ എന്ന മോഹം. കാര്‍ട്ടൂണ്‍ എന്നതിനപ്പുറം
ബോബനും മോളിയും വ്യക്തിപരമായ ചിന്തകളിലും മലയാളിയെ സ്വാധീനിക്കാന്‍
തുടങ്ങി. യേശുദാസിനുമുമ്പും പാട്ടും പാട്ടുകാരും ഉണ്ടായിരുന്നെങ്കിലും
യേശുദാസിലൂടെയാണ് പാട്ട് പ്രിയങ്കരമായിത്തുടങ്ങിയത് എന്നതുപോലെ
റ്റോംസിലൂടെയാണ് കാര്‍ട്ടൂണും കാര്‍ട്ടൂണിലെ ചിരിയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും
മലയാളിയുടെ ജീവിതത്തെ ഉത്സാഹഭരിതമാക്കിയത്.
കഥാപാത്രങ്ങള്‍
പാത്രസൃഷ്ടി– ക്യാരക്ടറൈസേഷന്‍– ഒരു ചലച്ചിത്രത്തെയായാലും നോവലിനെയോ
കാര്‍ട്ടൂണിനെയോ ഒക്കെ ആയാലും പ്രേക്ഷകന്റെയും വായനക്കാരന്റെയും മനസ്സില്‍
കയറ്റുന്നത് കഥാപാത്രസൃഷ്ടിയുടെ ശക്തിയാണ്. ആത്മകഥയില്‍ റ്റോംസ് അദ്ദേഹത്തിന്റെ
ഓരോ കഥാപാത്രങ്ങളും വന്നവഴിയെക്കുറിച്ച് രസകരമായി വിവരിക്കുന്നു.
ബോബനും മോളിയും റ്റോംസിന്റെ അയല്‍പക്കത്തെ അതേ പേരോടെയുള്ള
രണ്ടുപേര്‍തന്നെയായിരുന്നു. റ്റോംസിന്റെ വീടിന്റെ വേലിയില്‍ ദ്വാരമുണ്ടാക്കി
എളുപ്പവഴിയില്‍ സ്കൂളിലേക്ക് ഓടിയിരുന്ന ബോബനും മോളിയും ആദ്യം റ്റോംസിന്
തലവേദനയായിരുന്നു. ഒരിക്കല്‍ മോളി റ്റോംസിനോട് തന്റെ പടം വരയ്ക്കാമോ
എന്ന് ചോദിച്ചു. ചില വമ്പിച്ച മാറ്റംമാറിക്കലുകള്‍ തുടങ്ങാന്‍ ഒരു കുഞ്ഞ് നിമിത്തം
വേണമല്ലോ. കുഞ്ഞുമോളിയുടെ ആ ചോദ്യത്തില്‍നിന്നാണ് മലയാളത്തിന് ലഭിച്ച
വലിയ ചിരിയുടെ പിറവി. മറ്റ് കഥാപാത്രങ്ങളായ പഞ്ചായത്ത് പ്രസിഡന്റ്, ചേട്ടന്‍,
ചേട്ടത്തി, വക്കീല്‍, ഭാര്യ, രാഷ്ട്രീയനേതാവ്, ആശാന്‍, അപ്പിഹിപ്പി തുടങ്ങിയവരൊക്കെ
നേരിട്ട് അറിയാവുന്നവരെ പാകപ്പെടുത്തി എടുത്തതാണ്. ചിരിയുടെ നന്മ റ്റോംസ്
കഥാപാത്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. കുഴപ്പംപിടിച്ച ആ രാഷ്ട്രീയക്കാരന്‍പോലും
വായനക്കാരന്റെ സ്നേഹം കവരുന്നുണ്ട്.
അപ്പിഹിപ്പി പെണ്ണുകാണാന്‍ ചെന്നിരിക്കുന്നു.
പെണ്ണിന്റെ അപ്പന്‍ ചോദിക്കുന്നു: "പെണ്ണിനേം വേണം പതിനായിരം രൂപയും വേണോ?''
അപ്പിഹിപ്പിയുടെ കൂളായ മറുപടി.
"പെണ്ണില്ലെങ്കിലും കുഴപ്പമില്ല. പതിനായിരം രൂപ തന്നാലും മതി.''
തുടക്കക്കാരന്‍
പിന്നീട് മിമിക്രിവേദികളില്‍ മിമിക്രിയായി അവതരിപ്പിച്ച് കൈയടിനേടിയ
പല ഐറ്റങ്ങളുടെയും ഒറിജിനല്‍ അന്വേഷിച്ചുചെന്നാല്‍ എത്തുന്നത്
ബോബനും മോളിയിലുമാണ്. ആകാശവാണിയുടെ യോഗാപ്രോഗ്രാം കേട്ട്
യോഗ ചെയ്യുന്നയാള്‍ ബാക്കി ഭാഗം നാളെ എന്നുപറഞ്ഞ് പ്രോഗ്രാം നിര്‍ത്തുമ്പോള്‍
കൈയുംകാലും കുരുങ്ങിക്കിടക്കുന്നതൊക്കെ റ്റോംസിന്റെ ഭാവനയിലാണ്
ആദ്യം വിരിഞ്ഞത്. പിന്നീട് ഒരു സിനിമയില്‍ സൂപ്പര്‍ഹിറ്റായ മറ്റൊരു സീന്‍
ബോബനും മോളിയുടേതുമായിരുന്നു. അതിങ്ങനെ. വാഴക്കുല
വില്‍ക്കാന്‍ ചന്തയിലേക്ക് ബോബനെയും മോളിയെയും അയക്കുന്നു. ഒരു കായ്ക്ക് പത്തുപൈസ. ആരും വരുന്നില്ല. വിശപ്പും ഉണ്ട്. അവസാനം മോളി
കൈയിലുണ്ടായിരുന്ന പത്തുപൈസ ബോബന് നല്‍കി ഒരു പഴം എടുത്തുകഴിക്കുന്നു.
ബോബന്‍ ആ പത്തുപൈസ തിരിച്ച് മോളിക്ക് നല്‍കി പഴമെടുക്കുന്നു.
അങ്ങനെ പത്തുപൈസയ്ക്ക് ഒരു കുല വിറ്റ കഥ പിന്നീട് പല രൂപത്തിലും
ഹിറ്റായതാണ്. മകളെ പെണ്ണുകാണാന്‍ വന്നവര്‍ എന്ന് തെറ്റിദ്ധരിച്ച്
ഇന്‍കംടാക്സുകാരോട് പൊങ്ങച്ചമടിച്ച് കുടുങ്ങുന്നതും അടുത്തപ്രാവശ്യം
മകളുടെ കല്യാണവീട്ടുകാരോട് വീണ്ടും ഇന്‍കംടാക്സുകാര്‍ പരീക്ഷിക്കാന്‍
വന്നതാണെന്നു സംശയിച്ച് ദാരിദ്യ്രം പറഞ്ഞ് അബദ്ധത്തിലാകുന്നതുമൊക്കെ
ബോബനും മോളി കഥകളാണ്.
ഹാന്‍ഡ് ബുക്ക്
ആദ്യംമുതലുള്ള ബോബനും മോളിയും അടുക്കിവച്ച് അതിലൂടെ ഒന്ന് കടന്നുപോവുക.
ചിരിയോടൊപ്പം കേരള സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക കുടുംബജീവിതങ്ങളുടെ
മാറ്റവും വളര്‍ച്ചയും വികാസവും ഒക്കെ അതിലൂടെ നമുക്ക് കണ്ടും അനുഭവിച്ചുംപോകാം.
കോടതി കയറ്റം
ബോബന്റെയും മോളിയുടെയും പപ്പ പോത്തന്‍വക്കീലാണ്. പല ലക്കങ്ങളിലും
കോടതിയും കേസുമൊക്കെ പ്രധാന വിഷയമായി വന്നിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ
ജീവിതത്തില്‍ ബോബനും മോളിയുടെയും അവകാശത്തിനായി റ്റോംസ്് കോടതി
കയറിയിട്ടുണ്ട്. സാംസ്കാരിക കേരളം ഏറെ ശ്രദ്ധിച്ചതും ചര്‍ച്ചചെയ്തതുമായ
കോടതിക്കാര്യമായിരുന്നു അത്. ചിരിപ്പിച്ച കഥാപാത്രങ്ങളും കാര്‍ട്ടൂണിസ്റ്റും
കോടതി കയറുന്നത് മലയാളിയുടെ വിങ്ങലായി.
ചിരിയുടെ ബാല്യം
'മലയാളിയുടെ ബാല്യം' എന്നാണ് ബോബനും മോളിയും പുസ്തകങ്ങളുടെ ക്യാപ്ഷന്‍.
വളരെ കൃത്യമാണ്. മലയാളിയെ ബാല്യത്തിലേക്ക് പോകാന്‍ കൊതിപ്പിച്ചത്
ബോബന്റെയും മോളിയുടെയും കുസൃതികളാണ്. ബോബനും മോളിയും
ഒരേസമയം മലയാളിയുടെ ബാല്യവും ചിരിയുടെ ബാല്യവും ആകുന്നു.
Read more:
__._,_.___
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___