Saturday 21 November 2015

[www.keralites.net] ഫാറൂഖ് കോ ളജും മാര്‍ക ്സിന്‍െറ ശ് വാസതടസ്സവും

 

ഫാറൂഖ് കോളജും മാര്‍ക്സിന്‍െറ ശ്വാസതടസ്സവും

 സി. ദാവൂദ്

കാള്‍ മാര്‍ക്സ്, തോമസ് ഐസക്, എം.എ. ബേബി,

ഫാറൂഖ് കോളജിലെ പെണ്‍കുട്ടികളിന്ന് ഇടതു വരേണ്യതയുടെ വലിയ ആകുലതയായി കഴിഞ്ഞിരിക്കുന്നു. അതിന്‍െറ നാള്‍വഴി ഇങ്ങനെയാണ്: ഒരേ ബെഞ്ചിലിരിക്കുന്ന ഏതാനും ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും മാറിയിരിക്കണമെന്ന് അധ്യാപകന്‍ നിര്‍ദേശിക്കുന്നു. നിര്‍ദേശം തള്ളിയ കുട്ടികള്‍ ക്ളാസിന് പുറത്തേക്ക് പോവുന്നു. ഇനി രക്ഷിതാക്കളെ കൂട്ടി വന്നാല്‍ മതിയെന്ന് അധ്യാപകന്‍ വിധിക്കുന്നു. സാരവും നിസ്സാരവുമായ കാരണങ്ങള്‍ക്ക് രക്ഷിതാക്കളെ കൂട്ടി വരാന്‍ കല്‍പിക്കുന്ന അധ്യാപകര്‍ ഏതാണ്ടെല്ലാ കലാലയങ്ങളിലുമുണ്ട്. പക്ഷേ, അത് വലിയ വാര്‍ത്തയൊന്നുമാകാറില്ല. അത് വാര്‍ത്തയാക്കണമെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചാല്‍ ദിവസവും പേജുകള്‍/സ്ക്രീനുകള്‍ നിറയാന്‍ മാത്രം അതുണ്ടാവും. പക്ഷേ, ഫാറൂഖ് കോളജിന്‍െറ കാര്യത്തില്‍ അത് വാര്‍ത്തയാവുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് ഇടപെടുന്നു. ഫേസ്ബുക്കില്‍ അദ്ദേഹം ഇടയലേഖനം പ്രസിദ്ധീകരിച്ചു. 'തികഞ്ഞ സ്വാതന്ത്ര്യബോധത്തോടും അന്തസ്സോടും കൂടി ജീവിക്കുകയും ഇടപഴകുകയും പെരുമാറുകയും ചെയ്യുന്ന കുട്ടികളില്‍ പ്രാകൃത മര്യാദകള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ഫാറൂഖ് കോളജ് അധികൃതര്‍ പിന്മാറണം. ഇപ്പോള്‍ പുറത്താക്കിയിരിക്കുന്ന വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കണം' എന്ന കല്‍പനയോടെയാണ് ഒക്ടോബര്‍ 24ന് ഐസക്കിന്‍െറ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫാറൂഖ് കോളജില്‍ നിന്ന് ആ സമയത്ത് ആരെയും പുറത്താക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. തങ്ങളെ പുറത്താക്കിയിട്ടില്ളെന്ന് അപ്പോഴും പ്രസ്തുത വിദ്യാര്‍ഥികള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഗൗനിക്കാതെ 'പുറത്താക്കപ്പെട്ട' വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സി.പി.എമ്മിന്‍െറ കേന്ദ്ര കമ്മിറ്റിയംഗം എഴുന്നേറ്റ് വന്നതെന്തുകൊണ്ട്? അതന്വേഷിക്കുമ്പോഴാണ് ഗൂഢാലോചനകളുടെയും ഇടതു വരേണ്യരോഗങ്ങളുടെയും ഉള്ളടരുകള്‍ പുറത്തേക്ക് വരിക. കേന്ദ്ര കമ്മിറ്റിയംഗം ഇടപെട്ടതോടെ സഖാക്കളുണര്‍ന്നു. ഫാറൂഖ് കോളജില്‍ ലിംഗവിവേചനം നടക്കുന്നുവെന്നും അവിടെ ആകപ്പാടെ താലിബാനാണെന്നും അതിനാല്‍ മതേതര കേരളം സടകുടഞ്ഞെഴുന്നേറ്റേ മതിയാവൂ എന്നതുമായിരുന്നു പ്രചാരണം. എസ്.എഫ്.ഐ അങ്ങനെ മഹത്തായ 'ലിംഗസമത്വ'സമരം ഏറ്റെടുത്തു. പഴയ എസ്.എഫ്.ഐ ദീനങ്ങള്‍ മാറിക്കിട്ടിയിട്ടില്ലാത്ത ചാനല്‍ തൊഴിലാളികളും ഉണര്‍ന്നിരുന്നു. ഇനി അതിന്‍െറ വിശദാംശങ്ങളിലേക്ക്:

ഐസക്കിന്‍െറ ഫേസ്ബുക് പോസ്റ്റിനൊപ്പം, ലിംഗ വിവേചനത്തിന് തെളിവായി ഒരു ഫോട്ടോ ചേര്‍ത്തിട്ടുണ്ട്. ഫാറൂഖ് കോളജിലെ മെന്‍സ് ഹോസ്റ്റലിന് അടുത്തുള്ള Rest Zone (Boys) എന്ന ബോര്‍ഡാണത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിശ്രമ മേഖലകളുണ്ടാക്കി ലിംഗ വിവേചനം പൊടിപൊടിക്കുന്നുവെന്നതിന്‍െറ തെളിവായിട്ടാണ് ഐസക്കും എസ്.എഫ്.ഐയും ഈ ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയത്. ഇതെങ്ങനെയാണ് ലിംഗ വിവേചനം (gender discrimination) ആവുക? ഇതിനെ ലിംഗ വേര്‍പിരിക്കല്‍ (gender segregation) എന്നേ വിളിക്കാന്‍ കഴിയൂ. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് വിശ്രമ മേഖലകളെങ്കില്‍ ലിംഗ വിവേചനമെന്നു പറയാമായിരുന്നു. പക്ഷേ, ഇവിടെ ആണ്‍/പെണ്‍കുട്ടികള്‍ക്ക് വെവ്വേറെ വിശ്രമ കേന്ദ്രങ്ങളുണ്ട്.
ഇനി, ലിംഗ വേര്‍തിരിവ് തന്നെ പാടില്ല എന്നാണെങ്കില്‍ ഗൗരവപ്പെട്ട കാര്യമാണ്. ആ പോരാട്ടം ഫാറൂഖില്‍ മാത്രവും വിശ്രമ കേന്ദ്രത്തിന്‍െറ കാര്യത്തില്‍ മാത്രവും പരിമിതപ്പെടുത്തുന്നതാണ് മനസ്സിലാവാത്തത്. കോഴിക്കോട്ട് തന്നെ ആണ്‍കുട്ടികളെ മാത്രം കയറ്റുന്ന കോളജും (സെന്‍റ് ജോസഫ്സ് ദേവഗിരി) പെണ്‍കുട്ടികളെ മാത്രം കയറ്റുന്ന കോളജും (പ്രോവിഡന്‍സ്) അരനൂറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. (ദേവഗിരിയില്‍ അടുത്തിടെയായി പെണ്‍കുട്ടികള്‍ക്കും പ്രവേശമുണ്ട്.) ഇതു മാത്രമല്ല, സെന്‍റ് തെരേസാസ് കൊച്ചി, കൃഷ്ണമേനോന്‍ മെമോറിയല്‍ കണ്ണൂര്‍, വിമല തൃശൂര്‍ എന്നിങ്ങനെ ഒരു ലിംഗ വിഭാഗത്തെ മാത്രം പ്രവേശിപ്പിക്കുന്ന നിരവധി കോളജുകള്‍ ഇടതുവരേണ്യതയുടെ പരിലാളന ഏറ്റുവാങ്ങി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി, വ്യവസ്ഥാപിതമായി നടക്കുന്ന ഈ ലിംഗ വേര്‍തിരിവിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ലാത്ത എസ്.എഫ്.ഐയും സംഘവും ഫാറൂഖില്‍ രണ്ട് ബെഞ്ചിട്ടതിനെതിരെ ഒറ്റതിരിച്ച് വിപ്ളവം മുഴക്കുമ്പോള്‍ രോഗമെന്താണെന്ന് ബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാവും. മുദ്രാവാക്യങ്ങളിലും ഫേസ്ബുക് പോസ്റ്റുകളിലും താലിബാന്‍, മുല്ലാ ഉമര്‍, മൂരികള്‍ എന്നൊക്കെ അനുബന്ധമായി വരുമ്പോള്‍ രോഗം കണ്ടുപിടിക്കാനെളുപ്പം. എസ്.എഫ്.ഐക്ക് ഈ രോഗം പണ്ടേ കലശലായുണ്ട് എന്നത് വെളിപ്പെട്ട കാര്യമാണ്. പക്ഷേ, ഐസക്കും എം.എ. ബേബിയുമൊന്നും ഇതില്‍നിന്ന് ഇനിയും മുക്തരായിട്ടില്ല എന്നത് പുതിയ അറിവ്. ആ രോഗവുമായി നടക്കുന്ന എസ്.എഫ്.ഐ, യുക്തിവാദികള്‍ എന്ന വ്യാജനാമത്തില്‍ അറിയപ്പെടുന്ന ശാസ്ത്രീയ വംശീയവാദികള്‍, കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടേണ്ടവരെന്ന് സംഘ്പരിവാര്‍ സര്‍ട്ടിഫൈ ചെയ്ത റിട്ടയര്‍ ചെയ്ത മാഷന്മാര്‍ എന്നിവരെല്ലാം ചേര്‍ന്ന് പുതിയ കാമ്പയിന്‍ വികസിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുന്നുണ്ട്.  

കോട്ടയത്ത് മേരി റോയ് നടത്തുന്ന 'പള്ളിക്കൂടം' എന്ന വിദ്യാലയത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ എങ്കിലും അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നു. ലംഘിക്കുന്നവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുന്ന ഈ കലാലയം എം.എ ബേബിയുടെ കാഴ്ചപ്പാടില്‍ 'വളരെ ലിബറലായി പേരെടുത്ത സ്ഥാപന'മാണ്. അതിനെതിരെ എസ്.എഫ്.ഐ സമരം ചെയ്യില്ല. അരുന്ധതി റോയിയുടെ അമ്മ മേരി റോയ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മീറ്ററകലം പാലിക്കണമെന്ന് കല്‍പിക്കുമ്പോള്‍ ലിബറലിസം. കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല, ഇനി കുട്ടികള്‍ക്കും സ്ഥാപനത്തിനും അങ്ങനെ ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ വിയോജിപ്പുമില്ല എന്ന് അബ്ദുറബ്ബ് പറഞ്ഞാല്‍ താലിബാനിസം. ഈ ന്യായമങ്ങ് പി.ബിയില്‍ പറഞ്ഞാല്‍ മതി എന്നേ ലളിതമായി പറയാനുള്ളൂ

ലിംഗ വേര്‍തിരിവിനെതിരായ/ ലിംഗ വിവേചനത്തിനെതിരായ സമരം ബെഞ്ചുകളുടെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?  വെവ്വേറെ ബെഞ്ചുകള്‍ ഇടുന്നതിനും എത്രയോ മുമ്പ് തന്നെ ആണ്‍/പെണ്‍കുട്ടികള്‍ക്ക് വെവ്വേറെ ഹോസ്റ്റലുകള്‍ നിലവിലുണ്ടല്ളോ. 'താലിബാനി'കള്‍ മാത്രമല്ല, വീരശൂര പുരോഗമനകാരികള്‍ നടത്തുന്ന കലാലയങ്ങളിലും ഹോസ്റ്റലുകള്‍ വേറെ വേറെയാണ്. സാക്ഷാല്‍ പീപ്ള്‍സ് റിപ്പബ്ളിക് ഓഫ് ജെ.എന്‍.യുവിലുമുണ്ട് ലിംഗം തിരിച്ച ഹോസ്റ്റലുകള്‍. എന്തുകൊണ്ടാണ് സി.പി.എമ്മും എസ്.എഫ്.ഐയും അതിനെതിരെ സമരം ചെയ്യാത്തത്? ഇരിപ്പു ബെഞ്ചിന്‍െറ കാര്യത്തില്‍ വേര്‍തിരിവ് പാടില്ല, കിടപ്പു മുറിയുടെ കാര്യത്തില്‍ ആവാം എന്നതിന്‍െറ സൈദ്ധാന്തിക ന്യായമെന്താണ്? ഹോസ്റ്റലില്‍ മാത്രമല്ല, കോളജ് ടീമുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. വനിത/പുരുഷ ഫുട്ബാള്‍ ടീമുകള്‍ എല്ലായിടത്തുമുണ്ട്. ഫിഫയുടെ വിമന്‍സ് വേള്‍ഡ് കപ്പ് ജൂണില്‍ കാനഡയില്‍ നടന്നു. ഫിഫയുടേത് ലിംഗ വിവേചനമല്ളേ? അതായത്, ലിംഗ വേര്‍തിരിവ് നമ്മുടെ സമൂഹത്തില്‍ എല്ലായിടത്തുമുണ്ട്. കളിസ്ഥലം മുതല്‍ കുളിസ്ഥലം വരെ; പാര്‍ലമെന്‍റ് മുതല്‍ പള്ളിക്കൂടം വരെ. പക്ഷേ, അത് സെന്‍റ് തെരേസാസില്‍ ആവാം; ഫാറൂഖ് കോളജില്‍ പാടില്ല എന്നതിന്‍െറ വംശീയ കാരണവും, ക്ളാസില്‍ പാടില്ല ഹോസ്റ്റലില്‍ പാടുണ്ട് എന്നതിന്‍െറ സൈദ്ധാന്തിക കാരണവും പി.ബിയോ സി.സിയോ ആരെങ്കിലുമൊന്ന് വിശദീകരിച്ചു തരണം.
അത് വിശദീകരിക്കാന്‍ കഴിയില്ല എന്നറിയാം. ചുംബന സമരഘട്ടത്തില്‍ ഈ സന്ദിഗ്ധത സഖാക്കള്‍ അനുഭവിച്ചതാണ്. എം.ബി. രാജേഷടക്കം യുവസഖാക്കള്‍ അന്ന് വിപ്ളവച്ചൂടില്‍ ഇറങ്ങിപ്പുറപ്പെട്ടു. വര്‍ഗസമരം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി തോന്നുംപടി ചുംബിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കലാണ് അടിയന്തര കര്‍ത്തവ്യം എന്നതായിരുന്നു സഖാക്കളുടെ കണ്ടുപിടിത്തം. ക്ഷേത്ര പ്രവേശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ നവോത്ഥാന സംരംഭം എന്നുവരെ അതേപ്പറ്റി ചില സാധുക്കള്‍ എഴുതിക്കളഞ്ഞു. രണ്ടാം നവോത്ഥാനത്തിന് ഇറങ്ങിത്തിരിച്ച വിപ്ളവ ശിങ്കങ്ങള്‍ നനഞ്ഞ പൂച്ചയെ പോലെ തിരിച്ചുകയറിയതും കേരളം കണ്ടു. കിടപ്പറയിലെ പണി റോഡില്‍ നടത്തരുതെന്ന് പിണറായി വിജയന്‍ കട്ടായം പറഞ്ഞപ്പോഴായിരുന്നു അത്. സകലരും മാളത്തിലൊളിച്ചു. പിണറായി അപ്പറഞ്ഞത് ഏതെങ്കിലും മുസ്ലിം നേതാവാണ് പറഞ്ഞിരുന്നതെങ്കില്‍ പുരോഗമനം കാലില്‍ തടഞ്ഞ് വഴിനടക്കാന്‍ വയ്യാത്ത അവസ്ഥയാകുമായിരുന്നു. അതിനാല്‍, സഖാക്കള്‍ ഒന്നുകില്‍ ഈ ഏര്‍പ്പാട് നിര്‍ത്തുക. അല്ളെങ്കില്‍ പ്ളീനമോ മറ്റെന്തെങ്കിലുമോ ചേര്‍ന്ന് ഇതിലൊക്കെ വ്യക്തത വരുത്തി വിപ്ളവത്തിനിറങ്ങുക.

ലിംഗ വിവേചനത്തിന്‍െറ വിഷയത്തില്‍ അല്‍പം കൂടി വ്യക്തത വരുത്താന്‍ സര്‍വത്ര നടമാടുന്ന ഒരു ലിംഗ വിവേചനം ഞാന്‍ ഐസക്കിന്‍െറ ശ്രദ്ധയില്‍ പെടുത്താം. പാര്‍ക്കിലും ബീച്ചിലുമൊക്കെ ആണുങ്ങള്‍ക്ക് തങ്ങളുടെ മാറിടം പ്രദര്‍ശിപ്പിച്ചുകൊണ്ട് വന്നിരിക്കാം; കാറ്റുകൊള്ളാം. എന്നാല്‍, സ്ത്രീകള്‍ക്ക് അതിന് അവകാശമില്ല. ശരിക്കും നോക്കിയാല്‍ കൊടിയ ലിംഗ വിവേചനം. സ്ത്രീവാദ ചിന്തകള്‍ വികസിച്ച മുറക്ക് ഇതിനെതിരെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പൊതുവെ ടോപ്ലെസ് റൈറ്റ്സ് മൂവ്മെന്‍റ്സ് എന്നാണവ അറിയപ്പെടുന്നത്. ഫെമിനിസത്തിന്‍െറ വികാസം എന്നാണ് അത്തരം മുന്‍കൈകള്‍ അടയാളപ്പെടുത്തപ്പെടുന്നത്. സ്ത്രീകള്‍ക്കും പൊതുസ്ഥലങ്ങളില്‍ മാറിടം തുറന്ന് നടക്കാനുള്ള അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡസനോളം സംഘടനകളുണ്ട്. മഹിള അസോസിയേഷന്‍െറ അടുത്ത സമ്മേളനത്തിലേക്ക് ഇതിന്‍െറ പ്രതിനിധിയെ കൊണ്ടുവരാന്‍ തോമസ് ഐസക്കോ ടി.എന്‍. സീമയോ ശ്രമിക്കുമോ? അത്തരം റിസ്കുകളിലേക്കൊന്നും പോവേണ്ട. ചെറിയൊരു ലിംഗ വിപ്ളവ പദ്ധതി സഖാക്കളുടെ മുമ്പാകെ വെക്കാം. ഇടതുപക്ഷ മുന്‍കൈയിലുള്ള മഹത്തായ സ്ഥാപനമാണ് ഇന്ത്യന്‍ കോഫി ഹൗസ്. 58 വര്‍ഷം പിന്നിട്ട ആ സ്ഥാപനത്തില്‍ ഒരു സ്ത്രീ തൊഴിലാളി പോലുമില്ല. ഇത് ലിംഗ വിവേചനമല്ളേ. ജന്മനാ പുരോഗമനവാദികളായ  ഇടതര്‍ ലിംഗവിവേചനം നടത്തിയാല്‍ അത് ഗമണ്ടന്‍ പുരോഗമന പ്രവര്‍ത്തനമാണെന്നാണോ? ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഫി ഹൗസിന്‍െറ ജൂബിലി ആഘോഷ സന്ദര്‍ഭത്തില്‍ ഇതേക്കുറിച്ച് ഉത്തരവാദപ്പെട്ട ആളോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം രസകരമായിരുന്നു: 'അതെല്ലാം വല്യ ബുദ്ധിമുട്ടാണ് ഭായ്!' അറബിക് കോളജില്‍ പോലും പെണ്ണുങ്ങള്‍ പണിയെടുക്കുന്ന കാലത്താണ് ഒരു ഇടതുപക്ഷ സ്ഥാപനം ഒരൊറ്റപ്പെണ്ണുമില്ലാതെ അരനൂറ്റാണ്ട് പിന്നിട്ടത്.

ഇത് ശരിക്കും രോഗമാണ്. സൈദ്ധാന്തിക/വംശീയ മലബന്ധം എന്ന് നമുക്കതിനെ വിളിക്കാം. ഒടുവില്‍ ഫാറൂഖ്  പ്രശ്നത്തിലിടപെട്ട് പി.ബി അംഗം എം.എ. ബേബി പറഞ്ഞതിലും ഈ പ്രശ്നങ്ങള്‍ കാണാം. നവംബര്‍ 17ന് അദ്ദേഹം എഴുതിയ പോസ്റ്റില്‍ നിന്ന്: 'കേരളത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഇരിക്കുന്നത് സാധാരണ സംഭവമല്ല. കോട്ടയത്ത് ശ്രീമതി മേരി റോയ് നടത്തുന്ന പള്ളിക്കൂടം എന്ന വിദ്യാലയത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ എങ്കിലും അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നു. കേരളത്തിലെ വളരെ ലിബറലായി പേരെടുത്ത ഒരു സ്ഥാപനമാണിത്. ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍ ബാക്കിയുള്ളിടത്തുനിന്ന് പ്രതീക്ഷിക്കേണ്ടത് എന്താണ്?'. ഇതു തന്നെയാണ് പ്രിയ സഖാവേ പ്രശ്നത്തിന്‍െറ മര്‍മവും. The distance between a boy and a girl at all time is to be one meter എന്ന് സ്വന്തം വെബ്സൈറ്റില്‍ (http://www.pallikoodam.org/main/generalnotes.asp) എഴുതിവെച്ച, ലംഘിക്കുന്നവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുന്ന കലാലയം പി.ബി അംഗത്തിന്‍െറ കാഴ്ചപ്പാടില്‍ 'വളരെ ലിബറലായി പേരെടുത്ത സ്ഥാപനം'. അതിനെതിരെ എസ്.എഫ്.ഐ സമരം ചെയ്യില്ല. അരുന്ധതി റോയിയുടെ അമ്മ മേരി റോയ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മീറ്ററകലം പാലിക്കണമെന്ന് കല്‍പിക്കുമ്പോള്‍ ലിബറലിസം. കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, ഇനി കുട്ടികള്‍ക്കും സ്ഥാപനത്തിനും അങ്ങനെ ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ തനിക്ക് വിയോജിപ്പുമില്ല എന്ന് അബ്ദുറബ്ബ് പറഞ്ഞാല്‍ താലിബാനിസം. ഈ ന്യായമങ്ങ് പി.ബിയില്‍ പറഞ്ഞാല്‍ മതി എന്നേ ലളിതമായി പറയാനുള്ളൂ. കലര്‍പ്പില്ലാത്ത വര്‍ഗീയ സമരത്തിന് കുട്ടിസഖാക്കളെ കെട്ടിയിറക്കുകയും എന്നിട്ട് ആര്‍.എസ്.എസുകാര്‍ അത് ഉപയോഗപ്പെടുത്തുന്നുവെന്ന് ഫേസ്ബുക്കില്‍ പായാരം പറയുകയും ചെയ്യുന്നതിന്‍െറ അര്‍ഥമെന്താണ്?

ഈ അസുഖം പക്ഷേ, ബേബിക്കോ ഐസക്കിനോ എസ്.എഫ്.എക്കാര്‍ക്കോ മാത്രമുള്ളതല്ല. കുലദൈവം മുതല്‍ക്കുള്ളതാണ്. കുലദൈവമായ കാള്‍ മാര്‍ക്സിന് കലശലായ ശ്വാസതടസ്സം. ചികിത്സക്കായി 1882ല്‍ അല്‍ജീരിയയിലേക്ക് പോവുന്നു. ആ നാട് ഫ്രഞ്ച് അധിനിവേശത്തിന് കീഴിലാണ്. നാട്ടുകാര്‍ ആയിരങ്ങളെ ബലി നല്‍കി അധിനിവേശത്തിനെതിരെ പൊരുതുന്നു. അന്ന്, ആ സ്വാതന്ത്ര്യ സമരവുമായി താദാത്മ്യപ്പെടാത്തതോ ഫ്രഞ്ചുകാരുടെ ആര്‍ഭാടപൂര്‍ണമായ ആതിഥ്യം വേണ്ടെന്ന് വെക്കാത്തതോ പോവട്ടെ. അറബികളെക്കുറിച്ചും അവരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മാര്‍ക്സ് അന്ന് മകള്‍ക്കും ഏംഗല്‍സിനും അയച്ച കത്തുകളിലെ പ്രയോഗങ്ങള്‍ വായിക്കണം. അല്‍ജീരിയക്കാര്‍ അദ്ദേഹത്തിന് വെറും barbarians (കിരാതര്‍)  മാത്രമാണ്. അവരുടെ  സ്വാതന്ത്ര്യ സമരം കിഴക്കിന്‍െറ തോന്നിവാസവും (Oriental Despotism). അതെ, ഫാറൂഖ് കോളജിലെ രണ്ട് ബെഞ്ച് താലിബാനിസം. മേരി റോയിയുടെ ഒരു മീറ്ററകലം ലിബറലിസം. മുമ്പ് വെള്ളക്കാരന് ഒരു അസുഖമുണ്ടായിരുന്നു. വെള്ളക്കാരന്‍െറ ഭാരം (White Man's Burden) എന്ന് അതിന് ചരിത്രം പേര് പറഞ്ഞു. വെള്ളക്കാരല്ലാത്തവരെല്ലാം കൊള്ളാത്തവര്‍. അവരെ പരിഷ്കരിച്ചെടുക്കുകയെന്ന മഹാജോലിയുടെ ഭാരം പേറിയുണ്ടാവുന്നതാണ് ആ അസുഖം. ബേബിയും ഐസക്കും സി.പി.എമ്മും ഇന്ന് മറ്റൊരു ഭാരം കൊണ്ടുനടക്കുകയാണ്.  Left Man's Burden എന്ന് നമുക്കതിനെ പേര് വിളിക്കാം. ഈ താലിബാനികളെയൊക്കെ ഒന്ന് ശരിയാക്കിയെടുക്കണമല്ളോ എന്ന ഭാരബോധത്താലുള്ള ചുമല് വേദന. സഖാക്കളേ നടക്കട്ടെ എന്നു മാത്രം; തല്‍ക്കാലം.


www.keralites.net

__._,_.___

Posted by: SALAM M <mekkalathil@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment