Wednesday 8 July 2015

[www.keralites.net] What is happening in Greece?

 

ഗ്രീസില്‍ സംഭവിക്കുന്നതെന്ത്?

 

__by സുബിന്‍ ഡെന്നിസ്                    

                   

 

പുരാതന ഗ്രീസിലെ വിശ്രുതനാടകകാരന്മാരായിരുന്ന ഈസ്കിലസിന്റെയും സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും ദുരന്തനാടകങ്ങള്‍ വിഖ്യാതമാണ്. കടുത്ത സാമ്പത്തികതകര്‍ച്ചയിലൂടെയും സാമൂഹ്യപ്രതിസന്ധിയിലൂടെയും കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഗ്രീസിലെ സംഭവവികാസങ്ങള്‍ ഒരുദുരന്തനാടകമായി വിലയിരുത്തപ്പെടുന്നു എന്നുള്ളത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം. 2008ല്‍ ആരംഭിച്ച് ഇന്നും തുടരുന്ന ആഗോളസാമ്പത്തിക പ്രതിസന്ധിയുടെയും, 2009ല്‍ ആരംഭിച്ച യൂറോപ്യന്‍ കടപ്രതിസന്ധിയുടെയും ഭാഗവും ബാക്കിപത്രവുമാണ് ഗ്രീസിലെ പ്രശ്നങ്ങള്‍. ജൂലൈ അഞ്ചിന് അവിടെ നടന്ന ഹിതപരിശോധന പുതിയ സംഭവവികാസങ്ങളില്‍ പ്രധാനമാണ്. എന്താണു ഗ്രീസില്‍ സംഭവിക്കുന്നത്?

ചില പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ചര്‍ച്ചചെയ്യുകയാണ് ഈ ലേഖനത്തില്‍.
 
 

1. എന്താണ് ഗ്രീസിന്റെ പ്രധാന പ്രശ്നം?

ഒന്നാമതായി, 2007നു ശേഷം ഗ്രീസിന്റെ സാമ്പത്തിക വളര്‍ച്ച കീഴ്പോട്ടാണ്. 2007-14 കാലഘട്ടത്തില്‍ ആഭ്യന്തര ഉത്പാദനം (Gross Domestic Product -ജി.ഡി.പി) 26 ശതമാനം കുറഞ്ഞു (ചാര്‍ട്ട് 1 കാണുക). മഹാസാമ്പത്തിക തകര്‍ച്ച (Great Depression) ഉണ്ടായ 1930കളില്‍ അമേരിക്കയ്ക്കു സംഭവിച്ചതിനെക്കാള്‍ രൂക്ഷമാണ്

 ഗ്രീസിന്റെ ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവ്.


 


 

രണ്ടാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, തൊഴിലില്ലായ്മയില്‍ ഉണ്ടായ ഭയാനകമായ വര്‍ദ്ധനവാണ്. ഗ്രീസ് യൂറോ കറന്‍സിയായി സ്വീകരിച്ച 2001ല്‍ അവിടുത്തെ തൊഴിലില്ലായ്മ നിരക്ക് 10.7 ശതമാനമായിരുന്നു. ഇപ്പോഴത് അവിശ്വസനീയവും ഭീതിദവുമായ നിലയിലാണ് (ചാര്‍ട്ട് 2)- 25.6 ശതമാനം!

യുവാക്കളുടെയിടയിലെ തൊഴിലില്ലായ്മ നിരക്ക് 50 ശതമാനമാണ്. ചെറുപ്പക്കാരില്‍ നേര്‍പകുതിപ്പേര്‍ക്ക് തൊഴിലില്ലാത്ത ഭീകരാവസ്ഥ ഒന്നാലോചിച്ചുനോക്കൂ. രാജ്യത്ത് തൊഴിലവസരങ്ങളില്ലാത്തതുകൊണ്ട് യുവജനങ്ങള്‍ കൂട്ടത്തോടെ നാടുവിടുകയാണ്. ആത്മഹത്യകള്‍ പെരുകുന്നു.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. അതോടെ പൊതുജനാരോഗ്യവും പ്രതിസന്ധിയിലാണ്. മുമ്പില്ലാതിരുന്നവണ്ണം മലേറിയയും എയ്ഡ്സും പോലുള്ള രോഗങ്ങള്‍ പോലും വര്‍ദ്ധിച്ചുവരുന്നു. മൊത്തത്തില്‍ ഗ്രീക്ക് സമൂഹത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന മാരകരോഗമാണ് ഈ സാമ്പത്തികത്തകര്‍ച്ച.

മൂന്നാമതായി, കരകയറാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. രാജ്യത്തിന്റെ ജി.ഡി.പിയുടെ 177 ശതമാനമാണ് സര്‍ക്കാരിന്റെ കടം (അഥവാ പൊതുക്കടം). ഇതിനു കൊടുക്കേണ്ട പലിശയാകട്ടെ, വളരെ ഉയര്‍ന്നതും (ജൂലൈ രണ്ടിന് 14.88 ശതമാനം). പലയിടങ്ങളില്‍ നിന്നായി കടം വാങ്ങിയ പണത്തില്‍ കുറെ ഭാഗം തിരിച്ചുകൊടുക്കേണ്ട തീയതികള്‍ ഇടയ്ക്കിടെ വരുന്നുണ്ട്. എന്നാല്‍ ആ സമയത്തിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ ഗ്രീസിന്റെ പക്കല്‍ പണമില്ല.

ഉദാഹരണത്തിന്, അന്താരാഷ്ട്ര നാണയ നിധിക്ക് (International Monetary Fund  ഐ.എം.എഫ്.) ഗ്രീസ് 173 കോടി യൂറോ തിരിച്ചടയ്ക്കേണ്ട തീയതിയായിരുന്നു 2015 ജൂണ്‍ 30. ആ തുക കൊടുക്കാന്‍ ഗ്രീസിനു കഴിഞ്ഞില്ല. അങ്ങനെ ഐ.എം.എഫില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വരുത്തിയ ആദ്യത്തെ വികസിത രാഷ്ട്രമായി ഗ്രീസ്.


 

2. ഓ, അപ്പോള്‍ ഗ്രീസ് കടം വാങ്ങി ധൂര്‍ത്തടിക്കുകയായിരുന്നോ?

എന്നു തീര്‍ത്തു പറഞ്ഞുകൂടാ. ഗ്രീസിനെക്കാളധികം (ശതമാനക്കണക്കില്‍ത്തന്നെ) കടബാധ്യതയുള്ള രാജ്യങ്ങളൂണ്ട്. ജപ്പാന്‍ ഉദാഹരണം - ജപ്പാന്റെ ജി.ഡി.പിയുടെ 245 ശതമാനം വരും അവരുടെ പൊതുക്കടം. പക്ഷേ പലിശനിരക്ക് വളരെക്കുറവാണ്  0.52 ശതമാനം.

കൂടാതെ കടത്തില്‍ നല്ല പങ്ക് അവിടുത്തെ കേന്ദ്രബാങ്കില്‍ നിന്നു തന്നെ എടുത്തതാണ്. (അത്തരം വായ്പയുടെ കാലാവധി എത്രകാലത്തേയ്ക്കു വേണമെങ്കിലും നീട്ടാവുന്നതേയുള്ളൂ.)


 

 

യൂറോപ്പില്‍നിന്നു തന്നെ മറ്റൊരുദാഹരണം പറഞ്ഞാല്‍, 1990കളില്‍ ഉടനീളം ബെല്‍ജിയത്തിന് ജി.ഡി.പിയുടെ 100 ശതമാനത്തിലധികം കടമുായിരുന്നു. എന്നുവച്ച് ഇന്ന് ഗ്രീസ് അനുഭവിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.ചുരുക്കിപ്പറഞ്ഞാല്‍ കടം എവിടെ നിന്നെടുത്തു, കടം തിരിച്ചടയ്ക്കുന്നതിനുള്ള ചെലവെത്ര (അതായത് പലിശയെത്ര), തിരിച്ചടവിനുവേണ്ട വരുമാനം കണ്ടെത്താനാകുമോ ഇതൊക്കെ പ്രധാനമാണ്. സാമ്പത്തിക വളര്‍ച്ചയുണ്ടാവുമെന്നും അങ്ങനെ സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിക്കുമെന്നും കടം തിരിച്ചടയ്ക്കാനുള്ള ശേഷി ഗ്രീസ് നേടുമെന്നും വിപണിയിലെ നിക്ഷേപകര്‍ക്ക് (ചൂതാട്ടക്കാര്‍ക്ക് എന്നും പറയാം) അത്ര വിശ്വാസം പോര. അതുകൊണ്ടാണ് പലിശനിരക്ക് ഇത്ര ഉയര്‍ന്നുനില്‍ക്കുന്നത്.

പിന്നെയൊരു കാര്യം കൂടി. ഗ്രീസില്‍ പ്രതിസന്ധി ആരംഭിക്കുന്ന 2008ല്‍ ഗ്രീസിന്റെ കടം ജി.ഡി.പി.യുടെ 111 ശതമാനമായിരുന്നു. അതാണിപ്പോള്‍ 177 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത്.

ഇങ്ങനെ സംഭവിച്ചതിനു പ്രധാനപ്പെട്ട ഒരു കാരണം, ആഗോള മാന്ദ്യത്തിന്റെ ഫലമായി സംഭവിച്ച സാമ്പത്തികത്തകര്‍ച്ച തന്നെയാണ്. ജിഡി.പി. കുറയുകയും കടം കുറയാതിരിക്കുകയും ചെയ്യുമ്പോള്‍ പൊതുക്കടം - ജി.ഡി.പി. അനുപാതം വര്‍ദ്ധിക്കുന്നു. ഒരു ഒന്നിനരികില്‍ അതിനെക്കാള്‍ ചെറിയ ഒരു ഒന്ന് വരച്ചാല്‍ ആദ്യത്തെ ഒന്ന് ഇമ്മിണി വല്യ ഒന്നായി തോന്നുന്നതുപോലെ ഒരു കണക്കിലെ കളി. മറ്റൊരു പ്രധാനപ്പെട്ട കാരണം, കടത്തിന്റെ തിരിച്ചടവില്‍ ബുദ്ധിമുട്ടു നേരിട്ടപ്പോള്‍ അത് പുന:ക്രമീകരിച്ച (rescheduling)) രീതിയാണ്. പലിശ തിരിച്ചടയ്ക്കേണ്ട സമയം നീട്ടിക്കൊടുത്തു. പക്ഷേ അങ്ങനെ നീട്ടിക്കൊടുത്ത പലിശ, മുതലിലേയ്ക്ക് കൂട്ടിച്ചേര്‍ത്തു. കാലാവധി നീട്ടിക്കിട്ടിയെങ്കിലും കടം ഒന്നുകൂടി വര്‍ദ്ധിച്ചു.


 

3. ആരാണ് ഗ്രീസിനു കടം കൊടുത്തത്?

കൂടുതലും വിദേശബാങ്കുകള്‍ പ്രത്യേകിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് ബാങ്കുകള്‍. ഈ ബാങ്കുകളിലേയ്ക്കുള്ള തിരിച്ചടവു മുടങ്ങിയാല്‍ അവ തകര്‍ന്നേക്കും എന്നു ഭയന്ന യൂറോപ്യന്‍ സര്‍ക്കാരുകളും അവ നയിക്കുന്ന സ്ഥാപനങ്ങളും ഈ കടം തിരിച്ചടയ്ക്കാനായി ഗ്രീസിനു കടം കൊടുത്തു. ഐ.എം.എഫും കൂടെക്കൂടി.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ജര്‍മ്മന്‍, ഫ്രഞ്ച് സ്വകാര്യ ബാങ്കുകള്‍ കൊടുത്ത കടം യൂറോപ്യന്‍ സര്‍ക്കാരുകളും യൂറോപ്യന്‍ / അന്താരാഷ്ട്ര സ്ഥാപനങ്ങളും ഏറ്റെടുത്തു. സര്‍ക്കാര്‍ ചെലവില്‍, അതായത് ജനങ്ങളുടെ ചെലവില്‍ സ്വകാര്യ ബാങ്കുകള്‍ പുഷ്ടിപ്പെട്ടു. പിന്നീടങ്ങോട്ട് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വായ്പ കൊടുത്തവരെ പ്രതിനിധീകരിച്ച് ഗ്രീസുമായുള്ള ചര്‍ച്ചകള്‍ മൂന്നു സ്ഥാപനങ്ങള്‍ നയിച്ചു തുടങ്ങി - യൂറോപ്യന്‍ കമ്മിഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐ.എം.എഫ്. -  'ട്രോയിക്ക' എന്നാണ് ഈ മൂന്നു സ്ഥാപനങ്ങളുടെ സംഘം ഇന്നറിയപ്പെടുന്നത്. മൂവര്‍സംഘം എന്നര്‍ത്ഥം വരുന്ന റഷ്യന്‍ വാക്കാണ് 'ട്രോയിക്ക'. കര്‍ക്കശമായ ചെലവുചുരുക്കല്‍ നയങ്ങള്‍ ഗ്രീസിനുമേല്‍ അടിച്ചേല്പിച്ച് ഇതിനകം വളരെയധികം കുപ്രസിദ്ധിയും ജനരോഷവും സമ്പാദിച്ചിട്ടുണ്ട് ട്രോയിക്ക.


 

4. പലിശ കൂടുതലായിട്ടും കടമെടുത്തത് എന്തിനായിരുന്നു?

കടം ആദ്യം വാങ്ങിയ സമയത്ത് പലിശ അത്ര കൂടുതലായിരുന്നില്ല. യൂറോ ഉണ്ടാകുന്നതിനു മുമ്പ്, വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ കടപ്പത്രങ്ങളുടെ പലിശ നിരക്കുകള്‍ തമ്മില്‍ സാരമായ അന്തരമുണ്ടായിരുന്നു. അതതു രാജ്യത്തിന് വിപണി കല്പിക്കുന്ന വിശ്വാസ്യത അനുസരിച്ച് കൂടുതല്‍ ശക്തമെന്നു കരുതപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങള്‍ക്ക് പലിശകുറവും, താരതമ്യേന ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങള്‍ക്ക് പലിശ കൂടുതലുമാണുണ്ടായിരുന്നത്.

എന്നാല്‍ യൂറോ വന്നതോടെ ഈ അന്തരം കുറഞ്ഞുവന്നു. ഗ്രീസ് പോലെയുള്ള രാജ്യങ്ങളുടെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതും സുരക്ഷിതമായി വിപണി കണക്കാക്കി. എന്നാല്‍ 2008ല്‍ പൊട്ടിപ്പുറപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധി എല്ലാ രാജ്യങ്ങളെയും ബാധിച്ചെങ്കിലും യൂറോപ്പില്‍ ഗ്രീസ്, പോര്‍ച്ചുഗല്‍, ഇറ്റലി, അയര്‍ലന്‍ഡ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളെക്കാളും വലിയ കുഴപ്പത്തിലായി. അതിനെത്തുടര്‍ന്ന് ഈ രാജ്യങ്ങളുടെ കടപ്പത്രങ്ങളുടെ മേലുള്ള പലിശനിരക്ക് കുത്തനെ ഉയര്‍ന്നു. 2012 മാര്‍ച്ചില്‍ ഗ്രീസിന്റെ പലിശനിരക്ക് 44.21% വരെ എത്തിയിരുന്നു.


 

5. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഗ്രീസ് എന്തു ചെയ്യണം?

സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത്, വായ്പയില്‍ കുറെ ഭാഗമെങ്കിലും എഴുതിത്തള്ളുകയും, ഉത്പാദന, സാമൂഹ്യസുരക്ഷാ മേഖലകളില്‍ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയുമാണ്. അങ്ങനെ ചെയ്യുമ്പോള്‍ പൊതുജനങ്ങളുടെ കയ്യില്‍ പണം വന്നു ചേരും, അവരുടെ വാങ്ങല്‍ശേഷി (purchasing power)) വര്‍ദ്ധിക്കും. അതുവഴി ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്റ് വര്‍ദ്ധിക്കുകയും ഉത്പാദനം വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും.സാമ്പത്തികവളര്‍ച്ചയുണ്ടാകുന്നതോടെ സര്‍ക്കാരിന്റെ വരുമാനവും കൂടും.

പക്ഷേ ഗ്രീസിന് ഇതു ചെയ്യുക ബുദ്ധിമുട്ടാണ്. ഗ്രീസിനു മാത്രമല്ല, യൂറോ കറന്‍സിയായി സ്വീകരിച്ചിട്ടുള്ള രാജ്യങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടാണ്. കാരണം ഈ രാജ്യങ്ങള്‍ക്ക് സ്വതന്ത്രമായ സാമ്പത്തികനയങ്ങള്‍ പിന്തുടരുന്നതിന് വളരെയധികം തടസ്സങ്ങളുണ്ട്. യൂറോസോണിലെ രാജ്യങ്ങള്‍ക്ക് (യൂറോ കറന്‍സിയായി സ്വീകരിച്ചിട്ടുള്ള 19 രാജ്യങ്ങളെ മൊത്തത്തില്‍ വിളിക്കുന്ന പേരാണ് യൂറോസോണ്‍) സ്വന്തമായ പണനയം (monetary policy)) ഇല്ല. ഈ വിഷയത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആണ്. പലിശനിരക്ക് നിര്‍ണ്ണയിക്കാനോ സ്വന്തമായി കറന്‍സി അടിച്ചിറക്കാനോ ഉള്ള സ്വാതന്ത്ര്യം ഈ സര്‍ക്കാരുകള്‍ക്കില്ല.

കൂടാതെ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്ക് (28 രാജ്യങ്ങളുണ്ട് യൂറോപ്യന്‍ യൂണിയനില്‍) സ്വതന്ത്രമായ ധനനയം (fiscal policy) ആവിഷ്കരിച്ചു നടപ്പാക്കുന്നതിനും പരിമിതികളുണ്ട്. ധനക്കമ്മി (fiscal deficit) മൂന്നു ശതമാനത്തില്‍ കവിയരുത് എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. ധനതത്വശാസ്ത്രത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് കൃത്രിമമായ ഈ പരിധി. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് ചെലവു വര്‍ദ്ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചെടുക്കാന്‍ വലിയ തടസ്സമാണ് ഈ ചട്ടം വരുത്തിവയ്ക്കുന്നത്. ചെലവു ചെയ്യാതിരുന്നാല്‍ പ്രതിസന്ധി രൂക്ഷമാവും; ഗ്രീസില്‍ സംഭവിച്ചതുപോലെ കടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം വര്‍ദ്ധിക്കും. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനു വേണ്ട വരുമാനം സര്‍ക്കാരിന് ഉണ്ടാവുകയുമില്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ, 3 ശതമാനത്തില്‍ കവിയാത്ത ധനക്കമ്മി എന്ന നിയമം പല രാജ്യങ്ങളും പാലിക്കാറില്ല. പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യമുള്ള കാലങ്ങളില്‍.

2008ല്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഏതാണ്ടെല്ലാ  യൂറോപ്യന്‍ രാജ്യങ്ങളുടെയും ധനക്കമ്മി 3 ശതമാനത്തിനു മീതെ ഉയര്‍ന്നിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ഗ്രീസിനു ഇതുപോലെ എന്തെങ്കിലും ചെയ്യുന്നതിന് നേരത്തെ ഉണ്ടായിരുന്നതിനെക്കാളും പരിമിതികളുണ്ട്. ആവശ്യത്തിനു പണമില്ല, കറന്‍സി അടിച്ചിറക്കാനാവില്ല, പണം കടം വാങ്ങണമെങ്കില്‍ പലിശ ഉയര്‍ന്നതാണ്. മാത്രവുമല്ല, കുറെയധികം വായ്പ അടിയന്തിരമായി തിരികെ കൊടുക്കാനുമുണ്ട്. വായ്പ കൊടുത്തവരെ പ്രതിനിധീകരിക്കുന്ന ട്രോയിക്ക ആവട്ടെ, ഗ്രീസ് കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ കടം വീട്ടാനുള്ള സഹായധനം നല്‍കൂ എന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഗ്രീസ് ഭരിച്ചുകൊണ്ടിരുന്ന സര്‍ക്കാരുകള്‍ ട്രോയിക്കയും മറ്റും ആവശ്യപ്പെട്ടതുപോലെയുള്ള ചെലവുചുരുക്കല്‍ നയങ്ങളാണു നടപ്പാക്കിക്കൊണ്ടിരുന്നത്. പൊതുമേഖലയിലെ തസ്തികകള്‍ 30 ശതമാനം വെട്ടിക്കുറച്ചു -വിരമിച്ചവരുടെ സ്ഥാനത്ത് പുതിയ ജീവനക്കാരെ നിയമിക്കാതെയും കരാര്‍ ജീവനക്കാരുടെ കരാര്‍ പുതുക്കി നല്‍കാതെയും രണ്ടരലക്ഷത്തിലധികം പൊതുമേഖലാ തസ്തികകളാണ് ഇല്ലാതാക്കിയത്. ധാരാളം പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു, പൊതുസേവനങ്ങള്‍ വെട്ടിക്കുറച്ചു, പെന്‍ഷന്‍ 48 ശതമാനം കണ്ട് വെട്ടിക്കുറച്ചു, വാറ്റും മറ്റു പല നികുതികളും കൂട്ടി. ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തോളം വരുന്ന ചെലവുചുരുക്കലും നികുതിവര്‍ദ്ധനവുമാണ് ഗ്രീസ് നടപ്പാക്കിയത്. ഇത്തരം നയങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിച്ചത് ദരിദ്രര്‍, തൊഴിലില്ലാത്തവര്‍, പ്രായം ചെന്നവര്‍ എന്നിങ്ങനെയുള്ള ദുര്‍ബല വിഭാഗങ്ങളെയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. തൊഴിലുള്ളവരുടെ തന്നെ ശരാശരി വേതനം 37 ശതമാനം കുറഞ്ഞു. ഗ്രീക്കുകാരുടെ ശരാശരി വാങ്ങല്‍ ശേഷി 1986ല്‍ ഉണ്ടായിരുന്ന നിലവാരത്തിലാണിപ്പോള്‍. ഇത്രയൊക്കെയായിട്ടും ഇതൊന്നും പോരാ, കൂടുതല്‍  വേണം എന്നാണ് ട്രോയിക്ക പറയുന്നത്.

2015 ജനുവരിയില്‍ സിറിസ എന്ന ഇടതുപാര്‍ട്ടി അധികാരത്തിലെത്തിയത്, ഗ്രീക്ക് ജനതയ്ക്ക് തൊഴിലില്ലായ്മയും ദുരിതവും മാത്രം സമ്മാനിച്ച ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളുടെ ചിറകിലേറിയാണ്. അത്തരം നയങ്ങള്‍ അവസാനിപ്പിക്കുമെന്നും അതിനായി വായ്പ തിരിച്ചടയ്ക്കല്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ നിര്‍ത്തിവയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു സിറിസ. പക്ഷേ ട്രോയിക്കയുടെ ഭീഷണികള്‍ക്കും മൂലധനം പുറത്തേയ്ക്കു പ്രവഹിച്ച് ഗ്രീക്ക് സമ്പദ്വ്യവസ്ഥയെ തകര്‍ക്കും എന്ന സാധ്യതയ്ക്കും മുന്നില്‍ സിറിസയും അവരുടെ നിലപാടുകള്‍ പലതും ഉപേക്ഷിച്ചു. ഏറ്റവുമൊടുവില്‍ സിറിസ സര്‍ക്കാര്‍ തന്നെ ട്രോയിക്കയുടെ പരിഗണനയ്ക്കു വച്ച നിര്‍ദ്ദേശങ്ങള്‍, സ്വകാര്യവല്‍ക്കരണവും പെന്‍ഷന്‍ വെട്ടിക്കുറയ്ക്കലും ഉള്‍പ്പെടെയുള്ള ചെലവുചുരുക്കല്‍ നയങ്ങളാണ്. ഇതുപോരെന്നു പറഞ്ഞ് ട്രോയിക്ക ഈ നിര്‍ദ്ദേശങ്ങളും തള്ളിയതോടെയാണ് ഞായറാഴ്ചത്തെ ഹിതപരിശോധനയ്ക്ക് കളമൊരുങ്ങിയത്. സത്യത്തില്‍, ഗ്രീസ് യൂറോയ്ക്കുള്ളില്‍ നില്‍ക്കുന്നിടത്തോളം കാലം സ്വതന്ത്രമായ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക അങ്ങേയറ്റം ബുദ്ധിമുട്ടാണ് എന്നുള്ളതാണ് ട്രോയിക്കയുടെ ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുക കൂടുതല്‍ ശ്രമകരമാക്കുന്നത്.
 

6. അപ്പോള്‍ യൂറോ ആണു പ്രതി എന്നാണോ പറഞ്ഞുവരുന്നത്?

അതെ. സ്വതന്ത്രവ്യാപാരം, സ്വതന്ത്രമായ മൂലധന പ്രവാഹവും തൊഴിലാളികളുടെ പ്രവാഹവും, ഒറ്റക്കറന്‍സി എന്നിവയുള്ള യൂറോസോണ്‍ ഒരു സാമ്പത്തിക യൂണിയന്‍ ആണ്  ഫലത്തില്‍ ഒറ്റ സമ്പദ്വ്യവസ്ഥ. പക്ഷേ ഇതിന്റെ ഭാഗമായിട്ടുള്ള രാജ്യങ്ങളില്‍ ചിലത് കൂടുതല്‍ വികസിതവും മറ്റു ചിലത് അത്രകണ്ട് വികസിതമല്ലാത്തതുമാണ്. യൂറോ വന്നതോടെ ഇവയില്‍ കൂടുതല്‍ വികസിതമായ ജര്‍മ്മനി മുതലായ രാജ്യങ്ങളില്‍ നിന്നും താരതമ്യേന ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയുള്ള ഗ്രീസ് മുതലായ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചു. കയറ്റുമതിയും ഇറക്കുമതിയും ചെയ്യാവുന്നതരം ഉത്പന്നങ്ങള്‍ (tradable goods) നിര്‍മ്മിക്കുന്ന ഗ്രീസിലെ വ്യവസായങ്ങള്‍ കഷ്ടത്തിലായി. അതേസമയം ഗ്രീക്ക് സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ മേലുള്ള പലിശ ഗണ്യമായി കുറഞ്ഞിരുന്നു എന്നുള്ളതുകൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ കടം വാങ്ങി ചെലവിട്ടു. തദ്ഫലമായി ഇറക്കുമതി ചെയ്യാനാവാത്ത ഉത്പന്നങ്ങളൂം സേവനങ്ങളും( non tradables) നിര്‍മ്മിക്കുന്ന മേഖലകള്‍ വളര്‍ച്ച നേടി. അങ്ങനെ സാമ്പത്തിക വളര്‍ച്ച താല്‍ക്കാലികമായി നിലനിര്‍ത്തിയെങ്കിലും കറന്റ് അക്കൌണ്ട് കമ്മിയും ബജറ്റ് കമ്മിയും വര്‍ദ്ധിച്ചുവന്നു. (ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി കയറ്റുമതിയെക്കാള്‍ അധികമാകുമ്പോള്‍ കറന്റ് അക്കൌണ്ടില്‍ കമ്മി ആണ് എന്നു പറയും.) ബജറ്റ് കമ്മി എത്രത്തോളമാണു കൂടിയത് എന്നുള്ളത് കുറെക്കാലം ഗ്രീക്ക് സര്‍ക്കാര്‍ മറച്ചുവച്ചു. യാഥാസ്ഥിക വലതുപാര്‍ട്ടിയായ ന്യൂ ഡെമോക്രസി ആണ് അക്കാലത്ത് ഗ്രീസ് ഭരിച്ചിരുന്നത്. 2009ല്‍ പസൊക്ക് എന്ന പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഇക്കാര്യം ഗ്രീക്ക് സര്‍ക്കാര്‍ വെളിപ്പെടുത്തി. ന്യൂ ഡെമോക്രസി സര്‍ക്കാര്‍ പറഞ്ഞിരുന്നതുപോലെ 2009ലെ ബജറ്റ് കമ്മി ജി.ഡി.പിയുടെ 3.7 ശതമാനമായിരിക്കില്ല, 12.7 ശതമാനമായിരിക്കും എന്നതായിരുന്നു വെളിപ്പെടുത്തല്‍. എന്നാണെങ്കിലും ഇക്കാര്യം പുറത്തുവന്നേനെ; വൈകുന്തോറും പ്രത്യാഘാതങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയേയുള്ളൂ. എന്തായാലും ഈ വെളിപ്പെടുത്തലോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.

ഒരു രാജ്യത്തിന്റെ കറന്റ് അക്കൌണ്ട് കമ്മി ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ സംഭവിക്കുക, രാജ്യത്തിന്റെ കറന്‍സിയുടെ വിലയിടിയുകയാണ്. അങ്ങനെ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലകുറയുകയും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കൂടുകയും ചെയ്യും. അതുവഴി കയറ്റുമതി കൂടും; ഇറക്കുമതി കുറയും. അങ്ങനെ തദ്ദേശീയ വ്യവസായങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാറാകും. പക്ഷേ യൂറോസോണിലെ രാജ്യങ്ങള്‍ക്ക് ഇങ്ങനെയൊരു ഓപ്ഷന്‍ ഇല്ല. സ്വന്തമായി കറന്‍സി അടിക്കാനാകാത്തതും സര്‍ക്കാര്‍ ചെലവുകള്‍ക്ക് കടുത്ത നിയന്ത്രണമുള്ളതുമൊക്കെ ഇതിനുപുറമേയുള്ള പ്രശ്നങ്ങള്‍. പൊതുജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യണമെങ്കില്‍ ഗ്രീസ് ചെയ്യേത് യൂറോസോണില്‍ നിന്നും പുറത്തുകടക്കുകയാണ്.


 

7. യൂറോയില്‍ നിന്നു പുറത്തുകടക്കുകയോ? അത്ര എളുപ്പമാണോ കാര്യം? കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാവില്ലേ?

ഉറപ്പായും ബുദ്ധിമുട്ടുകളുണ്ടാവും. പക്ഷേ ശക്തമായ നടപടികളെടുത്താല്‍ എന്തായാലും സ്ഥിതി ഇന്നത്തെക്കാളും മെച്ചപ്പെടും. ട്രോയിക്ക അവസാനം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയാല്‍ ഗ്രീസിനെ കാത്തിരിക്കുന്നത് 2030 വരെയെങ്കിലും നീണ്ടുനില്‍ക്കുന്നതും തികച്ചും നിഷ്ഫലവുമായ ചെലവുചുരുക്കലും താങ്ങാനാവാത്ത കടബാധ്യതകളുമാണെന്ന് ഐ.എം.എഫിന്റെ തന്നെ രേഖകള്‍ പറയുന്നു. ഇതിനെക്കാളും എന്തുകൊണ്ടും ഭേദമാണ് യൂറോയില്‍ നിന്നും പുറത്തുകടക്കുന്നത്. കഴിഞ്ഞ നാലുകൊല്ലമായി 25 ശതമാനത്തിലധികം തൊഴിലില്ലായ്മ അനുഭവിക്കുന്ന ഒരു രാജ്യത്ത് ഈ സ്ഥിതി അധികകാലം തുടരില്ലെന്നും അഥവാ സ്ഥിതി മെച്ചപ്പെട്ടാല്‍ ഇനിയും ഇതുപോലത്തെ തകര്‍ച്ച ആവര്‍ത്തിക്കില്ലെന്നും യാതൊരു ഉറപ്പും യൂറോയില്‍ തുടരുന്നിടത്തോളം ഇല്ല.

കടാശ്വാസവും ചെലവുചുരുക്കലിന് അവസാനവും ഉറപ്പുവരുത്താത്ത പരിഹാരങ്ങള്‍ കൊണ്ട് പ്രശ്നം അവസാനിക്കില്ല. പ്രതിസന്ധി തല്‍ക്കാലം ശമിച്ചാലും വീണ്ടും തിരിച്ചുവരും.യൂറോയില്‍ നിന്നും പുറത്തുകടന്ന് പഴയ കറന്‍സിയായ ദ്രാന്‍മയിലേയ്ക്ക് മടങ്ങുമ്പോള്‍ വേറെയും കാര്യങ്ങള്‍ ചെയ്യേണ്ടിവരും മൂലധനപ്രവാഹത്തിന് നിയന്ത്രണമേര്‍പ്പെടുത്തണം, ബാങ്കുകള്‍ ദേശസാല്‍ക്കരിക്കേണ്ടിവന്നേക്കാം, സ്വതന്ത്രവ്യാപാരം നിയന്ത്രിക്കേണ്ടിവന്നേക്കാം, ഇതെല്ലാമാവുമ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു തന്നെ പുറത്തുകടക്കേണ്ടിവന്നേക്കാം. അമേരിക്കന്‍ -പാശ്ചാത്യ യൂറോപ്യന്‍ ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന ചൈന, റഷ്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയില്‍ ചിലതുമായി കൂടുതല്‍ അടുത്തബന്ധം സ്ഥാപിക്കേണ്ടിയും വരും. ട്രോയിക്ക ഗ്രീസിന് എന്തെങ്കിലും കടാശ്വാസമോ ഇളവുകളോ അനുവദിക്കുകയാണെങ്കില്‍, അത് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കും എന്നു ഭയന്നിട്ടുമാത്രമായിരിക്കും. അല്ലാതെ ഗ്രീക്ക് ജനതയോടുള്ള അനുകമ്പ കൊണ്ടൊന്നുമായിരിക്കില്ല.


 

8. ഇങ്ങനെയൊക്കെയാണെങ്കില്‍ ഗ്രീസിന് യൂറോയില്‍ നിന്നു പുറത്തുകടക്കാന്‍ എന്താ ഇത്ര മടി?

എല്ലാ രാജ്യങ്ങള്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്ന ഒരു പദ്ധതി എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയ പദ്ധതി ആയിരുന്നു യൂറോ. വലിയ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂഖണ്ഡമാണല്ലോ യൂറോപ്പ്. യൂറോപ്യന്‍ രാജ്യങ്ങളെ സാമ്പത്തികമായി ഒരുമിച്ചുകൊണ്ടുവന്നാല്‍ യുദ്ധങ്ങള്‍ ഒഴിവാക്കാം എന്നതായിരുന്നു ആശയം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയ ആശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വേരോട്ടമുാകുന്നുണ്ട്. തദ്ദേശീയരുടെ തൊഴിലില്ലായ്മയ്ക്കും മറ്റും കാരണം മറ്റു രാജ്യങ്ങളില്‍ നിന്നു വന്നു പണിയെടുക്കുന്ന തൊഴിലാളികളാണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഗ്രീസിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാതെ ഇത്തരം പ്രവണതകള്‍ക്കു തടയിടുക ബുദ്ധിമുട്ടാണ്. എന്നാല്‍ യൂറോയില്‍ തുടരുന്നത് പ്രതിസന്ധിക്ക് ശാശ്വതപരിഹാരമുണ്ടാക്കുന്നതിന് തടസ്സമാണ്.

പക്ഷേ യൂറോയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ട്രോയിക്കയില്‍ നിന്നും ഇളവുകള്‍ നേടിയെടുക്കാമെന്നും ചെലവുചുരുക്കല്‍ അവസാനിപ്പിക്കാം എന്നുമാണ് സിറിസ പ്രചരിപ്പിക്കുന്നത്. പ്രതിസന്ധിക്കു കാരണമായ നയങ്ങള്‍ പിന്തുടര്‍ന്ന ന്യൂ ഡെമോക്രസി, പസൊക് തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ പറയുന്നത് യൂറോയില്‍ നിന്നു പുറത്തുകടന്നാല്‍ സര്‍വനാശമാണുാവുക എന്നാണ് (ഇവര്‍ പിന്തുടര്‍ന്ന നയങ്ങളാണ് ഗ്രീസിനെ ഇന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണല്ലോ സത്യം). കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇങ്ങനെ തന്നെ.

ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ നിലപാടാണ് ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത് -രാജ്യം യൂറോസോണില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരണം എന്ന നിലപാടാണ് അവര്‍ക്കുള്ളത്. പക്ഷേ അവര്‍ ഗ്രീസില്‍ ന്യൂനപക്ഷമാണ്. സിറിസയ്ക്കുള്ളില്‍ത്തന്നെയുള്ള ലെഫ്റ്റ് പ്ലാറ്റ്ഫോം എന്ന പ്രമുഖവിഭാഗവും ഗ്രീസ് യൂറോയില്‍ നിന്നു പുറത്തുവരുന്ന കാര്യം ആലോചിക്കേണ്ടതാണ് എന്ന നിലപാടുള്ളവരാണ്. പക്ഷേ ലെഫ്റ്റ് പ്ലാറ്റ്ഫോം ഈ നിലപാടിന് അനുകൂലമായി വേണ്ടത്ര പ്രചരണം നടത്തിയിട്ടില്ല. അതുകൊണ്ട് ഭൂരിപക്ഷം ജനങ്ങള്‍ക്കും യൂറോയില്‍ തുടരാനാണു താത്പര്യം.
 

9. എന്തായിരുന്നു ജൂലൈ അഞ്ചിലെ ഹിതപരിശോധന?

ട്രോയിക്ക ഏറ്റവുമൊടുവില്‍ (ജൂണ്‍ 25ന്) മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണോ വേണ്ടയോ എന്ന ചോദ്യത്തിന്റെമേലാണ് ജൂലൈ 5ന് ഹിതപരിശോധന നടന്നത്. വേണം എന്നോ വേണ്ട എന്നോ വോട്ട് രേഖപ്പെടുത്താം. ശരിക്കും പറഞ്ഞാല്‍ ട്രോയിക്കയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയാനുള്ള അവകാശം ചെലവുചുരുക്കല്‍ അവസാനിപ്പിക്കും എന്ന അജന്‍ഡ ഉയര്‍ത്തിപ്പിടിച്ചു നേടിയ ജനുവരിയിലെ തെരഞ്ഞെടുപ്പുജയം വഴി തന്നെ സിറിസ നേടിക്കഴിഞ്ഞതാണ്. എന്നിരുന്നാലും ഹിതപരിശോധന വഴി കൂടുതല്‍ ജനപിന്തുണ ഉറപ്പുവരുത്താമെന്നും ട്രോയിക്കയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നുമായിരുന്നു സിറിസയുടെ കണക്കുകൂട്ടല്‍. 61.31% ശതമാനം വോട്ടര്‍മാര്‍ ട്രോയിക്കയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വോട്ടു ചെയ്തു.
 

10. ട്രോയിക്കയുടെ നിര്‍ദ്ദേശങ്ങള്‍ ഹിതപരിശോധനയില്‍ തള്ളിപ്പോയ സ്ഥിതിക്ക് ഗ്രീസ് യൂറോസോണ്‍ വിടുമോ?

ഇക്കാര്യത്തില്‍ വ്യക്തതയില്ല. ട്രോയിക്കയുടെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ തള്ളിയാലും ഗ്രീസ് യൂറോ വിടില്ലെന്നും കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഗ്രീക്ക് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഗ്രീസിന് കാര്യമായ ഇളവുകള്‍ അനുവദിച്ചാല്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളും ഇളവുകള്‍ ആവശ്യപ്പെടുമെന്നും ചെലവുചുരുക്കല്‍ നയങ്ങള്‍ അംഗീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങളിലെ ജനങ്ങള്‍ വിസമ്മതിക്കുമെന്നും ട്രോയിക്കയും അവര്‍ പ്രതിനിധാനം ചെയ്യുന്ന ഫിനാന്‍സ് മൂലധനശക്തികളും ഭയക്കുന്നു. അതുകൊണ്ട് സിറിസയുടെ ആവശ്യങ്ങള്‍ക്ക് കഴിയുന്നതും വഴങ്ങാതിരിക്കാനാണ് ട്രോയിക്കശ്രമിക്കുക. സിറിസ ചെലവുചുരുക്കലിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചാല്‍, ഗ്രീസിനെ ശിക്ഷിച്ച് മാതൃക കാട്ടാനായി ആ രാജ്യത്തെ യൂറോയില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ട്രോയിക്കയും യൂറോപ്പിലെ മറ്റു പല സര്‍ക്കാരുകളും ശ്രമിച്ചേക്കാം.

പക്ഷേ ഏതെങ്കിലുമൊരു രാജ്യത്തെ യൂറോയില്‍ നിന്നും നിയമപരമായി പുറത്താക്കാനുള്ള വ്യവസ്ഥകളൊന്നും യൂറോപ്യന്‍ കരാറുകളിലില്ല. അതുകൊണ്ട് ഗ്രീക്ക് ബാങ്കുകള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വഴിയുള്ള പണലഭ്യത കുറച്ചുകൊണ്ടും രാജ്യത്തിന് സഹായധനം നിഷേധിച്ചുകൊണ്ടും മറ്റും ഇതുചെയ്യാനുള്ള ശ്രമം നടത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ നേരത്തെ വിവരിച്ച ഭയങ്ങള്‍മൂലം ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടുപോകണമെന്ന് അഭിപ്രായമുള്ള യൂറോപ്യന്‍നേതാക്കളുമുണ്ട്. സിറിസ തുടര്‍ന്നും തങ്ങളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ത്താല്‍ ഒരു ഒത്തുതീര്‍പ്പിലെത്താനും മതി. പക്ഷേ മുമ്പുപറഞ്ഞതുപോലെ, ചെലവുചുരുക്കല്‍ അവസാനിപ്പിക്കുകയും കടാശ്വാസം ഉറപ്പുവരുത്തുകയും ചെയ്യാത്ത ഒത്തുതീര്‍പ്പുകള്‍ വഴിയുള്ള പ്രശ്നപരിഹാരം താല്‍ക്കാലികമായിരിക്കും. അത്തരമൊരു സാഹചര്യം വന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ലെഫ്റ്റ് പ്ലാറ്റ്ഫോം എന്തു നിലപാടു സ്വീകരിക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ടിവരും. തിങ്കളാഴ്ച ഗ്രീക്ക് ധനകാര്യ മന്ത്രി യാനിസ്‌ വരുഫാക്കിസ് രാജിവച്ചു എന്ന വാര്‍ത്തകൂടിയുണ്ട്. ട്രോയിക്കയുമായുള്ള ചര്‍ച്ചകള്‍ എളുപ്പമാക്കാനാണ് രാജി എന്നദ്ദേഹം പറയുന്നു. ട്രോയിക്കയുടെ നിലപാടുകളെ വിമര്‍ശിച്ചിരുന്ന വരുഫാക്കിസിന്റെ രാജിയുടെയര്‍ത്ഥം സിറിസ തങ്ങളുടെ നിലപാടില്‍ വീണ്ടും അയവുവരുത്തുമെന്നാണോ എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.


 

11.'വേണം'എന്ന നിലപാടിന് ഭൂരിപക്ഷം കിട്ടിയിരുന്നെങ്കില്‍ എന്തു സംഭവിച്ചേനേ?

അങ്ങനെ സംഭവിച്ചാല്‍ ട്രോയിക്കയുടെ നിബന്ധനകള്‍ അംഗീകരിച്ച് കരാറില്‍ ഒപ്പിടുമെന്നാണ് സിപ്രാസ് പറഞ്ഞിരുന്നത്. പക്ഷേ അതിനെ ലെഫ്റ്റ് പ്ലാറ്റ്ഫോം അംഗീകരിച്ചെന്നു വരില്ല. അങ്ങനെ വന്നാല്‍ സിറിസയില്‍ പിളര്‍പ്പുണ്ടായേക്കാം എന്നും സര്‍ക്കാര്‍ വീഴുമെന്നും പലരും പ്രവചിച്ചിരുന്നു. ഇതാണ് ട്രോയിക്കയും യൂറോപ്പിലെ ഭരണവര്‍ഗ്ഗവും ആഗ്രഹിച്ചത്. സിറിസയ്ക്കു പകരം ട്രോയിക്ക വരയ്ക്കുന്ന വരയില്‍ നില്‍ക്കാന്‍ തയ്യാറുള്ള ആരെങ്കിലും അധികാരത്തില്‍ വന്നാല്‍, കുറച്ചൊക്കെ ഇളവുകളും ഗ്രീസിനു കൊടുക്കാന്‍ അവര്‍ തയ്യാറായെന്നു വരും. പക്ഷേ ഗ്രീക്ക് ജനതയെ സംബന്ധിച്ചിടത്തോളം മഹാദുരന്തമായിരിക്കും ട്രോയിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കുന്നതിന്റെ ഫലം. ഹിതപരിശോധനയുടെഫലം ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. ചെലവുചുരുക്കലിനെതിരായ ജനവികാരം യൂറോപ്യന്‍ നേതാക്കളെ ആശങ്കാകുലരാക്കുകയും ചെയ്തിട്ടുണ്ട്. ഈ ജനപിന്തുണ ഉപയോഗിച്ച് കടാശ്വാസവും ചെലവുചുരുക്കലിന് അവസാനവും എന്ന ലക്ഷ്യംനേടിയെടുക്കാന്‍ സിറിസ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന ശുഭാപ്തിവിശ്വാസം ജനാധിപത്യ വിശ്വാസികളായ ജനങ്ങളില്‍ വലിയൊരു വിഭാഗം വച്ചുപുലര്‍ത്തുന്നു. ഇതില്‍നിന്നും സിറിസ പിന്നോട്ടു പോയാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കും. തൊഴിലില്ലായ്മയ്ക്കെതിരെയുള്ള രോഷം കൂടുതല്‍ ജനങ്ങളെ തീവ്ര വലത് ഫാസിസ്റ്റ് ചേരിയിലെത്തിക്കുന്നതോടെ ഒരു കിരാതയുഗം തന്നെയായിരിക്കും പിറവി കൊള്ളുക.
 

അടിക്കുറിപ്പ്:

യൂറോപ്യന്‍ രാജ്യങ്ങളും സ്ഥാപനങ്ങളും ഐ.എം.എഫും ഗ്രീസിനു ധാരാളം സഹായധനം കൊടുത്തിട്ടും ഗ്രീസിലെ ജനങ്ങളുടെ സ്ഥിതി മെച്ചപ്പെടാത്തതെന്ത് എന്നത് പലര്‍ക്കുമുള്ള സംശയമാണ്.

ഇതിനുത്തരം നേരത്തെ പറഞ്ഞതുതന്നെ: സഹായധനം കൊടുത്തത്, ജര്‍മ്മന്‍, ഫ്രഞ്ച് ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരികെ കൊടുക്കാനായിരുന്നു. അതായത് സഹായം സ്വകാര്യബാങ്കുകള്‍ക്കായിരുന്നു, ജനങ്ങള്‍ക്കായിരുന്നില്ല. സഹായധനം കൊണ്ട് തങ്ങള്‍ക്ക് പ്രയോജനമുണ്ടാകുമെന്ന് ധരിച്ച ജനങ്ങള്‍ നിരാശരായി. ഇക്കാര്യം ലളിതമായി അവതരിപ്പിക്കുന്ന ഒരു കുഞ്ഞന്‍ തമാശ വിഡിയോ റ്റ്വിറ്ററില്‍ കിടന്നു കറങ്ങുന്നണ്ടു്.
 

(ബോധി കോമണ്‍സ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുതുക്കിയ രൂപം.ഡെല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഗവേഷകനാണ് ലേഖകന്‍.)


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment