Saturday 18 July 2015

[www.keralites.net] Story by Sabu Hariharan

 

ബാധ

 
സാബു ഹരിഹരൻ

 
'കടുത്തപ്രയോഗം തന്നെ വേണം!'
മന്ത്രവാദി ഉച്ചത്തിൽ കൽപ്പിച്ചു.
ശിഷ്യൻ ചുറ്റിലും നിന്നവരോടും.
'എല്ലാരും മുറിക്ക് പുറത്തേക്കിറങ്ങി കൊൾക.. ഒഴിപ്പിക്കാൻ പോണു..അവസാനത്തെ പ്രയോഗമാണ്‌'

 
വിളക്കിലേക്ക് വീണ്ടും എണ്ണയൊഴുകി.
ചുവന്ന കനലുകളിലേക്ക് സാമ്പ്രാണി പൊടിയും, മുളകും മഞ്ഞളും ചിതറി വീണു.
ചുവന്ന പട്ട് മുറുക്കിയുടുത്ത് മന്ത്രവാദി തയ്യാറെടുത്തു. വലതു കൈയ്യിൽ കുങ്കുമവും ഇടതുകൈയ്യിൽ ഭസ്മവും..
'നിനക്ക് ഇനീം മതിയായില്ലെ?. പോകാൻ നിനക്ക് വയ്യ അല്ലെ?'
അയാളുടെ ഉഗ്രശബ്ദത്തിൽ മുക്കോട് വരെ വിറച്ചു.
വീണ്ടും കുങ്കുമവും ഭസ്മവും അന്തരീക്ഷത്തിലേക്ക്..
യുവതി കുനിഞ്ഞിരുന്നു തലയിളക്കിയതേ ഉള്ളൂ..
നീണ്ട ചുരുൾമുടി അവളുടെ മുഖം മറച്ചിരുന്നു.
അവളുടെ ചുണ്ടിൽ നിന്ന് ജല്പനങ്ങളായി ചിലത് ഇടവിട്ടിടവിട്ട് തെറിച്ചു കൊണ്ടിരുന്നു.

 
ഹോമത്തിനായി അടുക്കി വെച്ച ചുടുകട്ടകൾ പഴുത്തു തുടങ്ങി.
ചുവരുകളിൽ നിഴലുകളുടെ നൃത്തം.
ഭയം നിറച്ച കണ്ണുകളുമായി തല നരച്ച രണ്ടു പേർ മകളെ തന്നെ നോക്കി നിന്നു.
അകത്തെ ആധിയും. പുറത്തെ പുകയും കൊണ്ടവരുടെ കണ്ണുകൾ എരിഞ്ഞു നിറഞ്ഞു.
'കേട്ടില്ലെ എല്ലാരും? പുറത്ത് പൊയ്ക്കൊൾക!..ആശാന്റെ അറ്റക്കൈ പ്രയോഗം..മുറിക്ക് പുറത്തിറങ്ങ്..വേഗം വേഗം' ശിഷ്യൻ വീണ്ടും കൽപിച്ചു.
തൊഴുകൈയ്യൊടെ തല നരച്ചവർ പുകച്ചുരുളുകൾ മുറിച്ച് പുറത്തേക്ക് നടന്നു.
ആശാൻ തോളറ്റം നീണ്ട മുടി ചുറ്റി ഒരു വശത്തേക്ക് കെട്ടി, അസ്പഷ്ടമായി മന്ത്രങ്ങൾ ഉരുവിടാനാരംഭിച്ചു. വലതു കൈയ്യിൽ കുങ്കുമം പാറി വീണ ഒരു ചെറിയ വെള്ളി ശൂലം.

 
ശിഷ്യൻ വാതിലടയ്ക്കും മുൻപ് ഒരു വട്ടം കൂടി ആശാന്റെ നേർക്ക് നോക്കി.
ഒരാഭാസച്ചിരി അയാളുടെ ചുണ്ടിന്റെ ഒരു കോണിൽ നിറഞ്ഞു.
ആശാന്റെ മുഖത്ത് വിജയ മന്ദസ്മിതം.

 
വാതിലടഞ്ഞു.

 
ഉള്ളിൽ നിന്ന് ഉഗ്രശാസനകൾ അവ്യക്തമായി പുറത്തേക്ക് വാതിൽ വിടവിലൂടെ നിരങ്ങി വന്നു. 
അവളുടെ നീണ്ട നിലവിളികൾ..
മന്ത്രവാദിയുടെ ഉഗ്രശാസനകൾ..
തട്ടി മറിയുന്ന, ഉടഞ്ഞു ചിതറുന്ന ശബ്ദങ്ങൾ..
'കൂടിയ ബാധയാണ്‌..ആശാന്റെ അറ്റക്കൈ പ്രയോഗത്തിൽ ഒഴിയാത്തതൊന്നുമില്ല..ധൈര്യമായിരിക്കൂ..ഇന്നേക്കവസാനം..ആശാൻ പിടിച്ച് തളയ്ക്കും' 
പുറത്ത് നിന്നവരുടെ കാതുകളിൽ ശിഷ്യൻ ആശ്വാസവചനങ്ങൾ നിറച്ചു.

 
മന്ത്രവാദിയുടെ നീണ്ട വിളിയിൽ മുക്കോടുകൾ വീണ്ടും വിറച്ചു തുള്ളി.

 
സകലതും നിശ്ശബ്ദമായി.
ശിഷ്യന്റെ നെറ്റിയിലൂടെ വിയർപ്പു ചാലൊഴുകിയിറങ്ങി.

 
'സമയമായി..ഇനി പ്രവേശിക്കാം' 
ശിഷ്യൻ അനുമതി കൊടുത്ത് വാതിൽ തുറന്നു.

 
മുറിയുടെ കോണിൽ യുവതി മുഖം മറച്ചിരുപ്പുണ്ടായിരുന്നു, ആർക്കുമറിയാത്ത ചില മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്..
അണയാറായ ഹോമകുണ്ഢത്തിൽ നിന്നും ഇടയ്ക്കിടെ തെളിഞ്ഞുയർന്ന ദീപ്തിയിൽ എല്ലാരുമത് കണ്ടു,
മലർന്ന് കിടന്ന പുരുഷ ശരീരം..കഴുത്തിൽ ആഴത്തിൽ തറച്ച വെള്ളി ശൂലം..
സർവ്വം കുങ്കുമ മയം.
കൂട്ടനിലവിളിയിൽ മേൽക്കൂരയിലെ സകല ഓടുകളും നിർത്താതെ വിറച്ചു.

 

 

 

 

 

 


 


www.keralites.net

__._,_.___

Posted by: Sabu Hariharan <sabumhblog@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment