Thursday 9 July 2015

[www.keralites.net] അഴിമത ിയുടെ വ്യാ പനം -- MP Vyavasayik Pareek sa Mandal -- Corruption/Murder Series Saga

 

മെഡിക്കല്‍- എന്‍ജിനിയറിങ് സീറ്റുകളിലേക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ ഒഴിവിലേക്കും നിയമനം നടത്തുന്നതിന് 1980ല്‍ രൂപംകൊണ്ട സമിതിയാണ് മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (MPPEB).
ഹിന്ദിയില്‍ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നും പറയുന്നു.
ഹിന്ദിയിലുള്ള പേരിന്റെ ചുരുക്കെഴുത്ത് എന്ന രീതിയിലാണ് ഈ അഴിമതിക്ക് വ്യാപം എന്ന പേരുലഭിച്ചത്.

 
വ്യാപം നടത്തിയ പരീക്ഷകളില്‍ 1990 കളില്‍ത്തന്നെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും 2009ല്‍ നടത്തിയ പ്രീ മെഡിക്കല്‍ പരീക്ഷ മുതലാണ് വ്യാപകമായി പരാതികള്‍ ഉയര്‍ന്നത്.
ഇന്തോറിലെ നേത്രരോഗ വിദഗ്ധന്‍ ആനന്ദ് റായി ഈ പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വ്യാപം അഴിമതി പൊതുജനമധ്യത്തിലെത്തുന്നത്. ഇതോടെ റായിക്കെതിരെ പല കോണുകളില്‍നിന്നും വധഭീഷണി ഉയര്‍ന്നു. അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും മാസം 50,000 രൂപ നല്‍കിയാല്‍മാത്രമേ സുരക്ഷ നല്‍കാനാവൂ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 36,000 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറായിരുന്നു അന്ന് റായി. 2015ല്‍ മാത്രമാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഏഴുമണിക്കൂര്‍ സെക്യൂരിറ്റി നല്‍കിയത്. ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഗൗരി റായിയെ മൗവിലെ സിവില്‍ ആശുപത്രിയില്‍നിന്ന് സര്‍ക്കാര്‍ പറഞ്ഞുവിടുകയും ചെയ്തു.

 
പ്രശാന്ത് പാണ്ഡെ എന്ന സോഫ്റ്റ്വെയര്‍ വിദഗ്ധനാണ് അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരാള്‍. സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസമിതിയെ സഹായിക്കുകയും മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മയെയും ഖനി രാജാവ് സുധീര്‍ ശര്‍മയെയും മറ്റും അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ തെളിവുകള്‍ ശേഖരിക്കുകയുംചെയ്ത പണ്ഡെയെ കള്ളക്കേസ് കെട്ടിച്ചമച്ച് ശിവരാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. അന്വേഷണവിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പാണ്ഡെ ശേഖരിച്ച തെളിവുകള്‍മൂലം അറസ്റ്റിലായ പ്രതികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെയും ജയിലിലടച്ചത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്നും ഡല്‍ഹികോടതിയാണ് അവസാനം വിധിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമമുണ്ടായി. ഭാര്യയോടൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഇന്തോറിലെ വസതിയിലേക്ക് മടങ്ങവെയായിരുന്നു വധശ്രമം. കേസില്‍പ്പെട്ട പലരും കൊല്ലപ്പെട്ടതുപോലെ വാഹനാപകടത്തില്‍ അപായപ്പെടുത്താനാണ് ശ്രമമുണ്ടായത്.

 
ആശിഷ് ചതുര്‍വേദിയാണ് കേസ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ച മറ്റൊരാള്‍.

 
മൂവരും നടത്തിയ ശ്രമങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ എസ്ഐടി അന്വേഷണത്തിന് 2009ല്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം ഏറ്റെടുത്തപ്പോള്‍ അവരെ സഹായിക്കാനായി 2012ല്‍ STF നും രൂപം കൊടുത്തു. 92,176 രേഖ ഇതിനകം പിടിച്ചെടുത്തു. 3292 കേസ് ചുമത്തപ്പെട്ടു. 1800 പേര്‍ അറസ്റ്റിലായി. 500 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അന്വേഷണം അവസാനിച്ചിട്ടില്ല.

 
മത്സരപ്പരീക്ഷകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത അഴിമതിയേക്കാള്‍ വിപുലമായ മാനം വ്യാപം അഴിമതിക്കുണ്ട്. രാഷ്ട്രീയക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ക്രിമിനലുകള്‍, പൊലീസുകാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിപുലമായ കണ്ണിയാണ് അഴിമതിക്ക് പിന്നില്‍. സമൂഹത്തിലെ സമ്പന്നരായ വ്യക്തികളാണ് സ്വന്തം കുട്ടികള്‍ക്ക് ജോലിയും മെഡിക്കല്‍ സീറ്റും മറ്റും ഉറപ്പുവരുത്താന്‍ ലക്ഷങ്ങള്‍ ഒഴുക്കിയത്. മൊത്തം 3000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ്് അനൗദ്യോഗിക കണക്ക്. ബിഹാറില്‍ ലാലുപ്രസാദ് യാദവും മറ്റും ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണവുമായാണ് പലരും വ്യാപം അഴിമതിയെ താരതമ്യപ്പെടുത്തുന്നത്.

 
പ്രധാനമായും മൂന്ന് രീതിയിലാണ് അഴിമതി നടന്നത്.
ഒന്നാമതായി, പണംകൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയെഴുതാന്‍ അപരന്മാരെ ഏര്‍പ്പെടുത്തും. നേരത്തെ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ഥികളെയാണ് ഇതിനായി ഉപയോഗിച്ചത്. അപരന്മാര്‍ക്ക് ഒരു പരീക്ഷയ്ക്ക് നാലുലക്ഷം രൂപ വരെയാണ് നല്‍കേണ്ടത്. തട്ടിപ്പ് നടത്തുന്ന ഏജന്‍സി പരീക്ഷ എഴുതുന്നതിനായി 10 ലക്ഷം രൂപവരെ ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികളുടെ പേര്, വിലാസം എന്നിവയെല്ലാം, ആരാണോ യഥാര്‍ഥ അപേക്ഷകന്‍ അവരുടേത് തന്നെയായിരിക്കും. എന്നാല്‍, ഹാള്‍ടിക്കറ്റിലെ ഫോട്ടോ അപരന്റേതായിരിക്കും.പരീക്ഷയ്ക്കുശേഷം ഹാള്‍ടിക്കറ്റിലെ പടം മാറ്റും.

 
പരീക്ഷാഹാളിലെ പരിശോധകന്റെ അറിവോടെ നടത്തുന്ന കോപ്പിയടിയാണ് രണ്ടാമത്തെ രീതി. എന്‍ജിന്‍ ആന്‍ഡ് ബോഗി എന്ന കോഡ് നാമത്തിലാണ് ഇതറിയപ്പെടുന്നത്. പരീക്ഷ നന്നായി പഠിച്ച് എഴുതുന്ന രണ്ട് കുട്ടികള്‍ക്ക് ഇടയിലായി പരീക്ഷാ റാക്കറ്റ് കാശുവാങ്ങിയ വിദ്യാര്‍ഥിയെ ഇരുത്തും. ഇരുഭാഗത്തുമുള്ള കുട്ടികളുടെ ഉത്തരക്കടലാസില്‍നിന്ന് നടുക്കിരിക്കുന്ന വിദ്യാര്‍ഥി കോപ്പിയടിക്കും. ഇരുവശത്തുമിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിശോധകനും ലക്ഷങ്ങള്‍ ലഭിക്കും.

 
വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് ഒന്നും എഴുതാതെ നല്‍കുക എന്നതാണ് മറ്റൊരു രീതി. ഒന്നും എഴുതാതെ ഉത്തരക്കടലാസ് ഒഴിച്ചിടുന്നവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കും. പരീക്ഷാ ഉദ്യോഗസ്ഥരും പരിശോധകരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയാണിത്. മാര്‍ക്കിനുസരിച്ച് ഒഴിഞ്ഞ ഉത്തരക്കടലാസില്‍ ഉത്തരങ്ങള്‍ എഴുതിച്ചേര്‍ക്കാനും ഈ സംഘത്തിന് കഴിഞ്ഞു. വിവരാവകാശ നിയമമനുസരിച്ച് ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പരീക്ഷ എഴുതാതെതന്നെ മെഡിക്കല്‍- എന്‍ജിനിയറിങ് പ്രവേശനവും ഉദ്യോഗങ്ങളും ലഭിച്ചവര്‍ മധ്യപ്രദേശില്‍ ഏറെയുണ്ടെന്നര്‍ഥം.

 
മരണമെത്തുന്ന നേരം

 
ഇരുപത്തിരണ്ടുകാരനായ റിങ്കു എന്ന പ്രമോദ് ശര്‍മയെ 2013 ഏപ്രില്‍ 21ന് മധ്യപ്രദേശിലെ ജാന്‍സിയില്‍ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാപം അഴിമതിക്കേസില്‍ പ്രതിയായ റിങ്കു സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, റിങ്കുവിന്റെ സഹോദരന്‍ മഹാവീര്‍ ശര്‍മ പൊലീസ് ഭാഷ്യം തള്ളുന്നു. തൂങ്ങാന്‍ ഉപയോഗിച്ച തുണിയോ ചരടോ മുറിയില്‍നിന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. റിങ്കുവിന്റെ മുഖത്തുനിന്നും ചെവികളില്‍നിന്നും ചോര ഒലിച്ചിരുന്നു. നെറ്റിയിലും തലയിലും മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മഹാവീര്‍ പറയുന്നു. റിങ്കു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊലീസ് കുടുംബത്തിന് കൈമാറിയിട്ടില്ല. ഗ്വാളിയറില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുംവേണ്ടിയുള്ള പരിശീലനകേന്ദ്രം നടത്തുകയായിരുന്നു റിങ്കു. വ്യാപം അഴിമതിയില്‍ പങ്കാളിയാകുന്നത് ഇതുവഴിയാണ്.

 
പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ നിയമനകുംഭകോണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട ദേവേന്ദര്‍ നാഗര്‍ (29) ഭിന്ദ് ജില്ലയിലെ ബിര്‍ക്കാഡി ഗ്രാമത്തില്‍ 2013 ഡിസംബര്‍ 26ന് വാഹനാപകടത്തില്‍ മരിച്ചു.

 
വ്യാപം കുംഭകോണത്തില്‍ മറ്റൊരു ഇടനിലക്കാരനായിരുന്ന ബാന്‍ഡി സിക്കാര്‍വറിനെ (32) ഗ്വാളിയര്‍ സൈനികകോളനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 26നായിരുന്നു സംഭവം. ജീവനൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് ബാന്‍ഡിയുടെ ഭാര്യ മാലയ്ക്ക് ഇനിയും അറിയില്ല. വ്യാപം കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ബാന്‍ഡി വീട്ടില്‍ അറിയിച്ചിരുന്നില്ല.

 
ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ഡീനായിരുന്ന ഡോ. അരുണ്‍ ശര്‍മ വ്യാപം കുംഭകോണം സംബന്ധിച്ച 200 രേഖകള്‍ പ്രത്യേക ദൗത്യസംഘത്തിന് (എസ്ടിഎഫ്) ഈയിടെ കൈമാറി. ജൂലൈ അഞ്ചിന് ഡോ. അരുണ്‍ ശര്‍മയെ ന്യൂഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

 
ശര്‍മയ്ക്കുമുമ്പ് ജബല്‍പുര്‍ കോളേജില്‍ ഡീനായിരുന്ന ഡോ. സകല്ലേയും ഒരു വര്‍ഷംമുമ്പ് ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവികൂടിയായിരുന്ന ഡോ. സകല്ലേ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഡോ. സകല്ലേയുടെ മരണം കൊലപാതകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജബല്‍പുര്‍ ഘടകം ആരോപിക്കുന്നു. ലേസര്‍ തോക്ക് ഉപയോഗിച്ചാണ് സകല്ലേയെ കൊലപ്പെടുത്തിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഈ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയും ദുരൂഹസാചര്യത്തില്‍ മരിച്ചു.

 
വ്യാപം കേസിലെ പ്രതികളോ സാക്ഷികളോ കുംഭകോണം പുറത്തുകൊണ്ടുവരാന്‍ തെളിവുകള്‍ നല്‍കിയവരോ ആയ 46 പേരാണ് ഇതിനകം മരിച്ചത്.

 
ഹൃദയാഘാതം, റോഡപകടം, ആത്മഹത്യ, അമിത മദ്യപാനം, മാരകരോഗങ്ങള്‍ എന്നിവയാണ് മരണകാരണങ്ങളായി സര്‍ക്കാരും പൊലീസും പറയുന്നത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്ന് പരിഹസിക്കാന്‍വരെ തയ്യാറായ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ ഇപ്പോള്‍ സ്വരംമാറ്റി. സ്ഥിതി വഷളാകുമെന്നു കണ്ടപ്പോള്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെ പരോക്ഷമായി കുറ്റപ്പെടുത്തി ഗൗര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.

 
തിരിച്ചറിയാന്‍ കഴിയാത്ത മാരകവിഷം ഉള്ളില്‍ചെന്നാണ് സുനന്ദ പുഷ്കര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപം കൊലപാതകങ്ങളിലും ഇത്തരം വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയം ഉയരുകയാണ്. പ്രമുഖരായ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകന്‍, ഗവര്‍ണറുടെ മകന്‍ എന്നിവരുടെ മരണങ്ങള്‍ ഇതിലേക്കുള്ള സൂചനയാണ്.

 
വന്‍ വിവാദമായ കേസിന്റെ തെളിവുകളും തുമ്പുകളും ഇല്ലാതാക്കാന്‍ ആസൂത്രണംചെയ്ത കൊലപാതകങ്ങളാണ് ഇവയെന്ന് വ്യക്തം. തെളിവുകള്‍ പരമാവധി നശിപ്പിക്കാനാണ് ശ്രമം.വ്യാപം കേസില്‍ 2012ലാണ് എസ്ടിഎഫ് അന്വേഷണം തുടങ്ങിയത്. അതിനുശേഷമാണ് തുടര്‍ച്ചയായി ഇത്തരം മരണങ്ങള്‍.

 
മാതൃകാഭരണമെന്ന് സംഘപരിവാര്‍ വാഴ്ത്തിവന്ന ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ബീഭത്സമുഖമാണ് പുറത്തുവരുന്നത്. തനിക്കുപോലും ഭയം തോന്നിത്തുടങ്ങിയെന്നും ആരുവേണമെങ്കിലും കൊല്ലപ്പെടാമെന്നും കേന്ദ്രമന്ത്രി ഉമ ഭാരതി തുറന്നുപറഞ്ഞു. കഴിഞ്ഞദിവസങ്ങളിലുണ്ടായ മരണപരമ്പര ഉമ ഭാരതിയുടെ ആശങ്കയ്ക്ക് അടിവരയിടുന്നു.

 
ഡോ. അരുണ്‍ ശര്‍മയ്ക്കു പുറമെ അക്ഷയ് സിങ്, അനാമിക കുശ്വാഹ, രമാകാന്ത് പാണ്ഡെ എന്നിങ്ങനെ നാലുപേരാണ് മൂന്നുദിവസത്തില്‍ മരിച്ചത്.

 
ടിവി ടുഡെയുടെ റിപ്പോര്‍ട്ടറായ അക്ഷയ്സിങ് വ്യാപം അഴിമതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു. ദുരൂഹമായി മരിച്ച നമ്രത ദമോറിന്റെ രക്ഷിതാക്കളുടെ അഭിമുഖമെടുത്തതിനു പിന്നാലെയാണ് അക്ഷയ്സിങ് മരിച്ചത്. നമ്രതയുടെ വീട്ടില്‍നിന്ന് അക്ഷയ് ചായയും വെള്ളവും കുടിച്ചിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ വായില്‍നിന്ന് നുരയും പതയും വരാന്‍ തുടങ്ങി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 
ക്രമക്കേടിലൂടെ നിയമനം കിട്ടിയെന്നു കരുതുന്ന സബ്ഇന്‍സ്പെക്ടര്‍ ട്രെയ്നിയാണ് അനാമിക കുശ്വാഹ. ഇവരുടെ മൃതദേഹം സാഗറിലെ ഒരു തടാകത്തിലാണ് കാണപ്പെട്ടത്. STF ചോദ്യംചെയ്ത പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്തിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി

 
ക്രമക്കേട്പുറത്തുകൊണ്ടുവന്നത്ജീവന്‍പണയംവച്ച്

 
വ്യാപം കേസില്‍ എസ്ടിഎഫിനെ സര്‍ക്കാര്‍ സ്വയംപ്രേരിതമായി നിയോഗിച്ചതല്ല. ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നീ സാമൂഹികപ്രവര്‍ത്തകരാണ് ജീവന്‍ പണയംവച്ച് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. തന്റെ അമ്മയെ ചികിത്സിച്ച ചില ഡോക്ടര്‍മാരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെത്തുടര്‍ന്ന് ആശിഷ് നടത്തിയ അന്വേഷണമാണ് മെഡിക്കല്‍ പ്രവേശനത്തിലെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ വഴിതെളിച്ചത്. 2009 മുതലാണ് ക്രമക്കേടുകള്‍ വന്‍തോതില്‍ പുറത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ അന്വേഷണം ഇഴഞ്ഞുനീങ്ങി. സാമൂഹികപ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് എസ്ടിഎഫിനെ നിയോഗിച്ചത്.

 
എന്നാല്‍, ഗവര്‍ണറും മുഖ്യമന്ത്രിയുംതന്നെ പ്രതിക്കൂട്ടില്‍നില്‍ക്കവെ സംസ്ഥാന പൊലീസിന് കേസ് ഫലപ്രദമായി അന്വേഷിക്കാന്‍ കഴിയില്ല. എസ്ടിഎഫിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണംവേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ളത്.

 
തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാമെന്നാണ് അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നിവര്‍ പറയുന്നത്. മധ്യപ്രദേശിനെ ചൂഴ്ന്നുനില്‍ക്കുന്ന ഭീകരതയുടെ നടുക്കുന്ന മുഖമാണ് ഇതിലൂടെ വെളിപ്പെടുന്ന

 
ത്ഗവര്‍ണറും പ്രതിക്കൂട്ടി

 
ല്‍മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ (50) കേസില്‍ പ്രതിചേര്‍ത്തിരുന്നു. പൊലീസ് ചോദ്യംചെയ്യാനിരിക്കെയാണ് ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഫോറസ്റ്റ് ഗാര്‍ഡ് നിയമനത്തില്‍ ഇടപെട്ടെന്ന് ആരോപിച്ച് നരേഷ് യാദവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, മധ്യപ്രദേശ് ഹൈക്കോടതി ഗവര്‍ണറെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നിഷേധിച്ചു. ഇതിനെതിരെ ഒരുസംഘം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

 
തട്ടിപ്പില്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെതിരായും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.നിലവിലുള്ള ഭരണരാഷ്ട്രീയനേതൃത്വത്തില്‍ തട്ടിപ്പുകാര്‍ക്കുള്ള സ്വാധീനത്തിന് തെളിവാണ് രാം നരേഷ് യാദവ് ഗവര്‍ണറായി തുടരുന്നത്. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മോഡിസര്‍ക്കാര്‍ കൂട്ടത്തോടെ മാറ്റിയിരുന്നു. എന്നാല്‍, വ്യാപം കേസില്‍ പ്രതിയായ യാദവ് മധ്യപ്രദേശില്‍ സുരക്ഷിതനായി തുടര്‍ന്നു.

 
സര്‍ക്കാര്‍ ഒത്താശയോടെ അരങ്ങേറിയ തട്ടിപ്പിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍യന്ത്രംതന്നെ അവിരാമം പ്രവര്‍ത്തിക്കുന്നു.

 
നിയമവും ന്യായവും നീതിയും നോക്കുകുത്തികള്‍മോഡി മൗനത്തില്‍;നാഗ്പുരും

 
പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വിഷയത്തില്‍ തികഞ്ഞ മൗനത്തിലാണ്. രാജ്യത്തെ ഞെട്ടിച്ച അഴിമതികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അഴിമതിയുടെ ഇത്രത്തോളം രക്തപങ്കിലമായ അധ്യായം രാജ്യം ദര്‍ശിച്ചിട്ടില്ല. എല്ലാവരെയും ധാര്‍മികത പഠിപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന സംഘപരിവാറും മയക്കത്തിലാണ്. രാജ്യത്ത് RSS ന് ഏറ്റവുമധികം സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശ് അഴിമതിക്കയത്തില്‍ മുങ്ങുമ്പോള്‍നാഗ്പുരും നിശ്ശബ്ദത പാലിക്കുന്നു. അഴിമതിക്കറ പുരളാത്ത മുഖ്യമന്ത്രിയെന്ന് BJP അവകാശപ്പെടുന്ന ശിവരാജ് സിങ് ചൗഹാന്റെ കാലത്താണ് ഈ അഴിമതി മുഴുവന്‍ അരങ്ങേറിയതെന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികാരത്തിന്റെ ഉന്നത ശ്രേണികളിലുള്ളവരുമായി ബന്ധമുണ്ടെങ്കില്‍ മാത്രമേ ഈ അഴിമതി നടക്കൂ എന്ന് വ്യക്തം

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment