Monday, 27 April 2015

[www.keralites.net] സാമ് പത്ത ികവള ര്‍ച ്ചയു ടെ പ ൊള്ള ത്തരം __Article by Prof. K N Gangadharan

 

സാമ്പത്തികവളര്‍ച്ചയിലെ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവിക പ്രതിഭാസമാണ്. 2008-09ല്‍ ഇന്ത്യ 6.7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ അടുത്തവര്‍ഷം 8.6 ശതമാനമായും അതിനടുത്ത വര്‍ഷം 8.9 ശതമാനമായും ഉയര്‍ന്നുവല്ലോ. തൊട്ടടുത്ത വര്‍ഷം 6.7 ശതമാനത്തിലേക്ക് ഇടിഞ്ഞു.
സാമ്പത്തികവളര്‍ച്ചയെന്നാല്‍ ദേശീയ വരുമാനവര്‍ധനയാണ്. അതില്‍ ആശ്വസിക്കാന്‍ എന്തെങ്കിലുമുണ്ടോ? അത്തരം വര്‍ധന ജനജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കണം. ദാരിദ്ര്യം മാറണം. തൊഴിലും വരുമാനവും ഉയരണം. പോഷകാഹാരവും പാര്‍പ്പിടവും വിദ്യാഭ്യാസവും ആരോഗ്യവും കുടിവെള്ളവും ഉറപ്പാക്കണം. അത്തരം മാറ്റങ്ങള്‍ സാമ്പത്തിക വികസനമാണ്. കേരളത്തില്‍ എല്‍ഡിഎഫ് നടപ്പാക്കിയത് സാമ്പത്തിക വികസനമാണ്. കേവലമായ വരുമാനവര്‍ധനയാണ് സാമ്പത്തികവളര്‍ച്ച. ഗുജറാത്തില്‍ നരേന്ദ്രമോഡി നടപ്പാക്കിയതും ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതും സാമ്പത്തികവളര്‍ച്ചയാണ്.
ബുഗാറ്റി വെയ്റോണ്‍ എന്ന ആഡംബര കാറിന് വില 16 കോടി രൂപ. ആ ഇനത്തില്‍ പത്താം സ്ഥാനത്തുനില്‍ക്കുന്ന കാറിന് 3.69 കോടി രൂപ. പത്തുലക്ഷം ഡോളറാണ് മുന്തിയ ഇനം വാച്ചിന്റെ വില. 21 ലക്ഷം ഡോളറാണ് മുന്തിയ ഇനം ടെലിവിഷന്‍ സെറ്റിന്റെ വില. ബ്ലൂസ്റ്റാര്‍ എയര്‍ കണ്ടീഷണര്‍ക്ക് 93,900 രൂപ. ഡയമണ്ട് നെക്ലസിന് 5.5 കോടി ഡോളര്‍. ഏറ്റവും വിലകൂടിയ സാരിയുടെ വില 40 ലക്ഷം രൂപ. ബോംബെ അന്ധേരിയില്‍ 1700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ളാറ്റിന് വില അഞ്ചുകോടി രൂപ. ഈ വക ഉല്‍പ്പന്നങ്ങളുടെയെല്ലാം ഉല്‍പ്പാദനം കൂട്ടിയാല്‍ മൊത്തം ദേശീയവരുമാനം ഉയരും. സാമ്പത്തികവളര്‍ച്ച ഉണ്ടാകും. അതിന്റെ പ്രയോജനം സമ്പന്നര്‍ക്കുമാത്രമാണ്.
അത്തരം ഉല്‍പ്പനങ്ങള്‍ നിര്‍മിക്കാന്‍ വന്‍തോതില്‍ മൂലധന നിക്ഷേപംവേണം. ആഭ്യന്തര-വിദേശ മൂലധനശക്തികളെ പരമാവധി പ്രീണിപ്പിച്ച് നിക്ഷേപം വളര്‍ത്താനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നത്. നിക്ഷേപം നടത്താന്‍ സമ്പന്നര്‍ക്കേ കഴിയൂ. വാങ്ങല്‍ക്കഴിവും അവര്‍ക്കുതന്നെ. ലാഭം ചെന്നുചേരുന്നതും സമ്പന്നരുടെ പോക്കറ്റില്‍. സമ്പന്നര്‍ക്കുവേണ്ടി സമ്പന്നര്‍ നിക്ഷേപം നടത്തി സമ്പന്നര്‍ ലാഭംകൊയ്യുന്ന വര്‍ഗതന്ത്രമാണ് സാമ്പത്തിക വളര്‍ച്ചയുടെ ഉള്ളടക്കം. സ്വത്തിന്റെയും വരുമാനത്തിന്റെയും അസമമായ വിതരണഘടനയാണ് മേല്‍ തന്ത്രത്തിന്റെ അടിത്തറ. സ്വത്തും വരുമാനവും നീതിനിഷ്ഠമായി വിതരണം ചെയ്യപ്പെടുന്നതോടെ സാധാരണക്കാരുടെ വാങ്ങല്‍ശേഷി ഉയരും. അവര്‍ക്കുവേണ്ട സാധനങ്ങളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന രീതിയിലേക്ക് ഉല്‍പ്പാദ-നിക്ഷേപ ഘടനയാകെ മാറും. അസമത്വം വളര്‍ത്തി വിപണിവ്യവസ്ഥയിലേക്ക് രാജ്യം മാറുന്നതോടെ സാമ്പത്തികവളര്‍ച്ച അര്‍ഥശൂന്യമായ പദങ്ങളായി തരംതാഴും.
ചൈനയുടെ മേന്മ ശ്രദ്ധേയമാകുന്നത് സാമ്പത്തികവളര്‍ച്ചയുടെ ഫലം താഴെതട്ടിലേക്ക് സന്നിവേശിപ്പിച്ചതിലാണ്. സാമൂഹ്യനീതിക്ക് ചൈന മുന്‍തൂക്കം നല്‍കി. ഇന്ത്യ സാമൂഹ്യനീതി പിന്തള്ളി സാമ്പത്തികവളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കി. ഫലമോ? ഇപ്പോഴും 30 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ. 
1980ല്‍ 84 % ചൈനക്കാര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു. 2013ലെ കണക്കനുസരിച്ച് 6% മാത്രമാണ് ദാരിദ്ര്യരേഖയ്ക്കു താഴെ. തൊഴിലില്ലായ്മാ നിരക്ക് 4.1 ശതമാനമാണ് ചൈനയില്‍. ഇന്ത്യയില്‍ 10%
ചൈനയുടെ ദേശീയവരുമാനത്തില്‍ (GDP) വ്യവസായമേഖലയുടെ സംഭാവന 44 ശതമാനമാണ്. ഇന്ത്യയില്‍ 25.8 ശതമാനം. ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം ഇന്ത്യ ചെലവിടുന്നത് 39 ഡോളര്‍. ചൈനയില്‍ അത് 203 ഡോളറാണ്. ചൈനയില്‍ ശതകോടീശ്വരന്മാര്‍ 21. ഇന്ത്യയില്‍ 51. സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയല്ല ദേശീയ വരുമാനവളര്‍ച്ച. അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായിരുന്ന സൈമണ്‍ കുസ്നെട്സ് ആണ് പരിഷ്കൃതവും സമഗ്രവുമായ ദേശീയവരുമാന നിര്‍ണയരീതി ആവിഷ്കരിച്ചത്. അദ്ദേഹവും അതില്‍ തൃപ്തനായിരുന്നില്ല. "സമൂഹത്തിന്റെ പൊതുക്ഷേമം ഒരിക്കലും ദേശീയവരുമാനംകൊണ്ട് നിര്‍ണയിക്കാനാകില്ല' എന്ന് താക്കീത് ചെയ്ത ഉപജ്ഞാതാവിനെ വിഗണിച്ച് വര്‍ഗതാല്‍പ്പര്യക്കാര്‍ ദേശീയവരുമാനത്തെ പുരോഗതി ചിഹ്നമായി ഉയര്‍ത്തിക്കാട്ടുന്നു.
ദേശീയവരുമാന വര്‍ധന ജനജീവിതത്തില്‍ ഗുണപരമായ പ്രതിഫലനം ഉണ്ടാക്കണമെന്നില്ല എന്നതിന് ഇന്ത്യതന്നെ ഉദാഹരണം. 2004-05 മുതല്‍ എട്ടുവര്‍ഷം പ്രതിവര്‍ഷം 8.3 ശതമാനം നിരക്കില്‍ ദേശീയവരുമാനം വര്‍ധിച്ചു. അതില്‍ നാലുവര്‍ഷവും ഒമ്പതു ശതമാനത്തിലേറെയായിരുന്നു. അത്തരമൊരു സംഭവം അറിഞ്ഞോ എന്ന് സാധാരണക്കാരായ ഇന്ത്യാക്കാരോടു ചോദിച്ചാല്‍ ഇല്ല എന്നേ മറുപടി ലഭിക്കൂ. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയ കാലമായിരുന്നു അത്. രണ്ടാം യുപിഎയുടെ അവസാന രണ്ടുവര്‍ഷം ദേശീയവരുമാന വളര്‍ച്ചനിരക്ക് വളരെ കുറവായിരുന്നു. അതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വികസന അജന്‍ഡ ഒന്നുതന്നെ എന്ന് തെളിയിക്കപ്പെട്ടു.
കേവലമായ ദേശീയവരുമാന വര്‍ധനയുടെ ഫലം പ്രധാനമായും രണ്ടാണ്. അത് വരുമാന കേന്ദ്രീകരണത്തിലേക്കും അസമത്വ വളര്‍ച്ചയിലേക്കും നയിക്കുന്നു; അസമത്വം മറച്ചുപിടിക്കുന്നു. ഇന്ത്യയുടെ ദേശീയവരുമാനം 1,06,56,925 കോടി രൂപയാണ് എന്ന് പറയുമ്പോള്‍, അതില്‍ വിവിധ വിഭാഗങ്ങളുടെ പങ്കെത്ര എന്ന് വ്യക്തമല്ല. കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ചുമട്ടുകാര്‍, കൂലിവേലക്കാര്‍, വ്യവസായത്തൊഴിലാളികള്‍, സര്‍ക്കാര്‍ജീവനക്കാര്‍ എന്നുവേണ്ട കുത്തകവ്യവസായികള്‍, ബാങ്കുകള്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവരുടെ വരുമാനവിഹിതം എത്രയെന്നു വ്യക്തമാകുന്നില്ല. പ്രതിശീര്‍ഷ വരുമാനത്തിന്റെ കഥ അതിലും വിചിത്രമാണ്. 2014-15ലെ ആളോഹരി വരുമാനം 88,538 രൂപയാണ്. പ്രതിദിനം 243 രൂപ. 
പ്രതിദിനം 20 രൂപയില്‍ താഴെമാത്രം വരുമാനമുള്ളവരാണ് 70 ശതമാനം ജനങ്ങളും എന്ന പഠനറിപ്പോര്‍ട്ട് ഓര്‍മിക്കണം.
ഏറ്റവും കൂടുതല്‍ അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിന് തെളിവുകളുടെ പിന്‍ബലം വേണ്ട. വരുമാന അസമത്വം സാമൂഹ്യ അവസരനിഷേധമാണ്. സാമൂഹ്യസൂചകങ്ങളില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഉയര്‍ന്ന ദേശീയ വരുമാനമുള്ള അമേരിക്കയുടെ ഉദാഹരണം ഉദ്ധരിക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണെങ്കിലും അമേരിക്ക സമ്പന്ന രാജ്യമാണ്. ഉയര്‍ന്ന ദേശീയവരുമാന വളച്ചയിലൂടെ കൈവന്നതാണ് ആ സമ്പന്നത. എന്നാല്‍, ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് അമേരിക്ക. "വരുമാനവും ദാരിദ്ര്യവും 2013ല്‍' എന്ന അമേരിക്കന്‍ സെന്‍സസ് ബ്യൂറോ പഠനം അടുത്തിടെ പുറത്തിറങ്ങി. ദേശീയവരുമാനത്തില്‍ കേവലം 3.23 ശതമാനമാണ് ഏറ്റവും താഴെതട്ടിലെ 20 ശതമാനത്തിന്റെ പങ്ക്. മുകള്‍ത്തട്ടിലെ 20 ശതമാനം കൈയടക്കുന്നത് 51 ശതമാനവും. ജനസംഖ്യയില്‍ ഏറ്റവും സമ്പന്നരായ അഞ്ചുശതമാനം കൈയടക്കുന്നത് 22.2 ശതമാനവും. 1967ല്‍ ദേശീയവരുമാനത്തിന്റെ നാലുശതമാനമായിരുന്നു താഴെത്തട്ടിലെ 20 ശതമാനത്തിന്റെ വിഹിതം. അതാണിപ്പോള്‍ 3.2 ശതമാനമായി ഇടിഞ്ഞത്. മുകള്‍ത്തട്ടിലെ 20 ശതമാനത്തിന്റെ പങ്ക് 43.6 ശതമാനത്തില്‍നിന്ന് 51 ശതമാനമായി വളര്‍ന്നു. അസമത്വം അതീവ രൂക്ഷമായി എന്നര്‍ഥം.
സാമൂഹ്യപുരോഗതിയുടെ അളവുകോലല്ല ദേശീയവരുമാനമെന്ന തിരിച്ചറിവ് ഇന്ന് വ്യാപകമാണ്. ദേശീയവരുമാന ഘടകം ഒഴിവാക്കാതെതന്നെ സാമ്പത്തികേതര ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഠന-ഗവേഷണ സ്ഥാപനങ്ങള്‍ അത്തരം മാനദണ്ഡങ്ങള്‍ മുന്നോട്ടുകൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയമാണ് യുഎന്‍ഡിപിയുടെ മനുഷ്യവികസന സൂചിക. ആയുര്‍ദൈര്‍ഘ്യം, സ്കൂള്‍ പ്രവേശന നിരക്കും വയോസാക്ഷരതയും ആളോഹരി വരുമാനവും ഉള്‍ക്കൊള്ളുന്ന മനുഷ്യവികസന സൂചികയുടെ പത്താമത്തെ റിപ്പോര്‍ട്ട് (2000ല്‍) പുറത്തിറക്കി ഡോ. അമര്‍ത്യ സെന്‍ പ്രസ്താവിച്ചത് ""മനുഷ്യവികസന സൂചിക മനുഷ്യകേന്ദ്രീകൃതമാണ്, ദേശീയവരുമാനം ചരക്കുകേന്ദ്രീകൃതവും'' എന്നത്രേ. ദേശീയവരുമാനവര്‍ധന സാമൂഹ്യപുരോഗതിയില്‍ എന്ത് സംഭാവനചെയ്തു എന്നതാകണം മാനദണ്ഡം. ആ ഗണത്തില്‍ പരാമര്‍ശിക്കപ്പെടുന്നവയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക, കൊളംബിയ സര്‍വകലാശാലയുടെ "ആഗോള സൗഖ്യ റിപ്പോര്‍ട്ട്', ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവര്‍ രൂപം നല്‍കിയ സമഗ്ര സൗഖ്യ സൂചിക, ഒഇസിഡിയുടെ ജീവിതമേന്മ സൂചിക, ഭൂട്ടാന്‍ ആവിഷ്കരിച്ച മൊത്തം ദേശീയ സൗഖ്യ സൂചിക തുടങ്ങിയവ.
ആ ശൃംഖലയിലെ ഏറ്റവും സമഗ്രമായ സൂചികയാണ് 2015 ഏപ്രില്‍ ഒമ്പിന് അമേരിക്കന്‍ പഠന-ഗവേഷണ സ്ഥാപനമായ "സോഷ്യല്‍ പ്രോഗ്രസ് ഇംപരറ്റിവ്' പുറത്തിറക്കിയ സാമൂഹ്യ പുരോഗതി സൂചിക. വിപുലമായ 52 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. ഘടകങ്ങളെ മൊത്തത്തില്‍ മൂന്നായി തിരിച്ചിരിക്കുന്നു. 
പോഷകാഹാരം, വൈദ്യസഹായം, കുടിവെള്ളവും ശുചിത്വവും, താമസസൗകര്യം, വ്യക്തിസുരക്ഷ എന്നിവ ഉള്‍ക്കൊള്ളുന്ന "അടിസ്ഥാന മാനുഷികാവശ്യങ്ങളാ'ണ് ഒന്നാമത്തേത്. 
അടിസ്ഥാന വിദ്യാഭ്യാസം, വിവര വിനിമയം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവ അടങ്ങുന്ന "ക്ഷേമ അടിത്തറകളാ'ണ് രണ്ടാമത്തേത്. 
വ്യക്തിപരമായ അവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം, സഹിഷ്ണുതയും സര്‍വാശ്ലേഷണവും, ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ ഇവയാണ് മൂന്നാമത്തെ "അവസരങ്ങളു'ടെ പട്ടികയിലുള്ളത്. 
സാമൂഹ്യ പുരോഗതി സൂചികയില്‍ എവിടെയാണ് ഇന്ത്യയുടെ സ്ഥാനം? 133 രാജ്യങ്ങള്‍ പഠനവിധേയമാക്കിയതില്‍ ഇന്ത്യയുടെ സ്ഥാനം 101-ാമതാണ്. നേപ്പാളിനും (98) ബംഗ്ലാദേശിനും (100) ശ്രീലങ്കയ്ക്കും (88) പിന്നിലാണ് ഇന്ത്യ എന്നത് സാമ്പത്തിക വളര്‍ച്ചയാണ് എല്ലാം എന്നു ചിന്തിക്കുന്നവരുടെ കണ്ണു തുറപ്പിക്കണം. ബ്രിക്സ് (BRICS) രാജ്യങ്ങളായ ബ്രസീലും (42), റഷ്യയും (71), ചൈനയും (92), ദക്ഷിണാഫ്രിക്കയും ഇന്ത്യക്കു മുന്നിലാണെന്ന വസ്തുത അവഗണിക്കാം. പക്ഷേ, അയല്‍രാജ്യങ്ങള്‍ക്കു പിന്നിലാണെന്ന വസ്തുത നമ്മെ നാണംകെടുത്തും. ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ പദവി 128 ആണെന്നത് നമ്മെ കൂടുതല്‍ ക്ഷീണിപ്പിക്കും.

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment