Tuesday 31 March 2015

[www.keralites.net] തീന്‍മേശയിലെ അ ടിയന്തരാവസ്ഥ

 

FWD:

തീന്‍മേശയിലെ അടിയന്തരാവസ്ഥ

__by M M പൗലോസ് 

രുചി ഒരു ഭരണവിഷയമല്ല, ആസ്വാദനത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. 

കാലം, സമൂഹം, വിശ്വാസം, ലഭ്യത, കാലാവസ്ഥ, സാങ്കേതികത എന്നിവയെല്ലാം അതിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാകാം പാചകത്തിന് ഒരു ഭാഷയുണ്ടെന്ന് ലെവി സ്ട്രോസ് പറഞ്ഞത്. ഈ ഭാഷയിലൂടെ സമൂഹം അതിന്റെ ഉള്ളടക്കത്തിലേക്ക് ക്ഷണിക്കുന്നു. 

"ചുട്ടുതിന്നുന്നതും', "ഗ്രില്‍' ചെയ്യുന്നതും രണ്ട് കാലത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതിന്റെ രുചികള്‍ക്കും വ്യത്യസ്ത ഭാഷയാണ്. ഈ രുചിഭേദങ്ങള്‍ക്കിടയിലൂടെ സഹസ്രാബ്ദങ്ങള്‍ സഞ്ചരിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഓരോ കാലവും അതിന്റെ രുചികളെ നവീകരിച്ചു. ഒരേ രുചി ഒരേ മനുഷ്യനെ സൃഷ്ടിച്ചില്ല. മഹാത്മാഗാന്ധിയും അഡോള്‍ഫ് ഹിറ്റ്ലറും സസ്യഭുക്കുകളായിരുന്നു. .........

അസംസ്കൃതവസ്തുക്കളില്‍ ചൂടും ഉപകരണവും പ്രയോഗിച്ചപ്പോള്‍ വിഭവങ്ങളും മാറി. ഉപകരണങ്ങള്‍ പരിഷ്കരിച്ചപ്പോള്‍ വിഭവങ്ങളും നവീകരിക്കപ്പെട്ടു. വിഭവങ്ങള്‍ സംസ്കാരത്തെയും സ്വാധീനിച്ചു. 

വിവാഹത്തിനും ജന്മദിനത്തിനും കേക്ക് മുറിക്കുന്നത് വിശപ്പുമാറ്റാനല്ല. വികാരങ്ങളുടെ വിനിമയഭാഷയാണത്.
 

ക്രിസ്റ്റഫര്‍ കൊളംബസ് കരീബിയയില്‍നിന്ന് സ്പാനിഷ് കൊട്ടാരത്തിലെത്തിച്ച "പെപ്പെര്‍' യൂറോപ്പിന്റെ രുചികളെ മാറ്റിമറിച്ചു. പോര്‍ച്ചുഗീസുകാര്‍ ഏഷ്യയിലേക്ക് മുളകെത്തിച്ചു. മധ്യ ആഫ്രിക്കയിലെ ബുര്‍ക്കിന ഫാസോയില്‍നിന്ന് എയര്‍ കാര്‍ഗോ വഴി പാരീസിലെത്തുന്ന ഗ്രീന്‍പീസ് അവിടത്തെ ഇഷ്ടഭോജ്യമാണ്്. ഇന്ത്യയിലെ ചൈനീസ് റെസ്റ്റോറന്റുകളില്‍ ബ്രാഹ്മണര്‍ അത്താഴത്തിനെത്തുന്നു. അവിടെ അപ്പോള്‍ വര്‍ണാശ്രമ ധര്‍മങ്ങളില്ല, ആര്യവംശ കുലീനതകളില്ല.


ബംഗളൂരുവിലെ KGA ഗോള്‍ഫ് ക്ലബ്ബില്‍നിന്ന് Thomas Friedman പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് Goldman Sax, Texas Instruments സ്പോണ്‍സര്‍ ചെയ്ത ട്രാഫിക് സിഗ്നലുകള്‍, Pizza Hut ബോര്‍ഡുകള്‍. ആ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സ്വയം പറഞ്ഞു- ഇത് അമേരിക്കയിലെ Kansas സ്റ്റേറ്റല്ല, ഇത് ഇന്ത്യയെപ്പോലെയുമല്ല, പിന്നെ എന്താണ് ഇത്?. പുതിയ ലോകം?, പഴയ ലോകം?, വരാനിരിക്കുന്ന ലോകം?. ഇപ്പോള്‍ ലോകത്തിന് ഗോളാകൃതിയല്ല. അത് പരക്കുകയാണ്, നമ്മുടെ ഊണുമുറിയോളം. 

ഇതിന്റെ വ്യൂഹസംവിധാനങ്ങള്‍ ആവേശത്തോടെ ഒരുക്കുന്നവര്‍ തന്നെയാണ് വിഭവങ്ങള്‍ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്; തീന്‍മേശയെ പൂജാമുറിയാക്കുന്നത്. ഇത് ആരോഗ്യത്തിലെ ആശങ്കയല്ല, രാഷ്ട്രീയചതുരംഗത്തിലെ വിദഗ്ധമായ കരുനീക്കമാണ്. 

ഒരുവശത്ത് ഡയമണ്ട് ക്വാഡ്രിലാറ്ററല്‍ റെയില്‍ പ്രോജക്ട് പ്രഖ്യാപനം, മറുവശത്ത് "രാജ്യസ്നേഹിയായ നാഥുറാം ഗോഡ്സെയ്ക്ക് വിഗ്രഹം' പണിയണമെന്ന ആഹ്വാനം. ഒരു കൈകൊണ്ട് ഭാവിയെ വരവേല്‍ക്കുന്നവര്‍ മറുകൈകൊണ്ട് ഭൂതകാലത്തെ ക്ഷണിക്കുന്നു. 

ആരെയാണ് നിങ്ങള്‍ വഞ്ചിക്കുന്നത്?. ഭാവിയെ?, ഭൂതകാലത്തെ?, വര്‍ത്തമാനകാലത്തെ?. സാമ്പത്തികവളര്‍ച്ചയ്ക്കുള്ള മൂലധനിക്ഷേപത്തിന് ക്ഷണപത്രം എഴുതുന്ന അതേ വിരലുകള്‍ വര്‍ണാശ്രമധര്‍മത്തിന്റെ യാഗപ്പുരകള്‍ക്ക് കാല്‍ നാട്ടുന്നു. അതിന് പാകത്തില്‍ അവര്‍ പശുവിനെ വീട്ടുമൃഗമല്ലാതാക്കുന്നു. അരിസ്റ്റോട്ടില്‍ മനുഷ്യനെക്കുറിച്ച് പറഞ്ഞ "രാഷ്ട്രീയമൃഗം' എന്ന നിര്‍വചനം പശുവിനും പാകമാകുന്നു.

ഇന്ത്യ അടിയന്തരമായും സജീവമായും പരിഗണിക്കേണ്ട വിഷയമായി ബീഫ്. ആളോഹരി വരുമാനത്തില്‍ 162-ാം സ്ഥാനത്തുള്ള അതേ ഇന്ത്യ. രാജ്യാന്തര മാനദണ്ഡം പരിഗണിച്ചാല്‍ പകുതിപ്പേര്‍ ദരിദ്രരായ ഇന്ത്യ. ലോകത്തെ മൂന്നിലൊന്ന് ദരിദ്രന്‍ താമസിക്കുന്ന ഇന്ത്യ. ശരാശരി 62-ാം വയസ്സില്‍ മനുഷ്യന്‍ മരിച്ചുപോകുന്ന ഇന്ത്യ. ആയിരത്തില്‍ 65 കുട്ടികള്‍ മരിച്ചുപോകുന്ന ഇന്ത്യ. മൂന്നില്‍ രണ്ട് കുട്ടികള്‍ക്ക് ഭാരക്കുറവും പോഷകാഹാരക്കുറവുമുള്ള ഇന്ത്യ. ഇവിടെ ബീഫ് ഒരു ഭക്ഷണമായല്ല, സംസ്കാരമാക്കി മാറ്റുന്നു.

മതത്തിന്റെയും ആചാരങ്ങളുടെയും അകത്തുനിന്ന് അതിന്റെതന്നെ ഉള്ളടക്കങ്ങളെ കാര്‍ന്നുതിന്ന് മറ്റൊന്നായി വളരുന്നതാണ് വര്‍ഗീയത. വര്‍ഗീയതയില്‍ മതമില്ല, അധികാരമേ ഉള്ളൂ. ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള സ്നേഹസഞ്ചാരമല്ല അത്. ചോര തളിച്ച വഴിയിലൂടെയാണ് അതിന്റെ യാത്ര. നിവര്‍ത്തിപ്പിടിച്ച കത്തിയും ആത്മഹത്യാ ബോംബുമാണ് അതിന്റെ വേദപുസ്തകവും ഖുറാനും ഭഗവദ്ഗീതയും. 

മതതീവ്രവാദിയായ ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും ഒരേ മുഖമാണ്, ഒരേ പദാവലിയാണ്, ഒരേ ഉച്ചാരണശൈലിയാണ്. അധ്യാപകന്റെ കൈവെട്ടുമ്പോഴും ബന്ദിയുടെ കഴുത്തറുക്കുമ്പോഴും താഴികക്കുടങ്ങള്‍ തകര്‍ക്കുമ്പോഴും ഒരേ ഭാവമാണ്. അപ്പോള്‍ അവരുടെ മനസ്സില്‍ ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍ കൃഷ്ണനാം ഭഗവാന്റെ ധര്‍മരക്ഷോപായവും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവും കാണാറില്ല.

ഇന്ത്യയില്‍ വര്‍ഗീയത തീര്‍ത്തും ആധുനികമാണ്. ജവാഹര്‍ ലാല്‍ നെഹ്റു പറഞ്ഞതുപോലെ അത് നമ്മുടെ കണ്‍മുന്നിലാണ് വളര്‍ന്നത്. ബ്രിട്ടീഷിന്ത്യയില്‍ രാഷ്ട്രീയം ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമായി വികസിച്ചപ്പോഴാണ് വര്‍ഗീയതയുടെ രൂപപ്പെടല്‍. മതത്തിന്റെ ആചാര രൂപങ്ങളെ വര്‍ഗീയത പ്രകടനപത്രികകളാക്കി. ഒരേ മതത്തില്‍ പെടുന്നവര്‍ക്ക് മതനിരപേക്ഷ വിഷയങ്ങളിലും ഒരേ വീക്ഷണമാകണമെന്ന് അവര്‍ ശഠിച്ചു. ഒരേ മതത്തില്‍ പെടുന്നവരുടെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരീകവുമായ വീക്ഷണവും സമാനമാണെന്ന് അവര്‍ വാദിച്ചു. 

പക്ഷേ, സമ്പന്നനായ പഞ്ചാബിഹിന്ദുവിന് സമ്പന്നനായ ബംഗാളി ഹിന്ദുവിനോടല്ല സമാനത, തൊട്ടടുത്തുള്ള സമ്പന്നനായ പഞ്ചാബി മുസ്ലിമിനോടാണ്. പക്ഷേ, അധികാരവുമായി വിലപേശാന്‍ വര്‍ഗീയത ഏകരൂപമുള്ള മനുഷ്യരെ വ്യാജമായി സൃഷ്ടിക്കുന്നു. അതിന് മതത്തില്‍നിന്ന് അവര്‍ ബിംബങ്ങള്‍ തേടുന്നു.

ഹിന്ദുത്വത്തിന് സൈദ്ധാന്തിക അടിത്തറ പണിത വി ഡി സവര്‍ക്കര്‍ നിരീശ്വരനായിരുന്നു. ഇസ്ലാംരാഷ്ട്രത്തിനുവേണ്ടി വാദിച്ച മുഹമ്മദലി ജിന്ന ആചാരങ്ങളെ ധിക്കരിച്ചാണ് ജീവിച്ചത്. ഏകാത്മതാ യാത്ര ഏകീകൃത ഹിന്ദുവിനെ സൃഷ്ടിക്കാനായിരുന്നു. രഥയാത്രയില്‍ L K അദ്വാനിക്ക് ശ്രീരാമന്റെ രൂപമായിരുന്നു. ഒടുവില്‍ ഒരു വെള്ളക്കടലാസില്‍ ആറ് വരികളില്‍ അദ്വാനി തന്റെ രാഷ്ട്രീയജീവിതത്തിന് ഭരതവാക്യമെഴുതി. രാജി. പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ ഞാന്‍ യോഗ്യനല്ല എന്ന സമ്മതിപത്രം. അധികാരത്തര്‍ക്കത്തിന് പരിഹാരമാര്‍ഗം തേടിയത് വേദഗ്രന്ഥങ്ങളിലായിരുന്നില്ല. 

1857ന് ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ രാഷ്ട്രീയഘടന പൊളിച്ചടുക്കി. മഹാരാജാക്കന്മാരുടെ കൊട്ടാരത്തില്‍നിന്ന് അധികാരം പടിയിറങ്ങി. പ്രവിശ്യകളെ കൂട്ടിയോജിപ്പിച്ച് ഇന്ത്യ രാഷ്ട്രമായി. സാമ്രാജ്യത്വവും അടിമത്തവും എന്ന വൈരുധ്യം രൂപപ്പെട്ടു. പുതിയ രാഷ്ട്രീയമുണ്ടായി, പുതിയ സാമൂഹ്യബന്ധങ്ങളുണ്ടായി, പുതിയ മനുഷ്യനുണ്ടായി. പുതിയ "പൊതു താല്‍പ്പര്യങ്ങള്‍' ഉണ്ടായി. ഇതിലേക്കാണ് സെമിന്ദാര്‍മാരുടെയും ജാഗീര്‍ദാര്‍മാരുടെയും വട്ടിപ്പലിശക്കാരുടെയും സഹായത്തോടെ വര്‍ഗീയതയെ ഇറക്കിവച്ചത്. ആദ്യം ഭാഷയെച്ചൊല്ലിയാണ് പൊതുബോധം ഉണ്ടാക്കിയത്. പിന്നെ പശുവിന്റെ പേരിലായി. 

ഇതേ കാലത്ത് ഭക്ഷ്യക്ഷാമത്തിലും പകര്‍ച്ചവ്യാധിയിലും 43 ലക്ഷം പേര്‍ ഇന്ത്യയില്‍ മരിച്ചത് ഇവര്‍ കണ്ടതേയില്ല. 1890ല്‍ ഗോസംരക്ഷിണി സമിതികള്‍ ഉണ്ടായി. ആര്യസമാജക്കാരാണ് ഇതിന് മുന്‍കൈയെടുത്തത്. വിഗ്രഹാരാധനയെയും ദൈവസങ്കല്‍പ്പത്തെയും നിഷേധിച്ചവരാണ് ഗോവിനെ മാതാവാക്കിയത്. 1892ല്‍ ഈ മിണ്ടാപ്രാണിയുടെ പേരില്‍ ആദ്യത്തെ വര്‍ഗീയകലാപമുണ്ടായി. ലക്ഷ്യം ഗോസംരക്ഷണമായിരുന്നില്ല, ഇസ്ലാം മതവിശ്വാസമായിരുന്നു. ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളില്‍ കൂട്ടത്തോടെ പശുക്കളെ കൊല്ലുന്നത് കലാപകാരികള്‍ കണ്ടതേയില്ല. ഒരു ചെറിയ പ്രതിഷേധംപോലും അതിന്റെ മുന്നിലുണ്ടായില്ല.

ഇന്ത്യയില്‍ ആദ്യത്തെ കശാപ്പുശാല സ്ഥാപിച്ചത് റോബര്‍ട്ട് ക്ലൈവാണ്. കൊല്‍ക്കത്തയില്‍ 1760ല്‍. 130 വര്‍ഷം കഴിഞ്ഞ് അമൃത്സറിലാണ് ആദ്യത്തെ ഗോസംരക്ഷണ സമിതി ഉണ്ടാവുന്നത്.

ഇന്ത്യയില്‍ ഗോമാംസം നിഷിദ്ധമായിരുന്നില്ല. വൈദികകാലത്തെ ദൈവങ്ങള്‍ക്ക് കഴിക്കാന്‍ അഗ്നിയില്‍ നെയ്യും മാംസവും അര്‍പ്പിച്ചിരുന്നു. ദൈവം രുചിച്ചതിന്റെ ബാക്കി യജ്ഞാചാര്യന്മാര്‍ കഴിച്ചു. ഏറ്റവും നല്ല ഭക്ഷണം മാംസമാണെന്ന് ശതപഥ ബ്രാഹ്മണം പറയുന്നു. അതിഥികള്‍ വരുമ്പോള്‍ കാളയുടെയോ പശുവിന്റെയോ മാംസം നല്‍കി സ്വീകരിക്കണമെന്നും ശതപഥം നിര്‍ദേശിക്കുന്നു. മിത്രനും വരുണനും വേണ്ടി പശുവിനെ ബലികൊടുക്കണം. വായുഭഗവാന് സമര്‍പ്പിക്കേണ്ടത് മച്ചിപ്പശുവിനെയാണ്. കുതിരകളെ ബലിനല്‍കുമ്പോള്‍ 21 മച്ചിപ്പശുക്കളെക്കൂടി സമര്‍പ്പിക്കണം. രുചിയുള്ള കാലത്തോളം ഞാന്‍ ഗോമാംസം കഴിക്കുമെന്നാണ് യാജ്ഞവല്‍ക്യന്‍ പറഞ്ഞത്. സ്വാമി വിവേകാനന്ദനും ഗോമാംസത്തിന് എതിരായിരുന്നില്ല.

അല്‍ബറൂനി കണ്ട AD 1000 ത്തിലെ ഇന്ത്യയില്‍ ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്നില്ല. അവര്‍ക്ക് ഗോമാംസം ദഹിക്കില്ലെന്ന് ചിലര്‍ അല്‍ബറൂനിയോട് പറഞ്ഞത്രെ. ചൂടുള്ള കാലാവസ്ഥ, ശരീരത്തിന് തണുപ്പ്, അതുകൊണ്ട് മാംസം ദഹിക്കില്ലത്രെ. വെറ്റില മുറുക്കുന്നത് ദഹനം കിട്ടാനാണെന്നും അല്‍ബറൂനിയോട് ചിലര്‍ പറഞ്ഞു. പക്ഷേ, അല്‍ബറൂനി സ്വതന്ത്രമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. പശുക്കള്‍ സാമ്പത്തികജീവിതത്തില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. നിലമുഴുന്നതും ഭാരം ചുമക്കുന്നതും പശുക്കളായിരുന്നു. അതിന്റെ നാശം സാമൂഹ്യജീവിതത്തിന് താളഭംഗമുണ്ടാക്കും. ഇറാഖ് ഗവര്‍ണറായിരുന്ന അല്‍ഹജ്ജാജ് ഇതേ കാരണം കൊണ്ട് ബാബിലോണിയയില്‍ ഗോവധം നിരോധിച്ചിരുന്നു.

തനിക്ക് ചുറ്റുമുള്ളതിനെ സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പുരാതന മനുഷ്യന്റെ സര്‍ഗഭാവനകള്‍ വിവിധ കാവ്യധാരകള്‍പോലെ ഈ വിശാലമായ ഭൂവിഭാഗത്തില്‍ ഒന്നിച്ചൊഴുകി. മൂവായിരത്തിലേറെ ജാതികളുള്ള ഇന്ത്യയില്‍ അതിലേറെ വിശ്വാസങ്ങളും ആരാധനാരൂപങ്ങളും ഉണ്ടായി. തട്ടുതട്ടുകളായി അത് നിന്നു. ഉച്ചനീചത്വങ്ങളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടു. യോഗദണ്ഡിനെ രാഷ്ട്രീയ അധികാരകേന്ദ്രമാക്കി ബ്രാഹ്മണ്യം ഇതിന്റെ മേല്‍ത്തട്ടിലെത്തി. അതിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മുഖ്യധാരയായി കൊണ്ടാടപ്പെട്ടു. അജന്‍ഡകള്‍ തീരുമാനിക്കുമ്പോള്‍ ആ അഭിരുചികളെ ഒന്നാമതെഴുതി, രുചിയിലും.

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment