സുഹൃത്തുക്കളെ,
നിങ്ങളെയും എന്നെയും പോലെയുള്ള പൗരന്മാരുടെ അവസ്ഥയേയും നിലനില്‍പ്പിനേയും സംബന്ധിച്ചിടത്തോളം അതിപ്രാധാന്യമുള്ളതായി ഞാന്‍ കരുതുന്ന ഒരു കാര്യത്തെപ്പറ്റിയാണ് ഈ കുറിപ്പ്.
ഷൈന്‍ ടോം ചാക്കോ എന്ന യുവാവിനേയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മൂന്ന് പെണ്‍കുട്ടികളേയും നിരവധി മലയാളമാധ്യമങ്ങള്‍, പത്രങ്ങളും ചാനലുകളും വെട്ടിനിരത്തി കൊണ്ടിരിക്കുകയാണ്.
ഷൈന്‍ ടോം ചാക്കോ യുവ മലയാളസിനിമയില്‍ മികവ് തെളിയിച്ച വ്യക്തിയാണ്. തന്മൂലം അദ്ദേഹം പ്രശസ്തനുമാണ്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളാണ്. ഇതാണ് അവരുടെ നിര്‍ഭാഗ്യം. ഒരു യുവനടനും മൂന്ന് പെണ്‍കുട്ടികളും ഒരു പോലീസ് ഭാഷ്യവും! സരിതയ്ക്കും സോളാര്‍ കേസിനും ശേഷം ഒരു പക്ഷേ ഇത്രയും രക്തം തിളപ്പിക്കുന്ന കച്ചവടമൂല്യമുള്ള ഒരു തിരക്കഥ മലയാള മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല. ( ഷൈന്‍ ടോം ചാക്കോയും മൂന്ന് പെണ്‍കുട്ടികളും കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുംവരെ നിരപരാധികളാണ് എന്നത് പ്രസ്സ് ക്ലബ്ബുകള്‍ പരിശീലിപ്പിക്കുന്ന പത്രധര്‍മ്മത്തിന് ചുരണ്ടിക്കളഞ്ഞ സത്യങ്ങളാണ്.)
എന്താണ് അവരുടെ മേല്‍ പോലീസ് ഭാഷ്യം ചുമത്തുന്ന മാധ്യമങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞ കുറ്റം?
അവരുടെ താമസസ്ഥലത്തിന്റെ സ്വകാര്യതയിലിരുന്ന് അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചുവത്രെ. മയക്കുമരുന്നുപയോഗം കേരളത്തില്‍ കുറ്റകൃത്യമാണ്. അങ്ങനെ അവര്‍ ചെയ്തുവെങ്കില്‍ അതിനായി അവര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായോ, ആക്രമിച്ചതായോ, വഞ്ചിച്ചതായോ, ബ്ലാക്കമെയില്‍ ചെയ്തതായോ, മലയാളികള്‍ക്ക് വിപത്തുണ്ടാക്കുന്ന മറ്റെന്തെങ്കിലും കൃത്യം ചെയ്തതായോ അറിവില്ല.
അവര്‍ ആരോടും കോടികള്‍ കൈക്കൂലി വാങ്ങിയതായി അറിവില്ല. ആരെയും അമ്പത്തിയൊന്ന് വെട്ടുകള്‍കൊണ്ട് ഉന്മൂലനം ചെയ്തതായും അറിവില്ല. ഖജനാവിന്റെ പണമെടുത്ത് മക്കള്‍ക്ക് സ്ത്രീധനം കൊടുത്തതായി അറിവില്ല. വിദ്യാഭ്യാസത്തിന്റെ നാമത്തില്‍ ലക്ഷങ്ങള്‍ ഡൊണേഷന്‍ വാങ്ങിയതായും അറിവില്ല. കള്ളകോര്‍പ്പറേഷനുകള്‍ സ്ഥാപിച്ച് നിങ്ങളും ഞാനും കരം കെട്ടിയ പണം ഊറ്റിക്കൊണ്ടു പോയതായി അറിവില്ല. അവര്‍ എളിയവരും ജീവിതം ആരംഭിച്ചിട്ടില്ലാത്തവരുമായ കലാപ്രവര്‍ത്തകര്‍ മാത്രമാണ്.
ലയാളികളുടെ സമൂഹത്തിന്റെ അടിവേരുകള്‍ തന്നെ അറുത്തുകൊണ്ട് നമ്മുടെ മുമ്പിലൂടെ ഞെളിയുന്ന അധമന്മാരുടെ ശക്തിയോ സ്വാധീനമോ അവര്‍ക്കില്ല. അവര്‍ എന്നെയും നിങ്ങളെയും പോലെയുള്ള നിസ്സഹായരായ, സ്വപ്‌നം കാണുന്ന, മലയാളി പൗരന്മാര്‍ മാത്രമാണ്. ഹൃദയങ്ങളില്‍ ഭാവിയുടെയും ഭാവനയുടേയും കിനാവുകള്‍ നിറഞ്ഞ ചെറുപ്പക്കാര്‍. അവരെ വേട്ടയാടുന്നതിന്റെ പരമാനന്ദം മലയാള മാധ്യമങ്ങള്‍ പ്രസ്സ് ക്ലബ്ബുകളുടെ ജേര്‍ണലിസം കോഴ്‌സുകളിലേക്ക് ഒരു ' കേസ് സ്റ്റഡി'യായി എഴുതി ചേര്‍ക്കേണ്ടതാണ്.
ആധുനികവും സംസ്‌കാരസമ്പന്നങ്ങളുമായ നിരവധി സമൂഹങ്ങളില്‍ ഇന്ന് പൗരന്മാര്‍ക്ക് കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കള്‍, കേരളത്തില്‍ മദ്യം എന്ന പോലെയുള്ള, ലൈസന്‍സുള്ള കടകളില്‍ നിന്ന് വാങ്ങാം. ഹോളണ്ടില്‍ തുടങ്ങിവച്ച ഈ മാറ്റം മറ്റ് ആധുനിക സമൂഹങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. ഒറ്റയടിക്ക് അവിടങ്ങളില്‍ നിന്ന് ലഹരി മാഫിയകളെ ഇല്ലാതാക്കാന്‍, ആ മാറ്റത്തിനു കഴിഞ്ഞുവെന്ന് മാത്രമല്ല, ഈയിടെ മനസ്സിലാക്കിയതനുസരിച്ച്, ലഹരിയുപയോഗം തന്നെ കുറഞ്ഞു. കാരണം കലാപത്തിന്റെയും നിയമലംഘനത്തിന്റെയും രഹസ്യാത്മകതകളുടേയും 'ത്രില്‍' അതില്‍ നിന്നും ചോര്‍ന്നുപോയി.
എന്റെ മുത്തശ്ശിക്കു വേണ്ടി റേഷന്‍ കടയില്‍ നിന്നും 'കറുപ്പ്'(കഞ്ചാവ് ലേഹ്യം) വാങ്ങിയിരുന്നത് എനിക്കോര്‍മ്മയുണ്ട്. ഏതാണ്ട് അറുപത് വര്‍ഷം വരെ കേരളത്തിലെ വൃദ്ധര്‍ക്ക് ( ആവശ്യമുള്ളവര്‍ക്ക്) 'കറുപ്പ്' ന് റേഷന്‍ കാര്‍ഡുണ്ടായിരുന്നു. കാരണം കഞ്ചാവ് ഒരു ഔഷധം കൂടിയാണ്. അതിന്റെ നിയന്ത്രിതമായ ഉപയോഗം തടയപ്പെട്ടിരുന്നില്ല.
കഞ്ചാവ് പോലെയുള്ള മദ്യേതര ലഹരികള്‍ ഉപയോഗിച്ചിരുന്ന അനവധി പ്രതിഭകള്‍ മലയാള കലാസാഹിത്യരംഗത്ത് എന്നും ഉണ്ടായിരുന്നു; ഇന്നുമുണ്ട്. മലയാള മാധ്യമങ്ങള്‍ക്ക് മലയാളികളോട് കൂറിന്റെ ഒരു ലാഞ്ജനപോലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഈ ചെറുപ്പക്കാരെ പോലീസിനോട് ഒത്ത് ചേര്‍ന്ന് ഭേദ്യം ചെയ്യുന്നതിനു പകരം, ലഹരിയുടെ ഉപയോഗത്തിന്റെ പിന്നിലെ സാമൂഹ്യശാസ്ത്രപരവും മനശ്ശാസ്ത്രപരവും പ്രതിഭാബന്ധിതവുമായ വസ്തുതകള്‍ പഠിച്ച് അവതരിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
അതിനുപകരം അവരുടെ കച്ചവടത്വര അവരെ പ്രേരിപ്പിച്ചത് വാഗ്ദാന സമ്പന്നമായ ഒരു യുവാവിനെ വേട്ടയാടാനും നിസ്സഹായരായ മൂന്ന് പെണ്‍കുട്ടികളുടെ വസ്ത്രാക്ഷേപം നടത്താനുമായിരുന്നു എന്നതിന്റെ മുന്നില്‍ മലയാളിയായ ഞാന്‍ ലജ്ജിച്ചു തലകുനിച്ച് നില്‍ക്കുന്നു.
മയക്കുമരുന്നു ഉപയോഗിച്ചുവെന്ന് പൊലീസും തന്മൂലം മാധ്യമങ്ങളും പ്രഖ്യാപിക്കുന്ന ഈ യുവാവും യുവതികളും കേരളത്തെ പട്ടാപകല്‍ വിഴുങ്ങുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ ഭീകരന്മാരുടെ മുമ്പില്‍ എന്താണ്? നിങ്ങളെയും എന്നെയും പോലെ മനുഷ്യാന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് മലയാളികളില്‍ ചിലര്‍ മാത്രമാണവര്‍. ശക്തിയും പ്രതാപവും പണവും സ്വാധീനവുമില്ലെങ്കില്‍ കേരളത്തില്‍ നാം കീടങ്ങള്‍ പോലുമല്ല. പൂഴിമണ്ണാണ്.
കൊടിയ വിഷം നിറഞ്ഞ, മതമൗലിക വാദികളടക്കമുള്ള, എത്രയോ ഹൃദയശൂന്യരായ സാമൂഹികദ്രോഹികള്‍, ഭീകര ജീവികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ ഭരണകൂടവും മതവും ജാതിയും ഉദ്യോഗസ്ഥനുദ്യോഗസ്ഥ വലയങ്ങളും വരെയുള്ള മേഖലകളില്‍ മാധ്യമങ്ങളുടെ തോളില്‍ കയ്യിട്ട്, കൊടുത്തും വാങ്ങിയും, ജീവിക്കുന്നു. പേരുകള്‍ നിങ്ങള്‍ക്കറിയാം. ക്ഷുദ്രജീവികളുടെ മുമ്പില്‍ മാധ്യമങ്ങള്‍ വണങ്ങി നില്‍ക്കുന്നു. അവരുടെ ഇരുണ്ട രഹസ്യങ്ങളും ചീഞ്ഞളിഞ്ഞ സത്യങ്ങളും ഒളിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ഷൈന്‍ ടോം ചാക്കോയേയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുള്ള മാധ്യമ സംരംഭങ്ങളെ നാം വിലയിരുത്തേണ്ടത്. അസംഘടിതരും നിസഹായരുമായ പൗരന്മാരുടെ മേല്‍ മാധ്യമങ്ങള്‍ നടത്തുന്ന അതിക്രമങ്ങളെ പൗരന്മാരായ നാം മനസ്സിലാക്കികയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് എന്റെ അഭ്യര്‍ത്ഥന. ഒരു ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ നമ്മുടെ സഹൃത്തുക്കളും മനസ്സാക്ഷി സൂക്ഷിപ്പുകാരും പരിരക്ഷകരും ആകേണ്ടതാണ്. പകരം ഭരണകൂടത്തിനും വിപണിക്കും ഒപ്പം അവര്‍ നമ്മെ ആക്രമിക്കുന്ന നമ്മുടെ വേട്ടനായക്കളായാലോ? വായിച്ചതിന് നന്ദി. ഞാന്‍ ഗ്യാംങ് ടോക്കില്‍നിന്നാണ് എഴുതുന്നത്. നല്ല തണുപ്പ്.
സക്കറിയ
No comments:
Post a Comment