ഇന്നത്തെ കേരളീയ സാഹചര്യത്തിൽ വൈകുന്നേരങ്ങൾക്ക് ശേഷം ബന്ധുവീട്ടിൽ പോലും അതിഥിയായി പോകാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ പറയാൻ അനുഭവം തന്നെയാണ് കാരണം. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും വൈകുന്നേരം 5 മണി കഴിഞ്ഞാൽ അതിഥികളാരും വരരുതേ എന്ന് പ്രാർത്ഥിക്കുന്നവരാണ് ഏറെയും, ഇനി അഥവാ അബദ്ധത്തിലെങ്ങാനും നിങ്ങളിൽ ആരെങ്കിലും ചെന്ന് പോയാൽ ഒരു സന്തോഷകരമായ സ്വീകരണം പ്രതീക്ഷിക്കയുമരുത്. സീരിയലിന്റെ രസച്ചരട് പൊട്ടിക്കാൻ വന്ന അരസികരായേ ആ സമയത്തെ അതിഥിയെ വീട്ടുകാർ സ്വീകരിക്കു എന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ നിലവിലുള്ളത്.
എന്തിനേറെ പറയുന്നു സ്വന്തം വീട്ടിൽ പോലും ആ സമയത്ത് ആരേയും ടി വിയുടെ മുന്നിൽ നിന്ന് എഴുന്നേൽക്കാൻ നിർബന്ധിക്കാൻ പാടില്ല, എന്നാൽ ഒരു കുടുംബ വഴക്ക് അവിടെ ഉറപ്പായും ഉണ്ടാകും. അതിനുമാത്രം എന്താണ് ഈ സീരിയലുകൾ പ്രേക്ഷകന് നൽകുന്നത് എന്ന് അറിയാൻ ഒരു ദിവസം ഒരു സീരിയൽ കാണാൻ തീരുമാനിച്ചു. ഇനി അതുവരെ കിട്ടാത്ത മന:ശാന്തി എങ്ങാനും കിട്ടിയാലോ എന്ന് പ്രതീക്ഷിച്ചു. പക്ഷേ വീട്ടിലെ കൊച്ചുകുട്ടികളുൾപ്പെടെ ആബാലവൃദ്ധം അംഗങ്ങളും കണ്ണെടുക്കാതെ നോക്കിയിരുന്നത്, ഭർത്താവിന്റെ സ്വത്ത് കൈക്കലാക്കാൻ അയാളെ കൊല്ലാനുള്ള ക്വട്ടേഷൻ നൽകുന്ന ഭാര്യയുടെ ക്രൂര വിനോദം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ തലതല്ലി ചാകാനാണ് തോന്നിയത്.
ഇത്തരം ക്രൂരകൃത്യങ്ങൾ പച്ചക്ക് പ്രേക്ഷകന് കാട്ടി കൊടുക്കുന്ന ഇത്തരം മൂന്നാംകിട സീരിയലുകൾക്ക് വേണ്ടിയാണോ മക്കളുടെ പഠിക്കാനുള്ള സമയം പോലും അപഹരിച്ച് അമ്മമാർ ഇതിനു മുന്നിൽ കുത്തിയിരിക്കുന്നത് എന്ന തിരിച്ചറിവ് ഞെട്ടിച്ച് കളഞ്ഞു.
കുട്ടികൾക്ക് പോലും സീരിയൽ ഇന്ന് ഹരം ആണ്, ഒരു സീരിയലിലെ നായകൻ മോഡലായി വരുന്ന ഫർണിച്ചർ തന്നെ പഠിക്കാൻ വേണം എന്ന് വാശിപിടിക്കുന്ന മകൻ, ഇനി എന്നാണോ സീരിയലിലേതുപോലുള്ള ജീവിത സാഹചര്യങ്ങളും വേണമെന്ന് വാശിപിടിക്കുന്നതെന്ന ആധിയിലാണിപ്പോൾ. അവിഹിതങ്ങളുടെ പരമ്പരകളാണ് ഇന്നത്തെ ഒട്ടുമിക്ക സീരിയലുകളും. വിനോദവും വിഞ്ജാനവും പകരുന്ന പരിപാടികൾ ക്കിടയിലും കഷ്ടപ്പടും മാറാരോഗവും കണ്ണുനീരും കൊണ്ട് പ്രേക്ഷരെ പിരിപുറുക്കത്തിലെത്തിക്കാൻ മത്സരിക്കുന്ന ചാനൽ ഭീകരന്മാർ.
നിത്യവുമുള്ള ടെൻഷനുകളിൽ നിന്നും അല്പം ആശ്വാസത്തിനായി ഓടി വീട്ടിൽ എത്തുമ്പോൾ ടി വിക്ക് മുന്നിൽ സീരിയലിലെ നായികയുടെ ദുരവസ്ഥ കണ്ട് കണ്ണിരു തുടക്കുന്ന ഭാര്യയെ ആണ് കാണുന്നത്. സ്വന്തം ഭർത്താവിന്റെ ടെൻഷൻ അകറ്റാൻ ഒരു വാക്ക്, പോട്ടെ ഒരു നോട്ടം എങ്കിലും നൽകാൻ ഇന്ന് ഭാര്യക്ക് സമയം ഇല്ലാതായിരിക്കുന്നു. കണ്ണ് തെറ്റിയാൽ വിവാഹിതയായ നായിക സ്വന്തം ഭർത്താവിന്റെ വീടിനു പുറത്ത് തനിക്കായി കാത്ത് നിൽക്കുന്ന കാമുകന്റെ അടുത്തേക്ക് ഓടിയെത്തുന്ന ആ ധന്യ നിമിഷം കാണാൻ പറ്റാതായലോ.
ഇത്തരം സീരിയലുകൾ ജീവിതമാർഗ്ഗം ആക്കിയവരെ കണ്ടില്ലെന്ന് നടിക്കുകയല്ല, അവർക്കും ജീവിക്കണം.
പക്ഷേ അവിഹിതങ്ങൾ മാത്രം കുത്തിനിറച്ച സീരിയലുകളുടെ നീരാളി പിടിത്തത്തിൽ നിന്നും വളർന്ന് വർന്ന തലമുറയെ എങ്കിലും മാറ്റി നിർത്തണം. അവരെങ്കിലും നന്മ കണ്ട് വളരട്ടെ. സീരിയലുകൾക്ക് അമിതമായ പ്രാധാന്യം നൽകാതെ, സ്വന്തം കുട്ടികളൂടെ നല്ല ഭാവിക്ക് പ്രാധാന്യം നൽകണം എന്ന് ഓർമ്മപ്പെടുത്താൻ മാത്രമാണ് ഇത്രയും പറഞ്ഞത്.
No comments:
Post a Comment