ഇവരെന്താണ് മര്യാദയ്ക്ക് പെരുമാറാത്തത്... സാരി വേറെ എടുത്തുതരാന്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത ഭാവത്തില്‍ നില്‍ക്കാ...
ഇങ്ങനെയാണോ നിങ്ങള്‍ കസ്റ്റമേഴ്‌സിനോട് പെരുമാറുന്നത്...,'' സാരി വാങ്ങാന്‍വന്ന ഒരാള്‍ ചൂടായി. ഏറണാകുളത്തെ ബഹുനില വസ്ത്രാലയമാണ് പശ്ചാത്തലം. അയാള്‍ മുന്നിലുള്ള സെയില്‍സ്‌ഗേളിനെ ശകാരിച്ചുകൊണ്ടേയിരുന്നു. കുറെനേരം, ഉച്ചത്തില്‍. വസ്ത്രങ്ങള്‍ വിതറിയ ടേബിളുകള്‍ക്കു പിന്നില്‍ ആക്ഷേപം സഹിച്ചുനിന്ന യുവതി കരയാനാരംഭിച്ചു. ഷോറൂമിന്റെ വര്‍ണപ്പകിട്ടാര്‍ന്ന ഹാളില്‍ നിശ്ശബ്ദത പടര്‍ന്നു. അവളുടെ സഹപ്രവര്‍ത്തകര്‍, മറ്റു സെയില്‍സ്‌ഗേള്‍സ്, വല്ലാത്തൊരു നിസ്സഹായതയില്‍, ആശയക്കുഴപ്പത്തില്‍ പകച്ചുനിന്നു. ഭയംനിറഞ്ഞ മുഖങ്ങള്‍. വന്ന ആളുകള്‍ സഹതാപത്തോടെ രംഗം വീക്ഷിച്ചു. ചിലര്‍ നമ്മുടെ കാര്യം നടക്കട്ടെ എന്ന മട്ടില്‍ ഒന്നും മൈന്‍ഡ് ചെയ്യാതെ ഷോപ്പിങ്ങിലേക്ക് തിരിഞ്ഞു. മാനേജര്‍ ഓടിയെത്തി കസ്റ്റമറെ ശാന്തനാക്കി. കരഞ്ഞ സെയില്‍സ് ഗേളിനെ അകത്തേക്കയച്ചു.
സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷം, അന്ന് കരഞ്ഞ പെണ്‍കുട്ടിയെ വീണ്ടും കണ്ടു. അവള്‍ക്ക് ആ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടിരുന്നു. പകരം ജോലി കിട്ടിയിട്ടുണ്ട്. പക്ഷേ, മുന്‍പത്തെക്കാള്‍ രണ്ടായിരംരൂപ കുറഞ്ഞ ശമ്പളത്തില്‍. ഉച്ചയ്ക്കത്തെ ഇടവേളയില്‍ സംസാരിക്കാമെന്നായി അവള്‍.. അതിനുള്ള സ്ഥലവും അവള്‍ തന്നെ കത്തെി. ഷോറൂമിന്റെ തൊട്ടടുത്തുള്ള ഒരു ചെറിയ ചായക്കടയില്‍.
''കുറച്ചു ദിവസമായി ഷോപ്പില്‍ ഡിസ്‌കൗണ്ട് സെയില്‍സ് നടക്കുന്നുണ്ടായിരുന്നു ഭയങ്കര തിരക്കായിരുന്നു. ഞങ്ങളെല്ലാം രാവിലെ ഏഴുമണിക്കുതന്നെ ഷോറൂമില്‍ എത്തും. എന്റെ വീട് ചാലക്കുടിയിലാണ്. അവിടുന്നും പത്തുകിലോമീറ്ററോളം ഉള്ളിലേക്കാണ്. നിത്യവും ബസ്സും ട്രെയിനുമൊക്കെ പിടിച്ചാ കൊച്ചീല് എത്തുന്നത്. സംഭവം നടന്ന അന്ന് വീട്ടില്‍നിന്ന് പോരുമ്പോള്‍ അമ്മയ്ക്ക് നല്ല സുഖമില്ല. ഷോപ്പിലെത്തീട്ട് ഉച്ചയ്ക്കു ശേഷം അവധി ചോദിച്ചുനോക്കാമെന്ന് വിചാരിച്ചു. വീട്ടില്‍ ഞാനും അമ്മയും മാത്രമാണ്. തൊട്ട വീട്ടിലെ ചേച്ചിക്കൊപ്പമാണ് അമ്മ ഡോക്ടറെ കാണാന്‍ പോയേ. പതിനൊന്നുമണിക്ക് ചേച്ചീടെ ഫോണ്‍. അമ്മ അഡ്മിറ്റാണ്. എന്തുചെയ്യും. ഞങ്ങള്‍ക്ക് മറ്റാരുമില്ല. സങ്കടമായി. ലീവ് ചോദിക്കാന്‍തന്നെ ഭയമാണ്. എന്നിട്ടും ധൈര്യം ഉണ്ടാക്കി മാനേജരോട് അപേക്ഷിച്ചു. അയാള് സമ്മതിച്ചില്ല. വല്ലാത്തൊരു മാനസികാവസ്ഥയിലായി ഞാന്‍. ഒന്നും ശരിക്ക് തലയില്‍ കേറാത്തപോലെ. ആ മൂഡിലാണ് കസ്റ്റമേഴ്‌സിന്റെ മുന്നില്‍ നിന്നത്. അപ്പോഴാണ് കസ്റ്റമര്‍ പ്രശ്‌നമാക്കിയത്,'' അവര്‍ തുടര്‍ന്നു. ''എല്ലാം കഴിഞ്ഞ് മാനേജര്‍ വിളിപ്പിച്ചു. അയാള്‍ എന്റെ പക്ഷം കേട്ടില്ല. കുറെ ചീത്തവിളിച്ചു. നാളെമുതല്‍ ജോലിക്ക് വരേണ്ടെന്നു പറഞ്ഞു. ഷോപ്പിലുള്ളവര്‍ എനിക്കുവേണ്ടി സംസാരിച്ചു മാനേജരോട്. അയാള് കേട്ടില്ല. ഇറങ്ങിപ്പോരുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ എനിക്ക്.''
വര്‍ണശബളമാണ് വസ്ത്രാലയങ്ങള്‍. ഒന്ന് വെറുതെ പോവാന്‍തോന്നുന്നത്ര അലങ്കാരങ്ങളാണ്. വെളിച്ചവും നിറക്കൂട്ടുകളും വാരിവിതറിയ കൊട്ടാരങ്ങള്‍പോലെ... കടന്നുചെല്ലുമ്പോള്‍ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാത്തിരിപ്പുണ്ടാവും. അതിനെല്ലാം നടുവില്‍ കൂപ്പുകൈയ്യും പൂപ്പുഞ്ചിരിയുമായി വരവേല്‍ക്കുന്ന, അപ്‌സരസ്സുകളെപ്പോലുള്ള സെയില്‍സ്‌ഗേള്‍സ്. അവരും ആ അതിശയക്കാഴ്ച്ചകളുടെ ഭാഗമാണ്... എന്നാല്‍ ഈ കണ്ണഞ്ചലുകള്‍ മൂടിവെക്കുന്ന ചിലതുണ്ട്. നമ്മുടെ ഈ സഹജീവികളുടെ തൊഴില്‍സ്ഥലത്തെ അനുഭവങ്ങളാണവ. അതൊന്നും അത്രയ്ക്കങ്ങ് സുഖകരമല്ല. സെയില്‍സ്‌ഗേള്‍സിന്റെ തൊഴില്‍സാഹചര്യം അന്വേഷിക്കുന്നതിനായി അഭിമുഖത്തിനു സമീപിച്ച മുഴുവന്‍പേരും സ്വന്തം വിശദവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് ആവശ്യപ്പെട്ടത്. അത് അവരുടെ തൊഴില്‍സുരക്ഷയെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അവര്‍ ശബ്ദിക്കാന്‍ പേടിക്കുന്നു...
കൊച്ചിയിലെ ഒരു വസ്ത്രഷോറൂം. വെഡ്ഡിങ് സെക്ഷനില്‍ നിന്നുതിരിയാനിടമില്ല. എന്നിട്ടും ഓരോ കസ്റ്റമറിനും ഒപ്പം ഓരോ സെയില്‍സ്‌ഗേള്‍സ് വീതമുണ്ട്. രണ്ടോ മൂന്നോ മിനുട്ടുകൊണ്ട് അവര്‍ കസ്റ്റമറുമായി ചങ്ങാത്തത്തിലാവുന്നു. അവരുടെ വീട്ടുകാര്യംവരെ പങ്കിടുന്നു... ''അപ്പൊ നിങ്ങള്‍ക്കെല്ലാം സാരിയൊക്കെ ഫ്രീ കിട്ടുമായിരിക്കും, അല്ലേ?,'' കസ്റ്റമറായ പെങ്കൊച്ച് ചോദിക്കുന്നു. ''ഏയ്. നിങ്ങള്‍ വാങ്ങുന്നപോലെത്തന്നെ മാത്രമേ ഞങ്ങള്‍ക്കും ഇവിടുന്ന് സാരിയെടുക്കാന്‍പറ്റൂ. പണം നല്‍കിത്തന്നെ,'' സെയിലിലെ പെണ്‍കുട്ടി പുഞ്ചിരിച്ചു. പിന്നെ അരുതാത്തതെന്തോ പറഞ്ഞുപോയോ എന്ന് പേടിച്ചപോലെ അവള്‍ അവിടുന്ന് വേഗം ഒഴിഞ്ഞുമാറി.
പലരും, കുടുംബത്തിലേക്ക് ഒരു അധികവരുമാനം എന്നാലോചിച്ചാണ് ജോലിക്കു വരുന്നത്. കുറെപ്പേര്‍ മറ്റൊരു ജോലിയും കിട്ടാത്തവരോ ഉയര്‍ന്ന യോഗ്യതകളില്ലാത്തവരോ ആണ്. ഒന്ന് വീട്ടില്‍നിന്ന് പുറത്തിറങ്ങാനുള്ള അവസരമാണ് ചുരുക്കം ചിലര്‍ക്കെങ്കിലും ഈ ജോലി. ചെറിയ ഷോപ്പുകളില്‍ ഷോപ്പുടമയും സെയില്‍സ്‌ഗേളും തമ്മിലുള്ള ബന്ധം ഏറെക്കുറെ ആരോഗ്യകരമാണ്. എന്നാല്‍ വന്‍കിട സ്ഥാപനങ്ങളില്‍ മുതലാളി-തൊഴിലാളി ബന്ധങ്ങള്‍ പലപ്പോഴും യാന്ത്രികമാവുന്നു. വ്യക്തിപരതയുടെ ഊഷ്മളത നഷ്ടപ്പെടുന്നു. അവിടത്തെ അന്തരീക്ഷത്തില്‍ സ്‌നേഹത്തെക്കാള്‍ ഭയവും സമ്മര്‍ദവുമാണ് കൂടുതല്‍...
കൊച്ചിയിലെ ഒരു ഷോറൂമില്‍വെച്ച് കുറച്ചധികംനേരം ഒരു സെയില്‍സ്‌ഗേളുമായി സംസാരിക്കാനൊത്തു. ''രാവിലെ പത്തുമുതല്‍ രാത്രി പത്തരവരെയാണ് ഡ്യൂട്ടി ടൈം. ശമ്പളം 8500 രൂപ മുതല്‍. വെഡ്ഡിങ് സെക്ഷനിലാണെങ്കില്‍ 15,000 രൂപയാണ് ശമ്പളം. ഇവിടെ നല്ല സ്ട്രിക്ടാണ്. ഞങ്ങളധികമൊന്നും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കില്ല. അതൊക്കെ നോക്കാനാളുണ്ട്. ചില സെയില്‍സ്‌ഗേള്‍സ്തന്നെ എല്ലാം ശ്രദ്ധിച്ച് മാനേജരോട് പറയും. അവര്‍ക്കതിനുള്ള സൗകര്യങ്ങളും കിട്ടും. സംസാരിച്ച സമയം, വിശ്രമിച്ച സമയം, ഫോണ്‍ ചെയ്ത സമയം... അതെല്ലാം കൂട്ടിവെച്ച് ഒരുദിവസത്തെ ഡ്യൂട്ടി ടൈമായാല്‍ ആ തൊഴിലാളിയുടെ ഒരുദിവസത്തെ ശമ്പളം കട്ട്‌ചെയ്യും,'' കൊച്ചി മുളവുകാട് സ്വദേശിനി പ്രിയയുടെ വാക്കുകളില്‍ അരിശവും ആരോടെന്നില്ലാത്ത പരിഭവവും. ''ഞാന്‍ ആറുവര്‍ഷായി ഈ ഫീല്‍ഡില്‍. ഓണത്തിനും ക്രിസ്മസ്സിനും ബോണസ് തരും. പി.എഫ്. ഒന്നൂല്ല. പുറത്തുനിന്ന് ലേബര്‍ ഓഫീസര്‍ക്ക് പരാതിപോയിരുന്നു. പക്ഷേ, എന്തു കാര്യം? അന്വേഷണത്തിന് വന്നവര്‍ മുതലാളിയെ കണ്ടു മടങ്ങി. ഞങ്ങള്‍ക്ക് പറയാനുള്ളതൊന്നും ആരും കേള്‍ക്കുന്നില്ല,'' ഒപ്പമുള്ള നന്ദിനി കുറച്ചധികം രോഷാകുലയായി.
''അല്ലാ മോളേ, അനക്കൊന്നിരുന്നൂടെ ഏടെങ്കിലും? എത്ര നേരായി ഈ കുട്ടി നിക്ക്ണൂ,'' സെയില്‍സ് ഗേളിന്റെ നീളുന്ന നില്പ് കണ്ട് ദയ തോന്നി ചോദിച്ചതാണ് വിവാഹപാര്‍ട്ടിയുടെ കൂട്ടത്തില്‍ വന്ന ഒരു ഉമ്മൂമ്മ. ''ഭേഷായി. നിന്ന് വശംകെട്ട് ഒന്നിരുന്നാല്‍ അതും ക്യാമറയില്‍ പതിയും. മൊതലാളി അത് കണ്ട് എന്റെ ശമ്പളം കുറയ്ക്കും. അതിലും നല്ലത് നില്‍ക്ക്ണതന്ന്യല്ലേ ഉമ്മൂമ്മാ,'' രഹസ്യം പറയുംപോലെ സെയില്‍സിലെ യുവതിയുടെ മറുപടി... പത്തുമണിക്കൂറോളം നീളുന്ന ജോലിക്കിടയില്‍ അഞ്ചുമിനുട്ടുപോലും ഇവരാരും ഒന്ന് ഇരിക്കാറില്ല. കേട്ടാല്‍ ഗൗരവമേറിയ ഒരു സംഗതി. ദീര്‍ഘനേരം സ്ഥിരമായി നില്‍ക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന നടുവേദന, വെരിക്കോസ് വെയിന്‍ തടിക്കുക എന്നീ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രം മുന്നറിയിപ്പുകള്‍ തരുന്നുണ്ട്. പക്ഷേ, അസംഘടിതരായ, എന്നാല്‍ കേരളത്തില്‍ പതിനായിരത്തോളംപേര്‍ വരുന്ന, ടെക്സ്റ്റയിലുകളിലെ സെയില്‍സ്‌ഗേള്‍സിനെ സംബന്ധിച്ച് അതെല്ലാം അവഗണിക്കപ്പെടുകയാണ്. ''നിങ്ങളൊക്കെ ആയിരത്തിന്റേം പതിനായിരത്തിന്റേം ജീന്‍സും കുര്‍ത്തേം വാങ്ങിപ്പോവും. അതൊക്കെ എടുത്തുതരുന്ന ഞങ്ങള്‍ ജോലി തീരുംവരെ തീരെ ഇരിക്കാതെ ഒറ്റ നില്പാണെന്ന് എന്നെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?,'' കൊച്ചിയിലെ രാജമ്മ എന്ന തലമുതിര്‍ന്ന സെയില്‍സ്‌വുമണ്‍ ചോദിക്കുന്നു.
കസ്റ്റമര്‍ വരുമ്പോള്‍ എഴുന്നേറ്റു നിന്ന് സ്വീകരിച്ച് വാങ്ങാന്‍ പ്രേരിപ്പിക്കുക. സെയില്‍സ്‌ഗേള്‍സ് നില്‍ക്കണം എന്ന് അനുശാസിക്കുന്നതിന്റെ പിന്നിലെ നയതന്ത്രം അതാണ്. ''പക്ഷേ, കസ്റ്റമര്‍ ഇല്ലാത്തപ്പോള്‍ ഇരുന്നുകൂടെ? അവര്‍ വരുന്നത് കാണുമ്പോള്‍ എഴുന്നേറ്റുനിന്നാല്‍പോരെ? നാലുമണിക്കൂര്‍ ജോലിചെയ്താല്‍ ഒരുമണിക്കൂര്‍ വിശ്രമം എല്ലാ തൊഴിലുകള്‍ക്കും ബാധകമായ നിയമമാണല്ലോ,'' തൃശ്ശൂരിലെ സെയില്‍സ്‌ഗേളായ നിര്‍മല അരിശപ്പെടുന്നു. ''കുറെ നില്‍ക്കുമ്പോള്‍ കാല്‍ കടയും. തളരും. ഒന്നിരുന്നാല്‍മതിയെന്നാവും. പക്ഷേ, ഇരുന്നാല്‍ വഴക്കുകേള്‍ക്കും. സഹിക്കുകതന്നെ. വല്ലാതെ വേദനിച്ചാല്‍ തുണി താഴേക്കിടും ഇടയ്ക്ക്. അത് വീണുപോയപോലെ അഭിനയിക്കും. അപ്പൊ അതെടുക്കുന്ന മട്ടില്‍ ഒന്ന് മുട്ടുമടക്കി ഇരിക്കാലോ..,'' തൃശ്ശൂര്‍ നഗരത്തിലെ ഒരു പ്രമുഖ സാരിഷോപ്പിലെ സെയില്‍സ്‌ഗേളായ ചിത്ര അല്പം വേദനയോടെയാണത് പറഞ്ഞത്. കേരളത്തിലെ സെയില്‍സ്‌ഗേള്‍സ് എന്നും രാവിലെമുതല്‍ രാത്രിവരെ ഷോപ്പുകളില്‍ നിന്നുകൊണ്ടേയിരിക്കുകയാണ്, ഈ നിമിഷംവരെയും.
No comments:
Post a Comment